ആ ഷോട്ടുകളില്‍ അവിശ്വസനീയമായ സത്യമുണ്ട്, കെട്ടുകഥകള്‍ക്കപ്പുറമുള്ള സത്യം; ഗൊദാര്‍ദിന്റെ ഛായാഗ്രാഹകന്‍ ഫാബ്രിസ് അരാഗ്നോ അഭിമുഖം

ആ ഷോട്ടുകളില്‍ അവിശ്വസനീയമായ സത്യമുണ്ട്, കെട്ടുകഥകള്‍ക്കപ്പുറമുള്ള സത്യം; ഗൊദാര്‍ദിന്റെ ഛായാഗ്രാഹകന്‍ ഫാബ്രിസ് അരാഗ്നോ  അഭിമുഖം

ഴാന്‍-ലുക് ഗൊദാർദിന്റെ ഫിലിം സോഷ്യലിസത്തിന്റെയും (film Socialism) അതുപോലെ അദ്ദേഹത്തിന്റെ 3D സിനിമയായ ഗുഡ്ബൈ ലാംഗ്വേജിന്റെയും (Goodbye Language) ഇമേജ് ബുക്കിന്റെയും (The Image Book) ഛായാഗ്രാഹകനാണ് ഫാബ്രിസ് അരാഗ്നോ (Fabrice Aragno). കൂടാതെ, ഗുഡ്ബൈ ലാംഗ്വേജ്, ഇമേജ് ബുക്ക്‌ എന്നീ സിനിമകളുടെ എഡിറ്റിംഗില്‍ ഗൊദാർദിനൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അദ്ദേഹം ഒരു സംവിധായകനും, നിര്‍മ്മാതാവും കൂടിയാണ്. ടെലിവിഷൻ കമ്മീഷൻ ചെയ്ത ഗൊദാർദിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പൂർത്തിയാക്കി. സമീപവർഷങ്ങളിലെ ഏറ്റവും ആവേശകരമായ സിനിമകളിലൊന്നായ, ഡിജിറ്റൽ രൂപത്തിന്റെ /രൂപങ്ങളുടെ സാധ്യതകളെ മുന്നോട്ടു കൊണ്ടുപോവുന്ന ഒരു മികച്ച സൃഷ്ടിയുടെ നിർമ്മാണത്തിൽ നടന്ന ചില കാര്യങ്ങളെ മനസ്സിലാക്കാനുള്ള ഒരവസമാണ് ഈ സംഭാഷണം. ഗൊദാർദിന്റെ കോഡുചെയ്ത വാക്കുകളില്‍ നിന്ന് മാറി, അദ്ദേഹത്തെ കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് സ്വരൂപിക്കാനുള്ള ഒരവസരം കൂടിയാണ് ഇത്.

പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും ഫിലിം ക്യുറേറ്ററുമായ ആദം കുക്ക് നടത്തിയ അഭിമുഖം അനുമതിയോടെ പരിഭാഷപ്പെടുത്തിയത്. /

2012 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച അഭിമുഖം

പരിഭാഷ: പി.കെ സുരേന്ദ്രന്‍

Q

ഴാന്‍-ലുക് ഗോദാര്‍ദിന്റെ കൂടെയുള്ള പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നമുക്ക്‌ തുടങ്ങാം.

A

ഴാന്‍-ലുക് എല്ലാ നിയമങ്ങളിൽ നിന്നും മുക്തനാണ്. ഇതാണ് ശരിയായ അഥവാ പ്രൊഫഷണൽ മാർഗം എന്ന് ആരെങ്കിലും പറഞ്ഞാൽ, അദ്ദേഹം ഇല്ല എന്ന് പറയില്ല. എന്നാൽ പ്രൊഫഷണൽ മാര്‍ഗം നമുക്ക് ആവശ്യമുള്ളത് വാഗ്ദാനം ചെയ്യുന്നില്ലെങ്കിൽ, അദ്ദേഹം അതിനെ വളരെ എളുപ്പത്തിൽ മറികടക്കും.

'ഫിലിം സോഷ്യലിസം’ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പോസ്റ്റ്-പ്രൊഡക്ഷനിൽ, ഏറ്റവും സങ്കീർണ്ണമായ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടും ഏറ്റവും നല്ല ദൃശ്യങ്ങൾ കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ പഴയൊരു യന്ത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾ മനസ്സിലാക്കി. ധാരാളം യുവാക്കളും വളരെ പ്രൊഫഷണൽ ടെക്നീഷ്യൻമാരുമുള്ള ഒരു വലിയ ബ്രോഡ്കാസ്റ്റ് പോസ്റ്റ്-പ്രൊഡക്ഷൻ കളർ കറക്റ്റർ കമ്പ്യൂട്ടർ മെഷീനിൽ ധാരാളം സമയവും പണവും ചെലവഴിച്ചിട്ടും ഞങ്ങൾക്ക് ആവശ്യമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. അതിനാൽ എല്ലാ പ്രൊഫഷണൽ രീതികളും മറികടന്ന് എന്റെ ചെറിയ പഴയ കമ്പ്യൂട്ടറിൽ നിന്നുള്ള എല്ലാ ചിത്രങ്ങളും 35 എം.എം-ല്‍ ഇടാൻ ഞങ്ങൾ തീരുമാനിച്ചു. 1980-കൾ മുതൽ നിരവധി സ്വിസ് ഫിലിമുകളുടെ കെമിക്കൽ കളർ കറക്ഷന്‍ നടത്തിയിട്ടുള്ള ലബോറട്ടറി 35 എം.എം. കളറിസ്റ്റ് ചാർലി ഹ്യൂസർ കമ്പ്യൂട്ടറുകളൊന്നും ഉപയോഗിച്ചിരുന്നില്ല. നല്ല ധാരണയുള്ള വ്യക്തിയാണയാൾ. വിതരണ കമ്പനികൾ രണ്ടാമത്തെ നെഗറ്റീവ് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാൻ ആദ്യ നെഗറ്റീവിൽ പ്രവർത്തിച്ചു. അത് നല്ല അനുഭവമായിരുന്നു.

