ആലീസ് പ്രോമിസിങ്ങാണ് , മദനോത്സവത്തിലേത് ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രമെന്ന് ഭാമ അരുണ്‍

ആലീസ് പ്രോമിസിങ്ങാണ് , മദനോത്സവത്തിലേത് ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രമെന്ന് ഭാമ അരുണ്‍

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സീരിയസ് വേഷങ്ങളില്‍ നിന്ന് മാറി സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എട്ട് ദിവസം മുമ്പ് റിലീസ് ചെയ്തിരുന്നു. ചിത്രത്തില്‍ സുരാജിന്റെ നായികയായെത്തുന്നത് ഭാമ അരുണാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ മറ്റ് സിനിമകള്‍ പോലെയല്ല മദനോത്സവം എന്ന് ഭാമ അരുണ്‍ പറയുന്നു. ഓരോ കഥാപാത്രങ്ങള്‍ക്കും ഒരോ ഷേയ്ഡ്‌സ് ഉണ്ട്. കാസര്‍ഗോഡ് ഒരു ഡ്രൈ ലാന്‍ഡ് ആണെന്ന തരത്തിലുള്ള മുന്‍വിധികള്‍ തകര്‍ക്കുന്ന ചിത്രമാണ് മദനോത്സവമെന്നും ഭാമ പറയുന്നു. ചിത്രത്തെക്കുറിച്ച് ഭാമ അരുണ്‍ ദ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ഓഡിഷന്‍ വഴി സിനിമയിലേക്ക്

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് സജീവ് വൈക്കത്തിന്റെ നിദ്രാടനത്തില്‍ അഭിനയിക്കുന്നത്. അതൊരു ഓഫ് ബീറ്റ് ചിത്രമായിരുന്നു, ആക്ടിങ്ങ് എന്താണെന്ന് അറിയാനും ഒരു എക്‌സ്പീരിയന്‍സിന് വേണ്ടിയും ആയിരുന്നു അത്. അതിന് ശേഷം കുറേ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അങ്ങനെ ഒരു ഓഡീഷന്‍ വഴിയാണ് മദനോത്സവത്തിലേക്ക് എത്തുന്നത്.

ആഗ്രഹിച്ച് ചെയ്യാന്‍ പറ്റിയ ആലീസ്

മദനോത്സവം ഒരു വണ്ടര്‍ഫുള്‍ ടീം ആയിരുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതുന്നു, സുധീഷ് സാര്‍ സംവിധാനം ചെയ്യുന്നു. ക്രിസ്റ്റോ സാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അങ്ങനെ എല്ലാം കൂടിയൊരു അടിപൊളി ടീമാണത്. ഓഡിഷനില്‍ തെരഞ്ഞെടുത്തുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ വ്യക്തിപരമായി ഈ കഥാപാത്രം പ്രോമിസിങ്ങാണ് എന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഈ പറഞ്ഞ പോലെ ഒരു മുപ്പതുകാരി കഥാപാത്രം, ഒരു കുട്ടിയുടെ അമ്മ തുടങ്ങിയ ഇന്‍ഹിബിഷന്‍സൊന്നും എനിക്ക് തോന്നിയിരുന്നില്ല. പിന്നെ എപ്പോഴും എല്ലാവരും നോക്കുന്നതും ആഗ്രഹിക്കുന്നതും എന്താണെന്നാല്‍ അവരുടെ ജീവിതത്തില്‍ നിന്ന്‌ അല്ലെങ്കില്‍ അവരെന്താണോ അതില്‍ നിന്നും വെല്ലുവിളിയുണര്‍ത്തുന്ന ഒരു സംഭവം ചെയ്യണം എന്നാണല്ലോ. അങ്ങനെ വരുമ്പോള്‍ എനിക്കിത് കുറേക്കാലമായി ഭയങ്കര ആഗ്രഹിച്ച് ചെയ്യാന്‍ പറ്റിയ ഒരു കഥാപാത്രമാണെന്നാണ് വ്യക്തിപരമായി തോന്നുന്നത്.

