ഇരുപത് ദിവസം കൊണ്ട് തീര്‍ത്ത തമിഴ് ത്രില്ലര്‍, ക്യാമറ ചലിപ്പിച്ചത് മലയാളി; 'മനിതര്‍ഗള്‍' ഛായാഗ്രാഹകന്‍ അജയ് ഏബ്രഹാം അഭിമുഖം
മനിതര്‍ഗള്‍ എന്ന ചിത്രത്തിലെ മുഴുവനായും രാത്രിയില്‍ നടക്കുന്ന കഥ 'ഡേ ഫോര്‍ നൈറ്റ്' ടെക്‌നിക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്ത് തീര്‍ത്തത് ഇരുപത് ദിവസം കൊണ്ടാണെന്ന് ഛായാഗ്രാഹകന്‍ അജയ് ഏബ്രഹാം. നവാഗതനായ റാം ഇന്ദ്രയാണ് മെയ് 30ന് പുറത്തിറങ്ങുന്ന തമിഴ് ചിത്രം മനിതര്‍ഗളിന്റെ സംവിധായകന്‍. രാത്രിയില്‍ അഞ്ച് സുഹൃത്തുക്കള്‍ക്കിടയില്‍ സംഭവിക്കുന്ന കഥയാണ് ചിത്രം സംസാരിക്കുന്നതെന്നും അജയ് എബ്രഹാം പറഞ്ഞു. 'കളയും', 'ജെല്ലിക്കെട്ടും' പ്രചോദനമായിട്ടുള്ള സിനിമകളാണെങ്കിലും അവയെ റഫറന്‍സായി മനഃപൂര്‍വം എടുത്തിട്ടില്ല. തമിഴ് സിനിമയിലൂടെയുള്ള തുടക്കത്തെ കുറിച്ചും തന്റെ ആദ്യ സിനിമാ അനുഭവത്തെക്കുറിച്ചും അജയ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
മനിതര്‍ഗള്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എന്തായിരുന്നു ആദ്യം തോന്നിയത്. ഈ സിനിമ ചെയ്യാന്‍ പ്രധാന കാരണം സ്‌ക്രിപ്റ്റ് തന്നയാണോ?
തീര്‍ച്ചയായും സ്‌ക്രിപ്റ്റ് തന്നെയാണ്. ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ എന്റെ ആദ്യപടമാണ്. അഞ്ചുവര്‍ഷമായി ഫിലിം ഇന്‍ഡസ്ട്രിയല്‍ പ്രവര്‍ത്തിച്ചുവരുന്നു. സംവിധായകന്‍ റാം വളരെ രസകരമായിട്ടാണ് സ്റ്റോറി നറേറ്റ് ചെയ്തത്. സൗണ്ട് ഡിസൈനിങ് എല്ലാം പറഞ്ഞുകൊണ്ടായിരുന്നു നറേഷന്‍. അദ്ദേഹം വളരെ ക്ലിയര്‍ ആയിരുന്നു. അതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.
ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സിനിമയുടെ പ്രീ പ്ലാന്‍ എങ്ങനെ ആയിരുന്നു?
പ്രീ പ്ലാനിങ് ഉണ്ടായിരുന്നു. 20 ദിവസം കൊണ്ടാണ് പടം പൂര്‍ത്തിയാക്കിയത്. മൂന്നു മാസം പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ തിണ്ടുക്കല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. സംവിധായകന്‍ റാമിന്റെ നാട് കൂടിയാണത്. ആദ്യമേ എല്ലാം നമ്മള്‍ പ്രീ പ്ലാനിങ് ചെയ്തിട്ടുണ്ടായിരുന്നു. കാറില്‍ വച്ച് ഷൂട്ട് ചെയ്യുന്ന സീനുകള്‍ വളരെ റിസ്‌ക് ഉള്ളവയായിരുന്നു. അവയെല്ലാം വളരെ കൃത്യതയോട് കൂടിയാണ് ചിത്രീകരിച്ചിട്ടുള്ളത്.
പൂര്‍ണ്ണമായും രാത്രി ആറ് സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന സംഭവമാണല്ലോ ചിത്രം സംസാരിക്കുന്നത്. രാത്രി ഷൂട്ടിംഗ് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?
