അവർ ജോണിനെക്കുറിച്ച് എഴുതിയതൊന്നും സത്യമായിരുന്നില്ല

അവർ ജോണിനെക്കുറിച്ച് എഴുതിയതൊന്നും 
സത്യമായിരുന്നില്ല
Summary

പ്രശസ്ത നടനും സ്റ്റിൽ ഫോട്ടോ​ഗ്രാഫറുമായ എൻ.എൽ ബാലകൃഷ്ണന്റെ അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും ഉൾക്കൊള്ളിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രമേഷ് പുതിയമഠം തയ്യാറാക്കിയ ഒറ്റ ഫ്രെയിമിൽ ഒതുങ്ങാതെ- സിനിമയും ജീവിതവും എന്ന പുസ്തകത്തിൽ നിന്ന്

'വിദ്യാർഥികളെ ഇതിലെ ഇതിലെ' എന്ന സിനിമ സംവിധാനം ചെയ്യുന്ന കാലത്താണ് ജോണിനെ ആദ്യമായി പരിചയപ്പെടുന്നത്. രാമു കാര്യാട്ടിന്റെ വീട്ടിലാണ് ജോണും സുഹൃത്തുക്കളും ഒത്തുചേരുക. ബാലുമഹേന്ദ്ര, കെ.ജി.ജോർജ്, പവിത്രൻ എന്നിവർക്കൊപ്പം ഞാനും കൂടും. പിന്നീട് 'അഗ്രഹാരത്തിൽ കഴുതൈ' ചെയ്യുമ്പോൾ സ്റ്റില്ലെടുക്കാൻ എന്നെ വിളിച്ചു. തുടർന്ന് 'ചെറിയാച്ചന്റെ ക്രൂരകൃത്യ'ത്തിലും 'അമ്മ അറിയാനി'ലും സഹകരിച്ചു. യാതൊരു ജാഡയുമില്ലാത്ത മഹാപ്രതിഭാസമായിരുന്നു ജോൺ.

ഒരു ദിവസം ഞാനും പവിത്രനും പെരുമാതുറ നസീറും ജോണിനെ കാണാൻ തറവാട്ടുവീട്ടിൽ പോയി. നസീർ ഞങ്ങളുടെയൊക്കെ അടുത്ത സുഹൃത്താണ്. ഗൾഫുകാരായ കാശുകാരൻ. അബുദാബിയിലെ ദാസ് ഐലന്റിലാണ് ജോലി. അന്ന് അവന് നാൽപ്പതിനായിരം രൂപ ശമ്പളമുണ്ട്. നാട്ടിൽ വന്നാൽ അവന്റെ ചെലവിലാണ് ഞങ്ങളുടെ മദ്യപാനം. ഞങ്ങൾ നാലുപേരും ജോണിന്റെ തറവാട്ടിലിരുന്ന് മദ്യപിക്കാൻ തുടങ്ങി. കഴിച്ചുകൊണ്ടിരിക്കെ ജോൺ ഏറെനേരം തല ചൊറിഞ്ഞുകൊണ്ടിരുന്നു. എന്താണെന്ന അർത്ഥത്തിൽ ഞാൻ ജോണിന്റെ മുഖത്തുനോക്കി.

''എന്തോ കടിക്കണ്''

കുളിക്കാത്തതുകൊണ്ടാണെന്ന് നസീർ. എന്നാൽ കുളിപ്പിച്ചുകളയാമെന്ന് ഞാനും പവിത്രനും. ജോൺ നല്ല ഫോമിലാണ്. ആ അവസ്ഥയിൽ ഞങ്ങൾ മൂന്നുപേരും ചേർന്ന് ജോണിനെ എടുത്തുകൊണ്ടുപോയി കിണറ്റിൻകരയിലിരുത്തി. പാന്റ് വലിച്ചൂരി. അണ്ടർവെയർ ഇട്ടിട്ടില്ല. അത്തരമൊരു സ്വഭാവം പതിവില്ലാത്തതിനാൽ അദ്ഭുതം തോന്നിയില്ല. വെള്ളം കോരി തലയിലൊഴിച്ചു. ബുജിത്തല ഞങ്ങൾ തന്നെ തോർത്തിക്കൊടുക്കുകയും ചെയ്തു. അതിനുശേഷമാണ് ചൊറിച്ചിൽ പോയത്.

ഒഴിവുസമയങ്ങളിൽ കവി എ. അയ്യപ്പന്റെ മുറിയിലാണ് ഞങ്ങൾ ഒത്തുചേരുക. ഞങ്ങൾക്കിടയിൽ സ്വന്തമായി ടെലഫോണുള്ളത് അയ്യപ്പനു മാത്രമാണ്. ഡി.വിനയചന്ദ്രൻ ഇടയ്ക്കവിടെ ഫോൺ ചെയ്യാൻ വരും. വർഗീസ് വൈദ്യന്റെ കൽപ്പക പ്രിന്റേഴ്‌സിലാണ് അയ്യപ്പന് ജോലി. കള്ളുകുടിക്കാൻ തുടങ്ങിയതിൽപിന്നെയാണ് അയ്യപ്പൻ നല്ല കവിതകളൊക്കെ എഴുതാൻ തുടങ്ങിയത്.

