
(1960-70 കാലഘട്ടത്തിൽ പ്രൊഫഷണൽ നാടകരംഗത്തെന്ന പോലെ ചലച്ചിത്രരംഗത്തും ശ്രദ്ധേയനായിരുന്ന കോട്ടയം ചെല്ലപ്പൻ എന്ന നടന്റെ കലാജീവിതത്തതിന്റെ അടയാളപ്പെടുത്തൽ. 2023 അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷമാണ്.)
“യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ....”
യേശുദാസും ബി വസന്തയും ചേർന്നു പാടിയ ഗാനം. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1970 ഡിസംബർ 18-നു പുറത്തുവന്ന ഉദയായുടെ പേള്‍വ്യൂ എന്ന സിനിമയിലെ റൊമാന്റിക് മെലഡി. യവനരാജകുമാരി ആഞ്ജലിക്കയും നീലനദീതീരത്തു നിന്നു വന്ന രത്നവ്യാപാരികൾ കാഴ്ചവെച്ച രാജചിഹ്ന മാതൃകയിലുള്ള സിംഹപ്രതിമയ്ക്കുള്ളിൽ രാജകുമാരിയുടെ ഭൂഗർഭ അറയിൽ എത്തിയ രാജകുമാരനുമായുള്ള പ്രണയരംഗങ്ങളാണ് സന്ദർഭം. കോട്ടയം ചെല്ലപ്പനായിരുന്നു ആഞ്ജലിക്കയുടെ പിതാവായ യവനചക്രവർത്തി.
ബ്ലാക്ക് ആൻഡ് വൈറ്റിൽ തുടങ്ങുന്ന സിനിമയുടെ ഈ ഗാനം മുതൽ അവസാനം വരെ ചിത്രീകരിച്ചിരിക്കുന്നത് കളറിലാണ്. മലയാളസിനിമയുടെ സാങ്കേതിക പുരോഗതിയുടെ വികാസചരിത്രത്തിൽ ചിത്രം പുറത്തുവന്ന കാലത്തിന്റെ രൂപഭാവങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ സിനിമ. പേൾവ്യൂ സിനിമ പോലെ കോട്ടയം ചെല്ലപ്പനും (പട്ടിക 1) ഒരു പ്രതിനിധാനമാണ്. താൻ സജീവ മായിരുന്ന ചലച്ചിത്ര നാടകരംഗങ്ങളിൽ തന്റെ നടനസാന്നിധ്യം അഭിനയസിദ്ധികൊണ്ടും ആകാരം കൊണ്ടും അനുഭവിപ്പിച്ച നടൻ.
1960-70 മലയാളിയുടെ ഭാവുകത്വത്തിലും അഭിരുചികളിലും വലിയ മാറ്റങ്ങൾ അടയാളപ്പെടുത്തിയ കാലഘട്ടമാണ്. നവോത്ഥാനമലയാളി എന്ന മതേതര ജനാധിപത്യ പൊതുസമൂഹത്തിന്റെ സവിശേഷ പ്രാതിനിധ്യ സ്വഭാവമുള്ള ജനകീയ കലാരൂപങ്ങളായി നാടകങ്ങൾക്കൊപ്പം ചലച്ചിത്രങ്ങളും അവയിലെ ഗാനങ്ങളും മാറി. മലയാള പ്രൊഫഷണൽ നാടകവേദിയുടെ ഈ സുവർണ്ണ കാലഘട്ടത്തിൽ തന്നെയാണ് മലയാള ചലച്ചിത്രങ്ങളുടെ രൂപഭാവങ്ങൾ പുതുക്കപ്പെട്ടു തുടങ്ങിയതും. സ്വാഭാവിക ജീവിത പരിസരത്തിലേക്ക് മലയാള സിനിമ പറിച്ചുനടപ്പെട്ടതും സാഹിത്യകൃതികളെ അടിസ്ഥാനമാക്കിയ ചലച്ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങിയതും ഈ കാലത്തു തന്നെയാണ്.
