ന്യൂഡല്‍ഹി, ആ 13 സീനുകളുമായി ഷൂട്ട്, ക്ലൈമാക്‌സ് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന്

ന്യൂഡല്‍ഹി, ആ 13 സീനുകളുമായി ഷൂട്ട്, ക്ലൈമാക്‌സ് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന്
Summary

ചില്ലു തകര്‍ന്നൊരു കണ്ണട, നൂല്‍ക്കമ്പിയാലുണ്ടാക്കിയ കണ്ണടക്കാല്‍, അതിലൂടെയുള്ള കാഴ്ചയില്‍ സത്യമേവ ജയതേ എന്ന് എഴുതുന്ന ജി കൃഷ്ണമൂര്‍ത്തിയിലാണ് ‘ന്യൂഡല്‍ഹി’യില്‍ മമ്മൂട്ടിയുടെ ഇന്‍ട്രോ. ഒരു കൈക്കും ഒരു കാലിനും സ്വാധീന ശേഷിയില്ലാത്ത, പരാജിതനായി ജയിലില്‍ കഴിയുന്ന നായകനില്‍ നിന്നാണ് സിനിമ തുടങ്ങിയത്. സര്‍വ്വം തകര്‍ന്നുപോയ, പരസഹായമില്ലാതെ എഴുന്നേല്‍ക്കാനും നടക്കാനും കഴിയാത്ത ഒരാള്‍, ജീവപര്യന്തം തടവ് ശിക്ഷയിലിരിക്കെ, രാജ്യം ഭരിക്കുന്നവരില്‍ പ്രധാനികളായ എതിരാളികളോട് എങ്ങനെ പ്രതികാരം ചെയ്യും. ഈ അവിശ്വസനീയതയ്ക്കുള്ള ഉത്തരമായിരുന്നു സിനിമയുടെ തുടര്‍ന്നുള്ള രംഗങ്ങള്‍.

ഡെന്നീസ് ജോസഫിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി റിലീസായിട്ട് 34 വര്‍ഷമാകുന്നു. ജികെ എന്ന ജി കൃഷ്ണമൂര്‍ത്തി മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവ്‌ നിശ്ചയിച്ച കഥാപാത്രമായിരുന്നു.

1986ല്‍ മമ്മൂട്ടി അഭിനയിച്ച 25ലേറെ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ഇതില്‍ നായക കഥാപാത്രമായ സിനിമകളില്‍ ഏറെയും കനത്ത പരാജയമായി. തൊട്ടുമുമ്പുള്ള വര്‍ഷവും മമ്മൂട്ടിക്ക് തുടര്‍ പരാജയങ്ങളെ നേരിടേണ്ടി വന്നിരുന്നു. ബോക്‌സ് ഓഫീസ് വിധിയെഴുത്തുകള്‍ മമ്മൂട്ടി ട്രാക്ക് മാറണമെന്നും മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്നും എഴുതിത്തള്ളിയിടത്ത് മികച്ചൊരു വിജയചിത്രം അനിവാര്യമായിരുന്നു.

ന്യൂഡല്‍ഹി എന്ന സിനിമയെക്കുറിച്ച് ഏത് കാലത്ത് ചര്‍ച്ച വരുമ്പോഴും ആദ്യം പരാമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നല്‍കിയ സിനിമയെന്നതാണ്. മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയുടെയും സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രവുമായിരുന്നു ന്യൂഡല്‍ഹി.

ന്യൂഡല്‍ഹി, ആ 13 സീനുകളുമായി ഷൂട്ട്, ക്ലൈമാക്‌സ് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന്
ന്യൂഡല്‍ഹി രണ്ടാം ഭാഗം ആലോചിച്ചിട്ടില്ല, ആര്‍ക്കും അനുമതിയും കൊടുത്തിട്ടില്ല,ഡെന്നീസ് ജോസഫ് പറയുന്നു

