'ഇടി എന്ന് പറഞ്ഞാൽ വെറുതെയൊരു ഇടിയല്ല, റീസൺ വളരെ സ്ട്രോങ്ങാണ്'; നഹാസ് ഹിദായത്ത് അഭിമുഖം

'ഇടി എന്ന് പറഞ്ഞാൽ വെറുതെയൊരു ഇടിയല്ല, റീസൺ വളരെ സ്ട്രോങ്ങാണ്'; നഹാസ് ഹിദായത്ത് അഭിമുഖം

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ആർ ഡി എക്സ്. ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഇടിയെല്ലാം വെറുതേയുള്ള ഇടിയല്ലെന്നും അതിന്റെ റീസൺ വളരെ സ്ട്രോങ്ങാണെന്നും സംവിധായകൻ നഹാസ് ഹിദായത്ത്. ഒരു ഇടിക്കാരൻ എന്നുള്ളൊരു മൂഡിനപ്പുറത്തേക്ക് ഒരു നല്ല പെർഫോമൻസ് ആന്റണി വർഗീസിൽ നിന്ന് പ്രതീക്ഷിക്കാമെന്നും നഹാസ് പറഞ്ഞു. വീക്കെന്റ് പ്രൊഡക്ഷൻ എപ്പോഴും കണ്ടന്റിന് വാല്യു കൊടുക്കുന്നവരാണ്. അതുകൊണ്ട് എല്ലാവർക്കും അവിടെ സ്പേയ്സ് ഉണ്ട്. ആദ്യത്തെ ഒരു അ‍ഞ്ച് ദിവസത്തെ ഫുട്ടേജ് കണ്ടിട്ട് അവിടുന്ന് പിന്നങ്ങോട്ട് അവർ എന്നെ കണ്ണുമടച്ച് വിശ്വസിക്കുകയായിരുന്നെന്ന് നഹാസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലേക്ക്

‍സിനിമയിൽ അസിസ്റ്റ് ചെയ്യാൻ എന്ന നിലയിലാണ് ഞാൻ ആദ്യമായി എറണകുളത്തേക്ക് വരുന്നത്. കുറേ ഡയറക്ടേഴ്സിനെ അപ്രോച്ച് ചെയ്തു. എന്നാൽ എവിടെയും അവസരം കിട്ടിയിരുന്നില്ല. ആ സമയത്താണ് ബേസിൽ ചേട്ടൻ ​ഗോദ ചെയ്യാൻ വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് എന്ന് അറിയുന്നത്. അതിൽ അസിസ്റ്റൻസിനെ നോക്കുന്നുണ്ട് എന്ന് ആനന്ദം സിനിമയുടെ ഡയറക്ടറായിരുന്ന ​ഗണേഷ് ​രാജ് പറയുകയും അങ്ങനെ ഞാൻ അദ്ദേഹത്തെ പോയി കാണുകയും ചെയ്തു. എന്നാൽ ആ സമയത്ത് കൂടെയുള്ള അസിസ്റ്റൻസ് എല്ലാവരും മിനിമം ഒരു ഷോർട്ട് ഫിലിം എങ്കിലും ചെയ്തിട്ടുള്ളവരായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം അത് പറഞ്ഞപ്പോൾ എന്റെ കയ്യിൽ കാണിക്കാനായി വർക്ക് ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു മാസത്തിനുള്ളിൽ അസിസ്റ്റൻസിനെ എടുത്ത് തുടങ്ങും എന്ന് കാര്യവും അറിഞ്ഞിരുന്നു. അങ്ങനെ ബേസിൽ ചേട്ടനെ കാണിക്കാൻ വേണ്ടിയാണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്തത്. മൂന്ന് നാല് ആഴ്ചയ്ക്കുള്ളിൽ കഴിയുന്നത് പോലെ തന്നെ ഷോർട്ട് ഫിലിം ചെയ്തു കൊണ്ട് കാണിച്ചു, ആ ഷോർട്ട് ഫിലിം അത്ര അടിപൊളി അല്ലെങ്കിലും അദ്ദേഹത്തിന് ‍ഞാൻ എടുത്ത ഒരു എഫർട്ട് ഇഷ്ടപ്പെട്ടു. ഇത്ര പെട്ടന്ന് ഒരു ഷോർട്ട് ഫിലിം അവൻ ചെയ്തുകൊണ്ടു വന്നത് സിനിമയിൽ വരണം എന്ന ആ​ഗ്രഹം കൊണ്ടാണല്ലോ എന്ന ചിന്തയിലാണ് ബേസിൽ ചേട്ടൻ എന്നെ കൂടെ നിർത്തിയത്. അങ്ങനെ ​ഗോദയിൽ ഒന്നര വർഷത്തോളം ബേസിൽ ചേട്ടനൊപ്പം യാത്ര ചെയ്തു. അതിന് ശേഷം സിനിമയുടെ ഏറെക്കുറെ പരിപാടികൾ ഒക്കെ പിടികിട്ടിയ സമയത്താണ് പിന്നെ അങ്ങോട്ട് കോമേർഷ്യൽ ആയിട്ടുള്ള ഷോർട്ട് ഫിലിംസ് ഒക്കെ ചെയ്തു തുടങ്ങിയത്. സിനിമയിലേക്ക് ശ്രമിക്കുന്നത് ഒക്കെ അങ്ങനെയായിരുന്നു.

