36 ഏക്കറില്‍ സെറ്റിട്ട ഒന്‍പതാം നൂറ്റാണ്ട്, കത്താനാറില്‍ ഇനിയുള്ളത് 160 ദിവസത്തെ ഷൂട്ടിംഗ് : റോജിന്‍ തോമസ് അഭിമുഖം

36 ഏക്കറില്‍ സെറ്റിട്ട ഒന്‍പതാം നൂറ്റാണ്ട്, കത്താനാറില്‍ ഇനിയുള്ളത് 160 ദിവസത്തെ ഷൂട്ടിംഗ് : റോജിന്‍ തോമസ് അഭിമുഖം

ഇന്ത്യയില്‍ ആദ്യമായി വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാര്‍ - ദ് വൈല്‍ഡ് സോഴ്‌സറര്‍'. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന പ്രീപ്രൊഡക്ഷന്‍ കഴിഞ്ഞ് ചിത്രീകരണം തുടങ്ങിയ ചിത്രം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബഡ്ജറ്റും ടെക്നോളജിയും കിട്ടിയെന്ന് പറഞ്ഞ് പഴയ ഒരു കഥ റിക്രിയേറ്റ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും, ഈ കാലഘട്ടത്തിലെ പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സിങ് ആകുന്ന തരത്തിലാണ് ചിത്രം ചെയ്യുന്നത് എന്നും ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസ് പറയുന്നു. ആദ്യമായി വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ തന്നെ രണ്ടു വര്‍ഷത്തെ പ്രീപ്രൊഡക്ഷന്‍ സമയത്ത് തന്നെ ടെസ്റ്റ് ഷൂട്ടുകള്‍ നടത്തിയാണ് ചിത്രീകരണം തുടങ്ങിയത്. ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയറിന്റെയും, ക്യാമറയുടെയും, ലെന്‍സുകളുടെയുമെല്ലാം മാനുഫാക്ച്ചറിങ് കമ്പനികളിലെ ടെക്‌നിഷ്യന്‍സുമായി സൂം കോളുകള്‍ വഴി സംസാരിച്ചുമാണ് സംശയങ്ങള്‍ ദുരീകരിച്ചിരുന്നത് എന്നും റോജിന്‍ തോമസ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓരോ സ്‌റ്റേജും പഠിച്ച് മുന്നോട്ട്

ഈ പ്രോജെക്ടിലേക്ക് ഇറങ്ങുമ്പോഴുള്ള റിസ്‌ക് ഫാക്ടറുകളുടെ ഒരു ടെന്‍ഷന്‍ ആദ്യം ഉണ്ടായിരുന്നു. കാരണം ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന പല കാര്യങ്ങളും ഇതിന് മുന്‍പ് ഞങ്ങള്‍ ചെയ്തിട്ടുമില്ല, ചെയ്തവരോട് ചോദിക്കാമെന്ന് വച്ചാല്‍ അറിയാവുന്ന ആരും തന്നെ നമ്മുടെ ഇന്‍ഡസ്ട്രിയിലുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ എല്ലാം പുറത്തു നിന്ന് ഇംപോര്‍ട്ട് ചെയ്തു കൊണ്ട് വന്ന് ടെസ്റ്റ് ഷൂട്ട് ചെയ്ത് ഓരോ സ്റ്റേജും പഠിച്ചാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. പുറത്തുള്ള ടെക്‌നിഷ്യന്‍സിനോട് ഞങ്ങള്‍ സൂം വഴി സംസാരിക്കുന്നുണ്ടായിരുന്നു. സംശയങ്ങള്‍ ചോദിക്കുമ്പോഴൊക്കെ അവര്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപയോഗിക്കുന്ന ക്യാമറ, ലെന്‌സ്, സോഫ്‌റ്റ്വെയര്‍ ടെക്‌നിഷ്യന്‍സ് ആയൊക്കെ നമുക്ക് സംസാരിക്കാം. ഷൂട്ടിനിടക്കും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഈ ടെക്‌നിഷ്യന്‍സ് ആയുള്ള കോണ്ടാക്റ്റ് സഹായകമായിട്ടുണ്ട്.

ഇനിയും 160 ദിവസം ഷൂട്ട്

പ്രൊഡ്യൂസര്‍ക്ക് ഒരു 36 ഏക്കര്‍ പ്ലോട്ട് ഉണ്ട്. അവിടെ സെറ്റ് ഇട്ടാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. ഇപ്പോഴുള്ള സെറ്റ് പൊളിച്ചിട്ട് വേണം അടുത്ത സെറ്റ് ഇടാന്‍. അതിനുള്ള സമയമാണ് ഇപ്പോഴുള്ള ഷെഡ്യൂള്‍ ബ്രേക്ക്. ഇരുപത്തഞ്ച് ദിവസത്തിനുള്ളില്‍ അടുത്ത ഷെഡ്യൂള്‍ തുടങ്ങും. ഇനിയും 160-ഓളം ദിവസങ്ങള്‍ ഷൂട്ട് ചെയ്യാനുണ്ട്.

