കണ്ണൂര്‍ ഡീലക്സും കുറ്റാന്വേഷണത്തിന്‍റെ പെണ്മുഖവും

കണ്ണൂര്‍ ഡീലക്സും കുറ്റാന്വേഷണത്തിന്‍റെ പെണ്മുഖവും

ഓരോ പ്രദേശത്തിലെയും വാഹനങ്ങള്‍ക്ക് അവയുടെ ദൃശ്യസംസ്കാരവുമായി ബന്ധമുണ്ട് എന്നുള്ള കാര്യം വളരെ വ്യക്തമാണ്. ചില നഗരങ്ങളുടെ സവിശേഷ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ തന്നെ അവിടെ ഓടുന്ന വാഹനങ്ങളുടെ ചില വ്യതിരിക്തഭാവങ്ങള്‍ കാരണമാകുന്നുവെന്ന് കാണാം. അവയുടെ സാംസ്കാരികമായ ഏകീകരണത്തെ നിര്‍ണ്ണയിക്കുന്നതില്‍ മാത്രമല്ല പ്രത്യേകമായ ഒരു പ്രാദേശികസ്വത്വത്തെ രൂപപ്പെടുത്തുന്നതിലും അവ പങ്കു വഹിക്കുന്നുണ്ട്. പിന്നീട് ആ നഗരം/പ്രദേശം ഒരു കലാസൃഷ്ടിയില്‍ ആലേഖനം ചെയ്യുന്ന സമയത്ത് അവ അതിന്‍റെ സൗന്ദര്യശാസ്ത്രത്തെ നിര്‍ണ്ണയിക്കുന്നതില്‍ തനതായ സംഭാവന നല്‍കുകയും ചെയ്യും.

മുംബൈ നഗരത്തിലെ ബസ്സുകള്‍, ടാക്സികള്‍, സബര്‍ബന്‍ തീവണ്ടികള്‍ ഇവയൊക്കെ കറുപ്പും വെളുപ്പിലും മാത്രമല്ല, പിന്നീട് വന്നിട്ടുള്ള വര്‍ണ്ണപ്പകിട്ടിന്‍റെ കാലത്തും, സിനിമ ഉള്‍പ്പടെയുള്ള കലാരൂപങ്ങളില്‍ കൃത്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. കൊല്‍ക്കൊത്ത നഗരത്തിലെ ട്രാമുകള്‍, മഞ്ഞ നിറമുള്ള ടാക്സികള്‍ എന്നിവ ആ നഗരത്തിന്‍റെ കൃത്യമായ അടയാളങ്ങള്‍ ആണ്. ഊട്ടി എന്ന പ്രദേശമാണ് കഥാപരിസരമെങ്കില്‍ നീലഗിരി എക്സ്പ്രസ് എന്ന നീലത്തീവണ്ടിയെക്കാള്‍ പ്രധാനമല്ല ആ പ്രദേശത്തെ വര്‍ണ്ണസമൃദ്ധമായ പച്ചക്കുന്നുകള്‍. എറണാകുളം നഗരത്തിലെ ചുവന്ന നിറമുള്ള ബസ്സുകളും കോഴിക്കോട് നഗരത്തിലെ ഇളംപച്ച നിറമുള്ള ബസ്സുകളും ഒരു കാലഘട്ടത്തില്‍ ഈ രീതിയില്‍ അതതു നഗരങ്ങളെ കുറിച്ചുള്ള സൂചനകള്‍ ദൃശ്യഭാഷയില്‍ ആവിഷ്കരിച്ചവയാണ്.

കേരള സംസ്ഥാനത്തില്‍ ഈ രീതിയില്‍ ദൃശ്യസംസ്കാരം രൂപീകരിച്ചതില്‍ പ്രമുഖമായ പങ്കു വഹിച്ചവയാണ്, റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ്സുകള്‍. ചുവപ്പ് നിറത്തില്‍ പ്രധാനമായും, കടുംപച്ച പോലെ മറ്റു നിറങ്ങളിലും, ബോഡി നിര്‍മ്മാണത്തില്‍ പ്രകടിപ്പിക്കുന്ന ഏകീകരണത്തിലൂടെയും മറ്റും, ആധുനികവും സ്ഥാപനപരമായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലൂടെയും കേരളം എന്ന പ്രദേശത്തിന്‍റെ ദൃശ്യസംസ്കാരത്തെ തന്നെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായി പ്രസ്തുത ബസ്സുകള്‍ ഒരു കാലഘട്ടം വരെയെങ്കിലും നിലനിന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവ ഒരു നാടിന്‍റെ സാംസ്കാരിക ചരിത്രത്തിന്‍റെ ഭാഗമായി മാറിയിരുന്നുവെന്നു കാണാം.

