സൈജു കുറുപ്പ് ശരിക്കും ഹീറോ മെറ്റീരിയലാണ് : അനീഷ് ഉപാസന അഭിമുഖം

സൈജു കുറുപ്പ് ശരിക്കും ഹീറോ മെറ്റീരിയലാണ് :  അനീഷ് ഉപാസന അഭിമുഖം

അനീഷ് ഉപാസന സംവിധാനം ചെയ്ത് മെയ് 12-ന് തിയറ്ററുകളിലെത്തുന്ന സിനിമയാണ് ജാനകി ജാനേ. നവ്യ നായര്‍, സൈജു കുറുപ്പ്, ജോണി ആന്റണി, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സാധാരണ ഒരു നാട്ടിന്‍പുറത്തുകാരിക്കുണ്ടാകുന്ന ഭയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്ന് സംവിധായകന്‍ പറയുന്നു. സാധാരണ കുടുംബങ്ങളില്‍ നടക്കുന്ന നുറുങ്ങ് തമാശകളും കൗണ്ടറുകളും കൊണ്ട് നിറഞ്ഞ ചിത്രമായിരിക്കും ജാനകി ജാനേ. സൈജു കുറുപ്പെന്ന നടനെ കൃത്യമായി ഉപയോഗിച്ച ഒരു സിനിമയായിരിക്കും ഇതെന്ന് ധൈര്യപൂര്‍വ്വം പറയാന്‍ സാധിക്കുമെന്നും ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അനീഷ് ഉപാസന പറഞ്ഞു.

Q

ട്രെയ്ലറിലും പോസ്റ്ററിലുമെല്ലാം ഇരുട്ടിനോടുള്ള ഭയം കാണിക്കുന്നുണ്ട്. ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഒരു ഫോബിയ ഉണ്ടാകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരത്തില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒരു ഫോബിയയാണ് ഇരുട്ടിനോടുള്ള പേടി. അത്തരത്തില്‍ ഒരു ഫോബിയ ആണോ ജാനകിയില്‍ ഉള്ളത്?

A

ചില ഭയങ്ങളാണ് ജാനകി ജാനേയില്‍ ജാനകിക്കും ഉള്ളത്. ഇരുട്ടിനോടുള്ള പേടി, ഇടവഴിയിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ പറ്റില്ല, ബാത്‌റൂമിന്റെ പുറത്ത് കാവല്‍ നില്‍ക്കണം, ജോലി സ്ഥലത്ത് പോലും അടുത്ത് എപ്പോഴും ആളുകള്‍ വേണം, തുടങ്ങിയ ജാനകിയുടെ ഭയത്തിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. പേടിയുള്ളവര്‍ക്ക് ഇമാജിനേഷന്‍ കൂടുതലായിരിക്കും അതുകൊണ്ട് തന്നെ അവര്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കും. ഇടവഴിയില്‍ക്കൂടി പോകുമ്പോള്‍ പുറകിലൂടെ ആരെങ്കിലും വരുന്നുണ്ടാവുമോ, നടക്കുമ്പോള്‍ പെട്ടന്ന് അരികിലേക്ക് ആരെങ്കിലും ചാടി വീഴുമോയെന്ന് തുടങ്ങി നിരവധി ചിന്തകളായിരിക്കും അവര്‍ക്ക് ഉണ്ടാവുന്നത്.

Q

നാലാമത്തെ ചിത്രമാണ് ജാനകി ജാനേ അതിന് മുന്നേയുള്ള ചിത്രങ്ങള്‍ക്കൊന്നും കിട്ടാത്ത ഒരു സ്വീകാര്യതയാണ് ജാനകി ജാനേ യില്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത് എന്ത് തോന്നുന്നു?

