ആകാരാഭിനയത്തിലെ മോഹൻലാൽ ഫാക്ടർ, വർഷങ്ങളായി നമുക്ക് നഷ്ടപ്പെട്ട ആ ഇന്ദ്രജാലം

ആകാരാഭിനയത്തിലെ മോഹൻലാൽ ഫാക്ടർ, വർഷങ്ങളായി നമുക്ക് നഷ്ടപ്പെട്ട ആ ഇന്ദ്രജാലം

ഇന്ദ്രജാലം എന്ന കല, വ്യത്യസ്തരായ ജാലവിദ്യക്കാർ അവതരിപ്പിക്കുമ്പോൾ ചിലരുടെ വിദ്യ മാത്രം കാണികൾ മനമറിഞ്ഞാസ്വദിക്കും. അവരുടെ ജാലവിദ്യയിലെ വേഗത, ചടുലത, സൗന്ദര്യം, മെയ്‌വഴക്കം, അങ്ങനെയങ്ങനെ കാണികളെ ആ ജാലവിദ്യ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന പല പല ഫാക്ടേഴ്സ് അതിനു കാരണമാകും. മോഹൻലാൽ അങ്ങനെയൊരു മഹേന്ദ്രജാലക്കാരനാണ്. ഏതു ഭാവവും അനായാസേന പ്രതിഫലിപ്പിച്ചിരുന്ന കണ്ണുകൾ, കുസൃതി നിറഞ്ഞ ചിരി, അതിലുമേറെ ഫ്ലെക്സിബിളായ ശരീരം, ഒരോ സിറ്റുവേഷനനുസരിച്ച് ശബ്ദത്തിൽ കൊണ്ടുവന്നിരുന്ന മോഡുലേഷൻ, ഒട്ടും ലൗഡ് ആവാതെ എന്നാൽ ഇമോഷൻസ് അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകനിലേക്ക് പകർന്ന് നൽകിയിരുന്ന അഭിനയമികവ്.അങ്ങനെയങ്ങനെ മോഹൻലാൽ എന്ന നടൻ മലയാളി പ്രേക്ഷകർക്ക് മാത്രമല്ല, സിനിമാ പ്രേമികളായ മനുഷ്യർക്ക് പ്രിയങ്കരനായിത്തീരാൻ കാരണമായ നിരവധി ഫാക്റ്റേഴ്സ് ഉണ്ടായിരുന്നു. എന്നാൽ ആ ജാലവിദ്യക്കാരന്റെ ജാലവിദ്യക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി എന്തോ ഒരു കുറവ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ഓരോ സിനിമയിറങ്ങുമ്പോഴും ആ പഴയ ജാലവിദ്യക്കാരന്റെ പഴയ മായാജാലപ്രകടനങ്ങൾ മനസ്സിലേക്ക് ഒരു താരതമ്യത്തിനെന്ന പോലെ വെറുതെയങ്ങു കയറിവരും. അതോടെ എന്നിലെ ആ ജാലവിദ്യക്കാരന്റെ ആരാധകർ നിരാശരാകും. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടാനുണ്ടായ ഫാക്റ്റേഴ്സ് എല്ലാം ഒരു ദശാബ്ദക്കാലത്തോളമായി ഏതോ കനത്ത ചാരത്താൽ മൂടപ്പെട്ടുപോയിരുന്നു.

എന്നാൽ ആ കനൽ കെട്ടിട്ടില്ല, അതിനു മുകളിൽ പുതഞ്ഞിരിക്കുന്ന ചാരം ഊതിയൂതിയകറ്റാൻ, ആ കനലിനെ ഊതിയൂതിയെരിയിക്കാൻ കഴിവുള്ള ഒരുവൻ വന്നാൽ കനലിന്റെ ചൂടും തിളക്കവും കൂടുമെന്നതിനുള്ള ഉദാഹരണമാണ് ലിജോയുടെ മലൈക്കോട്ടെ വാലിബൻ. ഏത് മലയോടുപോലും പോരാടി ജയിക്കാൻ കെൽപ്പുള്ള മല്ലൻ. വാലിബനായി മോഹൻലാൽ വന്നപ്പോൾ, വർഷങ്ങളായി നമുക്ക് നഷ്ടപ്പെട്ട ആ ഇന്ദ്രജാലം നമുക്ക് തിരികെ ലഭിച്ചു.

