മന്ത്രിക്ക് പരാതി കൊടുത്തതിന്റെ പേരിൽ റിലീസ് വൈകിപ്പിച്ചു, അഭിപ്രായം പറഞ്ഞാൽ ശിക്ഷിക്കുന്ന നടപടി ; കെഎസ്എഫ്ഡിസിക്ക് എതിരെ സംവിധായിക

മന്ത്രിക്ക് പരാതി കൊടുത്തതിന്റെ പേരിൽ റിലീസ് വൈകിപ്പിച്ചു, അഭിപ്രായം പറഞ്ഞാൽ ശിക്ഷിക്കുന്ന നടപടി ; കെഎസ്എഫ്ഡിസിക്ക് എതിരെ സംവിധായിക

കെ.എസ്.എഫ്.ഡി.സിയുടെ വനിതാ സംവിധായകർക്കുള്ള സിനിമാ പദ്ധതിയിൽ പൂർത്തിയാക്കിയ 'നിള' എന്ന ചിത്രത്തിന്റെ റിലീസ് മനപ്പൂർവം വൈകിപ്പിച്ചുവെന്നും ഫിലിം ഓഫീസർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന പരാതിയുമായി ചിത്രത്തിന്റെ സംവിധായിക ഇന്ദു ലക്ഷ്മി. ജൂലൈ 7 ന് റിലീസ് ചെയ്യാനിരുന്ന സിനിമയാണ് 'നിള' പക്ഷെ താൻ മന്ത്രിക്ക് പരാതി കൊടുത്തെന്ന പേരിൽ സിനിമയുടെ റിലീസ് മാറ്റിവച്ചെന്നും പിന്നെയും ഒരു അപേക്ഷ മന്ത്രിക്ക് കൊടുത്തതിന് ശേഷമാണ് ഇപ്പോൾ റിലീസ് തീയതി തീരുമാനമായതെന്നും ഇന്ദു ലക്ഷ്മി ക്യു സ്റ്റുഡിയോയോട് പറഞ്ഞു. സിനിമയുടെ പ്രചാരണ പരിപാടികളെക്കുറിച്ചോ, മാർക്കറ്റിങ്ങിനെക്കുറിച്ചോ ഇതുവരെ വ്യക്തത തരാൻ കെഎസ്എഫ്ഡിസി തയ്യാറാകുന്നില്ലെന്നും ഇന്ദു ആരോപിക്കുന്നു.

മുൻ സിനിമകൾക്കും ഇത് സംഭവിച്ചതാണ്

സിനിമ ആഗസ്റ്റ് 4 ന് റിലീസ് ചെയ്യാം എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. ഡിസ്ട്രിബൂഷൻ, മാർക്കറ്റിംഗ്, മ്യൂസിക് റൈറ്റ്‌സ് ഇതിനെക്കുറിച്ചെല്ലാം ജൂലൈ 11 ന് അറിയിക്കാം എന്നാണ് കെ.എസ്.എഫ്.ഡി.സി പറഞ്ഞിരുന്നത്. എന്നാൽ അത് കഴിഞ്ഞ് അവർ ടെണ്ടർ വിളിക്കാൻ തുടങ്ങി. ഞങ്ങൾ നൽകിയ ഒരു ഡിസ്ട്രിബ്യൂഷൻ ടീമിനോട് ഓക്കെ പറഞ്ഞിട്ട് അവർ അത് മാറ്റി റീ ടെണ്ടർ ചെയ്യണം എന്ന് പറഞ്ഞു. ഇതുവരെയായിട്ടും അതിനെക്കുറിച്ചു യാതൊരു വ്യക്തതയുമില്ല. ഇനിയൊരു ടീം വന്നാൽ പോലും പേപ്പർ വർക്കിന് താമസമുണ്ടാകും. അതുകൊണ്ട് തന്നെ ഒരു സിനിമക്ക് വേണ്ട പ്രൊമോഷൻ ഇനി ചെയ്യാൻ കഴിയില്ല. അതിനു ഒറ്റ കാരണം അവിടുത്തെ സ്റ്റാഫ് ഒന്നും ചെയ്യുന്നില്ല എന്നതാണ്. ഇതിനു മുന്നേയുള്ള മൂന്ന് സിനിമകൾക്കും ഇത് സംഭവിച്ചതാണ്. അതുകൊണ്ട് ഏപ്രിൽ മുതൽ കാര്യങ്ങൾ അവരെ ഓർമിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. അവർക്ക് ടെണ്ടർ വിളിക്കണമെങ്കിൽ അന്ന് വിളിക്കാമായിരുന്നു, പക്ഷെ അവർ അവസാന നിമിഷം വരെ കാത്തിരുന്നു. നമ്മുടെ അധ്വാനത്തിനെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.

