പ്രേക്ഷകർ സ്നേഹത്തോടെ വിളിച്ചു - LCU

ഇന്ത്യൻ സിനിമയിൽ നിരവധി സിനിമാറ്റിക് സീക്വലുകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലാണെങ്കിൽ അഞ്ച് വട്ടം കേസന്വേഷിക്കാനെത്തിയ സേതുരാമയ്യരുടെ സിബിഐ ഫ്രാഞ്ചസി, തെലുങ്കിൽ ബാഹുബലിയും,കന്നഡയിൽ കെ ജി എഫും,തമിഴിൽ സിങ്കവും അങ്ങനെ പല ഭാഷകളിൽ പല ഭാഗങ്ങളിൽ ഒരേ കഥാപാത്രങ്ങൾ വീണ്ടും അവതരിച്ചിട്ടുണ്ട്. എന്നാൽ ഒരു സിനിമയിലെ കഥാപാത്രമോ കഥാപശ്ചാത്തലമോ കഥയോ മറ്റൊരു സിനിമയിൽ പുതിയൊരു കഥയുടെ ഭാഗമായി അവതരിച്ചാലോ ? അത്തരത്തിൽ രണ്ടു വ്യത്യസ്ത സിനിമകൾ തമ്മിൽ എന്തെങ്കിലുമൊരു ഡയറക്റ്റ് ആയ കണക്ഷൻ വരുന്നതിനെ സിനിമാറ്റിക് യൂണിവേഴ്‌സുകൾ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഹോളിവുഡിൽ മാർവെൽ സിനിമാറ്റിക് യൂണിവേഴ്സും ഡി സി സിനിമാറ്റിക് യൂണിവേഴ്സിലൂടെയാകും നമുക്ക് ഇത്തരത്തിൽ യൂണിവേഴ്‌സ് എന്ന കോൺസെപ്ടിനെ കൂടുതൽ പരിചിതമാക്കിയത്. ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ യൂണിവേഴ്‌സുകൾ ചെറിയ രീതിയിൽ വന്നുപോയിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റും വിധം ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ട്ടിക്കാൻ പലർക്കും സാധിച്ചിരുന്നില്ല, ലോകേഷ് കനകരാജ് എന്ന സംവിധായകൻ വരുന്നത് വരെ.

2017ൽ തന്റെ ആദ്യ സിനിമയായ മാനഗരത്തിലൂടെ തമിഴ് സിനിമയിൽ സാന്നിധ്യമറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. രണ്ടാം സിനിമയായ കൈതിയിലേക്ക് എത്തുമ്പോൾ ലോകേഷിന്റെ സ്റ്റോറി വേൾഡ് എങ്ങനെയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിരുന്നു. ക്രൈമിന്റെയും, മയക്കുമരുന്നിന്റെയും പശ്ചാത്തലത്തിൽ രാത്രിയുടെ ഭീതിയിൽ പറഞ്ഞു പോകുന്ന ഡാർക്ക് ആക്ഷൻ ത്രില്ലറുകളാണ് ലോകേഷിന്റെ തട്ടകം. രണ്ടാം സിനിമയായ കൈതിയിൽ ലോകേഷ് അടയ്കളവും അന്പും അടങ്ങുന്ന ഒരു അണ്ടർവേൾഡ് ഡ്രഗ് കാർട്ടലിനെ കൂടെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം തുടങ്ങുന്നത് തന്നെ 900 കിലോ കൊക്കയ്ൻ നരൈന്റെ ബിജോയ് എന്ന പൊലീസ് ഓഫീസർ പിടിക്കുന്നിടത്താണ്. സ്റ്റോറി ഡിസൈനിലെയും സസ്പെൻസ് കടുകിട വിട്ടുപോകാത്ത കഥ പറച്ചിലിന്റെയും ചടുലമായ അവതരമത്തിന്റെയും മികവിൽ കൈതി വൻവിജയമായപ്പോഴും ലോകേഷ് കനകരാജ് പ്രേക്ഷകരിലെത്തിച്ച കഥാപാത്രങ്ങളെയും കഥാലോകത്തെയും പിന്തുടരുന്നൊരു സ്റ്റോറി വേൾഡിന്റെ തുടർ സാധ്യത ആരുമാരും കാര്യമായി ചർച്ച ചെയ്തില്ല. കൈതിയിലെ ദില്ലിക്കൊരു മടങ്ങിവരവ് ഉണ്ടാകുമെന്ന് ക്ലൈമാക്സിൽ പിടികിട്ടിയവർ കൈതി സെക്കൻഡ് എന്തായെന്ന് ലോകേഷിനോടും കാർത്തിയോടും കാണുന്നിടത്തെല്ലാം ചോദിച്ചുകൊണ്ടേയിരുന്നു. കൈതി തിയറ്ററിലെത്തുന്നതിന് മുമ്പ് തന്നെ ലോകേഷ് മാസ്റ്റർ എന്ന വിജയ് ചിത്രത്തിലേക്ക് കടന്നിരുന്നു. ആ സിനിമ ലോകേഷ് കനകരാജ് ശൈലിയിലെക്കാൾ വിജയ് സിനിമകളുടെ ടെംപ്ലേറ്റിന് മുൻതൂക്കം നൽകിയതായിരുന്നു.

