ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ്സ്മാന്‍

നാടോടിക്കഥകളത്രയും നമ്മൾ പറഞ്ഞുകേട്ടതോ വായിച്ചറിഞ്ഞതോ ആണ്. വായനയിലും കേൾവിയിലും നമ്മളുടെ ഓരോരുത്തരുടെയും ഭാവനയിലാണ് നമ്മൾ ഫാന്റത്തെയും മായാവിയെയുമൊക്കെ കണ്ടിരുന്നത്. മലയാളത്തിലെ നവതലമുറ ചലച്ചിത്രകാരന്‍മാരില്‍ ഒന്നാം പേരുകാരനാണ് ലിജോ ജോസ് പെല്ലിശേരി. സമകാലികരില്‍ പലരും വിജയഫോര്‍മുലകളില്‍ വട്ടംചുറ്റുമ്പോള്‍ ലോകസിനിമയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മീഡിയത്തില്‍ പരീക്ഷണത്തിന് ഇറങ്ങിയ ക്രാഫ്റ്റ് മാന്‍. ഒരേ സ്വഭാവമുള്ള സിനിമകളും, ഫോര്‍മുലകളും ആവര്‍ത്തിക്കാനില്ലെന്ന ഉറച്ച നിലപാട് പത്താം സിനിമ വരെ ഫോളോ ചെയ്യുന്നൊരാൾ. ​ഗാം​ഗ്സ് സ്പൂഫ് പരീക്ഷണമായിരുന്ന ഡബിൾ ബാരൽ തിയറ്ററിൽ സ്വീകരിക്കപ്പെടാതെ പോയപ്പോൾ നോ പ്ലാൻ ടു ചേഞ്ച് , നോ പ്ലാൻ ടു ഇംപ്രസ് എന്നതാണ് തന്റെ സിനിമാറ്റിക് അപ്രോച്ചും നിലപാടുമെന്ന് വർത്തിച്ച് പ്രഖ്യാപിച്ചയാളാണ് ലിജോ ജോസ് പെല്ലിശേരി.

കരിയറിലെ പതിനാലാം വർഷത്തിലാണ് ലിജോ തന്റെ പത്താം സിനിമയുമായി വരുന്നത്. മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിന്റെ ഏറ്റവും ഉയർന്ന ബജറ്റിലുള്ള സിനിമകളിലൊന്ന്. ഒരു നാടോടിക്കഥയെ അതിന്റെ എല്ലാ വീര്യവും ഇമോഷൻസും ചേർത്ത് ലിജോ തന്റെ ഭാവനാ ലോകത്ത് നിന്ന് സ്ക്രീനിലേക്ക് പറത്തിവിടുന്നതായിരിക്കും വാലിബനെന്നതാണ് ട്രെയിലറും പാട്ടുകളും തരുന്ന ഇംപ്രഷൻ. കെജിഎഫ് പോലെയോ ജയിലർ പോലെയോ ഒരു ടെംപ്ലേറ്റ് മാസ് മസാല പടമാകില്ല വാലിബനെന്ന് ഉറപ്പിക്കാം. ലിജോ ഒരു ഫാൻ ബോയ് സിനിമയൊരുക്കുന്ന ഫിലിം മേക്കറുമല്ല. ഏത് ദേശത്തെയും മെയ്ക്കരുത്താലും അഭ്യാസമുറകളാലും കാൽക്കീഴിലാക്കുന്ന വീരനും പോരാളിയുമായ ഒരു യോദ്ധാവിന്റെ സൂപ്പർഹീറോയായും അതേ സമയം തന്നെ എല്ലാ മാനുഷിക ദൗർബല്യങ്ങളുള്ള മനുഷ്യനായുമായിരിക്കാം ലിജോ അവതരിപ്പിക്കുക. വൈൽഡ് വെസ്റ്റ് മുവീകളെയും ക്ലിന്റ് ഈസ്റ്റ് വുഡിന്റെയും കുറസോവയുടെയും സിനിമകളെയും അവതരണത്തിൽ സാമ്യപ്പെടുത്തിയ എത്രയോ തിയറികൾ ഇതിനോടകം വന്നിട്ടുണ്ട്. നായകൻ മുതൽ നൻപകൽ നേരത്ത് മയക്കം വരെയുള്ള ലിജോയുടെ കരിയർ പരിശോധിച്ചാൽ ഓരോ സിനിമകളിലെ ആക്ടേഴ്സ് മുമ്പ് ചെയ്യാത്ത ഒന്നായിരുന്നു അവരത്രയും ഈ സിനിമകളിലെല്ലാം അവതരിപ്പിച്ചിരുന്നത്.