രാത്രിയാണ് സിനിമ മുഴുവന്‍ നടക്കുന്നത്. അതായിരുന്നു പ്രധാനപ്പെട്ട ഒരു വെല്ലുവിളി എന്നത്. പ്രൊഡ്യൂസര്‍മാര്‍ ഇല്ലാത്ത സിനിമയാണിത്. അതും ഒരു പ്രധാന പ്രശ്‌നമായിരുന്നു. ഡേ ഫോര്‍ നൈറ്റ് എന്ന ടെക്‌നിക് ഉപയോഗിച്ചാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ എല്ലാം ചിത്രീകരിച്ചിട്ടുള്ളത്. രാത്രി രംഗങ്ങള്‍ പകല്‍ ചിത്രീകരിക്കുന്ന രീതി. അതില്‍ വെള്ള നിറം ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് നമ്മള്‍ ഉപയോഗിച്ച കാറിന്റെ വെള്ള നിറം മാറ്റേണ്ടി വന്നു. ആകാശമുള്ള സ്ഥലങ്ങളില്‍ ഇത് വര്‍ക്ക് ആയിരുന്നില്ല. അതിനാല്‍ പകല്‍ സമയത്ത് അവയില്ലാത്ത സ്ഥലങ്ങളില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. സിനി ലൈറ്റുകള്‍ കുറച്ചു മാത്രമേ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയുള്ളവയൊക്കെ നമ്മള്‍ നിര്‍മ്മിച്ചവയാണ്. അതിനാല്‍ ഡേ ഫോര്‍ നൈറ്റ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
ഇങ്ങനെ ഒരു പടം തമിഴില്‍ ഇത് വരെ കണ്ടിട്ടില്ല എന്ന് സിനിമയുടെ പ്രിവ്യൂ ഷോ കണ്ടവര്‍ പറയുകയുണ്ടായി. ട്രെയിലറില്‍ കാണിച്ച ഫൈറ്റ് ഒക്കെ ആളുകള്‍ എടുത്ത് പറയുന്നുണ്ട്. മഴ, ചെളി, രാത്രി, ഫൈറ്റ് അതൊക്കെ എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?
ഫൈറ്റ് സീന്‍ എന്നത് ക്ലൈമാക്‌സ് സീനാണ്. പകല്‍ തന്നെയാണ് അതും എടുത്തിട്ടുള്ളത്. ഇതുവരെ ആരും മഴ ഡേ ഫോര്‍ നൈറ്റില്‍ എടുത്തു കണ്ടിട്ടില്ല. മഴ ഷൂട്ട് ചെയ്യാന്‍ ബാക്ക് ലൈറ്റും മറ്റും വേണം. നമുക്ക് അതിനുള്ള ഫണ്ട് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഡേ ഫോര്‍ നൈറ്റില്‍ മഴയും ഫൈറ്റും എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റിലെ ഒരു സീന്‍ തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളതും.
ട്രെയിലറിലെ ചില സീനുകള്‍ കാണുമ്പോള്‍ മലയാളത്തിലെ കള, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളിലെ ഷോട്ടുകളെ പോലെ തോന്നും. രാത്രി, ചെളിയിലെ ഫൈറ്റ് ഒക്കെ ആയിരിക്കും തോന്നുന്നതിന് കാരണം. മലയാളത്തിലെ ഇത്തരം സിനിമകള്‍ എത്രത്തോളം പ്രചോദനമായിട്ടുണ്ട്?
ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ കളയും ജെല്ലിക്കെട്ടും ഒക്കെ എപ്പോഴും പ്രചോദനമായിട്ടുണ്ട്. ഒരിക്കലും അറിഞ്ഞുകൊണ്ട് ഇത്തരം സീനുകള്‍ ചെയ്തിട്ടില്ല. അത് എല്ലാം എന്റെ ഉള്ളിലുണ്ട്. ഓട്ടോമാറ്റിക്കലി വന്നിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഇതൊരു വലിയ താരങ്ങളുള്ള പടം അല്ല. ഒരു ഇന്‍ഡിപെന്‍ഡന്റ് സിനിമ ആണല്ലോ? ഇത് ഒരു വലിയ ഓഡിയന്‍സിലേക്ക് എത്തിക്കുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു
ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും അസിസ്റ്റന്റ്‌സ് ആയി പ്രവര്‍ത്തിച്ചവരാണ്. സിനിമയിലെ ഏക മലയാളി ഞാന്‍ മാത്രമാണ്. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്കറിയാമായിരുന്നു. അത് കഴിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ സമയമെടുത്തത്. ഈ സിനിമ ആളുകളിലേക്ക് എങ്ങനെ എത്തിക്കുമെന്നതായിരുന്നു പ്രധാന വെല്ലുവിളി. എത്ര തിയറ്ററില്‍ സിനിമ കൊടുക്കണം, എങ്ങനെ പ്രമോട്ട് ചെയ്യാം എന്നതിനാണ് നമ്മള്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. പല തിയറ്ററിലും സിനിമ പ്രദര്‍ശിപ്പിച്ചു. അങ്ങനെ കിട്ടിയ ഫണ്ടില്‍ നിന്നാണ് നമ്മള്‍ കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കുന്നത്. കേരളത്തില്‍ 10 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശത്തിന് എത്തുന്നത്. പൂര്‍ണ്ണമായും തിയറ്ററിനു വേണ്ടി നിര്‍മിച്ച സിനിമയാണ്. ഇതിലെ ഓരോ ഷോട്ടും തിയറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി എടുത്തിട്ടുള്ളതാണ്. ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സിനിമ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
ശബാര എന്ന തെലുങ്ക് പടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ട്രഷര്‍ഹണ്ട് ഫിലിം ആണത്. മലയാളത്തിലെ ജൂണ്‍ എന്ന സിനിമയില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്.