നാല് മാസത്തില്‍ തിയ്യേറ്ററുകളില്‍ ഒരൊറ്റ 'രോമാഞ്ചം' മാത്രം ; നഷ്ടത്തിലേക്ക് കൂപ്പുകുത്തി മലയാള സിനിമ

നാല് മാസത്തില്‍ തിയ്യേറ്ററുകളില്‍ ഒരൊറ്റ 'രോമാഞ്ചം' മാത്രം ; നഷ്ടത്തിലേക്ക് കൂപ്പുകുത്തി മലയാള സിനിമ

2023 ആരംഭിച്ച് നാല് മാസം പിന്നിടുമ്പോൾ മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് സിനിമാ സംഘടനകൾ. പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം സിനിമകൾ തിയ്യേറ്ററിലെത്തിയിത്തിട്ടും സിനിമയ്ക്കുണ്ടായ നഷ്ടം ഏകദേശം മുന്നൂറ് കോടി രൂപയ്ക്കടുത്താണെന്ന് സംഘടനകൾ. കൊവിഡിന് ശേഷം തിയേറ്ററിൽ ആളുകൾ വരുന്നത് കുറഞ്ഞിട്ടുണ്ടെന്നും ഒ.ടി.ടി യിൽ സിനിമ വരാൻ തുടങ്ങിയതിന് ശേഷം ആളുകൾ തിയേറ്ററുകളിലേക്ക് വരാൻ വിമുഖത കാണിക്കുന്നുണ്ടെന്നും സംഘടനകൾ പറയുന്നു.

ഈ കഴിഞ്ഞ നാല് മാസത്തിൽ 75 സിനിമകൾ റീലീസ് ആയതിൽ ഒരു ചിത്രം മാത്രമേ സാമ്പത്തിക വിജയം നേടിയിട്ടുള്ളൂവെന്നാണ് സംഘടനകൾ പറയുന്നത്.

പ്രധാനപ്പെട്ട പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടുന്നത്

* കൊവിഡിന് ശേഷം തിയ്യേറ്ററിലേക്ക് പ്രേക്ഷകർ എത്തുന്നത് കുറഞ്ഞു.

* ഒടിടി റിലീസ് കൂടുതലായതോടെ പ്രധാനമായും പ്രേക്ഷകർ തിയ്യേറ്ററുകൾ കൈയ്യൊഴിഞ്ഞു.

നിലവിലെ സാഹചര്യം

നാല് മാസത്തിനുള്ളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒരു സിനിമ മാത്രമാണ് ഹിറ്റ് മോഡിൽ വന്നിട്ടുള്ളതെന്ന് ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി അനിൽ തോമസ് പറയുന്നു. തിയ്യേറ്ററുകളിൽ വിജയിച്ച സിനിമകൾ വളരെ കുറവാണ്. ഹിറ്റ് മോഡിൽ വന്നിട്ടുള്ളത് 'രോമാഞ്ചം' മാത്രമാണ്. 'പ്രണയവിലാസം' ആവറേജ് കളക്ഷൻ ലെവലിൽ വന്നു. അതല്ലാതെ ബോക്‌സ് ഓഫീസ് സക്സസ് എന്നു പറയാവുന്ന രീതിയിലേക്ക് ഒരു ചിത്രവും എത്തിയിട്ടില്ലെന്ന് അനിൽ തോമസ് പറയുന്നു.

ഈ വർഷം പുറത്തിറങ്ങിയ എഴുപതോളം ചിത്രങ്ങളും തിയേറ്ററിൽ പരാജയമായിരുന്നു. ആ കണക്ക് വച്ച് നോക്കിയാൽ, ഒരു സിനിമക്ക് 2.5 കോടി വച്ചു നോക്കിയാൽ തന്നെ 300 കോടിയിൽ കൂടുതലായല്ലോ. ഈ കാലയളവിൽ ഏകദേശം ആ തുകയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

അനിൽ തോമസ് , ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി

നഷ്ടം ബാധിക്കുന്നത് ആരെയെല്ലാം ?