ആർ ഡി എക്സിന്റെ എക്സൈറ്റ്മെന്റുകൾ

എന്നെ എക്സെെറ്റ് ചെയ്യിക്കുന്ന ഒന്നാമത്തെ കാര്യം ഈ സിനിമ ഫെസ്റ്റിവൽ സീസണിൽ ഇറങ്ങാൻ പോകുന്ന കൊമേർഷ്യൽ പാക്കേജിലുള്ള സിനിമയാണ് എന്നതാണ്. സിനിമയിൽ ​കൊറിയോഗ്രാഫിക് സോങ്ങ് ഉണ്ട്., അഞ്ചോ ആറോ ഫെെറ്റ് സീനുണ്ട്. പല ഇമോഷൻസ് ക്യാരി ചെയ്യുന്ന സിനിമയാണ്, ഫാമിലി എന്റർടെയ്ൻമെന്റ് ഉണ്ട്, റിവഞ്ച് സ്റ്റോറിയാണ് ഇതെല്ലാം കൂടി വരുന്നതാണ് ആർഡിഎക്സ് . ആദ്യത്തെ സിനിമയിൽ തന്നെ ഇത്രയും പരിപാടികൾ ചെയ്യാൻ പറ്റുക എന്നതാണ് ഭയങ്കരമായി എക്സെെറ്റ് ചെയ്യിക്കുന്നത്. സാം.സി.എസ് നെപ്പോലെയുള്ള മ്യുസിക് ഡയറക്ടേഴ്സ് വരുന്നു, സാന്റി മാസ്റ്റർ വരുന്നു, വീക്കെൻഡ് പോലെയുള്ള ഒരു പ്രൊഡക്ഷൻ വരുന്നു. അങ്ങനെ മൊത്തത്തിൽ നമ്മൾ ഈ പ്രോസ്സിന്റെ കൂടെയങ്ങ് പോവുകയായിരുന്നു. എല്ലാവരും ചോദിച്ചു ഫസ്റ്റ് സിനിമ ഇത്രയും വലിയ ക്യാൻവാസിൽ ചെയ്യുമ്പോൾ ഇതെല്ലാം കൂടി ഹാൻഡിൽ ചെയ്യാൻ പറ്റുമോ എന്ന്. നമ്മൾ ഒരു സിനിമ എടുക്കുമ്പോൾ ഈ പ്രോസ്സ്സ് അങ്ങ് എൻജോയ് ചെയ്ത് കഴിഞ്ഞാൽ ഇതെല്ലാം നടക്കും എന്നതാണ്. അതിന് ഫസ്റ്റ് പടം സെക്കന്റ് പടം എന്നൊന്നില്ല. കിട്ടുന്നത് വച്ചിട്ട് അടിപൊളിയാക്കുക എന്നതാണ്.

ഷെയ്ൻ, ആന്റണി, നീരജ് കോംമ്പോ ?

