വിമൺ കാൻ | Indian Cinema at Cannes After 30 Years

30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിൽ തലയുയർത്തി നിൽക്കുകയാണ്. ലോകം മുഴുവനുമിന്ന് ആ പേരുകൾ ഉച്ചരിക്കുകയാണ്. കാനിലെ രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമായ ഗ്രാൻഡ് പ്രീ നേടിക്കൊണ്ട് പായൽ കപാഡിയയുടെ ഓൾ വീ ഇമേജിൻ ആസ് ലൈറ്റ് ലോകത്തിന് മുൻപിൽ അഭിമാനമാകുമ്പോൾ വർഷങ്ങളുടെ ഇടവേളയിൽ ഇന്ത്യൻ സിനിമയ്ക്ക് കാനിൽ അഭിമാനിക്കാവുന്ന നേട്ടം കൂടിയാണ്. 2015 ൽ എഫ് ടി ഐ യിൽ 4 മാസം നീണ്ടുനിന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ക്ലാസ്സുകൾ ബഹിഷ്കരിക്കുകയും ചെയ്തതിനാൽ എഫ്.ടി.ഐ.ഐ ഗ്രാൻഡ് വെട്ടിക്കുറച്ച പായൽ കപാഡിയ എന്ന വിദ്യാർത്ഥി ഇന്ന് കാനിൽ കാണികളെ കൊണ്ട് തന്റെ സിനിമക്ക് എട്ടു മിനിറ്റോളം കയ്യടിപ്പിക്കുകയുണ്ടായി. ഗ്രാൻഡ് പ്രീ നേടി ഓൾ വീ ഇമേജിൻ ആസ് ലൈറ്റ് വർത്തയിലിടംപിടിക്കുമ്പോൾ കാനും ഗ്രാൻഡ് പ്രീയും വീണ്ടും ചർച്ചാവിഷയമാകുകയാണ്.

കാൻ ഫിലിം ഫെസ്റ്റിലെ രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണ് ഗ്രാൻഡ് പ്രീ അവാർഡുകൾ. ഈ പുരസ്കാരമാണിപ്പോൾ ഓൾ വീ ഇമേജിൻ ആസ് ലൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 1946 'നീച നഗർ' എന്ന ചേതൻ ആനന്ദ് ചിത്രമാണ് കാൻ എൻട്രി നടത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം. അന്ന് ഏറ്റവും ഉയർന്ന പുരസ്‌കാരമാണ് കണക്കാക്കിയിരുന്ന ഗ്രാൻഡ് പ്രിക്സ് ഡു ഫെസ്റ്റിവൽ ഇൻ്റർനാഷണൽ ഡ്യു ഫിലിം അവാർഡ് നേടിയാണ് ചിത്രം കാൻ വിട്ടത്. ഈ പുരസ്കാരത്തെയാണ് പിന്നീട് പാം ഡി ഓർ ആയി റീപ്ലേസ് ചെയ്തത്. ഇന്ത്യയിൽ നിന്ന് പാം ഡി ഓർ നേടിയ ഏക ചിത്രവും ഇതുതന്നെയാണ്. നിർഭാഗ്യവശാൽ ചിത്രത്തിന് ഒരു തിയറ്റർ റിലീസ് ഉണ്ടായിരുന്നില്ല. 1980 കളിൽ ചിത്രം നേരിട്ട് ദൂരദർശനിൽ പ്രദർശിപ്പിക്കുകയാണ് ചെയ്തത്.

നീച നഗറിനെ പിന്തുടർന്ന് നിരവധി ഇന്ത്യൻ സിനിമകൾ കാനിൽ അരങ്ങേറിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി' ബെസ്റ്റ് ഹ്യൂമൻ ഡോക്യൂമെന്റിനുള്ള അവാർഡ് 1956 ൽ സ്വന്തമാക്കിയപ്പോൾ 1958 ൽ 'പരാഷ് പത്തർ', 1962 ൽ 'ദേവി', 1984 ൽ 'ഘരെ ബൈരെ' എന്നീ സിനിമകൾ പാം ഡി ഓറിനായി മത്സരിച്ചിരുന്നു. മലയാളത്തിൽ നിന്ന് ഷാജി എൻ കരുണിന്റെ 'പിറവി', മുരളി നായരുടെ 'മരണ സിംഹാസനം' കാമറ ഡി ഓർ അവാർഡ് സ്വന്തമാക്കിയപ്പോൾ ഷാജി എൻ കരുണിന്റെ തന്നെ 'സ്വം' 1994 ൽ പാം ഡി ഓർ അവാർഡിനായി മത്സരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് അവസാനമായി കാനിൽ മത്സരിക്കാനെത്തിയ ചിത്രവും ഇതുതന്നെ. ഷാജി എൻ കരുണിന്റെ തന്നെ മോഹൻലാൽ ചിത്രമായ 'വാനപ്രസ്ഥം' പ്രദർശിപ്പിച്ചിരുന്നു. അവിടെ അത് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1983 ൽ മൃണാൾ സെന്നിന്റെ 'ഖരീജ്' പാം ഡി ഓർ വിഭാഗത്തിലേക്ക് മത്സരിച്ചിരുന്നു.