നിർമാതാക്കളെയും തിയ്യേറ്റർ ഉടമകളെയുമാണ് നഷ്ടം ബാധിക്കുന്നതെന്ന് സംഘടനകൾ പറയുന്നു. ഒരു ടെക്‌നിഷ്യനോ, ആർട്ടിസ്റ്റിനോ സിനിമ ചെയ്താൽ എന്തായാലും പ്രതിഫലം ലഭിക്കും. അങ്ങനെയല്ലല്ലോ നിർമ്മാതാക്കളുടെയും തിയേറ്ററുടമകളുടെയും അവസ്ഥയെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റും നിര്‍മാതാവുമായ ജി സുരേഷ് കുമാറും ജനറൽ സെക്രട്ടറി അനിൽ തോമസും ചോദിക്കുന്നു.

പല തിയേറ്ററുകളിലും സിനിമകളുടെ ഷോസ് ഇല്ല. നാല് ഷോ ഇട്ടാൽ രണ്ട് ഷോ ആയിരിക്കും നടക്കുന്നത്. മിക്കവാറും ഫസ്റ്റ് ഷോയും സെക്കന്റ് ഷോയും ആയിരിക്കുമത്. തിയേറ്ററുകൾക്ക് വേണമെങ്കിൽ അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കാം. എന്നാൽ നിർമ്മാതാക്കൾക്ക് നഷ്ടം വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. ഒരു സിനിമ പരാജയമായാൽ അതിൽ നിന്ന് കര കയറാൻ ഒരുപാട് സമയമെടുക്കും.

ജി സുരേഷ് കുമാർ, ഫിലിം ചേമ്പര്‍ പ്രസിഡന്റ്

എന്നാൽ പല നിർമാതാക്കളും ഒ.ടി.ടി ലക്ഷ്യം വെച്ച് സിനിമയെടുക്കുന്നതും തിയ്യേറ്ററുകളെ പരിഗണിക്കാത്തതും തിയ്യേറ്റർ ഉടമകളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറയുന്നു.

തിയ്യേറ്റർ ഉടമകൾക്ക് പറയാനുള്ളത്..

നാല് മാസം കൊണ്ടുള്ള നഷ്ടം നാന്നൂറ് കോടിയ്ക്ക് അടുത്താണെന്ന് പറയുമ്പോൾ അതിൽ തിയ്യേറ്റർ ഉടമകളുടെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് കെ വിജയകുമാർ പറയുന്നു. തിയ്യേറ്ററിൽ ഷോകൾ നടക്കുന്നില്ലായിരിക്കാം പക്ഷേ കറന്റ് ചാർജ്ജും, ജീവനക്കാരുടെ ശമ്പളവും, ബിൽഡിങ് ടാക്സുമൊക്കെ കൊടുക്കുകയും വേണം. ആ നഷ്ടം കൂടെ ചേർത്താൽ ഏകദേശം 700 കോടി രൂപയോളം നഷ്ടമാണ് ഈ കഴിഞ്ഞ നാല് മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്. വൻകിട നിർമാതാക്കൾ അടക്കം ഓ.ടി.ടിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെടുക്കുന്നത് ഇതിനൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കെ വിജയകുമാർ, ഫിയോക് പ്രസിഡന്റ്
കെ വിജയകുമാർ, ഫിയോക് പ്രസിഡന്റ്

താത്കാലിക ലാഭം മാത്രം കണക്കാക്കി നിർമാതാക്കൾ ഒ.ടി.ടി.യെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രേക്ഷകർ തിയേറ്ററിൽ വരുന്നില്ല. വലിയ നിർമ്മാതാക്കൾ ചെറിയ തുകയ്ക്ക് സിനിമയെടുത്ത്, വലിയ വിലക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിൽക്കുന്നു. സംവിധായകരായാലും സാങ്കേതികവിദഗ്ദരായാലും സിനിമ ഒടിടിയെ കണക്കാക്കിയാണ് പ്ലാൻ ചെയ്യുന്നത്. അതുകൊണ്ട് തിയേറ്റർ ക്വാളിറ്റി ഉണ്ടാകുന്നില്ല.

