പിന്നോട്ടാഞ്ഞ് മുന്നോട്ട് കുതിച്ച നെൽസൺ

തമിഴിലെ വികടൻ അവാർഡ്‌സ് വേദി. നിരവധി സിനിമാപ്രവർത്തകരും നടന്മാരും പങ്കെടുത്ത താരനിശ. അവിടേക്ക് സംവിധായകൻ സംവിധായകൻ ലോകേഷ് കനകരാജ് എത്തി. ഉടൻ തന്നെ ബൗൺസേഴ്സും സംഘാടകരും ഫൊട്ടോഗ്രഫർമാരും അദ്ദേഹത്തെ വളഞ്ഞു. സ്റ്റേജിൽ എത്തുന്നതുവരെ ലോകേഷിനൊപ്പം ഇവരുടെ കൂട്ടം തന്നെ ആനയിക്കാൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞായിരുന്നു തന്റെ സുഹൃത്തും നടനുമായ റെഡിൻ കിങ്‌സ്‌ലിയുമൊത്ത് നെൽസൺ ദിലീപ്കുമാർ അവിടേക്ക് എത്തുന്നത്. ആനയിക്കാനോ ഫോട്ടോ എടുക്കാനോ ആരും വന്നില്ല. രണ്ട് ബൗൺസർമാർ കുറച്ചുനേരം അദ്ദേഹത്തെ അനുഗമിച്ചു. പക്ഷെ പാതിയിൽ വച്ച് അവർ 'സർ ഇനി നേരെ പോയാൽ മതി’ എന്ന് പറഞ്ഞു അവർ തിരികെ പോയി. അപമാനിതനായ അയാൾ പക്ഷെ ഒരു ഖേദവും പ്രകടിപ്പിച്ചില്ല. ഒരു ചെറു പുഞ്ചിരിയോടെ അയാൾ തന്റെ സുഹൃത്തിനൊപ്പം സ്റ്റേജിലേക്ക് നടന്നു. ഒരു സിനിമ പരാജയപ്പെട്ടതിന്റെ പേരിൽ ജനം അയാളെ എഴുതിത്തള്ളിയപ്പോൾ അവർക്കുള്ളൊരു മധുരപ്രതികാരവുമായി അയാൾ തന്റെ നാലാമത്തെ സിനിമയുമായി വന്നു. വെറും ഒരു സിനിമ കൊണ്ട് നിശ്ചയിക്കപ്പെടേണ്ടതല്ല തന്റെ സ്ഥാനമെന്ന് ഉറക്കെ പറഞ്ഞു വിമർശകരുടെ വായ അടപ്പിച്ചു. അയാൾ തന്റെ കയ്യിലെ ഏറ്റവും മികച്ച അസ്ത്രം പ്രേക്ഷകർക്ക് നേരെ അയാൾ പായിച്ചു, സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ.

