കൊച്ചിയിലെ തമിഴ് കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള ആദ്യ സിനിമ ; ചാൾസ് എന്റർപ്രൈസസിലെ ​ഗാനങ്ങളെക്കുറിച്ച് രചയിതാവ് നാച്ചി

കൊച്ചിയിലെ തമിഴ് കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള ആദ്യ സിനിമ ; ചാൾസ് എന്റർപ്രൈസസിലെ ​ഗാനങ്ങളെക്കുറിച്ച് രചയിതാവ് നാച്ചി

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാൾസ് എന്റർപ്രൈസസ്'. ഉർവശി, ബാലു വർഗീസ്, കലൈയരസൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഇന്ന് വരേക്കും ആരും അഡ്രസ്‌ ചെയ്യാത്ത കൊച്ചിയിലെ തമിഴ് തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയാണ്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിയും, പൊട്ടറ്റോ ഈറ്റേഴ്‌സ് കളക്റ്റീവ് എന്ന ആർട്ടിസ്റ്റ് കമ്മ്യൂണിറ്റിയുടെ സ്ഥാപകരിലൊരാൾ കൂടെയായ നാച്ചിയാണ്. പാട്ടെഴുതുമ്പോൾ സാധാരണക്കാരുടെ വാക്കുകളാകണം എന്ന വ്യക്തമായ തീരുമാനത്തിലാണ് ഓരോ വരിയും എഴുതിയത് എന്ന് നാച്ചി പറയുന്നു. മെയ് 5ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ​ഗാനരചയിതാവായ നാച്ചി ദ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ആദ്യത്തെ ഗാനമാണ്, ചാള്‍സ് എന്റര്‍പ്രൈസസിലെ 'മെട്രോ പൈങ്കിളി', ഗാനരചനയിലേക്ക് കടന്നതിനെ പറ്റി ?

'ചാള്‍സ് എന്റര്‍പ്രൈസസി'ന്റെ സംഗീത സംവിധായകൻ സുബ്രഹ്മണ്യൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ ബാച്ച്‌മേറ്റ് ആയിരുന്നു. അദ്ദേഹം കൊച്ചിയിലെ തമിഴ് കമ്മ്യൂണിറ്റിയെ പറ്റിയുള്ള ഒരു സിനിമയ്ക്ക് സംഗീതമൊരുക്കുന്നു എന്ന് പറഞ്ഞു. അതില്‍ ഒരു കല്യാണം സീക്വന്‍സില്‍ ഒരു പാട്ട് വേണമെന്നും പറഞ്ഞു. പഴയ ഒരു നാടന്‍ പാട്ടോ, അല്ലെങ്കില്‍ അതില്‍ നിന്ന് ഇന്‍സ്പയേര്‍ഡ് ആയി ഒരു പാട്ടോ വേണമെന്നതായിരുന്നു സുബ്ബു പറഞ്ഞിരുന്നത്. പണ്ടുതൊട്ടേ കവിതകളും കഥകളും ഒക്കെ എഴുതുമായിരുന്നുവെങ്കിലും പാട്ടെഴുത്തിനെ കുറിച്ച് ചിന്തിച്ചതല്ല. സുബ്ബുവിന്റെ കയ്യില്‍ ട്യൂണുണ്ടായിരുന്നു. അതിന് വരികള്‍ ഉണ്ടാക്കുകയാണ് ചെയ്തത്.

തങ്കമയില്‍ എന്നത് പൊള്ളാച്ചിയില്‍ സാധാരണ കുഞ്ഞുങ്ങളെയോ, പങ്കാളികളെയോ, സുഹൃത്തുക്കളെയോ ഒക്കെ വിളിക്കുന്ന ഒരു വാക്കാണ്. അത് ആ ട്യൂണിന്റെ ക്യാച്ച് ഫ്രേസ് ആയി. പിന്നെ എഴുത്ത് സുഖമായിരുന്നു. ഏത് വാക്കുകള്‍ ഉപയോഗിക്കണമെന്നറിയാന്‍ കഥയുടെ പശ്ചാത്തലം ഒക്കെ ചോദിച്ചറിയല്‍ ആയിരുന്നു പിന്നീടുള്ള പ്രോസസ്. അതൊരു മൂന്നോ നാലോ ദിവസത്തെ ജോലി ആയിരുന്നു. പക്ഷെ ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന ആ പാട്ട് എഴുതിയത് ഒരു മൂന്നോ നാലോ മണിക്കൂറുകള്‍ കൊണ്ടാണ്. അതിന് മുന്‍പുള്ള രണ്ടു ദിവസത്തെ ഗ്രൗണ്ട് വര്‍ക്ക് ആണ് ആ പാട്ട്.