ഗോൾഫ്ക്ലബ്ബിലിരുന്ന് പത്മരാജൻ 'ഒരിടത്തൊരു ഫയൽവാന്റെ' തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണ്. തൊട്ടടുത്ത മുറിയിലിരുന്ന് ഞാനും തോപ്പിൽഭാസിയുടെ മകൻ അജയനും കൂടി രണ്ടെണ്ണം അടിച്ചു. എഴുതുമ്പോൾ പത്മരാജൻ മദ്യപിക്കില്ല. എന്നാൽ നന്നായി പുകയ്ക്കും. ആ സമയത്താണ് ജോണിന്റെയും അയ്യപ്പന്റെയും വരവ്. ചുവരിൽ പപ്പന്റെ (പത്മരാജൻ) ഷർട്ടുകൾ തൂക്കിയിട്ടിരിക്കുന്നു. നീറ്റായി വസ്ത്രം ധരിക്കുന്നയാളാണ് പപ്പൻ. മുറിയിലേക്ക് കയറിയയുടൻ ജോൺ പപ്പന്റെ ഷർട്ടിന്റെ പോക്കറ്റ് തപ്പാൻതുടങ്ങി. ഒരു ഷർട്ടിന്റെ പോക്കറ്റ് കനത്തുകിടക്കുന്നതു കണ്ടപ്പോൾ സ്വന്തം ഷർട്ടൂരി മേശപ്പുറത്തുവച്ചു. എന്നിട്ട് പപ്പന്റെ ഷർട്ടെടുത്തിട്ടു.

''എടാ, ആ ഷർട്ട് കൊണ്ടുപോകല്ലേ.''

പപ്പൻ ഇടപെട്ടപ്പോൾ ജോൺ ഷർട്ടൂരി. പോക്കറ്റിൽനിന്ന് നൂറുരൂപ എടുത്തശേഷം തിരിച്ച് ഹാംഗറിൽത്തന്നെ തൂക്കി.

''എനിക്കാവശ്യം ഷർട്ടല്ല, പൈസയാണ്.''

NL Balakrishnan

ജോണും അയ്യപ്പനും റോഡിലൂടെ നൂറുരൂപയും വീശിക്കൊണ്ട് നടന്നു. ജോൺ ഇൻക്വിലാബ് സിന്ദാബാദ് എന്നുറക്കെ മുദ്രാവാക്യം വിളിച്ചു. അയ്യപ്പൻ അതേറ്റുവിളിച്ചു. രണ്ടാൾസംഘത്തിന്റെ ജാഥ ചാരായഷാപ്പിലേക്കാണ്. ഇനി പൊങ്ങണമെങ്കിൽ രാത്രി ഏറെക്കഴിയും.

ഒരു ദിവസം ജോൺ പറഞ്ഞു.

''നമുക്ക് ബാങ്ക് രവിയെ ഒന്നു കാണണം.''

പട്ടം കേന്ദ്രീയ വിദ്യാലയത്തിനടുത്താണ് നിർമ്മാതാവ് ബാങ്ക്‌രവി താമസിക്കുന്നത്. കൈയിൽ നയാപ്പൈസയില്ലെങ്കിലും ഓട്ടോയിൽ കയറി. ഓട്ടോക്കാശ് രവിയെക്കൊണ്ട് കൊടുപ്പിക്കാനായിരുന്നു ജോണിന്റെ പ്ലാൻ. വീട്ടിലെത്തിയപ്പോൾ അദ്ദേഹമില്ല. ഭാര്യ സാറയിൽ നിന്ന് ഇരുപത്തഞ്ചുരൂപ ഓട്ടോക്കൂലി വാങ്ങിച്ച് വീണ്ടും ഓട്ടോയിലേക്ക് കയറി. സ്റ്റാച്യു ജംഗ്ഷനിൽ ഇറങ്ങാൻനേരം ജോണിന്റെ ജീൻസിലേക്കായിരുന്നു ഓട്ടോഡ്രൈവറുടെ നോട്ടം.

''നല്ല ജീൻസാണല്ലോ സാർ ഇട്ടിരിക്കുന്നത്.''

അവന്റെ ചോദ്യം കേട്ടപ്പോൾ ജോൺ ചിരിച്ചുകൊണ്ട് ചോദിച്ചു.

''എന്താ നിനക്ക് വേണോ?''

''അപ്പോൾ സാർ എന്ത് ഇട്ടിട്ടാണ് പോവുക?''

''അതൊക്കെ ഞാൻ നോക്കിക്കോളാം.''

എന്നു പറഞ്ഞുകൊണ്ട് ജോൺ അപ്പോൾത്തന്നെ ജീൻസൂരി. ഭാഗ്യത്തിന് അണ്ടർവെയർ ഇട്ടിട്ടുണ്ടായിരുന്നു. ആ വേഷത്തിലായിരുന്നു അന്നു പകൽ മുഴുവനും ജോണിന്റെ നടപ്പ്. നേരെ അരമുണ്ടന്റെ കടയിൽ പോയി ദോശ കഴിച്ചു. ആളുകൾ എന്തു കരുതും എന്നൊന്നും ജോണിനൊരു പ്രശ്‌നമായിരുന്നില്ല.

ഒറ്റഫ്രെയിമില്‍ ഒതുങ്ങാതെ...സിനിമയും ജീവിതവും

എന്‍.എല്‍.ബാലകൃഷ്ണന്‍/രമേഷ് പുതിയമഠം

വില-150 രൂപ

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്‌

Related Stories

No stories found.
logo
The Cue
www.thecue.in