'റോഷാക്കിന്' വേണ്ടി മമ്മൂക്കയെ ഞാന്‍ ശരിക്കും ബുദ്ധിമുട്ടിച്ചു: നിസാം ബഷീര്‍

'റോഷാക്കിന്' വേണ്ടി മമ്മൂക്കയെ ഞാന്‍ ശരിക്കും ബുദ്ധിമുട്ടിച്ചു: നിസാം ബഷീര്‍

റോഷാക്ക് എന്ന സിനിമയ്ക്ക് വേണ്ടി നടന്‍ മമ്മൂട്ടിയെ ശരിക്കും താന്‍ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് സംവിധായകന്‍ നിസാം ബഷീര്‍. സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി ശാരീരികവും മാനസികവുമായി നന്നായി അധ്വാനിച്ചിട്ടുണ്ട്. വളരെ ബഹുമാനത്തോടെയാണ് വേണ്ട കാര്യങ്ങള്‍ പറഞ്ഞ് ചെയ്യിപ്പിച്ചിരുന്നത്. അതെല്ലാം അദ്ദേഹം മടികൂടാതെ ചെയ്യുകയും ചെയ്തിരുന്നു എന്നും നിസാം ദ ക്യുവിനോട് പറഞ്ഞു.

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ 7നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

ഇനി ജനങ്ങള്‍ പറയുന്നത് പോലെ

തീര്‍ച്ചയായും പ്രേക്ഷകര്‍ റോഷാക്ക് എന്ന സിനിമയെ എങ്ങനെ എടുക്കും എന്ന ടെന്‍ഷന്‍ ഉണ്ട്. പിന്നെ നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ട കാര്യങ്ങളെല്ലാം കഴിഞ്ഞു. അപ്പോള്‍ അതില്‍ ഇനി കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ലല്ലോ. ഇനി ജനങ്ങള്‍ എന്ത് പറയുന്നു അതുപോലെ ഇരിക്കും. റോഷാക്കിന്റെ ഭാഗമായ എല്ലാ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും നല്ല രീതിയില്‍ തന്നെ അവരുടെ ഭാഗം ചെയ്തിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടി ആവശ്യപ്പെട്ടതെല്ലാം മമ്മൂട്ടി കമ്പനി നടത്തി തന്നു

റോഷാക്ക് ഷൂട്ട് ചെയ്യുന്നതിന്റെ ആദ്യത്തെ ദിവസം മുതല്‍ നമുക്ക് ഇതൊരു ടെന്‍ഷന്‍ ഇല്ലാത്ത പരിപാടിയായിരുന്നു. പ്രൊഡക്ഷന്‍ കമ്പനിക്ക് നമ്മളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. അപ്പോള്‍ ഞങ്ങളും ആ ബഹുമാനം കൊടുത്തുകൊണ്ട് അനാവശ്യ കാര്യങ്ങളൊന്നും ആവശ്യപ്പെട്ടിരുന്നില്ല. സിനിമയ്ക്ക് വേണ്ട കാര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യപ്പെട്ടതെല്ലാം തന്നെ സിനിമയില്‍ ഉടനീളം ഒരു ടെന്‍ഷനോ പ്രശ്‌നങ്ങളോ ഇല്ലാതെ തന്നെ നടത്തി തന്നിരുന്നു. എല്ലാവരും സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉടനീളം സിനിമയെ ബഹുമാനിച്ചുകൊണ്ട് എനിക്കൊപ്പം നിന്ന് ജോലി ചെയ്തു.

സിനിമയില്‍ എല്ലാവരും ഗംഭീര പെര്‍ഫോമെന്‍സാണ്

പ്രീ പ്രൊഡക്ഷന്‍ മുതല്‍ തന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും നമുക്ക് സ്‌കെച്ചസ് ഉണ്ടായിരുന്നു. പിന്നെ അഭിനേതാക്കളുടെ പെര്‍ഫോമെന്‍സ്. അതെല്ലാവരും തന്നെ ഗംഭീരമായി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ട്രെയ്‌ലറില്‍ അവരെ അഭിനേതാക്കളല്ലാതെ കഥാപാത്രങ്ങളായി തോന്നിക്കുന്നത്. പിന്നെ തിരക്കഥയുടെ കാര്യത്തിലാണെങ്കിലും ഞങ്ങള്‍ ആദ്യം കഥാപാത്രങ്ങളെയാണ് ഡെവലപ്പ് ചെയ്തത്. പിന്നെ കാസ്റ്റിംഗ് നിശ്ചയിച്ചിട്ട് അതിലേക്ക് എല്ലാവരെയും മോള്‍ഡ് ചെയ്യുകയായിരുന്നു.