പ്രാദേശിക ഭാഷയുടെ ഉപയോഗം ഒരുപാടുണ്ടല്ലോ പാട്ടില്‍. മലയാളവും തമിഴും ഇടകലര്‍ന്ന് വരുന്നു. ആ വാക്കുകള്‍ തെരഞ്ഞെടുത്തതെങ്ങനെയാണ്?

ഗാനം തമിഴില്‍ ആണെങ്കിലും മലയാളികള്‍ക്ക് മനസ്സിലാവണം എന്നുണ്ടായിരുന്നു. അപ്പോള്‍ ചില വാക്കുകള്‍ അതിന് അനുസരിച്ച് മാറ്റി. കൂടാതെ കൊച്ചിയിലുള്ള തമിഴ് കമ്മ്യൂണിറ്റിയെ പറ്റിയാണ് ചിത്രം. അപ്പോള്‍ അവരുടെ ഭാഷയില്‍ മലയാളം വാക്കുകളും ഇടകലര്‍ന്നിട്ടുണ്ടാകുമല്ലോ. അങ്ങനെയാണ് ചില വാക്കുകള്‍ മലയാളത്തിലാക്കാം എന്നു വിചാരിച്ചത്. ഉദാഹരണത്തിന് 'താറാവ്', 'തെന്നല്‍' തുടങ്ങിയവ മലയാളം വാക്കുകളാണ് ഉപയോഗിച്ചത്. ഒരു ദളിത് ക്രിസ്ത്യന്‍-ഹിന്ദു ഇന്റര്‍ കാസ്റ്റ് മാര്യേജ് ആണ് കഥാപാശ്ചാത്തലം എന്നു കൂടെ പറഞ്ഞിരുന്നു. ഒരു ഗണപതി വിഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നതും. അതുകൊണ്ടാണ് 'ഗണപതി' 'മേരി' തുടങ്ങിയ വാക്കുകള്‍ വരാന്‍ കാരണം.

തോപ്പുംപടി പാലം താണ്ടിയാല്‍ ഫോര്‍ട്ട് കൊച്ചിയിലെത്തും. അതിന് തൊട്ടു മുന്‍പിലുള്ള ജംഗ്ഷനിലാണ് ഈ കമ്മ്യൂണിറ്റിയുള്ളത്. വൈകുന്നേരങ്ങളില്‍ ഇവര്‍ ജോലി കഴിഞ്ഞ് വന്നിരിക്കുന്ന സ്ഥലങ്ങളാണ് ഈ പാട്ടില്‍ പറയുന്ന സ്ഥലങ്ങള്‍ എല്ലാം. അങ്ങനെ കഥയുമായി ചേര്‍ന്നാണ് വാക്കുകള്‍ ഫൈനലൈസ് ചെയ്തത്. തൊഴിലാളി വര്‍ഗ്ഗത്തില്‍പ്പെടുന്നവരുടെ കഥയാണ് സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ആകണം പാട്ടില്‍ വേണ്ടത് എന്നത് ബോധപൂര്‍വ്വം എടുത്ത തീരുമാനം ആയിരുന്നു. സോ കോള്‍ഡ് പോയറ്റിക് ആയ സംസ്‌കൃതം വാക്കുകള്‍ ഒന്നും തൊഴിലാളി വര്‍ഗ്ഗത്തിന്റേതാകില്ല. അവയെല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഒഴിവാക്കിയതാണ്.

കൂടാതെ കൊച്ചിയെ പല വരികളിലും കാണാം. കൊച്ചിയിലെ ആ പാട്ടില്‍ ഉള്‍ക്കൊള്ളിച്ചതിനെ പറ്റി?

പ്രണയത്തെ പറ്റിയുള്ള പാട്ട് മാത്രമല്ലിത്, കൊച്ചി നഗരത്തെ കൂടെ കുറിച്ചുള്ളതാണ്. എല്ലാ നാട്ടിലും അവിടെ ജീവിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട കുറെ കാര്യങ്ങള്‍ ഉണ്ടാകുമല്ലോ. അത്തരം കാര്യങ്ങള്‍ ഇണചേര്‍ത്താണ് കൊച്ചിയെ പാട്ടിന്റെ ഭാഗമാക്കിയത്. കൊച്ചിക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടല്ലോ. മെട്രോ ഒക്കെയുള്ള ഒരു ഭാഗം, മറുഭാഗത്ത് മറ്റു പല തരത്തിലുള്ള പ്രശ്‌നങ്ങളും. മെട്രോ പൈങ്കിളി എന്ന പേര് കൊച്ചിയെ സൂചിപ്പിക്കാന്‍ ഇട്ട പേരാണ്. ഈ പാട്ട് ജന്‍ഡര്‍ ന്യൂട്രല്‍ കൂടെയാണ്. അത് ഒരാണ് പാടിയെന്നെയുള്ളൂ. പക്ഷെ വാക്കുകള്‍ അങ്ങനെ ജന്‍ഡര്‍ സ്‌പെസിഫിക് ആയി എഴുതിയതല്ല.