ലിജോയുടെ കന്നിവരവ് കഥകളിയിലെ രൗദ്രവേഷവും ഗാംഗ്സ്റ്റര്‍ ഫൈറ്റുകളിലെ രൗദ്രതാളവും ചേര്‍ത്തുള്ള നായകന്‍ എന്ന സിനിമയിലായിരുന്നു. ട്രീറ്റ്മെന്റിലും താളത്തിലും കളര്‍ ടോണിലും സംഭാഷണത്തിലുമെല്ലാം മലയാളത്തിന് അടിമുടി അപരിചിതമായ ശൈലി. വേറിട്ട സിനിമയ്ക്കുള്ള ശ്രമം എന്നതിനപ്പുറം നിരവധി പോരായ്മകളുള്ള ചിത്രമായിരുന്നു നായകന്‍. ഇന്ദ്രജിത്ത് നായകന്‍, തിലകന്റെ മാസ് റോള്‍, സിദ്ദീഖിന്റെ സ്റ്റൈലിഷ് വില്ലന്‍. മ്യൂസിക് ട്രാക്ക് പുറത്തുവിട്ടത് എ ആര്‍ റഹ്മാന്‍. വിദേശ സിനിമകളുടെ ശൈലിയോടുള്ള ലിജോയുടെ കമ്പം എടുത്തുപറയുന്നതായിരുന്നു നായകന്‍ എന്ന സിനിമ. സിനിമ പരാജയപ്പെട്ടെങ്കിലും വഴിമാറി നടക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ലിജോ എന്ന് മലയാളിക്ക് പിടികിട്ടി.

ഹൈപ്പര്‍ ലിങ്ക് നരേറ്റീവില്‍ പല കോണുകളിലുള്ള മനുഷ്യരുടെ കഥ പറഞ്ഞ സിനിമയായിരുന്നു സിറ്റി ഓഫ് ​ഗോഡ്. സിനിമയുടെ റിലീസ് ഉള്‍പ്പെടെ പ്രതിസന്ധിയിലായിരുന്നു. വേണ്ടത്ര പ്രമോഷനില്ലാതെ എത്തിയ സിനിമ തിയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടില്ല. പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതിയും റിമയും ഉള്‍പ്പെടെ മികച്ച പെര്‍ഫോര്‍മന്‍സുകളുടേതായിരുന്നു സിറ്റി ഓഫ് ഗോഡ്. മലയാള സിനിമയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതം കൃത്യമായി പരാമര്‍ശിച്ച സിനിമയുമായിരുന്നു സിറ്റി ഓഫ് ഗോഡ്. ബാബു ജനാര്‍ദ്ദനന്‍ ആയിരുന്നു രചന. പ്രശാന്ത് പിള്ള ലിജോക്കൊപ്പം കൈകോര്‍ത്ത രണ്ടാമത്തെ ചിത്രവുമാണ് സിറ്റി ഓഫ് ഗോഡ്. ട്രീറ്റ്മെന്റും ക്യാമറാ ചലനങ്ങളും ഹൈപ്പര്‍ ലിങ്ക് നരേറ്റീവില്‍ ഓരോ കഥയും പറഞ്ഞ രീതിയുമെല്ലാം പിന്നീട് പ്രശംസിക്കപ്പെട്ടു.

മലയാള സിനിമ ഫാന്റസിയെയും മാജിക്കല്‍ റിയലിസത്തെയും സമീപിച്ചാല്‍ ആമേന്‍ പോലൊരു സിനിമ എന്ന് റഫറന്‍സ് വരുംവിധത്തിലാണ് ലിജോയുടെ മൂന്നാമത്തെ സിനിമ പ്രതിഷ്ഠിക്കപ്പെട്ടത്. നമ്മുടെ സിനിമകളിലെ പരീക്ഷണങ്ങള്‍ പലതും ക്ഷമാപരീക്ഷണമായിരുന്നിടത്ത് 'ആമേന്‍' മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതയാണ് തുറന്നിട്ടത്. മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമ കൂടിയാണ് ആമേന്‍. എമിര്‍ കുസ്തുറിക്കയുടെയും ചില ലാറ്റിന്‍ അമേരിക്കന്‍ സിനിമകളുടെയും ഫീല്‍ നല്‍കിയ ചിത്രം. ഫഹദ് ,ഇന്ദ്രജിത്ത്, ജോയ് മാത്യു എന്നിവര്‍ക്കൊപ്പം ഒരു പറ്റം പുതിയ അഭിനേതാക്കളുടെ പ്രകടനവും. പ്രശാന്ത് പിള്ളയുടെ സംഗീതവും അഭിനനന്ദന്റെ ക്യാമറയും ഒരുക്കിയ കുമരങ്കരയുടെ സ്വപ്നഭൂമികയും ആമേന്റെ ഭംഗിയായിരുന്നു. ലിജോ എന്ന ക്രാഫ്റ്റ്മാന്റെ ​വരവ് ഉറപ്പിച്ച സിനിമയുമായിരുന്നു ആമേൻ.

