'സിനിമയ്ക്ക് വേണ്ടി സംസാരിക്കുന്ന മമ്മൂക്ക' - ജിയോ ബേബി

'സിനിമയ്ക്ക് വേണ്ടി സംസാരിക്കുന്ന മമ്മൂക്ക' -  ജിയോ ബേബി

മമ്മൂട്ടി എന്ന നടനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ്മ എന്നത് എല്ലാവരെയും പോലെ, അദ്ദേഹം അഭിനയിച്ചിട്ടുള്ള സിനിമകളാണ്. ഞാൻ 80-90 കാലഘട്ടത്തിലൊക്കെ കണ്ട് തീർത്തിട്ടുള്ള ഒരുപാട് മമ്മൂട്ടി സിനിമകൾ ഉണ്ട്. ഒരുപാട് സിനിമകൾ കാണാൻ സാഹചര്യമുള്ള ഒരു വീട്ടിൽ വളർന്നതു കൊണ്ട് പ്രത്യേകിച്ച് വിസിആറിൽ ഒത്തിരി സിനിമകൾ ഞാൻ കണ്ടു തീർത്തിട്ടുണ്ട്. എന്നാൽ അതിന് ശേഷം മമ്മൂട്ടി എന്ന നടനിലേക്ക് ശ്രദ്ധിക്കുന്ന സിനിമകൾ തനിയാവർത്തനം , കൗരവർ, തുടങ്ങിയ സിനിമകളിലാണ്. ഞാൻ ഒരു 82 ൽ ജനിച്ച ആളായതുകൊണ്ടു തന്നെ എന്റെ ഒരു കൗമാര പ്രായത്തിലാണ് ഞാൻ ഈ സിനിമകൾ ഒക്കെ ശ്രദ്ധിച്ച് കാണുന്നത്. ഈ സിനിമകൾ ഒക്കെ തന്നെ മമ്മൂട്ടി എന്ന നടനെക്കുറിച്ച് വലിയൊരു അല്ലെങ്കിൽ മമ്മൂട്ടി ഒരു വലിയ നടനാണെന്ന് എന്നെ തോന്നിപ്പിച്ച സിനിമകളാണ്. കൗരവർ എന്ന സിനിമ ഞാൻ വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്. കാരണം അങ്ങനെയൊരു സിനിമ എന്നത് എന്നെ ഇപ്പോഴും കൊതിപ്പിക്കുന്ന ഒരു മമ്മൂട്ടി സനിമയാണ്. വീട്ടിലുള്ള ഈ സിനിമ കാണുന്ന ശീലം കൊണ്ടായിരിക്കാം, പിന്നീട് സീരിയസ്സായിട്ടുള്ള സിനിമകളിലേക്ക് മെല്ലെ ഞാൻ പോകുന്നുണ്ട്. മതിലുകൾ, വിധേയൻ ഒക്കെ വീണ്ടും വീണ്ടും കാണുന്നു. മമ്മൂട്ടി എന്ന നടനിലേക്ക് അദ്ദേഹത്തിന്റെ അഭിനയത്തിലേക്ക് കുടുതൽ ശ്രദ്ധിക്കുന്നു. ഇതൊക്കെ സംഭവിക്കുന്നത് എന്റെ കൗമാര ഘട്ടത്തിലാണ്.

