ആക്ഷൻ കൊണ്ട് സിഗ്നേച്ചർ തീർത്ത ലോകേഷ്

വിക്രം എന്ന സിനിമയിൽ പത്തല പത്തല സോം​ഗിനൊപ്പമാണ് കമൽഹാസന്റെ ഹീറോ എൻട്രി. ഉലകനായകന്റെ കണ്ണുകൾ തെളിയുന്ന ക്ലോസ് ഷോട്ടിൽ നിന്ന് ഡാൻസ് നമ്പറിലേക്ക് നീങ്ങുന്ന പാട്ട്. ഒരു ആണ്ടവർ ഫാൻസ് ട്രീറ്റ് എന്നതിനപ്പുറം അതൊരു മാസ് എൻട്രിയേ അല്ലായിരുന്നു. അവിടെ നിന്ന് പ്രപഞ്ചനിലേക്കും അമറിലേക്കും സീക്രട്ട് ഏജന്റ്റ് ബാക്ക് സ്റ്റോറിയിലുമായി പരന്ന് നീങ്ങുന്നൊരു ഇമോഷണൽ ട്രാക്കിനൊടുക്കം ലോകേഷ് കനകരാജ് എന്ന മാസ്റ്റർ സ്റ്റോറി ടെല്ലർ അവതരിപ്പിക്കുന്ന വിക്രം എന്ന സിനിമയെ ഒരൊറ്റ പോയിന്റിലേക്ക് എത്തിക്കുന്നു. കർണനെ അൺമാസ്ക് ചെയ്യേണ്ട മൊമന്റിലേക്ക്. വിക്രമിലെ സെക്കൻഡ് ഇൻട്രൊ കൂടിയാണത്. ഒറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ബൈക്കുകളുടെ ബാക്ക് ഷോട്ടിൽ നിന്ന് ഹൈ വോൾട്ടേജ് ആക്ഷൻ സീക്വൻസുകൾക്ക് എൻഡ് പഞ്ചായി വരുന്നൊരു അൺമാസ്ക് സീൻ. ---ഉൻ നിജ മൊഖത്തോടെ ഒരു നാൾ താണ്ടമുടിയുമാ----- എന്ന അമറിന്റെ ചോദ്യത്തിന് കർണൻ നൽകുന്ന മറുപടി. അമറിന്റെ ചോദ്യം അവസാനിച്ച് 25 സെക്കൻഡിനപ്പുറമാണ് മാസ്ക് സ്വയം മാറ്റിയ വിക്രമിനെ നമ്മൾ കാണുന്നത്. നരേറ്റീവിൽ മാത്രമല്ല വിഷ്വൽ കൊറിയോ​ഗ്രഫിയിലും സൗണ്ട് ഡിസൈനിലും അനിരുദ്ധിന്റെ ബിജിഎം ഡിസൈനിലുമെല്ലാം രോമാഞ്ചം പെരുക്കുന്നൊരു സീനാണത്. കമൽഹാസന്റെ ഡൈ ഹാർ ഫാൻ ബോയ് എന്ന സ്വയംവിശേഷിപ്പിക്കുന്ന ലോകേഷ് കനകരാജിനെക്കാൾ സ്വതസിദ്ധമായ ശൈലിയിൽ ഓരോ സിനിമ കൊണ്ടും അമ്പരപ്പിക്കുന്ന ലോകിവേഴ്സിലേക്കുള്ള പ്രേക്ഷകരുടെ മാസ് എൻട്രിയായിരുന്നു ആ രം​ഗം. മാസ് മസാലാ സിനിമകളിൽ പലയാവർത്തി കണ്ട സീൻ ആണെങ്കിൽ പോലും ഡിസൈനിൽ, നരേറ്റീവിൽ, ആ പ്ലോട്ട് പോയിന്റിലേക്കുള്ള സ്റ്റോറി ലൈനിൽ അടിമുടി ഫ്രഷ്നസ് സമ്മാനിക്കുന്നൊരു ഫിലിംമേക്കറാണ് ലോകേഷ് കനകരാജ്.

പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കഥാനായകൻ സ്ലോ മോഷനിൽ നടന്നു വരുന്നു, വില്ലന്മാരെ ഇടിച്ചു തെറിപ്പിക്കുന്നു. ഒരുപക്ഷെ പല ഭാഷകളിൽ വ്യത്യസ്ത കഥാപശ്ചാത്തലങ്ങളിൽ ഉള്ള സിനിമകളിൽ പോലും ഒരു മാസ്സ് മോമെന്റിനെ ഡിഫൈൻ ചെയ്യുന്നത് കാതടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറോ സ്ലോ മോഷനിലുള്ള നടത്തമോ ഇടിയേറ്റു നിലംപതിക്കുന്ന വില്ലന്മാരിലൂടെയോ ആകും. എന്നാൽ ആ മാസ്സ് മോമെന്റ്റ് പോലെ തന്നെ അതിലേക്ക് ലീഡ് ചെയ്യുന്ന സംഭവങ്ങളും ഇമോഷണൽ ബാക്അപ്പും വളരെയധികം പ്രാധാന്യമുള്ളതാണ്. നായകൻ വില്ലന്മാരെ അടിച്ചുവീഴ്ത്തുമ്പോൾ കേവലമൊരു ഫൈറ്റ് സീനിനപ്പുറം കാഴ്ചക്കാരനും നായകന്റെയൊപ്പം സഞ്ചരിച്ച് അതിൽ ഭാഗമാകണം. അത്തരത്തിൽ ഫൈറ്റ് സീനിൽ പ്രേക്ഷകന് എപ്പോഴുമൊരു adrenaline rush നൽകാൻ ലോകേഷ് കനകരാജ് എന്ന സംവിധായകനാകുന്നുണ്ട് എന്നത് തന്നെയാണ് ഇന്ന് തമിഴ് സിനിമയിൽ അദ്ദേഹത്തെ മുന്നിലെത്താൻ ഇടയാക്കിയത്. അഞ്ചാമത്തെ സിനിമയിലേക്കെത്തുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ സി​ഗ്നേച്ചർ സ്റ്റൈൽ കൊണ്ട് ആരാധകരെ സമ്പാദിച്ച ഫിലിംമേക്കറായി മാറിയിട്ടുണ്ട് ലോകേഷ് കനകരാജ്.

തന്റെ ആദ്യ ചിത്രമായ മാനഗരത്തിൽ തന്നെ വളരെ കോംപ്ലിക്കേറ്റഡ് ആയ ഹൈപ്പർ ലിങ്ക് ഫോർമാറ്റിലൂടെ കഥ പറഞ്ഞു പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ലോകേഷ്. ഒരു രാത്രിയിൽ പല കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ലോകേഷ് മാനഗരത്തിൽ കടന്നു പോകുന്നുണ്ട്. ചിത്രത്തിൽ അരുൺ അലക്സാണ്ടറിന്റെ കഥാപാത്രം ചാർളി അവതരിപ്പിച്ച ടാക്സി ഡ്രൈവറെയും ശ്രീയുടെ കഥാപാത്രത്തെയും അടിച്ച് വീഴ്‌ത്തുന്ന രംഗമുണ്ട്. അവർ അടിക്കാനായി പോകുമ്പോൾ മുൻപ് തന്റെ ബാഗ് മോഷ്ട്ടിച്ചത് ഇവർ ആണെന്ന തിരിച്ചറിഞ്ഞ് തന്റെ സർവ ശക്തിയുമെടുത്ത് അയാളെ തിരിച്ചടിക്കുന്ന ശ്രീയെ കാണാനാകും. തന്റെ അപ്പോഴത്തെ അവസ്ഥക്ക് കാരണമായതും, ജോലി വരെ പോകാൻ തക്കം അവസ്ഥയിലെത്തിച്ച അലക്സാണ്ടറിന്റെ കഥാപാത്രത്തെ പ്രധിരോധിക്കുന്നുണ്ട് ശ്രീ. അപ്പോഴും ലോകേഷ് അവിടെ ശ്രീക്കായി ഒരുക്കിയത് പറന്നടിക്കുന്ന, അതിമാനുഷികത നിറഞ്ഞ ഫൈറ്റ് അല്ല. സിനിമയിലുടനീളം ശ്രീക്കൊപ്പം സഞ്ചരിച്ച് അയാളുടെ അവസ്ഥ കണ്ടറിയുന്ന പ്രേക്ഷകന് ഈയൊരു ഫൈറ്റിലൂടെ ഒരു മാസ്സ് മോമെന്റ്റ് ഉണ്ടാക്കികൊടുക്കുന്നുണ്ട് ലോകേഷ് കനകരാജ്. ഒരുപക്ഷെ ശ്രീയുടെ കഥാപാത്രം ഒന്ന് തിരിച്ചടിച്ചിരുന്നെങ്കിൽ എന്നുവരെ കാണിയെക്കൊണ്ട് ലോകേഷ് ചിന്തിപ്പിക്കുന്നു.

