ഇതൊരു ഫെസ്റ്റിവൽ പ്രീമിയർ ഷോ ആയിരുന്നെങ്കിൽ വാനോളം പുകഴ്ത്താനും സീറ്റ് കിട്ടാതെ മടങ്ങിയ കഥകൾ പറയാനും ആളുണ്ടാകുമായിരുന്നു

ഇതൊരു ഫെസ്റ്റിവൽ പ്രീമിയർ ഷോ ആയിരുന്നെങ്കിൽ  വാനോളം പുകഴ്ത്താനും സീറ്റ് കിട്ടാതെ മടങ്ങിയ കഥകൾ പറയാനും ആളുണ്ടാകുമായിരുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' ആദ്യദിവസം ആദ്യഷോയ്ക്ക് തിരവനന്തപുരം ധന്യ/രമ്യ തീയറ്ററുകളിൽ നിന്ന് കണ്ടതോർക്കുന്നു. സംവിധായകൻ പരിചിതനായിരുന്നില്ല എങ്കിലും പോസ്റ്ററുകൾ--തോക്ക് പിടിച്ച കഥകളി വേഷം പോലെയുള്ള കൊമ്പോസിഷനുകൾ ആയിരുന്നു സിനിമയിലേയ്ക്ക് ആകർഷിച്ചത്. മലയാള മനോരമയിലും മംഗളത്തിലുമൊക്കെ എൺപതുകളിൽ വരാറുണ്ടായിരുന്ന ചില പ്രതികാരകഥകൾ പോലെ കുടുംബം തകർത്തവരോട് പ്രതികാരം ചെയ്യുന്ന നായകകഥയായിരുന്നു അത്. അതൊരിക്കൽ കൂടി കാണിക്കാൻ ആ സിനിമയെ Qualify ചെയ്യുന്നത് സംവിധായകൻ എടുത്തിരിക്കുന്ന ചില കലാപരമായ സമീപനങ്ങൾ തന്നെയായിരുന്നു. ആ സിനിമാകാഴ്ചയിൽ നിന്നും സമാനമായ ചില മലയാള സിനിമാകാഴ്ചയിൽ നിന്നും ഞാൻ മനസിലാക്കിയ ചില കാര്യം ഇതാണ്. ജനപ്രിയ കലയുടെ രീതികളെ കലാപരമായി ട്രീറ്റ് ചെയ്യാൻ ശ്രമിക്കുക; അല്ലെങ്കിൽ മറിച്ച്--കലാപരമായ ഘടകങ്ങളെ ജനപ്രിയമായി ട്രീറ്റ് ചെയ്യാൻ ശ്രമിക്കുക; ഇത് പലപ്പോഴും രണ്ട് വിഭാഗങ്ങളിലും പെടുന്ന ആസ്വാദകരെ ആകർഷിക്കുക എന്നതിൽ ഉപരി അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്. ജനപ്രിയസാഹിത്യത്തിലെ /സിനിമയിലെ ചില ക്ലാസിക് ഘടകങ്ങൾ; സാഹിത്യത്തിലെ/സിനിമയിലെ ചില ആർട്ടിസ്റ്റിക് സങ്കേതങ്ങളോട് താൽപര്യമുള്ള ഒരു ന്യൂനപക്ഷത്തെ മാത്രമേ അത് തൃപ്തിപ്പെടുത്തുന്നുള്ളൂ. വ്യക്തിപരമായി എൻറെ അഭിരുചികൾ ഈ ചെറിയ സ്പെയ്സിലാണ് കിടക്കുന്നത് എന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്.