ഈ രീതിയില്‍ കേരളത്തിന്‍റെ സാംസ്കാരികചരിത്രത്തിന്‍റെ ഭാഗമായി മാറിയ ഒരു ബസ്സിനെ കേന്ദ്രീകരിച്ചു കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് 'കണ്ണൂര്‍ ഡീലക്സ്' (1969). മലയാള സിനിമയുടെ ആസ്വാദനത്തിന്‍റെ ഒരു നവീനമായ മുഖം ഈ സിനിമ കൊണ്ടുവരുന്നുണ്ട് എന്ന് ആ സിനിമയുടെ ചില സവിശേഷതകള്‍ സൂചന നല്‍കുന്നു. ഈ നവീനതയാകട്ടെ കൃത്യമായും മലയാളസിനിമയുടെ സൗന്ദര്യശാസ്ത്രരീതികളില്‍ ഒരു മാറ്റം കൊണ്ടു വരേണ്ടതിന്‍റെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടു കൊണ്ടാണ് വികസിക്കുന്നത്.

1960കളുടെ പകുതി വരെ പ്രധാനമായും സ്റ്റുഡിയോ കേന്ദ്രീകരിച്ചുള്ള ഉത്പാദനപ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന ചലച്ചിത്ര വ്യവസായം, അതിനു ശേഷമുള്ള കാലത്തില്‍, സൗന്ദര്യശാസ്ത്രപരമായ കാരണങ്ങളാല്‍ മെല്ലെ കേരളീയമായ ഗ്രാമീണപശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന രീതിയിലേയ്ക്കു പ്രവേശിച്ചു തുടങ്ങിയിരുന്നു. കേരളീയമായ ഗ്രാമീണപശ്ചാത്തലം, തറവാടുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ ദൃശ്യപംക്തികള്‍ സ്റ്റുഡിയോവില്‍ വരച്ചു ചേര്‍ത്ത ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നതു മാറി കുറേക്കൂടി യഥാതഥമായ ഒരു ആവിഷ്കാരത്തിനായി കേരളീയഗ്രാമങ്ങളില്‍ തന്നെ ചിത്രീകരിക്കുന്ന രീതി എം ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’ (1965) എന്ന ചിത്രത്തില്‍ പ്രകടമായി കാണാം. മലയാള സിനിമയില്‍ പില്‍ക്കാലത്ത്‌ ധാരാളമായി ചിത്രീകരിച്ചിട്ടുള്ള വള്ളുവനാടന്‍ ഗ്രാമപരിസരങ്ങളും, നിളാനദിയും മറ്റും ആദ്യമായി കടന്നു വരുന്ന ചിത്രമാണ് ‘മുറപ്പെണ്ണ്’.