A

വളരെ സന്തോഷം തോന്നുന്ന ഒരു കാര്യമാണ് അത്. ഈ സ്വീകാര്യതയ്ക്ക് പിന്നിലുള്ള ഏറ്റവും പ്രധാന കാരണം ഗൃഹലക്ഷ്മിയുടെ എസ് ക്യുബ് എന്ന വലിയ പ്രൊഡക്ഷന്‍ കമ്പനിയാണ്. അവരെടുക്കുന്ന സിനിമകളെക്കുറിച്ച് മലയാളികള്‍ക്ക് ഗ്യാരന്റിയുണ്ട്. കുടുംബമായി തിയേറ്ററുകളില്‍ പോയി കാണാന്‍ കഴിയുന്ന തരത്തിലുള്ള സിനിമകളാണ് അവര്‍ ഇന്നേവരെ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ സിനിമയിലും അവരത് തെറ്റിക്കില്ലെന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ട്. പിന്നെ, പേടി എന്ന് പറയുന്നത് എല്ലാവര്‍ക്കും അറിയുന്നൊരു വിഷയമാണ്. പക്ഷേ ആരും അത് പറഞ്ഞിട്ടില്ല. പേടി പലരീതിയില്‍ പറയാം വേണമെങ്കില്‍ ത്രില്ലര്‍ സ്വഭാവത്തില്‍ പറയാം, പക്ഷേ എനിക്കിത് അപ്പുറത്തെ വീട്ടിലെ ഒരു ജാനകി, നമുക്ക് പരിചയമുള്ളൊരു ജാനകി അവള്‍ക്ക് സംഭവിക്കുന്ന ഒരു കഥ, അങ്ങനെ പറയാനായിരുന്നു താല്‍പര്യം.

Q

നവ്യ നായരിലേക്ക് എത്തുന്നത് എങ്ങനെയാണ്?

A

ഇത് നല്ലൊരു ആര്‍ടിസ്റ്റ് ചെയ്യേണ്ട സിനിമയാണ്. കാരണം ഒരു ലിമിറ്റിന് മുകളില്‍ പോയാല്‍ ജാനകി സൈക്കോ ആണോയെന്ന് പോലും ആള്‍ക്കാര്‍ ചിന്തിച്ചു പോകും. വളരെ ചലഞ്ചിങ്ങായ ഒരു കഥാപാത്രമാണ് നവ്യയ്ക്ക് കിട്ടിയിട്ടുള്ളത്. അത് കൂടാനോ കുറയാനോ പാടില്ല. ഒരു സാധാരണ സ്ത്രീ, പക്ഷേ പേടി ഒരു സ്പൂണ്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. പേടി കൂടുതലുള്ളതുകൊണ്ട് തന്നെ അത് ശീലമാകും. അവരുടെ ദിനചര്യകളിലൊക്കെ അത് ശീലമായി പോകും.

Q

തിരിച്ചു വരവിന് ശേഷം നവ്യാ നായര്‍ തിരിച്ചെത്തുന്ന ഒരു മുഴുനീളന്‍ കോമഡി ചിത്രമായിരിക്കുമോ ജാനകി ജാനേ.. ?

A

അങ്ങനെയല്ല, നാട്ടിന്‍പുറത്ത് നടക്കുന്ന ചില തമാശകളാണ് സിനിമയില്‍. അല്ലാതെ കോമഡിക്ക് വേണ്ടിയിട്ട് എന്നപോലെ ഒരു പാര്‍ട്ട് പോലും ഈ സിനിമയില്‍ ഇല്ല. സാധാരണ കുടുംബങ്ങളില്‍ നടക്കുന്ന ചെറിയ ചെറിയ തമാശകളില്ലേ, പൊട്ടിച്ചിരികളല്ലാതെയുള്ള നുറുങ്ങ് താമശകള്‍, കൗണ്ടറുകള്‍ അവയെല്ലാമാണ് ജാനകി ജാനേയിലുള്ളത്. ഒരു വീട്ടിനുള്ളില്‍ ഒരു ദിവസം ഒന്നോ രണ്ടോ തമാശകള്‍ നടക്കുമല്ലോ അങ്ങനെ പോകുന്ന തമാശ സിനിമയാണ് ജാനകി ജാനേ. ചിരിക്കാത്ത ദിവസങ്ങള്‍ നമ്മുടെയൊക്കെ ലൈഫില്‍ വളരെക്കുറവായിരിക്കുമല്ലോ? ചിരിക്കുന്നതിന് ഭയങ്കര കോമഡി കേള്‍ക്കേണ്ട ഒരാവശ്യമില്ല. അപ്പോഴത്തെ സിറ്റുവേഷനിലുള്ള കോമഡികള്‍ക്കായരിക്കുമല്ലോ നമ്മള്‍ ചിരിക്കുക. അങ്ങനെയുള്ള തമാശ നിറഞ്ഞ ചിത്രമാണ് ഇത്. ഷറഫുദ്ദീന്‍ ഒക്കെ നല്ല രീതിയില്‍ ഫണ്‍ ഹാന്‍ഡില്‍ ചെയ്തിട്ടുണ്ട്. ഒരിക്കലും മുഴച്ചു നില്‍ക്കുന്ന തരത്തിലുള്ള കോമഡികള്‍ ഇതിനകത്തില്ല.

