കേരളത്തിലെ തിയറ്ററുകള്‍ എപ്പോള്‍ തുറക്കും?, ക്രിസ്മസ് റിലീസ് പ്രതീക്ഷിക്കാമോ? ട്രയല്‍ റണ്ണിന് തയ്യാറെന്ന് ലിബര്‍ട്ടി ബഷീര്‍

കേരളത്തിലെ തിയറ്ററുകള്‍ എപ്പോള്‍ തുറക്കും?, ക്രിസ്മസ് റിലീസ് പ്രതീക്ഷിക്കാമോ? ട്രയല്‍ റണ്ണിന് തയ്യാറെന്ന് ലിബര്‍ട്ടി ബഷീര്‍

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാര്‍ഗരേഖകള്‍ ചര്‍ച്ചയാവുകയാണ്. അടുത്ത മാസം മുതല്‍ കര്‍ശന മാര്‍ഗരേഖയ്ക്കൊപ്പം തീയറ്ററുകള്‍ തുറക്കാനാണ് ഒരുങ്ങുന്നത്. നവംബറോടെ തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും കേരളത്തില്‍ സിനിമാ റിലീസുകള്‍ വൈകുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.

നവംബറില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി വന്നാല്‍ ഒരു മാസം ട്രയലിനായി മാറ്റിവെക്കേണ്ടി വരുമെന്നും ലിബര്‍ട്ടി ബഷീര്‍. തീയറ്ററുകളിലേയ്ക്ക് ആളുകളെ വരുത്തണം. ഒന്നര മാസത്തോളമുളള ട്രയലിന് വേണ്ടി എല്ലാ തീയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. ട്രയലിന് ശേഷം സാധാരണക്കാര്‍ തീയറ്ററിലേയ്ക്ക് വരുമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനാകൂ. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആകും ആദ്യ പരിഗണനയില്‍. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' അടുത്ത വിഷു റിലീസെന്ന നിലക്ക് മാത്രമേ പ്രതീക്ഷിക്കാനാകൂ. മമ്മൂട്ടി ചിത്രം 'വണ്‍', മോഹന്‍ലാല്‍ ചിത്രം 'ദൃശം 2' എന്നിവ ക്രിസ്തുമസ് റിലീസിനായാണ് തയ്യാറെടുക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍.

കൊവിഡ് വ്യാപന സമയമാണ്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ ആ തീയറ്റര്‍ മുഴുവനായും അടച്ചിടേണ്ടി വരും. അത് തീയറ്റര്‍ ഉടമകള്‍ക്കും സിനിമയ്ക്കും വലിയ നഷ്ടം വരുത്തിവെയ്ക്കും. മറ്റ് ബിസിനസുകള്‍ പോലെയല്ല. സിനിമ തീയറ്ററിലെത്തണമെങ്കില്‍ ലോകം മൊത്തം തയ്യാറെടുക്കണം. യുഎഇ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളെല്ലാം പരിപൂര്‍ണ്ണ രോഗമുക്തി നേടിയാല്‍ മാത്രമേ മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ പറ്റു. ഡിസംബറില്‍ പറ്റുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രം നല്‍കുക

ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുക

മാസ്‌ക് നിര്‍ബന്ധമാക്കണം

തിയറ്ററിനകത്ത് എസി 24 ഡിഗ്രിയില്‍ പ്രവര്‍ത്തിക്കണം

വ്യക്തിശുചിത്വം, പ്രതിരോധ നടപടികള്‍ എന്നിവയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കണം

ഓരോ ഷോയ്ക്ക് ശേഷവും തീയറ്റര്‍ അണുവിമുക്തമാക്കണം

സെപ്തംബര്‍ ആദ്യവാരം മുതല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും സജീവമായിരുന്നു. മോഹന്‍ലാല്‍ ചിത്രം ദൃശ്യം സെക്കന്‍ഡ്, ഫഹദ് ഫാസില്‍ ചിത്രം ഇരുള്‍, ഇന്ദ്രന്‍സ് നായകനായ ഹോം, ദേവന്‍ സംവിധാനം ചെയ്യുന്ന വാലാട്ടി, ടൊവിനോ തോമസ് ചിത്രം കള എന്നീ സിനിമകള്‍ ഷൂട്ടിംഗിലേക്ക് കടന്നു. മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദ പ്രീസ്റ്റ് അവസാന ഘട്ട ചിത്രീകരണം 25ന് വാഗമണ്ണില്‍ തുടങ്ങും. മാര്‍ട്ടിന്‍ പ്രക്കാട്ട് കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ട് ഈ മാസം അവസാനം കൊച്ചിയില്‍ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും.

ക്രിസ്തുമസോടെ സിനിമകള്‍ തീയറ്ററുകളില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും വിതരണക്കാരും ഷൂട്ടിംഗിലേക്ക് കടന്നത്. തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിന് മുന്നോടിയായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടും. മള്‍ട്ടിപ്ലക്‌സ് തീയറ്ററുകള്‍ തുറക്കാനുളള അനുമതി ആദ്യഘട്ടത്തില്‍ നല്‍കില്ലെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in