നഗരങ്ങള്‍ അതുമായി ബന്ധപ്പെട്ട ചടുലമായ ജീവിതരീതി, നഗരകേന്ദ്രീകൃതമായ സമാന്തരസമ്പദ്ഘടന, കുറ്റകൃത്യങ്ങള്‍, ക്രിമിനല്‍ അധോലോകം, അവയുടെ അന്വേഷണം ഇവയൊക്കെ ചേരുവകള്‍ ആകുന്ന ചിത്രങ്ങള്‍ മറ്റു ഭാഷകളില്‍ രൂപപ്പെട്ടത് പോലെ മലയാളത്തില്‍ കാര്യമായി ഉണ്ടായില്ല. എ വിന്‍സെന്റ് സംവിധാനം ചെയ്ത ‘നഗരമേ നന്ദി’ (1967) മദിരാശി നഗരത്തില്‍ ചിത്രീകരിക്കപ്പെട്ടതാണ് എങ്കിലും `മുറപ്പെണ്ണ്` എന്ന ചിത്രത്തിലേത് പോലെ ഗ്രാമീണമായ കുടുംബബന്ധങ്ങളിലും സാമൂഹ്യ വൈരുധ്യങ്ങളിലും മാത്രം ചുറ്റിത്തിരിയുന്ന ഒരു കഥാപരിസരത്തെ കേന്ദ്രീകരിച്ചു രൂപപ്പെട്ട ഒന്നാണ്. ഇത്തരത്തില്‍ ഗ്രാമീണമായ ജീവിതപരിസരങ്ങളിലും ‘മെലോഡ്രാമാറ്റിക്ക്’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന സൗന്ദര്യശാസ്ത്രശൈലികളിലും കുടുങ്ങിക്കിടന്ന മലയാള സിനിമയുടെ നിര്‍മ്മാണരീതിയെ മുറിച്ചു കടക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമായും കുടുംബബന്ധങ്ങളെ അപ്രസക്തമാക്കുന്ന, കൂടുതല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുന്ന ആഖ്യാനപരിസരങ്ങളും ശൈലികളും സ്വീകരിക്കുന്ന, ഒരു കൂട്ടം ചിത്രങ്ങളില്‍ കൂടിയാണ് സാധ്യമായത്. അവയില്‍ പ്രമുഖമായിരുന്നു ‘കണ്ണൂര്‍ ഡീലക്സ്’.

ആധുനികമായ ജീവിതരീതികളെ നഗരവുമായി ചേര്‍ത്ത് വായിക്കുന്ന പഠനങ്ങള്‍ പലപ്പോഴും അതിനെ നഗരജീവിതത്തിന്‍റെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തുന്നുണ്ട്. നഗരജീവിതത്തിലെ വേഗത, ഗതാഗതരീതികളില്‍ അടക്കം നിലനില്‍ക്കുന്ന സാങ്കേതികമായ ഇടപെടല്‍, അവയുടെ വാസ്തുവിദ്യയിലും മറ്റും പ്രകടമായ ദൃശ്യപ്പൊലിമ ഇതൊക്കെ ആധുനികതയുടെ ചിഹ്നങ്ങളായി ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ചരിത്രം നോക്കിയാല്‍ ആഖ്യാനത്തെക്കാള്‍ ദൃശ്യപ്പൊലിമയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയായിരുന്നു തുടക്കക്കാലത്ത് ഉണ്ടായിരുന്നത്. ദൃശ്യപരമായ ആകര്‍ഷകത്വം സൃഷ്ടിക്കുക എന്നതു അതിന്‍റെ സൗന്ദര്യശാസ്ത്രത്തെ നിര്‍ണ്ണയിക്കുന്നതില്‍ പങ്കു വഹിച്ചു. സാങ്കേതികമായ നൂതനത്വം , ചലനാത്മകത, അത് സൃഷ്ടിക്കുന്ന ദൃശ്യപരമായ ആകര്‍ഷണം ഇവയൊക്കെ പ്രാധാന്യം നല്‍കുന്ന സിനിമകളില്‍ നഗരജീവിതത്തിന്റെ ചിത്രീകരണം മേല്‍ക്കൈ നേടി.