Q

നിങ്ങളുടെ പ്രൊഫഷണൽ ബന്ധം എങ്ങനെയാണ് ആരംഭിച്ചത്? ഒരു സിനിമക്കാരൻ എന്ന നിലയിൽ താങ്കളുടെ സിനിമകള്‍ അദ്ദേഹം കണ്ടോ?

A

ഇല്ല. ഞാൻ ഒരു മാര്‍ഗ്ഗദര്‍ശിയെ അന്വേഷിക്കുകയാണെന്ന് അദ്ദേഹം കരുതരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരുമിച്ച് ചെയ്യുന്ന ജോലിയെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്.

ഞാൻ സിനിമയിൽ പ്രവർത്തിക്കാൻ കാരണം അന്റോണിയോണിയുടെ ദി എക്ലിപ്സ് എന്ന സിനിമയുടെ ഓപ്പണിംഗ് സീക്വൻസാണ്. ഈ സീക്വന്‍സ് ആദ്യമായി കണ്ടപ്പോൾ, സിനിമയ്ക്ക് ഇതൊക്കെ പ്രകടിപ്പിക്കാൻ കഴിയുമെങ്കിൽ സിനിമയിൽ എനിക്കും സ്ഥാനമുണ്ട് എന്നു തോന്നി. നിശബ്ദതകൾക്കുള്ള ഇടം, സംഗീതത്തിലോ ചിത്രകലയിലോ പോലെ വാക്കുകളിൽ പറയാൻ കഴിയാത്ത കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടം.

ഞാൻ ഒരു ചലച്ചിത്ര നിർമ്മാതാവാണ്, സംവിധായകനാണ്. പക്ഷേ എല്ലാം ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഒരു പ്രൊഡക്ഷൻ മാനേജരെന്ന നിലയിൽ ഞാൻ ഒരു സിനിമയിൽ ഏർപ്പെട്ടിരുന്നു. ഷൂട്ട് കഴിഞ്ഞതിന് ശേഷം നിർമ്മാതാക്കൾ എന്നോട് ഗൊദാർദിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. തുടര്‍ന്ന് ഗൊദാർദിൽ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നതായിരുന്നു സന്ദേശം. À bout de souffle, Le mepris പോലെയുള്ള അദ്ദേഹത്തിന്റെ ആദ്യ കാല കൃതികൾ ഞാൻ കണ്ടിരുന്നു, എന്നാൽ എല്ലാം കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമകളും. ഞങ്ങള്‍ കണ്ടുമുട്ടുന്നതിന് മുമ്പ്‌ അദ്ദേഹത്തിന്റെ അടുത്തിടെയുള്ള രണ്ടോ മൂന്നോ സിനിമകൾ കാണേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതി. പിരിമുറുക്കത്തോടെ ഞാൻ ആ ജോലിയിലേക്ക് പോയി. അവിടെ കനത്ത ശബ്ദമുള്ള ഒരാള്‍ എന്നെ നിരീക്ഷിക്കുന്നത് ഞാന്‍ കണ്ടു. Notre musique എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. 2002-ലായിരുന്നു ഇത്. സിനിമയുടെ അവസാന മൂന്നിലൊന്ന് പാരഡൈസ് സെഗ്‌മെന്റിനുള്ള അഭിനേതാക്കളെ അന്വേഷിക്കാൻ അദ്ദേഹം എന്നെ നിയോഗിച്ചു. ആ സീക്വൻസിന്റെ ലൊക്കേഷൻ മാനേജരും ഞാനായിരുന്നു. എക്‌സ്‌ട്രാകളോടൊപ്പം ജോലി ചെയ്തു. ഒരു യുഎസ് സൈനികനായി ഞാൻ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. മറ്റൊരു സൈനികൻ ലൈറ്റർ ആവശ്യപ്പെടുമ്പോൾ ഞാൻ അവനോട് ഇല്ല എന്ന് പറയും, അത്രമാത്രം.

Q

അവിടെ നിന്നാണോ ബന്ധം വളർന്നത്?