പ്രേക്ഷകരും മീഡിയയും ഡീകോഡിം​ഗ് വിദ​ഗ്ധരുമെല്ലാം ലോകേഷ് യൂണിവേഴ്സിലേക്ക് കടക്കുന്നത് വിക്രം റിലീസിന് മുമ്പാണ്. വിക്രമിന്റെ ട്രെയിലറിൽ കാണിക്കുന്ന സ്കോർപിയോ സൈൻ ആരാധകർക്കിടയിൽ ഊഹാപോഹങ്ങളുണ്ടാക്കി. ഒപ്പം കൈതിയിലെ ആരും ശ്രദ്ധിക്കാതെ പോയ ഒരു ഡയലോഗ് ഫാൻസ് തിയറികൾക്ക് ആക്കം കൂട്ടി. അന്പിന്റെ സംഘത്തിലെ പോലീസ് ചാരനായ അജാസിനോട് നരൈന്റെ ബിജോയ് ഗോസ്റ്റിനെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ ലഭിച്ചോയെന്ന് ചോദിക്കുന്നുണ്ട്. ആ ഡയലോഗ് വിക്രം ട്രെയിലറിന് ശേഷം സോഷ്യൽ മീഡിയകളിൽ ചൂടേറിയ ചർച്ചയായി. കാരണം അന്നൗൻസ് ചെയ്ത നാൾ മുതൽ വിക്രത്തിന്റെ ഓരോ പോസ്റ്ററിലും once up on a time there lived a ghost എന്ന് കമൽ ഹാസന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരുന്നു. ബിജോയ് അന്വേഷിക്കുന്ന ഗോസ്റ്റ് കമൽ ഹാസൻ ആണെന്നും വിക്രത്തിന് കൈതിയുമായി കണക്ഷൻ ഉണ്ടെന്നും പ്രേക്ഷകർ ഉറപ്പിച്ചു.

