ഏതുനിമിഷവും നിങ്ങള്‍ ഒരു സൈബര്‍ കുറ്റകൃത്യത്തില്‍ അകപ്പെടാമെന്ന മുന്നറിയിപ്പാണ് ജവാനും മുല്ലപ്പൂവും : സുരേഷ് കൃഷ്ണന്‍

ഏതുനിമിഷവും നിങ്ങള്‍ ഒരു സൈബര്‍ കുറ്റകൃത്യത്തില്‍ അകപ്പെടാമെന്ന മുന്നറിയിപ്പാണ് ജവാനും മുല്ലപ്പൂവും : സുരേഷ് കൃഷ്ണന്‍

നവാഗതനായ രഘു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും',ശിവദ, സുമേഷ്, ചന്ദ്രന്‍, രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍, ദേവി അജിത്, ബാലാജി ശര്‍മ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഒരു മുല്ലപ്പൂ അലര്‍ജിയുളള ഒരു ജവാന്റെയും കുടുംബത്തിന്റെയും കഥയാണ് സിനിമ എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ ഉപരി വളരെ പ്രസക്തമായ ഒരു പ്രമേയമാണ് സിനിമയുടേതെന്ന് തിരക്കഥാകൃത്ത് പറയുന്നു. സാങ്കേതിക പരിജ്ഞാനത്തിന്റെ കാര്യത്തില്‍ ഇന്നും പൂര്‍ണ്ണമായ സാക്ഷരതിയിലെത്താത്ത സാധാരണക്കാരന്‍ എപ്പോള്‍ വേണമെങ്കിലും ഒരു സൈബര്‍ കുറ്റകൃത്യത്തില്‍ അകപ്പെടാമെന്ന മുന്നറിയിപ്പാണ് ജവാനും മുല്ലപ്പൂവും. ചിത്രത്തെക്കുറിച്ച് സുരേഷ് കൃഷ്ണന്‍ ദ ക്യുവിനോട്.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പ്..

കൊവിഡ് കാലത്തിന് മുന്‍പും പിന്‍പും എന്നിങ്ങനെ മനുഷ്യരുടെ ജീവിത പശ്ചാത്തലം വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരുകാലത്ത് സ്‌കൂളില്‍ ഫോണ്‍ കൊണ്ടുപോകുന്നതാണ് തെറ്റായിരുന്നുവെങ്കില്‍ ഇന്ന് ക്ലാസുകള്‍ ഓണ്‍ലൈനാണ്, ഫോണിലൂടെയാണ് ടീച്ചര്‍മാര്‍ കുട്ടികളോട് സംവദിക്കുന്നത്. കൊറിയന്‍ ബാന്‍ഡിന്റെ ആരാധകരായ കുട്ടികള്‍, എനിക്ക് ചോറുവേണ്ട നെറ്റുമതി എന്നുപറയുന്ന കാലമാണ്.

എന്നാലിപ്പോഴും സാങ്കേതിക പരിജ്ഞാനത്തിന്റെ കാര്യത്തില്‍ പൂര്‍ണമായൊരറിവ് നമ്മുടെ സമൂഹത്തിനുണ്ടായിട്ടില്ല എന്നതാണ് സത്യം. ഓരോ മിനിറ്റിലും ഒരു സൈബര്‍ കുറ്റകൃത്യം നടക്കുന്നുണ്ട്. നമ്മുടെ സമ്പദ് ഘടനയുടെ വലിയ സാമ്പത്തിക ചോര്‍ച്ചയ്ക്ക് ഓണ്‍ലൈന്‍ പണം തട്ടലുകള്‍ വഴിവെയ്ക്കുന്നു. ഏതൊരു സാധാരണക്കാരനും എപ്പോള്‍ വേണമെങ്കിലും ഒരു സൈബര്‍ കുറ്റകൃത്യത്തില്‍ അകപ്പെടാം. ഇതെല്ലാം റിഫ്ളക്ട് ചെയ്യുന്ന കഥയാണ് ജവാനും മുല്ലപ്പൂവും.

അവഗണിക്കപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങളുടെ കഥ..