നമ്മള്‍ കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത ഒരു കാലം ആണല്ലോ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. അതിന്റെ എക്‌സൈറ്റ്മെന്റ് മുഴുവന്‍ ക്രൂവിനും ഉണ്ട്. ഒരു ഫാന്റസി സിനിമയാകുന്നത് കൊണ്ട് തന്നെ അതിന്റെ ഒരു ഫ്രീഡവും ഉണ്ട്.

പ്രൊഡ്യൂസറുടെ വിശ്വാസം

പ്രൊഡ്യൂസര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസമാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. ഒരു മലയാളം സിനിമ എന്നതിലുപരി ഒരു ഇന്ത്യന്‍ സിനിമ എന്ന രീതിയിലാണ് ചിത്രം ചെയ്തുകൊണ്ടിരിക്കുന്നത്. നമുക്കുള്ള പരിമിതികള്‍ എല്ലാം തന്നെ കവര്‍ ചെയ്യാനുള്ള സഹായം അദ്ദേഹം ചെയ്തു തരുന്നുണ്ട്. സെറ്റിരിക്കുന്ന ഫ്‌ളോര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോറുകളില്‍ ഒന്നാണ്. ഡിസംബറില്‍ ആ ഫ്‌ളോര്‍ ഇരുന്ന ഭാഗം മുഴുവന്‍ കാടാണ്. ഒരു മാസം കൊണ്ടാണ് അത് ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യാന്‍ പാകത്തിന് ആക്കിയെടുത്ത് തന്നത്.

570 പേര്‍ ഒരുമിച്ച് ഒരേ പോലെ കാണുന്ന കത്തനാര്‍

ഞാന്‍ മുന്‍പ് ചെയ്ത ചിത്രങ്ങളിലെല്ലാം തന്നെ ചെറിയ ക്രൂ ആണ് ഉണ്ടായിരുന്നത്. ഇതില്‍ 570-ഓളം ആളുകള്‍ ഉണ്ട്. ഇത്രയും പേര്‍ ഒരുമിച്ച് ഒരു കാര്യത്തിന് വേണ്ടി പ്രയത്‌നിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ എല്ലാവരും തമ്മില്‍ നല്ല രീതിയില്‍ ജെല്ലായി. ഈ ഷെഡ്യൂളില്‍ കൂടുതലും ആക്ഷന്‍ സീക്വെന്‍സസ് ആയിരുന്നു. എല്ലാം നല്ല രീതിയില്‍ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

ടെക്നിഷ്യന്‍സ് ആയുള്ള കമ്മ്യുണിക്കേഷന്‍ വളരെ അനായാസമാണ്. അത് എളുപ്പമാവാന്‍ കാരണം ഞങ്ങളുടെ രണ്ട് വര്‍ഷത്തെ പ്രീ പ്രൊഡക്ഷന്‍ ആണ്. ഒരു വിഷണറി പ്രോജക്റ്റ് ആകുന്നത് കൊണ്ട് തന്നെ ഓരോരുത്തരും വിചാരിക്കുന്നത് ഓരോന്നായിരിക്കും. ഒരുപാട് കണ്‍സെപ്റ്റ് ആര്‍ട്ടും, ചിത്രങ്ങളും വച്ചാണ് ചെയ്തു പോയത്. കോസ്റ്റ്യൂം, സി.ജി, ടീമുകള്‍ എല്ലാം തന്നെ അത്രയും ജോലി ചെയ്തിട്ടുണ്ട്. ക്യാമറ ടീം ആണെങ്കിലും ലൈറ്റിങ് എല്ലാം നേരത്തെ ചെയ്തു നോക്കിയതാണ്. ഞങ്ങള്‍ മനസ്സിലാക്കിയ ഒരു കാര്യം എന്തും വരച്ച് ഭംഗിയാക്കാന്‍ എളുപ്പമാണ് അത് പ്രാവര്‍ത്തികമാക്കാന്‍ ആണ് ബുദ്ധിമുട്ട്. ഫാന്റസി സിനിമയായത് കൊണ്ട് തന്നെ എല്ലാവരുടെ ഉള്ളിലും ഓരോ കത്തനാര്‍ ആയിരിക്കും ഉണ്ടായിരിക്കുന്നത്. കാണാന്‍ വരുന്നവരുടെ ഉള്ളിലുള്ള കത്തനാരിനെ മീറ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍. ഈ കഴിഞ്ഞ 43 ദിവസത്തില്‍ അത് ഞങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്.