2021ൽ പായൽ കപാഡിയ ഒരുക്കിയ 'A Night of Knowing Nothing'ന് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്ക്കാരം ഏറ്റുവാങ്ങിയിരുന്നു. 2022 ൽ ഷൗനക് സെൻ ഒരുക്കിയ 'ഓൾ ദാറ്റ് ബ്രീത്‌സ്' ഗോൾഡൻ ഐ പുരസ്‌കാരം സ്വന്തമാക്കി. 30 വർഷത്തിനിപ്പുറം ഒരു മത്സര വിഭാഗത്തിൽ പായൽ കപാഡിയയുടെ ഓൾ വീ ഇമേജിൻ ആസ് ലൈറ്റ് എത്തുമ്പോൾ അത് പായൽ മുന്നോട്ട് വയ്ക്കുന്നൊരു മറുപടി കൂടിയാണ്.

2015 ൽ അന്ന് FTII വിദ്യാർത്ഥിനിയായ പായൽ കപാഡിയക്കെതിരെ ഗജേന്ദ്ര ചൗഹാൻ, പ്രശാന്ത് പത്രബെ എന്നിവരുടെ കീഴിലുള്ള എഫ്.ടി.ഐ.ഐ നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുന്നു. തുടർന്ന് പായൽ കപാഡിയ ക്ലാസുകൾ ബഹിഷ്കരിക്കുകയും ചൗഹാനെതിരെ 4 മാസം നീണ്ടുനിന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ചെയ്തു. അതിനെ തുടർന്ന് എഫ്.ടി.ഐ.ഐ അവരുടെ ഗ്രാന്റ് വെട്ടിക്കുറച്ചു. പക്ഷെ പായൽ അതിനാലൊന്നും തളർന്നില്ല. അവർ തന്റെ ലക്‌ഷ്യം നോക്കി മുൻപോട്ട് തന്നെ സഞ്ചരിച്ചു. 2014ൽ 'Watermelon, Fish and Half Ghost' മുതൽ 2018 ൽ 'And What is the Summer Saying' വരെ നാല് ഷോർട്ട് ഫിലിമുകൾ പായൽ സംവിധാനം ചെയ്തു. 2021 ൽ 'A Night of Knowing Nothing' എന്ന ഡോക്യുമെന്ററി ചിത്രവുമായി പായൽ എത്തിയപ്പോൾ നിരവധി പുരസ്‌കാരങ്ങളാണ് പായലിനെ തേടിയെത്തിയത്. പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിക്കുന്ന പരസ്പരം പ്രണയിക്കുന്ന രണ്ടു പേരുടെ കഥയായിരുന്നു പായൽ ചിത്രത്തിലൂടെ പറഞ്ഞത്. രണ്ടു ജാതിയിലുള്ളവരായതിനാൽ പരസ്പരം പിരിയേണ്ടി വരുന്ന പ്രണയിതാക്കളുടെ കഥ പറഞ്ഞ ചിത്രം 2021ലെ കാനിൽ ഡിറക്ടർസ് ഫോർട്ട് നൈറ്റ് എന്ന വിഭാഗത്തിലാണ് പ്രദർശിക്കപ്പെടുന്നത്. ആ വർഷം ഗോൾഡൻ ഐ പുരസ്കാരവും ചിത്രം നേടി. 2014 മുതൽ 2024 വരെ ആറു സിനിമകളാണ് പായലിന്റേതായി പുറത്തുവന്നിട്ടുള്ളത്. ആറാം ചിത്രമായ 'ഓൾ വീ ഇമേജിൻ ആസ് ലൈറ്റ്' ഇന്ന് ലോകം മനഃപാഠമാക്കിയ പേരായി പായൽ മാറ്റിയെടുത്തു. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ സിനിമ കാനിൽ മത്സരിക്കുമ്പോൾ അതിന്റെ തലപ്പത്ത് അഭിമാനത്തോടെ പായൽ കപാഡിയ തലയുയർത്തി നിൽക്കുന്നുണ്ട്. ഇനിയും 30 വർഷം നിങ്ങൾ കാത്തിരിക്കരുത് എന്നാണ് അവാർഡ് നേടിക്കൊണ്ട് പായൽ പറഞ്ഞതും.

കനി കുസൃതി, ദിവ്യ പ്രഭ, ചായ കദ്ദം, ഹൃധു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ഓൾ വീ ഇമേജിൻ ആസ് ലൈറ്റിലെ പ്രധാന കഥാപാത്രങ്ങൾ. 80 ശതമാനവും മലയാള ഭാഷയിലാണ് ചിത്രമെടുത്തിരിക്കുന്നത്. എട്ടു മിനിറ്റ് നീണ്ട സ്റ്റാന്റിംഗ് ഒവേഷനാണ് സിനിമക്ക് കാനിൽ ലഭിച്ചത്. റെഡ് കാർപെറ്റിൽ നൃത്തം വച്ച് ആഘോഷമാക്കി, അഭിമാനത്തോടെയാണ് താരങ്ങൾ പ്രീമിയറിനെത്തിയത്. ശക്തമായ രാഷ്ട്രീയം പറയുവാനും താരങ്ങൾ മടികാണിച്ചില്ല. പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായിട്ടായിരുന്നു കനി കുസൃതി കാന്‍സ് വേദിയുടെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്. മലയാളികളെ റെപ്രെസെന്റ് ചെയ്തൊരു സിനിമ കാനിലെത്തുക അതിന് ഗ്രാൻഡ് പ്രീ ലഭിക്കുകയെന്നത് ഒരു ചെറിയ നേട്ടമല്ല. മലയാള സിനിമയിലെ സ്ത്രീകൾ എവിടെയെന്ന് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്ന ഈ സമയത്ത് കനിയും ദിവ്യ പ്രഭയും മലയാളികളെ പ്രതിനിധീകരിച്ച് കാനിൽ എത്തിയിരിക്കുകയാണ്. അവിടെയവർ ചരിത്രം രചിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in