'കിഷ്കിന്ധാ കാണ്ഡ'ത്തിന്റെ കഥ 'മണിച്ചിത്രത്താഴ്' പോലെ സങ്കീർണ്ണമെന്ന് ഫാസിൽ സാർ പറഞ്ഞു; ദിൻജിത്ത് അയ്യത്താൻ അഭിമുഖം

'കിഷ്കിന്ധാ കാണ്ഡ'ത്തിന്റെ കഥ 'മണിച്ചിത്രത്താഴ്' പോലെ സങ്കീർണ്ണമെന്ന് ഫാസിൽ സാർ പറഞ്ഞു; ദിൻജിത്ത് അയ്യത്താൻ അഭിമുഖം
Published on

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡം' തിയറ്ററുകളിലേക്കെത്തുകയാണ്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം അടിമുടി ദുരൂഹതകള്‍ നിറയുന്ന ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ ദിന്‍ജിത്തും സംഘവും എത്തുന്നത്. ഹനുമാനും സുഗ്രീവനുമില്ലാത്ത ഒരു വാനരലോകത്തേക്കാണ് പ്രേക്ഷകര്‍ക്ക് ക്ഷണം. ചിത്രത്തിന്റെ കഥയെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നില്ല എന്നതും കിഷ്‌കിന്ധാ കാണ്ഡത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. 'എ ടെയ്ല്‍ ഓഫ് ത്രീ വൈസ് മങ്കീസ്' എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ 'കിഷ്‌കിന്ധാ കാണ്ഡം' തിയറ്ററിലേക്കെത്തുമ്പോള്‍ സിനിമയെക്കുറിച്ച് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുന്നു.

രണ്ടാമത്തെ സിനിമയിലേക്ക് എത്തുമ്പോള്‍

രണ്ടാമത്തെ സിനിമ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അതിലാണ് അയാളുടെ കഴിവും സ്ഥിരതയും ഒക്കെ പ്രേക്ഷകര്‍ അളക്കുന്നത്. അത് തന്നെയായിരുന്നു 'കിഷ്‌കിന്ധാ കാണ്ഡം' ചെയ്യുമ്പോള്‍ എന്റെ ഉള്ളിലുണ്ടായിരുന്ന ടെന്‍ഷന്‍. ചെയ്യാന്‍ പോകുന്ന ഒരു പ്രൊജക്റ്റ് എല്ലാ രീതിയിലും ബെസ്റ്റ് ആയിരിക്കണം എന്ന് ആഗ്രഹമുണ്ട്. ഒരു സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ആദ്യം തന്നെ ഞാന്‍ അതില്‍ ഹാപ്പിയായിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം സ്‌ക്രിപ്റ്റിനോട് വലിയ കൗതുകം തോന്നി, ചെയ്‌തേ മതിയാകൂ എന്ന തോന്നല്‍ ഉള്ളിലുണ്ടായാലേ അത് സിനിമയാക്കാന്‍ കഴിയൂ. സിനിമ ചെയ്യുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കാറുള്ളത് ഈ കാര്യമാണ്.

വായിച്ചു കഴിഞ്ഞ തിരക്കഥ നമ്മളെ വിട്ടു പോകരുത്. ചെയ്യണം എന്ന് 100% തോന്നാതെ ഒരേ സ്‌ക്രിപ്റ്റ് വീണ്ടും തിരുത്തിക്കൊണ്ടിരുന്നാല്‍ നന്നാവണമെന്നില്ല. തിരക്കഥയ്ക്ക് ഒരാത്മാവുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പല തിരക്കഥകള്‍ വായിച്ചിട്ടും എനിക്കങ്ങനെ ഒന്ന് അനുഭവിക്കാന്‍ കഴിഞ്ഞില്ല.

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തുടക്കം

കോവിഡ് കാലത്താണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥ ആദ്യം ചര്‍ച്ചയ്ക്ക് വരുന്നത്. ആ സമയത്ത് ഞാന്‍ ചെന്നൈയിലും സിനിമയുടെ തിരക്കഥ തയ്യാറാക്കിയ ബാഹുല്‍ പയ്യന്നൂരുമായിരുന്നു. മിക്ക ദിവസങ്ങളിലും ഞങ്ങള്‍ക്കിടയില്‍ സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമായിരുന്നു. ഒരു ദിവസം ബാഹുലാണ് പറയുന്നത് നമുക്കൊരു സ്‌ക്രിപ്റ്റ് എഴുതിയാലോ എന്ന്. കോവിഡ് കാലം ഉപയോഗപ്രദമാക്കാം എന്ന് കൂടി ഉദ്ദേശിച്ചാണ് അവന്‍ അത് പറഞ്ഞത്. ഞങ്ങള്‍ സംസാരിച്ച് വേഗം ഒരു സ്‌ക്രിപ്റ്റ് എഴുതിയെടുത്തു. വളരെ പെട്ടെന്നായിരുന്നു അത്. പെട്ടെന്ന് എഴുതുന്ന ആളാണ് ബാഹുല്‍.