A

അതെ. എനിക്ക് അവിശ്വസനീയമായി തോന്നിയത്, കാര്യങ്ങളുടെ സത്ത കാണാനും അനുഭവിക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു വൃക്ഷം ഒരു വൃക്ഷമായും ഒരു നടി ഒരു സ്ത്രീയായും ഒരു നായ ഒരു നായയായും ചിത്രീകരിച്ചത് കാര്യങ്ങളുടെ സത്യമാണ്. ഉദാഹരണത്തിന്, Goodbye Language എന്ന സിനിമയിലെ പാരഡൈസ് സീക്വൻസ് ചിത്രീകരിക്കുന്ന സമയത്ത് ഞങ്ങൾ ചിത്രീകരണത്തിനായി സൂര്യനെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ആ നേരത്ത് ഒരു ചാറ്റൽമഴ വന്നു. ‘എന്തുകൊണ്ട് പറുദീസയില്‍ മഴ പെയ്തുകൂടാ’ എന്നു പറഞ്ഞുകൊണ്ട് ചാറ്റല്‍ മഴ ചിത്രീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ഷോട്ടുകളിൽ അവിശ്വസനീയമായ ഒരു സത്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. കെട്ടുകഥകൾക്കപ്പുറമുള്ള ഒരു സത്യം.

2007-ലും 2008-ലും ഴാൻ-ലുക് ചെറിയ HD ക്യാമറകൾ വാങ്ങുമായിരുന്നു. ഉദാഹരണത്തിന്, JVC Everio. എനിക്ക് ഇത് ഉപയോഗിക്കാൻ അറിയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ അത് പഠിക്കാൻ തുടങ്ങി. കാര്യങ്ങൾ പഠിച്ചെടുക്കാൻ കുറെ സമയമെടുത്തു. ക്യാമറയുടെ ഗുണനിലവാരം ഞങ്ങളെ ആകർഷിച്ചില്ല, പക്ഷേ അതിന്റെ പോരായ്മകളിൽ രസകരമായ ചിലത് ഞങ്ങൾ കണ്ടെത്തി. ഇത് പ്രകാശം ശരിയായി പിടിച്ചെടുക്കുന്നില്ല, അതിനാൽ ഞാൻ ഫ്രെയിം റേറ്റ് മന്ദഗതിയിലാക്കി പല രസകരമായ കാര്യങ്ങൾ പരീക്ഷിക്കുകയും ചെയ്തു. ഞാൻ ഇത് ഴാൻ-ലുക്കിനെ കാണിച്ചപ്പോൾ ഗുണനിലവാരത്തേക്കാൾ വൈകല്യത്തെക്കുറിച്ചുള്ള ഈ ആശയം അദ്ദേഹത്തിന് ശരിക്കും ഇഷ്ടപ്പെട്ടുവെന്ന് തോന്നി. ഞങ്ങൾ ഒരു Sony EX-1 വാങ്ങി, അതും പരീക്ഷിച്ചു. അതിന്റെ വൈകല്യങ്ങൾ, അതിന്റെ ഗുണങ്ങൾ എല്ലാം മനസ്സിലാക്കി. എച്ച്‌.ഡി.യിലാണോ 35 മില്ലീമീറ്ററിലാണോ സിനിമ ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടിലും ഞാൻ ടെസ്റ്റുകൾ നടത്തി. അവ കണ്ടപ്പോൾ അദ്ദേഹം വളരെ ആശ്വസിച്ചു. തുടര്‍ന്ന് സിനിമ ഷൂട്ട് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. എച്ച്.ഡി. വാഗ്ദാനം ചെയ്യുന്ന ചെറിയ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാനുള്ള എളുപ്പവുമായിരിക്കാം കാരണം.

ആ ഷോട്ടുകളില്‍ അവിശ്വസനീയമായ സത്യമുണ്ട്, കെട്ടുകഥകള്‍ക്കപ്പുറമുള്ള സത്യം; ഗൊദാര്‍ദിന്റെ ഛായാഗ്രാഹകന്‍ ഫാബ്രിസ് അരാഗ്നോ  അഭിമുഖം
റിയലിസം ഒരു ശൈലി മാത്രമാണ്, റിയലിസം നിങ്ങള്‍ക്ക് ഭാവനയുടെ ഒരേയൊരു വാതില്‍ മാത്രമാണ് തുറന്നു തരുന്നത്: പി.കെ സുരേന്ദ്രൻ അഭിമുഖം
ആ ഷോട്ടുകളില്‍ അവിശ്വസനീയമായ സത്യമുണ്ട്, കെട്ടുകഥകള്‍ക്കപ്പുറമുള്ള സത്യം; ഗൊദാര്‍ദിന്റെ ഛായാഗ്രാഹകന്‍ ഫാബ്രിസ് അരാഗ്നോ  അഭിമുഖം
സിനിമ: കൈകൾ കൊണ്ടുള്ള ചിന്ത
Q

അപ്പോൾ താങ്കള്‍ക്ക് ഫിലിം സോഷ്യലിസത്തിൽ കലാപരമായ ധാരാളം ഇൻപുട്ട് ഉണ്ടായിരുന്നോ?