നവസിനിമാ മുന്നേറ്റത്തിനും ശുദ്ധ എന്റർടെയിനറുകൾക്കും കലാമൂല്യമുള്ള മുഖ്യധാരാ സിനിമകൾക്കും മുമ്പുള്ള മലയാള സിനിമാകാലത്തെ നടനായിരുന്നു കോട്ടയം ചെല്ലപ്പൻ. നാടകങ്ങളിൽനിന്നും സിനിമയിലേക്കുള്ള മലയാളി ആസ്വാദകത്വം മാറ്റപ്പെട്ട ഈ കാലത്തു ഇരു മാദ്ധ്യമങ്ങളിലും സജീവമായിരിക്കെയാണ് 1971 ൽ നാല്പത്തിയെട്ടാം വയസ്സിൽ ഹൃദയസ്തഭനംമൂലം ആ കലാജീവിതം പൊടുന്നനെ അവസാനിക്കുന്നത്.
നാടകകാലം
നടൻ, നാടകസമിതിക്കാരൻ, സംവിധായകൻ, നാടകരചയിതാവ് ഇങ്ങനെ വൈവിദ്ധ്യമാർന്നതാണ് കോട്ടയം ചെല്ലപ്പന്റെ നാടകകാലങ്ങൾ.
പതിനേഴാം വയസ്സിൽ സി. മാധവൻപിള്ളയുടെ 'വീരാംഗന' എന്ന നാടകത്തിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം കെപിഎസി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ്, കലാനിലയം, പ്രതിഭ തീയറ്റേഴ്സ്, കോട്ടയം നാഷണൽ തിയേറ്റേഴ്സ് തുടങ്ങി അക്കാലത്തെ പ്രമുഖ സമിതികളുടെ നാടകങ്ങളിൽ പ്രധാന നടനായി. ആലപ്പുഴ കലാവേദിക്കായി പി ജെ ആന്റണി തയ്യാറാക്കിയ 'ഇങ്ക്വിലാബിന്റെ മക്കൾ' എന്ന നാടകത്തിലെ അഭിനയം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി.
ഉണ്ണിയാർച്ചയിലെ ചതിയൻ ചന്തുവായും പൊതുശത്രുവിലെ തുള്ളൽ പാട്ടാശാനായും ജഗതി എൻ. കെ. ആചാരിയുടെ ഇളയിടത്ത് റാണിയിലെ വെല്ലസ്ലിയായും പുതിയ ആകാശം പുതിയ ഭൂമിയിലെ സീനിയർ എൻജിനീയറായും കോട്ടയം ചെല്ലപ്പൻ അരങ്ങിലെ മറാക്കാനാവാത്ത ഓർമ്മയാണ്. ആരോമൽ, കുരുതിക്കളം, കാക്കപ്പൊന്ന്, പുഷ്പചക്രം, രാഗം, ഈങ്ക്വിലാബിന്റെ മക്കൾ, വിശക്കുന്ന കരിങ്കാലി, ഉണ്ണിയാർച്ച, പൊതുശത്രുക്കൾ, ചിതലുപിടിച്ച ഭൂമി, തീരം, വിളംബരം ഇങ്ങനെ ഈ നടൻ പ്രധാന വേഷങ്ങളിൽ അരങ്ങിലെത്തിയ നാടകങ്ങൾ നിരവധിയാണ്.
1959-ൽ മികച്ച നാടകത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ തോപ്പിൽ ഭാസിയുടെ ‘പുതിയ ആകാശം പുതിയ ഭൂമി’ അക്കാലത്തെ അസാധാരണമായ പരീക്ഷണനാടകമായിരുന്നു. ഏഴ് രംഗങ്ങൾ. പതിമൂന്ന് കഥാപാത്രങ്ങൾ. നാടകത്തിലെ പ്രതിനായക കഥാപാത്രമായ സൂപ്രണ്ടിംഗ് എൻജിനീയറായി കോട്ടയം ചെല്ലപ്പൻ. കൈക്കൂലി വാങ്ങിയും പ്രമോഷനെക്കുറിച്ചു സ്വപ്നംകണ്ടും പെൻഷൻ തുക കണക്കുകൂട്ടിയും മാത്രം ജീവിക്കുന്ന പഴയ ജനവിരുദ്ധ ഉദ്യോഗസ്ഥ തലമുറയുടെ ശരിപ്പകർപ്പ്. കഥാപാത്രത്തിനായി ആദ്യം പരിഗണിച്ച നാടകാചാര്യനായ ഒ. മാധവൻ തന്നെ കലാനിലയം തിയറ്റേഴ്സിൽനിന്ന് എത്തിയ കോട്ടയം ചെല്ലപ്പനെ നിർദേശിക്കുകയായിരുന്നു. മലയാള നാടകഅരങ്ങിൽ "അതുവരെ കാണാത്ത പാത്രവ്യാഖ്യാനം" എന്നാണു ചെല്ലപ്പന്റെ സൂപ്രണ്ടിംഗ് എഞ്ചിനീയറെ പ്രൊഫ സി. ആർ. ഓമനക്കുട്ടൻ വിലയിരുത്തുന്നത്.