അദ്ദേഹത്തിനോടുള്ള എന്റെ ആരാധനയോ ബഹുമാനമോ അല്ലെങ്കിൽ ഒരു നടനോടുള്ള അമിതമായ ഇഷ്ടമോ ഒക്കെ മനസ്സിൽ വച്ചുകൊണ്ട് തന്നെയാണ് ഞാൻ സിനിമയിലേക്ക് വരണം എന്ന് ആ​ഗ്രഹിച്ചതും, സിനിമയിലേക്ക് എത്തുന്നതും ഒക്കെ. എന്നാൽ അപ്പോഴൊന്നും ഒരിക്കലും മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യാൻ പറ്റുമെന്ന് കരുതിയിട്ടില്ല. കൗമാര ഘട്ടത്തിലൊക്കെ നമുക്ക് സിനിമയിലേക്ക് വരാൻ ആ​ഗ്രഹമുണ്ടെങ്കിലും നമ്മളൊക്കെ എങ്ങനെ സിനിമയിലെത്തും ? നമ്മളൊക്കെ സിനിമയിലെത്തുമ്പോൾ ഈ മമ്മൂട്ടിയും മോഹൻലാലും ഉണ്ടാകുമോയെന്ന് പേടിച്ചിട്ടുണ്ട്. പക്ഷേ നമ്മൾ എത്തിക്കഴിയുമ്പോഴും ഇവർ പഴയതിനെക്കാൾ ശക്തമായി തന്നെ ഇവിടെ നിൽക്കുന്നു എന്നുളളത് വലിയ അത്ഭുതമുളവാക്കുന്ന കാര്യമാണ്. മമ്മൂട്ടിയിലേക്ക് വരികയാണെങ്കിൽ ഞാൻ ചെയ്യുന്നൊരു സിനിമകളുടെ രീതി വച്ചിട്ട്, സിനിമ കരിയർ തുടങ്ങുമ്പോൾ പോലും അദ്ദേഹത്തിനൊപ്പം ഒരു സിനിമ എന്ന കാര്യം ഞാൻ ആ​ഗ്രഹിച്ചിട്ടു പോലുമില്ല. പക്ഷേ കാതൽ എന്ന സിനിമയുടെ സ്ക്രീൻ പ്ലേ എന്റെ അടുക്കലേക്ക് എത്തുമ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് മമ്മൂട്ടി തന്നെയാണ്. അങ്ങനെ അദ്ദേഹത്തെ സമീപിക്കാൻ ഞാൻ തീരുമാനിക്കുന്നു. അദ്ദേഹം ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടിട്ട് എന്റെ അടുത്ത് നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളൊരു ആളാണ്. അതാണ് എനിക്ക് മമ്മൂക്കയുമായിട്ടുള്ള എന്തെങ്കിലും തരത്തിലുള്ള ഒരു ബന്ധം. ഞാൻ മമ്മൂക്കയ്ക്ക് നേരിട്ട് ഒരു മെസേജ് അയച്ചു. കഥ കേൾക്കാം എന്ന് പറയുന്നു. കഥ കേൾക്കുന്നു. അദ്ദേഹം അത് ചെയ്യാൻ തീരുമാനിക്കുന്നു. സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ ഞാൻ പിന്നീട് കേൾക്കുന്നത് സിനിമ ഇൻഡസ്ട്രിയിൽ നിന്നും മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള പല പല മനുഷ്യരിൽ നിന്നുമുള്ള മമ്മൂക്കയുടെ കഥകളാണ്. ഒരു റൂമർ സംഭവമായേ ഞാൻ അതിനെ കാണുന്നുള്ളൂ. പക്ഷേ അങ്ങനെ കേട്ടപ്പോൾ എനിക്ക് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ ഭയങ്കര പേടിയായി. പൊതുവേ സിനിമ സംബന്ധമായ യാതൊരു ടെൻഷനുമില്ലാത്ത മനുഷ്യനാണ് ഞാൻ. വളരെ കൂളായിട്ടാണ് ഞാൻ‌ സിനിമ തുടങ്ങുന്നതിന് മുമ്പും സിനിമ നടക്കുമ്പോഴും ഒക്കെ. കാരണം നമ്മുടെ പ്രൊഡക്ഷനിലാണ് ‍ഞാൻ വർക്ക് ചെയ്തിട്ടുള്ള കൂടുതൽ സിനിമകളും നടന്നിട്ടുള്ളത്. അതുകൊണ്ട് വേറെ ടെൻഷൻസ് ഒന്നും വന്നിട്ടില്ല. പക്ഷേ ഇത് മമ്മൂട്ടി കമ്പനി നിർമിക്കുന്നു, മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നൊക്കെ ആയപ്പോൾ വല്ലാത്ത ടെൻഷനായി. സിനിമ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ ടെൻഷൻ കൂടി. പക്ഷേ മമ്മൂക്ക സെറ്റിലേക്ക് വരുന്നു, ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞു, അത് കഴിയുന്നതോടു കൂടി തന്നെ ആ ടെൻഷൻ അങ്ങ് അലിഞ്ഞില്ലാതാവുകയാണ് ചെയ്തത്.