അഭിനയത്തിൽ മോഹൻലാൽ എന്ന പ്രതിഭയ്ക്ക് പ്രത്യേകിച്ചൊന്നും തെളിയിക്കാനില്ല. അതെല്ലാം അയാൾ അയാളുടെ മുപ്പത് വയസ്സിനു മുന്നേ തന്നെ തെളിയിച്ചതാണ്. പക്ഷെ ഈയടുത്ത കാലത്ത് അയാളുടെ ഒരു സിനിമയിൽ പോലും ആ പഴയ അഭിനയകുലപതിയുടെ നേരിയൊരു നിഴലാട്ടം പോലും തെളിച്ചത്തോടെ കാണാൻ കിട്ടിയിരുന്നില്ല. ഇളകിയഭിനയിച്ചിരുന്ന അയാളുടെ ശരീരത്തിൽ ഒരു വല്ലാത്ത സ്റ്റിഫ്നെസ്സ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. വിസ്മയഭാവങ്ങൾ വിരിഞ്ഞ കണ്ണുകളിൽ നിന്ന് ഭാവങ്ങൾ ഒഴിഞ്ഞു പോയി. മുഖത്തെ പേശികൾ വലിഞ്ഞുമുറുകിയ അവസ്ഥയിൽ നിന്നു അയഞ്ഞ അവസ്ഥയിലേക്ക് വരാതെയായി. പ്രണയവും, കുസൃതിയും, ശത്രുവിനോടുള്ള ഭീഷണിയും, കൂടപ്പിറപ്പിനോടും വേണ്ടപ്പെട്ടവരോടുമുള്ള കരുതലും, ദേഷ്യവും, സങ്കടവും, പരിഭ്രമവും, എന്നുവേണ്ട മനുഷ്യന്റെ ഏതു ഭാവവും എളുപ്പത്തിൽ പ്രകടിപ്പിച്ചിരുന്ന അയാളുടെ ശബ്ദം പോലും വഴങ്ങുന്നില്ലേയെന്ന് പ്രേക്ഷകരിൽ ശങ്ക തോന്നിയിരുന്നു.

പക്ഷെ വാലിബൻ... അയാളിതാ അയാളുടെ പൂർണ്ണരൂപത്തിൽ വന്നു നിന്നിരിക്കുന്നു. യോദ്ധയിലും, തച്ചോളി വർഗീസ് ചേകവരിലും, ആറാം തമ്പുരാനിലുമൊക്കെ ആയോധനകലകളിൽ അഗ്രഗണ്യനായ നായകനെ കണ്ടിട്ടുണ്ട്. നിത്യേന പരിശീലനമുള്ള, ആയോധന കലയിൽ അഭ്യാസിയായൊരാളെന്ന് വിശ്വസിപ്പിക്കുന്ന മെയ്വഴക്കവും അടവുകളുടെ താളവും വൈഡ് ഫ്രെയിമിലേക്ക് മോഹൻലാൽ ആ സിനിമകളിലൊക്കെ കൊണ്ടുവന്നിരുന്നു. മല്ലയുദ്ധത്തിലെ വീരനായ വാലിബലിനൂടെ ആകാരാഭിനയത്തിലും മെയ്വഴക്കത്തിലും ഇളകിയാടുന്നൊരാളെ, ഏത് മഹാമല്ലനെയും നിലംപതിപ്പിക്കാൻ പ്രാപ്തിയുള്ളൊരാളെ സ്ക്രീനത്രയും നിറഞ്ഞ് കാണാനായി. ലോം​ഗ് ഷോട്ടുകളേറെയുള്ള സിനിമയിൽ മോഹൻലാൽ എന്ന നടന്റെ ശരീരത്തിന്റെ താളമത്രയും അനുഭവമാകുന്നു. കേളുമല്ലനെ പറത്തുന്നതിന് മുമ്പ് നിലത്ത് ചമ്രം പടിഞ്ഞ് ഇളകിച്ചിരിക്കുന്നത് മുതൽ ആകാരാഭിനയത്തിലെ മോഹൻലാൽ ഫാക്ടർ കാണാം. സദയം, താഴ്‌വാരം, കിരീടം, പാദമുദ്ര, വാനപ്രസ്ഥം അങ്ങനെയങ്ങനെ കണ്ണുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച മോഹൻലാലിനെ, ചതിയുടെ അരക്കില്ലത്തിൽ ചമതകന് മുന്നിലും, അയ്യനാരുടെ മുൻപിലും നിസ്സഹായനായിപ്പോയ വാലിബനിലൂടെ നമുക്ക് വീണ്ടും കാണാനായി. കമലദളം, പാദമുദ്ര, ഗാന്ധർവ്വം, വാനപ്രസ്ഥം, അങ്ങനെ എണ്ണിത്തിരിച്ചു പറയാൻ പറ്റാത്തത്ര ചിത്രങ്ങളിലെ അതേ മെയ്‌വഴക്കത്തോടെ ഏതൊരു മല്ലനെയും നേരായ അടവുകളിലൂടെ അടിയറവ് പറയിപ്പിക്കുന്ന മല്ലരിൽ മല്ലനായ വാലിബനായി മോഹൻലാൽ മാറി.