ആദ്യം കഥ എഴുതുമ്പോൾ പെപ്പെ മനസ്സിൽ ഉണ്ടായിരുന്നു. ഡോണി എന്ന കഥാപാത്രത്തിന് പെപ്പ മനസ്സിൽ വന്നിരുന്നു. ബാക്കി രണ്ടു പേരുടെ കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടായിരുന്നു. പല പല ഒപ്ഷൻസ് നോക്കിയിരുന്നു ആ സമയത്ത്. സ്ക്രീൻ പ്ലേ പൂർത്തിയായി വന്നപ്പോഴാണ് ഇതിൽ ഷെയ്ൻ ചെയ്താൽ നന്നാവും എന്ന് തോന്നിയത്. ഒരു അനിയൻ ചേട്ടൻ റിലേഷൻഷിപ്പ് ഉണ്ട് ഈ സിനിമയിൽ. പെപ്പെയും ഷെയ്നും അനിയനും ചേട്ടനുമാണ് ചിത്രത്തിൽ. അങ്ങനെയാണ് ഷെയ്നിലേക്ക് എത്തുന്നത്. പെർഫോമൻസ് വളരെ സാധ്യതയുള്ള കഥാപാത്രമാണ് റോബർട്ട്. നീരജ് ഒരു ഡാൻസറാണ്, വലുതായിട്ട് പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് മാസ്സീവ് അപ്പീലുള്ള ഒരു ഫെെറ്റ് വന്നു കഴിഞ്ഞാലുണ്ടാവുന്ന ഒരു പുതുമയുണ്ടല്ലോ അതിന് വേണ്ടിയിട്ടാണ് നീരജിലേക്ക് പോകുന്നത്. കാരണം നീരജിനെ അത്രയും വലിയൊരു മാസ് ഫെെറ്റ് ചെയ്യുന്ന കഥാപാത്രമായി ആരും ഉപയോ​ഗിച്ചിട്ടില്ല. അദ്ദേഹം ഡാൻസറായതുകൊണ്ടു തന്നെ വളരെ ഫ്ലെക്സിബിളാണ്. അദ്ദേഹത്തിന്റെ കെെയ്യിൽ നഞ്ചക്ക് പോലുള്ള സാധനങ്ങൾ ഒക്കെ കിട്ടിക്കഴിഞ്ഞാൽ ചെയ്യുന്നത് കാണാൻ നല്ല ഭം​ഗിയായിരിക്കും അല്ലെങ്കിൽ ആരും എക്സ്പെക്ട് ചെയ്യാത്ത ഒരു റോളായിരിക്കും എന്ന് വിചാരിച്ചാണ് നീരജിലേക്ക് പോകുന്നത്. ഞാനും പെപ്പയും തമ്മിൽ നേരത്തെ ഒരു സിനിമ തുടങ്ങിയിരുന്നു. അത് പിന്നീട് ലോക്ക് ഡൗൺ സമയത്ത് നിന്ന് പോയിരുന്നു. അതുകൊണ്ട് തന്നെ പെപ്പയും ഞാനും തമ്മിൽ അടുത്ത ഒരു പ്രൊജക്ട് എത്രയും പെട്ടെന്ന് ചെയ്യാം എന്ന രീതിയിൽ നോക്കുന്നുണ്ടായിരുന്നു. പെപ്പയുടെ അടുത്താണ് ഞാൻ ആദ്യം പോയി കഥ പറയുന്നത്. ഇതിൽ ഡോണി എന്നൊരു കഥാപാത്രമുണ്ട്. നിങ്ങൾ ഇതിൽ നായക കഥാപാത്രത്തിന്റെ ചേട്ടനായിട്ടാണ് വരുന്നത്. പെർഫോമൻസ് സാധ്യതയുള്ള കഥാപാത്രമാണ്. ഡോണി എന്ന കഥാപാത്രത്തിനാണ് സിനിമയിൽ ഒരു ഇമോഷണൽ ഷേയ്ഡ് ഒക്കെയുള്ളത്. അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഇത്. റോബർട്ട് ആയിട്ട് നിങ്ങൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ഇതുവരെ ചെയ്ത കഥാപാത്രം പോലെ തന്നെയായിരിക്കും ഇതും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായിരിക്കും ഡോണി എന്ന കഥാപാത്രം എന്ന് പറഞ്ഞു. പെപ്പെ കഥ കേട്ടപ്പോൾ തന്നെ എടാ നിനക്ക് ഒക്കെയാണെങ്കിൽ ‍ഞാനും ഒക്കെ എന്ന് പറഞ്ഞു. ഷെയ്നെ സംബന്ധിച്ച് ചെയ്തു വന്ന കഥാപാത്രങ്ങളെല്ലാം കുറച്ച് മൂഡി ആയിട്ടുള്ള കഥാപാത്രങ്ങളാണ് അത്ര എനർജറ്റിക്കായിട്ടുള്ള ഒരു കഥാപാത്രം വന്നിട്ടില്ല. അതുകൊണ്ട് ആ സോണിലേക്ക് ഷെയ്ൻ വന്നാൽ ഭയങ്കര രസമായിരിക്കും എന്ന് തോന്നി. അങ്ങനെയാണ് കാസ്റ്റിങ്ങ്. നീരജ് മലയാളത്തിലേക്ക് ഒരു കംബാക്ക് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഒരു മാസ്സ് പടം അദ്ദേഹത്തെ തേടി വന്നു എന്ന സന്തോഷത്തിലായിരുന്നു നീരജ്.

വെറുതെ ഒരു ഇടിയനല്ല പെപ്പെ

നമ്മുടെ പടത്തിൽ ഇപ്പോ ഇടി എന്ന് പറഞ്ഞാൽ വെറുതേയുള്ള ഒരു ഇടിയല്ല. റീസൺ വളരെ സ്ട്രോങ്ങാണ്. പെപ്പെയിലൂടെയാണ് പരിപാടികൾ പോകുന്നത്. അദ്ദേഹം ഒരു ഫാമിലി മാനാണ് ഒരു കുട്ടിയുണ്ട്, അങ്ങനെ കുറേ കാര്യങ്ങളുണ്ട് പെപ്പെയുടെ കഥാപാത്രത്തിന്. ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോൾ പെപ്പെയ്ക്കും അത് ചലഞ്ചായിരുന്നു. കാരണം പെപ്പ മുമ്പ് പറഞ്ഞിരുന്നു ഇടി വേണോടാ പക്ഷേ അതിൻെറ കൂടെ നല്ലൊരു കഥയും കൂടിയുണ്ടെങ്കിൽ അടിപൊളിയാണ് എന്നൊരു ആ​ഗ്രഹം. പെപ്പയെ എല്ലാവരും ഇടി മാത്രം എന്ന രീതിയിലാണ് തേടി വന്നുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഈ കഥാപാത്രം ഞാൻ ചെയ്താൽ കൺവീൻസിങ്ങാവുമോ എന്നൊരു സംശയം പെപ്പയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ ഷൂട്ട് തുങ്ങി ഒരു അഞ്ച് ദിവസം കഴിഞ്ഞപ്പോൾ പെപ്പ ആ കഥാപാത്രത്തിലേക്ക് ഇൻ ആയി. ഈ സിനിയിൽ പെപ്പെയെ കാണുമ്പോൾ സ്ഥിരം ഒരു ഇടിക്കാരൻ എന്നുള്ളൊരു മൂഡിനപ്പുറത്തേക്ക് ഒരു നല്ല പെർഫോമൻസ് എന്നുള്ളൊരു മൂഡും കിട്ടും.

