റെക്കോർഡുകൾ തീർക്കുമോ ദുൽഖർ സൽമാൻ

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഈ നാല് ഭാഷകളിൽ നിന്ന് വന്ന് കേരളത്തിൽ ഹിറ്റടിച്ച് പോയ എത്രയോ സിനിമകൾ നമ്മൾ കേട്ടിട്ടുണ്ട്, അല്ലു അർജുനും, പ്രഭാസും, വിജയ് ദേവരക്കൊണ്ടയും, യഷും, സൂര്യയും,വിക്രമുമെല്ലാം എത്രയോ തവണ അവരുടെ സിനിമകളുമായി കേരളത്തിലേക്ക് വണ്ടി കയറിയിട്ടുണ്ട്, അവരെ കാണാൻ ആദ്യം ജനം ഓടിക്കൂടി, പിന്നെ അവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലും. പക്ഷേ അപ്പോഴൊന്നും ഇതുപോലൊരു ക്രൗഡ് പുള്ളിം​ഗ് കപ്പാസിറ്റി മലയാള സിനിമയ്ക്ക് ഉണ്ടാകുമെന്ന് നമ്മൾ പ്രതീക്ഷിച്ചിട്ടുണ്ടോ, ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകൾ ക്രിയേറ്റ് ചെയ്യുന്ന ഇൻഡസ്ട്രി എന്ന പേര് പലവട്ടം ഊട്ടിയുറപ്പിച്ചപ്പോഴും, കേരളത്തിന് പുറത്ത് തിയറ്ററുകൾ നിറയ്ക്കാൻ , ഒരു പാൻ ഇന്ത്യൻ റിലീസ് സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ, ആ​ഗസ്റ്റ് 24, ആ ചോദ്യത്തിനും ഉത്തരം എഴുതുന്നു. ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്തയിലൂടെ.

ന്യൂ യോർക്ക് ടൈംസ് സ്‌ക്വയറിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ട്രൈലെർ പ്രദർശിപ്പിക്കുന്നു. ഹൈദരാബാദിലും ചെന്നെെയിലുമെല്ലാം പ്രീ റിലീസ് ഇവന്റ് നടത്തുന്നു, ട്വിറ്ററിൽ മാസങ്ങളായി തുടരുന്ന ട്രെൻഡിങ് ഹാഷ്ടാ​ഗാണ് കിം​ഗ് ഓഫ് കൊത്ത. തുടക്കം മുതൽ ചിത്രത്തിനുണ്ടായ ഹൈപ്പിനെ അതിന്റെ പരമോന്നതിയിൽ എത്തിച്ച മാർക്കറ്റിങ് ടാക്റ്റിക്സ്. കിംഗ് ഓഫ് കൊത്ത ഒരു പുതിയ ഏടാണ്, മികച്ച സിനിമകൾ പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കഷ്ട്ടപ്പെടുന്ന സമയത്ത് മാർകെറ്റിംഗിന്റെ ഏല്ലാ സാധ്യതകളെയും ഉപയോഗിച്ച് സിനിമയെ എല്ലാ മേഖലയിലും ഉള്ള ജനങ്ങളിലേക്ക് എത്തിച്ച് പുതിയ സാധ്യതകൾക്ക് തുടക്കം കുറിക്കുന്ന ചിത്രം.

ഒരു സൂപ്പർ താരം ജനിക്കുന്നത് തിയറ്ററുകളിലേക്ക് പ്രേക്ഷകരെ നിറക്കുമ്പോഴാണ്, ആ താരത്തിന്റെ പേരിൽ തിയറ്ററുകളിലേക്ക് ആളുകളിലേക്ക് ഇടിച്ച് കയറുമ്പോൾ, ആർപ്പുവിളിക്കുമ്പോൾ അതിനേക്കാൾ ഉപരി തിയറ്ററിൽ ഹിറ്റ് ചിത്രം സൃഷ്ടിക്കുമ്പോഴാണ്. റൊമാൻസ് സിനിമകളും കോമഡി സിനിമകളും വഴി സിനിമയിലെത്തിയവരൊക്കെ ഒരു വലിയ മാസ്സ് കൊമേർഷ്യൽ വിജയത്തിലൂടെയാവും തങ്ങളുടെ താരപദവി ഉറപ്പിക്കുക. മാസ്സ് ചിത്രം തന്നെയാണ് അവിടെ എപ്പോഴും ആ വഴി തുറക്കുന്നത്.