ലിജോയുടെ മുന്‍ സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഗാംഗ്‌സറ്റര്‍ കോമഡി ചിത്രമായിരുന്നു ഡബിള്‍ ബാരല്‍. ധൈര്യമുള്ള പരീക്ഷണ നീക്കം. ആസ്വാദകന്റെ യുക്തിയും ചിന്തയും പരിഗണനാ വിഷയമാകാതെ കോമിക് ബുക്ക് ശൈലിയില്‍ അസംബന്ധ ബന്ധിതമായൊരു സിനിമ. രാജ്യാന്തര ഗാംഗ്സ്റ്റര്‍ സ്പൂഫ് സിനിമളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ആഖ്യാനരീതി. അധോലോക കഥകളുടെ അസംബന്ധ വര്‍ണ്ണനയാണ് ഡബിള്‍ ബാരല്‍. ലിജോ തന്നെയായിരുന്നു തിരക്കഥ. ലോക്ക് സ്റ്റോക്ക് ആന്‍ഡ് ടു സ്‌മോക്കിംഗ് ബാരല്‍സ്,സ്‌നാച്ച് എന്നീ ഗയ്‌റിച്ചീ സിനിമകളോട് അടുപ്പമുണ്ടാക്കുന്ന സിനിമ. ഡബിള്‍ ബാരല്‍ എന്ന ഔട്ട് ഓഫ് ദ ബോക്‌സ് പരീക്ഷണം തിയറ്ററുകളില്‍ പരാജയപ്പെട്ടത് ബജറ്റ് കുറഞ്ഞ സിനിമകളിലേക്ക് ലിജോയെ വഴിതിരിച്ചുവിട്ടുവെന്ന് വേണം കരുതാന്‍.

പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ പരീക്ഷണ സിനിമയ്ക്ക് ശേഷവും സാഹസികമായ മറ്റൊരു പരീക്ഷണത്തിനുള്ള ധൈര്യം. വന്‍ ബജറ്റും മുന്‍നിര താരങ്ങളും മുഖമായിരുന്ന ഡബിള്‍ ബാരലില്‍ നിന്ന് 86 പുതുമുഖ അഭിനേതാക്കളുടെ സിനിമ, അതായിരുന്നു അങ്കമാലി ഡയറീസ്. ഒരേതരം ഫോര്‍മുലകളില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാന്‍ ധൈര്യപ്പെടാത്ത ഭൂരിപക്ഷത്തിനിടയില്‍ നിന്നാണ് പതിവ് ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരാന്‍ ലിജോ ജോസ് പെല്ലിശേരി തയ്യാറായത്. അങ്കമാലി ഡയറീസ് മലയാള സിനിമയിലെ മിടുക്കുള്ള മാറ്റത്തെയാണ് കുറിച്ചിട്ടത്. മലയാളത്തിലെ മികച്ച സ്വഭാവ നടന്‍മാരിലൊരാളായ ചെമ്പന്‍ വിനോദ് ജോസായിരുന്നു അങ്കമാലി ഡയറീസിന്റെ രചയിതാവ്. കൂടിയാണ്. മൗലികതയിലേക്കും തദ്ദേശീയമായി കഥ പറയുന്ന രീതിയിലേക്കും ലിജോയുടെ മാറി നടത്തവുമായിരുന്നു അങ്കമാലി ഡയറീസ്.

മാറിയ മലയാള സിനിമയുടെ മുഖചിത്രമായിരുന്നു ഇ മ യൗ. പി എഫ് മാത്യൂസ് സൃഷ്ടിച്ച കഥാഭൂമികയില്‍ നിന്ന് മരണം കേന്ദ്രകഥാപാത്രമാക്കി ലിജോയുടെ ആഖ്യാനം. മരണത്തിന്റെ തണുപ്പില്‍ നിന്നും മരവിപ്പില്‍ നിന്നും മാജിക്കല്‍ റിയലിസത്തിന്റെ അനുഭവാന്തരീക്ഷത്തിലേക്കുള്ള സമാന്തര സഞ്ചാരവുമായിരുന്നു ഈ മ യൗ. പൂര്‍ത്തിയാക്കുന്നുണ്ട് ഈ മ യൗ. രാജ്യാന്തര തലത്തിലേക്ക് ലിജോ ജോസ് പെല്ലിശേരി എന്ന ചലച്ചിത്രകാരന്റെ പ്രവേശം കൂടിയായിരുന്നു ഈ സിനിമ. എല്ലാ തലങ്ങളിലും,ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെയും ബ്രില്ല്യന്‍സിന്റെയും കഥ പറച്ചിലിലെ പുതിയ താളത്തിന്റെയും അനുഭവമായിരുന്നു ജെല്ലിക്കെട്ട്. മനുഷ്യനും മൃഗവും വന്യതയുടെയും വയലന്‍സിന്റെയും താരതമ്യത്തിലൂടെ കടന്നുപോകുന്നൊരു ഗംഭീര വിഷ്വല്‍ ട്രീറ്റ് . പച്ചപ്പിലും നീലപ്പരപ്പിലുമായി നമ്മള്‍ ശാന്തരൂപിയാക്കി നിരന്തരം ചിത്രീകരിച്ച മനുഷ്യനെ തച്ചുടച്ച്, പച്ചയെക്കാള്‍ കറുപ്പ് കൂടിയ ചെളിയുടെ, ചോരയുടെ, ഇരുട്ടിന്റെ വാരിപ്പൊത്തലാണ് മനുഷ്യന്റെ തനിനിറം തിരിച്ചറിയലിന്റേതാണ് സിനിമ. വിഷ്വൽ ട്രീറ്റ്മെന്റിൽ ലിജോ തന്നെ പുതിയൊരു ബഞ്ച് മാർക്ക് സെറ്റ് ചെയ്ത സിനിമ. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയുടെ സിനിമാരൂപമായിരുന്നു ജല്ലിക്കട്ട്.