കെ വിജയകുമാർ, ഫിയോക് പ്രസിഡന്റ്

ഇങ്ങനെ പോയാൽ ഇൻഡസ്ട്രി വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് വിജയകുമാർ പറയുന്നു. കാരണം തിയേറ്ററിൽ ജനങ്ങൾ വരിക എന്നതാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുതിയതായി വരുന്ന നിർമ്മാതാക്കൾക്കും സിനിമ ചെയ്തു കഴിഞ്ഞ് അത് ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കൊടുത്താൽ കിട്ടുന്ന കാശ് എങ്കിലും കയ്യിലുണ്ടാകും എന്നതാണ് തോന്നൽ. തെറ്റായ പ്രതീക്ഷകളുടെ പുറത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവനും നടക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാകട്ടെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമകളുടെ പ്രേക്ഷകപ്രീതിക്ക് അനുസരിച്ചാണ് തുക നിശ്ചയിക്കുന്നത്. തിയേറ്ററുകളിൽ പരാജയപ്പെട്ട സിനിമകൾ മറ്റ് ഏത് പ്ലാറ്‌ഫോമിലും കൂടുതൽ ആളുകൾ കാണുന്നത് കൊണ്ട് നിർമ്മാതാവിന് യാതൊരു ലാഭവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് മാസത്തില്‍ തിയ്യേറ്ററുകളില്‍ ഒരൊറ്റ 'രോമാഞ്ചം' മാത്രം ; നഷ്ടത്തിലേക്ക് കൂപ്പുകുത്തി മലയാള സിനിമ
'ലഹരി ഉപയോഗം ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ട്'; പടം പരാജയപ്പെട്ടാലും കാശ് കൂടുതല്‍ ചോദിക്കുന്ന സ്ഥിതിയെന്ന് ജി സുരേഷ് കുമാര്‍

ഇക്കോണമി അറിയാതെ സിനിമയെടുക്കരുത് ?

മലയാള സിനിമയിൽ നിലവിലുണ്ടായിരുന്ന ഈ നഷ്ടത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം പ്രേക്ഷകർ തിയേറ്ററുകളിൽ എത്താത്തത് തന്നെയാണ് എന്ന് അനിൽ തോമസ് പറയുന്നു. അതിന് പല കാരണങ്ങളുണ്ടാകാം. ആദ്യത്തേത് പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ കഴിയുന്ന സിനിമകൾ ഒന്നും ഇതുവരെ റിലീസ് ചെയ്യപ്പെട്ടിട്ടില്ലെന്ന് അനിൽ തോമസ് പറയുന്നു. ഒ.ടി.ടിയിൽ പ്രേക്ഷകർക്ക് ആവശ്യമുള്ള കണ്ടന്റ്‌സ്, അവർക്ക് വേണ്ട സമയത്ത്, അവരുടെ കംഫർട്ടിൽ ഇരുന്ന് കാണാൻ കഴിയുന്നു. അതുകൊണ്ട് ആളുകൾ സെലെക്റ്റീവ് ആയാണ് തിയ്യേറ്ററുകളിൽ വരുന്നത്. അതും നഷ്ടകാരണമാണ് എന്ന് അനിൽ തോമസ് അഭിപ്രായപ്പെട്ടു.

അനിൽ തോമസ് , ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി
അനിൽ തോമസ് , ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി

ഒടിടി-യിൽ ചിത്രങ്ങൾ വരുന്നത് കൊണ്ട് സിനിമകൾക്ക് അംഗീകരിക്കപ്പെടുന്നു എന്നെ ഉള്ളൂ, നിർമ്മാതാക്കൾക്ക് അത് വലിയ ഗുണങ്ങൾ ഒന്നും ചെയ്യുന്നല്ലെന്നും, നിർമ്മാതാക്കളുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സ് തിയ്യേറ്ററുകൾ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ തിയേറ്ററിൽ റീലീസ് ആയി 42 ദിവസങ്ങൾക്ക് ശേഷമേ ചിത്രം ഒടിടി-യിൽ പ്രദർശിപ്പിക്കാൻ പാടുകയുള്ളൂ എന്നൊരു നിയമം ഫിലിം ചേംബർ കൈക്കൊണ്ടിട്ടുണ്ടെന്നും അനിൽ തോമസ് അറിയിച്ചു.