കോതയാറിലെ ടെന്റിൽ താമസിച്ച് ഡാമിന്റെ പണിനടത്തി മലമ്പനി ബാധിച്ചു മരിച്ച, തന്റെ ശവശരീരം പള്ളിയിൽ അടക്കേണ്ടെന്നും പീച്ചിപ്പാറ ഡാമിന്റെ കരയിൽ അടക്കണമെന്നും ആവശ്യപ്പെട്ട ബ്രിട്ടീഷുകാരനായ അലക്സാണ്ടർ മെർച്ചൻ എന്ന എൻജിനീയറുടെ പ്രതിനിധാനമായിരുന്നു എൻജിനീയർ സുകുമാരൻ. ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ബ്രിട്ടീഷുകാരനായ എൻജിനീയറെ തോപ്പിൽ ഭാസി ചരിത്രത്തിൽനിന്നു നാടകത്തിലേക്ക് ആദരപൂർവ്വം ഏറ്റുവാങ്ങുകയായിരുന്നു. നാടകത്തിൽ എൻജിനീയർ സുകുമാരനായി ഒ. മാധവൻ വേഷമിട്ടു. ഉഷയായി സുലോചനയും ശങ്കരൻകുട്ടിയായി നടനും ഗായകനുമായ കെ എസ് ജോർജ്ജും അരങ്ങിലെത്തി.
1959 നവംബർ 20 നു കായംകുളം ലക്ഷ്മി തീയറ്ററിൽ എൻ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത നാടകം മൂവായിരത്തോളം വേദികളിലാണ് അരങ്ങേറിയത്. കെപിഎസിയുടെ ദില്ലി പര്യടനവും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, വൈസ് പ്രസിഡൻറ് ഡോ എസ് രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി വി കെ കൃഷ്ണമേനോൻ, കെ എം പണിക്കർ, പനമ്പള്ളി ഗോവിന്ദമേനോൻ, കാർട്ടൂണിസ്റ്റ് ശങ്കർ പോലെ വിശിഷ്ടാതിഥികളുടെ മുന്നിൽ നടന്ന നാടകാവതരണവും ചരിത്രസംഭവമായി.
1954 ൽ എറണാകുളം കേന്ദ്രമായി മൂത്ത പുത്രന്റെ പേരിൽ ജ്യോതി തിയേറ്റേഴ്സ് എന്ന നാടകസമിതിക്കു കോട്ടയം ചെല്ലപ്പൻ രൂപം കൊടുത്തു. പിജെ ആന്റണി, എൻ ഗോവിന്ദൻ കുട്ടി, പി ജെ ജോർജ്, സുരേന്ദ്രൻ വൈദ്യർ, സംഗീതകാരൻ ശിവദാസ്, ഗായകൻ സി ഒ ആന്റോ ഇവരായിരുന്നു ഈ ഉദ്യമത്തിന്റെ പിന്നിൽ. പി ജെ ആന്റണിയുടെ ‘പൊതുശത്രുക്കൾ’, ‘ഒരു സംഘം യാത്രക്കാർ’, ഗോവിന്ദൻകുട്ടിയുടെ ‘ഉണ്ണിയാർച്ച’, ‘ആരോമൽ’ എന്നീ നാല് നാടകങ്ങളും വൻവിജയമായി.