ആലീസ് എന്ന കഥാപാത്രം

ആലീസ് എന്ന് പറയുന്ന കഥാപാത്രത്തിന് ഒരുപാട് ഷേയ്ഡ്‌സുണ്ട്. പ്രായത്തിന്റെ പക്വത കാണിക്കുന്ന സ്ത്രീയാണ്. പടം ചെയ്യുന്ന സമയത്ത് എനിക്ക് ഇരുപത്തിമൂന്ന് വയസ്സായിരുന്നു. ഇപ്പോള്‍ ഇരുപത്തിനാല് വയസ്സായി, ഇരുപത്തിനാല് വയസ്സുള്ള ഒരാള്‍ മുപ്പത് വയസ്സുള്ള ഒരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന തോട്ട് പ്രോസസ്സില്‍ വ്യത്യാസമുണ്ട്. അതായത് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്ന രീതിയില്‍ ആയിരിക്കില്ല ഒരു സാഹചര്യത്തില്‍ ആലീസ് എന്ന കഥാപാത്രം ചിന്തിക്കുന്നുണ്ടാവുക, അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളായിരിക്കില്ല ഒരു സാഹചര്യത്തിലും ആലീസ് എന്ന കഥാപാത്രം ചെയ്യുന്നുണ്ടാവുക. അങ്ങനെ തോട്ട് പ്രോസസില്‍ തന്നെ വ്യത്യാസങ്ങള്‍ ഉള്ളൊരു കഥാപാത്രമാണ് ആലീസ്. അതിനെന്നെ എറ്റവും കൂടുതല്‍ സഹായിച്ചത് സംവിധായകന്‍ സുധീഷ് സാറാണ്. ഒരു സാഹചര്യത്തില്‍ ആലീസ് എങ്ങനെയാണ് ചിന്തിക്കുക, എങ്ങനെയാണ് ഡയലോഗ് പറയുക, ആലീസിനെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം സുധീഷ് സാര്‍ തന്നെ നന്നായി പറഞ്ഞു തന്നിരുന്നു.

പക്കാ കാസര്‍ഗോഡന്‍ സിനിമ

എന്റെ വീട് കണ്ണൂരാണ്. കാസര്‍ഗോഡ് ഭാഷയുമായിട്ട് നല്ല സാമ്യതയുണ്ട്, ഭയങ്കരായിട്ട് ഒന്നുമില്ല എന്നാലും കുറച്ച് സാമ്യതയുണ്ട്. അതുകൊണ്ട് തന്നെ കാസര്‍ഗോഡന്‍ സ്ലാങ്ങ് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, ചെറിയ ചെറിയ ബുദ്ധിമുട്ടുകളെ ഉണ്ടായിട്ടുള്ളു.

ബളാലും നാട്ടുകാരും

ഇതൊരു ടീം വര്‍ക്കായിരുന്നു, അതില്‍ ഏറ്റവും കൂടുതല്‍ പിന്തണച്ചത് അവിടുത്തെ നാട്ടുകാരാണ്. ഷൂട്ടിംഗ് നടന്നത് കാസര്‍ഗോഡിലെ ബളാല്‍ എന്ന സ്ഥലത്തായിരുന്നു. അവിടെയുള്ള ഓരോ ആള്‍ക്കാരും അത്രയും സഹകരണത്തോടെയാണ് ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. അതായത് അവരുടെ വീട്ടില്‍ ഒരു കല്യാണം നടക്കുമ്പോള്‍ അവര്‍ എന്തൊക്കെയാണോ ചെയ്യുക അതുപോലെ തന്നെയായിരുന്നു അവിടെ ഷൂട്ട് നടക്കുന്ന സമയത്തും. അവിടെ ഒരു കല്യാണ സെറ്റ് ഇട്ടു എന്നു വച്ച് അവര്‍ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, അവരുടെ വീട്ടില്‍ ഒരു കല്യാണം നടക്കുന്നു എന്ന രീതിയില്‍ തന്നെയാണ് അവര്‍ വന്ന് പങ്കുചേര്‍ന്ന് എല്ലാ കാര്യങ്ങളും ചെയ്തതും സഹായിച്ചതും. അതൊക്കെ കണ്ടിരിക്കാനും അനുഭവിക്കാനുമെല്ലാം പറ്റിയത് വലിയൊരു ഭാഗ്യമായിട്ട് മാത്രമേ കാണുന്നുള്ളൂ. നല്ല അനുഭവമായിരുന്നു മദനോത്സവത്തിലെ ഒരു ഭാഗമാകാന്‍ പറ്റിയത് തന്നെ, ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി.

