
വംശീയവിദ്വേഷമെന്ന ആശയപരിസരത്തെ മുൻനിർത്തി കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച രണ്ട് അന്താരാഷ്ട്ര സിനിമകളെക്കുറിച്ച് അമൽ ദാസ്.സി എഴുതുന്നു
കപട ദേശീയതയെയും വംശീയ സവിശേഷതകളെയും സാമുദായിക മുൻവിധികളെയും മുൻനിർത്തിയുള്ള ധ്രുവീകരണം ശക്തമാക്കി തീവ്രവലതുപക്ഷം ലോകരാഷ്ട്രീയത്തിൽ പിടിമുറുക്കിയിരിക്കുന്ന സമയമാണിത്. സമൂഹത്തിൽ ഈ ഭിന്നിപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്ന കലാസൃഷ്ടികൾ ഈ രാഷ്ട്രീയാന്തരീക്ഷത്തിന് നേരെയുള്ള പ്രതിരോധം കൂടിയാണെന്നതിൽ തർക്കമില്ല. ജനകീയവും വലിയ സ്വാധീനശക്തിയുമുള്ള മാധ്യമമെന്ന നിലയ്ക്ക് സിനിമയിലും ഈ പ്രതിഭാസത്തെ കുറിച്ചുള്ള അന്വേഷണങ്ങളുണ്ടാവും.
വംശീയ വിദ്വേഷം (xenophobia) പ്രമേയമാക്കിയ ഒന്നിലധികം ചിത്രങ്ങൾ ഇരുപത്തേഴാമത് കേരള രാജ്യാന്തരചലച്ചിത്രമേളയിൽ (ഐ എഫ് എഫ് കെ) പ്രദർശിപ്പിച്ചിരുന്നു. വംശീയവിദ്വേഷമെന്ന ആശയപരിസരത്തെ മുൻനിർത്തിയുള്ള അത്തരം രണ്ട് ചലച്ചിത്ര സൃഷ്ടികളെ കുറിച്ചുള്ള അവലോകനമാണ് ഈ കുറിപ്പ്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വലിയ ചർച്ചകൾക്കിടയാക്കിയ ചിത്രങ്ങളാണ് ഇവ രണ്ടും. സ്പാനിഷ് സംവധായകൻ Rodrigo Sorogoyen-ന്റെ ‘The Beasts' (2022) ആണ് ആദ്യത്തേത്. റൊമേനിയയിൽ നിന്നുള്ള പ്രമുഖ സംവിധായകൻ Chrystian Mungiu-ന്റെ R.M.N. (2022) എന്ന സിനിമയാണടുത്തത്. തങ്ങൾക്ക് ചുറ്റുമുള്ള വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രമേയമാക്കുകയും പലപ്പോഴും പൊതുമധ്യത്തിൽ തന്നെ അവയോടു പ്രതികരിക്കുകയും ചെയ്യുന്നവരാണ് ഈ രണ്ട് സംവിധായകരും. വംശീയവിദ്വേഷമെന്ന തീർത്തും പ്രസക്തമായ വിഷയമാണ് തങ്ങളുടെ പുതിയ സിനിമകൾക്കായി ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്.
