ശബ്ദം ഇമ്പമായി മാറി; കളിയും ചിരിയും തമാശയും പ്രണയവുമാണ് ടോട്ടൽ ഫോർമുല: ശ്രീജിത്ത് ചന്ദ്രൻ അഭിമുഖം

ശബ്ദം ഇമ്പമായി മാറി; കളിയും ചിരിയും തമാശയും പ്രണയവുമാണ് ടോട്ടൽ ഫോർമുല: ശ്രീജിത്ത് ചന്ദ്രൻ അഭിമുഖം

ശ്രീജിത്ത് ചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലാലു അലക്‌സ് , ദീപക് പറമ്പോൽ, ദർശന സുദർശൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഇമ്പം. ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആണോ അതോ പൊളിറ്റിക്കൽ സിനിമയാണോ എന്ന് ചോദിച്ചാൽ കൃത്യമായിട്ട് ഒരു ലെെൻ വരച്ച് പറയാൻ ബു​ദ്ധിമുട്ടാണെന്ന് സംവിധായകൻ ശ്രീജിത്ത് ചന്ദ്രൻ പറയുന്നു. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ എന്ന നിലയിലാണ് ചിത്രത്തിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ശബ്ദം എന്ന പബ്ലിഷിം​ഗ് ഹൗസിനകത്തെ മനുഷ്യരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവരുടെ കളിയും ചിരിയും തമാശയും പ്രണയവും എല്ലാമാണ് ചിത്രത്തിന്റെ ടോട്ടൽ ഫോർമുല എന്നും എല്ലാ ​ഗ്രൂപ്പ് ഓഫ് ഓഡിയൻസിലേക്കും റീച്ച് ചെയ്യാൻ പറ്റുന്ന രീതിയിലാണ് ഇമ്പത്തിന്റെ സ്ട്രക്ച്ചർ എന്നും ശ്രീജിത്ത് ചന്ദ്രൻ പറഞ്ഞു. ചെരാതുകൾ എന്ന ആന്തോളജി സിനിമയിലെ നർത്തകി എന്ന സെ​ഗ്മെന്റിന് ശേഷം ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇമ്പത്തിൽ കരുണാകരൻ എന്ന ഒരു മുഴുനീളൻ കഥാപാത്രത്തെയാണ് ലാലു അലക്സ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ബേസിക്ക് ഐഡിയ കേട്ടപ്പോൾ തന്നെ ലാലു അലക്സ് സാറിന് സിനിമ വർക്കായെന്നും ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു എന്നും ശ്രീജിത്ത് ചന്ദ്രൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്താണ് ഇമ്പം?