പയ്യംപിള്ളി ചന്തുവിന് പകരം ജികെ

മമ്മൂട്ടിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു, മമ്മൂട്ടിയുടെ പേര് പറഞ്ഞാല്‍ തിയറ്ററുകളില്‍ കൂവലുയരുന്ന അവസ്ഥ. സഫാരി ടിവിയിലെ അഭിമുഖ പരമ്പരയില്‍ ന്യൂഡല്‍ഹി സംഭവിച്ചതിനെക്കുറിച്ച് ഡെന്നീസ് വിശദീകരിക്കുന്നുണ്ട്. മോഹന്‍ലാല്‍ തുടര്‍ച്ചയായി വന്‍ വിജയങ്ങള്‍ തുടരുന്ന സാഹചര്യവും മമ്മൂട്ടിയെ വച്ച് ഒരു സിനിമ എടുക്കാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യവും നിലനില്‍ക്കെയാണ് ഒരു സൂപ്പര്‍ഹിറ്റിലൂടെ മമ്മൂട്ടിയെ തിരികെയെത്തിക്കണമെന്ന് നിര്‍മ്മാതാവ് ജൂബിലി ജോയിയും ജോഷിയും ഡെന്നീസും തീരുമാനിച്ചത്. ഉദയാ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന വടക്കന്‍ പാട്ട് സിനിമകളുടെ ഫോര്‍മാറ്റില്‍ പയ്യംപിള്ളി ചന്തു ചെയ്യാനായിരുന്നു തീരുമാനം. ഡെന്നീസ് ജോസഫ് സ്‌കൂള്‍ കാലത്ത് പഠിച്ച ഉപപാഠപുസ്തകമായിരുന്ന പയ്യംപള്ളി ചന്തു.

ഇര്‍വിങ് വാല്ലസിന്റെ ‘ദ ആള്‍മൈറ്റി’ എന്ന നോവലിനെ ഉപജീവിച്ച സൃഷ്ടിയായി ന്യൂഡല്‍ഹി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ വായിച്ചോ കേട്ടോ അറിഞ്ഞ ഒരു സംഭവമാണ് സിനിമയ്ക്ക് ആധാരമെന്ന് ഡെന്നീസ്

തച്ചോളി ഒതേനനെ പൂഴിക്കടകന്‍ പഠിപ്പിച്ച നായകനാണ് പയ്യംപിള്ളി ചന്തു. അത് ചെയ്യാന്‍ പദ്ധതിയിട്ടപ്പോഴാണ് പ്രിയദര്‍ശന്‍, സാജന്‍ ടീം മോഹന്‍ലാലിനെ വച്ച് വടക്കന്‍ പാട്ട് സിനിമ പ്ലാന്‍ ചെയ്യുന്നതായി ജോഷിയും ഡെന്നീസും അറിഞ്ഞത്. മോഹന്‍ലാല്‍ വടക്കന്‍ പാട്ട് ചെയ്യുമ്പോള്‍ അതേ രീതിയില്‍ മത്സരം വേണ്ടെന്ന് തീരുമാനമുണ്ടായി. അവിടെ നിന്നാണ് ന്യൂഡല്‍ഹിയിലേക്ക് കടന്നത്.