ഗലീഷ്യൻ മലയിടുക്കുകളുടെ നിഗൂഢ വന്യതയും കയറുപൊട്ടിക്കുന്ന മനുഷ്യരും
‘The Beasts'- 'ൽ സ്പെയിനിലെ ഗലീഷ്യൻ മലമേഖലയാണ് കഥാ പശ്ചാത്തലം. കാർഷികവൃത്തിയും അതിനോടനുബന്ധിച്ച മറ്റ് തൊഴിലുകളും പാരമ്പര്യമായി ചെയ്തുവരുന്നൊരു ഗ്രാമമാണിത്. വലിയ വികസനപദ്ധതികളോ വ്യവസായങ്ങളോ ഇല്ലാത്ത ഈ നാട്ടിലെ മനുഷ്യർക്ക് മലയിടുക്കുകളിലുള്ള ഭൂമിയും പ്രവിശ്യക്ക് മുകളിലുള്ള സ്വയംഭരണാവകാശവുമാണ് ആകെയുള്ള ചില സവിശേഷാധികാരങ്ങൾ. തങ്ങളുടെ ജീവിതത്തിലെ വിശ്രമകാലം ചിലവഴിക്കാൻ ഈ ഗ്രാമത്തിൽ എത്തിപ്പെട്ട ഫ്രഞ്ച് ദമ്പതിമാരാണ് കഥയിലെ കേന്ദ്രബിന്ദു. വിദ്യാസമ്പന്നരും നോക്കിലും നടപ്പിലും പരിഷ്കാരികളുമായ ഇവർ ഗ്രാമവാസികൾക്കിടയിൽ വലിയ ചർച്ചാവിഷയമാണ്. പുറംനാട്ടിൽ നിന്നെത്തിയ ഇവർ ഓർഗാനിക് കൃഷിയും പൊളിഞ്ഞുപോയ വീടുകൾ പുതുക്കിപ്പണിതും ഇവിടെ വേരുറപ്പിച്ചിരിക്കുന്നു. ഈ ദമ്പതിമാരുടെ ജീവിതവിജയം ദുരിതക്കയത്തിലാണ്ട ആ കാർഷികഗ്രാമത്തിലെ പലർക്കുമിടയിൽ അസൂയയും വെറുപ്പും സൃഷ്‌ടിക്കുകയാണ്. ആ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുമെന്ന കൊട്ടിഘോഷത്തോടെ കൊണ്ടുവന്ന ഒരു കാറ്റാടി ടർബൈൻ പദ്ധതിയെ ഈ ദമ്പതിമാർ നിശിതമായി എതിർക്കുന്നു. ഇതോടെ ഗ്രാമവാസികളിൽ പലരും ഇവർക്കെതിരെ തിരിയുകയാണ്. അവരുടെ അയൽവാസികളായ രണ്ട് സഹോദരന്മാരാണ് ഈ വിദ്വേഷ പ്രചരണത്തിന് മുന്നിൽ നിൽക്കുന്നവർ. മെല്ലെമെല്ലെ ഈ പ്രചാരവേല പ്രകടമായ അസഹിഷ്ണുതയിലേക്കും ശകാരവർഷത്തിലേക്കും, കായികമായ ഏറ്റുമുട്ടലിലേക്കും മാറുകയാണ്. ഒടുക്കം വലിയൊരു ദുരന്തം സംഭവിക്കുന്നു.
ഓർഗാനിക് കൃഷി ചെയ്ത് ജീവിക്കുന്ന ഫ്രഞ്ച് ദമ്പതിമാരുടെ നിത്യവൃത്തികളിൽ പലതിലും അസഹിഷ്ണുത തോന്നുന്നവരാണ് അവരുടെ അയൽക്കാർ. അവരുടെ കണ്ണിൽ ഈ ദമ്പതിമാർ ജീവിതവിജയം നേടിയവരാണ്. ഈ വിജയം നൽകുന്ന സാമ്പത്തിക, സാമൂഹ്യ മൂലധനം ദമ്പതിമാർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നു. ഗ്രാമവാസികൾക്ക് തങ്ങളുടെ നാടിനെ അതിന്റെ പൂർണതയിൽ ഉപയോഗപ്പെടുത്തുന്ന പരാദങ്ങളാണത്രെ ഈ ഫ്രഞ്ചുകാർ. ഇത് സമകാലികസമയത്തെ അധിനിവേശമായാണ് ഈ കൂട്ടർ കാണുന്നത്. ഫ്രഞ്ചുകാർ നയിക്കുന്ന ഏതോ ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ ദമ്പതിമാർ ആ ഗ്രാമത്തിന്റെ അഭിമാനപദ്ധതിയെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കാറ്റാടി ടർബൈൻ പദ്ധതിയിൽ പങ്കുചേരാത്തതെന്ന് അയൽക്കാർ സംശയിക്കുന്നു. ആ പദ്ധതി നടപ്പിലാവുമ്പോൾ ഭൂമി വിട്ടുകൊടുത്തതിൽ നിന്ന് ലഭിക്കുന്ന പണവുമായി മറ്റൊരു നാട്ടിൽ ചെന്ന് രക്ഷപ്പെടാമെന്ന സ്വപ്നത്തിനു മുന്നിലെ ഏകതടസ്സം ഈ ദമ്പതിമാരുടെ നിരാസമാണത്രെ. ഈ വെറുപ്പിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ സാമൂഹികജീവിതത്തിന്റെ സാധ്യമായ എല്ലാ തുറകളിലും ഫ്രഞ്ചുകാരെ വേട്ടയാടുകയാണ് ഈ അയൽക്കാർ. ആദ്യമൊക്കെ ഈ വിദ്വേഷമനോഭാവത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഫ്രഞ്ച് കുടുംബനാഥൻ പിന്നീട് അതിനെ അഭിമുഖീകരിക്കാനും സാധ്യമായ എല്ലാ രീതിയിലും പ്രതിരോധിക്കാനും ശ്രമിക്കുന്നു. അതിനിടയിലുണ്ടാകുന്ന മാനസികവും കായികവുമായ പല സംഘർഷങ്ങളുമാണ് ഞെട്ടിക്കുന്ന പരിസമാപ്തിയിലേക്കെത്തുന്നത്.