ഇമ്പം ഒരു ഫാമിലി എന്റർടെയ്നർ ആണോ അതോ പൊളിറ്റിക്കൽ സിനിമയാണോ എന്ന് ചോദിച്ചാൽ കൃത്യമായിട്ട് ഒരു ലെെൻ വരച്ച് പറയാൻ ബു​ദ്ധിമുട്ടാണ്. ഈ സബ്ജക്ടിനെ നമ്മൾ കൺസീവ് ചെയ്തിരിക്കുന്നത് ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ എന്ന നിലയിലാണ്. ഫാമിലി ഓഡിയൻസ് തിയറ്ററിലെത്തുമ്പോൾ അവർക്ക് വളരെയധികം രസിക്കുന്ന ഫോർമാറ്റിലാണ് ഞങ്ങൾ ഇത് പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അതിൽ എല്ലാമുണ്ട്. പ്രായമായ ആളുകളുടെയും യൂത്തിന് യൂത്തിന്റെയും അങ്ങനെ എല്ലാ ​ഗ്രൂപ്പ് ഓഡിയൻസിലേക്കും റീച്ച് ചെയ്യാൻ പറ്റുന്ന രീതിയിലാണ് ഇമ്പത്തിന്റെ സ്ട്രക്ച്ചർ. പക്ഷേ നമ്മൾ സംസാരിക്കുന്ന വിഷയം എന്ന് പറയുന്നത് കോഴിക്കോട് ബേസ് ചെയ്തിട്ടുള്ള ചെറിയ ലോക്കൽ സർക്കുലേഷൻ മാത്രമുള്ള ഒരു പഴയകാല വാരികയുടെ, പുതിയ കാലത്തിലേക്ക് അഡാപ്റ്റ് ചെയ്യാൻ കഴിയാതെ പോയ ആ സ്ഥാപനത്തിന്റെ തിരിച്ചു പിടിക്കലിനെപ്പറ്റിയാണ്. അത്യാവശ്യം സെൻസിബിളായിട്ട് എഴുതുകയും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്ന ഒരു വാരികയുടെ പതനത്തിന്റെ ലാസ്റ്റ് പോയിന്റിൽ അതിനെ തിരിച്ചെടുക്കാൻ വേണ്ടിയിട്ട് അതിലേക്ക് വരുന്ന കാർട്ടൂണിസ്റ്റായിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ കഥാപാത്രമാണ് ചിത്രത്തിൽ ദീപക്കിന്. ആ സ്ഥാപനം നടത്തുന്ന ആളാണ് കരുണാകരൻ എന്ന് പേരുള്ള ലാലു അലക്സ് സാറിന്റെ കഥാപാത്രം. ഇവരുടെ ഒരു ഇമോഷനാണ് സിനിമയിൽ വർക്ക് ചെയ്യുന്നത്. ദീപക്കിന്റെയും ദർശനയുടെയും കഥാപാത്രങ്ങൾ ചേർന്ന് ആ സ്ഥാപനത്തെ ഒരു പുതിയകാലത്തിലേക്ക് അഡാപ്റ്റ് ചെയ്യാൻ പ്രാപ്തമാക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന രസകരമായിട്ടുള്ള ഒരുപാട് കാര്യങ്ങളും കോൺഫ്ലിക്ടുകളുമാണ് സിനിമയുടെ ഇതിവൃത്തം.

ഇമ്പം പേറുന്ന മനുഷ്യർ

സിനിമയിൽ സം​ഗീതത്തിന് വളരെ പ്രധാന്യമുണ്ട്. ശബ്ദം എന്ന പേരാണ് ആദ്യം സിനിമയ്ക്ക് വേണ്ടി നിശ്ചയിച്ചിരുന്നത്. ശബ്ദത്തിന്റെ കഥ പറയുന്ന രീതിയിൽ. പിന്നീട് അത് ഇമ്പമായി മാറിയത് എങ്ങനെ എന്നാൽ സിനിമയിലെ ശബ്ദം ഒരു ബാക് ഡ്രോപ്പാണ്. ശബ്ദം എന്ന പബ്ലിഷിങ്ങ് ഹൗസ് ഈ സിനിമയിലെ ഒരു കഥാപാത്രമാണ്. ശബ്ദം എന്ന പബ്ലിഷിം​ഗ് ഹൗസിനകത്ത് അവിടെ ഇടപഴകുന്ന മനുഷ്യരുടെ വികാരങ്ങളാണ് ശരിക്കും പറഞ്ഞാൽ ഇമോഷൻസാണ് ഈ സിനിമയുടെ ഹെെലെെറ്റ്. അവരുടെ കളിയും ചിരിയും തമാശയും പ്രണയവും എല്ലാമാണ് ഈ ചിത്രത്തിന്റെ ടോട്ടൽ ഫോർമുല എന്ന് പറയാം. നിതിൻ സാമുവൽ, കദംബരി, കരുണാകരൻ എന്ന് പറയുന്ന കുറയേറെ ആളുകൾ. ഇമ്പം പേറുന്ന മനുഷ്യരെന്ന് പറയാൻ പറ്റും ഇവരെയൊക്കെ. അതായത് ജീവതത്തിൽ ഇമ്പം ആ​ഗ്രഹിക്കുന്ന ആളുകളാണ് ഇവർ. ആ ഒരു അർത്ഥത്തിലാണ് ഈ പേര് വന്നത്. സിനിമ തീരുമ്പോഴാണ് യഥാർത്ഥത്തിൽ അവർ എന്താണ് തേടുന്നത് എന്ന് നമുക്ക് മനസ്സിലാവുക.