A

സിനിമയുടെ രണ്ടാം ഭാഗം ഗാരേജിലാണ് ഞങ്ങൾ ചിത്രീകരിച്ചത്. എനിക്ക് ധാരാളം സമയവും സ്വാതന്ത്ര്യവും തന്നു. ധാരാളം ജോലികൾ ചെയ്യാൻ കഴിഞ്ഞു. വെളിച്ചം വളരെ രസകരമായതിനാൽ ഗാരേജ് ലൊക്കേഷനിൽ Ex-1 പരീക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ലൊക്കേഷനിൽ വച്ച് കറുത്ത നിറത്തിലും ഇളം കറുപ്പ് നിറത്തിലുമുള്ള നടികൾക്കൊപ്പം ഈ ടെസ്റ്റുകൾ ചെയ്യുന്നത് നന്നായിരിക്കുമെന്ന് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം സമ്മതിച്ചപ്പോള്‍ ഞാന്‍ എന്റെ പരീക്ഷണവുമായി മുന്നോട്ടു പോയി. ഒടുവിൽ ഈ ടെസ്റ്റുകളിലൊന്ന് സിനിമയിൽ ചേര്‍ത്തു. നീലയും വെള്ള ഷർട്ടും ധരിച്ച പെൺകുട്ടിയും ക്യാമറയേന്തിയ കറുത്ത പെൺകുട്ടിയും ഉള്ള ഈ സന്ദര്‍ഭം നിഴലുകളുടെയും നിറങ്ങളുടെയും വെളുത്ത വെളിച്ചത്തിന്റെയും ഒരു കോൺട്രാസ്റ്റ് ടെസ്റ്റായിരുന്നു.

2009-ൽ, ഒരു സ്റ്റിൽ-ഫോട്ടോ ക്യാമറയെക്കുറിച്ച് ഞാൻ കേട്ടു. എനിക്ക് ഫോട്ടോഗ്രാഫി ഇഷ്ടമാണ്, യഥാർത്ഥത്തിൽ അങ്ങനെയാണ് ഞാൻ ആരംഭിച്ചത്. അധികം താമസിയാതെ ഇതിന് നല്ല പ്രചാരം ലഭിച്ചു. ഇത് Canon 5D mk2 ആയിരുന്നു. സ്വയം മനസ്സിലാക്കാനാണ് ഞാന്‍ ഈ ക്യാമറ വാങ്ങിയത്. മറ്റ് ഡിജിറ്റൽ ക്യാമറകളേക്കാൾ കൂടുതൽ കസ്റ്റമൈസേഷൻ ഇത് വാഗ്ദാനം ചെയ്തു. ഇത് ചിത്രീകരണത്തിന് അനുയോജ്യമാണെന്ന് ഞാൻ കരുതി. Leica ക്യാമറകളുടെ രൂപം എനിക്കിഷ്ടമാണ്. ഒരു Leica M6 ഉപയോഗിക്കുന്നത് ഞാൻ എപ്പോഴും സ്വപ്നം കണ്ടു, അതിനാൽ ഞാൻ ചില Leica-R ലെൻസുകൾ ഉപയോഗിച്ചു, അവ 5D-യിൽ സ്ഥാപിക്കുന്നത് എളുപ്പമായിരുന്നു. അതിനാൽ, ഒരു Summicron 35mm, ഒരു Summilux 50, ഒരു 80 എന്നിവ വാങ്ങിയതിൽ ഞാൻ ശരിക്കും സന്തോഷിച്ചു. ഞാൻ ചെറിയ ടെസ്റ്റുകള്‍ നടത്തി. ബോട്ടിൽ ഏതു ക്യാമറ എടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഴാന്‍-ലുക് എന്നോട് ചോദിച്ചു. സോണി ക്യാമറ ഉപയോഗിക്കുന്നത് അക്വാറലിനൊപ്പം (the technique of painting with thin, transparent watercolours) പ്രവർത്തിക്കുന്നത് പോലെയാണ്. വളരെ മിനുസമാർന്നതാണ്. അതേസമയം 5D കരി പോലെയാണ്. അത് ഞാനും ഗൊദാര്‍ദും ഇഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങൾ 5D-യുമായി ബോട്ടിൽ പോയി. ഞങ്ങള്‍ എപ്പോഴും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഴാന്‍-ലുക് എപ്പോഴും പുതിയ കാര്യങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള പുതിയ വഴികളെക്കുറിച്ചും വായിക്കുന്നു. ഞങ്ങൾ ഒരു Samsung Nv24HD-യും ഒരു പാനസോണിക് സ്‌നാപ്പ് ഷോട്ടും ഉപയോഗിച്ചു. വെള്ളത്തിനടിയിൽ ചിത്രീകരണത്തിനായി ഒരു സബ് അക്വാട്ടിക് ബോക്സും വാങ്ങി.

ഞങ്ങൾ ഒരു ക്രൂയിസ് തിരഞ്ഞെടുത്തു. രണ്ടു സംഘമായി ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഒരു സംഘത്തില്‍ ഞങ്ങള്‍ മൂന്നുപേര്‍, മറ്റൊരു സംഘത്തില്‍ നാല് പേർ. ഞങ്ങള്‍ വെവ്വേറെ കാര്യങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. ആദ്യ യാത്രയിൽ ഞങ്ങൾ യഥാർത്ഥ യാത്രക്കാരുമായുള്ള കപ്പലിലെ എല്ലാ രംഗങ്ങളും ചിത്രീകരിച്ചു, രണ്ടാമത്തെ യാത്രയിൽ ഞങ്ങൾ അഭിനേതാക്കളെ ചിത്രീകരിച്ചു. ജനുവരി മാസത്തിലാണ് ഞങ്ങളുടെ ആദ്യയാത്ര പുറപ്പെട്ടത്. ഞങ്ങള്‍ ധാരാളം ഫൂട്ടേജുമായി തിരിച്ചു വന്നു. പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഴാന്‍-ലുക് മനസ്സ് മാറ്റി. അദ്ദേഹത്തെ കൂടാതെ പോകണമെന്ന് ഞങ്ങളോട് പറഞ്ഞു. അദ്ദേഹം ഉണ്ടെങ്കിൽ ഞങ്ങൾ നന്നായി ചിത്രീകരണം നടത്തില്ലെന്ന് പറഞ്ഞു. 'നിങ്ങൾ ഇന്ന രീതിയിൽ ചിത്രീകരിക്കണം എന്ന് പറഞ്ഞാൽ നിങ്ങൾ അത് ചെയ്യാൻ ശ്രമിക്കും. അതുകൊണ്ട് നിങ്ങൾക്ക് തോന്നുന്നത് പോലെ ചെയ്യുക'. അപ്പോള്‍ ധാരാളം സ്വാതന്ത്ര്യം ലഭിക്കും.