ഭ്രാന്തന്‍ ജേണലിസ്റ്റിന്റെ പൊളിഞ്ഞ പ്ലാന്‍

ഇര്‍വിങ് വാല്ലസിന്റെ ‘ദ ആള്‍മൈറ്റി’ എന്ന നോവലിനെ ഉപജീവിച്ച സൃഷ്ടിയായി ന്യൂഡല്‍ഹി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ വായിച്ചോ കേട്ടോ അറിഞ്ഞ ഒരു സംഭവമാണ് സിനിമയ്ക്ക് ആധാരമെന്ന് ഡെന്നീസ് ജോസഫ്. അമേരിക്കന്‍ പ്രസിഡന്റിനെ കൊല്ലാന്‍ ചെറുകിട ടാബ്ലോയിഡ് തീരുമാനിക്കുന്നു. ടാബ്ലോയിഡ് പൊളിഞ്ഞുനില്‍ക്കെ സ്ഥാപകന്റെ ഭ്രാന്തന്‍ തീരുമാനം. ക്വട്ടേഷന്‍ ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നു. മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്ത് സ്‌കൂപ്പിലൂടെ പത്രത്തെ ക്ലിക്ക് ആക്കുകയാണ് ലക്ഷ്യം. മരണം നടപ്പാക്കാന്‍ തീരുമാനിച്ച തലേദിവസം പ്രസിഡന്റ് മരിച്ചതായി പത്രം അടിച്ചുവച്ചു. പക്ഷേ പദ്ധതി നടന്നില്ല. വാര്‍ത്ത സൃഷ്ടിക്കാനുള്ള ഒരു ക്രീമിനല്‍ ജീനിയസിന്റെ ഇത്തരം നീക്കങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ മമ്മൂട്ടി ചിത്രമെന്ന് തീരുമാനിച്ചു. എന്നാല്‍ കൃത്യമായൊരു കാരണമില്ലാതെ നായകന്‍ അത്തരമൊരു ക്രിമിനല്‍ ചെയ്തി ചെയ്യുന്നത് മലയാളി പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകില്ലെന്ന ചിന്തയില്‍ തന്നെ നശിപ്പിച്ചവരെ തിരിച്ചു നശിപ്പിക്കാന്‍ എന്ന ക്ലീഷേ ഇതിനൊപ്പം ചേര്‍ത്തെന്ന് തിരക്കഥാകൃത്ത്.

ബിഗ് ബജറ്റ് എന്ന റിസ്‌ക്

മമ്മൂട്ടിയെന്ന നടനെ നിര്‍മ്മാതാക്കളും ചലച്ചിത്രലോകവും കൈവിട്ട കാലത്ത് ഈ നടനില്‍ ഇനിയും സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ തിരിച്ചുവരവിനായി ബിഗ് ബജറ്റ് ചിത്രം തന്നെയാണ് ജൂബിലി ജോയ് പ്ലാന്‍ ചെയ്തത്. മലയാളി പത്രമുതലാളിയോ, പത്രാധിപരോ ഇത്തരമൊരു നീക്കം നടത്തിയാല്‍ വിശ്വസനീയത വരില്ലെന്ന നിഗമനത്തിലാണ് ഡെന്നീസ് ജോസഫ് തിരക്കഥയെ ഡല്‍ഹിയിലേക്ക് പ്ലേസ് ചെയ്തത്. ‘ബിഗ് ബജറ്റ് റിസ്‌ക് സിനിമ അല്ലേ?’ എന്ന് നിര്‍മ്മാതാവും സംവിധായകനും ചോദിച്ചിരുന്നതായി ഡെന്നീസ്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച സംഭവം മലയാളിയുടെ മനസില്‍ നില്‍ക്കുന്നതിനാല്‍ ന്യൂഡല്‍ഹി എന്തും നടക്കുന്ന നഗരമെന്ന് മലയാളിക്ക് തോന്നലുണ്ട്, സിനിമയില്‍ ന്യൂഡല്‍ഹി മലയാളിക്ക് പരിചയവുമില്ല. ഈ സാധ്യത ഉപയോഗിച്ചാണ് ഡല്‍ഹിയിലേക്ക് കഥാന്തരീക്ഷം മാറ്റിയത്.

Picasa

13 സീനുകളുമായി ന്യൂഡല്‍ഹിക്ക്

തുടര്‍ച്ചയായി പരാജയം മാത്രമുള്ള നടന് വേണ്ടി ബിഗ് ബജറ്റ് സിനിമ ചെയ്യുന്ന നിര്‍മ്മാതാവിന് വട്ടാണെന്ന് ചലച്ചിത്രലോകം പറയുന്നിടത്താണ് ജോഷിയും ഡെന്നീസ് ജോസഫും ജൂബിലി ജോയിയും ഡല്‍ഹിക്ക് വിമാനം കയറിയത്. പലവട്ടം സ്‌ക്രിപ്ട് വെട്ടിയും തിരുത്തിയും എഴുതിയെങ്കിലും സ്വന്തം രചനയിലുള്ള അഞ്ചിലധികം സിനിമകളുടെ പരാജയം ഏല്‍പ്പിച്ച ആഘാതം മൂലം എഴുതിയതില്‍ കൂടുതല്‍ ഭാഗങ്ങളും ഉപേക്ഷിച്ചിരുന്നു. ഡല്‍ഹിക്ക് പുറപ്പെട്ടത് 13 സീനുമായാണെന്ന് ഡെന്നീസ്. ഇത് മടക്കി പോക്കറ്റിലിടുകയായിരുന്നു. അന്നന്ന് ഷൂട്ട് ചെയ്യാന്‍ അന്നന്ന് എഴുതുകയായിരുന്നു. 22 ദിവസം കൊണ്ടാണ് ജോഷി ന്യൂഡല്‍ഹി ചിത്രീകരിച്ചത്.