അദ്ദേഹം രചിച്ച ‘ചിതലു പിടിച്ച ഭൂമി’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് കെ ജി സേതുനാഥ് തിരക്കഥയൊരുക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1967 ഓഗസ്റ്റ് 18-നു പ്രദർശത്തിനെത്തിയ കദീജ എന്ന മലയാള ചലച്ചിത്രം. സത്യൻ, മധു, കെ പി ഉമ്മർ, ബഹദൂർ, ജയഭാരതി,ഷീല എന്നിവർ മുഖ്യകഥാപാത്രങ്ങളായ ഈ സിനിമയിൽ കോട്ടയം ചെല്ലപ്പനും അഭിനയിച്ചു. കൊല്ലത്തെ സ്വന്തം സമിതിക്കുവേണ്ടി രചിച്ചതായിരുന്നു 'റൂം നമ്പർ വൺ'എന്ന നാടകം.
കോട്ടയം നാഷണൽ തീയറ്റേഴ്സിന്റെ രാഗം, തീരം എന്നീ രണ്ടു നാടകങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം രണ്ടിലും പ്രധാന കഥാപാത്രമായി അരങ്ങിലെത്തുകയും ചെയ്തു. രചനയും സംവിധാനവും നിർവഹിച്ചും പ്രധാന വേഷത്തിൽ അഭിനയിച്ചും 1971 നവംബറിൽ കോട്ടയത്ത് ആദ്യമായി അരങ്ങേറിയ നാഷണൽ തീയറ്റേഴ്സിന്റെ ‘വിളംബര’മായിരുന്നു ആ കലാജീവിതത്തിലെ അവസാന നാടകം.
സിനിമാക്കാലം
1959 ഏപ്രിൽ 24 നു പുറത്തുവന്ന മിന്നൽ പടയാളി എന്ന സിനിമയിൽ സത്യനും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭഗവതർക്കും ഒപ്പമായിരുന്നു കോട്ടയം ചെല്ലപ്പന്റെ ചലച്ചിത്രജീവിതത്തിന്റെ തുടക്കം. 1961-ൽ മലയാളത്തിലെ ആദ്യ വർണചിത്രമായ ‘കണ്ടംബെച്ച കോട്ടി’ലും കുഞ്ചാക്കോയുടെ വടക്കൻപാട്ട് ചിത്രമായ ‘ഉണ്ണിയാർച്ച’യിലും അഭിനയിച്ചു. ജ്യോതി തിയേറ്റേഴ്സിനുവേണ്ടി 1956-ൽ എൻ. ഗോവിന്ദൻകുട്ടി എഴുതിയ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ‘ഉണ്ണിയാർച്ച’. 1971 നവംബർ 19-നു റിലീസായ അഗ്നിമൃഗം അഭിനയിച്ച അവസാന ചിത്രവും. ഇങ്ങനെ 13 വർഷത്തിനിടയിൽ കോട്ടയം ചെല്ലപ്പൻ 50 സിനിമകളിൽ അഭിനയിച്ചുവെന്നാണ് മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസ് നൽകുന്ന കണക്ക്. (മരണശേഷം1979 ൽ പുറത്തുവന്ന ‘രാത്രികൾ നിനക്കുവേണ്ടി’ എന്ന സിനിമയും പട്ടികയിൽ ഉണ്ട്).
താൻ സജീവമായിരുന്ന കാലഘട്ടത്തിൽ പുറത്തുവന്ന കച്ചവട, മുഖ്യധാരാ, പരീക്ഷണ ചിത്രങ്ങളുടെയും ഒട്ടുമിക്ക സംവിധായകർക്കൊപ്പവും കോട്ടയം ചെല്ലപ്പൻ പ്രവർത്തിച്ചു.