പ്രൊഡക്ഷൻ കോസ്റ്റും മറ്റ് ഇക്കണോമിക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും വർക് ഔട്ട് ചെയ്യാതെ നിർമ്മിക്കുന്ന സിനിമകളും ഇവിടെ വരുന്നുണ്ട്. ഒരു ചിത്രത്തിന്റെ റവന്യൂ എന്ത് വരും എന്നറിയാതെ, കോസ്റ്റ് എഫക്ടിവ് ആയല്ല സിനിമ ചെയ്യുന്നത് എങ്കിൽ തീർച്ചയായും നഷ്ടങ്ങൾ വരും. മാർക്കറ്റിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാതെ, ഭ്രമിച്ചു കൊണ്ട് വരുന്നതും മറ്റൊരു കാരണമാണ്. ലോട്ടറി എടുത്താൽ ലോട്ടറി അടിക്കും എന്ന ചിന്താഗതിയിൽ സിനിമ എടുക്കാൻ പറ്റില്ലല്ലോ. മാർക്കറ്റ് കൃത്യമായി പഠിച്ചു തന്നെ വേണം സിനിമയെടുക്കാൻ വരാൻ. പലർക്കും മാർക്കറ്റിനെ പറ്റി ക്ലിയർ കട്ട് ആയിട്ടുള്ള ചിത്രമില്ല.

അനിൽ തോമസ് , ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി

താരങ്ങളുടെ പ്രതിഫലം ബാധിക്കുന്നുണ്ടോ ?

താരങ്ങൾ പ്രതിഫലം നിശ്ചയിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് ജി സുരേഷ് കുമാർ പറയുന്നു. ഒരു അഭിനേതാവ് പ്രതിഫലം വാങ്ങിക്കുമ്പോൾ അയാൾക്കെത്ര ബിസിനസ് ഉണ്ട് എന്ന് കൂടെ നോക്കി വേണം വാങ്ങിക്കാൻ. ഒരു സിനിമ ഹിറ്റ് ആയാലും ശേഷം വന്ന അഞ്ച് എണ്ണം മോശമായിരുന്നു എങ്കിൽ അയാളുടെ മാർക്കറ്റ് വാല്യു താഴെപ്പോകും. അതനുസരിച്ച് വേണം പ്രതിഫലം ആവശ്യപ്പെടാനെന്നും ചെറിയ തുകയിൽ അഭിനയിക്കാൻ തയ്യാറുള്ളവരെ വച്ചും സിനിമയെടുക്കണമെന്നും സുരേഷ് കുമാർ പറഞ്ഞു.

ജി സുരേഷ് കുമാർ, ഫിലിം ചേമ്പര്‍ പ്രസിഡന്റ്
ജി സുരേഷ് കുമാർ, ഫിലിം ചേമ്പര്‍ പ്രസിഡന്റ്

ചെറുപ്പക്കാരായ അഭിനേതാക്കൾ ഒന്നിൽ കൂടുതൽ അസിസ്റ്റന്റ്‌സുമായാണ് സെറ്റിൽ വരുന്നത്. അതിനും പ്രൊഡ്യൂസർ പൈസ മുടക്കണം. അത് നിർത്താൻ പോകുകയാണ്. അവർ കൊണ്ട് വരുന്ന ആളുകൾക്ക് അവർ തന്നെ പ്രതിഫലം നൽകണം.

ജി സുരേഷ് കുമാർ, ഫിലിം ചേമ്പര്‍ പ്രസിഡന്റ്

എന്നാൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്ന് ആവശ്യപ്പെടുമ്പോഴും ഒരു താരത്തിനെ സിനിമയ്ക്ക് വേണ്ടി സമീപിക്കുന്നത് നിർമാതാക്കൾ തന്നെയല്ലേ എന്ന് അനിൽ തോമസ് ചോദിക്കുന്നു. നിർമ്മാതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാം. അനാവശ്യമായ പ്രതിഫലം കൊടുക്കാൻ തയ്യാറാകുന്ന നിർമാതാക്കളും നഷ്ടത്തിന് കാരണമാണെന്നും അനിൽ തോമസ് കൂട്ടിച്ചേർത്തു.

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് സംഘടനാതലത്തിൽ പറയുന്നത് ഒരു ലാർജ്ജർ ലെവലിലുള്ള കാര്യമാണ്. പക്ഷെ അല്ലാതെ തന്നെ വ്യക്തിപരമായി നിർമ്മാതാക്കൾക്ക് തീരുമാനങ്ങൾ എടുക്കാവുന്നതല്ലേ? ഇതാണ് എന്റെ പ്രതിഫലം എന്ന് ഒരു ആർട്ടിസ്റ്റ് പറയുമ്പോൾ തനിക്ക് അത് തരാൻ കഴിയില്ല എന്നവർക്ക് പറയാമല്ലോ

അനിൽ തോമസ് , ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി

സംഘടനകൾക്ക് എന്ത് ചെയ്യാം.. ?