അദ്ദേഹം സ്വാതന്ത്ര്യം തന്നു എന്ന് പറയാന്‍ കഴിയില്ല. ഞങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നു എന്നും പറയാൻ പറ്റില്ല. അത് ഒരു മഹത്തായ അനുഭവമായിരുന്നു, ദൃശ്യങ്ങളും ശബ്ദങ്ങളും സൃഷ്ടിച്ചുകൊണ്ട് ഒരു ക്രൂയിസില്‍ 12 ദിവസങ്ങള്‍.

Q

നൃത്തം ചെയ്തു?

A

ഞാൻ നൃത്തം ചിത്രീകരിച്ചു. പക്ഷേ നൃത്തം ചെയ്തില്ല. രണ്ടാം യാത്ര വളരെ രസകരമായിരുന്നു. നമ്മൾ ജാഗ്രത പാലിക്കണമെന്നും അടുത്ത യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്നും പ്രൊഡക്ഷൻ ഡിസൈനർ ഴാന്‍ പോൾ പറഞ്ഞു. 35, 80 എന്നിവ ഉപയോഗിച്ച് ഞങ്ങൾ നിരവധി പരീക്ഷണങ്ങൾ നടത്തി. അഭിനേതാക്കളില്ലാത്ത ചില ഷോട്ടുകൾ സിനിമയിൽ സ്ഥാനം പിടിച്ചു. ഞാന്‍ ചിത്രീകരിച്ച വെള്ളത്തിന്റെയും സൂര്യന്റെയും മറ്റും ദൃശ്യങ്ങള്‍.

രണ്ടാമത്തെ ക്രൂയിസിൽ ഞങ്ങൾക്കൊപ്പം അമേരിക്കൻ ഗായികയായ പാറ്റി സ്മിത്ത് ഉണ്ടായിരുന്നു. ഞങ്ങള്‍ സിനിമ ചിത്രീകരിക്കുകയാണെന്ന് ബോട്ടിലുണ്ടായിരുന്ന ആർക്കും മനസ്സിലായില്ല. ബോട്ടിലുള്ള എല്ലാവരും ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ ആരും തിരിച്ചറിഞ്ഞില്ല.

Q

സിനിമയുടെ ശബ്ദത്തിലുള്ള പ്രവര്‍ത്തനം എങ്ങിനെയായിരുന്നു?

A

ഒരു ചെറിയ ക്രൂ ആയിരിക്കണമെന്ന് ഴാൻ ലുക് ആഗ്രഹിച്ചു, അതിനാൽ ഞങ്ങൾ സൗണ്ട് എഞ്ചിനീയർമാരില്ലാതെയാണ് പ്രവർത്തിച്ചത്. കാറ്റിന്റെ ശബ്ദങ്ങളിൽ ഞാൻ പരീക്ഷണം നടത്തി. മുകളില്‍ പരാമര്‍ശിച്ച വൈകല്യങ്ങളിലെ സൌന്ദര്യം ഓര്‍മ്മ വന്നു. ശബ്ദം വികലമായതിനാൽ അത് കാറ്റിന്റെ ശബ്ദമാണെന്ന് തോന്നിയില്ല. ഒച്ചയാണ്, അതേസമയം വളരെ രസകരവുമാണ്.

അതെ, ഞങ്ങൾ വ്യത്യസ്ത ശബ്ദങ്ങളും ഒച്ചകളും പരീക്ഷിച്ചു നോക്കി. കാറ്റിന്റെ വികലമായ ശബ്‌ദങ്ങളുടെ ഒരു കോമ്പോസിഷൻ ഉണ്ടാക്കി. അത് സിംഫണിക്കും വളരെ എക്സ്പ്രസ്സീവും സറൗണ്ടുമായിരുന്നു. പക്ഷേ ഞാനത് ഴാന്‍ ലുക്കിനു മുന്നില്‍ അവതരിപ്പിച്ചില്ല. അവസാനം നേരിട്ടുള്ള ശബ്ദം ഉപയോഗിക്കുകയായിരുന്നു. ഇവിടെയും അദ്ദേഹത്തിന്റെ സത്യം എന്ന ആശയമാണ് കാണാന്‍ കഴിയുക.