മുഖപേശികൾ അയഞ്ഞിരിക്കുന്നു.. കാമുകിയോടുള്ള പ്രണയവും, അതിന്റെ വിരഹവും, വളർത്തച്ഛനോടുള്ള കടപ്പാടും, അടിമത്തവും, ഏതൊക്കെ മല്ലയുദ്ധങ്ങൾ ജയിച്ചാലും താൻ ആരുമില്ലാത്തവനാണെന്ന് പറഞ്ഞു പഠിപ്പിച്ച ലോകത്തോടുള്ള അപകർഷതയും, അരക്ഷിതാവസ്ഥയും, എതിരാളിയോടുള്ള പോരാട്ടവീര്യവും, സഹജീവിയോടുള്ള സ്നേഹവും അനുകമ്പയും, കൂടപ്പിറപ്പിന്റെ മരണം നൽകിയ ഞെട്ടലും, ഒറ്റപ്പെടലും, സ്വന്തമെന്ന് കരുതിയതൊക്കെ ഒറ്റരാത്രി ഇരുണ്ട് വെളുത്തപ്പോൾ പകയും വെറുപ്പും നിറഞ്ഞ ശത്രുവായി തന്റെ നാശത്തിനായി നിലകൊള്ളുന്നു എന്ന തിരിച്ചറിവും എല്ലാമെല്ലാം വാലിബൻ കണ്ണുകളിലൂടെയും, തന്റെ ശബ്ദത്തിലൂടെയും, ബോഡി ലാംഗ്വേജിലൂടെയും പ്രകടിപ്പിച്ചു.

ലിജോ തന്റെ വാലിബനെ വെറുതെയങ്ങു പടച്ചുവിട്ടതല്ല. മോഹൻലാൽ എന്ന വെർസറ്റൈൽ ആക്ടറിന്റെ ഉടലിന്റെ മുഴുവൻ സാധ്യതകളും പരിപൂർണ്ണമായി ലിജോ ഉപയോഗപ്പെടുത്തി. സിനിമയിലുടനീളം വൈഡ് ആംഗിൾ ഷോട്ടുകളാണ്. അതികായനായ എന്നാൽ അതിമാനുഷനല്ലാത്ത, വാലിബന്റെ ഓരോ ഷോട്ടും കമന്റബിൾ ആണ്. ബോൺ ആക്ടറെന്നോ സ്പൊണ്ടേനിയസ് (spontaneous actor) ആക്ടറെന്നോ കംപ്ലീറ്റ് ആക്ടറെന്നോ അല്ല ഡയറക്ടേഴ്സ് ആക്ടറാണ് മോഹൻലാൽ.

മല്ലനായ വാലിബൻ മോഹൻലാലിന്റെ ശരീരത്തിൽ സുരക്ഷിതനായിരുന്നു. ഒരു മല്ലന് വേണ്ട അതികായനായി മോഹൻലാൽ തന്റെ ശരീരത്തെ മാറ്റിയെടുത്തിട്ടുണ്ട്. അത് അയാളുടെ നിൽപ്പിലും നടപ്പിലും ഇരിപ്പിലും എല്ലാം വ്യക്തം. എം ടിയുടെ ഭീമനാകാൻ, ആ വികാരവിഹ്വലതകൾ അഭിനയിച്ചുഫലിപ്പിക്കാൻ വേറൊരാൾ വേണ്ടെന്ന്, വാലിബൻ കണ്ടതിനു ശേഷം ഉറപ്പിച്ചുപറയാം. ലിജോ പറഞ്ഞത് പോലെ മലയാളത്തിന്റെ മോഹൻലാൽ ഇതാ അവതരിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in