അടുത്ത കാലങ്ങളിലായി കേരളത്തിൽ പോലും തിയറ്റര് നിറച്ച ഇതരഭാഷ ചിത്രങ്ങൾ നോക്കിയാൽ, അവയിലെല്ലാം ഒരു മാസ്സ് ആക്ഷൻ ഹീറോ അല്ലെങ്കിൽ ലാർജർ ദാൻ ലൈഫ് ഹീറോ ഉണ്ട്, അല്ലെങ്കിൽ മലയാളം കുറച്ച് നാളായി പിന്തുടർന്ന റിയലിസ്റ്റിക് ചിത്രങ്ങളിൽ നിന്നൊരു മാറ്റം പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. കെ.ജി.എഫും, വിക്രമും, ജയിലറുമെല്ലാം ആർപ്പ് വിളികളുമായിട്ടാണ് തിയറ്ററുകൾ സ്വീകരിച്ചത്. മലയാളത്തിലും കൊവിഡിന് ശേഷം ആദ്യമെത്തിയ മമ്മൂട്ടിയുടെ ഭീഷ്മപർവ്വവും അങ്ങനെ തന്നെയായിരുന്നു. അതിന്റെ തുടർച്ചയായിട്ട് തന്നെയാണ് കിം​ഗ് ഓഫ് കൊത്തയും പ്രേക്ഷകർ കാണുന്നത്.

ദുൽഖറിനെ സംബന്ധിച്ചടത്തോളം ഒരു ലാർജർ ദാൻ ലൈഫ് ഹീറോ ആയിട്ടോ, മാസ്സ് ഹീറോ ആയിട്ടോ അയാൾ പൂർണമായും ചുവടുവെച്ചിട്ടില്ലായിരുന്നു. , ഫൈസിയായും, ചാർളിയായും, കാസിയായും തുടങ്ങി കേരളത്തിലും മറ്റ് ഭാഷകളിൽ കൂടുതലും റൊമാന്റിക് ചിത്രങ്ങളമാണ് ദുൽഖറിനെ പോപ്പുലറാക്കിയത്. അവിടേക്കാണ് തന്റെ കരിയറിലെ ആദ്യ മാസ്സ് സിനിമയുമായി ദുൽഖർ സൽമാൻ എത്തുന്നത്. തന്റെ ഈ ചുവടുമാറ്റത്തിനായി ദുൽഖർ തിരഞ്ഞെടുത്തത് അഭിലാഷ് ജോഷിയെയും. അതോടെ മലയാള സിനിമ കണ്ട ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നിർമിച്ച മമ്മൂട്ടി- ജോഷി കൂട്ടുകെട്ടിനും പ്രേക്ഷകർ തുടർച്ച സ്വപ്നം കണ്ടുതുടങ്ങി.

നായർ സാബും, കൗരവരും, ന്യൂ ഡൽഹിയുമൊക്കെ ഇന്നും മലയാളത്തിലെ എണ്ണം പറഞ്ഞ മാസ്സ് ചിത്രങ്ങളാണ്, ജയിലിൽ നിന്നിറങ്ങി വരുന്ന ആന്റണിയും കൂട്ടരും പൊലീസിനെ നേരിടുന്ന രം​ഗമോ, ന്യൂഡൽഹിയിലെ ജി.കെയുടെ പ്രതികാരമോ കണ്ട് ത്രില്ലടിക്കാത്തവരില്ല. അത് മമ്മൂട്ടിയെന്ന താരത്തെ സൃഷ്ടിക്കുന്നതിൽ എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടെന്നും മലയാളികൾക്ക് അറിയാം, അവിടെയാണ് ആ നിരയിലെ രണ്ടാം തലമുറക്കാർ അതെ കൊമേർഷ്യൽ ഫോര്മുലകളിലൂടെ ഒന്നിക്കുന്നതും.

തന്റെ ആദ്യ ആക്ഷൻ പരിവേഷത്തിനായി താൻ കാത്തിരിക്കുന്നുണ്ടെന്ന് ദുൽഖർ പല വേദികളിലും പറഞ്ഞിട്ടുണ്ട്. അതിനപ്പുറം സിനിമയിലേക്ക് കടന്നാൽ താരനിരയിൽ സമ്പനന്നമാണ് കൊത്ത, ദുൽഖർ, ​ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, ചെമ്പൻ വിനോദ് ജോസ്, പ്രസന്ന, നൈല ഉഷ,ഷമ്മി തിലകൻ തുടങ്ങി താരങ്ങൾ, നിമിഷ് രവിയുടെ കാമറ, ജേക്സ് ബിജോയിയുടെ സം​ഗീതം, ഒപ്പം ഷാൻ റഹ്മാനും, ജോഷിയുടെ മാസ്സ് രണ്ടാമതും തിയറ്ററുകളെ കാണിച്ചു കൊടുത്ത പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥാകൃത്തായിരുന്ന അഭിലാഷ് എൻ ചന്ദ്രന്റെ തിരക്കഥ. കാമറയ്ക്ക് മുന്നിലും പിന്നിലും തിയറ്ററിലേക്ക് ആളെ നിറക്കാൻ ഒരുപാട് പേരുകൾ ചിത്രത്തിലുണ്ട്.

