Divided by language, United by Kamal Haasan

ഇത് ഒരു തമിഴ് സിനിമയ്ക്ക് കേരളത്തിൽ നിന്നു ലഭിക്കുന്ന റെസ്പോൺസല്ല, ഡബ്ബ് ചെയ്യാത്ത ഒരു മലയാളം സിനിമയ്ക്ക് തമിഴ് നാട്ടിലെ തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന ആവേശമൊട്ടുമുടയാത്ത കയ്യടികളാണ്. ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനും നേടി ചരിത്ര നേട്ടത്തിലേക്ക് ആരും കെെപിടിച്ച് കയറ്റാതെ ഓടിക്കയറുകയാണ് മ‍ഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം. ഇതിനകം തന്നെ പത്ത് കോടി തിയറ്റർ കളക്ഷൻ കടന്ന് തമിഴ്നാട്ടിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം ഡയറക്ട് റിലീസ് ചിത്രമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ സിനിമ. എല്ലാ തിയറ്ററുകളും ഹൗസ് ഫുൾ, എല്ലാ തിയറ്ററുകളിലും നിറഞ്ഞ കയ്യടി, കണ്ണീര്, രോമ‍ാഞ്ചം, ആർപ്പുവിളികൾ സിനിമയുടെ ഭാഷ മനുഷ്യ ഭാഷയുടെ അതിരുകൾ ഭേദിച്ച് അതിന്റെ പാരമ്യതയിൽ ഒഴുകുന്ന കാഴ്ച, സിനിമാവിൻ‌ ആണ്ടവർ എന്ന് ലക്ഷം പേർ അഭിസംബോധന ചെയ്യുന്ന അന്ത ആണ്ടവരുടെ മൂന്ന് പതിറ്റാണ്ടുകൾ പിന്നീടുന്ന റെട്രോ ​ഗാനത്തിനും അതിന്റെ ഡയലോ​ഗുകൾക്കും തൊണ്ട പൊട്ടുമാറുച്ചത്തിൽ തിയറ്ററുകളിൽ ആവേശ വർഷങ്ങൾ.

ഒരു തമിഴ് സിനിമയ്ക്ക് കേരളത്തിൽ ഒരു മാസ്സീവ് ഓഡിയൻസ് ഉണ്ടാകുക എന്നത് അതീവ സാധരണമാണ്. അന്യഭാഷ ചിത്രങ്ങൾക്ക് എന്നും മലയാളത്തിലും കേരളത്തിലെ റൂറൽ ഏരിയകളിലെ തിയറ്ററുകളിൽ പോലും ഇടമുണ്ടായിട്ടുണ്ട്. എന്നാൽ തിരിച്ചതങ്ങനെയല്ല, സിനിമ ജീവിതത്തിന്റെ ഒരു താളം പോലെ കൊണ്ട് നടക്കുന്ന തമിഴ് മക്കൾക്ക് അവരുടെ മണ്ണ്, അവരോട അണ്ണൻ എന്നിങ്ങനെ സിനിമകളിൽ അവരെ തന്നെ കാണാനാണ് ആശയേറെയും. എന്നാൽ തമിഴ് നാട് രാഷ്ട്രീയ നേതാവും നടനുമായ ഉദയനിധി സ്റ്റാലിൻ ഫെബ്രുവരി 25 ന് ജസ്റ്റ് വൗ എന്നെഴുതി പങ്കുവച്ചൊരു സിനിമയുടെ പോസ്റ്റർ ആ സിനിമയുടെ, ആ നാട്ടിലെ തന്നെ അതിന്റെ നിലനിൽപിന് പിമ്പേ എഴുതിയ ജാതകം പോലെ ഭവിക്കുന്നു. ജസ്റ്റ് വൗ എന്നതിനപ്പുറം അന്ത ആണ്ടവരെ അവരെ പാക്ക വന്താറ്. ​