കേരളത്തില്‍ വേഗതയും സാങ്കേതികമായ സൗകര്യങ്ങളും ഉള്ള നഗരങ്ങള്‍ പൊതുവേ കുറവായിരുന്നു. അന്താരാഷ്‌ട്രബന്ധങ്ങള്‍ നിലനിര്‍ത്തിയ കൊച്ചി പോലും 1960-70 കാലഘട്ടത്തില്‍ താരതമ്യേന ശാന്തമായ ഒരു നഗരമായിരുന്നു എന്ന് കാണാം.അതുകൊണ്ട് തന്നെ നഗരജീവിതത്തിന്‍റെ ആധുനികമായ അനുഭവം ആവിഷ്കരിക്കുനതിനു ദൃശ്യപരമായ പരിമിതികള്‍ ചലച്ചിത്രങ്ങള്‍ നേരിട്ടിരുന്നു. മലയാളിയുടെ ആധുനികജീവിതാനുഭവത്തെ സൂചിപ്പിക്കുന്ന കാറുകള്‍, തീവണ്ടികള്‍, ബസ്സുകള്‍, വന്‍ ഹര്‍മ്യങ്ങള്‍ എന്നിവയെ ദൃശ്യപരതയുടെ ഭാഗമാക്കുന്ന സാധ്യത ഈ രീതിയില്‍ വരുന്നതാണ്. ‘കണ്ണൂര്‍ ഡീലക്സ്’ എന്ന ബസ്സ്‌ ഈ രീതിയില്‍ ആധുനികമായ ഗതാഗത സൗകര്യങ്ങളുടെ ഒരു പ്രതീകം എന്ന നിലയിലാണ് സിനിമയിലേയ്ക്ക് കടന്നുവരുന്നത്‌. വേഗത, കൃത്യത, സുഖസൗകര്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു വാഹനം എന്ന നിലയില്‍ മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന രീതിയില്‍ സ്ഥലത്തിന്‍റെ പരിമിതിയെ മറികടക്കുന്ന ഒരു സാങ്കേതിക രൂപം എന്ന നിലയിലും പ്രസ്തുത ബസ്സ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. സിനിമയുടെ ദൈര്‍ഘ്യം, പ്രത്യേകിച്ചും അവയെ ചുരുക്കുന്ന രീതി, ഇക്കാലത്ത് അവയുടെ തനതു ശൈലി ആയി മാറുന്നുണ്ട്. എന്നാല്‍ അതില്‍ ഒട്ടും ഊന്നാതെ തന്നെ 'കണ്ണൂര്‍ ഡീലക്സ്' എന്ന സിനിമയില്‍ കടന്നു വരുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ബസ്സ് യാത്ര ചെയ്യുന്നതും, അതില്‍ നിന്ന് ചില മണിക്കൂറുകള്‍ മാത്രം കൂട്ടിച്ചേര്‍ത്താല്‍ ലഭിക്കുന്ന ഒരു സമയത്തിനുള്ളില്‍ ആണ് സിനിമയുടെ ദൈര്‍ഘ്യം.

പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പോലെ ‘കണ്ണൂര്‍ ഡീലക്സ്’ ഒരു റോഡ്‌ മൂവി അല്ല. അത് പ്രധാനമായും ഒരു കുറ്റാന്വേഷണ ചിത്രമാണ്. ഈ ഒരു തലം കൂടി അതിനെ തികച്ചും ആധുനികമായ ഒരു ഭാവപരിസരവുമായി ബന്ധിപ്പിക്കുന്നു. എന്നാല്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ കേരളത്തില്‍ ഒരു വലിയ നഗരം ഇല്ലായിരുന്നു എന്ന വസ്തുത, ഈ കുറ്റകൃത്യം അവതരിപ്പിക്കുന്നതിന് ഒരു ആധുനികമായ ഇടം നിര്‍മ്മിക്കുന്നതിന്‍റെ സാധ്യതയെ അടച്ചു കളയുന്നു. 1950കളില്‍ ഹിന്ദി സിനിമയില്‍ കുറ്റകൃത്യങ്ങളുടെയും അധോലോക പ്രവര്‍ത്തനങ്ങളുടെയും ഒരു കേന്ദ്രം എന്ന നിലയില്‍ മുംബൈ (അന്ന് ബോംബെ) നഗരം പ്രവര്‍ത്തിക്കുന്നത് വളരെ കൃത്യമായി തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ രീതിയില്‍ ഉള്ള ഒരു ഇരുണ്ട നഗരം കേരളത്തില്‍ ഇല്ല എന്നതിന്‍റെ സൂചന ‘കണ്ണൂര്‍ ഡീലക്സ്’ നല്‍കുന്നുണ്ട്.