കുഞ്ചാക്കോ സംവിധാനം ചെയ്ത 11 സിനിമകളിൽ അഭിനയിച്ച ആ നടൻ, എം കൃഷ്ണൻ നായർ (5), എസ് എസ് രാജൻ (4), ശശികുമാർ (3), പി ഭാസ്കരൻ, രാമു കാര്യാട്ട്, എ ബി രാജ്, എം എസ് മണി, എ കെ സഹദേവൻ, പി ബി ഉണ്ണി (രണ്ടു സിനിമകൾ വീതം) തുടങ്ങിയ സംവിധായകരുടെ ഒന്നിലേറെ സിനിമകളിലും തോപ്പിൽ ഭാസി, ടി ആർ സുന്ദരം, ക്രോസ്സ് ബെൽറ്റ് മണി, ശങ്കരൻ നായർ, ജെ പി തോട്ടാൻ, എസ് ആർ പുട്ടണ്ണ, ആർ എസ് പ്രഭു അടക്കം 15 സംവിധായകരുടെ ഓരോ ചിത്രങ്ങളിലും അഭിനയിച്ചു. സമകാലികരായിരുന്ന തിക്കുറിശ്ശി, കൊട്ടാരക്കര, സത്യൻ, പ്രേംനസീർ, മധു തുടങ്ങി മിക്ക നായകരുടെയും അവരൊറ്റക്കോ ഒന്നിച്ചോ അഭിനയിച്ച നിരവധി ചിതങ്ങളിൽ പ്രതിനായകനോ സ്വഭാവനടനോ ആയി അദ്ദേഹം അഭിനയിച്ചു (പട്ടിക 2).
മുടിയനായ പുത്രൻ, കണ്ടംബെച്ച കോട്ട് (1961), ഉണ്ണിയാർച്ച, പുതിയആകാശം പുതിയ ഭൂമി(1962), തച്ചോളി ഒതേനൻ (1964), ഓട്ടയിൽനിന്ന് (1965), ചെമ്മീൻ (1966), കുഞ്ഞാലി മരയ്ക്കാർ (1967) പോലെ ആ കാലഘട്ടത്തിൽ ദേശീയ അവാർഡ് നേടിയ സിനിമകൾ. ഉണ്ണിയാർച്ച, പാലാട്ടു കോമൻ, തച്ചോളി ഒതേനൻ ഒതേനന്റെ മകൻ ഇങ്ങനെ വടക്കൻപാട്ട് സിനിമകൾ, കണ്ണൂർ ഡീലക്സ്, ഡേയ്ഞ്ചർ ബിസ്ക്കറ്റ്, റസ്റ്റ്‌ഹൗസ് പോലെ കുറ്റാന്വേഷണ സിനിമകൾ, ഭാര്യയും താരയും ചേട്ടത്തിയും ചിത്രമേളയും പേൾവ്യൂവുമടക്കം ഒട്ടനവധി സൂപ്പഹിറ്റ് കുടുംബചിത്രങ്ങൾ. പഴശ്ശിരാജയും കുഞ്ഞാലി മരയ്ക്കാറുംപോലെ ചരിത്ര സിനിമകൾ. ഇങ്ങനെ വിവിധ ജോണറുകളിൽ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ.
മലയാള സിനിമയിലെ പ്രതിനായക ശരീരത്തിന്റെ ആദ്യകാല മാതൃക കോട്ടയം ചെല്ലപ്പൻ ആയിരുന്നു. പുതിയ ആകാശം പുതിയ ഭൂമിയിലെ എൻജിനീയർ, ഉണ്ണിയാർച്ചയിലെ ചന്തു, പാലാട്ടുകോമനിലെ ചന്ദ്രപ്പൻ, തച്ചോളി ഒതേനനിലെ പയ്യനാടൻ ചിണ്ടൻ, ചേട്ടത്തിയിലെ വിശ്വനാഥൻ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി സിനിമയിലെ ജന്മി...ഇങ്ങനെ ഉദാഹരണങ്ങൾ നിരവധിയാണ്.
കെപിഎസിയുടെ ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം ടി. ഇ. വാസുദേവൻ 1962-ൽ ഇതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ നാടകത്തിലെ സീനിയർ എഞ്ചിനീയർ സിനിമയിലും കോട്ടയം ചെല്ലപ്പൻ തന്നെ ആയിരുന്നു. ചേട്ടത്തി (1965) എന്ന സിനിമയിൽ ദിവസങ്ങളുടെ മാത്രം ദാമ്പത്യം വിധിക്കപ്പെട്ട നിർമ്മലയുടെ അനുജത്തി വാസന്തിയുടെ ഭർത്താവ് പ്രതിനായകനായ വിശ്വനാഥന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. പ്രസവശേഷം ഭാര്യയും കുഞ്ഞും ഉറങ്ങുമ്പോൾ ചേട്ടത്തിയെ ബലാൽക്കാരത്തിനു മുതിരുകയും പിടിക്കപ്പെടുമ്പോൾ കുറ്റം വിധവയായ ചേട്ടത്തിയിൽ ആരോപിക്കുകയും ചെയ്യുന്ന ദുഷ്ടകഥാപാത്രം.