ആ സ്‌ക്രിപ്റ്റിനു ശേഷം അവന് വലിയ ആത്മവിശ്വാസവും ഉണ്ടായി. അതിന് ശേഷം ഒരു ത്രെഡ് മനസ്സിലുണ്ടെന്ന കാര്യം അവന്‍ എന്നോട് പറഞ്ഞു. അത് പറഞ്ഞ് മുങ്ങിയ ആള്‍ പിന്നീട് 8 ദിവസ്സത്തിന് ശേഷമാണ് സംസാരിക്കുന്നത്. അപ്പോള്‍ ബാഹുലിന്റെ കയ്യില്‍ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്റെ തിരക്കഥയും ഉണ്ടായിരുന്നു. അന്ന് 'കിഷ്‌കിന്ധാ കാണ്ഡം' എന്നായിരുന്നില്ല പേര്. 'ക്യൂരിയസ് കേസ് ഓഫ് അപ്പു പിള്ള' എന്നായിരുന്നു. അപ്പു പിള്ള എന്ന് പറയുന്നത് കിഷ്‌കിന്ധാ കാണ്ഡത്തില്‍ വിജയരാഘവന്‍ ചേട്ടന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേരാണ്. ബാഹുല്‍ തന്ന ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് വല്ലാത്ത ഒരു അനുഭവമാണ് ഉണ്ടായത്.

ആസിഫ് അലി എന്ന നടനും സുഹൃത്തും

കക്ഷി അമ്മിണിപ്പിള്ള ചെയ്യുന്ന സമയത്ത് എനിക്ക് ഏറ്റവുമധികം ആത്മവിശ്വാസം തന്നിട്ടുള്ള വ്യക്തിയാണ് ആസിഫ് അലി. കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കൊടുത്ത സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ഒരു ചേട്ടന്‍ എന്നുള്ള നിലയില്‍ ആസിഫിനെ ആളുകള്‍ കാണാന്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. വക്കീല്‍ വേഷവും ആസിഫിന് പുതുമയായിരുന്നു. പ്രകടനത്തിന്റെ കാര്യത്തിലും അന്ന് തൊട്ടേ എന്നെ അത്ഭുതപ്പെടുത്തിയ ആളാണ് ആസിഫ്.

ആസിഫിനെ ആരും ശരിക്ക് ഉപയോഗിച്ചില്ല എന്ന കാര്യം അന്ന് മുതലേ ഞാന്‍ ആലോചിക്കുന്നതാണ്. ഈ പറഞ്ഞതിന്റെ എല്ലാം പരിണിത ഫലം എന്ന് പറയുന്നതായിരുന്നു 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രം. കക്ഷി അമ്മിണിപ്പിള്ള കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് കെട്ട്യോളാണ് എന്റെ മാലാഖ വരുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ആസിഫിനോടുണ്ടായിരുന്ന സ്‌നേഹം നന്നായി മനസ്സിലായത് ആ ചിത്രത്തിലായിരുന്നു. ഇപ്പോഴാണ് കക്ഷി അമ്മിണിപ്പിള്ള ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.

എന്തും സംസാരിക്കാന്‍ ഇടം തരുന്ന ഒരു നടനാണ് ആസിഫ്. പണ്ടൊക്കെ ഒരു കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലാ എന്ന് പറയാന്‍ ആസിക്ക് ഒരു മടിയുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലാ എന്ന് നേരെ തന്നെ പറയും. സെലക്ടീവായി എന്ന് വേണം പറയാന്‍. കുറേക്കൂടെ ആത്മവിശ്വാസമുള്ള ഒരു നടനായി ആസിഫ് മാറിയിട്ടുണ്ട്. ഒരു കഥ കേട്ടാല്‍ വേണോ വേണ്ടയോ എന്നുള്ള കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് അദ്ദേഹം മാറി.