ലാലു അലക്സിലേക്ക്

സിനിമയുടെ ആദ്യ ​ഘട്ടത്തിൽ മറ്റൊരു ആർട്ടിസ്റ്റിനെയായിരുന്നു ‍ലാലു അലക്സിന്റെ കഥാപാത്രത്തിന് വേണ്ടി കണ്ടിരുന്നത്, എന്നാൽ മുമ്പ് പറഞ്ഞിരുന്ന ആ ആർട്ടിസ്റ്റിന് ഈ സിനിമ ചെയ്യാൻ പറ്റാതെ വരികയും അതേ സമയത്ത് ബ്രോ ഡാഡി എന്നൊരു പടം കൃത്യം ആ സമയത്ത് സംഭവിക്കുകയും ലാലു അലക്സ് സാർ ബ്രേക്കിന് ശേഷം തിരിച്ചു വരികയും ചെയ്തു. അദ്ദേഹത്തിനെ എല്ലാർക്കും റിലേറ്റ് ചെയ്യാൻ കഴിയും. കൂടാതെ അദ്ദേഹത്തിന് പ്രേക്ഷകർക്കിടയിൽ വലിയ റീച്ചും ഉണ്ട്. പെട്ടന്ന് ഒരു തോന്നൽ, എന്തുകൊണ്ട് ഈ കഥാപാത്രത്തിനെ അദ്ദേഹത്തിന്റെ മുഖത്തേക്ക് മാറ്റി ചിന്തിച്ചു കൂടാ എന്ന്. അങ്ങനെ വന്നപ്പോൾ ഞങ്ങൾ അദ്ദേഹവുമായി കോൺടാക്ട് ചെയ്യുകയും അദ്ദേഹത്തിന്റെ വീട്ടിൽ പോവുകയും ഉണ്ടായി. വീട്ടിൽ ചെന്ന് ഞാൻ ബേസിക്ക് ഐഡിയ പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് അത് വർക്കായി. നല്ല പരിപാടിയാണ്, കഥാപാത്രമാണ്, ഇത് ചെയ്യാം എന്ന് അദ്ദേഹം പറ‍ഞ്ഞു. മാത്രമല്ല ഒരു വലിയ ​ഗ്യാപ്പിന് ശേഷം അദ്ദേഹം ത്രൂ ഔട്ട് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇമ്പം. നായക തുല്യമായ വേഷം തന്നെയാണ് ഇമ്പത്തിൽ അദ്ദേഹത്തിനുള്ളത്,

കരുണാകരൻ അത്ര പാവമല്ല

സാധാരണ കാണുന്ന പോലെ ഇതൊരു പാവം മനുഷ്യൻ എന്നുള്ള രീതിയിൽ അല്ല അദ്ദേഹം ഈ സിനിമയിൽ, കുറച്ച് ട്രിക്കി പരിപാടികൾ ഒക്കെയുണ്ട് ഈ കഥാപാത്രത്തിന്. എന്നാൽ അത്യാവശ്യം മറ്റുള്ളവരെ സഹായിക്കുന്ന ചിലയിടങ്ങളിൽ നിസ്സാഹായനായി പോകുന്ന ഒരു കഥാപാത്രം തന്നെയാണ് ഇതും. കോഴിക്കോടുള്ള ഒരു മാധ്യമ പ്രവർത്തകൻ അല്ലെങ്കിൽ ഒരു പബ്ലിഷിം​ഗ് ഹൗസിന്റെ ഓണർ എന്നുള്ള രീതിയിലാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. വളരെ രസകരമായിട്ടുള്ള കഥാപാത്രമാണ് കരുണാകരൻ. എല്ലാ ആളുകളോടും നല്ലപോലെ ചിരിച്ച് സംസാരിക്കുന്ന, ഇടപെടുന്ന, എന്നാൽ തന്റെ കാര്യം നടത്തിയെടുക്കാൻ ട്രിക്കുകൾ ഒപ്പിക്കുന്ന ഒരാളാണ് അയാൾ, അതേസമയം സാമ്പത്തിക പ്രതിസന്ധികളിൽ നിസ്സഹായനായി പോകുന്ന ഒരു കഥാപാത്രം കൂടിയാണ് കരുണാകരൻ. കോംപ്ലക്സ് ക്യാരക്ടറാണ് അയാൾ. പൂർവ്വ കാലത്ത് വളരെ ഊർജ്വസ്വലനായിട്ടുള്ള ഒരാളും കൂടിയായിട്ടാണ് നമ്മൾ അയാളെ പറഞ്ഞു വയ്ക്കുന്നത്. പക്ഷേ അയാൾക്ക് ജീവിതത്തിൽ ജയിച്ച് കയറാനോ, വിജയങ്ങൾ ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല, എന്നാൽ പിന്നീട് ഈ ചെറുപ്പക്കാർ അയാളുടെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് അയാൾക്ക് ഉണർവ്വ് വരുന്നത്.