വിജയ് ടിവിയിലെ ജോഡി നമ്പർ 1, സൂപ്പർ സിങ്ങർ തുടങ്ങിയ പ്രോഗ്രാമുകളുടെ സംവിധായകനായി ആണ് നെൽസൺ ഇൻഡസ്ട്രിയിലേക്ക് കടന്നു വരുന്നത്. തുടർന്ന് കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് തമിഴ് ഒന്നാം സീസണിന്റെ സംവിധായകനുമായി അദ്ദേഹം. 2010 ലാണ് ആദ്യമായി നെൽസൺ സിനിമ സംവിധാന രംഗത്തേക്ക് കടക്കുന്നത്. ചിമ്പുവിനെ നായകനാക്കി വേട്ടൈമന്നൻ എന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രം നെൽസൺ അന്നൗൺസ് ചെയ്തു. ഒരുപക്ഷെ ലോകേഷ് കനകരാജ് സിനിമകൾക്ക് മുൻപ് അന്നൗൺസ്‌മെന്റ് വീഡിയോ എന്ന കോൺസെപ്റ് തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് നെൽസൺ. വളരെ ഡാർക്ക് ആയ എന്നാൽ ഒരു വ്യത്യസ്തത തോന്നിക്കുന്ന സിമ്പുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേട്ടൈമന്നന്റെ അന്നൗൺസ്‌മെന്റ് വീഡിയോക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ ഭാഗ്യം നെൽസനെ തുണച്ചില്ല. പാതി വഴിക്ക് വേട്ടൈമന്നൻ മുടങ്ങി. കൃത്യമായ കാരണങ്ങൾ ഇന്നും വ്യക്തമല്ലെങ്കിലും വേട്ടൈമന്നന്റെ പെട്ടെന്നുള്ള മുടങ്ങിപോക്ക് നെല്സണ് വീണ്ടും ടെലിവിഷനിലേക്ക് തിരികെ എത്തിച്ചു. പക്ഷെ അയാൾ ശ്രമം കൈവെടിഞ്ഞില്ല. കൃത്യം എട്ട് വർഷങ്ങൾക്ക് ശേഷം നെൽസൺ തന്റെ ആദ്യ സിനിമ ചെയ്തു. നയൻതാരയെ നായികയാക്കി കോലമാവ്‌ കോകില. സ്ഥിരം കണ്ടുമടുത്ത സ്ത്രീപക്ഷ സിനിമയായിരുന്നില്ല കോലമാവ്‌ കോകില, ഡാർക്ക് ഹ്യൂമർ എന്ന തമാശയുടെ പുതിയൊരു തലത്തിനെ എക്സ്സ്പ്ലോർ ചെയ്തു ഡാർക്ക് ആയ മേക്കിങ് സ്റ്റൈലിലൂടെയും ഒരു നായക കഥാപാത്രത്തിന് കൊടുക്കുന്ന എല്ലാ ബിൽഡപ്പോടെയും അയാൾ നയൻതാരയെയും സിനിമയെയും അവതരിപ്പിച്ചു. ചിത്രം വിജയമായതോടെ നെൽസൺ ദിലീപ്കുമാർ എന്ന സംവിധായകന്റെ പേര് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ രെജിസ്റ്റർ ആയി.

നെൽസൺ സിനിമകൾക്ക് ഒരു പാറ്റേൺ ഉണ്ട്. അയാളുടെ നായകന്മാർ എല്ലാം ഇമോഷൻസ് പ്രകടിപ്പിക്കാത്ത, അധികം സംസാരിക്കാത്ത, ഡെഡ്‌പാൻ സ്വഭാവം ഉള്ള, ഒതുങ്ങി കൂടിയിരിക്കുന്നവരാണ്. എന്നാൽ സഹതാരങ്ങൾ എല്ലാം നായകന്റെ ഓപ്പോസിറ്റ് സ്വഭാവം പ്രകടിപ്പിക്കുന്നവർ ആവും. വളരെ എക്സിൻട്രിക്‌ ആയ, ലൗഡ് ആയ ഹ്യൂമർ കൈകാര്യം ചെയ്യുന്ന അവർ കഥയിലുടനീളം നായകനൊപ്പം സഞ്ചരിക്കുന്നുണ്ടാവും. കഥയുടെ പോക്കിനിടക്ക് ഒരു കോൺഫ്ലിക്റ്റ് സ്ഥിരമായി ഇട്ടുകൊടുത്താണ് നെൽസൺ തന്റെ നായകന്മാരെ കളത്തിലിറക്കുന്നത്. കടുത്ത ബ്രേക്കിംഗ് ബാഡ് ഫാൻ ആയ നെൽസൺ തന്റെ സിനിമകളിലെല്ലാം ഏതെങ്കിലും തരത്തിൽ ഒരു റഫറൻസ് കൊണ്ടുവരാറുണ്ട്. നെൽസന്റെ സ്റ്റൈലിനെ കൃത്യമായി എടുത്തുകാണിച്ച സിനിമയായിരുന്നു ശിവകാർത്തികേയൻ നായകനായ ഡോക്ടർ. അതുവരെ ഹ്യൂമറും, റൊമാന്സും, നായകത്വവും ഒറ്റക്ക് കൈകാര്യം ചെയ്തിരുന്ന ശിവകാർത്തികേയനെ തികച്ചും സൈഡ് ആക്കി സഹതാരങ്ങൾ മുന്നോട്ട് കൊണ്ടുപോയ സിനിമയായിരുന്നു ഡോക്ടർ. വളരെ പ്രാക്ടിക്കൽ ആയും ശാന്തമായും ഭാവങ്ങൾ പ്രകടിപ്പിക്കാത്ത നായകനെ ശിവകർത്തികേയനിലൂടെ നെൽസൺ അവതരിപ്പിച്ചപ്പോൾ 100 കോടി രൂപയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. നെൽസന്റെ മേക്കിങ് സ്റ്റൈലിനെ അപ്പോഴേക്കും പ്രേക്ഷകർ പൂർണമായും മനസ്സിലാക്കി തുടങ്ങിയിരുന്നു.

