
സിനിമാ ഗാനങ്ങൾ പോലെ തന്നെ ഇന്റിപെന്റന്റ് മ്യൂസിക്കിനും പ്രസക്തിയുള്ള കാലമാണിത്. റാപ്പിലൂടെയും ഹിപ്പ് ഹോപ്പിലൂടെയും രാഷ്ട്രീയം പറയുന്ന ഒരു തലമുറയിലാണ് നമ്മൾ ജീവിക്കുന്നതും. ഫൈസൽ റാസി സംഗീതം നൽകിയ 'മഹർ' എന്ന ഗാനം കുറച്ചു ദിവസം മുൻപാണ് റിലീസ് ചെയ്തത്. പാട്ട് ചർച്ച ചെയ്യുന്നതും ശക്തമായ രാഷ്ട്രീയമാണ്. മഹറിനെക്കുറിച്ച് ഫൈസൽ റാസി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
മഹറിന്റെ രാഷ്ട്രീയം
മുസ്ലിം സമുദായത്തിലുള്ള മഹറ് എന്ന ചടങ്ങിനെക്കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഒരു പാട്ടല്ല 'മഹർ'. ഇസ്ലാമിക വിശ്വാസ പ്രകാരം കല്യാണത്തിലുള്ള ഒരു പ്രധാനപ്പെട്ട ചടങ്ങാണ് 'മഹർ'. സ്ത്രീ ചോദിക്കുന്നതെന്തോ അത് പുരുഷൻ മഹറായി കൊടുക്കണം എന്നുള്ളതാണ്. ആ മഹറിനെ ഒരു മെറ്റഫറായി പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട് എന്നേ ഒള്ളൂ.
എല്ലാക്കാലത്തും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയാണ് പാട്ടിൽ പറഞ്ഞിരിക്കുന്നത്. അതിൽ തന്നെ ഞാൻ പഠിച്ചിട്ടുള്ള കാര്യങ്ങൾ ആധാരമാക്കിയാണ് മഹർ രൂപപ്പെടുത്തിയത്. പഴം കഴിച്ച് സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ പോലും തെറ്റിന് കാരണമായി സ്ത്രീയെ ആണ് ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തേക്കാലത്തും വ്യത്യാസമില്ല. ഒരു പീഡനം നടന്നാൽ അതിലും സ്ത്രീയെ കുറ്റം പറയുന്നവരുണ്ട്. എന്തിന് ആ സമയത്ത് പുറത്തിറങ്ങി? എന്തിന് ആ വേഷം ധരിച്ചു? എന്നിങ്ങനെ കുറെ ചോദ്യങ്ങൾ ഉണ്ടാകും ആളുകൾക്ക്. പുരുഷ മേധാവിത്വത്തിന്റെ ആലോചന തന്നെയാണിത്. അത് തന്നെയാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. ധാരാളം അറബി പദങ്ങൾ ഉള്ളതുകൊണ്ട് പെട്ടെന്ന് കേൾക്കുമ്പോൾ പാട്ടിന്റെ രാഷ്ട്രീയം പൂർണ്ണമായി ആളുകൾക്ക് മനസ്സിലാകണം എന്നില്ല.
മതത്തിന്റേതായ ഒരു ആംഗിളല്ല പാട്ടിനുള്ളത്. ഞാൻ ജനിച്ചുവളർന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ട് എനിക്ക് പെട്ടെന്ന് കണക്ട് ആകുന്ന രീതിയിൽ ആശയത്തെ അവതരിപ്പിച്ചതാണ്. മഹറായി കൊടുക്കുന്നത് നാല് പവൻ മാലയിലേക്ക് ചുരുക്കി അതിന്റെ ഇരട്ടി തുക സ്ത്രീധനമായി ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്.
ശിഖയും ഗബ്രിയും പാട്ടിലേക്ക് വരുമ്പോൾ
3 പേർ ചേർന്നാണ് മഹർ പാടിയിട്ടുള്ളത്. ശിഖയും ഞാനും ഗബ്രിയും മൂന്ന് വ്യത്യസ്ത രീതിയിലുള്ള ഭാഗങ്ങളാണ് പാടിയിട്ടുള്ളത്. ശിഖ പാടിയ ഭാഗം കുറേക്കൂടെ അറബിക് വാക്കുകളുള്ള ഒന്നാണ്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ആ ഭാഗത്തെ വരികൾ സംസാരിക്കുന്നത്. ഞാൻ പാടിയ ഭാഗം കുറേക്കൂടെ കാവ്യാത്മകമാണ്. ഒരു പൊതുവീക്ഷണം എന്ന നിലയിലാണ് അതുള്ളത്. എന്നാൽ ഗബ്രിയുടെ ഭാഗം ഒരുപാട് പച്ചയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു റാപ്പർ എന്ന നിലയിൽ ഗബ്രി പറയുന്നത് കൂടിയാണ് അതെല്ലാം.