ചെരാതുകളിൽ നിന്നും ഇമ്പത്തിലേക്ക്

ചെരാതുകൾ എന്ന സിനിമയിൽ നർത്തകി എന്ന സെ​ഗ്മെന്റാണ് ഞാൻ ചെയ്തത്. ഒരു മുപ്പത് മിനിറ്റിന് അകത്തുള്ള ഒരു ചെറിയ സെ​ഗ്മെന്റായിരുന്നു അത്. നർത്തകി എന്ന് പറയുന്നത് ശരിക്കും പറഞ്ഞാൽ കുറച്ച് ക്ലാസ്സിക്കായിട്ടുള്ള വർക്കായിരുന്നു. അത് ഒരു ജനറൽ ഓഡിയൻസിനെക്കാളും ഫിലിം ഫെസ്റ്റിവൽ സർക്കിളിൽ ഒക്കെയാണ് ആ പ്രൊജക്ട് കൂടുതലും വർക്കായത്. എന്നാൽ അത് കണ്ട എല്ലാവർക്കും ആ സിനിമ ഇഷ്ടമാവുകയും വളരെ നല്ല രീതിയിലുള്ള അപ്രീസിയേഷൻ പലരിൽ നിന്നുമായിട്ട് എനിക്ക് വരികയും ചെയ്തു. ഒരു കംപ്ലീറ്റ് എന്റർടെയ്നർ സിനിമകളാണ് ജനറലി എനിക്ക് ചെയ്യാൻ ഇഷ്ടമുള്ളത്. അങ്ങനെ തന്നെയാണ് ഞാൻ ഇമ്പവും ഉദ്ദേശിച്ചത്. നർത്തകി എന്നു പറയുന്നത് ചെരാതുകൾ എന്ന സിനിമയുടെ സെ​ഗ്മെന്റിൽ വേറൊരു രീതിയിൽ ചെയ്ത വർക്ക് മാത്രമാണ്. മാത്യു സാർ എന്നോട് ആവശ്യപ്പെട്ടത് എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന നല്ലൊരു എന്റർടെയ്നർ വേണം എന്നായിരുന്നു. അങ്ങനെയാണ് ഇമ്പത്തിലേക്ക് എത്തുന്നത്.