പക്ഷെ ഈ സ്‌ക്രിപ്റ്റ് എന്തായാലും ഓക്കേ പറയുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. ഞാനായാലും ആസി ആയാലും വളരെ ഇമോഷണല്‍ ആയിട്ടുള്ള ആളുകളാണ്. കഥയിലെ അച്ഛന്‍ മകന്‍ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആസിഫിന്റെ കണ്ണ് നിറഞ്ഞു. കഥ പറഞ്ഞതിന് ശേഷം ആസിഫ് ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിക്കുകയാണ് ഉണ്ടായത്. ഈ സിനിമ പെട്ടെന്ന് ചെയ്യണമെന്നാണ് ആസി അതിന് ശേഷം പറഞ്ഞത്. എപ്പോഴും ആ എനര്‍ജി ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുണ്ട്. പല സിനിമാ സെറ്റുകളിലും പോവുമ്പോള്‍ ഞങ്ങളുടെ സിനിമയെ പറ്റി അദ്ദേഹം അവിടെ പറയാറുണ്ട്. ആ എനര്‍ജി ഈ സിനിമയില്‍ വളരെ ഗുണകരമായി മാറിയിട്ടുണ്ട്.

ഫാസില്‍ സാര്‍ സിനിമയെക്കുറിച്ച് പറഞ്ഞത്

കാസ്റ്റിങ് നടത്തുന്നതിന് വളരെ മുന്‍പ് തന്നെ ഞങ്ങള്‍ ഫാസില്‍ സാറിനെ കാണാന്‍ പോയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥയെപ്പറ്റി സംസാരിക്കാനാണ് പോയത്. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഫാസില്‍ സാര്‍ പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം, അപ്പുപിള്ളയുടെ കഥാപാത്രം ചെയ്യേണ്ടത് ഏറ്റവും മികച്ച ഒരു നടനായിരിക്കണം എന്നുള്ളതാണ്. പണ്ടെല്ലാം തിലകനെപ്പോലെ ശക്തരായ നടന്മാരുണ്ടായിരുന്നു. ഇപ്പോള്‍ അത് കുറവാണെന്നും ശ്രദ്ധിച്ച് നടനെ തിരഞ്ഞെടുക്കൂ എന്നും ഫാസില്‍ സാര്‍ നിര്‍ദ്ദേശം തന്നു. ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പു പിള്ളയുടെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു പരീക്ഷണം നടത്താമെന്നാണ് ആദ്യം ഞങ്ങള്‍ കരുതിയിരുന്നത്. പിന്നീട് ഫാസില്‍ സാറിന്റെ നിര്‍ദ്ദേശം കൂടെ കേട്ടപ്പോള്‍ അത് വേണ്ടെന്നുവെച്ചു.

മണിച്ചിത്രത്താഴ് പോലെ അത്രയും സങ്കീര്‍ണ്ണമായ ഒരു കഥയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേത് എന്ന് ഫാസില്‍ സാര്‍ പറഞ്ഞു. കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാളിപ്പോകുമെന്നും അതിന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നുമായിരുന്നു അവസാനം ഞങ്ങളോട് പറഞ്ഞത്. മണിച്ചിത്രത്താഴിന്റെ രീതിയില്‍ അദ്ദേഹം ഞങ്ങളുടെ സ്‌ക്രിപ്റ്റിനെ സമീപിച്ചു എന്നുള്ളത് ഞങ്ങള്‍ക്ക് വലിയ ഒരു ഊര്‍ജ്ജം തന്നു.

സിനിമയുടെ കഥ ഒരു രഹസ്യമാണ്

സിനിമയെക്കുറിച്ച് അധികം വിവരണങ്ങള്‍ കൊടുക്കാത്തത് അത് ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. സിനിമയുടെ ഓരോ ഭാഗത്തും ആശ്ചര്യമുണ്ടാക്കുന്ന സംഭവങ്ങളുണ്ട്. ഓരോ കഥാപാത്രത്തിനും പല തലങ്ങളുണ്ട് ചിത്രത്തില്‍. അതിന്റെ ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളെ നമുക്ക് പറയാനാകൂ. അതായത് വിജയരാഘവന്‍ ചെയ്യുന്ന കഥാപാത്രത്തെക്കുറിച്ച് ഒരു പഴയ മിലിട്ടറി ഉദ്യോഗസ്ഥന്‍ എന്ന് മാത്രമേ പറയാന്‍ കഴിയൂ. അതിനപ്പുറം പറഞ്ഞാല്‍ സ്‌പോയിലറാകും. അതുകൊണ്ട് പുറത്തുവിടേണ്ട കാര്യങ്ങളെക്കുറിച്ച് നേരത്തെ തന്നെ ഒരു അതിര് നിശ്ചയിച്ചിട്ടുണ്ടായിരുന്നു.