എന്നാൽ പരാജയം നെൽസണെ കാത്ത് തൊട്ടരികിൽ ഉണ്ടായിരുന്നു. സാക്ഷാൽ വിജയ്‌യെ നായകനാക്കി സൺ പിക്ടഴ്സിന്റെ പ്രൊഡക്ഷനിൽ അതും കെ ജി എഫ് രണ്ടാം ഭാഗത്തിന്റെയൊപ്പം പുറത്തിറങ്ങിയ ബീസ്റ്റിൽ നെൽസന് പിഴച്ചു. ട്രെയ്ലറിൽ വലിയ പ്രതീക്ഷയായിരുന്നു ബീസ്റ്റ് ക്രിയേറ്റ് ചെയ്തത്, അനിരുദ്ധിന്റെ മ്യൂസിക്കിൽ വിജയ്യുടെ മാസ്സ് പെർഫോർമൻസ് കാണാനെത്തിയ പ്രേക്ഷകർക്ക് പക്ഷേ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയും സ്ഥിരം മസാല ഫോർമുലകളുമായിരുന്നു കാത്തിരുന്നത്. മോശം കഥയുടെ മോശം അവതരണം ബീസ്റ്റിനെ വിമർശനത്തിനിടയാക്കി. ആദ്യം പറഞ്ഞ നെൽസൺ ഫോർമുലയിലെ ഡാർക്ക് ഹ്യൂമറും, നായകനും സഹതാരങ്ങളുടെ സ്കോറിങ്ങുമെല്ലാം ഉണ്ടായിരുന്നെങ്കിലും പടത്തിന് അത് ചേർന്ന് നിന്നില്ലെന്ന് മാത്രമല്ല, അമാനുഷിക നായകനും അതിലെ രം​ഗങ്ങളും മുഴച്ച് നിൽക്കുകയും ചെയ്തു.

ബോക്സ് ഓഫീസിന്റെ പണക്കിലുക്കത്തിൽ മുമ്പിൽ എത്തിയെങ്കിലും പ്രേക്ഷകർക്കിടയിൽ കാര്യമായ ചലനം ഉണ്ടാകാതെ വിജയ് ചിത്രം മോശം സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചു. തന്റെ ആദ്യ രണ്ടു സിനിമകളെയും പുകഴ്ത്തിയ പ്രേക്ഷകർ നെൽസണെതിരെ തിരിഞ്ഞു. ട്രോളുകളും മീമും വഴി അവർ നെൽസനെ വിടാതെ പിന്തുടർന്നു. ‘ബീസ്റ്റ്’ സിനിമയുടെ പരാജയം കുറച്ചൊന്നുമല്ല നെൽസണെ ഉലച്ചു കളഞ്ഞത്. ബീസ്റ്റ് റിലീസ് ആകുന്നതിനും 2 മാസങ്ങൾക്ക് മുൻപ് ആയിരുന്നു രജനീകാന്തുമൊന്നിച്ചുള്ള നെൽസന്റെ അടുത്ത സിനിമ അനൗൺസ് ചെയ്തത്. പ്രേക്ഷകർ രജനിയുടെ ചോയ്‌സിനെ പുകഴ്ത്തി നെത്സണെ അഭിനന്ദിച്ചു. എന്നാൽ അതെ പ്രേക്ഷകർ തന്നെ ബീസ്റ്റ് റിലീസിന് ശേഷം നെൽസണെതിരെ തിരിഞ്ഞു. നെൽസനെ സംവിധാന സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭ്യർത്ഥനകൾ രജനികാന്തിന്റെ പക്കൽ വരെയെത്തി. പക്ഷെ അപ്പോഴും നെൽസണിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും രജനികാന്ത് ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