stanley kubrick
stanley kubrick

ലോകസിനിമയിലും സാഹിത്യത്തിലും ഇതൊരു ന്യൂനപക്ഷമേഖലയല്ല. സ്റ്റാൻലി കുബ്രിക്കിൻറെ സിനിമകൾ, ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ സിനിമകൾ; സെർജിയോ ലിയോണിൻറെ സിനിമകൾ, എന്തിന് അകിര കുറൊസാവയുടെ സിനിമകൾ പോലും കലാപരമായ ഒരു കോപ്രമൈസും കൂടാതെ ജനപ്രിയ വിജയങ്ങൾ നേടിയിട്ടുള്ളവയാണ്. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ നേരിടുന്ന ഡീഗ്രേഡിംഗ്, അലോസരം, അതൃപ്തി ഇതെല്ലാം തികച്ചും ഒരു Contextual ആയ സംഗതിയാണ്. മോഹൻലാലിൻറെ ജനപ്രിയ സിനിമകളെ പ്രതീക്ഷിപ്പിച്ച പരസ്യങ്ങൾ, ബാഹുബലി പോലെയുള്ള സമകാലിക പ്രേക്ഷകരുടെ പ്രതീക്ഷകളെ ഡിഫൈൻ ചെയ്ത സിനിമാറ്റിക് ശൈലികൾ, സാഹിത്യപരവും കലാപരവുമായ ചില ശൈലികൾ, ഭാഷ, ഴോണറുകൾ (Genres), അവയെക്കുറിച്ചുള്ള ധാരണക്കുറവ്; എല്ലാറ്റിലുമപ്പുറം തികച്ചും തെറ്റായ ടാർഗറ്റ് ഓഡിയൻസിലേയ്ക്ക് പോകുന്ന 'കലാ'സൃഷ്ടി ഇതെല്ലാമാണ് ഈ Contextual സംഗതികൾ. ഈ പ്രതികരണങ്ങളിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ സിനിമ ഉൾക്കൊള്ളുന്ന റഫറൻസുകൾ പരിചിതരായ പ്രേക്ഷകർക്ക് സിനിമ കൂടുതൽ നീതിപൂർവ്വം വിലയിരുത്തുകയോ തള്ളിക്കളയുകയോ ചെയ്യാൻ പറ്റും. ഞാൻ കരുതുന്നത് മലൈക്കോട്ടൈ വാലിബൻ വളരെ ശ്രദ്ധേയമായ ഒരു സിനിമയാണെന്നാണ്.

ഇത് പോലുള്ള സിനിമാസാഹചര്യങ്ങൾ വരുമ്പോൾ എനിക്കുള്ള ദുഷ്ടത കലർന്ന ഒരു ആഹ്ലാദം എന്തെന്നാൽ എനിക്ക് വളരെ ഒബ്ജെക്ടീവ് ആയി നിന്ന് കൊണ്ട് ഒരു ജനപ്രിയസിനിമയും കലാസിനിമയും ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്നതാണ്. ലാഗ് എന്ന കാരണത്തിലാൽ, ഡയലൊഗുകൾക്ക് നാടകീയതയുണ്ട്, സിനിമ പ്രത്യേകിച്ച് കഥയൊന്നും പറയാതെ പ്ലോട്ട്ലെസ് ആയി പോകുന്നു എന്ന കാരണത്താൽ കാശ് പോയി എന്നോ സമയം പോയി എന്നോ എനിക്ക് തോന്നുന്നില്ല എന്നതാണ്. അത്ഭുതലോകത്തിലെ ആലീസിൻറെ ലോജിക് ഉപയോഗിച്ച് പറഞ്ഞാൽ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്നതിൽ ഞാൻ സന്തോഷിക്കുന്നു.

മലയാളം ജനപ്രിയസിനിമയിൽ ഇഷ്ടപ്പെട്ട ധാരാളം സിനിമകളുണ്ട് എന്നതിനെ ആസ്പദമാക്കി നിരീക്ഷിച്ചാൽ ----ലിജോയുടെ "കഥ" മലയാളം ജനപ്രിയ പ്രേക്ഷകർക്ക് പിടിക്കാൻ കഴിയാത്ത വിധം അകലെയൊന്നും അല്ല. മോഹൻലാലിൻറെ ഇൻട്രോ സീക്വൻസ് അൽപം കൂടി പ്രേക്ഷകരിൽ എത്തിക്കാൻ കഴിയും വിധം ചടുലമായി അവതരിപ്പിക്കാൻ സ്കോപ്പുള്ളതാണ്. അതൊരു Heroic Material ആണ്. ഒരു തകർപ്പൻ Choreographed Fight ന് സാധ്യതയുള്ളതാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ തുടക്കത്തിൽ തന്നെ പ്രേക്ഷകരെ ഒപ്പം കൂട്ടാൻ കഴിയുമായിരുന്നു. മോഹൻ ലാൽ ആണെങ്കിൽ ഒപ്പം കൂടാൻ അങ്ങേയറ്റം തയ്യാറുള്ള പ്രേക്ഷകക്കൂട്ടമാണ് മലയാളികൾ എന്നോർക്കുക. പക്ഷെ ലിജോ പ്രിഫർ ചെയ്യുന്നത് കുറച്ച് കൂടി താഴ്ത്തിപ്പിടിക്കുന്ന ഒരു Pace തന്നെയാണ്. അത് ആക്ഷേപിക്കേണ്ടതല്ല. അതൊരു Artist ൻറെ Decision ആണ്. ആർട്ടിസ്റ്റിൻറെ പ്രേക്ഷകൻ അയാളുടെ Work തേടിയെത്തുകയാണ് ചെയ്യേണ്ടത്. പ്രേക്ഷകൻറെ പിന്നാലെ പോകേണ്ടതില്ല.

