മാർവൽ കൽക്കി

മഹാഭാരതത്തിന് ഒരു സീക്വലുണ്ടായാൽ എങ്ങനെയിരിക്കും, കൗതുകം തോന്നുന്ന ഒരു ചിന്തയിൽ നിന്ന് നാ​ഗ് അശ്വിൻ എന്ന സംവിധായകൻ നിർമിച്ചെടുത്ത 6000 വർഷങ്ങൾക്കിപ്പുറമുള്ള ഭൂമി അയാളുടെ ചിന്തകളെക്കാൾ പകിട്ടോടെ തിയറ്റർ നിറയ്ക്കുന്നു. രാമായണവും മഹാഭാരതവും മതം ജാതി എന്നതിനപ്പുറത്തേക്ക് ഇന്ത്യൻ മണ്ണിലെ മനുഷ്യർ കേട്ട് പഴകിയ കഥകളിൽ ഒന്നാണ്. പ്രപഞ്ചത്തിലുള്ള എല്ലാം അതിലുണ്ട്. അതിലില്ലാത്ത ഒന്നും മറ്റെവിടെയും കാണാനാകില്ല. മഹാഭാരതത്തിന് ഒരു സമ്മറി പറയാൻ ആവശ്യപ്പെട്ടാൻ ഇതല്ലാതെ മറ്റെന്ത് പറയും. കഥ കേൾക്കുന്നവന്, കഥ പറയുന്നവന് പിന്നെയും പിന്നെയും മടുക്കാത്ത അല്ലെങ്കിൽ ഒരോ വായനയിലും ഒരോ പറച്ചിലിലും വീണ്ടും വീണ്ടും തെളിഞ്ഞു വരുന്ന എന്തെങ്കിലുമൊന്ന് അതിലുണ്ടാവാം, അമിതാഭ് ബച്ചൻ‌, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ, ശോഭന, പശുപതി, തുടങ്ങി എണ്ണിയലൊടുങ്ങാത്ത താരനിരയുമായി പ്രദർശനത്തിനെത്തിയ എത്തിയ കൽക്കി 2898 എഡി മഹാഭാരതത്തിന് നാ​ഗ് അശ്വിൻ അത്തരത്തിൽ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലാണ്.

PARESH MEHTA

ആദ്യ ന​ഗരമെന്ന് പുരാണങ്ങൾ അടായാളപ്പെടുത്തുന്ന കാശിയും, കോംപ്ലക്സ് എന്ന ആധുനിക ന​ഗരവും, കലിയു​ഗം അവസാനിപ്പിക്കാൻ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കി പിറവിയെടുക്കുന്ന ഷംബാലെയുമാണ് ചിത്രത്തിൽ അശ്വിൻ പരിചയപ്പെടുത്തുന്ന തീർത്തും വ്യത്യസ്തങ്ങളായ മൂന്ന് ലോകങ്ങൾ. ഈ മൂന്ന് ലോകങ്ങളിലായാണ് കൽക്കിയുടെ സ‍ഞ്ചാര ​ഗതിയും. 600 കോടി ബഡ്ജറ്റിൽ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ കൽക്കിയിൽ വിഎഫ്എക്സും ഡി എജിങ്ങ് ടെക്നോളജിയും മികച്ച തരത്തിൽ ഉപയോ​ഗിച്ചിട്ടുണ്ട്. നിലവിലെ മനുഷ്യൻ വ്യവഹാരങ്ങൾക്ക് വേണ്ടി പണം ഉപയോ​ഗിക്കുന്നത് പോലെ ഭാവിയിലെ മനുഷ്യർ യൂണിറ്റുകൾ ഉപയോ​ഗിക്കുകയും ഭൂമിയുടെ നാച്ചുറൽ സോഴ്സുകൾ അവർക്ക് കിട്ടാക്കനിയാവുകയും ചെയ്യുന്ന കാലത്തിന് കൃത്യമായ അവതരണം നൽകിയിട്ടുണ്ട് സംവിധായൻ. മൂന്ന് ലോകങ്ങൾക്കും മൂന്ന് വിധത്തിലുള്ള കളർ ടോണുകളും അതിസൂഷ്മമായ വിഎഫ്എക്സിലൂടെ ഡീറ്റയിലിം​ഗും ചിത്രത്തിൽ കാണാം.