അടുത്തകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടിയില്ലാത്ത ഹൈപ്പ് ചിത്രത്തിന് കിട്ടുമ്പോൾ, അതിൽ പ്രേക്ഷകരുടെ പ്രതീക്ഷ രണ്ട് കാര്യത്തിലാണ്. ഒന്ന് ദുൽഖർ എന്ന നടന്റെ, ആദ്യ മാസ്സ് ഹീറോ , ​ഗാം​ഗ്സ്റ്റർ എങ്ങനെയാകുമെന്നും രണ്ട് കൊത്തയെന്ന സിനിമ മുന്നിലേക്ക് വെയ്ക്കുന്ന ലോകം എത്രത്തോളം പ്രേക്ഷകർക്ക് കണക്ട് ആകുമെന്നുമാണ്. ഇത് രണ്ടും പൂർണമായാൽ മാത്രമേ പ്രേക്ഷകനെ കിം​ഗ് ഓഫ് കൊത്തയ്ക്ക് പിടിച്ചിരുത്താൻ കഴിയൂ. ദുൽഖർ എന്ന നടൻ ഇതുവരെ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുള്ള ഒരാളല്ല, ഇതുവരെ വന്നെ സിനിമയെക്കുറിച്ചുള്ള വാർത്തകളിലും ട്രെയ്ലറിലും ടീസറിലുമെല്ലാം കണ്ട കൊത്തയുടെ ലോകം തട്ടിക്കൂട്ടിയുണ്ടാക്കി എടുത്തതുമല്ല. വെറുതെ മാസ്സ് കാണിച്ചാൽ ആളുകൾ സ്വീകരിക്കില്ലെന്ന് അറിയാമെന്ന് ദുൽഖർ പറയുമ്പോൾ പ്രതീക്ഷ വർദ്ധിക്കുന്നതും അതുകൊണ്ട് തന്നെ.

സിനിമകൾ എടുക്കുന്നതോടെ നായകന്റെയും സംവിധായകന്റെയും കടമ അവസാനിക്കുന്നില്ല. അത് പ്രേക്ഷകരിലേക്ക് ശരിയായ രീതിയിലേക്ക് എത്തിക്കുകയും വേണം. അവിടെയാണ് ദുൽഖർ സൽമാൻ എന്ന പ്രൊഡ്യൂസർ ഫുൾ മാർക്ക് നേടുന്നത്. ഒരു പ്രോപ്പർ പാൻ ഇന്ത്യൻ സിനിമയെന്ന് കിംഗ് ഓഫ് കൊത്തയെ നിസ്സംശയം വിശേഷിപ്പിക്കാം. സിനിമയുടെ ആദ്യ ഘട്ടം മുതൽക്ക് കൊത്തയെ ദുൽഖർ പ്രൊമോട്ട് ചെയ്തത് പാൻ ഇന്ത്യൻ സിനിമയെന്ന ലേബലിലായിരുന്നു. ട്രെയ്ലറും ടീസറുമെല്ലാം ഒരുക്കിയതും എല്ലാ ഭാഷകൾക്കും വേണ്ടി. എല്ലാ ഭാഷകളിലെയും തന്റെ ആരാധകർക്ക് മുന്നിലെത്തി ദുൽഖർ തന്റെ താര ഇമേജില്ലാതെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും, അവർക്കൊപ്പം ആഘോഷിക്കുകയും ചെയ്തു.

കേരളത്തിലെ തിയറ്റർ ഉടമകൾ, മലയാള സിനിമകളിൽ റിലീസ് ചെയ്തതിൽ ഈ വർഷം ഇതുവരെ വളരെ കുറച്ച് സിനിമകൾ മാത്രമേ ലാഭം ഉണ്ടാക്കിയിട്ടുള്ളൂ എന്ന് പല ആവർത്തി പറഞ്ഞപ്പോളെല്ലാം അതിനൊപ്പം കൂട്ടിചേർത്തത് അവർ കാത്തിരിക്കുന്നത് , തിയറ്ററിൽ ആളെ നിറക്കുന്നത് കിം​ഗ് ഓഫ് കൊത്ത ആയിരിക്കുമെന്നായിരുന്നു. ഓ ടി ടി യിൽ ഇതരഭാഷാപ്രേമികൾ കാണുന്ന മലയാള സിനിമ അവർ തിയറ്ററിൽ വന്നു കാണണമെന്ന് അയാളുടെ ആഗ്രഹം പറയുമ്പോൾ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ എല്ലാം ദുൽഖർ നടത്തിക്കഴിഞ്ഞു. ഇനി അറിയേണ്ടത്, ഇതരഭാഷാ സിനിമകൾ കേരളത്തിൽ കോടികൾ വാരുന്നത് പോലെ കിംഗ് ഓഫ് കൊത്ത മലയാള സിനിമക്ക് മറ്റു നാടുകളിൽ പുതിയൊരു തിയറ്റർ മാർക്കറ്റ് സൃഷ്ട്ടിക്കുമോയെന്ന് മാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in