ഒടുവിൽ വിക്രം റിലീസിന് തലേദിവസം ലോകേഷ് ഒരു പോസ്റ്റ് ഇട്ടു. പ്രേക്ഷകർ കൈതി ഒന്നുകൂടെ റീവിസിറ്റ് ചെയ്തിട്ട് വിക്രം കാണാൻ എത്തണമെന്ന്. അതോടെ പ്രേക്ഷകർ ഉറപ്പിച്ചു ഇതൊരു പുതിയ യൂണിവേഴ്സിന്റെ ആരംഭം തന്നെയെന്ന്. ചർച്ചകൾക്കും തിയറികൾക്കും ഒടുവിൽ വിക്രം റിലീസായി. കമൽ ഹാസൻ എന്ന താരത്തിന്റെ തിരിച്ചുവരവിന്റെ ആഘോഷത്തിനപ്പുറം ലോകേഷ് കനകരാജ് എന്ന സംവിധായകൻ കോളിവുഡിന്റെ ഒന്നാം നിരയിൽ സീറ്റ് വലിച്ചിട്ടിരുന്ന ചിത്രം കൂടിയായി വിക്രം. ലോകേഷ് യൂണിവേഴ്സ് തിയറികൾ ചുമ്മാ ഊഹമല്ലെന്ന് തെളിയിച്ച് നരെയ്‌ന്റെ ബിജോയ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു, കൈയ്യടികൾ ഉയര്ന്നു. എന്നാൽ അവ ഉച്ചസ്ഥായിയിലായത് കൈതിയിലുള്ള സീനിലേക്ക് ഫ്ലാഷ്ബാക്ക് പോയപ്പോഴായിരുന്നു. കൈതിയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറിൽ ദില്ലിയുടെ കൈവിലങ് കാണിച്ചതോടെ ആവേശം ആർപ്പുവിളികളായി. റിലീസിന് മുൻപ് സൂര്യ ചിത്രത്തിലുണ്ടെന്ന വാർത്ത പുറത്തുവന്നെങ്കിലും ആരായിരിക്കും ആ കഥാപാത്രമെന്ന ആവേശം ചിത്രത്തിന്റെ അവസാനം വരെ നിലനിർത്താനായി ലോകേഷിന്‌. ഒടുവിൽ ക്ലൈമാക്സിൽ അന്പും അടയ്കളവും റോളക്സ് എന്ന നിഷ്ഠൂരനായ ഡോണിന്റെ കൂട്ടത്തിൽ നിന്നുള്ളവരാണെന്ന് ലോകേഷ് പറഞ്ഞു നിർത്തി. വിക്രം അവസാനിച്ചത് ഒരുപിടി പുതിയ കഥാപാത്രങ്ങളെയും ചോദ്യങ്ങളും അവസാനിപ്പിച്ച് കൊണ്ടായിരുന്നു. കൈതിയിൽ ജയിലിൽ ആയിരുന്ന അടയ്കളം എങ്ങനെ പുറത്തെത്തിയെന്ന് ഉത്തരമില്ലാതെ തുടരുന്നു. വരാനിരിക്കുന്ന കൈതി 2 വിൽ അതിന്റെ ഉത്തരം ലോകേഷ് തരുമെന്ന് പ്രതീക്ഷിക്കാം.

സോഷ്യൽ മീഡിയയിൽ ലോകേഷ് കനകരാജ് ആഘോഷിക്കപ്പെട്ടതിനൊപ്പം ഓരോ കഥാപാത്രത്തിനുമൊപ്പം ഇനിയൊരു കഥയിലേക്ക് ചെന്നെത്താവുന്ന, ഡ്ര​ഗ് മാഫിയയും കാർട്ടലും ​ഗോസ്റ്റുകളും പുനവരവതരിക്കാൻ തയ്യാറെടുക്കുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ LCU വിക്രമിനൊപ്പം പിറവിയെടുത്തു. ഒരു അഭിമുഖത്തിൽ ലോകേഷ് പറയുന്നുണ്ട് LCU എന്നത് താൻ ഇട്ട പേരല്ല പ്രേക്ഷകർ സ്നേഹത്തോടെ ഇട്ട പേര് താൻ സ്വീകരിച്ചതാണെന്നും. ഇനി വരാനിരിക്കുന്ന സിനിമകൾ LCU വിൽ ഉൾപ്പെടുമെങ്കിൽ അത് സിനിമയുടെ തുടക്കം എഴുതി കാണിക്കുമെന്നും ലോകേഷ് പറയുന്നുണ്ട്. എന്തായാലും ഇന്ത്യൻ സിനിമ അതുവരെ പരീക്ഷിക്കാത്ത യൂനിവേഴ്‌സ് എന്ന കോൺസെപ്റ് ഹിറ്റായി. സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ സ്വയം കഥകൾ മെനഞ്ഞു.