Q

ലൊക്കേഷന്‍ ഹണ്ടിങ്ങ് പോസ്റ്ററുകള്‍ ഒക്കെ വന്‍ കോമഡിയായാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് നടന്ന കാര്യങ്ങളാണോ അതെല്ലാം?

A

പലതും നമ്മള്‍ അഭിമുഖികരിക്കുന്ന കാര്യങ്ങളാണ്. അതെല്ലാം തന്നെ ഞാന്‍ ക്രിയേറ്റ് ചെയ്തതാണ്. നമ്മള്‍ ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ കേള്‍ക്കുന്ന, അല്ലെങ്കില്‍ പറയുന്ന കാര്യങ്ങളാണ് അത്. ഉദാഹരണത്തിന് ഒരു വീട് കിട്ടാന്‍ വേണ്ടി അല്ലെങ്കില്‍ സ്ഥലം കിട്ടാന്‍ വേണ്ടി നമ്മള്‍ പറയുന്നതാണ് ജോണി ആന്റണി വരും ഇവിടെ ഇരിക്കും നിങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും എന്നൊക്കെ. അതൊക്കെ ഞങ്ങള്‍ ചെയ്യിക്കുകയും ചെയ്യും. നമ്മള്‍ ഒരു വീട് കണ്ടെത്തി ഇഷ്ടപ്പെട്ടാല്‍ ആ വീട് എങ്ങനെയെങ്കിലും കിട്ടണമല്ലോ. അതിന് വേണ്ടി എന്ത് കോംപ്രമെസിനും തയ്യാറാണ്. ആ വീട്ടിലെ ഒരാളെപ്പിടിച്ച് അഭിനയിപ്പിക്കാന്‍ വരെ നമ്മള്‍ തയ്യാറാകും.

Q

ജോമോളുടെ ഒരു പുതിയ കാല്‍ വയ്പ്പുകൂടി ചിത്രത്തിലുണ്ട്, സബ്ടൈറ്റിലിങ്ങ്

A

ജോമോളുടെ വരവ് ഞങ്ങളെ വളരെ എക്‌സൈറ്റ് ചെയ്യിപ്പിച്ച ഒരു കാര്യമാണ്. ജോമോള്‍ എനിക്ക് വളരെ പരിചയമുള്ള ഒരാളല്ല. പ്രൊഡക്ഷന്‍ കമ്പിനിയില്‍ ഷെര്‍ഗ വഴിയുള്ള അടുപ്പമാണ് ജോമോളുമായി. ഗൃഹലക്ഷ്മിയുടെ സിനിമയിലൂടെയാണ് ജോമോള്‍ ആദ്യമായി സിനിമയിലേക്ക് വരുന്നത.് ഇപ്പോള്‍ അതുപോലെ തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം ജാനകി എന്ന ടൈറ്റിലുള്ള പേരില്‍ തന്നെ വീണ്ടും ജോമോള്‍ എത്തുന്നു എന്നത് സന്തോഷമാണ്. വളരെ രസമായിട്ടാണ് അവര്‍ സബ്‌ടൈറ്റിലിങ്ങ് ചെയ്തിരിക്കുന്നത്. ഒരുപാട് പഠിച്ചിട്ടാണ് അതിലേക്ക് ഇറങ്ങിയത്. അല്ലാതെ വെറുതെ ഭാഷ അറിയാം എന്നതു കൊണ്ട് മാത്രം സിനിമയ്ക്ക് സബ്‌ടൈറ്റില്‍ ചെയ്യാന്‍ കഴിയില്ല. അതിന് ഒരു എഴുത്തുകാരനെടുക്കുന്ന പോലെയുള്ള അതേ ഉത്തരവാദിത്തം അവര്‍ക്ക് ഉണ്ടാവണം. ജോമോളത് നന്നായി ചെയ്തിട്ടുണ്ട്.

Q

ആദ്യ സിനിമയായ മാറ്റിനി ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ആദ്യ സംവിധാന ചിത്രം തന്നെ വിവാദങ്ങളില്‍ ഉള്‍പ്പെട്ടത് ഏങ്ങനെയാണ് ഡീല്‍ ചെയ്തത്?