കാര്യങ്ങള്‍ പുറത്തു വിടരുത് എന്ന് ഷൂട്ട് ചെയ്യുമ്പോള്‍ പോലും ആളുകളോട് പറഞ്ഞിരുന്നു. ചെറുതായി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെക്കുറിച്ച് ചിലപ്പോള്‍ ആളുകള്‍ കൂടുതല്‍ സംസാരിക്കും. ഒരു വാക്ക് പോലും ചിലപ്പോള്‍ തെറ്റായി ആളുകള്‍ പ്രചരിപ്പിക്കും. ആദ്യ ദിവസം തന്നെ ചിത്രത്തിലെ ട്വിസ്റ്റുകള്‍ എല്ലാം പുറത്താവുമെന്ന് 100% ഉറപ്പാണ്. എന്നിരുന്നാലും ചിത്രത്തിന്റെ സര്‍പ്രൈസുകള്‍ നിങ്ങള്‍ ആദ്യ ദിവസം തന്നെ കണ്ട് അനുഭവിക്കുക എന്നുള്ളതാണ് ലക്ഷ്യം.

സീനിയര്‍ നടന്മാരിലേക്ക് എത്തുമ്പോള്‍

അപ്പുപിള്ളയുടെ കഥാപാത്രം ചെയ്യുന്നത് ഒരു മികച്ച നടന്‍ ആയിരിക്കണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് വിജയരാഘവന്‍ ചേട്ടനിലേക്ക് ഞങ്ങളെത്തുന്നത്. അദ്ദേഹവും ചിത്രത്തിന്റെ കാര്യത്തില്‍ വലിയ ആവേശത്തിലായിരുന്നു. വേറെ ആരെയും പകരം വെക്കാന്‍ കഴിയാത്ത രീതിയിലാണ് കുട്ടേട്ടന്‍ ഈ കഥാപാത്രം ചെയ്തിരിക്കുന്നതും. വിജയരാഘവന്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം ഏതു പ്രായത്തിലും സ്വഭാവത്തിലുമുള്ള കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്.

പല അഭിനേതാക്കള്‍ക്കും എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിവുണ്ടായിരിക്കും. പക്ഷെ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നത് കൊണ്ട് ഒരേ മീറ്ററില്‍ ആയിരിക്കും അവരുടെ പ്രകടനം. അപ്പോഴാണ് അഭിനേതാക്കളോട് മടുപ്പ് തോന്നുക. പക്ഷെ കുട്ടേട്ടനെയും ജഗദീഷേട്ടനെയും പോലെയുള്ള ആളുകള്‍ ഓരോ സിനിമയിലും ഓരോ രീതിയിലാണ് അഭിനയിച്ചിട്ടുണ്ടാകുക. അതാണ് അവരുടെ കഴിവ്. ജഗദീഷേട്ടന്‍ ഫാലിമിയില്‍ ചെയ്തിരിക്കുന്നതിന്റെ നേരെ വിപരീതമാണ് കിഷ്‌കിന്ധാ കാണ്ഡത്തില്‍. അവര്‍ സിനിമയിലുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്.

'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്റെ സ്‌ക്രിപ്റ്റ് സംസാരിച്ച എല്ലാ അഭിനേതാക്കളും ഇത് ചെയ്യാന്‍ തയ്യാറായിരുന്നു. ചില സ്‌ക്രിപ്റ്റുകള്‍ ചില ആളുകള്‍ക്കെ ഇഷ്ടമാകൂ എന്നുള്ള തരത്തിലൊക്കെ നമ്മള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷെ ഈ തിരക്കഥ വായിച്ചവര്‍ കഥാപാത്രങ്ങളില്‍ പോലും ഒരു മാറ്റം ആവശ്യപ്പെട്ടിട്ടില്ല. എല്ലാ കഥാപാത്രങ്ങളും വളരെ ആഴമുള്ളത് തന്നെയാണ്. എല്ലാവരും വളരെ കൗതുകത്തോടെ അഭിനയിച്ച സിനിമയായിരുന്നു കിഷ്‌കിന്ധാ കാണ്ഡം. അമ്മിണിപ്പിള്ള മുതല്‍ ഞങ്ങളോടൊപ്പമുള്ള ആളാണ് വിജയരാഘവന്‍ ചേട്ടന്‍. അത്രയും നല്ല ബന്ധമാണ് കുട്ടേട്ടനുമായി ഉള്ളത്. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ 'ഇത് നന്നാകുമെന്ന്' കുട്ടേട്ടന്‍ പറഞ്ഞു.