ഇങ്ങനെ നിത്യജീവിതത്തിലെ ലളിതമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന മുഹൂർത്തങ്ങളിൽ നിന്നും വസ്തുക്കളിൽ നിന്നും പ്രക്രിയകളിൽ നിന്നും ഉദ്വേഗം ജനിപ്പിക്കാനുള്ള സോറോഗോയന്റെ കഴിവാണ് സിനിമയിലെ പരാമർശിക്കേണ്ട ഘടകം. ഭീതിയുണ്ടാകുന്നത് ആർത്തടിക്കുന്ന ഹിംസയിൽ നിന്ന് മാത്രമല്ല, നിത്യവൃത്തികളിലെ സൂക്ഷ്മമായ ഘടകങ്ങളിൽ നിന്നു പോലും ഉയർന്നു വരുന്ന അസഹിഷ്ണുതയിൽ നിന്നും വെറുപ്പിൽ നിന്നും കൂടിയാണെന്ന് അദ്ദേഹം കാഴ്ചക്കാരനെ ഓർമിപ്പിക്കുന്നു. അതിനായി തെരഞ്ഞെടുത്തിരിക്കുന്ന പല കഥാസന്ദർഭങ്ങളും പിടിച്ചിരുത്തുന്നവയാണ്. സിനിമയുടെ തുടക്കത്തിലെ രണ്ട് സീക്വൻസുകൾ തന്നെ ഇതിനുദാഹരണം. ഗലീഷ്യയിലെ പ്രസിദ്ധമായ ‘പിശാചിന്റെ ക്ഷൗര’ (Rapa das Bestas) ത്തിനിടയിൽ കാട്ടുകുതിരകളെ മെരുക്കുന്ന നീണ്ട രംഗത്തിലാണ് ചിത്രമാരംഭിക്കുന്നത്. അതിനു ശേഷം വരുന്ന ഗ്രാമീണരുടെ ഡോമിനോ കളി അവർക്കിടയിൽ ശക്തിപ്പെടുന്ന വംശീയവിദ്വേഷത്തെ ആവിഷ്കരിക്കുന്നു. സിനിമയ്ക്കിടയിൽ വരുന്ന ഒരു സുപ്രധാന രംഗം ആദ്യഭാഗത്തെ കുതിര സീക്വൻസിനോട് പ്രതീകാത്മകമായ സമാനരീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് ശ്വാസമടക്കി പിടിച്ചേ കണ്ടുതീർക്കാനാവൂ. നിത്യജീവിതത്തിലെ വളരെ സൂക്ഷ്മമായ, എന്നാൽ ഏതൊരു മനുഷ്യന്റെയും സ്വത്വത്തെ നിർണയിക്കുന്ന കാര്യങ്ങളിലൂന്നിയ ഈ വ്യവഹാരങ്ങളാണ് ചിത്രത്തിന്റെ ഭയാനകാന്തരീക്ഷം ഉറപ്പിക്കുന്നത്.