ഞാന്‍ മമ്മൂക്കയെ ശരിക്കും ബുദ്ധിമുട്ടിച്ചിട്ടുണ്ട്

ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായാണ് സിനിമ ചെയ്യുന്നത്. പക്ഷെ ഇതിന് മുമ്പും മമ്മൂക്കയുമായി സിനിമ ചെയ്ത ആളുകള്‍ സെറ്റിലുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ വര്‍ഷങ്ങളായി മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്തിട്ടുള്ളതാണ്. മമ്മൂക്ക ഇത്രയും എഫേര്‍ട്ട് ഇട്ടും അഡജസ്റ്റബിളായും മറ്റൊരു സെറ്റിലും നില്‍ക്കുന്നത് കണ്ടിട്ടില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. തീര്‍ച്ചയായും മമ്മൂക്ക റോഷാക്കിന് വേണ്ടി എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. ഈ പ്രായത്തിലും ശാരീരികമായും മാനസികമായും എഫേര്‍ട്ട് നല്ലോണം ഇട്ടിട്ടുണ്ട് മമ്മൂക്ക. ശരിക്കും ഞാന്‍ മമ്മൂക്കയെ നല്ലോണം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പിന്നെ ഈ ശാരീരിക അധ്വാനം കൂടുതലുള്ള കാര്യങ്ങളൊക്കെ രണ്ടാമതും മൂന്നാമതും ചോദിക്കുമ്പോള്‍ നമുക്കും ഉള്ളില്‍ ഒരു പ്രശ്‌നമാണ്. അപ്പോള്‍ വളരെ ബഹുമാനത്തോടെ അടുത്ത് ചെന്ന് സംസാരിച്ചിട്ടാണ് ചെയ്യിപ്പിച്ചത്. അതിനെല്ലാം ഒരു മടിയും കൂടാതെ മമ്മൂക്ക നിന്ന് തന്നു എന്നുള്ളതാണ് പ്രധാനം. അത് വലിയൊരു കാര്യമാണ്.

റോഷാക്ക് ഒരു കഥാപാത്രത്തെ മാത്രം ബൂസ്റ്റ് ചെയ്യുന്ന സിനിമയല്ല

ഒരിക്കലും ഒരു അഭിനേതാവിന് വേണ്ടിയോ സ്റ്റാറിന് വേണ്ടിയോ അല്ല തിരക്കഥ എഴുതുന്നത്. പറയുന്ന കഥ കൃത്യമായി സംസാരിക്കാന്‍ വേണ്ടിയാണ് തിരക്കഥ ഡെവലെപ്പ് ചെയ്യുന്നത്. റോഷാക്ക് വണ്‍ലൈനില്‍ നിന്ന് ഇപ്പോള്‍ ചെയ്ത തിരക്കഥയിലേക്ക് എത്താനായി ഒരു രണ്ട് വര്‍ഷത്തോളം എടുത്തിട്ടുണ്ട്. അത്രയും ഡ്രാഫ്റ്റും പൊളിച്ചെഴുത്തും എല്ലാം കഴിഞ്ഞതാണ്. ഞങ്ങള്‍ പറഞ്ഞ് വെച്ച് പ്ലോട്ട് പൂര്‍ത്തിയാക്കാനാണ് തിരക്കഥയിലൂടെ ശ്രമിച്ചിട്ടുള്ളത്. അത് അതിന്റെ നൂറ് ശതമാനം കൊടുത്ത് പറയാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. ഇങ്ങനെയൊരു പ്ലോട്ടില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലാതെ ഒരു കഥാപാത്രത്തെ മാത്രം ബൂസ്റ്റ് ചെയ്തുകൊണ്ടുള്ള പരിപാടി അല്ല. അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്‌പേസും ഉണ്ട്. അത് റോഷാക്ക് എന്ന സിനിമയില്‍ ആവശ്യവുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in