Q

താങ്കള്‍ ഗൊദാർദിനെ കുറിച്ച് ഒരു ഡോക്യുമെന്ററി ഉണ്ടാക്കിയിട്ടുണ്ടല്ലോ. അതിനെക്കുറിച്ച് പറയാമോ?

A

സ്വിസ് ടെലിവിഷൻ എന്നോട് ഗൊദാര്‍ദിനെക്കുറിച്ച് ഒരു സിനിമയുണ്ടാക്കാൻ ആവശ്യപ്പെട്ടു. പക്ഷേ എനിക്ക് വല്ലാത്ത സംഭ്രമമായിരുന്നു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന കാര്യം ശരിയാണ്. അതിനാൽ അദ്ദേഹത്തെ കുറിച്ച് വസ്തുനിഷ്ഠമായ ഒരു സിനിമ നിർമ്മിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞപ്പോൾ നമുക്ക് ഒരുമിച്ച് എന്തെങ്കിലും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

Q

അത് എങ്ങിനെയായിരുന്നു?

A

അദ്ദേഹത്തിന്റെ ആശയം ഒരു ഗണിതശാസ്ത്ര സമീപനമായിരുന്നു എന്ന് പറയാം. സ്വിസ് ടിവി 26 മിനിറ്റ് സമയമാണ് തന്നത്. ഴാന്‍ ലുക് പറഞ്ഞു: 'നമ്മള്‍ ഒരു മിനിട്ട് വീതമുള്ള 26 സീക്വൻസുകൾ ഉണ്ടാക്കണം. ഓരോ സീക്വൻസിലും 4 ഷോട്ടുകൾ ഉണ്ടായിരിക്കണം'. ഞങ്ങൾ പുതിയതായി ഒന്നും ചിത്രീകരിച്ചില്ല, അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഉപയോഗിച്ചത്. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണം എന്ന രീതിയില്‍ ചിന്തിച്ചു. അത് ഉല്ലാസനടത്തം പോലെ ആവുമെന്നതിനാല്‍ ഞങ്ങൾ ഈ ആശയം ഉപേക്ഷിച്ചു. അദ്ദേഹം തിരക്കഥ ഉണ്ടാക്കി. ബാക്കി ഞാന്‍ ചെയ്തു.

Q

Goodbye Language എന്ന സിനിമയില്‍ താങ്കള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ഈ സിനിമയെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

A

ഫിലിം സോഷ്യലിസത്തിന് ശേഷം 2010-ലാണ് ഞങ്ങൾ ഈ സിനിമ ആരംഭിക്കുന്നത്. 3D-യില്‍ ഗവേഷണം നടത്താനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഞങ്ങൾ ആഗ്രഹിച്ചു. മരം ഉപയോഗിച്ച് സ്വന്തം കൈകള്‍കൊണ്ട് സ്വന്തം ക്യാമറ നിർമ്മിച്ചു. 3D-യില്‍ എന്തെല്ലാം സാധ്യമാണോ അതൊക്കെയും 3D ഇല്ലാതെയും പറ്റുമെങ്കില്‍ പിന്നെ 3D എന്തിന്?

Q

ഗൊദാർദിന്റെ അവസാന സിനിമയാണിതെന്ന് പറയപ്പെടുന്നു. ഇത് സത്യമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

A

ഇല്ല. ഞാൻ അങ്ങനെ കരുതുന്നില്ല. ഇത് അവസാനസിനിമയല്ല. ഫിലിം സോഷ്യലിസത്തിന് ശേഷം അദ്ദേഹം വിട പറഞ്ഞ് ആൻ-മേരി മിഎവില്ലെയോടും (ഭാര്യ) അവരുടെ നായയ്‌ക്കുമൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിന് സിനിമകൾ ചെയ്യാതെ ജീവിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. സിനിമ കാരണമാണ് ഞങ്ങളുടെ ബന്ധം നിലനിൽക്കുന്നത്. സിനിമ കാരണം ഞങ്ങൾ ഇടപഴകുന്നു. ജീവിക്കാനും ആവിഷ്കരിക്കാനും ചിന്തിക്കാനും കാണാനും ഉള്ള മാർഗമാണത്. 3D-യുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇന്നത്തെ സമൂഹത്തെയും മനുഷ്യത്വത്തെയും കാണാനും ചിന്തിക്കാനുമുള്ള ഒരു മാർഗമാണത്. ഏതൊരു പെയിന്റിങ്ങിലും ഉള്ളത് പോലെ 3D-യിലും കുറച്ച് ആഴമുണ്ട്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ പരിപ്രേക്ഷ്യത്തിന്റെ വിപരീത മാർഗമാണ് 3D. ഒരുപക്ഷേ അത് ഇന്നത്തെ ലോകമായിരിക്കാം, പരിപ്രേക്ഷ്യമില്ലാതെ. 3D is a place we go through to see. Just like the cruise. You’re not on the cruise because of the cruise but because of what you see.

Q

താങ്കളുടെ 3D എഡിറ്റിംഗ് അനുഭവം പറയൂ.