കോട്ടയം ചെല്ലപ്പന്റെ പതിവ് വില്ലൻ വേഷങ്ങളിൽനിന്നു വേറിട്ടതാണ് എക്സെൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ഭാര്യ (1962) യിലെ നായകനായ ബെന്നിയുടെ പിതാവായ ഡോ ജോഷ്വാ. വഴക്കിനിടെ ബെന്നിയുടെ ചവിട്ടേറ്റു നിലംപതിച്ച ഭാര്യ ലീല മരിച്ചതായി കരുതുന്ന ഡോ ജോഷ്വാ തന്റെ മകനെ ഒരു കൊലപാതകിയായി കാണുവാൻ ഇഷ്ടപ്പെടുന്നില്ല. ലീല ആത്മഹത്യ ചെയ്തതെന്നു വരുത്തിത്തീർക്കാൻ ബെന്നി ലീലയുടെ നേർക്കു നിറയൊഴിക്കുന്നത് ഈ പിതാവ് ആവശ്യപ്പെട്ടിട്ടാണ്. കുടുംബത്തിന്റെ മാനവും മകന്റെ അഭിമാനവും കാക്കാൻ പാടുപെടുന്ന സ്നേഹനിധിയായ അച്ഛൻ സത്യനും രാഗിണിക്കുമൊപ്പം ഈ സിനിമ മനസ്സിൽ അവശേഷിപ്പിക്കുന്ന കഥാപാത്രമാണ്. കടത്തുകാരൻ, സർപ്പക്കാട്, കാട്ടുപൂക്കൾ, കുപ്പിവള, ലോറാ നീ എവിടെ എന്നിവ പോലെ സ്വഭാവ നടനായി കോട്ടയം ചെല്ലപ്പൻ ശ്രദ്ധേയമായ ചിത്രങ്ങൾ നിരവധിയാണ്. അമ്മയെ കാണാനിലെ ബാരിസ്റ്റർ, രമണനിലെ ചന്ദ്രികയുടെ അച്ഛൻ, കാത്തിരുന്ന നിക്കാഹിലെ വഹീദയുടെ ഉപ്പ, ചെമ്മീനിലെ തുറയിലെ മൂപ്പൻ എന്നിവ പോലെ ചെറുതും വലുതുമായ മറ്റനവധി വേഷങ്ങളും.
പാർട്ടണർഷിപ്പിൽ നിർമ്മിക്കാൻ ഒരുമ്പെട്ടിറങ്ങിയ തൊഴിലാളി എന്ന തമിഴ് സിനിമയും സ്വയം തിരക്കഥയൊരുക്കി സംവിധാനം ചെയ്യാൻ സാങ്കേതിക വിദഗ്ധരെയും നടീനടന്മാരെയും നിശ്ചയിച്ചു കാത്തിരുന്ന ആമ്പൽപ്പൂവ് എന്ന മലയാള സിനിമയും അദ്ദേഹത്തിന്റെ പൊലിഞ്ഞുപോയ രണ്ടു സർഗ്ഗസ്വപ്നങ്ങൾ.
കോട്ടയം കാലം
കോട്ടയം കാരാപ്പുഴയിലെ പൂവേലിൽ വീട്ടിലായിരുന്നു പി എസ് ചെല്ലപ്പൻ എന്ന കോട്ടയം ചെല്ലപ്പന്റെ ജനനം. കാരാപ്പുഴ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സി എം എസ് കോളേജിൽ ഇന്റർമീഡിയറ്റ് പഠനവും. തിരുനക്കരയിൽ പിതൃസ്വത്തായി കിട്ടിയ ശങ്കരാലയം തറവാട് വിറ്റുകിട്ടിയ നാലുലക്ഷം രൂപയുമായാണ് യൗവ്വനകാലത്ത് തമിഴ് പടം പിടിക്കാൻ ഇറങ്ങിത്തിരിച്ചത്. തിക്കുറിശ്ശിയുടെ നിർദ്ദേശപ്രകാരമായിരുന്നു പി. എസ്. ചെല്ലപ്പൻ കോട്ടയം ചെല്ലപ്പനാകുന്നത്.