കൊവിഡ് കാലത്ത് പ്രേക്ഷകരിലെത്തിയ ചുരുളി ലിജോയുടെ മറ്റൊരു മാസ്റ്റർ ക്രാഫ്റ്റ് ആയിരുന്നു. പ്രേക്ഷകരിലൂടെ ഇന്ററാക്ട് ചെയ്ത് പോകുന്ന മനുഷ്യരുടെ അകത്തും പുറത്തുമുള്ള വന്യതകളിൽ പുതിയ താളം കണ്ടെത്തി നീങ്ങുന്ന, അതേ സമയം സ്പിരിച്വൽ ജേണി കൂടിയായ ഉ​ഗ്രൻ സിനിമ. മിനിമലിസം കൊണ്ട് ലിജോ അമ്പരപ്പിച്ച വർക്ക് കൂടിയായിരുന്നു ചുരുളി.

ലിജോ അതുവരെ ചെയ്ത സിനിമകളിൽ ഏറ്റവുമധികം വൈകാരിക തലവും ലെയറുകളും ഉള്ള ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. എസ് ഹരീഷായിരുന്നു രചന. തമിഴിന്റെയും മലയാളത്തിന്റെയും കൾച്ചറൽ കോൺഫ്ളിക്ടുകളും രണ്ട് ഇടങ്ങളിലെയും മനുഷ്യർക്കിടയിലെ മുൻവിധികൾ സൃഷ്ടിക്കുന്ന ഇടച്ചിലിനെയും ഉലച്ചിനെയുമെല്ലാം മനോഹരമായി പറഞ്ഞുപോകുന്ന സിനിമ. സൗണ്ട് ഡിസൈനിലും സ്റ്റോറി ടെല്ലിം​ഗിംലും മലയാളത്തിന് പുത്തൻ അനുഭവവുമായിരുന്നു നൻപകൽ.

ലിജോ മൂന്നാം വട്ടം പിഎസ് റഫീക്കുമായി കൈകോർക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഒരു നാടോടിക്കഥയുടെ ഉൽസവാന്തരീക്ഷത്തിലേക്ക് അതിന്റെ ആട്ടവും പാട്ടും താളവും തല്ലും ആക്രമണവും പടയോട്ടവുമെല്ലാം അമർ ചിത്രകഥയിലെന്ന പോലെ വിശ്വസനീയമായി വിഷ്വലൈസ് ചെയ്ത എൽജെപി മാജിക് വാലിബനിൽ പ്രതീക്ഷിക്കാം. ലിജോ ഇതുവരെ ചെയ്ത സിനിമകളെല്ലാം സിനിമയുടെ ഭാവത്തോട് ലയിച്ചുനീങ്ങുന്ന അല്ലെങ്കില്‍ അത്തരമൊരു അനുഭവപരിസരം സൃഷ്ടിച്ചെടുക്കുന്ന താളമുണ്ടായിരുന്നു. ആമേനിലും ഡബിള്‍ ബാരലിലും അങ്കമാലിയിലും ഈ താളം സിനിമയുടെ ഹൃദയതാളവുമായിരുന്നു. ഒരു ഫോക്ക് ടെയിൽ അതിന്റെ ചന്തത്തിലും താളത്തിലും ആവേശത്തിലുയമായി ലിജോ മലയാളത്തിന്റെ മോഹൻലാലിനൊപ്പം അവതരിപ്പിക്കുമ്പോൾ ലിജോയുടെ കരിയറിൽ അതൊരു പുതിയ ഉയരമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in