അശ്വത്ഥാമാ ഹത കുഞ്ജര എന്ന ബാ​ക്ക് ​ഗ്രൗണ്ടിലെ ശബ്ദത്തിനൊപ്പം നാ​ഗ് അശ്വിൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത് 18 ദിവസത്തെ യുദ്ധത്തിന് അവസാനം ചോരയും പൊടി പടലങ്ങളും നിറഞ്ഞ കുരുക്ഷേത്രയുദ്ധ സ്ഥലത്തേക്കാണ്. അശ്വത്ഥാമാ ഹത കുഞ്ജര എന്ന വരികൾക്ക് അശ്വത്ഥാമാവ് മരിച്ചു.. ആന എന്നാണ് അർത്ഥം. യുദ്ധത്തിൽ ദ്രോണരെ കൊലപ്പെടുത്താൻ പഞ്ചപാണ്ഡവർ ഉപയോ​ഗിക്കുന്ന നുണയാണ് അത്. മഹാഭാരതയുദ്ധം ചരിത്രത്തിൽ ആകെ അവശേഷിപ്പിച്ച് പോയ ഒരാൾ അശ്വത്ഥാമാവ് മാത്രമാണ്. ഇനിയും അടങ്ങാത്ത പകയുമായി നെറ്റിയിലെ ഉണങ്ങാത്ത മുറിവുമായി സംവത്സരങ്ങൾ മൃ​ഗത്തെപ്പോലെ അലയാൻ ശാപം ഭവിച്ച ദ്രോണപുത്രൻ. പാണ്ഡവകുലത്തെ നശിപ്പിക്കാൻ അഭിമന്യു പത്നി ഉത്തരയുടെ ഉദരത്തിലെ കുഞ്ഞിനെ നശിപ്പിച്ച അശ്വത്ഥാമാവിന് ശിക്ഷയായി കൽക്കിയെ ഗർഭകാല അവസ്ഥയിൽ സംരക്ഷിക്കാൻ വിധിക്കപ്പെടുന്ന അശ്വത്ഥാമാവിൽ നിന്നാണ് കൽക്കി എന്ന മഹാഭരത സീക്വലിന് തുടക്കം.

പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഭൂമിയെയും 6000 വർഷങ്ങൾക്കിപ്പുറമുള്ള ഭൂമിയെയും കേവലം വിവരണങ്ങളിലൂടെയല്ല നാ​ഗ് അശ്വിൻ അവതരിപ്പിക്കുന്നത്. വിഷ്വൽ ​ഗ്രാമറിന്റെ അതി​ഗംഭീരമായ നരേഷനും രണ്ട് കാലഘട്ടങ്ങളുടെ കൃത്യമായ വിവരണവും കൽക്കി പ്രേക്ഷകന് നൽകുന്നുണ്ട്. വർഷങ്ങൾക്കിപ്പുറമുള്ള ഭൂമിയിൽ ഇത് സംഭവിച്ചേക്കാമല്ലേ എന്ന പ്രതീതിയും വെള്ളവും ഭക്ഷണവും കിട്ടാക്കനിയാവുന്ന കാലഘട്ടത്തിന്റെ അവസ്ഥയെയും സംവിധായകൻ അതീവ സാധരണമായാണ് സമീപിച്ചിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. ഹോളിവുഡ് സിനിമകളിലും സീരീസുകളിലുമുള്ള ഇൻവെർട്ടഡ് പിരമിഡാണ് നാ​ഗരികതയുടെ അടയാളമായ കോംപ്ലക്സിനെ അടയാളപ്പെടുത്താൻ ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നൊരു കഥയായല്ല അതുകൊണ്ട് തന്നെ കൽക്കി ഒരുങ്ങിയിരിക്കുന്നതും. ചിത്രത്തിൽ വന്നു പോകുന്ന മനുഷ്യർ ലോകത്തിന്റെ പലഭാ​ഗങ്ങളിലുള്ള മനുഷ്യരെ പ്രതീനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ​ലോകം മൊത്തം ഒത്തൊരുങ്ങുന്നൊരു അരങ്ങാണ് കൽക്കിയുടെ കഥാപശ്ചാത്തലം. ​ഗോട്ട്, സ്റ്റാർ വാർസ്, ഡ്യൂൺ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ പല റെഫറൻസുകളും കൽക്കിയുടെ വേൾഡ് ബിൽ‌ഡിം​ഗിനെ സഹായിച്ചിട്ടുണ്ട്.