1948 ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിലായിരുന്നു കൊല്ലം തങ്കശ്ശേരി കാവൽ കല്ലുപാണ്ടകശാലയിൽ കേശവൻ കുഞ്ഞമ്മിണി ദമ്പതികളുടെ ഇളയമകൾ നളിനിയെ വിവാഹം ചെയ്തത്. വിവാഹശേഷം വധൂവരന്മാരും ബന്ധുക്കളും ബോട്ടിൽ കൊല്ലത്തു നിന്നു കോട്ടയത്തേക്ക് മടങ്ങുമ്പോൾ കൊച്ചുവള്ളങ്ങളിൽ കെട്ടിവെച്ച ഉച്ചഭാഷിണികളിൽനിന്നാണ് നടക്കുന്ന ആ ദുഃഖവാർത്ത അവർ അറിഞ്ഞത്.
കോട്ടയം ചെല്ലപ്പന്റെ ഏഴു മക്കളിൽ അഞ്ചാമത്തെ മകൾ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ഷീലാ സന്തോഷ് കുഞ്ഞുന്നാളിൽ കണ്ടും കേട്ടും 27 അദ്ധ്യായങ്ങളായി തയ്യാറാക്കിയ 'കോട്ടയം ചെല്ലപ്പൻ എന്റെ അച്ഛൻ, എന്ന ഓർമ്മപുസ്തകം ആ കലാകാരന്റെ ജീവിതത്തിലെ ഒട്ടനവധി കോട്ടയം കാഴ്ചകൾ കാട്ടിത്തരുന്നു. കോട്ടയം ചെല്ലപ്പന്റെ നിറപ്പകിട്ടാർന്ന കോട്ടയം കാലം സി. ആർ ഓമനക്കുട്ടന്റെ ‘നിറം പിടിപ്പിക്കാത്ത നേരു’കളിലുണ്ട്. രംഗശില്പി ആർട്ടിസ്റ്റ് സുജാതനു നാഷണൽ തീയറ്ററിന്റെ രാഗം നാടകസെറ്റിൽ അച്ഛൻ ആർട്ടിസ്റ്റ് കേശവനോടൊപ്പം എത്തിയ ചെറുപ്രായത്തിൽ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് കോട്ടയം ചെല്ലപ്പന്റെ പോലീസ് യൂണിഫോണിലെത്തുന്ന ഗാംഭീര്യമുള്ള രൂപവും ശബ്ദവും.
ഇന്ത്യ-ചൈന യുദ്ധത്തെ തുടർന്ന് 1962 ഒക്ടോബർ-നവംബർ കാലത്ത് യുദ്ധനിധിയുടെ ധനശേഖരണത്തിനായി കോട്ടയത്ത് മാമ്മൻമാപ്പിള ഹാളിൽ അവതരിപ്പിച്ചപ്പോൾ പി ജെ ആന്റണിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നാടകത്തിൽ തിക്കുറിശ്ശി, സത്യൻ, പ്രേംനസീർ, കൊട്ടാരക്കര, എസ് പി പിള്ള, അടൂർ ഭാസി, ബഹദൂർ, വാണക്കുറ്റി, പങ്കജവല്ലി, ഷീല എന്നിവർ പോലെയുള്ള സിനിമാതാരങ്ങൾക്കൊപ്പം കോട്ടയത്തിന്റെ ഈ പ്രിയനടനും അരങ്ങിലെത്തി.
1971 ഡിസമ്പർ 4-നു കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ആദ്യമായി അരങ്ങേറിയ നാഷണൽ തീയറ്റേഴ്സിന്റെ ‘വിളംബര’മാണ് ആ കലാജീവിതത്തിലെ അവസാന നാടകം. നാടകം കാഞ്ഞിരപ്പള്ളിയിൽ അവതരിക്കാൻ മുന്നൊരുക്കങ്ങൾക്കായി കോട്ടയത്ത് താമസിക്കുമ്പോഴായിരുന്നു ഡിസംബർ 26-ന് അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള അന്ത്യം.