A

ഞാന്‍ പറയാന്‍ ഉദ്ദേശിച്ച സിനിമ അന്ന് പറഞ്ഞു. അത് വിവാദമായി. പക്ഷേ അത് എന്നെ ബാധിക്കുന്ന ഒരു പ്രശ്‌നമായിരുന്നില്ല. എനിക്ക് അങ്ങനെയാണ് ആ കോണ്‍ടെന്റ് പറയേണ്ടത് അതുകൊണ്ട് ഞാന്‍ അങ്ങനെ പറഞ്ഞു എന്ന് മാത്രം. വിവാദം ഉണ്ടാക്കാനായി ഒരു കോണ്‍ടെന്റും ഞാന്‍ ക്രിയേറ്റ് ചെയ്തിട്ടില്ല. സിനിമകള്‍ ഇറങ്ങുമ്പോള്‍ ചില കോണ്‍ടെന്റുകള്‍ വിവാദമായി പോകുന്നു എന്നതാണ്. അല്ലാതെയാരും വിവാദമാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്യാറില്ല. സംവിധായകന്‍ എന്ന നിലയില്‍ മാത്രമാണ് ഞാന്‍ പുതുമുഖം അല്ലാതെ പത്തിരുപത്തിരണ്ട് വര്‍ഷമായി സിനിമയില്‍ തന്നെ ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ അത്തരം വിവാദങ്ങള്‍ എന്നെ ബാധിച്ചിരുന്നില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന സിനിമ ഞാന്‍ പറഞ്ഞു എന്ന് മാത്രമേയുള്ളൂ.

Q

സൈജു കുറുപ്പിനെക്കുറിച്ച്

A

ഉണ്ണി മുകുന്ദന്‍ എന്നാണ് സൈജു ചേട്ടന്റെ ക്യാരക്ടറിന്റെ പേര്. ആളൊരു സബ് കോണ്‍ട്രാക്ടറാണ്. ഒരു സാധാരണക്കാരനാണ്. പക്ഷേ അയാളുടെ ചിന്തകളൊക്കെ താനൊരു മെട്രോ ശ്രീധരനാണെന്നുള്ള രീതിയിലാണ്. സൈജു ചേട്ടനാണ് ഈ സിനിമ ആദ്യം കമ്മിറ്റ് ചെയ്യുന്നത്. രണ്ട് വര്‍ഷമായി ഇത് കമ്മിറ്റ് ചെയ്തിട്ട്. ബാക്കിയെല്ലാവരും അവസാനം വന്നു ചേര്‍ന്നതാണ്. സൈജു ചേട്ടന്‍ ശരിക്കും ഒരു പക്കാ ഹീറോ മെറ്റീരിയലാണ.് സൈജു കുറുപ്പെന്ന നടനെ കൃത്യമായി ഉപയോഗിച്ച ഒരു സിനിമയായിരിക്കും ഇതെന്ന് എനിക്ക് ധൈര്യപൂര്‍വ്വം പറയാന്‍ സാധിക്കും. സൈജു ചേട്ടന്റെ മാക്‌സിമം ഞാന്‍ ഈ സിനിമയില്‍ എടുത്തിട്ടുണ്ട്.

Q

നന്ദനം റെഫറന്‍സുകള്‍ വരുന്നുണ്ടല്ലോ നവ്യയുടെ കഥാപാത്രത്തിന്.

A

ആള്‍ക്കാര്‍ക്ക്് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥയാണ് നമ്മള്‍ പറയുന്നത് അതുകൊണ്ട് തന്നെ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ നമുക്ക് ഉപയോഗിക്കാമല്ലോ? നവ്യയുടെ ഇന്‍ട്രോ സീനില്‍ നന്ദനത്തിലെ പാട്ട് ഉപയോഗിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്ക് അത് ഇഷ്ടമാകും എന്നതിനാല്‍ മനപൂര്‍വ്വം ഉപയോഗിച്ചതാണ് അത്. കൃഷ്ണാ എന്ന വിളി ഏറ്റവും കൂടുതല്‍ യോജിക്കുന്നതും ആള്‍ക്കാരിലേക്ക് കണക്ട് ചെയ്യാന്‍ കഴിയുന്നതും നവ്യ നായര്‍ക്കാണ് അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

Q

കാവ്യ മാധവനോടൊപ്പം ചേര്‍ന്ന് ചെയ്ത് ആല്‍ബം വലിയ ഹിറ്റായിരുന്നു. ഭാമ ആലപിച്ച ഗാനത്തിലെ സംവിധാനത്തിനാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് കിട്ടിയത.് ക്യാമറയോടുള്ള താല്‍പര്യം ഇതിനെയെല്ലാം സ്വാധീനിച്ചിരുന്നു എന്ന് തന്നെ കണക്കാക്കാമോ?