ഫിലിം ചേമ്പറിനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമെല്ലാം നിർദ്ദേശങ്ങൾ കൊടുക്കാൻ മാത്രമാണ് ഇക്കാര്യങ്ങളിൽ കഴിയുകയെന്ന് അനിൽ തോമസ് പറയുന്നു. അത് പക്ഷേ ഒരു പരിധിയിൽ കൂടുതൽ ആളുകൾ കണക്കിലെടുക്കാറില്ല. വരുമാനത്തിന്റെ കാര്യത്തിൽ മാത്രമേ നിർദേശം കൊടുക്കാനും സാധിക്കൂ. എന്താണ് കണ്ടന്റ് എന്ന കാര്യത്തിൽ സാധിക്കില്ല. സിനിമ നിർമിക്കാനുള്ള ഒരാളുടെ തീരുമാനം വ്യക്തിപരമാണെന്നും അതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ പറ്റില്ലെന്നും അതിനപ്പുറത്തേക്ക് നഷ്ടത്തിൽ നിന്ന് പ്രൊട്ടക്ട് ചെയ്യാൻ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനേതാക്കളും ടെക്‌നിഷ്യൻസും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർത്തു കൊടുക്കും എന്നതല്ലാതെ മറ്റൊന്നും തന്നെ സംഘടനക്ക് ചെയ്തു കൊടുക്കാൻ കഴിയില്ലെന്ന് സുരേഷ് കുമാർ പറയുന്നു. ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പോൾ അമ്മയും ഫെഫ്കയുമെല്ലാം ചേർന്ന് ഇത്തരം യോഗങ്ങൾ നടത്താറുണ്ട്. അതാണ് സംഘടന നിർമ്മാതാക്കൾക്ക് വേണ്ടി ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോൾ രണ്ട് ആർട്ടിസ്റ്റുകളെ മാറ്റി നിർത്തുന്ന തീരുമാനമുണ്ടായതെന്നും സുരേഷ് കുമാർ പറഞ്ഞു.

നഷ്ടം സംബന്ധിച്ച് ഓരോ നിർമ്മാതാക്കളും സ്വയം എടുക്കേണ്ട കരുതലുകളുണ്ട്. അച്ചടക്കത്തിന്റെ പ്രശ്‌നം വരുമ്പോൾ സംഘടനകൾ ഇടപെടും. നിലവുള്ള സാഹചര്യം അതാണ്. സെറ്റിൽ ഡിസ്സിപ്ലിൻ ഇല്ലെങ്കിൽ അവർക്കൊപ്പം ജോലി ചെയ്യില്ല എന്ന തീരുമാനം എടുക്കും. മാർക്കറ്റ് സംബന്ധിച്ച കാര്യങ്ങളിൽ റിസ്‌ക് നിർമ്മാതാവിന് തന്നെയാണ്.

അനിൽ തോമസ്, ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി

നാല് മാസത്തില്‍ തിയ്യേറ്ററുകളില്‍ ഒരൊറ്റ 'രോമാഞ്ചം' മാത്രം ; നഷ്ടത്തിലേക്ക് കൂപ്പുകുത്തി മലയാള സിനിമ
കാസര്‍ഗോഡ് സിനിമ ചെയ്യാന്‍ രഞ്ജിത്തിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട, അപകടകരമായ പ്രസ്താവനയില്‍ തിരുത്ത് വേണം: സംവിധായകര്‍

എന്തുകൊണ്ട് നഷ്ടം സഹിച്ചും ആളുകൾ സിനിമയെടുക്കുന്നു ?

ഒരു സിനിമ പ്രോജക്ട് ഓൺ ആകുന്നത് തന്നെ ചേംബർ സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിന് 35 ദിവസം മുൻപ് നിർബന്ധമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചിത്രത്തിന്റെ മുഴുവൻ വിവരങ്ങളും നൽകണം എന്നത് ഫിലം ചേമ്പർ കൈക്കൊണ്ടിട്ടുള്ള തീരുമാനമാണ്.