ഈ ആവിഷ്കാരത്തിനായി സോറോഗോയൻ ഉപയോഗിക്കുന്ന വിഷ്വൽ ഭാഷ എടുത്തുപറയേണ്ടത് തന്നെ. കൂൾ കളർ ടെമ്പറേച്ചറിൽ, കോൺട്രാസ്റ്റ് കൂടിയ കളർ ഗ്രേഡിംഗ് ആണ് ചിത്രത്തിലുപയോഗിച്ചിരിക്കുന്നത്. കഥ നടക്കുന്ന ഭൂമികയുടെ ഭീകരതയും അതിന്റെ ജഡത്വവും ഇതിൽ നിന്ന് അനുഭവവേദ്യമാകുന്നു. വളരെ നിയന്ത്രിതമായ ലൈറ്റിങ് മാത്രമാണ് സിനിമയിലുള്ളത്. ആഖ്യാനത്തിന്റെ ശക്തി കൂട്ടാൻ ഇതുമുപകരിക്കുന്നു. കട്ട് ഇല്ലാത്ത ധാരാളം ലോങ്ങ് ടേക്കുകളിലാണ് ഇതിലെ വ്യവഹാരങ്ങൾ നടക്കുന്നത്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ സൂക്ഷ്മമായി ഒപ്പിയെടുക്കാനും അന്തരീക്ഷത്തിന്റെ ഭീകരത കൂടുതൽ ആഴമുള്ളതാക്കാനും ഈ രീതി സഹായിക്കുന്നുണ്ടെന്ന് കാണാം.
മനുഷ്യർക്കിടയിൽ വളർന്നുവരുന്ന വംശീയവിദ്വേഷത്തെ സൂക്ഷ്മമായി അടയാളപ്പെടുത്താൻ സോറോഗോയൻ ഇത്തരം ആഖ്യാന തന്ത്രങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകളെ പുതുക്കിക്കൊണ്ടാണ് ഈ പരീക്ഷണങ്ങളെല്ലാം നടക്കുന്നത് തന്നെ. എന്നാൽ ഇത്തരമൊരു സാമൂഹ്യ പ്രതിഭാസത്തെ സമഗ്രമായി ചിത്രം ആവിഷ്കരിക്കുന്നുണ്ടോയെന്ന് സംശയമാണ്. ഗ്രാമീണവാസികളുടെ സാമൂഹിക പിന്നോക്കാവസ്ഥയാണ് ഈ വിദ്വേഷത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് പലയിടത്തും പരാമർശിക്കുന്നുണ്ട്. എന്നാൽ വിശാലമായ ഒരു പരിപ്രേക്ഷ്യത്തിൽ ഈ വിഷയത്തെ പ്രതിഷ്‌ഠിക്കാൻ സിനിമയുടെ സ്രഷ്ടാക്കൾക്ക് സാധിക്കുന്നില്ല. കേവലമായ മനുഷ്യസ്നേഹത്തിലൂടെ ഈ അസഹിഷ്ണുതയെ മറികടക്കാമെന്നാണ് ചിത്രം മുന്നോട്ടുവെക്കുന്ന വാദം. നിയോലിബറൽ മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന ഘടനാപരമായ മാറ്റങ്ങളാണ് വംശീയ വിദ്വേഷം പോലുള്ള തീവ്രവലതുപക്ഷവാദങ്ങൾക്ക് ശക്തിപകരുതെന്ന കാര്യം സ്രഷ്ടാക്കൾ വിട്ടുപോകുന്നുണ്ട്.