ചാള്‍സ് എന്റര്‍പ്രൈസസിലെ മറ്റു ഗാനങ്ങള്‍?

ചാള്‍സ് എന്റര്‍പ്രൈസസില്‍ ഒരു റാപ്പ് സോങ്ങും കൂടെ ഞാന്‍ എഴുതിയിട്ടുണ്ട്. മലയാളം വേര്‍ഷനില്‍ അന്‍വര്‍ അലി ഒരു പാട്ട് എഴുതിയിട്ടുണ്ട്. സംഗീത ഒരു പുള്ളുവന്‍ പാട്ടും എഴുതിയിട്ടുണ്ട്. തമിഴില്‍ അതെല്ലാം ഞാന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. മലയാളത്തില്‍ ഫാസില്‍, സിദ്ദിക്ക് ഒക്കെ എടുത്തിരുന്ന പോലുള്ള ഒരു സിനിമയാണ് ചാള്‍സ് എന്റര്‍പ്രൈസസ്. ഫീല്‍-ഗുഡ് എന്നതിനൊപ്പം കോമഡിയുമുള്ള സിനിമ. അതിനൊപ്പം തന്നെ എടുത്തു പറയാനുള്ളത്, കൊച്ചിയിലുള്ള ഈ തമിഴ് കമ്മ്യൂണിറ്റിയെ പറ്റി ഒരു മുഴുനീള ചിത്രം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്. ആ തരത്തില്‍ ഈ സിനിമ വേറിട്ടു നില്‍ക്കുന്നതാണ്. പോരാത്തതിന് അവര്‍ താമസിക്കുന്ന ഇടത്ത് വച്ച് തന്നെയാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്.

താങ്കള്‍ ശിവരമണിയെ കുറിച്ച് എഴുതിയ ഒരു പോസ്റ്റില്‍, 'This is one particular piece of writing which was very influential in transforming me from a pure art bourgeoisie to a people's art practitioner' എന്നെഴുതിയിട്ടുണ്ട്. രണ്ടും തമ്മിലുള്ള ദൂരം എന്താണ്? അല്ലെങ്കില്‍ people's art എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

ശിവരമണിയുടെ കവിതകളാണ് ഞാന്‍ കലയെ നോക്കിക്കാണുന്ന രീതി തന്നെ മാറ്റിയത്. അത്രയും കാലം കവിതകള്‍ പൈങ്കിളി മാത്രമായിരുന്നു എനിക്ക്. ബൂര്‍ഷ്വാസി എഴുത്തുകളില്‍ നിന്ന് മാറി, തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി സംസാരിക്കാന്‍ കൂടെയാണ് കല എന്ന് മനസ്സിലാക്കിയത് അവരുടെ എഴുത്തുകളില്‍ നിന്നാണ്. ഒരുപക്ഷേ ആ സ്വാധീനമില്ലെങ്കില്‍ ഞാന്‍ 'മെട്രോ പൈങ്കിളി' പോലെ ഒരു പാട്ട് എഴുതില്ലായിരുന്നു.

കമര്‍ഷ്യല്‍ സിനിമകളാണ് ആളുകളുമായി കൂടുതല്‍ കണക്ട് ചെയ്യുന്നത്. പൊളിറ്റിക്കല്‍ സിനിമകള്‍ ഡ്രൈ സിനിമകള്‍ ആകണം എന്നില്ല. ആളുകളിലേക്ക് കണക്ട് ചെയ്യാന്‍ അവര്‍ക്ക് മനസ്സിലാകുന്ന പോലെ പറയണം എന്ന് എനിക്ക് മനസ്സിലാക്കി തന്നത് ശിവരമണിയുടെ എഴുത്തുകളാണ്. പിന്നെയും ഒരുപാട് പേര്‍ എന്റെ കലയെ സ്വാധീനിച്ചിട്ടുണ്ട്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലം ഒരുപാട് സിനിമകള്‍ കാണാന്‍ കഴിഞ്ഞു. ആ കാലത്ത് നടന്ന സമരങ്ങളും എന്നെ കുറെക്കൂടെ വര്‍ഗ്ഗ സമരങ്ങളെ കുറിച്ച് പഠിപ്പിച്ചു. അതായിരുന്നു രണ്ടാമത്തെ സ്റ്റെപ് എന്നു വേണമെങ്കില്‍ പറയാം. മൂന്നാമത്തേത് പാ രഞ്ജിത്തിനൊപ്പമുള്ള കാലമാണ്.