1991 ൽ സന്താന ഭാരതി സംവിധാനം ചെയ്ത ​ഗുണ എന്ന കമൽ ഹാസൻ ചിത്രം കമൽ ഹാസന്റെ കരിയറിലെ എടുത്തു പറയപ്പെടുന്ന ഒരു പെർഫോമൻസാണ്. ​ഗുണ കേവിനുള്ളിൽ ഭൂരിഭാ​ഗം ഭാ​ഗങ്ങളും ചിത്രീകരിക്കപ്പെട്ട ​ഗുണ മഞ്ഞുമ്മൽ ബോയ്സിന് ശക്തമായ ഒരു റെഫറൻസ് തന്നെയായിരുന്നു. ചിത്രത്തിലെ കൺമണി അൻപോട് കാതലൻ എന്ന ​ഗാനം പടാത്ത കമുകന്മാരുണ്ടാവില്ല, പ്രണയിക്കുന്നു പ്രണയിക്കപ്പെടുന്നു എന്ന അവസ്ഥയെ ഏറ്റവും ഡിവെെനായി ഉയർത്തിക്കാണിക്കാൻ എന്നും എല്ലാ കമിതാക്കളും മത്സരിച്ചിട്ടുണ്ടാവുമെന്നും നിശ്ചയം. മനിത കാതലല്ല അതയും താണ്ടി പുനിതമാനതെന്ന് പ്രണയത്തിന്റെ പരകോടിയിൽ കൊട്ടിഘോഷിക്കപ്പെട്ട ഒരു പാട്ടാണ്, ഇന്ന് അതിന്റെ തലവര വരെ മാറി സൗഹൃദത്തിലേക്ക് പറിച്ചു നടപ്പെട്ടത്. ആവേശം കൊള്ളിക്കുന്ന ക്ലെെമാക്സ് രം​ഗങ്ങൾ തിയറ്ററുകളിൽ റിപ്പീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതും റിപ്പീറ്റ് കാണിക്കുന്നതും തമിഴ്നാടിന് സഹജമാണ്. എന്നാൽ ഒരു മലയാള സിനിമയ്ക്ക് ഈ ONCE MORE പറയുക എന്നത് ചരിത്രവും. സീറ്റ് എഡ്ജ് എന്ന് പറയുമ്പോൾ‍ ഇവിടെ അതും കടന്ന് ആവേശം സീറ്റിലിരിക്കാൻ അനുവദിക്കാത്ത അവസ്ഥ.

ശക്തമായ ബന്ധങ്ങൾക്ക് അവയുടെ ആവിഷ്കാരത്തിന് യൂണിവേഴ്സലായി തന്നെ മനുഷ്യനെ, മനുഷ്യമനസ്സിനെ സ്വാധീനിക്കാൻ കഴിയും. അതിന് ഭാഷയൊരു തടസ്സമല്ല, എല്ലാ റെക്കോർഡുകളെയും ഭേദിച്ച് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം തമിഴ്നാട്ടിൽ അതി​ഗംഭീര കളക്ഷൻ നേടുമ്പോൾ ഭാഷയ്ക്ക് അപ്പുറത്തേക്ക് മനുഷ്യ നന്മയും സനേഹം കടന്ന് ചെന്നൊരു വാതിൽ തുറന്നു വയ്ക്കുന്നുണ്ടെന്ന് തന്നെ കരുതണം. വെളിച്ചം പോലെ ഉള്ള് മുഴുവൻ കൂടെ വളർന്നവനെ വിട്ട് കൊടുക്കാതെ അയാളെ ആ ഇരുണ്ട ​ഗർത്തത്തിൽ നിന്നും ഉയർത്തി, തെളിഞ്ഞു കത്തുന്ന ടോർച്ച് വെളിച്ചങ്ങൾ നിറഞ്ഞ ഒരു ​ഗുഹാ മുഖത്തേക്ക് ഉയർത്തിക്കൊണ്ടു വരുമ്പോൾ, കൺമണി എന്ന ​ഗാനം പശ്ചാത്തലത്തിൽ അതിന്റെ പൂർണ്ണാർത്ഥത്തിൽ മുഴങ്ങുമ്പോൾ സംഭവിക്കുന്നൊരു മാജിക്കാണ് മഞ്ഞുമ്മൽ ബോയ്സ്. ആ മാജിക്കാണ് 100 കോടിയും കടന്ന് ബോക്സ് ഓഫീസിൽ തിളക്കം തീർക്കാൻ പോകുന്നത്. പ്രണയവും സൗഹൃദവും എന്നും മനുഷ്യനെ തരളിതനും ശക്തനുമാക്കാൻ സഹായിക്കുന്ന രണ്ട് ഉപാധികളാണ്. അതിശക്തനായും അതേ സമയം നിസ്സഹായനായും പ്രേക്ഷകന് ഒരു ജീവിതം നൽകുന്ന മഞ്ഞുമ്മൽ ബോയ്സ് അതിജീവനത്തിനും അകപ്പെടലിനുമപ്പുറം സ്നേഹ മൂല്യങ്ങളുടെ വിജയം കൂടിയായി മാറുന്നു. മനിത കാതലല്ല എന്ന ഡയലോ​ഗിന്റെ തുടക്കം മുതൽ ഒടുക്കം വരെ തൊണ്ട പൊട്ടുന്ന ആവേശ വിളികളല്ലാതെ മറ്റൊന്നും കേൾക്കാനില്ലാത്ത തിയറ്റുകളിൽ, സിദ്ധാർത്ഥ് മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് പറഞ്ഞ പോലെ ഭാഷയാൽ വിഭജിക്കപ്പെട്ട മനുഷ്യർ കമൽ ഹാസനാൽ ചേർക്കപ്പെടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in