നാല് വയസില്‍ പോയ ഡല്‍ഹിയെക്കുറിച്ചാണ് പിന്നീട് ഡല്‍ഹി കാണാത്ത ഡെന്നീസ് തിരക്കഥയെഴുതിയത്. സുഹൃത്തും അന്ന് മനോരമ ഡല്‍ഹി ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടര്‍ ജോര്‍ജിനൊപ്പം സ്‌കൂട്ടറില്‍ ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങള്‍ ചുറ്റിക്കണ്ടെന്നും സീനുകള്‍ ഈ സ്ഥലങ്ങളിലേക്ക് ക്രമീകരിച്ചെന്നും ഡെന്നീസ്.

ന്യൂഡല്‍ഹി, ആ 13 സീനുകളുമായി ഷൂട്ട്, ക്ലൈമാക്‌സ് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന്
മോഹന്‍ലാല്‍ ഫാന്‍സിനോട് അന്ന് മമ്മൂട്ടി പറഞ്ഞു, 'വഴക്കും കോപ്രായവും വേണ്ട നന്മയുടെ പുണ്യം മതി'
ജോഷി ന്യൂഡല്‍ഹി ചെയ്ത മേക്കിംഗ് സ്‌റ്റൈല്‍ വ്യത്യസ്തമാണെന്നും പ്രിയന്‍ പറഞ്ഞു. സിനിമ കണ്ടയുടനെ മോഹന്‍ലാലിനെ വിളിച്ച് മമ്മൂട്ടി തിരിച്ചുവരുന്ന സിനിമയായിരിക്കും ന്യൂഡല്‍ഹിയെന്ന് പ്രിയന്‍ പറഞ്ഞതായും ഡെന്നിസ് ജോസഫ്.

മമ്മൂട്ടിയുടെ പ്രതിഫലം ഒരു ലക്ഷം

ന്യൂഡല്‍ഹിയില്‍ ഒരു ലക്ഷം രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. സിനിമയില്‍ ജി കെ എന്ന നായക കഥാപാത്രവും എതിരാളികളും മുഖാമുഖം വരുന്ന ലിഫ്റ്റ് രംഗം ചിത്രീകരിക്കാന്‍ മണിക്കൂറിന് ഇരുപത്തയ്യായിരം രൂപാ വാടക വരുന്ന ഷൂട്ടിംഗ് അനുമതിക്ക് നിര്‍മ്മാതാവ് തയ്യാറായിരുന്നു. പിന്നീട് ഇത് സൗജന്യമായി ലഭിച്ചു.

ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് ക്ലൈമാക്‌സ്

പല വട്ടം ആലോചിച്ചപ്പോഴും ക്ലീഷേ ക്ലൈമാക്‌സുകളാണ് ഡെന്നിസ് ജോസഫിന്റെ മനസില്‍ എത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ കണ്ട ബോക്‌സ് വാര്‍ത്തയില്‍ നിന്നാണ് ഇപ്പോഴത്തെ ക്ലൈമാക്‌സ് കണ്ടെത്തിയത്. വ്യവസായ രംഗത്തെ സുരക്ഷാ സൗകര്യങ്ങള്‍ എന്ന ലഘുലേഖ പ്രിന്റ് ചെയ്യുന്നതിനിടെ പ്രിന്ററുടെ കൈപ്പത്തി മെഷീനില്‍ കുടുങ്ങി എന്നായിരുന്നു വാര്‍ത്ത. അയാളുടെ ചോരയില്‍ കുതിര്‍ന്നാണ് പ്രിന്റുകള്‍ വന്നത്. രക്തം കുതിര്‍ന്ന് രണ്ട് പേജ് അടിച്ചുവന്നു. ഒരാള്‍ മരിച്ചുകൊണ്ടിരിക്കെ രക്തത്തില്‍ കുതിര്‍ന്ന് അയാളുടെ മരണം അച്ചടിച്ച പത്രം പുറത്തുവരുന്നതായി ക്ലൈമാക്‌സ് എഴുതി.