എസ് പി പിള്ള, എൻ എൻ പിള്ള, ജോസ് പ്രകാശ്, ആലുംമൂടൻ, കടുവാക്കുളം ആന്റണി, വാണക്കുറ്റി, തിലകൻ, അച്ചൻകുഞ്ഞ്, വത്സലൻ, കോട്ടയം പ്രദീപ് , മിസ് കുമാരി, കോട്ടയം ശാന്ത, പാലാ തങ്കം പോലെ കോട്ടയത്തിന്റെ മണ്മറഞ്ഞ നാടക-സിനിമാ അഭിനേതാക്കളുടെ അഭിമാനകരമായ നിരയിൽ പ്രതിഭാശാലിയായ ഈ നടന്റെ ഇടം ഏറെ മുന്നിലാണ്.
നടന വൈഭവ മൗലികത
’സിൽക്ക് ജുബ്ബ, കരയുള്ള വേഷ്ടി, കഴുത്തിൽ സ്വർണ്ണമാല, വിരലിൽ വജ്രമോതിരം, നല്ല ഉയരവും ഒത്ത വണ്ണവുമുള്ള…' കോട്ടയം ചെല്ലപ്പൻ തിരക്കഥാകൃത്ത് ശാരംഗപാണി വെള്ളിനക്ഷത്രം വാരികയിൽ എഴുതിയ 'സ്നേഹത്തിന്റെ മുഖങ്ങൾ' എന്ന ഓർമ്മക്കുറിപ്പിലുണ്ട്. ഭാര്യ സിനിമയുടെ തുടക്കത്തിൽ “പെരിയാറേ പെരിയാറേ....” എന്ന ഗാനത്തിനുശേഷം സത്യനും രാഗിണിയും രണ്ടു മക്കളും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന രംഗം മാത്രം മതി കോട്ടയം ചെല്ലപ്പൻ എന്ന വലിയ നടന്റെ താരതമ്യങ്ങൾക്കതീതമായ തലപ്പൊക്കത്തിനു തെളിവായി.
കോട്ടയം ചെല്ലപ്പനു ശേഷം മലയാള സിനിമയിലെ ശ്രദ്ധേയരായ പ്രതിനായകരായിരുന്നു ജോസ്പ്രകാശും എൻ ഗോവിന്ദൻകുട്ടിയും. 1952-ൽ അൽഫോൻസാ എന്ന സിനിമയിൽ തുടങ്ങി 300 ലേറെ സിനിമകളിൽ അഭിനയിച്ച ജോസ്പ്രകാശ് 1971 വരെയുള്ള കാലത്തിനിടയിൽ 44 സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. 1962-ൽ സിനിമയിൽ തുടങ്ങുന്ന എൻ. ഗോവിന്ദൻകുട്ടി ഇതേ കാലത്ത് 43 സിനിമകളിലും. 1971-ൽ മരണം പൊടുന്നനെ ആ അഭിനയ ജീവിതത്തിനു തിരശ്ശീല ഇടുമ്പോൾ ഈ അതുല്യനടൻ അമ്പതിലേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
അമ്പതുകളുടെ രണ്ടാം പാതിക്കൊടുവിൽ തുടങ്ങി കേവലം ഒരു വ്യാഴവട്ടത്തിനിടെ കേരളത്തിന്റെ പ്രൊഷണൽ നാടകരംഗത്തതും ചലച്ചിത്ര അഭിനയരംഗത്തും കാലഘട്ടത്തിന്റെ പ്രതിനിധാനമായി വ്യത്യസ്തനായി ഉയർന്നു നിൽക്കവെയാണ് കോട്ടയം ചെല്ലപ്പന്റെ കലാജീവിതം പെട്ടന്ന് അവസാനിക്കുന്നത്. ആ അഭിനയശേഷി നൈസർഗികമായിരുന്നു. ആകാരസവിശേഷത അനുഗൃഹീതവും. ആറാറരയടി പൊക്കത്തിൽ ഒത്ത ശരീരവുമായി അംഗചലനങ്ങളിൽ ഭാവപ്രകടനങ്ങളിൽ ശബ്ദക്രമീകരണത്തിൽ പുലർത്തിയ തനിമയുള്ള താളമായിരുന്നു ആ നടനവൈഭവ മൗലികത.