ഏതാവും മമ്മൂട്ടിയുടെ ബെസ്റ്റ് ?

ഏതാവും മമ്മൂട്ടിയുടെ ബെസ്റ്റ് ?

2022ല്‍ മലയാള സിനിമ കാത്തിരിക്കുന്നത് വലിയ സിനിമകളാണ്. സിനിമയുടെ വലുപ്പമെന്ന് പറയുമ്പോള്‍ കലാപരമായും കച്ചവടപരമായുമുള്ള വലുപ്പം. അതില്‍ തന്നെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ട റിലീസുകളായി മമ്മൂട്ടി സിനിമകളും തയ്യാറെടുക്കുന്നുണ്ട്. ഓരോ കാലഘട്ടത്തിനോടും, ആ കാലഘട്ടത്തിലെ സിനിമകളോടുമൊപ്പം യാത്ര ചെയുന്ന മമ്മൂട്ടി എന്നും എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എവിടെയോ വെച്ച് സെലക്ടീവായ മമ്മുക്കയെ നഷ്ടപെട്ടുപോയോ എന്ന പ്രേക്ഷകരുടെയും ആരാധകരുടെയും സംശയങ്ങള്‍ക്ക് മുന്നറിയിപ്പും, പേരന്പും, ഉണ്ടയും പോലെയുള്ള സിനിമകളിലൂടെ മമ്മൂട്ടി മറുപടികള്‍ കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ 2022 ല്‍ കാത്തിരിക്കുന്ന, പ്രതീക്ഷകള്‍ നല്‍കുന്ന മലയാള സിനിമകളില്‍ മമ്മൂട്ടി ചിത്രങ്ങളാണ് മുന്‍പന്തിയില്‍ ഉള്ളതെന്നതും ഒട്ടും സര്‍പ്രൈസിങ്ങും അല്ല.

1. നന്‍പകല്‍ നേരത്ത് മയക്കം

മലയാള സിനിമ ഒരുപക്ഷെ കാത്തിരുന്ന ഏറ്റവും വലിയ കൂട്ടുകെട്ടുകളിലൊന്നാണ് മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി. ഒരു ഡ്രീം കോംബോ എന്നതിന് മുകളില്‍ ആ സിനിമയിലുള്ള പ്രതീക്ഷകളും വളരെ വലുതാണ്. പഴനിയിലെ ഒരു ഗ്രാമത്തില്‍ ഒറ്റ ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം തീര്‍ത്തത് അതും വളരെ കുറച്ചു ദിവസങ്ങള്‍കൊണ്ട് തന്നെ. ഒരാളുടെ ഉച്ച നേരത്തെ മയക്കമാണ് സിനിമയുടെ പ്രമേയം എന്നതിനപ്പുറത്തോട്ട് സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയായതുകൊണ്ട് തന്നെ അത് വെറുമൊരു മയക്കമായിരിക്കില്ല എന്നത് തന്നെയാണ് സിനിമയിലുള്ള പ്രതീക്ഷകള്‍ കൂട്ടുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കിലും പുറത്തു വന്ന ലൊക്കേഷന്‍ സ്റ്റില്ലുകളില്‍ നിന്ന് ഈയടുത്ത കാലത്ത് കണ്ടതില്‍ വെച്ച് അടിമുടി മാറിയ മമ്മൂട്ടിയെ കാണാന്‍ കഴിയും. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ഒന്നാംനിരയിലുള്ള എസ് ഹരീഷിന്റെ തിരക്കഥയിലാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നതും പ്രതീക്ഷ ഉയര്‍ത്തുന്നത്. തമിഴും മലയാളവും കലര്‍ന്ന സിനിമയുടെ പേര് കാരക്ടറിലേക്കും കഥാപശ്ചാത്തലത്തിലേക്കുമുള്ള സൂചനയാകാം. മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. വലിയ രീതിയില്‍ ചര്‍ച്ചയായ ചുരുളിക്ക് ശേഷം വരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമെന്ന പ്രത്യേകതയും നന്‍ പകല്‍ നേരത്ത് മയക്കത്തിനുണ്ട്. രാജ്യാന്തര ചലച്ചിത്രമേളകളില്‍ വരെ ചര്‍ച്ചയായ ഇന്ത്യന്‍ സംവിധായകനായി ജല്ലിക്കട്ടിനും ഇ മ യൗവിനും ശേഷം ലിജോ മാറിയിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം എത്തുമ്പോള്‍ തന്നിലെ അഭിനേതാവിനെ നവീകരിച്ച് മുന്നേറുന്ന മമ്മൂട്ടിയുടെ പുതിയ കാലത്തിനൊത്ത ഭാവം കൂടി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്.