ബോധം നശിച്ച പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ ലോറിയിൽ പോകവേ വില്ലന്മാരുടെ കൂട്ടം കൊല്ലാനായി എത്തുമ്പോൾ `പത്തു വര്ഷം ജയിലിൽ കിടന്നത് മാത്രമല്ലെ അറിയൂ ജയിലിൽ പോകുന്നതിന് മുൻപ് എന്ത് ചെയ്തിട്ട് ഇരുന്നെന്ന് അറിയില്ലലോ എന്ന് പറഞ്ഞ് വില്ലന്മാരെ അടിച്ചു വീഴ്‌ത്തുന്ന ദില്ലിയുണ്ട്. അതുവരെ വളരെ സൈലന്റ് ആയി ഇരുന്ന ദില്ലിയുടെ ഭൂതകാലം വെറുമൊരു ഡയലോഗിൽ ഒതുക്കി ഇനിയും എന്തെക്കൊയോ ബാക്കിയുണ്ടെന്ന തോന്നലിൽ പ്രേക്ഷകർക്ക് ആ ഫൈറ്റിൽ ഒരു മാസ്സ് മോമെന്റ്റ് ലോകേഷ് ഇട്ടു കൊടുക്കുന്നുണ്ട്. അതുപോലെ പോലീസ് സ്റ്റേഷൻ വില്ലന്മാർ വളയുമ്പോൾ സ്വന്തം ജീവനെ പോലും ഭയക്കാതെ നെപ്പോളിയൻ എന്ന പോലീസുകാരൻ കൂടെയുള്ള കുട്ടികളെ രക്ഷിച്ച് അവർക്ക് കാവൽക്കാരൻ ആകുന്നുണ്ട്. ഒരുപക്ഷെ ആ കഥാപാത്രത്തിന്റെ ശരീരഭാഷകൊണ്ടും പെരുമാറ്റം കൊണ്ടും അത്തരത്തിൽ ഒരു മാസ്സ് സീൻ നെപ്പോളിയൻ എന്ന കഥാപാത്രത്തിൽ നിന്ന് സാധിക്കുമോയെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അവിടെയാണ് ലോകേഷ് എന്ന സംവിധായകൻ തന്റെ എഴുതുകൊണ്ടും ഫിലിം മേക്കിങ് കൊണ്ട് ഞെട്ടിച്ചത്. ദില്ലിക്ക് അയാളുടെ മകളിലേക്കുള്ള ദൂരമത്രയും അയാൾക്കൊപ്പം പ്രേക്ഷകനുണ്ട്, ഒടുവിൽ അഡൈയ്കളം 'അവൻ പേര് ദില്ലി' എന്ന് പറഞ്ഞു ഇനിയും കഥകൾ ബാക്കിയുണ്ടെന്ന് സൂചന തന്നു ചിത്രം അവസാനിക്കുമ്പോൾ കാണിക്കാൻ എഡ്ജ് ഓഫ് ദി സീറ്റ് എത്തിക്കാനും ലോകേഷിനാകുന്നു.

ഒരുപക്ഷെ തന്റെ ഫിമോഗ്രാഫിയിൽ ഏറ്റവും വിമർശനങ്ങൾ ലോകേഷ് നേരിട്ടത് മാസ്റ്ററിലൂടെയാകും. എന്നാൽ വിജയ് ഫോർമുലകളിൽ കഥ വഴുതിപ്പോകുമ്പോഴും ലോകേഷ് തന്റേതായ സിഗ്നേച്ചർ പലയിടങ്ങളിലും ഇട്ടു പോകുന്നുണ്ട്. രണ്ടു കുട്ടികളുടെ മരണത്തിന് താനാണ് കാരണക്കാരൻ എന്ന് അവരുടെ കത്തുവായിച്ച് തിരിച്ചറിയുമ്പോൾ ജെ ടിയുടെ ഉള്ളിൽ കുറ്റബോധവും പശ്ചാത്താപവും നിറയുന്നുണ്ട്. ആ കുറ്റബോധമാണ് അണപൊട്ടി ഇൻറ്റർവൽ സീനിലെ പോലീസ് സ്റ്റേഷൻ ഫൈറ്റിലേക്ക് വഴിയൊരുക്കുന്നത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിൽ വിജയ് വില്ലന്മാരെ ഇടിച്ചു വീഴ്ത്തുമ്പോൾ പലയാവർത്തി കണ്ടിട്ടുള്ള മൊമെന്റ് ആണെങ്കിലും അതിൽ ലോകേഷ് നൽകിയിട്ടുള്ള ഇമോഷണൽ ബാക്ക്ഡ്രോപ് തന്നെയാണ് കാണികളെ പിടിച്ചിരുത്തുന്നത്.