സ്റ്റൈലിഷ് ഫൈറ്റ്

ഈ സിനിമയിൽ മാർഷൽ ആർട്ട്സ് എന്നുള്ളൊരു പരിപാടി കൊണ്ടു വന്നത് ഈ സിനിമയിൽ കഥാപരമായിട്ട് തന്നെ അഞ്ചോ ആറോ ഫെെറ്റ് സ്വീക്വൻസുകൾ ഉള്ളതുകൊണ്ടാണ്. ആറോളം ഫെെറ്റ്സ് ഓഡിയൻസ് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എല്ലാം ഒരേ സ്റ്റെെൽ ആയിപ്പോയിക്കഴി‍ഞ്ഞാൽ ഒരു പോയിന്റ് കഴിയുമ്പോൾ നമുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവും. ഇവർ കൊച്ചിയിലുള്ള ആളുകളാണ്, ഇവർ നേരിടുന്ന പ്രശ്നങ്ങൾ പല പല ആളുകളുമായിട്ടുള്ളതാണ്. യങ്ങ്സ്റ്റേഴ്സുമായി ഫെെെറ്റ് ചെയ്യുമ്പോൾ ആ രീതിയിൽ സ്റ്റെെലിഷായി നമുക്ക് കൊടുക്കാൻ കഴിയുണം. കുറച്ചു കൂടി വല്യ ​ഗ്യാങ്ങുമായി ഫെെറ്റ് ചെയ്യുമ്പോൾ അതിന്റെ സീരിയസ്സനെസ്സ് കിട്ടണം അങ്ങനെ പല പല പരിപാടികൾ ഉണ്ട് ഇതിനകത്ത്. ഒരോ ഫെെറ്റും വ്യത്യസ്തമായിട്ട് നിൽക്കുക എന്ന ഉദ്ദേശത്തിലായിരുന്നു സിനിമയിൽ മാർഷൽ ആർട്ട്സ് കൊണ്ടു വന്നത്. മാർഷൽ ആർട്ട് ഉപയോ​ഗിക്കുന്ന ആൾ ഒരു നോർമൽ ഫെെറ്റിൽ പോയിട്ട് നഞ്ചക്സ് എടുത്ത് വീശിയടിച്ചാൽ തന്നെ അത് ഓട്ടോമാറ്റിക്കലി സ്റ്റെെലിഷാവും. ആ ഒരു വ്യത്യാസം നോർമലി ആറ് ഫെെറ്റിലും ആറായിട്ട് തന്നെ ഓഡിയൻസിന് ഫീൽ ചെയ്യും.

മലയാള സിനിമയുടെ പഴയ ഫോർമാറ്റ് ?

വ്യക്തിപരമായി പറയുകയാണെങ്കിൽ തിയററ്റിക്കൽ എക്സ്പീരിയൻസ് വളരെ മിസ്സാവുന്നുണ്ട് ഇപ്പോൾ. നമ്മൾ ഒരു പ്രൊഡ്യുസറിന്റെ അടുത്ത് ചെന്നിട്ട് ഒരു പാട്ട് ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞാൽ അതിന്റെയൊക്കെ കാലം കഴി‍ഞ്ഞില്ലേ ഇപ്പോൾ ആരാ പാട്ട് ഒക്കെ കണ്ടിരിക്കുന്നത് എന്ന് ചോദിക്കുന്ന ഒരു സാഹചര്യത്തിലേക്ക് എത്തി. ആ മുഡൊക്കെ മാറി എന്ന രീതിയിലാണ്. കഴിഞ്ഞ ഒരു രണ്ട് മൂന്ന് വർഷമായിട്ട് റിയലസ്റ്റിക്ക് പടങ്ങളുടെ ഒരു വരവ് ഉണ്ടല്ലോ. നമ്മൾ ഇപ്പോ ചോട്ടാ മുംബെെ കാണുമ്പോൾ ​രാജമാണിക്യം കാണുമ്പോൾ ഒക്കെ ഒരു തൃപ്തിയുണ്ടല്ലോ.. നൂറ് രുപ കൊടുത്ത് കയറുന്നവന് എല്ലാം കിട്ടുക എന്നൊരു പരിപാടി ഉണ്ടല്ലോ? ഒരു സിനിമയിൽ എല്ലാം ചേർന്ന് വരുമ്പോഴാണ് നമുക്ക് ഇഷ്ടപ്പെടുക. നായകന് ഒരു മാസ്സ് ഇൻട്രോ വേണം, അവരുടെ റൊമാൻസ് ഭാ​ഗങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയണം. ഇടവേള സമയത്തെ കോൺഫ്ലിക്റ്റ് വലുതായിരിക്കണം, തുട​ങ്ങി നമുക്ക് ഒരു ഫോർമുല ഉണ്ടല്ലോ, നമുക്ക് ഇഷ്ടപ്പെടുന്ന അതിനെ ഫോളോ ചെയ്യാനാണ് ‍ഞാൻ നോക്കിയിട്ടുള്ളത്. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളെല്ലാം അങ്ങനെയുള്ളവയായിരുന്നു. അങ്ങനത്തെ ഒരു മൂഡായിരിക്കണം ഈ സിനിമ എന്ന് ഉണ്ടായിരുന്നു. അങ്ങനെയുള്ള ആ​ഗ്രഹത്തിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