കെ എസ് എഫ്ഡിസി കൈയ്യൊഴിയുന്നു

കെ.എസ്.എഫ്.ഡി.സി ഇപ്പോഴും കയ്യൊഴിയുകയാണ്. ഒരാളോട് ചോദിക്കുമ്പോ മറ്റേയാളോട് ചോദിക്കാൻ പറയും. ഫിലിം ഓഫീസറിന്റെ ടീം ആണ് എല്ലാം ചെയ്യേണ്ടത്. അദ്ദേഹം അടുത്ത ദിവസം പറയാം എന്ന് പറഞ്ഞു നീട്ടിവയ്ക്കുകയാണ്. അയാൾ ഒരു സംവിധായകനാണ് അതുകൊണ്ട് തന്നെ ഒരു സിനിമയിൽ സമയത്തിന് എന്ത് വിലയുണ്ടെന്ന് അയാൾക്ക് അറിയാമായിരിക്കുമല്ലോ? സിനിമ ഇറങ്ങുന്നതിന് ഒരാഴ്ച മുന്നേ പ്രൊമോഷൻ ടീം കിട്ടിയിട്ട് നമുക്ക് കാര്യമില്ല.

'പരാതി കൊടുത്തതല്ലേ അതുകൊണ്ടു റിലീസ് ചെയ്യണ്ട'

നേരത്തെ ഒരു പരാതി മന്ത്രിക്ക് നൽകിയിട്ടുണ്ട്. ആ പരാതിയെ തുടർന്നാണ് ഇപ്പോൾ ഓഗസ്റ്റ് 4 ന് റിലീസ് ചെയ്യാൻ അവർ അനുമതി നൽകിയത്. മന്ത്രിയുടെ ഭാഗത്ത് നിന്നും കൾച്ചറൽ ഡിപ്പാർട്‌മെന്റിൽ നിന്നും നല്ല സപ്പോർട്ട് ആണ് കിട്ടുന്നത്. പക്ഷെ അവർക്കൊരു കാലതാമസം ഉണ്ട്. ഉടനെ ഒരു സൊല്യൂഷൻ എനിക്ക് കിട്ടില്ല കാരണം അതിനൊരു പ്രോസസ്സ് ഉണ്ട്. നമ്മൾ പരാതി കൊടുത്താൽ അത് അന്വേഷിക്കാൻ ഒരു സമയമുണ്ട്. എപ്പോഴും എനിക്ക് അവരെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല കാരണം അതിലും വലിയ കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട്. ജൂലൈ 7 ന് റിലീസ് ചെയ്യാനിരുന്ന സിനിമയാണ് 'നിള' പക്ഷെ ഞാൻ പരാതി കൊടുത്തെന്ന പേരിൽ റിലീസ് മാറ്റി വച്ചു. പിന്നെയും ഞാനൊരു റിക്വസ്റ്റ് കൊടുത്ത് മിനിസ്റ്ററുടെ ഓഫീസിൽ നിന്ന് ഓർഡർ പോയതിനു ശേഷമാണ് ഇപ്പൊ റിലീസ് ദിവസം കൺഫേം ആയത്. 'പരാതി കൊടുത്തതല്ലേ അതുകൊണ്ടു റിലീസ് ചെയ്യണ്ട' എന്ന് ഫിലിം ഓഫീസർ പറഞ്ഞതായി കുറെ പേരുമായി സംസാരിച്ചത്തിൽ നിന്ന് അറിഞ്ഞു.