ഈ സിനിമ ജയശ്രി ടീച്ചറുടെ മാത്രം കഥയല്ല. ജയശ്രി ടീച്ചറെ മുന്‍നിര്‍ത്തിക്കൊണ്ട് സ്ത്രീ സമൂഹത്തിന്റെയാകെ അതിജീവനത്തെ അവതരിപ്പിക്കുകയാണ് ചിത്രം. സാധാരണക്കാരായ വീട്ടമ്മമാരുടെ ജീവിതത്തിലെ അവഗണിക്കപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങളുടെ കഥ കൂടിയാണിത്. മുല്ലപ്പൂവിനെ ഇഷ്ടമല്ലാത്ത, അലര്‍ജിയായ ജവാന്‍, അതാണ് കഥയുടെ പ്രധാന ഭാഗങ്ങളില്‍ ഒന്ന്. ഈ രണ്ട് ധ്രുവങ്ങളെ ഒന്നിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് ജവാനും മുല്ലപ്പൂവും എന്ന ടൈറ്റിലിലേക്ക് തന്നെയെത്തുന്നത്.

മുല്ലപ്പൂവ് ഇവിടെ ഒരു സ്ത്രീയുടെ കാല്‍പ്പനിക ഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന സൂചകമാണെങ്കില്‍ പട്ടാളജീവിതം അവസാനിപ്പിച്ച് ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം ജീവിക്കാനെത്തുന്ന ജവാന്‍ ഒരു പുരുഷന്റെ ആസക്തിയെയും താത്പര്യങ്ങളെയുമാണ് മുന്‍നിര്‍ത്തുന്നത്. ഇവ തമ്മിലെ വൈരുദ്ധ്യം സത്യത്തില്‍ പൊതുസമൂഹത്തിലേക്കുള്ള ചൂണ്ടുപലകയാണ്. നമുക്ക് ചുറ്റുമൊന്ന് പരിശോധിച്ചാല്‍ അഭിപ്രായന്തരങ്ങളുടെ വലിയൊരു ഘോഷയാത്രയാണ് കുടുംബങ്ങളെന്ന് കാണാം. ഈ വൈരുദ്ധ്യത്തെയാണ് സിനിമ തുറന്നുകാണിക്കുന്നത്.

ശിവദ തന്നെയായിരുന്നു ഫസ്റ്റ് ഓപ്ഷന്‍

ഞാനാദ്യമായി എഴുതുന്ന തിരക്കഥ നവാഗതനായ വൈശാഖിന്റെ പി20 മലമക്കുടി എന്ന ത്രില്ലര്‍ ചിത്രത്തിന് വേണ്ടിയാണ്. കണ്ണൂര്‍ ജില്ലയിലെ 20 ാമത്തെ പൊലീസ് സ്റ്റേഷനെന്ന നിലയില്‍ സാങ്കല്‍പ്പികമായി മലമക്കുടി എന്ന ദേശത്തെ അവതരിപ്പിക്കുന്ന ചിത്രമാണത്. ആ തിരക്കഥയുടെ തിരക്കിനിടയിലാണ് ജവാനും മുല്ലപ്പൂവും എന്ന സിനിമയിലേക്ക് എത്തുന്നത്.

ആദ്യ ചര്‍ച്ചയില്‍ തന്നെ ജയശ്രി ടീച്ചറായി ശിവദ എത്തുന്നതിനെ എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. സുസു സുധി വാത്മീകത്തിലെ ആളുകളെ മോട്ടിവേറ്റ് ചെയ്യുന്ന ശിവദയുടെ കഥാപാത്രമായിരുന്നു റഫറന്‍സ്. ഏകദേശം അതിന് സമാനമായ ഒരു കഥാപാത്രത്തെയാണ് ജവാനും മുല്ലപ്പൂവുലുമുള്ള ജയശ്രി ടീച്ചര്‍. ആ കഥാപാത്രത്തെ കയ്യടക്കത്തോടെ ശിവദ ചെയ്യാന്‍ കഴിയുമെന്ന് തോന്നി. അതേസമയം, സുമേഷ് ചന്ദ്രനിലേക്ക് എത്തുന്നത് വളരെ യാദൃശ്ചികമായാണ്. സത്യത്തില്‍ ഒരു സബ് ഇന്‍സ്പെക്ടറുടെ വേഷത്തിലായിരുന്നു സുമേഷ് എത്തേണ്ടിയിരുന്നത്. എന്നാല്‍ പ്ലാന്‍ ചെയ്ത മറ്റൊരു നടന്റെ ഡേറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ് സുമേഷ് ജവാന്‍ ഗിരിധറായി മാറുന്നത്. രാഹുല്‍ മാധവിനെയും പ്ലാന്‍ ചെയ്ത് നടത്തിയ കാസ്റ്റാണ്. ചില പ്രത്യേക മാനറിസങ്ങളുള്ള കഥാപാത്രമാണത്.

Related Stories

No stories found.
logo
The Cue
www.thecue.in