ഇമ്പം എന്ന ചെറിയ സിനിമ

ജനറലി ആളുകൾക്ക് എപ്പോഴും സ്റ്റാർഡത്തോട് അല്ലെങ്കിൽ സിനിമയിൽ വലിയ താരങ്ങളാണോ ഉള്ളതെന്ന് നോക്കുന്നത് സ്വാഭാവികമാണ്. പക്ഷേ നമുക്ക് വലിയ താരങ്ങൾ ഇല്ലെങ്കിലും വലിയ സ്റ്റാർഡം ഇല്ലാ എന്ന് പറയാൻ പറ്റുമോ? എനിക്ക് അറിയില്ല, കാരണം ഇതിൽ ഒരുപാട് ​എക്സ്പീരിയൻസ്ഡായിട്ടുള്ള ഗ്രേറ്റസ്റ്റ് ആർട്ടിസ്റ്റുകൾ അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ് സാർ അടക്കമുള്ളവർ. പുതുമഖങ്ങളെ അല്ല നമ്മൾ ഉപയോ​ഗിച്ചിരിക്കുന്നത്. ഇൻഡസ്ട്രിയിൽ എക്സ്പീരിയൻസ്ഡായിട്ടുള്ള ആർട്ടിസ്റ്റുകളെയാണ് മേജറായിട്ടുള്ള എല്ലാ ഏരിയകളിലും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ കോണ്ടന്റ് വർക്കാവും എന്നാണ് ‍ഞാനും നിർമാതാവും വിശ്വസിക്കുന്നത്. ആ വിശ്വാസം ആർട്ടിസ്റ്റുകൾക്കും ഉണ്ട്. ട്രെയ്ലറും പാട്ടുകളും ഒക്കെ കണ്ടു കഴിഞ്ഞാൽ തന്നെ മനസ്സിലാകും ജനറലി എല്ലാ പ്രേക്ഷകരിലേക്കും റീച്ച് ചെയ്യാവുന്ന തരത്തിലാണ് ഞങ്ങൾ ഈ സിനിമയെ എടുത്തിരിക്കുന്നത് എന്ന്. പ്രിവ്യുവിന്റെ സമയത്ത് ഡിസ്ട്രിബ്യൂട്ടേഴ്സിനൊക്കെ സിനിമ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. വലിയ സ്റ്റാർഡം ഇല്ലായെങ്കിലും നല്ല കോണ്ടന്റ് ആണെന്നുണ്ടെങ്കിൽ കേരളത്തിലെ തിയറ്ററുകളിൽ സിനിമകൾ നിറഞ്ഞോടിയത് കഴിഞ്ഞ കാലത്ത് നമ്മൾ കണ്ടിരുന്നല്ലോ? ആ വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. എന്തായാലും ജനങ്ങൾ വന്ന് കാണും എന്ന വിശ്വാസമുണ്ട്. മാത്രമല്ല അവർക്ക് നല്ലൊരു എന്റർടെയ്നർ തന്നെ കൊടുക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഞങ്ങൾ. സ്ട്ര​ഗിളിം​ഗ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഫെെനലി സിനിമ തിയറ്ററുകളിലേക്ക് വരികയാണല്ലോ.

തിയറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായോ?

സ്ക്രീൻ കിട്ടാനുള്ള ബുദ്ധിമുട്ട് ഇമ്പം എന്ന സിനിമയ്ക്ക് മാത്രമല്ല, മലയാളത്തിലെ റിലീസിന് തയ്യാറെടുക്കുന്ന പല സിനിമകൾക്കും തിയറ്റേഴ്സ് അവെെലബിൾ അല്ലാത്ത സിറ്റുവേഷൻസ് ഉണ്ട്. പല സമയങ്ങളിലും ഞങ്ങൾ റിലീസിന് വേണ്ടി ശ്രമിച്ചിരുന്നു. വലിയ സിനിമകൾ ഇല്ലാത്ത സമയങ്ങളിലും നോക്കിയിരുന്നു. പക്ഷേ ലിയോയ്ക്ക് ശേഷം ഒരു വൺ വീക്ക് കഴിഞ്ഞപ്പോൾ തിയറ്ററുകൾ വീണ്ടും മലയാള സിനിമകൾക്കായി തുറന്ന് വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇനി അടുത്ത കുറച്ച് സീസൺ മിക്കവാറും മലയാള സിനിമകൾക്കായിട്ടുള്ള സമയമായിരിക്കും എന്നാണ് വിശ്വസിക്കുന്നത്. പിന്നെ സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അത് തിയറ്ററിൽ നിൽക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ആ വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.

പ്രേക്ഷകരോട്...

ഇമ്പം എന്ന് പറയുന്ന പേര് എന്താണോ ഉദ്ദേശിക്കുന്നത് അത് പൂർണ്ണമായിട്ടും ഈ സിനിമയിൽ ഉണ്ട്. എല്ലാ രീതിയിലും രസകരമായിട്ടുള്ള, ഫാമിലി ഓഡിയൻസിനും യൂത്തിനും മാത്രമല്ല ഏത് ലെവൽ ഓഡിയൻസിനും എൻജോയ് ചെയ്തിരുന്ന് കാണാൻ പറ്റുന്ന സിനിമയായിരിക്കും ഇമ്പം. ഇത് വെറും വാക്കായി പറയുന്നതല്ല, പ്രിവ്യു നടത്തിയ സമയത്ത് അതിൽ നിന്നും വന്ന റെസ്പോൺസ് വച്ചാണ് ഞാൻ ഇത് പറയുന്നത്. പ്രേക്ഷർക്ക് നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് സിനിമ നൽകും. ഉറപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in