മാറുന്ന മലയാളി പ്രേക്ഷകര്‍ക്ക് വേണ്ടി സിനിമ ചെയ്യുമ്പോള്‍

ഇപ്പോഴത്തെ മലയാളി പ്രേക്ഷകര്‍ തന്നെ ഒത്തിരി സിനിമകള്‍ കാണുന്നുണ്ട്. കോവിഡിന്റെ സമയത്ത് കുറെയധികം സിനിമകള്‍ നമ്മള്‍ കണ്ടു. ഉള്ളടക്കത്തിന്റെ പ്രശ്‌നമായിരുന്നു അന്ന് ഇന്ത്യന്‍ സിനിമകള്‍ക്ക് പൊതുവെ ഉണ്ടായിരുന്നത്. അതുകൊണ്ട് ആളുകള്‍ ഫോറിന്‍ സിനിമകള്‍ കാണാന്‍ തുടങ്ങി. ഇങ്ങനെയെല്ലാം ജീവിതമുണ്ട് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നത് കോവിഡ് കാലത്ത് ഒരുപാട് സിനിമകള്‍ കാണുന്ന സമയത്താണ്. പലവിധ സംസ്‌കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും എല്ലാം അവര്‍ അനുഭവിച്ചു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഇതുപോലെ ഒരനുഭവം എനിക്കുണ്ടായി. എവിടെയും കേള്‍ക്കാത്ത ഒരു കഥയായി എനിക്ക് തോന്നി. എങ്ങനെയാണ് ഒരു മനുഷ്യന്‍ ഇങ്ങനെ ആലോചിച്ചത് എന്ന് നമുക്ക് തോന്നിപ്പോകും. ഈ ചോദ്യം ഞാന്‍ ബാഹുലിനോട് ചോദിച്ചു. ആ രീതിയില്‍ എനിക്ക് കൗതുകം തോന്നിയ പ്രൊജക്റ്റ് ആണ് കിഷ്‌കിന്ധാ കാണ്ഡം. അങ്ങനെയാണ് ഈ സിനിമ ആരംഭിക്കുന്നത്.

മലയാളി പ്രേക്ഷകര്‍ വളരെ മികച്ച നിരൂപകര്‍ കൂടിയാണ്. അവര്‍ക്ക് മുന്‍പിലേക്ക് ഒരു സിനിമയുമായി ചെല്ലുമ്പോള്‍ എവിടെയും കേള്‍ക്കാത്ത ഒരു കഥയുമായിട്ടേ പോകാനാകൂ. ആ ടെന്‍ഷന്‍ ഇപ്പോഴത്തെ എല്ലാ സംവിധായകര്‍ക്കുമുണ്ട്. ഇപ്പോള്‍ സിനിമ ചെയ്യുന്ന പല പ്രമുഖ സംവിധായകരും വളരെ ടെന്‍ഷനടിച്ചാണ് സിനിമ ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. കാരണം മലയാളം പ്രേക്ഷകരുടെ ടേസ്റ്റ് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമ ഹിറ്റായാല്‍ കൂടി അടുത്തത് എന്ത് ചെയ്യുമെന്ന് എനിക്കും പേടിയുണ്ട്.

കൗമാരക്കാരനായ എന്റെ മകന്‍ കാണുന്ന സിനിമകളും അവന്റെ ടേസ്റ്റും പോലും വളരെ വ്യത്യസ്തമാണ്. ആ രീതിയില്‍ ഒരുപാട് മാറിയിട്ടുണ്ട് ഈ ലോകം. പുതിയ തലമുറയുടെ ആശയങ്ങള്‍ കൂടെ ഉള്‍ക്കൊണ്ട് മാത്രമേ ഇനി സിനിമ ചെയ്യാനാകൂ. പുതിയ ആളുകള്‍ക്കും പഴയ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ സിനിമ ചെയ്യേണ്ടി വരും. എല്ലാ തലമുറയിലുള്ളവര്‍ക്കും കണക്ട് ചെയ്യാന്‍ കഴിയുന്ന ഒരു അച്ഛന്‍ മകന്‍ ബന്ധമാണ് കിഷ്‌കിന്ധാ കാണ്ഡത്തിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in