തിരുവനന്തപുരം, കോഴിക്കോട് എന്നീ രണ്ടു നഗരങ്ങളില്‍ ആണ് പ്രധാനമായും നിയമവിരുദ്ധമായ പ്രവര്‍ത്തങ്ങള്‍ നടക്കുന്നതായി സിനിമയില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ രണ്ടു നഗരങ്ങളും സിനിമയില്‍ വ്യക്തമായി കാണിക്കുന്നില്ല. അതേ സമയം ഈ രണ്ടു നഗരങ്ങളെ സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ (കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ) ചിത്രത്തില്‍ കാണാം. ഈ അടയാളങ്ങള്‍ കൃത്യമായും ആ നഗരത്തില്‍ കൂടി കടന്നു പോകുന്ന ബസ്സില്‍ നിന്നുള്ള കാഴ്ച എന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ അവസാന ഭാഗത്ത്‌ നടക്കുന്ന ഒരു സംഘട്ടനരംഗം, വളരെ മനോഹരമായി, കോഴിക്കോട്ടുള്ള ഒരു തടിമില്ലില്‍ ചിത്രീകരിച്ചിരിക്കുന്നത് ഒഴിച്ചാല്‍, സിനിമ വാതില്‍പ്പുറരംഗങ്ങള്‍ മിക്കവാറും റോഡുകളുമായി ബന്ധപ്പെട്ട പൊതുവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം, സിനിമ കൂടുതല്‍ സ്റ്റുഡിയോ രംഗങ്ങളും സ്വീകരിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ഏറെയും കണ്ണൂര്‍ ഡീലക്സ് എന്ന ബസ്സിനുള്ളില്‍ വച്ചോ, അത് കടന്നു പോകുന്ന വഴികള്‍ നഗരങ്ങള്‍ (പ്രധാനമായും ബസ്സ്‌ സ്റ്റാന്റ്‌, നഗരത്തിലെ അടയാളദൃശ്യങ്ങള്‍) എന്നിവിടങ്ങളിലോ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ബസ്സ്‌ ഇവിടെ ആധുനികതയുടെ അടയാളം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

കണ്ണൂര്‍ ഡീലക്സ് എന്ന ബസ്സ്‌ കടന്നുപോകുന്ന സ്ഥലങ്ങള്‍ എന്ന നിലയില്‍ തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിലൊക്കെ തന്നെ വസ്തുനിഷ്ഠമായ ഒരു ചിത്രീകരണ രീതിയാണ് സിനിമ സ്വീകരിക്കുന്നത്. മറ്റൊന്ന് ബസ്സ് ചിത്രീകരിക്കുമ്പോള്‍ അതിന്‍റെ ഉള്ളില്‍ നിന്നുള്ള യഥാര്‍ത്ഥ ഷോട്ടുകള്‍ മാത്രമല്ല, പുറത്തു നിന്നുള്ള ലോങ്ങ്,‌ ക്ലോസ്സ്-അപ്പ്‌ ഷോട്ടുകളും ഉപയോഗിച്ചിട്ടുണ്ട്. ഗ്രാമീണ ദൃശ്യങ്ങളുടെ ചിത്രീകരണം പൊതുവേ കുറവാണ്. ആള്‍പ്പാര്‍പ്പ് കുറഞ്ഞതും വിജനവും ഊഷരവുമായ ഇടങ്ങളില്‍ കൂടിയാണ് പലപ്പോഴും ബസ്സ്‌ കടന്നു പോകുന്നത്. സ്റ്റുഡിയോകളില്‍ നിന്ന് പുറമേയ്ക്ക് കടക്കുന്ന സിനിമകള്‍ പലതും സസ്യാഭമായ സ്ഥലങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തികച്ചും ഭിന്നവും അന്യവുവുമായ ഒരു വസ്തുപ്രപഞ്ചമാണ് ‘കണ്ണൂര്‍ ഡീലക്സ്’ എന്ന ചിത്രത്തില്‍ കാണാന്‍ കഴിയുക. അതായത് ആധുനികതയുടെ ഭൌതിക പരിസരം തീര്‍ക്കുന്ന നഗരങ്ങള്‍ ഇല്ലെങ്കിലും അതിനെ ആവിഷ്കരിക്കുന്ന മറ്റു പ്രതീകങ്ങളില്‍ കൂടി ആധുനികമായ ഒരു സംവേദനം ദൃശ്യവല്‍ക്കരിക്കാന്‍ സിനിമ ശ്രമിക്കുന്നു.