ത്യാഗരാജനും രണ്ടാം ഇന്നിംഗ്‌സ്

തമിഴ് നടനും സംവിധായകനും അവതരിപ്പിച്ച നടരാജ് വിഷ്ണു എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് സത്യരാജിനെ ആണ്. സത്യരാജ് ഈ റോള്‍ സ്വീകരിച്ചില്ല. പിന്നീട് സിനിമയില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട് ഔട്ട് ആയ സാഹചര്യത്തിലെത്തിയ ത്യാഗരാജനിലേക്ക് ഈ റോള്‍ എത്തി. സേലം വിഷ്ണുവെന്ന് കൂടെ അറിയപ്പെടുന്ന കഥാപാത്രം ക്ലിക്ക് ആയതോടെ ന്യൂഡല്‍ഹിയിലെ കഥാപാത്രത്തെ ടൈറ്റിലാക്കി സേലം വിഷ്ണു എന്ന ചിത്രവുമായി ത്യാഗരാജന്‍ തമിഴില്‍ എത്തി.

പ്രിയദര്‍ശന് മാത്രമായി പ്രിവ്യൂ

സിനിമ പൂര്‍ത്തിയാക്കി കുറേ കാലം റിലീസ് ചെയ്യാതിരുന്നു. പല തവണ എഡിറ്റിംഗും റീ എഡിറ്റിംഗും നടന്നു. സിനിമയുടെ ഭാവി എന്തായിരിക്കുമെന്നറിയാന്‍ ചെന്നൈയില്‍ സംവിധായകന്‍ പ്രിയദര്‍ശന് മാത്രമായി ജോഷിയും ഡെന്നീസ് ജോസഫും പ്രിവ്യൂ നടത്തി. ന്യൂഡല്‍ഹി ടീമിന് പുറത്ത് ആ സിനിമ കണ്ട ആദ്യത്തെയാളും പ്രിയനായിരുന്നു. സിനിമ സൂപ്പര്‍ഹിറ്റായിരിക്കുമെന്നും ജോഷി ന്യൂഡല്‍ഹി ചെയ്ത മേക്കിംഗ് സ്‌റ്റൈല്‍ വ്യത്യസ്തമാണെന്നും പ്രിയന്‍ പറഞ്ഞു. സിനിമ കണ്ടയുടനെ മോഹന്‍ലാലിനെ വിളിച്ച് മമ്മൂട്ടി തിരിച്ചുവരുന്ന സിനിമയായിരിക്കും ന്യൂഡല്‍ഹിയെന്ന് പ്രിയന്‍ പറഞ്ഞതായും ഡെന്നിസ് ജോസഫ്.

കേരളത്തിന് പുറത്ത് വിജയം കൊയ്ത ചിത്രം കൂടിയാണ് ന്യൂഡല്‍ഹി. മദ്രാസിലെ സഫയര്‍ തിയറ്റര്‍ നൂറ് ദിവസം റെഗുലര്‍ ഷോയായി ചിത്രം പ്രദര്‍ശിപ്പിച്ചു.

വിവരങ്ങള്‍ക്ക് കടപ്പാട് : ഡെന്നീസ് ജോസഫ് അഭിമുഖം/ സഫാരി ടിവി(വീഡിയോ ഈ ലിങ്കില്‍ കാണാം)

ന്യൂഡല്‍ഹി, ആ 13 സീനുകളുമായി ഷൂട്ട്, ക്ലൈമാക്‌സ് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന്
'കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടേതാണോ എന്ന് പലരും ചോദിച്ചു', മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോക്ക് പിന്നിലെ കഥ

Related Stories

No stories found.
logo
The Cue
www.thecue.in