കേട്ടുപഴകിയ കത്തനാര്‍ അല്ല

ബഡ്ജറ്റും ടെക്നോളജിയും കിട്ടിയെന്ന് പറഞ്ഞ് പഴയ ഒരു കഥ റിക്രിയേറ്റ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇന്നത്തെ സമൂഹം മാറി. ഐതിഹ്യമാല നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണ്. അന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിലെ ഒരു കഥയാണ് കത്തനാരുടേത് അദ്ദേഹം അന്നത്തെ സാമൂഹ്യപരിസ്ഥിതിയെ ബന്ധപ്പെടുത്തിയായിരിക്കാം കഥയെഴുതിയത്. അതില്‍ നിന്ന് ഇന്‍സ്‌പെയേഡ് ആയി ഈ കാലഘട്ടത്തില്‍ ഉള്ള കാണികള്‍ക്ക് കണ്‍വീന്‍സാകുന്ന രീതിയിലാണ് ഓരോ സീനും ഞങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കഥയില്‍ ഒരുപാട് മാറ്റങ്ങളുണ്ട്.

ഒന്‍പതാം നൂറ്റാണ്ട് പുനര്‍സൃഷ്ടിക്കുന്നു

ഒന്‍പതാം നൂറ്റാണ്ടിനെ ഞങ്ങള്‍ പുനര്‍സൃഷ്ടിക്കുകയാണ്. അതില്‍ കഥാപാത്രങ്ങള്‍ക്ക് അപ്പുറം ആ എന്‍വയോര്‍ണമെന്റ് ആണ് ഞങ്ങള്‍ കണ്‍വിന്‍സിങ് ആക്കാന്‍ ശ്രമിക്കുന്നത്. പ്രേക്ഷകരെ ഒന്‍പതാം നൂറ്റാണ്ടിലേക്ക് വിഷ്വലി എങ്ങനെ കൊണ്ടെത്തിക്കാം എന്നാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ അഭിനേതാക്കള്‍ക്കും ഒന്‍പതാം നൂറ്റാണ്ട് അനുഭവിച്ചറിയാന്‍ കഴിയണം. അതില്‍ സി.ജിയും, സൗണ്ടും എല്ലാം നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ നില്‍ക്കുന്ന പരിസ്ഥിതിയുടെ സൗണ്ട് ഞങ്ങള്‍ ആദ്യമേ ചെയ്തു വച്ച്, അവര്‍ അഭിനയിക്കുന്ന സമയത്ത് പ്ലേ ചെയ്യുകയാണ്. അതൊരുപാട് സഹായിച്ചിട്ടുണ്ട്.

ജയസൂര്യയുടെ ഡെഡിക്കേഷന്‍

ജയേട്ടന് ഈ സിനിമയോടുള്ള ഡെഡിക്കേഷന്‍ വളരെ വലുതാണ്. അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒരു നാലോ അഞ്ചോ സിനിമകള്‍ ചെയ്യാം, പക്ഷെ അദ്ദേഹം കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഒരു പ്രോജക്ട് പോലും കമ്മിറ്റ് ചെയ്തിട്ടില്ല. കത്തനാറില്‍ അദ്ദേഹത്തിന്റെ ഭാഗം എന്നു തീരുന്നോ അന്നേ അടുത്ത പ്രോജക്ട് തുടങ്ങുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നര വര്‍ഷത്തോളം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുക എന്നത് എനിക്ക് വലിയ കാര്യമാണ്. ആര്‍ട്ടിസ്റ്റിന് വേണ്ടിയല്ലാതെ, സിനിമക്ക് വേണ്ടി പ്ലാന്‍ ചെയ്യാന്‍ കഴിയും. അതിന് വേണ്ടി മുഴുവനായും ഞങ്ങളുടെ കൂടെ നില്‍ക്കുന്ന ഒരാളാണ് ജയസൂര്യ.

റിലീസ് അടുത്തവര്‍ഷം മാത്രം

ജൂണ്‍ ഏഴിനോ പത്തിനോ ആദ്യ ഷെഡ്യുള്‍ തീരുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഒന്നാം തീയതി തന്നെ ഷെഡ്യുള്‍ പൂര്‍ത്തിയായി. അതിനു കാരണം ക്രൂവില്‍ എല്ലാവരുടെയും ഒത്തൊരുമയാണ്.

ഷൂട്ടിങ് കഴിഞ്ഞ ഭാഗങ്ങളുടെ ഒക്കെ പോസ്റ്റ് പ്രൊഡക്ഷന്‍ പാരലലി നടക്കുന്നുണ്ടായിരുന്നു. എങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ഇനിയും സമയമെടുക്കും. എന്തായാലും അടുത്ത വര്‍ഷമേ റിലീസ് ഉണ്ടാകുകയുള്ളൂ. തീയതി ഒരു തരത്തിലും നിശ്ചയിച്ചിട്ടില്ല. പ്രൊഡ്യൂസറുടെ സൈഡില്‍ നിന്നുള്ള ഏറ്റവും വലിയ സപ്പോര്‍ട്ടും അതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in