A

ഫസ്റ്റ് കട്ടിന് ഞാൻ ഓരോ ഷോട്ടിന്റെയും യഥാർത്ഥ ഉറവിടത്തിൽ നിന്ന് ഇടത് വലത് ദൃശ്യങ്ങള്‍ മാനുവലായി സംയോജിപ്പിച്ചു. ഇതിന് കുറച്ച് സമയമെടുത്തു. പിന്നീട് ഞാൻ ഴാൻ ലുക്കിനെ മോണോസൗണ്ടും വളരെ കുറച്ച് കളർ കറക്ഷനും ചെയ്ത 3D-യുടെ റഫ്‌ കട്ട് കാണിച്ചു. അതിന്റെ അവസ്ഥ സങ്കടകരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'നാം തയ്യാറല്ലെങ്കിൽ കാനിൽ ഒരു 2D പതിപ്പ് കാണിക്കുകയും വെനീസിനായി ഒരു 3D പതിപ്പ് ഉണ്ടാക്കുകയും ചെയ്യാം'.

ഏത് ഉപയോഗിക്കണമെന്നു തീരുമാനിക്കാൻ പാരീസിൽ ഒരു വലിയ സ്ക്രീനിൽ ഒരു പ്രദര്‍ശനം നടത്തണമെന്ന് ഞാൻ നിർദ്ദേശിച്ചു. ഞാൻ സ്റ്റീരിയോ ശബ്ദമുള്ള ഒരു 3D പതിപ്പും HD-യിൽ ഒരു 2D പതിപ്പും ടൈം കോഡുള്ള ഴാൻ ലുക്കിന്റെ HDCAM റഫ് കട്ടും കരുതി. അദ്ദേഹത്തിന്റെ ടേപ്പ് എഡിറ്റ് അതിശയകരമായിരുന്നു. റഫ്‌ കട്ടിൽ ഉറച്ചുനില്‍ക്കണമെന്നായിരുന്നു എന്റെ അഭിപ്രായം. ഒരു സിനിമ റഫ്‌ കട്ടിൽ ഉള്ളതായാല്‍ പോലും അദ്ദേഹത്തിന് അതൊരു പ്രശ്നമല്ല. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പറഞ്ഞു: 'നമ്മള്‍ 3D കാണാനാണ് വന്നത്. അപ്പോള്‍ നമുക്ക്‌ അത് നോക്കാം'. പ്രദര്‍ശനം ആരംഭിച്ചു. അദ്ദേഹം ഒരിക്കലും നിര്‍ത്താൻ പറഞ്ഞില്ല. നമുക്ക് റഫ്‌ കട്ട് കാണിക്കണോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞതുപോലെ റഫ്‌ കട്ട് പ്രദര്‍ശിപ്പിച്ചു. ഏകദേശം 10 സെക്കൻഡിന് ശേഷം അദ്ദേഹം പ്രദര്‍ശനം നിര്‍ത്തിപ്പിച്ചു. എന്നിട്ട് പറഞ്ഞു: 'സിനിമ 3D-യില്‍ ആയിരിക്കും.' ഇത് മാർച്ച് പതിനെട്ടിനായിരുന്നു. (കാനിലെ പ്രദര്‍ശനത്തിന് രണ്ട് മാസം മുമ്പ്). ഇതിനുശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ഒരുമിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും ചേര്‍ത്തുള്ള ഫൈനല്‍ എഡിറ്റിംഗ് ചെയ്തു. ഞാൻ മൂന്ന് സിങ്ക്രനൈസ്ഡ്‌ കമ്പ്യൂട്ടർ (Synchronized computer) സജ്ജീകരിച്ചു. സറൗണ്ട് സൗണ്ട് മിക്‌സിനുള്ള പ്രോടൂളുകൾ (ProTools) കളർ കറക്ഷനും 3D മാനേജിംഗിനുമായി ഡാവിഞ്ചി റിസോൾവ് ഇവയെ പ്രോ ടൂൾസ് സൗണ്ട് മിക്‌സുമായി സമന്വയിപ്പിച്ചു. HD 3D-യിൽ ഒരേ സമയം ശബ്ദം മിക്സ് ചെയ്യലും കളര്‍ കറക്ഷനും എഡിറ്റും ചെയ്യുക എന്നതായിരുന്നു ആശയം.

ഫിലിം സോഷ്യലിസം പൂർത്തിയാക്കിയ ശേഷം ചില കാര്യങ്ങൾ 3D-യിൽ ചിത്രീകരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന് പറഞ്ഞില്ല. 2010-ൽ അവതാറിനു ശേഷം 3D-യിൽ നിർമ്മിച്ച വിലകൂടിയ പാനസോണിക് ക്യാമറയാണ് ആദ്യം പരീക്ഷിച്ചത്. ദൃശ്യങ്ങള്‍ വളരെ മോശമായിരുന്നു. പിന്നീട് ഫിലിം സോഷ്യലിസത്തില്‍ ഉപയോഗിച്ച Canon EOS 5D ക്യാമറകള്‍ ഞങ്ങള്‍ വാങ്ങി. ഞാൻ തടിയിൽ ഒരു റിഗ് നിർമ്മിക്കുകയും ധാരാളം ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. 3D കൂടുതൽ പരുക്കനും ആവിഷ്കരണസമര്‍ത്ഥവും ആയിരുന്നു. സാധാരണയായി 2-ക്യാമറ 3D-യിൽ ദിഗ്ഭ്രംശം (Parallax) കുറയ്ക്കുന്നതിന് ക്യാമറകൾ വളരെ അടുത്തായിരിക്കും. ഞാൻ നിർമ്മിച്ച റിഗ് ഉപയോഗിച്ച് രണ്ട് 5D ക്യാമറകളും ഏകദേശം അഞ്ച് സെന്റീമീറ്റർ അകലത്തിലായിരുന്നു. ഇതിലൂടെ വളരെ കഠിനമായ 3D ഇമേജ് നിര്‍മ്മിക്കപ്പെട്ടു.