അതേ പോലെ തന്നെ നഗരകേന്ദ്രീകൃതമായ മറ്റൊരു തലം എന്ന നിലയില്‍ കാണാവുന്ന കുറ്റകൃത്യങ്ങളുടെ ഒരു ലോകവും ഈ ചിത്രത്തില്‍ പ്രകടമായിത്തന്നെ നിലനില്‍ക്കുന്നു. കുറ്റകൃത്യം നടക്കുന്ന ഏതെങ്കിലും ഒരു നഗരത്തിന്‍റെ സവിശേഷമായ ദൃശ്യങ്ങള്‍ ഇല്ലെങ്കിലും, നിയമവിരുദ്ധമായ ഒരു കുറ്റകൃത്യമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. അതിന്‍റെ പശ്ചാത്തലമായ ഇടം സൃഷ്ടിക്കുന്നതാകട്ടെ ‘കണ്ണൂര്‍ ഡീലക്സ്’ എന്ന ബസ്സ്‌ ആണെന്ന് കാണാം. ‌അതായത് കുറ്റകൃത്യത്തെ ഏതെങ്കിലും ഒരു സവിശേഷ ഇടത്തില്‍ ഉറപ്പിക്കുകയല്ല, ബസ്സും അതിന്‍റെ യാത്രാപഥവും കുറ്റകൃത്യത്തിന്റെ ഇടങ്ങളായി മാറുകയാണ് ചെയ്യുന്നത്.

ഈ ചിത്രത്തിലെ ആധുനികമായ സംവേദനത്തിന്‍റെ മറ്റൊരു തലം കുറ്റാന്വേഷകയായി ഒരു സ്ത്രീ വരുന്നുവെന്നതാണ്. സി ഐ ഡിയായ പ്രേംനസീറും സഹചാരിയായ അടൂര്‍ ഭാസിയും ആവിഷ്കരിക്കുന്ന മലയാളത്തിലെ കുറ്റാന്വേഷക സിനിമകളുടെ ഒരു കാലഘട്ടത്തില്‍ ഇത് തികച്ചും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് ആണ്. കഥാന്ത്യത്തിലെ ഒരു തിരിവിലൂടെയാണ് കഥയ്ക്ക്‌ ഇത്തരമൊരു അര്‍ത്ഥതലം നല്‍കിയിരിക്കുന്നത്. ഈ രീതിയിലുള്ള ഒരു തിരിവ് ഐഡന്റിറ്റി കാര്‍ഡും, റിവോള്‍വറും കൈവശമുള്ള കുറ്റാന്വേഷകയുടെ ഒരു ഷോട്ടില്‍ മാത്രമാണ് പ്രതിനിധീകരിക്കപ്പെടുന്നത് എങ്കിലും, കഥാന്ത്യത്തിലെ ഈ വെളിപ്പെടുത്തല്‍ ചിത്രത്തെ ആകെ വീണ്ടും തിരിച്ചു വായിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒന്നാണ്. കുറ്റാന്വേഷകയുടെ മുഖം ഈ രംഗത്ത്‌ പ്രധാനമാകുന്നു. അതുവരെയുള്ള സിനിമയുടെ ചലനത്തില്‍ അരക്ഷിതത്വം സൂചിപ്പിക്കുന്ന മുഖം കൃത്യമായ ആത്മവിശ്വാസത്തിലേയ്ക്കും ആധികാരികതയിലേയ്ക്കും വഴി മാറുന്നതാണ് കാണുന്നത്. ചിത്രാന്ത്യത്തില്‍ ആധികാരികമായി ഉറപ്പിക്കപ്പെടുന്ന ഈ പെണ്മുഖം സിനിമയുടെ തിരിച്ചുള്ള വായനയെ ആകെ നിര്‍ണ്ണയിക്കുന്ന ഒന്നായി മാറുന്നു.

