How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

പതിഞ്ഞ താളത്തിൽ പൊയ്ക്കൊണ്ടിരുന്ന വർഷങ്ങൾക്ക് ശേഷത്തിൽ ഒരാളുടെ എൻട്രിയിലൂടെ കഥ മൊത്തത്തിൽ മാറുകയാണ്. ഒരു ബാക്ക് ഷോട്ടിലൂടെ സ്ലോ മോഷനിൽ അവതരിപ്പിച്ച് കഥയിലേക്ക് വരുന്ന നിവിൻ പോളിയുടെ വരവോടെ പ്രേക്ഷകരും സിനിമയും ആവേശത്തിലാഴുകയാണ്. അതുവരെ അടങ്ങിയിരുന്ന പ്രേക്ഷകർ കൈയടിയും ആർപ്പുവിളികളുമായി ആണ് സ്‌ക്രീനിലെത്തിയ നിവിനെ സ്വീകരിച്ചത്. ഒടുവിൽ സിനിമയുടെ ഗതി തന്നെ മാറ്റി അയാൾ പോകുമ്പോൾ നിവിൻ പോളി ഈസ് ബാക്ക് എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. മലയാളത്തിന്റെ പ്രിയപ്പെട്ട എന്റർടൈനർ ആയ നിവിൻ പോളിയെ അത്തരത്തിലൊരു വേഷത്തിൽ കാണാനുള്ള വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു വിനീത് സാധിച്ചു തന്നത്. അടുത്തതായി മലയാളീ ഫ്രം ഇന്ത്യയെന്ന ഡിജോ ജോസ് ആന്റണി സിനിമയിലേക്കെത്തുമ്പോൾ തന്റെ സ്ട്രോങ്ങ് ഏരിയ ആയ എന്റർടൈൻമെന്റ് സോണിലേക്കുള്ള മുഴുനീള മടങ്ങി പോക്കാണ് നിവിൻ പോളിയുടേത്.

ഹ്യൂമറിന്റെ ഇത്രയധികം ടൈമിംങ്ങോടെ അവതരിപ്പിക്കാൻ കഴിയുന്നതാണ് നിവിൻ എന്ന താരത്തെ കൂടുതൽ പ്രേക്ഷക പ്രിയങ്കരനാക്കിയത്. അസാധ്യ കോമിക്ക് ടൈമിംഗ് ആണ് നിവിന്റേത്. അത് റിയാക്ഷനാകട്ടെ, തമാശകൾ പറഞ്ഞു ഫലിപ്പിക്കുന്നതിലാകട്ടെ പ്രേക്ഷകരിൽ ചിരിയുണ്ടാക്കാൻ പല നായകന്മാരും കഷ്ട്ടപ്പെടുന്നിടത്താണ് നിവിൻ വളരെ ഈസി ആയി അവയെ കൈകാര്യം ചെയ്യുന്നത്. ഒരു സൂപ്പർതാരത്തിന്റെ ഇമേജ് ഭാരം ഇല്ലാത്തതും നമ്മുടെയൊക്കെ നാട്ടിൽ നാം കണ്ടിട്ടുള്ള ഒരു ബോയ് നെക്സ്റ്റ് ഡോർ ചാം ഉള്ളതിനാലും പ്രേക്ഷകർക്ക് നിവിൻ കഥാപാത്രങ്ങളെ കൂടുതൽ കണക്ട് ആയി. ഒരു കൈലി ഉടുത്ത് ഒരു നാട്ടുമ്പുറത്തുകാരന്റെ വേഷത്തിലെത്തിയാലും അതുകൊണ്ടുതന്നെ നിവിൻ വളരെ കൺവിൻസിംഗ് ആയിരുന്നു. ഒരു കാലഘട്ടത്തിൽ മലയാളത്തിൽ യൂത്തിനെ പ്രീതിപ്പെടുത്തുന്ന താരങ്ങൾ കുറഞ്ഞിരുന്ന സമയത്താണ് നിവിൻ മലർവാടി ആർട്സ് ക്ലബ്ബിലൂടെ എൻട്രിയാകുന്നതും തട്ടത്തിൻ മറയത്തിലൂടെ പോപ്പുലർ ആകുന്നതും. റൊമാൻസ് ആകട്ടെ കോമിക് വൺ ലൈനെർസ് ആകട്ടെ നിവിന്റെ സ്റ്റൈലിൽ അത് കേൾക്കുമ്പോൾ നമുക്കും ചിരി വരും. തട്ടത്തിൻ മറയത്ത് അത്തരത്തിൽ നിരവധി കോമിക്ക് ഡയലോഗുകളാൽ നിറഞ്ഞതായിരുന്നു.