സോഫിയ പോൾ എന്ന നിർമാതാവ്

മിന്നൽ മുരളി പോലെ ഒരു പടം എടുത്ത ഒരു പ്രൊഡ്യൂസറിന് ഒരിക്കലും ഒരു നഹാസിനെ ആവശ്യമില്ല. അവർക്ക് ഉറപ്പായിട്ടും ഏത് ഡയറക്ടറിന്റെ അടുത്ത് പോയി കഴിഞ്ഞാലും സിനിമ ചെയ്യാൻ കഴിയും. വീക്കെന്റ് പ്രൊഡക്ഷൻ എപ്പോഴും കണ്ടന്റിന് വാല്യു കൊടുക്കുന്നവരാണ്. അതുകൊണ്ട് എല്ലാവർക്കും അവിടെ സ്പേയ്സ് ഉണ്ട്. ആദ്യത്തെ ഒരു മൂന്ന് നാല് മീറ്റിം​ഗിൽ തന്നെ അവർ നമ്മളെ ജഡ്ജ് ചെയ്യും. ഞാൻ പറയുന്ന കഥ കേട്ട് തൃപ്തിപ്പെട്ട് കെെ തരുക എന്നതിന് അപ്പുറത്തേക്ക് ഇത് എങ്ങനെയാണ് എടുക്കാൻ പോകുന്നത് എന്ന് അവർ ചോദിക്കും. ഭയങ്കര സിനിമ പ്രാന്തുള്ള ഒരു കുടുംബമാണ് അവരുടേത്. ഒരാളല്ല അവിടെയുള്ള ഏഴ് പേരെങ്കിൽ ആ ഏഴ് പേർക്കും സിനിമ വർക്കാവണം. എല്ലാം ഒന്നിച്ചുള്ള തീരുമാനമാണ് അവിടെ. അതുകൊണ്ട് തന്നെ അതിലെ ഒരാൾക്ക് പോലും സിനിമ വർക്കായില്ലെങ്കിൽ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കഥാപരമായി അവർക്ക് ഇത് വർക്കായിരുന്നു. പിന്നീട് ഞാൻ എന്നുള്ളതായിരുന്നു സംശയം. അവർ എൻ‍റെ കളർ പടം എന്ന ഷോർട്ട് ഫിലിം ഒക്കെ കണ്ടു. ഒരു ലക്ഷം രൂപ ബഡ്ജറ്റിന് താഴെ ചെയ്ത ഒരു ഷോർട്ട് ഫിലിം ആണ് അതെന്ന് അവർക്ക് അറിയാമായിരുന്നു. ഇത് ചെയ്യാൻ കഴിഞ്ഞവന് ബഡ്ജറ്റ് കൊടുത്താൽ ഒരു സിനിമ ചെയ്യാൻ ഇവന് കഴിയും എന്നവർക്ക് തോന്നി, ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഞാൻ ഒരു പുതിയ ഡയറക്ടറാണ്, പക്ഷേ ഞാൻ ഈ പറയാൻ പോകുന്ന സിനിമയ്ക്ക് ഒരു പത്ത് കോടിക്ക് മുകളിൽ വലിപ്പമുണ്ട്. അതുകൊണ്ട് ഇപ്പോൾ കെെ തന്നിട്ട് മാഡം മാറ്റി പറയരുത് എന്ന്. എന്നെ വിശ്വസിക്കണം, ഞാൻ ഒരു പുതിയ ഡയറക്ടർ ആണെന്ന് കരുതി നാളെ ഞാൻ ഈ എക്യുപ്മെന്റ് വേണം എന്ന് പറയുമ്പോൾ പുതിയ പയ്യനാണ് എന്ന് കരുതി എനിക്ക് തരാതെ ഇരിക്കരുത് എന്ന്. അല്ലെങ്കിൽ ഞാൻ വിചാരിച്ചത് എനിക്ക് സ്ക്രീനിൽ കൊണ്ടുവരാൻ കഴിയില്ല എന്ന്. ഒരു പുതിയ ഡയറക്ടറിനെ പ്രൊഡ്യൂസറൊഴികെ ആരും വിശ്വസിക്കില്ല. എല്ലാ സിനിമാക്കാരും പ്രൊഡക്ഷനോട് ചോദിച്ചിട്ടുള്ളതാണ് എന്തിനാണ് ഇവന് ഇതൊക്കെ കൊടുക്കുന്നത് എന്ന്, അപ്പോഴൊക്കെ ഇല്ല അവൻ ചെയ്യട്ടെ എന്ന് അവർ പറഞ്ഞു. ആദ്യത്തെ ഒരു അ‍ഞ്ച് ദിവസത്തെ ഫുട്ടേജ് കണ്ടിട്ട് അവിടുന്ന് പിന്നങ്ങോട്ട് അവർ എന്നെ കണ്ണുമടച്ച് വിശ്വസിക്കുകയായിരുന്നു.