പത്ത് സിനിമകൾക്ക് ശേഷം താൻ സംവിധാനം അവസാനിപ്പിക്കുമെന്ന് ലോകേഷ് ഇടക്ക് പറയുണ്ടായി. അടുത്തതായി കൈതി 2 ചെയ്ത്‌ വിക്രം 2 വിൽ ഒരു ഏൻഡ് ഗെയിം പോലെ LCU അവസാനിപ്പിച്ചെന്നും വരാമെന്നും. അപ്പോഴും നിരവധി സ്പിൻ ഓഫ് സാധ്യതകൾക്ക് ലോകേഷിന്റെ യൂണിവേഴ്‌സ് സാധ്യത നൽകുന്നുണ്ട്. നരൈന്റെ ബിജോയ്, കൈതിയിൽ മരിയൻ ജോർജ് അവതരിപ്പിച്ച നെപ്പോളിയൻ, ഫഹദിന്റെ അമർ എന്നീ കഥാപാത്രങ്ങളെ വച്ച് ഒരു സ്പിൻ ഓഫ് സിനിമ ചെയ്യാമെന്നതും ഒരു സാധ്യതയായി ലോകേഷ് പറയുന്നുണ്ട്. പെട്ടെന്നുണ്ടായ ഒരു തട്ടിക്കൂട്ട് തീരുമാനമല്ല ലോകേഷിന്റെ ഈ യൂണിവേഴ്‌സ് കൺസെപ്റ്റ്. തനിക്ക് മാനഗരം മുതലേ ഇത്തരമൊരു ആശയം ഉണ്ടായിരുന്നുവെന്നും കൈതിയിൽ അവസരം വന്നപ്പോൾ അത് ഉപയോഗിച്ചെന്നും ലോകേഷ് പറയുന്നു. കൈതിയിൽ കാർത്തിയുടെ ദില്ലി ഒരു സഞ്ചി കയ്യിൽ കരുതുന്നുണ്ട്. എന്നാൽ അതിലെന്താണെന്ന് ചിത്രത്തിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ ജയിലിൽ ദില്ലി ഒരു കബഡി പ്ലയെർ ആയിരുന്നെന്നും അതിൽ ജയിച്ച കപ്പുകളാണ് ആ സഞ്ചിയിലെന്നും ലോകേഷ് പറയുകയുണ്ടായി. ദില്ലിയുടെ ഫ്ലാഷ്ബാക്ക് എന്തെന്നും ഇനിയും explore ചെയ്യാൻ ഉണ്ടെന്നും അത് രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കാമെന്നും ലോകേഷ് പറയുന്നു. കൈതി 2 ഒരേസമയം നമ്മൾ കണ്ട ദില്ലിയുടെ ഭൂതകാലത്തേക്കും ഭാവിയിലേക്കും സഞ്ചരിക്കുന്ന ഒരു സിനിമയാകും എന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. അത്തരത്തിൽ കൃത്യമായ ഒരു വിഷൻ ലോകേഷിന് ഈ യൂണിവേഴ്‌സിനെക്കുറിച്ച് ഉണ്ട്. ആ ഹോംവർക്ക് തന്നെയാണ് ഓരോ സിനിമ വരുമ്പോഴും കാത്തിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതും.

തന്റെ അഞ്ചാമത്തെ സിനിമയായ ലിയോയുമായി ലോകേഷ് എത്തുമ്പോൾ വിജയ് എന്ന താരത്തിനെ എങ്ങനെ LCU വിലക്ക് കൊണ്ടുവരുമെന്നും സിനിമ ഈ യൂണിവേഴ്സിന്റെ ഭാഗമാണോയെന്നും പ്രേക്ഷകർ ചോദിക്കുന്നു. മാസ്റ്ററിൽ വിജയയുമായി ഒന്നിച്ചെങ്കിലും മാസ്റ്ററും മാനഗരവും തീർത്തും സ്റ്റാൻഡ് അലോൺ ഫിലിംസ് ആണെന്ന് ലോകേഷ് വ്യക്തമാക്കിയിരുന്നു. കൈതിയും വിക്രമുമായി ബന്ധപ്പെടുത്തി ലിയോയിലേക്ക് എങ്ങനെയൊക്കെ കണക്ഷൻ സൃഷ്ട്ടിക്കാമെന്ന് പ്രേക്ഷകർ തിയറികൾ ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ലിയോയിലെ ട്രെയ്ലറിൽ കാണിച്ച സാൻഡി മാസ്റ്ററിന്റെ കഥാപാത്രം റോളെക്സിന്റെ ചെറുപ്പം ആണെന്നും തിയറികളുണ്ട്. ലിയോ പ്രഖ്യാപിച്ചപ്പോൾ കൈതിയുടെ നിർമാതാവ് എസ് ആർ പ്രഭു ബെസ്റ്റ് വിഷസ് ഫ്രം പാരലൽ യൂണിവേഴ്‌സ് എന്ന് ട്വീറ്റ് ചെയ്തതും സംശയങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ലിയോ LCU വിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന് ലോകേഷ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വിക്രം ക്ലൈമാക്സ് പോലെ ലിയോയുടെ അവസാനം ഏതെങ്കിലുമൊരു കഥാപാത്രത്തെ സർപ്രൈസ് ആക്കി കൊണ്ടുനിർത്തി ലോകേഷ് ഞെട്ടിക്കുമെന്ന് തന്നെയാണ് ഓരോ പ്രേക്ഷകന്റെയും വിശ്വാസം.

Related Stories

No stories found.
logo
The Cue
www.thecue.in