500 കോടിയും താണ്ടി

മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, അബ്രഹാം ഓസ്ലർ, ആട്ടം. മലയാളം സിനിമയിലെ രണ്ട് മാസത്തെ വിജയചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അത് ഇത്രത്തോളമാണ്. വർഷത്തിൽ പത്തിൽ താഴെ വിജയ ചിത്രങ്ങൾ മാത്രം ഉണ്ടായിരുന്നിടത്തുനിന്ന് രണ്ട് മാസത്തിനിടെ ആറ് വിജയചിത്രങ്ങൾ. ഫെബ്രുവരിയിൽ മാത്രം രണ്ട് 100 കോടി ചിത്രങ്ങൾ. തമിഴ് നാട്ടിലും ആന്ധ്രയിലും housefull ആയി ഓടിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്‌സും പ്രേമലവും. കമൽ ഹാസനും രാജമൗലിയും, മഹേഷ് ബാബുവും, കാർത്തിക് സുബ്ബരാജ് ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ ഉറ്റു നോക്കുന്ന തരത്തിൽ ഈ രണ്ട് മാസത്തിനിടെ മലയാള സിനിമ വളർന്നിരിക്കുന്നു.

അവസാനമായി ഞാൻ ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചത് എന്നാണെന്ന് എനിക്ക് ഓർമ്മയില്ല. എന്റെ കുടുംബത്തിന് മുഴുവൻ ഇത് ഇഷ്ടപ്പെട്ടു. പ്രേമലു കണ്ടതിന് ശേഷം തെലുങ്ക് നടൻ മഹേഷ് ബാബു ട്വിറ്ററിൽ കുറിച്ചതാണിവ. സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി പറഞ്ഞതാകട്ടെ ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും എന്റെ ഫേവറേറ്റ് ആദിയാണ് എന്നാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ സക്സസ് മീറ്റിൽ മമിതയെയും നസ്ലെനെയും വാനോളം പുകഴ്ത്താനും രാജമൗലി മറന്നില്ല. ബാഹുബലിയും, ആർ ആർ ആറും, അല്ലു അർജുൻ സിനിമകളും കേരളത്തിൽ പ്രേക്ഷകർ ഏറ്റെടുമ്പോൾ ഒരു കൊച്ചു മലയാള സിനിമ അങ്ങ് തെലുങ്ക് നാട്ടിൽ housefull ഷോസിൽ ഓടുന്നു. പ്രേമലുവിന്റെ തെലുങ്ക് പതിപ്പിനോടൊപ്പം റിലീസ് ചെയ്ത രണ്ടു തെലുങ്ക് സിനിമകളെ പിന്തള്ളിയാണ് ചിത്രം നിറഞ്ഞോടുന്നത്. യുവ പ്രേക്ഷകർക്ക് കണക്ട് ആകുംവിധം ട്രെൻഡിനോടൊപ്പം ചേർന്നുനിൽക്കുന്ന തമാശകളും ചിത്രത്തിന് ഭാഷാഭേദമന്യേ ഗുണമായിട്ടുണ്ട്. ഒപ്പം ഹൈദരാബാദിൽ കഥ സെറ്റ് ചെയ്തതുവഴി തെലുങ്കിലെ പ്രേക്ഷകരെ അത് കൂടുതൽ ചിത്രത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്. തെലുങ്ക് സിനിമകളിൽ പോലും ഇതുവരെ അധികം കണ്ടുശീലിക്കാത്ത വളരെ കളർഫുള്ളും അർബൺ ആയിട്ടുള്ള ഹൈദരാബാദിനെയായിരുന്നു ഗിരീഷ് എ ഡി പ്രേമലുവിൽ അവതരിപ്പിച്ചത്. ഏറ്റവു കൂടുതൽ റോം കോം സിനിമകൾ സൃഷ്ട്ടിക്കുന്ന ഇൻഡസ്ട്രി എന്ന നിലയിൽ ടോളിവുഡിലെ പ്രേമലുവിന്റെ വിജയത്തിൽ മലയാള സിനിമക്ക് അഭിമാനിക്കാവുന്നതാണ്.

മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും എന്ന സുഷിന് ശ്യാമിന്റെ ഒറ്റ വാക്കിൽ പ്രേക്ഷകരെത്തിയ ചിത്രമിന്ന് ഞെട്ടിപ്പിക്കുന്ന കളക്ഷൻ ആണ് നേടുന്നത്. വിജയ സിനിമകൾ ഇല്ലാതെ ആളൊഴിഞ്ഞ് കിടന്നിരുന്ന തമിഴ് തിയറ്ററുകളിലേക്ക് വലിയൊരു ആശ്വാസമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. അത്ര നല്ല വർഷമല്ല തമിഴ് സിനിമക്ക് 2024 ഇതുവരെ. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, ശിവകാർത്തികേയന്റെ അയലാൻ, രജനികാന്ത് അതിഥി വേഷത്തിലെത്തിയ ലാൽ സലാം, ജയം രവിയുടെ സൈറൺ തുടങ്ങിയ സിനിമകൾക്കൊന്നും തിയറ്ററിൽ ചലനം സൃഷ്ട്ടിക്കാതെ വന്നപ്പോഴാണ് തമിഴ് നാട്ടിലെ മിക്ക തിയറ്റർ ഉടമകളും റി റിലീസ് എന്ന പരിപാടിയിലേക്ക് തിരിഞ്ഞത്. വാരണം ആയിരം, മിന്നലേ, തിരുമലൈ, വാലി, അണ്ണാമലൈ തുടങ്ങിയ പഴയകാല സൂപ്പർഹിറ്റ് സിനിമകൾ വീണ്ടും തിയറ്ററിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രേക്ഷകരും അവരുടെ തിയറ്ററിയിലേക്കുള്ള വരവ് കുറച്ചു. ആ സമയത്താണ് കൃത്യമായി മഞ്ഞുമ്മൽ ബോയ്സ് തമിഴ് പ്രേക്ഷകരുടെ ശ്രദ്ധയിൽ പെടുന്നത്. കണ്മണി അൻപോട് കാതലൻ എന്ന ഗാനവും കമൽ ഹാസന്റെ ഗുണമായുള്ള ചിത്രത്തിന്റെ കണക്ഷൻ ഒപ്പം ചിത്രത്തിന്റെ ഏറിയ ഭാഗം തമിഴലാണ് എന്ന കാരണങ്ങളാലും കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് തമിഴ് തിയറ്ററുകളെ പുനര്ജീവിപ്പിച്ചു. മൾട്ടിപ്ലെക്സിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാളം സിനിമ ബി, സി സെന്ററുകൾ ഉൾപ്പടെ സിറ്റിയിലും ഗ്രാമങ്ങളിലും നിറഞ്ഞോടി. ഒരു മലയാളം സിനിമ ആയിട്ടല്ല തമിഴ് ചിത്രമായി ആണ് അവർ ഈ സിനിമയെ കാണുന്നതെന്നാണ് ഗണപതി ക്യു സ്റ്റുഡിയോ ഇന്റർവ്യൂവിൽ പറഞ്ഞത്. രജനികാന്ത് ചിത്രം ലാൽ സലാമിനെയും ധനുഷിന്റെ ക്യാപ്റ്റൻ മില്ലേറെയും മറികടന്ന് ഈ മലയാള സിനിമയാണ് ഇപ്പോൾ തമിഴ് ബോക്സ് ഓഫീസിൽ രണ്ടാമത്. കേരളത്തിലാകട്ടെ 2018 നെ മറികടന്ന് ചിത്രം 200 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ചിത്രം.

ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉയർന്നുകേൾക്കുന്ന കൈയ്യടിയും വീണ്ടും വീണ്ടും അത് പ്ലേയ് ചെയ്യാൻ ആവശ്യപ്പെടുന്ന തമിഴ് പ്രേക്ഷകരുടെ ആവശ്യമെല്ലാം മഞ്ഞുമ്മൽ ബോയ്‌സിന്റെ സ്വീകാര്യതയെ എടുത്തു കാണിക്കുന്നു. മമ്മൂട്ടിയുടെ ഭ്രമയുഗമാകട്ടെ ഒരു പരീക്ഷണ ചിത്രമെന്ന നിലയിലും മമ്മൂട്ടി എന്ന അതികായന്റെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയാലും ബോർഡറുകൾ താണ്ടി പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ്. ഹൈദരാബാദിലെ ഫേമസ് തിയറ്ററായ പി സി എക്സിൽ ഒരു ഷോയിൽ തുടങി നിരവധി ഷോകളിലേക്ക് ഭ്രമയുഗം ചാർട്ട് ചെയ്യപ്പെട്ടത് അന്യഭാഷാ സിനിമ പ്രേമികൾക്കിടയിലും ചിത്രം ചർച്ചയായത്കൊണ്ടാണ്. അന്വേഷിപ്പിൻ കണ്ടെത്തും, എബ്രഹാം ഓസ്ലർ, ആട്ടം എന്നീ സിനിമകളും മലയാള സിനിമയുടെ 2024 നെ മികച്ചതാക്കുന്നതിൽ വലിയ സ്ഥാനം നേടിയിട്ടുണ്ട്.