മൂലധനകേന്ദ്രീകൃതമായ സിനിമയുടെ സൗന്ദര്യശാസ്ത്രം പ്രേക്ഷകരുടെ ആസ്വാദനശീലങ്ങളെ ആശ്രയിച്ചു രൂപപ്പെടുന്നതാണ്. കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കഥാസാരം, അവയുടെ ആവിഷ്കാരശൈലിയിലെ പ്രത്യേകതകള്‍, താരങ്ങളുടെ വിപണിമൂല്യം ഇവയൊക്കെ അത് നിര്‍ണ്ണയിക്കുന്നതില്‍ പങ്കു വഹിക്കുന്നു. കുറ്റാന്വേഷണചിത്രങ്ങളുടെ ആധിക്യം കുറവായിരുന്ന ഒരു കാലത്ത് അവ ആവശ്യപ്പെടുന്ന രീതിയിലുള്ള ആധുനികമായ ഒരു പരിസരം സൃഷ്ടിക്കുക എന്ന സമ്മര്‍ദ്ദമാണ് ‘കണ്ണൂര്‍ ഡീലക്സ്’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിന് പിന്‍ബലമായത്. കുടുംബഘടനയ്ക്കുള്ളില്‍ തറഞ്ഞുകിടക്കുന്ന കഥാപാത്രങ്ങളും, വീട്ടകങ്ങളില്‍ മാത്രം അരങ്ങേറുന്ന കഥാസന്ദര്‍ഭങ്ങളും വിട്ട് പുതിയൊരു ആവിഷ്കാര പരിസരം നിര്‍മ്മിക്കാനുള്ള ശ്രമമാണ്, നഗരങ്ങള്‍ കുറവായ കേരളത്തില്‍, ആധുനിക ജീവിതത്തിന്‍റെ പ്രതീകമായ ഒരു ബസ്സില്‍ എത്തിയത്.

ഈ ചിത്രത്തിന്‍റെ മോശമായ യൂട്യൂബ് പ്രിന്‍റ് പോലും ലക്ഷക്കണക്കിന്‌ മനുഷ്യര്‍ കാണുകയും രസകരമായ വിമര്‍ശങ്ങളും നിരീക്ഷണങ്ങളും ഉന്നയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് കാണാം. കാലത്തെ അതിജീവിക്കാന്‍ ഈ സിനിമയെ പ്രചോദിപ്പിച്ച ഒരു ഘടകം, ‘യഥാതഥം’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രീകരണ രീതിയാണ്. കേരളത്തിന്‍റെ പൊതുഗതാഗതമേഖലയുടെ പ്രതീകമായ ഒരു ബസ്സിന്‍റെ ഡോക്കുമെന്റ് എന്ന നിലയില്‍ പിന്നീട് വായിക്കപ്പെട്ട ‘കണ്ണൂര്‍ ഡീലക്സ്’, പില്‍ക്കാലത്ത് മലയാളസിനിമയുടെ സൗന്ദര്യശാസ്ത്രപരമായ സവിശേഷതകളില്‍ ഒന്നായ അതിന്‍റെ 'റിയലിസത്തി'ന്‍റെ മുന്‍ഗാമിസിനിമകളില്‍ ഒന്നായി തന്നെ ഓര്‍ക്കപ്പെടുന്നു. വിവിധ ഭാഷകളില്‍, വിവിധ ഷോണര്‍കളില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള എ ബി രാജ് എന്ന സംവിധായകന്‍റെ കഴിവുകളും, പില്‍ക്കാലത്ത് ,മലയാളസിനിമയുടെ വളര്‍ച്ചയില്‍ പങ്കു വഹിച്ച ഐ വി ശശി നല്‍കിയ സംവിധാനപരമായ സംഭാവനയും ഈ സിനിമയുടെ പ്രൊഫഷനല്‍ മികവില്‍ പങ്കു വഹിച്ചിട്ടുണ്ട്‌ എന്നതു നിസ്തര്‍ക്കമാണ്. നേരത്തെ സൂചിപ്പിച്ച ഒരു തടി മില്ലില്‍ ചിത്രീകരിച്ച സംഘട്ടന രംഗം അടക്കം, മികച്ച ചലച്ചിത്രാവിഷ്കരണത്തിന്‍റെ രീതികള്‍ സ്വീകരിച്ച ചിത്രമാണ് 'കണ്ണൂര്‍ ഡീലക്സ്'. മലയാള സിനിമയുടെ ചരിത്രത്തില്‍ പ്രത്യേകം അടയാളപ്പെടുത്തേണ്ട ഒരു ചിത്രം എന്ന നിലയില്‍ അതിന്‍റെ സ്ഥാനം അനന്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in