വംശീയ വിദ്വേഷത്തിന്റെ അർത്ഥശാസ്ത്രം
അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ സുഗമമായ ഒഴുക്കിനും ലോകത്തെമ്പാടുമുള്ള തൊഴിൽശക്തിയെ ചൂഷണം ചെയ്ത് മൂലധനശേഖരം കുന്നു കൂട്ടാനുമുള്ള (primitive accumulation of capital) പുതിയ വഴികളൊരുക്കുന്ന സാമ്പത്തിക നിലപാടുകളാണ് ഇന്ന് പല ഭരണകൂടങ്ങളും കൈക്കൊള്ളുന്നത്. വൻകിട കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭം ഭരണകൂടം ചെയ്തുകൊടുക്കുന്ന ഇളവുകൾ വഴി ബില്യൺ കണക്കിന് കൂടുന്നു. എന്നാൽ മറുവശത്ത് നിലവിലുള്ള തൊഴിലാളി അനുകൂല, കർഷക അനുകൂല ക്ഷേമ പദ്ധതികളിൽ നിന്നും സേവന പരിപാടികളിൽ നിന്നും ഭരണകൂടം പിൻവലിയുകയാണ്. ധന കമ്മി കൂട്ടുമെന്ന പേര് പറഞ്ഞാണ് ഈ പിന്മടക്കം. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം പ്രവർത്തനക്ഷമതയും ലാഭവുമില്ലെന്ന പേര് പറഞ്ഞു അവയെ സ്വകാര്യവൽക്കരിക്കുന്നു. ഇത് തൊഴിലാളി-കർഷക വർഗ്ഗങ്ങളെ കൂടുതൽ പാപ്പരീകരിക്കുകയാണ്. കാർഷിക വൃത്തി വിട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാവുകയാണ് ലോകത്തെവിടെയുമുള്ള ഗ്രാമീണ ജനത. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. സംഘടിതമേഖലയിൽ തൊഴിൽ സാദ്ധ്യതകൾ കുറയുന്നതോടെ സ്ഥിരം തൊഴിൽ എന്ന ആശയം തന്നെ ഇല്ലാതാവുകയാണ്. മൂലധനത്തിന്റെ അന്താരാഷ്ട്ര ഒഴുക്ക് എന്നത് തൊഴിലാളികളുടെ സംഘടിതമായ വിലപേശൽ ശേഷിയെ ഇല്ലാതാക്കുന്നു. സുരക്ഷിതത്വമുള്ള ജോലി എന്നത് സ്വപ്നം മാത്രമായ ബഹുഭൂരിപക്ഷം മനുഷ്യർ നിലനിൽപ്പിനായി എന്തും ചെയ്യണമെന്ന അവസ്ഥയാണിപ്പോൾ. ഇത് ട്രേഡ് യൂണിയനുകൾക്കും കർഷക സംഘടനകൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഈ അവശവിഭാഗങ്ങളെ മുൻനിർത്തി സമരമുന്നേറ്റങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ദുഷ്‌കരമാക്കുന്നുണ്ട്. പാപ്പരാവുന്ന ഈ ജനവിഭാഗങ്ങളുടെ അരക്ഷിതബോധത്തെ മുതലെടുത്തു വർഗീയ രാഷ്ട്രീയവും ഫാസിസ്റ്റു സ്വഭാവമുള്ള കപടദേശീയവാദവും വളരുകയാണ്.
ഈ സങ്കീർണാന്തരീക്ഷത്തിന്റെ ഉത്പന്നമാണ് മനുഷ്യർക്കിടയിൽ വളർന്നുവരുന്ന വംശീയവിദ്വേഷം. 'The Beasts' ഈ പ്രശ്നത്തെ സമഗ്രമായ രീതിയിൽ അഭിസംബോധന ചെയ്യുന്നില്ലെന്ന് പറയേണ്ടി വരും. എന്നാൽ ആർ.എം.എൻ വിശദമായി തന്നെ ഈ വാദം പരിഗണനക്കെടുക്കുന്നുണ്ട്.
വംശവെറിയുടെ എം.ആർ.ഐ പരിശോധന
എം.ആർ.ഐ സ്കാനിനെ ദ്യോതിപ്പിക്കുന്ന റൊമേനിയൻ പദമാണ് ‘ആർ.എം.എൻ’. ട്രാൻസിൽവാനിയയാണ് ആർ.എം.എൻ-ന്റെ കഥാപരിസരം. ജർമൻ, ഹംഗേറിയൻ, റൊമേനിയൻ തുടങ്ങിയ വിവിധ ദേശീയ സ്വത്വങ്ങളിലുള്ളവർ തിങ്ങിപ്പാർക്കുന്ന ഒരിടമാണിത്. ആ പ്രവിശ്യയിലുള്ളവർ തൊഴിൽ തേടി പുറത്തുപോകുന്നു. അവിടെയുള്ള ബ്രെഡ് നിർമാണ ഫാക്ടറിയിൽ തൊഴിലെടുക്കാൻ പ്രദേശവാസികൾ തയ്യാറാകാത്തതിനാൽ കുടിയേറ്റത്തൊഴിലാളികളെ തൽസ്ഥാനത്ത് നിയമിക്കുകയാണ് കമ്പനി അധികൃതർ. വിവിധ സ്വത്വങ്ങളിലുള്ളവരുള്ള ആ നാട് ശ്രീലങ്കയിൽ നിന്നുള്ള ഈ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനായി നടത്തുന്ന പ്രതിലോമപ്രവർത്തനങ്ങളാണ് ചിത്രത്തിന്റെ കാതൽ. പ്രധാന കഥാപാത്രങ്ങളായി വരുന്ന വ്യക്തികൾ ഈ പ്രതിസന്ധിയുടെ രണ്ടറ്റങ്ങളിൽ തങ്ങളുടേതായ ജീവിതപ്രശ്ങ്ങളുമായി കുടുങ്ങി നിൽക്കുകയാണ്.