A

സിനിമയേക്കാള്‍ കൂടുതല്‍ എഴുത്തിലാണ് എന്നെ അത് സഹായിച്ചിട്ടുള്ളത്. ഞാന്‍ ആദ്യമായിട്ട് എഴുതുന്ന കഥയും തിരക്കഥയുമാണ് ജാനകി ജാനേയുടേത്. കഥ എഴുതുമ്പോള്‍ ഒരു ഫോട്ടോഗ്രാഫറുടെ സെന്‍സ് എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്ക് എഴുതുമ്പോള്‍ ഷോട്ടുകള്‍ കാണാന്‍ കഴിയാറുണ്ട്. ലൈറ്റിങ്ങ് ഉള്‍പ്പടെ എനിക്ക് കാണാന്‍ സാധിക്കും. അതെന്റെ കഥ എഴുത്തിന് ഭയങ്കരമായിട്ട് ഗുണം ചെയ്തിട്ടുണ്ട്. അതൊരു ഫോട്ടോഗ്രാഫറായതുകൊണ്ടു മാത്രം ഉണ്ടായിട്ടുള്ള കാര്യമാണ്. ഈ സിനിമയില്‍പ്പോലും ഞാന്‍ മനസ്സില്‍ കണ്ട ഒരു ഫ്രെയിം എന്റെ ക്യാമറമാന്‍ ശ്യാംമിന് എന്റെ ഇഷ്ടത്തിന് വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു കണ്‍ഫ്യൂഷന്റെ ആവശ്യം അവിടെ വരുന്നില്ല. അതൊക്കെ എന്റെ ഫോട്ടോഗ്രഫി ബാക്ഗ്രൗണ്ടിന്റെ ഗുണമാണ്.

Q

ഫോട്ടോഗ്രാഫി കരിയറും, സിനിമ പാഷനും ആണെന്ന് പറഞ്ഞിട്ടുണ്ട് മോഹന്‍ലാലിനോടൊപ്പമുള്ള സൗഹൃദം എങ്ങനെയാണ് സിനിമ എന്ന ആഗ്രഹത്തെ സ്വാധീനിച്ചിട്ടുള്ളത്?

A

ഞാന്‍ മോഹന്‍ലാല്‍ എന്ന നടനോടുള്ള ഇഷ്ടം കാരണം സിനിമയില്‍ വന്നയാളാണ്. മോഹന്‍ലാല്‍ എന്ന നടന്റെ കൂടെ എന്തെങ്കിലുമായിട്ട് നില്‍ക്കണം അതിന് വേണ്ടി ഫോട്ടോഗ്രാഫി പോലും പഠിക്കാതെ ക്യാമറയുമായി വന്ന ഒരു മനുഷ്യനാണ് ഞാന്‍. അത്രയും എനിക്ക് ഇഷ്ടമുള്ള നടനാണ് അദ്ദേഹം. സ്വന്തമായിട്ടാണ് ഞാന്‍ ഫോട്ടോഗ്രാഫി പഠിക്കുന്നത്. 2011 ലാണ് എനിക്ക് ഫോട്ടോഗ്രാഫിയില്‍ നാഷ്ണല്‍ റെക്കോര്‍ഡ് കിട്ടിയത്. അതിന് ശേഷം എന്റെ ഫോട്ടോഗ്രാഫി കണ്ടിട്ടാണ് ലാല്‍സാര്‍ എന്നെ സാറിന്റെ ഫോട്ടോഗ്രാഫ്‌സ് എടുക്കാനായി വിളിക്കുന്നത്. ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളമാകുന്നു ഞാന്‍ സാറിന് വേണ്ടി ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിട്ട്. ആരുടെയും റെക്കമന്റെഷനില്‍ സാറിനടുത്തേക്ക് എത്തിയതല്ല. എന്റെ ഇഷ്ടം സാറിലേക്ക് എന്നെ എത്തിച്ചതാണ്. ഇന്നലെവരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എല്ലാ സിനിമകള്‍ തുടങ്ങുമ്പോഴും സാറിന്റെ അനുഗ്രഹം വാങ്ങിയാണ് തുടങ്ങാറുള്ളത്. അത് ഞാന്‍ കൃത്യമായി ഇതുവരെ പാലിച്ചിട്ടുമുണ്ട്. പത്ത് പന്ത്രണ്ട് വര്‍ഷമായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു കാര്യമായാണ് കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in