ഒരു ഫാൻ ബോയ് സംഭവം എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്ന ഒന്നായിരുന്നു കമൽ ഹാസന്റെ വിക്രം. ഒരു സൂപ്പർതാര ചിത്രത്തിൽ ഉണ്ടായേക്കാവുന്ന എല്ലാ മാസ്സ് മോമെന്റുകളെ ഉൾക്കൊള്ളിച്ച് എന്ന അവയെ പുതിയ രീതിയിൽ കാണികൾക്കിടയിലേക്ക് ലോകേഷ് കനകരാജ് എത്തിച്ചു.ഒന്നാം പകുതിയിൽ കഥാനായകനായ കമൽ ഹാസനെ മാറ്റി നിർത്തി ഫഹദിന്റെ അമറിലൂടെ കഥ പോകുമ്പോൾ പോലും കമലിന്റെ വിക്രം ഒരു ഘട്ടത്തിൽ അവതരിക്കും എന്ന് പ്രേക്ഷകന് അറിയാം. എന്നാൽ വളരെ പ്രെഡിക്റ്റബിൾ ആയ ഒരു ട്വിസ്റ്റിനെ ലോകേഷ് മികച്ച രീതിയിൽ അവതരിച്ചപ്പോൾ അത് വഴിവച്ചത് തമിഴിലെ ഏറ്റവും മികച്ച ഇന്റർവെൽ സീനിലേക്കായിരുന്നു. നായകൻ മീണ്ടും വരാർ എന്ന അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിൽ മുഖംമൂടി നീക്കി കമലിന്റെ വിക്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ വരാനിരിക്കുന്ന മികച്ച രണ്ടാം പകുതിയിലേക്കൊരു സൂചനയായിരുന്നു. അതുപോലെ സന്തനത്തിന്റെ ആളുകൾ വീട് വളയുമ്പോൾ വാസന്തി ഏജന്റ്റ് റ്റീനയായി മാറുന്നതും ചിത്രത്തിന്റെ അവസാനം റോളക്സ് എന്ന ക്രൂരനായ വില്ലനെ ലോകേഷ് അവതരിപ്പിച്ചതൊക്കെ ഒരു മാസ്സ് സിനിമയുടെ ഫോര്മാറ്റിനെ ഭേദിച്ചുകൊണ്ടുതന്നെയാണ്.

ലിയോ 100 ശതമാനം എന്റെ സിനിമയാണ്. ഇതിൽ ഇൻട്രോ സോങ്ങോ ഇൻട്രോ ഫൈറ്റോ പഞ്ച് ഡയലോഗോ ഇല്ല. സിനിമയുടെ ആദ്യ ദിനം ചിത്രീകരണത്തിനായി വിജയ് സാർ വന്നപ്പോൾ ഞാൻ അദ്ദേഹത്തിൽ കണ്ടത് എനിക്ക് വേണ്ടിയിരുന്ന നടനെയായിരുന്നു, താരത്തെയല്ല. ഇത് ലോകേഷ് കനകരാജിന്റെ വാക്കുകളാണ്. ട്രെയിലറിൽ നിന്ന് മറ്റാരോ ആണെന്ന് തെറ്റിദ്ധരിച്ച് തന്നെ വേട്ടയാടുന്ന വില്ലന്മാർക്കെതിരെ പോരാടുന്ന വിജയ്‌യെ കാണാനാകും. വിക്രത്തിലും മാനഗരത്തിലും കൈതിയിലും മാസ്റ്ററിലും പോലെ കൃത്യമായ ഇടവേളകളിൽ മാസ്സ് സീനുകൾ സിനിമയിൽ ഉണ്ടാകുമെന്ന് തന്നെയാണ് ഓരോ പ്രേക്ഷകന്റെയും വിശ്വാസം. സ്ഥിരം തട്ടുപൊളിപ്പൻ നായക എലവേഷനപ്പുറം ഓരോ മാസ്സ് മോമെന്റിനും ഓരോ ഫൈറ്റിനും ഒരു ഇമോഷണൽ ബാക്ഡ്രോപ്പിന്റെ അകമ്പടിയുണ്ടാകുമെന്നും വിശ്വസിക്കുന്നു. ഒപ്പം പൂർണ്ണമായും ലോകേഷ് ചിത്രം എന്ന ലേബലിൽ വരുന്ന വിജയ് സിനിമ എന്ന നിലയിൽ എത്രത്തോളം നീതി പുലർത്തുമെന്നും കാത്തിരുന്നു കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in