കൽക്കി പരിചയപ്പെടുത്തുന്ന മൂന്ന് ലോകങ്ങൾക്കും അതിന്റേതായ അടയാളങ്ങളും പ്രധാന്യവുമുണ്ട്. കയ്യടക്കമുള്ള കഥ പറച്ചിൽ രീതികൊണ്ട് മൂന്ന് ലോകങ്ങൾക്കും കൃത്യമായ ​ഗ്രാഫ് വരച്ചിടുന്നുണ്ട് അശ്വിൻ. നർമ്മവും പോരാട്ടങ്ങളും ഫ്യൂച്ചറിസ്റ്റിക്ക് രീതിയിൽ സമീപിക്കുക അസാധാരണമായ ധെെര്യവും കൽക്കിയെ മികച്ചതാക്കുന്നുണ്ട്. അധർമ്മങ്ങൾ കൊടി കുത്തി വാഴുന്ന കലിയു​ഗത്തെ അവസാനിപ്പിക്കാനെത്തുന്ന കൽക്കി ജന്മം കൊള്ളുന്ന നാടാണ് ഷംബാല. കൽക്കിയുടെ അമ്മ സുമതി. ചിത്രത്തിലെ SUM 80 എന്ന കഥാപാത്രത്തിന് പിന്നീട് പേര് നൽകപ്പെടുന്നതും സുമതി എന്നാണ്. ഉപേക്ഷിക്കപ്പെട്ടൊരു കുഞ്ഞും അവനെ എടുത്തു വളർത്തുന്നൊരു മനുഷ്യനും കർണ്ണന്റെ പുരാണ ജീവിതത്തെ നാ​ഗരികതയുടെ ​ഗ്രാഫിൽ അവതരിപ്പിച്ച് മോടി പിടിപ്പിക്കുന്നുണ്ട് സംവിധായകൻ. എന്നാൽ നായകന്റെ എൻട്രിയും റിവീലിം​ഗും സീനുകളിലുമടക്കം ഒരേ ആവർത്തിയിൽ റിപ്പീറ്റ് ചെയ്യപ്പെടുന്ന മ്യൂസിക് 600 കോടി ബ‍ഡ്ജറ്റിലെത്തിയ ചിത്രത്തിന്റെ ​ഗ്രാഫിനെ ഒരു പരിധിക്കപ്പുറം ഉയർത്താനോ ​ഗൂസ്ബംസ് രം​ഗങ്ങൾ സൃഷ്ടിക്കാൻ കഴിയാത്ത വിധം ചിത്രത്തിൽ പരാജയപ്പെട്ടു പോകുന്നുണ്ട്.

6000 വർഷങ്ങൾക്ക് ശേഷമുള്ള ഭൂമിയിലെ അഡ്വാൻസ് ടെക്നോളജിയിൽ വേരൂന്നി കഥ പറയുമ്പോഴും മഹാഭാരത കാലം മുതൽ നിലനിൽക്കുന്ന അസമത്വങ്ങളും അരാജകത്വവും യു​ഗാവസാനം വരെ നീണ്ടു നിൽക്കുന്നു എന്ന രാഷ്ട്രീയ അവബോധം കൂടി അശ്വിന്റെ കൽക്കി പറഞ്ഞു വയ്ക്കുന്നുണ്ട്. ​ദുഷ്ട ശക്തിയുമായുള്ള നായക അവതാരത്തിന്റെ പോരാട്ടങ്ങളാണ് എല്ലാ എപ്പിക് സിനിമകളുടെയും ഫോർമുലയെങ്കിലും ഇന്ത്യൻ സിനിമയിലെ ആണ്ടവർ അരങ്ങിൽ വില്ലനായെത്തുന്നത് ചില്ലറ പ്രതീക്ഷകളൊന്നുമല്ല നൽകുന്നത്. 81 വയസ്സ് പിന്നിട്ട അമിതാഭ് ബച്ചനും പ്രഭാസും തമ്മിലുള്ള സംഘട്ടന രം​ഗങ്ങൾ ബോളിവുഡിന്റെ ആ​ഗ്രി യങ്മാന്റെ അതി ​ഗംഭീര തിരിച്ചു വരവ് കൂടിയാകുന്നുണ്ട് അത്തരത്തിൽ കൽക്കി. അടി കൊള്ളുകയും പരാജയപ്പെടുകയും ചെയ്യുന്ന അതിസാധരണമായ കഥാപാത്രമായി എത്തുന്ന പ്രഭാസ്. സ്ഥിരം ഫോർമുലയിൽ നിന്ന് മാറി സിനിമയോടൊപ്പം ഒരു ഭാ​ഗമായി സഞ്ചരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്. കമൽ ഹാസനും അമിതാഭ് ബച്ചനും അടക്കമുള്ള ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായകന്മാർ ഒരുമിച്ചൊരു യുദ്ധ ഭൂമിയിൽ പൊടി പറത്തുന്ന അതി സാഹസികതയ്ക്കും അസാമാന്യമായ പ്രകടനത്തിനും കൽക്കിയുടെ കഥ ഉറപ്പ് നൽകുന്നുണ്ടെന്ന് കരുതണം. ​ഗാഢീവ വില്ലെടുത്ത് അലറുന്ന ആ ശക്തി ആരെന്ന് ചോദ്യം ബാക്കി നിർത്തി പകുതിയാക്കിയ കൽക്കി ബാഹുബലിക്കപ്പുറം രണ്ടാം ഭാ​ഗത്തിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരം സൃഷ്ടിച്ചിട്ടുണ്ടെന്ന് തന്നെ നിസംശയം പറയാം.

Related Stories

No stories found.
logo
The Cue
www.thecue.in