ഇൻട്രോയും ടൈറ്റിലും കഴിഞ്ഞുള്ള--യോദ്ധാവ്--കാണാതെ പോയ കുതിര മുതലായ സംഗതികൾ--സിനിമയ്ക്കോ വാലിബൻറെ വ്യക്തിത്വത്തിനോ സിനിമയ്ക്കോ ഒരു ഗുണവും ചെയ്തില്ല എന്ന് മാത്രമല്ല. ഒരു പാട് ദോഷം ചെയ്യുകയും ചെയ്തു. വില്ലൻ കഥാപാത്രവുമായി പന്തയം വച്ചതിന് ശേഷം സിനിമ വളരെ എൻഗേജിംഗ് ആയി മുന്നോട്ട് പോയി എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. പോർച്ചുഗീസുകാരുടെ കോട്ടയിലെ എപിസോഡ് ഗംഭീരമായിരുന്നു. സിനിമ മൊത്തം പരിഗണിക്കുമ്പോൾ എഴുന്നേറ്റിരിക്കാൻ പ്രേരിപ്പിക്കുന്ന ചില Bravura Moments ഉണ്ടായിരുന്നു. ചങ്ങല കൊണ്ട് തൂണുകൾ മറിച്ചിടുന്ന സീക്വൻസ്, ഹരീഷ് പേരടിയുടെ സ്വപ്നരംഗം, വലിയ കാൽപാട് സൃഷ്ടിക്കുന്ന രംഗം ഇതെല്ലാം തികച്ചും ഗംഭീരമായിരുന്നു. കണ്ടും വായിച്ചും മറന്ന ഒരു പാട് Fairy Tale നിമിഷങ്ങളെ വീണ്ടും Invoke ചെയ്യുന്ന സാഹചര്യങ്ങൾ ആയിരുന്നു. രണ്ടാം ഭാഗം എടുത്തില്ലെങ്കിൽ പോലും ഇനി കാണിക്കാതെ ശേഷിപ്പിച്ച സംഘട്ടനത്തിൻറെ ഗ്രാവിറ്റി, അത് കാണിക്കാതിരിക്കുന്നത് തന്നെയെന്ന് തോന്നി.

സിനിമയുടെ ഡീഗ്രേഡിംഗ് തീയറ്റർ റിലീസിൻറെ Context ൽ പ്രേക്ഷകരുടെ മുൻധാരണകളുടെയും ധാരണ ഇല്ലായ്മകളുടെയും ഫലമാണ് എന്ന് പറഞ്ഞല്ലോ. അത് ലാസ്റ്റിംഗ് അല്ല. മുകളിൽ പറഞ്ഞ വിധം കലാസിനിമയുടെയും ജനപ്രിയ സിനിമയുടെയും ക്ലാസിക് ഘടകങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഈ സിനിമയിലേയ്ക്ക് തീർച്ചയായും വരും. സിനിമ പ്രേക്ഷകരിലേയ്ക്ക് എന്നെ കാണൂ എന്ന് യാചിച്ച് കൊണ്ട് വരുന്നതും പ്രേക്ഷകർ ആ സിനിമയെ തേടിപ്പോകുമ്പോഴും ഉണ്ടാകുന്ന പ്രതികരണങ്ങൾ തീർച്ചയായും വ്യത്യസ്തമായിരിക്കും. ഈ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയും ഒരു പോപ്പുലർ ഓഡിയൻസ് സ്റ്റഫ് ആയിരുന്നില്ല. പക്ഷെ ഇങ്ങനെ ആരും ഡീഗ്രേഡ് ചെയ്തയായും ഓർമ്മയില്ല. ഇത് സിനിമയെക്കുറിച്ച് ഉണ്ടാക്കിയെടുത്ത പ്രതിഛായയും അതിൻറെ യാതാർത്ഥ്യവും തമ്മിലുള്ള വ്യത്യാസവും കാരണമുണ്ടാകുന്ന അലോഹ്യമാണ്. മറിച്ച്--ഇതൊരു ഫെസ്റ്റിവൽ പ്രീമിയർ ഷോ ആയിരുന്നെങ്കിൽ ഇവിടെ വാനോളം പുകഴ്ത്താനും സീറ്റ് കിട്ടാതെ മടങ്ങിയ കഥകൾ പറയാനും ആളുണ്ടാകുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in