അഭിപ്രായം പറഞ്ഞാൽ ശിക്ഷിക്കുന്ന പോലെയാണ്

ആദ്യം മുതലെ ഒരു കാര്യത്തിനോടും പ്രതികരിക്കാനുള്ള സ്‌പേസ് അവർ തന്നിട്ടില്ല. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിനു നമ്മളെ ശിക്ഷിക്കുന്നത് പോലെയാണ് പെരുമാറുന്നത്. അത് കാരണം മിണ്ടാതിരിക്കേണ്ടി വരുന്നു. ഇതിനെ ആരെങ്കിലും വെളിച്ചത് കൊണ്ടുവരണം എന്ന് കരുതിയാണ് ആ പോസ്റ്റ് ഇട്ടത്. ഓരോ തവണയും അവരുടെ പുറകെ നടന്നു ചെയ്യിപ്പിക്കുക എന്നത് നമുക്കും ബുദ്ധിമുട്ടാണ്. എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടതെന്ന് അറിഞ്ഞാൽ അതുപോലെ നമുക്ക് ചെയ്യാം. പക്ഷെ ഇതിൽ വ്യക്തത ഇല്ലാത്തതിനാൽ അവർ പറയുന്നത് തന്നെ കേൾക്കേണ്ടിവരും. രണ്ടാഴ്ച്ച മാത്രമേ ഇനിയുള്ളു. അതിനുള്ളിൽ എന്തെങ്കിലും തീരുമാനിച്ചില്ലെങ്കിൽ സിനിമയെ സംബന്ധിച്ച് അത് ആത്മഹത്യാപരമാണ്. മുൻപ് സിനിമയെടുത്തവർക്കും ഇതേ അവസ്ഥയാണ് നേരിടേണ്ടിവന്നത് അവരും ഇതേ ട്രോമയിലൂടെയാണ് കടന്നുപോയത്.

ഒന്നിലും വ്യക്തതയില്ല

ഒരു സിനിമയെ സംബന്ധിച്ചടത്തോളം സമയം oxygen ആണ്. ഇനിയുള്ള രണ്ടാഴ്‍കളിൽ എത്ര തല കുത്തി നിന്നാലും ഈ സിനിമ മാർക്കറ്റ് ചെയ്യുന്നതിന് പരിമിതി ഉണ്ട് എന്ന ബോധം എനിക്ക് ഉണ്ട് . പക്ഷെ ഇനിയും ഈ കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ല എന്നത് ദൗർഭാഗ്യകരം ആണ്. ഗണപതി കല്യാണം പോലെ ഫിലിം ഓഫീസർ നാളെ നാളെ എന്ന് മാറ്റി വയ്ക്കുന്ന ഒരു പ്രത്യേക തരം കലാപരിപാടി ആണ് ഇത്രയും കാലം അവിടെ നടക്കുന്നത്, ഇപ്പോഴും നടന്നു പോകുന്നത്. ഇന്ന് പറയുന്ന കാര്യം നാളെ ഓർമ ഇല്ലാത്ത ഒരാൾ അധികാരത്തിൽ ഇരിക്കുന്ന വിചിത്രമായ പ്രതിഭാസം. എന്നാൽ ഇന്നും - ഇത്രയും പരാതികൾ പലരും ബോധിപ്പിച്ചിട്ടും - ഈ "മഹാന്റെ" കരങ്ങളിലൂടെ അല്ലാതെ കാര്യങ്ങൾ ഒന്നും നടക്കില്ല.

KSFDC ഓഫീസിനു മുന്നിൽ ഇന്ന് ഒരു കാക്ക ചത്ത് വീണാൽ പോലും അത് ഞാൻ മന്ത്രിക്ക് പരാതിപ്പെട്ടത് കൊണ്ടാണ് എന്ന് ഉറച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ടീം അവിടെ ഉണ്ട്. ഈ തടസ്സങ്ങൾ എല്ലാം എന്റെ ആ പരാതി കാരണം എന്നാണ് അവരുടെ തിയറി.

ഇതിന് മുൻപും കെ.എസ്.എഫ്.ഡി.സിക്കെതിരെ പരാതികളുമായി വനിതാ സംവിധായകർ രംഗത്ത് വന്നിരുന്നു. 2020ൽ ഈ പദ്ധതി പ്രകാരം ആദ്യം നിർമ്മിച്ച 'ഡിവോഴ്‌സ്' എന്ന സിനിമ റിലീസ് ചെയ്യാതെ രണ്ടാമത് ഷൂട്ട് ചെയ്ത നിഷിദ്ധോ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെതിരെ ഡിവോഴ്സിന്റെ സംവിധായിക മിനി ഐ.ജി രംഗത്തെത്തിയിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാർ ഏറെ ആഘോഷപൂർവം പ്രഖ്യാപിച്ച പദ്ധതികളൊന്നായിരുന്നു. വനിതാശാക്തീകരണത്തിന്റെ ഭാഗമായി രണ്ട് വനിതാ സംവിധായകർക്ക് 3 കോടി അനുവദിച്ച് സിനിമ നിർമ്മിക്കാനുള്ള തീരുമാനം. ഒന്നരക്കോടി വീതം ഓരോ പ്രൊജക്ടിനായി അനുവദിക്കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) നേതൃത്വത്തിൽ സിനിമകൾ നിർമ്മിക്കുകയും അതത് വർഷം തിയറ്ററുകളിലെത്തിക്കാനുമായിരുന്നു പദ്ധതി.

Related Stories

No stories found.
logo
The Cue
www.thecue.in