എന്നെ സംബന്ധിച്ചിടത്തോളം മമ്മൂക്കയുടെ ഏറ്റവും വലിയ ക്വാളിറ്റിയായിട്ട് ഞാൻ കാണുന്നത് എല്ലാ കാര്യത്തിലും അദ്ദേഹം കണ്ടെത്തുന്ന ഹ്യൂമറാണ്. വളരെ സീരിയസ്സായിട്ടുള്ള കാര്യം പറയുകയാണെങ്കിലും വളരെ സങ്കടകരമായ കാര്യം പറയുകയാണെങ്കിലും അതിൽ ഹ്യൂമർ ഉണ്ടാകും. ഞാൻ അങ്ങനെ ജീവിതത്തെ ഹ്യൂമറായിട്ട് കാണാൻ ശ്രമിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അങ്ങനെ ഒരാളെ കണ്ടു മുട്ടിയത്, പരിചയപ്പെട്ടതൊക്കെ വലിയൊരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഞാൻ ഒരു വലിയ ഇൻട്രസ്റ്റിങ്ങ് ഹ്യുമൻബിയിംങ്ങിനെ കണ്ടു മുട്ടിയത് പോലെ ആയിരുന്നത്. അത്തരം മനുഷ്യരെ കണ്ടുമുട്ടാനും അവരോടു കൂടെ ചെലവഴിക്കാനും വലിയ ഇഷ്ടമുള്ള ഒരു മനുഷ്യനാണ് ഞാൻ. എന്ത് കാര്യത്തിലുമുണ്ടാകുന്ന ഈ ഹ്യൂമർ, ഒരു സീൻ പറുമ്പോഴാണെങ്കിലും ഒരു സീനിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴാണെങ്കിലും അല്ലാതെ വെറുതെയിരുന്ന എന്തെങ്കിലും പറയുമ്പോഴാണെങ്കിലും മമ്മൂക്ക എന്ന് പറയുന്നൊരു മനുഷ്യൻ ഉത്പാദിപ്പിക്കുന്ന ഒരു നർമ്മമുണ്ട്. ആ നർമ്മമാണെന്ന് തോന്നുന്നു അദ്ദേഹത്തെ ഇത്രയും ഊർജ്ജസ്വലതയോടെ നമ്മൾ പറയുന്ന പോലെ ഇത്രയും സുന്ദരനായി നില നിർത്തുന്നത് എന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ കൂടെ മുപ്പത്തിനാല് ദിവസമാണ് ‍ഞാൻ കാതൽ ഷൂട്ട് ചെയ്തത്. ഞങ്ങൾക്കെല്ലാവർക്കും മറക്കാൻ പറ്റാത്ത കുറേ ദിവസങ്ങളുണ്ടായി, വളരെ രസങ്ങളുണ്ടായി. ഒരോ സിനിമകൾ കഴിയുമ്പോഴും ഞാൻ ഏറ്റവും സമാധാനത്തോടെ ഏറ്റവും സന്തോഷത്തോടെ ഷൂട്ട് ചെയ്ത സിനിമ ഇതാണെന്ന് ഞാൻ വിചാരിക്കും. ഏറ്റവും അവസാനം ഷൂട്ട് ചെയ്ത് കഴിഞ്ഞ സിനിമ കാതലാണ്. കാതലാണ് ഞാൻ ഏറ്റവും സന്തോഷത്തോടെ ഷൂട്ട് ചെയ്തൊരു സിനിമ.

ഒരു നടനെന്ന നിലയിൽ സിനിമയ്ക്കുള്ളിൽ, തിരക്കഥയിൽ അദ്ദേഹം ഇടപെടാറുണ്ട് . ആ സീൻ എന്തിനാണ് അങ്ങനെ? ആ സീൻ എന്തിനാണ് ഇങ്ങനെ? ആ സീൻ ഇങ്ങനെ മാറ്റിയാലോ? അങ്ങനെ അദ്ദേഹം പറയുന്ന കമന്റുകൾ എല്ലാം വളരെ വാലിഡായിട്ടുള്ള പോയിന്റുകളുമായിരിക്കും. അദ്ദേഹം അദ്ദേഹത്തിന് വേണ്ടിയിട്ടല്ല സംസാരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. എനിക്ക് വീണ്ടും ജോലി ചെയ്യാൻ ആ​ഗ്രഹമുള്ള ഒരു നടനാണ് അദ്ദേഹം. അങ്ങനെയൊക്കെ വളരെ വിരളമായേ എനിക്ക് സംഭവിക്കാറുള്ളൂ. അത് ആ നടന്റെ അഭിനയത്തിന്റെ മികവ് കൊണ്ടു മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം നമ്മളോട് കാണിക്കുന്ന, ഒരുമിച്ചിരിക്കുമ്പോൾ, ഒരുമിച്ച് ജോലി ചെയ്യുമ്പോൾ ഒക്കെ ഉണ്ടാകുന്ന ഒരു രസങ്ങളും കൂടെ ഉള്ളത് കൊണ്ടാണ് വീണ്ടും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ നമുക്ക് തോന്നുന്നത്. മമ്മൂട്ടിക്ക് പിറന്നാൽ ആശംസകൾ നേരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in