ജയിലെർ നെല്സണ് ഒരു ജീവന്മരണ പോരാട്ടമായിരുന്നു. തന്നെ വിമർശിച്ചവർക്കുള്ള മറുപടി അയാൾ കൊടുക്കണമെന്ന് ഉറപ്പിച്ചിരുന്നു. ജയിലറിനു വേണ്ടി ഉറക്കമൊഴിച്ചാണ് നെൽസൺ പ്രവർത്തിക്കുന്നതെന്നെന്നും ചിത്രത്തിനു വേണ്ടിയുള്ള കഠിനാധ്വാനം കണ്ട് രജനിപോലും നെൽസന്റെ ആരോഗ്യത്തെക്കുറിച്ച് ആരായുകയുണ്ടായി എന്നും വാർത്തകൾ പ്രചരിച്ചു. ഒടുവിൽ ഓഗസ്റ്റ് 10 ന് അയാൾ സിനിമയിലൂടെ തന്നെ മറുപടി പറഞ്ഞു. തമിഴ് സിനിമകളിലെ നായകന്മാരെ പോലെ ഒരു ഘട്ടത്തിൽ ഒരു പിന്നോട്ടാഞ്ഞു അതിലും ശക്തിയായി പിന്നെ അയാൾ തിരികെവന്നു. വിജയ്‌യെ നായകനായി ലഭിച്ചിട്ടും അവസരം പാഴാക്കി എന്ന് കുറ്റപെടുത്തിയവർക്ക് മുന്നിൽ രജനികാന്തിനെയും, മോഹൻലാലിനെയും,ശിവരാജ്‌കുമാറിനെയും സ്‌ക്രീനിലെത്തിച്ച് പ്രേക്ഷകന്റെ കയ്യടി വാങ്ങി. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡിയൻ എല്ലാ നെൽസൺ സ്വഭാവവും ഉൾകൊണ്ട രജനി കഥാപാത്രമായിരുന്നു. കൃത്യമായ ഇടവേളകളിൽ ആക്ഷനും കോമഡിയും, സ്റ്റൈൽ മന്നന്റെ മാസ്സ് മൊമെന്റ്സും ഉൾപ്പെടുത്തി ഒരു കംപ്ലീറ്റ് രജനികാന്ത് പാക്കേജ് നെൽസൺ സൃഷ്ട്ടിച്ചു. നൂറ് പേരെ അടിച്ചിടുന്ന, നൂറ് പേരെ പറപ്പിക്കുന്ന രജനി സീൻ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിൽ അതിന്റെയൊന്നും ആവശ്യമില്ലാതെ നെൽസൺ രജനിയെ കൊണ്ടുവന്ന് നിർത്തി. ദർബാറിലും അണ്ണാത്തെയിലും പിഴച്ച രജനിക്കും അതൊരു തിരിച്ചുവരവായിരുന്നു.

രജനികാന്ത് ഓഡിയോ ലോഞ്ചിൽ പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു സംവിധായകൻ ഒരിക്കലും പരാജയപ്പെടില്ല അയാളുടെ സിനിമയുടെ കഥയോ എടുക്കുന്ന വിഷയമോ ആണ് പരാജയപ്പെടുന്നത്. അത് ശരിവെക്കുന്നതാണ് നെൽസന്റെ ഈ തിരിച്ചുവരവ്. പരാജയങ്ങൾ കൊണ്ട് നിര്ണയിക്കേണ്ടതല്ല ഒരു സംവിധായകന്റെയും കഴിവ്. പരാജയ ചിത്രം ആണെങ്കിൽ പോലും ബീസ്റ്റ് തീർത്തും ഒരു നെൽസൺ സിനിമതന്നെ ആയിരുന്നു. തിരിച്ചു വരവ് അനിവാര്യമായിരുന്നു സമയത്തും അയാൾ തന്റെ സ്റ്റൈലിൽ ഉറച്ച് നിന്നു. ഒരുപക്ഷെ അടുത്ത വികടൻ അവാർഡ്‌സിൽ നെൽസൺ എത്തുമ്പോൾ അയാളെ പൊതിയാനായി ക്യാമറാമാൻമാറും, പ്രേക്ഷകരും ഉണ്ടാകും. അപമാനിതനാകേണ്ടി വന്ന അതെ പരിപാടിയിൽ ഹര്ഷാരവങ്ങളുടെ അകമ്പടിയോടെ അയാളെ അവർ സ്റ്റേജിലേക്ക് ആനയിക്കും. മുടങ്ങി പോയ സിനിമയിൽ ഇന്ന് അയാൾ എത്തി നിൽക്കുന്ന ജയിലർ വരെ ഓരോ ഘട്ടത്തിലും നെൽസണ് പിൻവാങ്ങേണ്ടി വന്നിട്ടുണ്ട് പക്ഷെ അപ്പോഴെല്ലാം അയാൾ കൂടുതൽ ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in