ഈ റിഗ് ഉപയോഗിച്ച് ഞാൻ ആദ്യം രണ്ട് സുഹൃത്തുക്കളുമായി ഒരു ടെസ്റ്റ് നടത്തി. (3D ഫിലിമിൽ ചില ഇഫക്‌റ്റുകൾ സൃഷ്‌ടിക്കാൻ ഓരോ പ്രേക്ഷകന്റെയും കണ്ണിൽ 3D ഇമേജ് ഇരട്ട എക്‌സ്‌പോഷറായി ദൃശ്യമാകാൻ അനുവദിക്കുന്നതിനാണ് അദ്ദേഹം ഈ രീതിയിലൂടെ ശ്രമിച്ചത്. ഈ എഫക്റ്റ് സിനിമാറ്റിക് ടെക്നിക്കുകൾക്ക് നൂതനമായ കൂട്ടിച്ചേര്‍ക്കലാണ്). ഷോട്ടിൽ ഞാന്‍ അവരെ ഒരുമിച്ച് നിര്‍ത്തി. എന്നിട്ട് ആൺകുട്ടിയോട് എന്റെ വലതുവശത്തുള്ള അടുക്കളയിലേക്ക് പോകാൻ ആവശ്യപ്പെട്ടു, വലത് ക്യാമറയുമായി ഞാൻ അവനെ പിന്തുടർന്നു, ഇടത് ക്യാമറ പെൺകുട്ടിയിൽ തങ്ങി നിന്നു. അപ്പോള്‍ 3-D തകരുന്നു. നിങ്ങളുടെ മുന്നില്‍ രണ്ടു ദൃശ്യങ്ങള്‍ ഉണ്ട്. ഇടതുവശത്ത് പെൺകുട്ടിയും വലതുവശത്ത് ആൺകുട്ടിയും. നിങ്ങളുടെ മസ്തിഷ്കത്തിന് ഇതിനെ എങ്ങിനെ കാണണം എന്ന് അറിയില്ല. അപ്പോൾ ഞാൻ ആൺകുട്ടിയെ പെൺകുട്ടിയുടെ അടുത്തേക്ക് തിരിച്ചു കൊണ്ടുവന്നു. അപ്പോള്‍ രണ്ടു ക്യാമറകളും ക്ലാസ്സിക്‌ 3D–യിലായി.

സിനിമ 3D യുടെ സാധ്യതകൾ വികസിപ്പിക്കുന്നു. ഒരു ഇഫക്റ്റായി 3D ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നു. പുതിയ കാര്യങ്ങൾ പ്രകടിപ്പിക്കാൻ 3D ഉപയോഗിക്കുന്നതായിരുന്നു സിനിമ. രണ്ട് ദൃശ്യങ്ങളെ ഒരു ഡബിൾ എക്‌സ്‌പോഷർ പോലെ ലെയർ ചെയ്യുന്ന ഒരു 2D പതിപ്പ് ഞാൻ ചെയ്തു, കൂടാതെ 2D, 3D ഇമേജുകൾ ഓവർലാപ്പു ചെയ്യുന്നതും സംയോജിപ്പിക്കുന്നതുമായ ടെസ്റ്റുകളും നടത്തി. വ്യത്യസ്ത ദൃശ്യങ്ങളെ ഉള്‍പ്പെടുത്തി വ്യത്യസ്ത സ്ഥലതലങ്ങളില്‍ പ്രവര്‍ത്തിക്കാനും ഞാൻ ആഗ്രഹിച്ചു. ഒരു സ്ത്രീയുടെ 3D പോർട്രെയ്റ്റ് ചിത്രീകരിച്ച് പെയിന്റിംഗുകളുടെ 2D സ്കാനുകൾക്കിടയിൽ അത് സാൻഡ്‌വിച്ച് ചെയ്തു. രണ്ടു വ്യത്യസ്ത 3D ദൃശ്യങ്ങള്‍ - ഒരു തെരുവിന്റെ വൈഡ്‌ ഷോട്ടും ഒരു സ്ത്രീയുടെ തലയുടെ ക്ലോസപ്പും ഞാന്‍ മിക്സ്‌ ചെയ്തു. ഇവിടെ രണ്ടു ദൃശ്യങ്ങള്‍ ഒന്നിക്കുകയല്ല, മറിച്ച് ദൃശ്യങ്ങളുടെ പുനർനിർമ്മാണമായിരുന്നു. ഴാന്‍ ലുക്കിനെ എല്ലാം കാണിച്ചു. ചില സന്ദര്‍ഭങ്ങളിൽ അദ്ദേഹം ഇത്തരം ടെസ്റ്റുകൾ ഉപയോഗിക്കാറുണ്ട്. 3x3D എന്ന സിനിമയിൽ അദ്ദേഹം സംവിധാനം ചെയ്ത Three Disasters-ല്‍ അദ്ദേഹം അവയിൽ പലതും ഉപയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in