2. പുഴു

2021 മാര്‍ച്ച് 8ന് പുഴു എന്ന പേരില്‍ ഒരു മമ്മൂട്ടി ചിത്രം അന്നൗന്‍സ് ചെയുന്നു. പുതുമുഖ സംവിധായികയുടെ പേര് രഥീനാ. ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ട്രോളുകളില്‍ നിറയുന്നു, സിനിമയുടെ ടൈറ്റിലിനെ കളിയാക്കുന്നു. 10 മാസങ്ങള്‍ക്ക് ശേഷം ജനുവരി ഒന്നാം തിയതി സിനിമയുടെ ടീസര്‍ പുറത്തു വരുന്നു. ട്രോളുകള്‍ ഇല്ല, കളിയാക്കലുകള്‍ ഇല്ല. ഒരു തരിപ്പോടെ ആ 39 സെക്കന്റ് ദൈര്‍ഖ്യമുള്ള ടീസര്‍ എല്ലാവരും കണ്ടു തീര്‍ക്കുന്നു. കിച്ചുവിന് അതിന്റെ ആവശ്യം ഇല്ലാലോ? അല്ലെ? എന്ന് പറഞ്ഞു തീരുന്ന ഡയലോഗില്‍ മമ്മൂട്ടിയിലെ ഗ്രെയ്ഷെയ്ഡ് കണ്ട് കിളിപോയ മലയാളി സിനിമാക്കൂട്ടങ്ങളും ആരാധകരും പ്രേക്ഷകരും 2022 ലെ മോസ്റ്റ് അവൈറ്റഡ് സിനിമകളുടെ കൂട്ടത്തിലേക്ക് ആ സിനിമയെ കൂടി ചേര്‍ക്കുന്നു. മമ്മൂട്ടി പാര്‍വതി കോമ്പിനേഷന്‍ സ്‌ക്രീനില്‍ കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും. മമ്മൂട്ടി മുമ്പൊരിക്കലും ചെയ്യാത്തൊരു നെഗറ്റീവ് ഷേഡ് റോള്‍ എന്ന സൂചനയാണ് സിനിമ പുറത്തിറങ്ങും മുമ്പ് വന്ന എല്ലാവരുടെയും വാക്കുകളില്‍ ഉള്ളത്. പൊളിറ്റിക്കല്‍ ലെയറുകള്‍ ഏറെയുള്ള ഉണ്ട എന്ന സിനിമയൊരുക്കിയ ഹര്‍ഷദിന്റെ കഥക്ക് തിരക്കഥാ രചിച്ചിരിക്കുന്നത് ഹര്‍ഷദും ഷറഫു സുഹാസും കൂടിയാണ്. കര്‍ണനും പേരന്‍പും ക്യാമറയിലാക്കി തേനി ഈശ്വരാണ് സിനിമയുടെ ഛായാഗ്രഹണം.