വലിയ സ്വപ്നങ്ങൾ ഉള്ളവർ

എന്റെ നാട് കാ‍ഞ്ഞിരപ്പള്ളിയാണ്. അവിടെ സിനിമയുമായി റിലേറ്റഡായിട്ടുള്ള ആരും തന്നെയുണ്ടായിരുന്നില്ല, എനിക്ക് സിനിമ സംസാരിക്കാൻ ഇഷ്ടമായിരുന്നു. എന്റെ കൂടെ സിനിമ സംസസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ എറണകുളത്തേക്ക് വരുന്നത്. ഇവിടെയാണ് ഞാൻ എന്നെപ്പോലെ നടക്കുന്ന കുറച്ച് ആളുകളെ കാണുന്നത്. ‍ഞങ്ങൾക്കിടയിൽ സിനിമ മാത്രമേ സംസാരിക്കാനുള്ളൂ.. ഞങ്ങളുടെ വിശേഷം പറച്ചിലും ചായകുടിയും കിടപ്പും എല്ലാം സിനിമ റിലേറ്റഡാണ്. ആഴ്ചയിൽ ഇറങ്ങുന്ന സിനിമൾ, കാണുന്ന സിനിമകൾ, നടക്കുന്ന ഫിലിം ഫെസ്റ്റിവൽസ് ഇതിനെക്കുറിച്ച് മാത്രം സംസാരിക്കുന്ന ആളുകളാണ്. സിനിമയിൽ അഭിനയിക്കാൻ നടക്കുന്ന ആൾക്കാർ. അങ്ങനെ ‍ഞാൻ ഷോർട്ട് ഫിലിംസ് ചെയ്യുമ്പോഴാണ് ഇവരൊക്കെയായിട്ട് ഒന്നിച്ച് സഹകരിക്കാൻ തുടങ്ങിയത്, ഇപ്പോഴുള്ള പല ഡയറക്ടേഴ്സുമുണ്ട് അതിൽ. ജോൺ ലൂഥർ എന്ന സിനിമ ചെയ്ത അഭിജിത്ത്, അനുരാ​ഗം സിനിമ ചെയ്ത ഷഹദ് അങ്ങനെ ഒരുകൂട്ടം ആൾക്കാർ നമുക്ക് ചുറ്റും ഉണ്ട്. ഇവരെല്ലാവരും സിനിമ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ഒരു സിനിമ കണ്ട് കഴിഞ്ഞാൽ അതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. കുറെ കൊതിയന്മാരുമായിട്ട് ചേരുമ്പോഴത്തെക്കും നമ്മുടെ ചെറിയ ആ​ഗ്രഹത്തിൽ ഒന്നും ഒതുങ്ങുന്ന ആൾക്കാരല്ല ഇവരാരും. ഒരുപാട് കൊതിയും കൊണ്ട് നിൽക്കുന്ന ആൾക്കാരാണ് എല്ലാം. ഞങ്ങളുടെ ചർച്ചകളിൽ എല്ലാം സ്വപ്നങ്ങൾ കുറച്ച് വലുതായതുകൊണ്ടു തന്നെ നമുക്ക് കുറച്ചു കൂടി അടിപൊളിയായിട്ട് ചിന്തിക്കാൻ അത് സഹായിക്കും. ‍ഞാൻ ഒരു കഥ എഴുതിക്കൊണ്ട് വരുമ്പോൾ അതിന്റെ കണ്ടന്റ് റോങ്ങാണെങ്കിൽ അത് ആദ്യം പറയുന്നത് അവന്മാരായിരിക്കും. ചുമ്മാ പറയുന്നതിനപ്പുറത്തേക്ക് അവർ എനിക്ക് അതിന്റെ റീസൺ കൂടി പറഞ്ഞു തരും. തിരിച്ചം നമ്മൾ അങ്ങനെ തന്നെയാണ് ഒരു കണ്ടന്റ് എടുക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഡിസ്കസ് ചെയ്ത് പോകുന്നതിനാൽ ഈ സർക്കിൾ ഭയങ്കരമായിട്ട് ​ഗുണം ചെയ്യുന്നുണ്ട്.