യൂറോപ്യൻ യൂണിയനിൽ ഏറ്റവുമവസാനം ലയിച്ച രാജ്യങ്ങളിലൊന്നാണ് റൊമേനിയ. ഇയു-വിൽ അംഗത്വം ലഭിക്കുന്നതോടെ ഏതൊരു രാജ്യവും വിവിധ സാമ്പത്തിക സഹായങ്ങൾക്കായി തങ്ങളുടെ നിയമങ്ങൾ മാറ്റിവെക്കേണ്ടതുണ്ട്. മൂലധനത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള കുത്തൊഴുക്ക് സുഗമമാക്കുന്നതിനും ഉത്പാദനം കൂട്ടാനും വിലകുറഞ്ഞ തൊഴിൽശക്തി ലഭ്യമാക്കുന്നതിനും വിവിധ നടപടികളുമെടുക്കണം. ഇ.യു ഗ്രാന്റ് ലഭിക്കാൻ കുടിയേറ്റത്തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന പരിപാടി ഇത്തരത്തിലൊന്നാണ്. നിയോലിബറൽ മുതലാളിത്തം യൂറോപ്പിൽ വിവിധ പ്രതിസന്ധികൾ നേരിടുന്ന സമയമാണിത്. തൊഴിലും കൂലിയും ഇല്ലാതെ പൊറുതിമുട്ടുന്ന ജനത കുടിയേറ്റ നിയമങ്ങൾ ശക്തമാക്കുന്നതിനും ഇയുവിൽ നിന്ന് പുറത്തുപോകാനും വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നതിന്റെ പിന്നിലുള്ള കാരണങ്ങൾ ഈ പ്രതിസന്ധികളാണ്. ബ്രിട്ടനിലുണ്ടായ ബ്രെക്സിറ്റ് ഇവിടെ ഓർക്കാം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം വിവിധ പ്രതിസന്ധികളിലുഴലുന്ന റൊമേനിയയിലും ഇതിന്റെ അനുരണനങ്ങൾ കാണാവുന്നതാണ്. തീവ്രദേശീയതയിലൂന്നിയ വംശീയ മുന്നേറ്റങ്ങൾ കുടിയേറ്റക്കാർക്കെതിരെയും അവർക്കുള്ള വിവിധ ക്ഷേമപദ്ധതികൾക്കെതിരെയും ഇയർന്നു വരുന്നു. ഇതിനെ മുതലാക്കി രാഷ്ട്രീയലാഭം കൊയ്യുന്ന തീവ്രവലതുപക്ഷവും മറ്റൊരു വശത്തുണ്ട്.