ഫെസ്റ്റിവല്‍ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യം

വിഷുവിന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത് ഭാഗ്യമായിട്ടാണ് കാണുന്നത്. കാരണം സുരാജേട്ടന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു ഏതൊരു നടനും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഒരു സെലിബ്രേഷന്റെ സമയത്ത് ആ നടന്റെ ഒരു സിനിമ ഇറങ്ങണം എന്നതാണെന്ന്. അത്രയ്ക്കും സിനിമയെ ഇഷ്ടപ്പെടുന്ന, അത്രയ്ക്കും സിനിമയെ ആഘോഷിക്കുന്ന, കാണുന്ന ആളുകളാണ് ഒരു ഫെസ്റ്റിവല്‍ സമയത്ത് സിനിമ വരണമെന്ന് ആഗ്രഹിക്കുക. കാരണം ഫെസ്റ്റിവലിന് റിലീസിനെത്തുന്ന ഒരു ചിത്രം സ്വീകരിക്കപ്പെടുന്നത് വളരെ ആഘോഷത്തോടെയാണ്. നമ്മുടെ വീട്ടില്‍ നടക്കുന്ന ഒരു സംഭവം പോലെ തന്നെയാണ് പ്രേക്ഷകര്‍ അതിനെ സ്വീകരിക്കുന്നതും ആഘോഷിക്കുന്നതും. ഇപ്പോള്‍ നമ്മളാണെങ്കില്‍ തന്നെ വിഷുവിനോ ക്രിസ്മസിനോ ഈസ്റ്ററിനോ അല്ലെങ്കില്‍ ഏതൊരു ഫെസ്റ്റിവലിനായാലും ആദ്യം നോക്കുന്നത് ഏത് സിനിമ ഇറങ്ങുന്നുണ്ട് എന്നൊക്കെയാണ്. അത് നമ്മുടെ ആഘോഷത്തിന്റെ ഭാഗമാണ്. അതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് കാണുന്നത്.

മുന്‍ വിധികള്‍ തകര്‍ത്ത കാസര്‍ഗോഡ്

നമ്മള്‍ ഷൂട്ട് ചെയ്ത സമയത്ത് നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. അതായത് രാവിലെയൊക്കെ എഴുന്നേല്‍ക്കുന്ന നേരത്ത് നല്ല മഞ്ഞും തണുപ്പും ഒക്കെയാണ്. മഴയുടെ സമയമല്ലെങ്കിലും മഴയുമുണ്ടായിരുന്നു. ആ ഒരു സമയത്ത് ഷുട്ടിങ്ങ് പ്രദേശമെല്ലാം ഭയങ്കര മനോഹരമായി തോന്നിയിരുന്നു. അതായത് ഇപ്പോള്‍ പറഞ്ഞ പോലെ കാസര്‍ഗോഡ് എന്നാല്‍ ഡ്രൈ ലാന്റ് എന്ന ചിന്താഗതിയാണല്ലോ പൊതുവെ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അത്തരം മുന്‍വിധികളെ പൊളിക്കുന്ന തരത്തിലൊരു കാസര്‍ഗോഡിനെ നമുക്ക് സിനിമയില്‍ കാണാം. വളരെ മനോഹരമായ ഒരു സ്ഥലത്തെ അത്രയും മനോഹരമായി തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്.