മലയാളം വേർഷനുകൾ ഇന്ന് സബ്‌ടൈറ്റിലിന്റെ സഹായത്തോടെ അന്യഭാഷാപ്രേക്ഷകർ ഏറ്റെടുക്കുന്നു. അതിനോടൊപ്പം തന്നെ ഡബ്ബ് വേർഷൻസിനായുള്ള അന്വേഷണങ്ങൾ വർധിക്കുന്നു. പ്രേമലു തെലുങ്കിലെത്തിക്കാൻ മുന്നോട്ട് വന്നത് രാജമൗലിയുടെ മകനായ എസ് എസ് കാർത്തികേയ ആണെങ്കിൽ തമിഴിൽ ചിത്രമെടുത്തിരിക്കുന്നത് റെഡ് ഗയന്റ് മൂവീസ് ആണ്. വെറും 10 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ലാഭത്തിന്റെ കണക്കുകൾ നോക്കുമ്പോൾ മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയത്തിലേക്കാണ് പോകുന്നത്. ഒപ്പം ഭാവന സ്റ്റുഡിയോസ് എന്നാൽ ക്വാളിറ്റി കോൺടെന്റ് എന്നുകൂടി ചിത്രം ഉറപ്പുതരുന്നു. ഭ്രമയുഗവും മലയാളത്തിൽ എത്തി പതിയെ തെലുങ്ക് ഡബ്ബിലേക്കും ചുവടുമാറിയ സിനിമയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രേക്ഷകർ അത്ഭുതത്തോടെയാണ് കാണുന്നത്. മറ്റു ഭാഷകളിലെ പല സൂപ്പര്താരങ്ങളും തങ്ങളുടെ താരപദവിയിൽ വിലസുമ്പോഴാണ് മമ്മൂട്ടി തന്റെ ലിമിറ്റുകളെ തകർത്തെറിഞ്ഞു 70 ആം വയസ്സിൽ കയ്യടിവാങ്ങുന്നത്. ഒരൽപം വേദനയുടെയും അസൂയയോടെയും ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവരാണ് എന്ന് രാജമൗലി വേദിയിൽ പറയുമ്പോൾ അത് മലയാള സിനിമക്ക് ലഭിക്കാവുന്ന വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. സൗബിനും, ഭാസിയും, നസ്ലെനും മമിതയും സംവിധായകൻ ചിദംബരവുമെല്ലാം ഇന്ന് വിലയേറിയ താരങ്ങളാണ്. ബോളിവുഡും, കോളിവുഡും, ടോളിവുഡും ആദ്യ രണ്ട് മാസത്തിൽ ഹിറ്റുകൾ ഉണ്ടാക്കാൻ കഷ്ട്ടപ്പെടുമ്പോൾ മലയാള സിനിമ മികച്ച സിനിമകൾ കൊണ്ട് തിയറ്ററിൽ ജനത്തെ നിറയ്ക്കുകയാണ്. ഈ നിരയിലേക്ക് അടുത്തതായി ചേർത്തുവെക്കാൻ കഴിയുന്ന ചിത്രമാകും ബ്ലെസ്സിയുടെ ആടുജീവിതം. പൃഥ്വിരാജ് സുകുമാരൻ എന്ന അഭിനേതാവ് താൻ നല്കാൻ കഴിയുന്നതിന്റെ മാക്സിമം ഈ സിനിമക്കായി നൽകിയിട്ടുണ്ടെന്ന് പറയുമ്പോഴും ഒരു സംവിധായകൻ 16 വർഷം ഒരു സിനിമക്കായി മാറ്റി വക്കുംമ്പോഴും അവിടെ ഒരു വിഷ്വൽ സ്‌പെക്ടകിളിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട. തീർച്ചയായും മഞ്ഞുമ്മലും പ്രേമലുവും ഉണ്ടാക്കിയെടുത്ത മലയാള സിനിമയുടെ 2024 ന്റെ അടുത്ത ഘട്ടം ആടുജീവിതത്തിൽ നിന്ന് ആരംഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in