ഈ സങ്കീർണ പ്രതിസന്ധിയെ ആണ് ‘ആർ.എം.എൻ’ തുറന്നുകാട്ടാൻ ശ്രമിക്കുന്നത്. നീല നിറമുള്ള ഫ്രെയിമുകൾ ഈ പ്രശ്‌നത്തിന്റെ ഭീകരതയെയും റൊമേനിയയുടെ ശൈത്യകാലത്തെ ജഡിലതയെയും കാഴ്ചക്കാർക്ക് അനുഭവേദ്യമാക്കുന്നു. മുൻജ്യുവിന്റെ മറ്റ് സിനിമകളിലുള്ളത് പോലെ നിയന്ത്രിത ഇടങ്ങളിൽ സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്ന ക്യാമറ സവിശേഷ സാഹചര്യത്തെ പൂർണമായി വെളിവാക്കുന്ന രീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. ആ ചുറ്റുപാടിനകത്ത് കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കാൻ കാഴ്ചക്കാരെ നയിക്കുന്ന ഈ ലോങ്ങ് ടേക്ക് ആഖ്യാന തന്ത്രം ഗംഭീരം തന്നെ. കുടിയേറ്റ തൊഴിലാളികളെ പൊറുപ്പിക്കണോ വേണ്ടയോ എന്ന വിഷയത്തിൽ പ്രദേശവാസികളെല്ലാം ഒന്നിച്ച് പള്ളിയിലിരുന്ന് ചർച്ച ചെയ്യുന്നൊരു രംഗം ചിത്രത്തിലുണ്ട്. സ്റ്റാറ്റിക് ആയി വെച്ചിരിക്കുന്ന ക്യാമറക്ക് മുന്നിൽ ഒരു നാട് മുഴുവനിരുന്ന് തങ്ങളുടെ വിവിധ ചിന്തകൾ പങ്കുവെക്കുന്ന ഒരു നീണ്ട രംഗം. ഇരുപത് മിനിട്ടിനടുത്ത് ദൈർഘ്യമുള്ള ഈ രംഗത്തിൽ മെല്ലെ തുടങ്ങുന്ന വാദപ്രതിവാദങ്ങൾ ചൂട് പിടിച്ച ചർച്ചകൾക്കും വിദ്വേഷ വാദങ്ങൾക്കും വഴിവെക്കുന്നു. കാഴ്ചക്കാരന് മുന്നിൽ ഒരു പ്രാദേശികസമൂഹത്തിന്റെ പൊതുമനോനിലയെ ഇങ്ങനെ ഉദ്വേഗഭരിതമായി ആവിഷ്കരിച്ചിരിക്കുന്നത് പ്രത്യേകം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ വംശീയവെറിയെ കീറിമുറിച്ചു കാണിക്കുന്ന ഒരു ‘എംആർഐ സ്കാൻ’ ആണിവിടെ നടക്കുന്നത്. ഈ രംഗം കാഴ്ചക്കാരിൽ വലിയ അസ്വസ്ഥത ഉളവാക്കും. ഇതോടൊപ്പം ഹൈകോൺട്രാസ്റ്റ് വിഷ്വലുകളും കുറഞ്ഞ ലൈറ്റിംഗും ഒഴുക്കുള്ള എഡിറ്റിംഗും കൂൾ കളർ ടെമ്പറേച്ചർ രീതിയും സിനിമയ്ക്ക് വലിയ മാനങ്ങൾ നൽകുന്നു
ആയർത്ഥത്തിൽ .‘ആർ.എം.എൻ’ വംശീയ വിദ്വേഷമെന്ന സാമൂഹ്യ പ്രതിഭാസത്തിന് പുറകിലെ അർത്ഥശാസ്ത്രം (political economy) ആഖ്യാനത്തിൽ കൊണ്ടുവരാൻ ശ്രമിച്ചൊരു ചിത്രമാണ്. എന്നാൽ കഥാപാത്രങ്ങളുടെ ഭൗതികാവസ്ഥയും മനോനിലയും കാണിക്കാനായി കൊണ്ടുവന്ന പല സങ്കേതങ്ങളും സിനിമയെ വല്ലാതെ ദുർഗ്രഹമാക്കിയെന്ന് പറയാതെ വയ്യ. അടിസ്ഥാന കഥാപരിസരവും അതിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ചട്ടക്കൂടും നല്ലതു തന്നെ. എന്നാൽ ഫാന്റസിയുടെയും സർറിയലിസത്തിന്റെയും സങ്കേതങ്ങൾ കൊണ്ടുവന്ന് ആഖ്യാനം കൂടുതൽ സങ്കീർണ്ണമാക്കാനുള്ള ശ്രമങ്ങൾ ചിത്രത്തെ വികലമാക്കുന്നു. മുൻജ്യുവിന്റെ മറ്റ് ചിത്രങ്ങളിൽ കാണാവുന്ന കൈയൊതുക്കവും ഇവിടെ ഇല്ലയെന്ന് കാണാം.
This is an opinion piece.The views expressed above are the author’s own. The Cue neither endorses nor is responsible for them.