3. ഭീഷ്മപര്‍വ്വം

2007ല്‍ മലയാള സിനിമ കണ്ടു ശീലിച്ച ഫിലിം മേക്കിങ് സ്‌റ്റൈലുകളെയെല്ലാം പൊളിച്ചുകൊണ്ട് ഒരു സിനിമ പുറത്തിറങ്ങി. അമല്‍ നീരദ് എന്ന പുതുമുഖ സംവിധായകന്റെ ബിഗ് ബി. ഇറങ്ങിയ സമയത്ത് പലരും ശ്രദ്ധ കൊടുക്കാതെയിരുന്ന ബിഗ് ബി ഇപ്പോഴും സിനിമ ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ല. അതേ മമ്മൂട്ടി - അമല്‍ നീരദ് കോമ്പൊയില്‍ തയ്യാറായി ഇരിക്കുന്ന പുതിയ സിനിമയാണ് ഭീഷ്മപര്‍വ്വം. ഒരു വിന്റജ് ഗ്യാങ്സ്റ്റര്‍ സിനിമയെന്ന ഫസ്റ്റ് ഇമ്പ്രെഷനാണ് സിനിമയുടെ കാരക്ടര്‍ പോസ്റ്ററുകള്‍ നല്‍കുന്നത്. സിനിമയിലെ എല്ലാ കാരക്ടര്‍ പോസ്റ്ററുകളിലും കോണ്‍സ്റ്റന്റ് ആയി മെയിന്റൈന്‍ ചെയ്ത കളര്‍ പാറ്റേണ്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൈക്കിള്‍ എന്ന പ്രോട്ടഗോണിസ്റ്റിന്റെ ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ടുള്ള വളര്‍ച്ചയും പ്രതികരവുമായിരിക്കാം ഭീഷ്മപര്‍വ്വം എന്ന സൂചനകളും അങ്ങുമിങ്ങും പരക്കുന്നുണ്ട്. ബ്രേക്കിംഗ് ബാഡ് സീരിസിന്റെ ഫോര്‍മുല ആയിരിക്കാം ഭീഷ്മപര്‍വ്വം പരീക്ഷിച്ചിരിക്കുന്നത് എന്ന തരത്തിലുള്ള തിയറികളും സജീവമാണ്. എന്ത് തന്നെയായാലും കാരക്ടര്‍ പോസ്റ്ററുകള്‍ മാത്രമേ പുറത്തു വന്നിട്ടുളളൂ. ബാക്കിയെല്ലാം കാത്തിരുന്നറിയണം. സിനിമയിലെ വലിയ കാസ്റ്റിംഗും ഭീഷ്മപര്‍വ്വം എന്ന പേരിനോളം വലുതായിരിക്കുമെന്ന് പ്രതീക്ഷികാം. ആനന്ദ് സി ചന്ദ്രന്റെ അമല്‍ നീരദ് സിനിമയിലെ സിനിമാട്ടോഗ്രാഫിക്ക് വേണ്ടിയും കാത്തിരിക്കുന്നവര്‍ കുറവല്ല. സുഷിന്റെ മ്യൂസിക്കും വിവേക് ഹര്ഷന്റെ എഡിറ്റിംഗും സിനിമയുടെ മാറ്റ് കൂട്ടുമെന്ന് പ്രതീക്ഷിക്കാം. 90സില്‍ നടക്കുന്ന കഥയായിരിക്കാം എന്ന സൂചനകള്‍ ഭീഷ്മപര്‍വത്തിനു വേണ്ടിയുള്ള പ്രതീക്ഷകള്‍ കൂട്ടുന്നു.

4. മമ്മൂട്ടി-എം.ടി-ലിജോ ചത്രം

രണ്ടുജോഡി ഉടുപ്പുകളും ഒരു ക്യാമറയും തിരുകിയ സഞ്ചി ചുമലില്‍ തൂക്കി ഹിമാലയത്തിന്റെ താഴ്വാരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കാലത്ത് പ്രായം അയാള്‍ക്ക് ഇരുപത്തിരണ്ടായിരുന്നു. ഇങ്ങനെയാണ് എം.ടിയുടെ കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് തുടങ്ങുന്നത്. നെറ്റ്ഫ്‌ളിക്‌സ് എം.ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജിയിലെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന ചിത്രം ഇതാണ്. മമ്മൂട്ടിയാണ് പ്രധാന കഥാപാത്രമായി എത്തുന്നതും. 'നിന്റെ ഓര്‍മയ്ക്ക്' എന്ന കഥയിലെ ലീലയുടെ നാടും വീടും സാധിച്ചാല്‍ അവളെത്തന്നെയും കണ്ടെത്താന്‍ കഥാകൃത്ത് നടത്തുന്ന സഞ്ചാരമാണ് 'കഡുഗണ്ണാവ ഒരു യാത്രാകുറിപ്പ്'. ശ്രീലങ്കയാണ് സിനിമയുടെ കഥാപരിസരമായി വരുന്നത്. ശ്രീലങ്കയുടെ ലാന്‍ഡ്സ്‌കേപ്പും ലിജോ ജോസ് പെല്ലിശ്ശേരിയുടെ കാഴ്ചകളും മമ്മൂട്ടി എം ടിയായി അഭിനയിക്കുന്നു എന്നതും സിനിമയുടെ പ്രതീക്ഷകള്‍ കൂട്ടുന്നു. എം.ടിയുടെ തിരക്കഥകളില്‍ മമ്മൂട്ടിക്ക് ലഭിക്കുന്ന പെര്‍ഫോമന്‍സ് സ്പേസ് ഈ സിനിമയിലും ഉണ്ടായിരിക്കും എന്നതില്‍ സംശയമില്ല. ഈ ആന്തോളജി സീരിസില്‍ ഒരുപക്ഷെ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും ഇതായിരിക്കും. ബാക് ടു ബാക്ക് 2 മമ്മൂട്ടി ചിത്രങ്ങളിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ എങ്ങനെ മമ്മൂട്ടിയിലെ നടനെ ഉപയോഗിക്കുന്നു എന്നത് കണ്ടറിയാനും കാത്തിരിക്കുന്നവര്‍ ഏറെയാണ്.