കോഴിക്ക് കളറടിക്കുന്ന മദനന്‍

കോഴിക്ക് കളറടിക്കുന്നത് ഇപ്പോള്‍ നമുക്ക് അങ്ങനെ കാണാന്‍ പറ്റാത്ത ഒരു സംഭവമാണ്. ഇവിടെയാണെങ്കില്‍ കോഴിക്ക് കളറടിച്ച് വില്‍ക്കുന്നതൊക്കെ ഭയങ്കര സാധാരണയായ കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അത് വളരെ കുറഞ്ഞു വന്നിരിക്കുന്നു. ആ സമയത്തൊക്കെ കോഴികളെ കൊണ്ടുവന്ന് വില്‍ക്കുന്നവരില്‍ നിന്നും ആളുകള്‍ കോഴിയെ വാങ്ങാറുണ്ട്. തികച്ചും ഇത്രയും കാലം വരാത്ത ഒരു സംഭവമാണ് ഈ കോഴിക്ക് കളറടിക്കുക എന്നൊരു കഥാപാത്രം. അല്ലെങ്കില്‍ അയാളുടെ ജീവിതത്തിലൂടെ എന്തൊക്കെ സംഭവങ്ങളാണ് നടക്കുന്നതെന്നൊന്നും ഇതുവരെ സിനിമയില്‍ വന്നിട്ടില്ല. രതീഷ് സാറിന്റെ മറ്റ് സിനിമകളെപ്പോലെയാണോ മദനോത്സവം എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ഒരിക്കലുമല്ല, ഒരോ കഥാപാത്രത്തിനും ഒരോ ഷേയ്ഡ്സ് ഉണ്ട് മാത്രവുമല്ല തികച്ചും വ്യത്യസ്തമായ കഥയിലൂടെയുമാണ് ഈ സിനിമ കടന്നു പോകുന്നത്.

'അടി,പിടി, ഇടി' യല്ല ബാബു സാര്‍

ബാബു സാറിനെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് മദനോത്സവത്തിലാണ്. ബാബു സാറിന്റെ കൂടെ എനിക്ക് അധികം കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. ആകെ ഒരു സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഈ പറഞ്ഞപോലെ ബാബു സാര്‍ എന്ന് പറയുമ്പോള്‍ എല്ലാരും മറ്റേ അടി, പിടി, ഇടി എന്ന് പറയുന്നൊരു സംഭവം ആണെല്ലോ? പക്ഷേ റിയല്‍ ലൈഫില്‍ തികച്ചും വ്യത്യസ്തമായ ഒരാളെയാണ് കാണാന്‍ കഴിയുക. എപ്പോഴും എന്റര്‍ടെയ്ന്റായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരാളാണ് ബാബു സാര്‍. പക്ഷേ ആളുടെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ അത് അധികം കൂടുതലായിപ്പോകും, അതുകൊണ്ട് പറയുന്നില്ല.

സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി, പ്രേക്ഷക പ്രതീക്ഷ

തീര്‍ച്ചയായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഇത്, കാരണം സിനിമയുടെ കഥയും സിനിമയും അങ്ങനെയാണ് പോകുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ ഒരു ഭാരമായി കാണുന്നില്ല. എന്ത് വന്നാലും നല്ലത്, ഭാഗ്യം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഒരിക്കലും അതൊരു ഭാരമായി കാണുന്നു എന്ന് ഞാന്‍ പറയില്ല, ഈ പറഞ്ഞപോലെ സുരാജേട്ടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുണ്ടായിരുന്നു കുറേക്കാലത്തിന് ശേഷമാണ് സുരാജേട്ടന്‍ അഴിഞ്ഞാടി അഭിനയിക്കുന്നത് എന്ന്, തികച്ചും വ്യത്യസ്തമായ ഒരു ഷേയ്ഡ് തന്നെയാണ് ഇതില്‍ സുരാജേട്ടന്‍ ചെയ്തിരിക്കുന്ന കഥാപാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in