3 ഴോണറുകളാണ് പാട്ടിലുള്ളത്. ഞാൻ പാടിയിരിക്കുന്നത് മിഡിൽ ഈസ്റ്റ് ഫോക്ക് എന്ന് പറയാവുന്ന ഒരു ഭാഗമാണ്. ശിഖയുടെ ഭാഗം കുറേക്കൂടെ അറബിക് വാക്കുകളും എല്ലാം ഉള്ളതാണ്. ഗബ്രിയുടേത് പക്കാ hip hop മലയാളം ശൈലിയിലാണ്. ഗബ്രിയുടെ ഭാഗം പക്കാ ഒരു മലയാളി പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഗബ്രിയുടെ റാപ്പ് പോർഷൻസ് ഗബ്രി തന്നെയാണ് എഴുതിയിരിക്കുന്നത്. ബാക്കി ഭാഗങ്ങൾ എഴുതിയത് മുത്തു എന്നൊരു ആർട്ടിസ്റ്റ് ആണ്. എന്റെ സുഹൃത്താണ്. മിഡിൽ ഈസ്റ്റ് ഇൻസ്ട്രുമെന്റ് വായിച്ചിരിക്കുന്നത് ആകാശ് എസ് മേനോൻ. തബല വായിച്ചിരുന്നത് അക്ഷയനാണ്. മിക്സ് ചെയ്തിരിക്കുന്നത് കിഷൻ ശ്രീബാലാണ്. ഹരിശങ്കറാണ് മാസ്റ്റർ ചെയ്തിരിക്കുന്നത്. അങ്ങനെ ഒരുപാട് പേർ ഇതിന് പിന്നിലുണ്ട്. ഒഫീഷ്യലായി ഒരു വീഡിയോ പാട്ടിനു ചെയ്തിട്ടില്ല.
ഒരു പ്ലേബാക്ക് സിംഗർ എന്ന നിലയിൽ തന്നെയാണ് ശിഖ ഈ പാട്ടിനൊപ്പവും എന്റെ എല്ലാ പാട്ടുകൾക്കൊപ്പവും നിന്നിട്ടുള്ളത്. ഗബ്രിയുമായും ഒരുപാട് തവണ സംസാരിച്ചാണ് പാട്ട് എഴുതിയത്. ഗബ്രിയുടെ പാടേണ്ട ഭാഗത്ത് താത്കാലികമായി ഞാൻ ഒന്ന് പാടി വെച്ചിരുന്നു. പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ട് ഗബ്രിയക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിച്ചായിരുന്നു വർക്ക് ചെയ്തത്. വളരെ ലൗഡായി തന്നെ ചെയ്യാനാണ് നിർദ്ദേശം കൊടുത്തത്. അതിന് വേണ്ടി കുറച്ചു ദിവസം ഇരുന്ന് സംസാരിച്ച് എഴുതിയിട്ടുണ്ട്.
'ബാക്കി വന്നവരും' സംഗീതവും
'ബാക്കി വന്നവർ' എന്ന സിനിമയ്ക്ക് സംഗീതം നൽകിയിരുന്നു. ഒരു ആർട്ട് ഹൌസ് ഫിലിമായിരുന്നു അത്. ആ രീതിയിലുള്ള സിനിമകൾക്ക് സംഗീതം നൽകാനാണ് ആഗ്രഹം. കൊമേഷ്യൽ സിനിമകളിലേക്ക് ഇതുവരെയും കടന്നിട്ടില്ല. സിനിമയിലേക്ക് കടക്കുന്നതിനു മുൻപായി എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള കുറച്ചു കാര്യങ്ങളുണ്ട്. അതൊക്കെയാണ് ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത്. അവസാനം ചെയ്ത സിനിമ എന്ന നിലയിൽ പറയാവുന്നത് ബാക്കി വന്നവർ തന്നെയാണ്. ഒരുപാട് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അത്. കൗതുകം തോന്നുന്ന പ്രൊജക്ടുകൾ വന്നാൽ ഇനിയും സിനിമകൾ ചെയ്യും.
ഇന്റിപെന്റന്റ് മ്യൂസിക്കിലേക്ക്
ഇന്റിപെന്റന്റ് മ്യൂസിക് ചെയ്ത് മുന്നോട്ട് പോകാനാണ് ആഗ്രഹം. അടുത്ത പ്രൊജെക്ടുകളും ഇൻഡിപെന്റന്റ് തന്നെയാണ് ആലോചിച്ചിരിക്കുന്നതും. ഒരു സിനിമ കമ്മിറ്റ് ചെയ്തിരിക്കുന്നത് 2 കൊല്ലത്തിനു ശേഷമേ ഉണ്ടാകൂ. അത്രയും സമയം എടുത്തായിരിക്കും ആ സിനിമ ചെയ്യുക. 2027 ലായിരിക്കും ആ പ്രൊജക്ട് വരുന്നത്. 'ഉറുമി' എന്ന പേരിൽ എനിക്ക് ഒരു മ്യൂസിക്കൽ ബാൻഡ് ഉണ്ട്. അതിന്റെ ലൈവ് ഷോകൾ ചെയ്യുന്നുണ്ട്.
ഒരുപാട് സമയവും സമർപ്പണവും വേണ്ട ഒന്നാണ് സിനിമയിലെ സംഗീത സംവിധാനം. ഒരുപാട് ഷോകൾ ഇപ്പോൾ തന്നെ ഞാൻ ചെയ്യുന്നുണ്ട്. അതിന്റെതായ യാത്രകൾ ചെയ്യുന്നുണ്ട്. എന്റേതായ ഒറിജിനലുകളും ചെയ്യുന്നുണ്ട്. അങ്ങനെയാണ് മഹർ ചെയ്തത്. 2025 ലും കുറച്ചു പാട്ടുകൾ ചെയ്യാൻ പ്ലാനുണ്ട്. ഇന്റിപെന്റന്റ് ആണെങ്കിൽ പോലും കുറച്ചു വലിയ പരിപാടികളാണ് ആലോചിക്കുന്നത്. അതൊക്കെയാണ് മുന്നോട്ടുള്ള വർക്കുകൾ.