സിനിമ പഠനത്തിന് അപ്പുറം, സിനിമയുടെ പ്രായോഗിക വശങ്ങള്‍ പഠിച്ചത് പാ രഞ്ജിത്തിനൊപ്പമുള്ള കാലത്താണ്. ഐഡിയോളജി മുറുക്കെപ്പിടിക്കുമ്പോഴും പ്രായോഗിക വശങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ അത് സഹായിച്ചു.

കുറച്ചായി നാം ചര്‍ച്ച ചെയ്യുന്ന കാര്യമാണ് മലയാളത്തില്‍ ജാതി വിവേചനത്തെ കുറിച്ച് സംസാരിക്കുന്ന മലയാള സിനിമകള്‍ വളരെ കുറവാണ് എന്ന്. അതെന്തുകൊണ്ടാണ് എന്നാണ് തോന്നുന്നത്?

കേരളത്തില്‍ ജാതി വിവേചനം നിലനില്‍ക്കുന്നത് സട്ടിലായാണ് എന്നു തോന്നുന്നു. തമിഴ്നാട്ടില്‍ എന്നാല്‍ അത് വയലന്റ് ആണ്. അതുകൊണ്ട് കൂടെയാകാം ഇവിടുത്തെ സിനിമകള്‍ അത്രത്തോളം ജാതിവിവേചനം ചര്‍ച്ചചെയ്യാത്തത്. പക്ഷെ എഴുപതുകളിലും മറ്റും കെ.ജി. ജോര്‍ജും, അരവിന്ദനുമെല്ലാം എടുത്തിരുന്ന സിനിമകള്‍ കാലത്തിന് മുന്‍പേ സഞ്ചരിച്ചവയായിരുന്നു. എല്ലാവരും റാഡിക്കല്‍ സിനിമകള്‍ എടുത്തിരുന്നു എന്നല്ല. പക്ഷെ അന്നത്തെ സിനിമകളില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെ മലയാള സിനിമകളില്‍ മിക്കതും മധുരം കൂടിയതാണ്.

തമിഴ്‌നാട്ടില്‍ ഇന്ന്, പ്രത്യേകിച്ചും വെട്രിമാരന്‍, പാ രഞ്ജിത്ത് ഒക്കെ വന്നതിന് ശേഷം, പൊളിറ്റിക്കല്‍ സിനിമകള്‍ ജനകീയവുമായി മാറിത്തുടങ്ങി. അതുകൊണ്ട് എല്ലാവര്‍ക്കും അത്തരം സിനിമകള്‍ ചെയ്യണമെന്നായി. വലിയ താരങ്ങള്‍ പോലും പൊളിറ്റിക്കല്‍ സിനിമകള്‍ ചെയ്യാന്‍ തയ്യാറായിത്തുടങ്ങി. അതാണ് തമിഴ്നാട്ടില്‍ വന്ന വ്യത്യാസം. കുറച്ചു കൂടെ രാഷ്ട്രീയാവബോധമുള്ള, പല ബാക്ക്ഗ്രൗണ്ടുകളില്‍ നിന്നുള്ളവര്‍, സ്ത്രീകള്‍ ഒക്കെ സിനിമയിലേക്ക് വന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്.

പൊട്ടറ്റോ ഈറ്റേഴ്‌സ് കളക്റ്റീവിനെ പറ്റി?

യൂട്യൂബ് സിനിമ കാണാനുള്ള ഒരു ഇൻഫീരിയർ വഴി ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. അതിൽ എങ്ങനെ നല്ല സിനിമകൾ പ്രദർശിപ്പിക്കാം എന്നതായിരുന്നു ചിന്ത. 'കുമ്മാട്ടി'യും, 'ചിദംബരം'വുമൊക്കെ പോലുള്ള സിനിമകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഒരു ഡെമോക്രാറ്റിക്‌ വേദിയാക്കി മാറ്റാം എന്നു കരുതിയാണ് തുടങ്ങിയത്. യൂട്യൂബ്നെ നമ്മുടെ സിനിമകൾ പ്രൊപൊഗേറ്റ് ചെയ്യാനുള്ള ഒരു മാധ്യമമാക്കി, സിനിമ പഠിക്കുന്ന ഒരുപാട് പേർക്ക് അത് ഉപയോഗപ്പെട്ടു. അത് എന്റെ വളർച്ചയുടെ അടുത്ത ഒരു സ്റ്റെപ്പ് ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in