പകുതിയിൽ നിന്നു പോയ ആദ്യ സിനിമ

ആദ്യ സിനിമ ഓണാക്കി എടുക്കുക എന്നത് ഭയങ്കര ടാസ്ക്കാണ്, നമ്മൾ അതിൻെറ പിന്നാലെ മൂന്ന് മൂന്നര വർഷത്തോളം ഓടിയിട്ടായിരിക്കും ആദ്യത്തെ സിനിമ എന്നതിലേക്ക് എത്തുന്നത് തന്നെ. പെപ്പെ ആ സമയത്ത് ലോ‍ഞ്ചായി ഒന്നു രണ്ട് പടങ്ങൾ ചെയ്തിരിക്കുന്ന സമയം ആണ്, പെപ്പെ ആ സർക്കിൾ വിട്ട് പടം ചെയ്തിട്ടില്ല. പെപ്പെയ്ക്ക് പോലും സംശയം ഉണ്ടായിരുന്നു ഒരു പുതിയ ഡയറക്ടർക്ക് ഡേറ്റ് കൊടുക്കണോ എന്ന്. അതെല്ലാം തരണം ചെയ്ത് രണ്ട വർഷത്തെ യാത്രയിലാണ് നമ്മൾ ആ പടം ഓണാക്കി എടുക്കുന്നത്. ഷൂട്ട് തുടങ്ങി ഒരു പത്ത് ദിവസം കഴി‍ഞ്ഞപ്പോൾ ആ പടം നിന്ന് പോകുന്നു കോവിഡ് വരുന്നു. പിന്നീട് ആ സിനിമ മുന്നോട്ട് പോകുന്നില്ല, ബിസിനസ്സ് മൊത്തത്തിൽ ഇടിഞ്ഞു. ആ ഒരു സമയത്ത് സത്യത്തിൽ ഒരുപാട് ഡൗണായി. മലയാള സിനിമയ്ക്ക് ഒരു പ്രശ്നമുണ്ടല്ലോ ആദ്യ സിനിമ നിന്ന് പോയ ഡയറക്ടർ എന്ന് പറ‍ഞ്ഞാൽ പിന്നെ അങ്ങോട്ട് പൊങ്ങി വരാൻ പറ്റില്ല എന്നൊരു ധാരണയാണ്. എവിടെ പോയി കഴിഞ്ഞാലും ദേ ഇവൻെറ ആദ്യ പടം നിന്ന് പോയതാണ് എന്നും ഭാ​ഗ്യം എന്ന കാര്യത്തെക്കുറിച്ചും എല്ലാവരും പറയും. എനിക്ക് ഇതിന് മുമ്പും ഒന്നോ രണ്ടോ നിർമാതക്കൾ കെെ തന്നിട്ടുണ്ട്. പക്ഷേ ഒരു രണ്ടാഴ്ച മൂന്നാഴ്ച കഴിയുമ്പോൾ അവർ എന്നെ വിളിച്ചു പറയും നമുക്ക് നോക്കാം, ഞാൻ പറയാം എന്നൊക്കെ പറഞ്ഞ് ഒഴിവാക്കി വിടുമായിരുന്നു. എറണാകുളത്തേക്ക് ഞാൻ വരുന്നത് സിനിമ സ്വപ്നവുമായിട്ടാണ്. ഇന്നല്ലെങ്കിൽ നാളെ ഞാൻ സിനിമ ചെയ്തിട്ടേ ഇവിടെ നിന്നും പോവുകയുള്ളൂ. ഇതല്ലേ ഞാൻ ആ​ഗ്രഹിച്ച് വന്നത്. ഒരു ഐ.എ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവൻ ആദ്യത്തെ തവണ ഫെയിൽ ആയാൽ രണ്ടാമതും അവൻ ശ്രമിച്ചു കൊണ്ടിരിക്കില്ലേ? എന്ന് പറയുന്നത് പോലെയാണ് ഇത്. ഞാൻ സിനിമ ചെയ്യാൻ ആ​ഗ്രഹിച്ച് വന്നയാളാണ് ഊണിലും ഉറക്കത്തിലും എന്നെ കൊതിപ്പിച്ചത് അത് മാത്രമായിരുന്നു.അതിലേക്ക് എത്തുക എന്നുള്ളതായിരുന്നു. മേഡം കെെ തരുമ്പോൾ ഞാൻ മേഡത്തിന്റെ അടുത്ത് ആദ്യം പറഞ്ഞത് ഇനി മുതൽ മേഡത്തിന് ഒരു ലോഡ് കോളുകൾ വരും, ഇവനെ വച്ച് സിനിമ ചെയ്യരുത് എന്ന് പറയാൻ. അതുകൊണ്ട് മേഡം രണ്ടാമതൊന്ന് ആലോചിച്ചിട്ട് എനിക്ക് കെെ തന്നാൽ മതി. കാരണം ഞാൻ ആ​ഗ്രഹിച്ചതിന് ശേഷം മേഡം എന്നെ വിളിച്ച് നടക്കില്ലെന്ന് പറഞ്ഞാൽ എനിക്കതൊരു ബുദ്ധിമുട്ടാകും. അതുകൊണ്ട് മേഡം ആലോചിച്ചിട്ട് മാഡത്തിന്റെ കാശാണ്, പുതിയ ഡയറക്ടറാണ്, എന്റെ ആദ്യം പടം നിന്ന് പോയതാണ് ഇതെല്ലാം മനസ്സിൽ വച്ചിട്ട് മാഡം തീരുമാനം പറ‍ഞ്ഞാൽ മതി എന്ന് പറഞ്ഞ് തീരും മുന്നേ മേഡം എന്നോട് തിരിച്ചു പറഞ്ഞു ഇല്ല നഹാസ് ഞങ്ങൾ ഇങ്ങനെയുള്ളതിലൊന്നും വിശ്വസിക്കുന്നില്ല, ഞങ്ങൾക്ക് നഹാസിന്റെ കണ്ടന്റ് ഒക്കെയാണ്. ഈ പടം നഹാസ് ചെയ്യും എന്നും ഞങ്ങൾക്ക് ഉറപ്പാണ്. വീക്കെന്റിന്റെ അടുത്ത പടം ഇതാണെന്ന് പറഞ്ഞ് കെെ തന്നത്, അതൊരു വലിയ മൊമെൻ്റ് ആയിരുന്നു.