5. CBI 5

മലയാളത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഏതാണെന്ന് ചോദിച്ചാല്‍ ചിന്തിക്കേണ്ട ആവശ്യം പോലുമില്ലാതെ ഇആക എന്ന് എല്ലാവരും പറയും. 1988 ല്‍ പുറത്തിറങ്ങിയ ഒരു ഇആക ഡയറി കുറിപ്പ് മുതല്‍ 2005 ല്‍ പുറത്തിറങ്ങിയ നേരറിയാന്‍ CBI വരെയുള്ള സിനിമകള്‍ ബാക്കി വെച്ച ത്രില്ലര്‍ സ്വഭാവത്തിലുള്ള എക്സൈറ്റ്മെന്റ് തന്നെയാണ് വീണ്ടും അതേ കൂട്ടുക്കെട്ടില്‍ CBI സീരീസില്‍ ഒരു സിനിമ വരുമ്പോള്‍ കാത്തിരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാക്കുന്നതിനുള്ള കാരണവും. എസ് എന്‍ സ്വാമി ത്രില്ലര്‍ സിനിമകള്‍ക്ക് നല്‍കിയിരുന്ന പുതിയ ട്രീറ്റ്‌മെന്റ് ഒരുകാലത്ത് വളരെയധികം സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്നു. നെറ്റിയില്‍ കുറി തൊട്ട്, കൈ പുറകില്‍ കെട്ടികൊണ്ടുള്ള അയ്യരുടെ നടത്തിനും, എവര്‍ഗ്രീന്‍ CBI ബാക്ക്ഗ്രൗണ്ട് സ്‌കോറിനും വേണ്ടിയുള്ള കാത്തിരിപ്പ് CBI 5 ലിലുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. ശ്യാമിന് പകരം ജേക്‌സ് ബിജോയ് പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുമ്പോഴും വൗ ഫാക്ടര്‌സിനു വേണ്ടി തന്നെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്താണെന്ന് ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ക്കും അറിയാമെങ്കിലും എസ് എന്‍ സ്വാമി എന്ന തിരക്കഥാകൃത്തിലുള്ള വിശ്വാസവും, കെ മധു എന്ന സംവിധായകന്‍ പുതിയ ഫിലിം മേക്കിങ് സ്‌റ്റൈല്‍ അഡാപ്റ്റ് ചെയുമെന്നുള്ള പ്രതീക്ഷയും CBI 5 നു പ്രേക്ഷകരുടെ ഉള്ളില്‍ വലിയ സ്ഥാനം നല്‍കുന്നുണ്ട്. കൂടാതെ ഈശോ - മോസി പോലെയുള്ള ക്ലൈമാക്‌സ് ട്വിസ്റ്റുകള്‍ക്ക് മുകളിലുള്ള ഏന്‍ഡ് പഞ്ച് കൂടിയുണ്ടെങ്കില്‍ 2022 ലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളില്‍ ഈ മമ്മൂട്ടി ചിത്രവും ഉണ്ടായിരിക്കും.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നിസ്സാം ബഷീറിന്റെ സിനിമയും മമ്മൂട്ടി ചിത്രങ്ങളുടെ ലൈനപ്പില്‍ ഉണ്ട്. അന്യഭാഷാ ചിത്രമായി തെലുങ്കില്‍ സുരേന്ദ്ര റെഡ്ഡി സംവിധാനം ചെയുന്ന ഏജന്റും തയ്യാറാകുന്നുണ്ട്. കാത്തിരിക്കാം മമ്മൂട്ടി ചിത്രങ്ങള്‍ 2022 ല്‍ സൃഷ്ട്ടിക്കുന്ന പുതിയ ബെഞ്ച് മാര്‍ക്കുകള്‍ക്കായി.

Related Stories

No stories found.
logo
The Cue
www.thecue.in