നിവിൻ പോളിയോളം സക്സസ് റേറ്റുള്ള മറ്റൊരു യുവ സൂപ്പർതാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. 2012 മുതൽ 2016 വരെ നിവിൻ പോളി സിനിമകൾക്ക് ഒരു സ്റ്റെഡി ഓപ്പണിംഗും മികച്ച ഫൈനൽ കലക്ഷനും ലഭിച്ചിരുന്നു. മോഹൻലാലിന് ശേഷം 50 കോടി ക്ലബ്ബിലെത്തിയ ആദ്യ യൂത്ത് സ്റ്റാർ നിവിൻ ആയിരുന്നു. ഫാമിലി പ്രേക്ഷകരായിരുന്നു നിവിൻ സിനിമകളുടെ ഏറ്റവും വലിയ ശക്തി. ചെയ്തിരുന്ന സിനിമകൾ ഫാമിലി ഓടിയെൻസിലേക്ക് കൃത്യമായി എത്തിയതിനാലും അവ തമാശകളുടെ മേമ്പൊടിയിൽ ചാലിച്ചതിനാലും നിവിന്റെ ഓരോ സിനിമകളുടെയും ബോക്സ് ഓഫീസ് നമ്പേഴ്‌സ് മികച്ചതായിരുന്നു. 1983, ഓം ശാന്തി ഓശാന, പ്രേമം, ആക്ഷൻ ഹീറോ ബിജു ഒക്കെ 100 ദിവസത്തോളം തിയറ്ററിൽ ആളെക്കൂട്ടിയ സിനിമകളാണ്. ഒരു അർബൻ യൂത്തിന്റെ നേച്ചറിന് വിപരീതമായി സമൂഹത്തിന്റെ റിഫ്ലക്ഷനായിരുന്നു നിവിന്റെ ഓരോ നായകന്മാരും. ക്രിക്കറ്റിനെ സ്നേഹിച്ച് ഒന്നുമാകാതെ പോയ മകനെ ഒരു ക്രിക്കറ്റെർ ആക്കണമെന്ന സ്വപ്നം പേറി നടക്കുന്ന രമേശനും, നാട്ടിൽ എല്ലാത്തിലും മുന്നിൽ നിൽക്കുന്ന ഗിരിയും, ആയിഷയെ പ്രണയിച്ച വിനോദും, ഉഴപ്പൻ ഉമേഷുമെല്ലാം നമുക്ക് ചുറ്റുമുള്ളവർ തന്നെയാണ്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മളും വിനോദും ഉമേഷും രമേശനോക്കെയായി മാറാറുണ്ട്. അവയെ നിവിൻ മനോഹാരമായി അവതരിപ്പിച്ചപ്പോൾ എന്റർടൈനർ ഫോർമാറ്റിൽ നിവിനെ വെല്ലാൻ ആരുമില്ലാതെയായി.

മാസ്സ് കഥാപാത്രങ്ങളിലും നിവിന്റെ തന്റേതായ സ്ഥാനമുണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ആക്ഷൻ ഹീറോ ബിജുവിലെ എസ് ഐ ബിജു പൗലോസ് സ്ഥിരം പഞ്ച് ഡയലോഗുകൾ മാത്രം പറയുന്ന സൂപ്പർകോപ് അല്ല. പ്രേമത്തിലെ ജോർജ് കേരളവും കടന്ന് തമിഴിലും തെലുങ്കിലും നിവിൻ പോളിയെ പോപ്പുലർ ആക്കിയ സിനിമയായിരുന്നു. ജോർജിന്റെ മൂന്ന് കാലഘട്ടങ്ങളെ വളരെ നാച്ചുറൽ ആയി നിവിൻ അവതരിപ്പിച്ചപ്പോൾ പ്രേമവും ജോർജും കരിയറിലെ മികച്ച സിനിമയായി മാറുകയും ചെയ്തു.

സ്വയം ട്രോൾ ചെയ്തുകൊണ്ടും, കളിയാക്കിയുള്ള തമാശകൾ അവതരിപ്പിച്ചുമാണ് നിതിൻ മോളി കൈയ്യടി വാങ്ങിയതെങ്കിൽ മലയാളീ ഫ്രം ഇന്ത്യയുടെ പ്രൊമോയിലെല്ലാം അതെ അടവ് തന്നെയാണ് മേക്കേഴ്‌സ് ഉപയോഗിക്കുന്നത്. ഒരു കൈലി ഉടുത്തു, ചേരാത്ത ഒരു വിഗ്ഗുമായി ഒരു സാധാരണക്കാരനായ ആൽപ്പറമ്പിൽ ഗോപി ആയി ആണ് നിവിൻ മലയാളീ ഫ്രം ഇന്ത്യയിൽ എത്തുന്നത്. സിനിമയുടെ പ്രൊമോയിലെല്ലാം സെൽഫ് ട്രോളുകൾ കൊണ്ട് നിവിൻ ചിരിപ്പിക്കുന്നുണ്ട്. തന്റെ പരാജയങ്ങളെയും തടിയെയുമെല്ലാം നിവിൻ തന്റെ ഹ്യൂമർ കൊണ്ട് ചിരിപ്പിക്കാനുള്ള ആയുധങ്ങളാക്കുന്നുണ്ട്. കോമഡി ചെയ്യാൻ പറ്റിയതിൻറെ ഏറ്റവും വലിയ പ്ലസ് നിവിൻ പോളിയാണ്. ചില സീനുകൾ അത് നിവിൻ ചെയ്യുമ്പോൾ നമുക്ക് ചിരി വരും. ഞാൻ ഉദ്ദേശിക്കുന്നത് നിവിനോട് കൃത്യമായി പറയും അതുക്കും മേലെയാണ് നിവിൻ തിരികെ തന്നത്. നിവിന്റെ സ്റ്റൈലിലാണ് ഇതിലെ കഥാപാത്രം എഴുതിയിരിക്കുന്നത് എന്ന് സംവിധായകൻ ഡിജോ ജോസ് പറയുമ്പോൾ ആ പഴയ എല്ലാവരും കാണാൻ കൊതിക്കുന്ന എന്റർടൈനർ നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവാകട്ടെ മലയാളീ ഫ്രം ഇന്ത്യയെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in