എനിക്ക് പ്ലാൻ ബി ഇല്ല.

പ്ലാൻ ബി വേണ്ട എന്നതിൽ ഞാനിപ്പോഴും വിശ്വിക്കുന്നുണ്ട്. കാരണം പ്ലാൻ ബി ഉണ്ടെങ്കിൽ നമുക്ക് അടിപൊളിയായിട്ട് മുന്നോട്ട് പോകാൻ പറ്റില്ല. പ്ലാൻ എ യ്ക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നാൽ അത് ഉറപ്പായിട്ടും നടക്കും. തടസ്സങ്ങൾ ഉണ്ടാകും. അത് ഏതിലാണ് ഇല്ലാത്തത്. പടം നിന്ന് പോയി എന്ന് പറഞ്ഞ് ഞാൻ വീട്ടിലിരുന്ന് കരഞ്ഞതുകൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല. പകരം നമ്മൾ അടുത്തതിലേക്ക് ഓടുകയാണ്. എന്റെ ആദ്യ പടം ഓണായിക്കഴിഞ്ഞിട്ട് എനിക്ക് പണിയിറിയില്ല എന്ന് പറഞ്ഞതുകൊണ്ടാണ് എനിക്ക് വീണ്ടും ഷോർട്ട് ഫിലിം എടുക്കേണ്ടി വന്നത്. ഇവന് പണിയറിയില്ല എന്നൊരാളും പറയരുത്.

പ്രേക്ഷകനോട്‌

ഓഡിയൻസ് കുറേക്കാലമായി മിസ്സ് ചെയ്യുന്നൊരു തിയറ്ററിക്കൽ എക്സ്പീരിയൻസ് ഉണ്ടല്ലോ. ഒരു സിനിമയ്ക്ക് കയറി കഴി‍ഞ്ഞാൽ ഔട്ട് ആൻ ഔട്ട് അവർ ആ​ഗ്രഹിക്കുന്നിടത്ത് അവർക്ക് ​രോമാഞ്ചം വരിക, നല്ല നിമിഷങ്ങൾ സമ്മാനിക്കുക, ഇന്റർവെൽ സമയത്ത് ഭങ്കര പീക്കിൽ കൊണ്ട് നിർത്തുക, സെക്കന്റ് ഹാഫ് അവരെ എൻജോയ് ചെയ്യിക്കുക, ഇങ്ങനെയുള്ള എല്ലാ പരിപാടികളും ചേർന്നൊരു സിനിമയാണ് ആർ ഡി എക്സ്. അഞ്ചോ ആറോ ഫെെറ്റ് ഉണ്ടെന്ന് പറഞ്ഞ്‌ നിങ്ങൾക്ക് അസഹനീയമാകാൻ പോകുന്നൊരു ഫെെറ്റായിരിക്കില്ല അതൊരിക്കലും. ഫാമിലിയുമായിട്ട് വന്നാലും എല്ലാർക്കും എൻജോയ് ചെയ്യാൻ കഴിയുന്ന കാര്യങ്ങളായിരിക്കും ഇതിൽ ഉള്ളത്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ഞാൻ സ്ട്രോങ്ങായിട്ട് വിശ്വസിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in