അസോസിയേഷനിൽ നിലവിൽ ഏകദേശം നാൽപതോളം പുതിയ പ്രോജക്ട്‌സ് വന്നിട്ടുണ്ടെന്ന് സുരേഷ് കുമാർ പറയുന്നു. മുപ്പതോളം സിനിമകളാണ് നിലവിൽ ഷൂട്ടിംഗ് നടക്കുന്നത്. കാന്തം പോലെ ആളുകളെ അട്രാക്റ്റ് ചെയ്യുന്നുണ്ട് സിനിമ. ഇത്രയും റിസ്‌കുകൾ ഉണ്ടെന്ന് പറയുമ്പോഴും സിനിമയെടുക്കാൻ ആളുകൾ തയ്യാറാണ്. എന്താണ് ആ പ്രതിഭാസം എന്ന് മനസ്സിലാകുന്നില്ലെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

പ്രീ പ്രൊഡക്ഷൻ സമയത്ത് തന്നെ അഡ്വാൻസായും മറ്റും അൻപത് ലക്ഷമോ ഒരു കോടിയോയെല്ലാം മുടക്കിയാണ് നിർമ്മാതാക്കൾ അസോസിയേഷന് മുന്നിൽ വരുന്നത്. വരുന്നവരാരും തന്നെ സിനിമയെടുക്കാതെ പോകുന്നുമില്ല. എടുത്തു കഴിഞ്ഞ ശേഷം നഷ്ടം വരുമ്പോൾ മാത്രമേ അവർ മനസ്സിലാക്കുന്നുള്ളൂ.

ജി സുരേഷ് കുമാർ, ഫിലിം ചേമ്പര്‍ പ്രസിഡന്റ്

തിരിച്ചു വരവ് സാധ്യമോ ?

ഏപ്രില്‍ അവസാനം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഫഹദ് ഫാസില്‍ അഖില്‍ സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങിയ പാച്ചുവും അത്ഭുതവിളക്കും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നുവെന്ന് കെ വിജയകുമാര്‍ പറയുന്നു. പൊന്നിയിന്‍ സെല്‍വന്‍-2-വിന്റെ കൂടെ പ്രദര്‍ശനം ആരംഭിച്ചതിനാല്‍ ആദ്യ ദിവസം ചിത്രത്തിന്റെ കളക്ഷനെ ചെറുതായി ബാധിച്ചിരുന്നുവെങ്കിലും രണ്ടാമത്തെ ദിവസം മുതല്‍ കൂടുതല്‍ കളക്ഷനുണ്ടെന്ന് വിജയകുമാര്‍ പറയുന്നു.

കഴിഞ്ഞ രണ്ടു മാസത്തെ സാഹചര്യം വെച്ച് നോക്കിയാല്‍ 'പാച്ചുവും അത്ഭുതവിളക്കും' വന്ന ശേഷം കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലെത്തുന്നുണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും പറയുന്നു. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു സിനിമ, ഒപ്പം വെക്കേഷന്‍ കൂടെയായതുകൊണ്ടും ആളുകള്‍ തിയേറ്ററിലെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് മാസങ്ങൾ കൊണ്ട് 75 സിനിമകൾ 2023ൽ റിലീസ് ചെയ്യപ്പെട്ടുവെന്ന കണക്ക് പരിശോധിച്ചാൽ ഏകദേശം 120 ദിവസങ്ങളിൽ മാത്രം 75 സിനിമകളാണ് റിലീസ് ചെയ്യപ്പെട്ടത്. ആഴ്ചയിൽ ശരാശരി നാല് സിനിമകൾ വീതമാണ് റിലീസ്. കൊവിഡ് പ്രതിസന്ധിയിൽ വൈകിയ സിനിമകളും നേരത്തെ ആരംഭിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതെ പോയ സിനിമകളും ഈ കാലയളവിലാണ് തിയ്യേറ്ററുകളിലെത്തിയത്. ഇനി വരാനിരിക്കുന്ന സിനിമകളുടെ കണക്കു നോക്കിയാലും ഈ ട്രെൻഡ് തുടരും എന്ന് തന്നെയാണ് കണക്കാക്കാൻ കഴിയുക. മലയാള സിനിമ നിലവിൽ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സംഘടനകളെല്ലാം പറയുന്നുണ്ടെങ്കിലും തിയ്യേറ്ററിലേക്ക് പ്രേക്ഷകനെ എത്തിക്കാൻ അതിൽ ഏതെല്ലാം തീരുമാനങ്ങൾക്ക് കഴിയുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Related Stories

No stories found.
logo
The Cue
www.thecue.in