
ഐ.എഫ്.എഫ്.ഐ 2024 അവസാനിച്ചു. ആറ് ദിവസങ്ങളാണ് ഗോവയില്‍ ഉണ്ടായിരുന്നത്. കണ്ട പതിനെട്ട് സിനിമകളില്‍ നാല് സിനിമകള്‍ ഒഴികെയുള്ളവ നല്ല അനുഭവമായിരുന്നു. അവസാന ദിവസം, യാത്രക്ക് സമയമായതുകൊണ്ട് മാത്രം ഇടയ്ക്ക് വെച്ച് ഒരു സിനിമയില്‍ നിന്നും പൂര്‍ത്തിയാക്കാതെ ഇറങ്ങേണ്ടി വന്നുവെന്നത് ഒഴിച്ചാല്‍ സിനിമയുടെ മുന്നില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് അശേഷം ഉണ്ടായില്ല (കുറെയൊക്കെ സിനിമകളുടെ തെരഞ്ഞെടുപ്പിന്റേത് കൂടിയാകും). ഇവ കൂടാതെ ഒരു ഇന്‍ കോണ്‍വര്‍സേഷനിലും രണ്ട് മാസ്റ്റര്‍ക്ലാസിലും പങ്കെടുത്തു.
പഞ്ചിമിലെ ഇനോക്‌സ് നാല് സ്‌ക്രീനുകള്‍, മാക്വിനസ് പാലസ്, പഞ്ചിമിലെ തന്നെ അശോക്-സമ്രാട്ട് എന്നീ രണ്ട് സ്‌ക്രീനുകള്‍, പര്‍വരിമിലെ ഇനോക്‌സ് നാല് സ്‌ക്രീനുകള്‍, മഡ്ഗാവിലെ ഇനോക്‌സ് നാല് സ്‌ക്രീനുകള്‍, പോണ്ടയിലെ മാജിക് മൂവീസ് രണ്ട് സ്‌ക്രീനുകള്‍ എന്നിവിടങ്ങളില്‍ ചലച്ചിത്ര പ്രദര്‍ശനങ്ങളും കലാ അക്കാദമിയില്‍ ഇന്‍ കോണ്‍വര്‍സേഷന്‍-മാസ്റ്റര്‍ക്ലാസുകളും ആയിരുന്നു.
മുകളില്‍ പറഞ്ഞതില്‍ മഡ്ഗാവ്, പോണ്ട സ്‌ക്രീനുകള്‍ പ്രധാന വേദിയില്‍ നിന്ന് മുപ്പതിലേറെ കിലോമീറ്റര്‍ ദൂരെയാണ്. അങ്ങോട്ട് യാത്ര ചെയ്ത് തിരികെ വന്ന് സിനിമ കാണുന്നതോ അവിടെ നിന്ന് മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നതോ അത്ര പ്രായോഗികമല്ല. അങ്ങോട്ട് സിനിമ കാണാന്‍ പോയി രാത്രി അവിടെ പെട്ടുപോയവരുടെ ചില കഥകളൊക്കെ അവിടെയുണ്ടായിരുന്ന മലയാളികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. പര്‍വരിമിലേക്ക് പത്ത് കിലോമീറ്ററോളമുണ്ട്. ആ ഭാഗത്ത് ചില പണികള്‍ നടക്കുന്നതിനാല്‍ പോക്ക് - വരവ് സമയബന്ധിതമായി സാധിക്കണമെന്നില്ല.
വേദികള്‍ തമ്മില്‍ ഇത്രയും ദൂരവ്യത്യാസമൊക്കെ ഒത്തിരി കടുപ്പമാണ്. അത്രയും അകലെയൊക്കെ സിനിമകള്‍ കാണിക്കാനുള്ള വേദിയാക്കിയ ബുദ്ധിയെല്ലാം ആരുടെയാണാവോ? ഫലത്തില്‍ സംഭവിച്ചത്. മഡ്ഗാവ്, പോണ്ട എന്നിവിടങ്ങളിലേക്ക് ആരും 'പോണ്ട' എന്ന് തീരുമാനിച്ചു. പരമാവധി പര്‍വരിം വരെ എന്നതായിരുന്നു അവസ്ഥ.
തൊട്ടുള്ള വേദികളിലേക്ക് ഡെലിഗേറ്റ്‌സിന് ഓട്ടോറിക്ഷകളും അകലേക്ക് ബസുകളും ഉണ്ടായിരുന്നു. ആദ്യ ദിവസങ്ങളിലേത് പോലെ സമയക്രമം പാലിക്കുന്നത് പിന്നീട് ഉണ്ടായില്ലെന്ന് തോന്നുന്നു. എങ്കിലും ബസ് - ഓട്ടോ സര്‍വ്വീസുകള്‍ക്ക് വിളിച്ചാല്‍ എടുക്കുന്ന നമ്പറുകള്‍ ഉണ്ടായിരുന്നത് വലിയ കാര്യമായി തോന്നി. ഉള്ള സമയം കൊണ്ട് ആളെയെത്തിക്കാന്‍ ഭൂരിഭാഗം വണ്ടിയോട്ടക്കാരും ശ്രമിച്ചിരുന്നതായും അനുഭവപ്പെട്ടു. ഓടിക്കുന്നവര്‍ വണ്ടി നിറയ്ക്കാന്‍ മിനക്കെട്ടിരുന്നില്ല, നിറഞ്ഞിട്ടേ പോകുന്നുള്ളൂവെന്ന് വാശി പിടിച്ചില്ല. ഒരാള്‍ മാത്രമായി ഓട്ടോയും വിരലിലെണ്ണാവുന്നവര്‍ മാത്രമായി ബസുകളും ഓടുന്നത് കണ്ടിരുന്നു.
ഹോസ്പിറ്റാലിറ്റി ടീമും നല്ല അനുഭവം തന്നെയായിരുന്നു. ഒരനുഭവം പറഞ്ഞാല്‍ പര്‍വരിമില്‍ പണികള്‍ നടക്കുന്ന കാരണം ചെറിയൊരു അങ്കലാപ്പ് ഉണ്ടായിരുന്നതിനാല്‍ അന്വേഷിച്ചപ്പോള്‍ ഒരു സര്‍വീസ് പേഴ്‌സണ്‍ തന്നെ കൂടെ വന്നു. വണ്ടി വിളിച്ച് ഏര്‍പ്പാട് ചെയ്ത് കയറ്റി വിട്ടതിന് ശേഷമാണ് ആള്‍ തിരികെ പോകാന്‍ തയ്യാറായത്. നമ്മള്‍ ഗസ്റ്റൊന്നും അല്ലല്ലോ, ഡെലിഗേറ്റിനെ ഈ വിധം പരിഗണിക്കുന്നത് വളരെ വലിയ കാര്യമായി തോന്നുകയും ചെയ്തു.
സ്‌ക്രീനുകള്‍ പലതും പ്രത്യേകിച്ചും ഇനോക്‌സ് ഒഴികെ സാങ്കേതികമായി അത്ര നന്നായിയിരുന്നില്ല. പോയവയില്‍ മാക്വിനസ് പാലസ്, അശോക്-സമ്രാട്ട് സ്‌ക്രീനുകള്‍ വേണ്ടത്ര കാലിബ്രെറ്റ് ചെയ്യാത്ത ശബ്ദമായിരുന്നു. ഏറെ ഉയരത്തിലുള്ള താരതമ്യേന ചെറിയ സ്‌ക്രീനാണ് അശോക്-സമ്രാട്ട് എന്നിവിടങ്ങളിലേത്. പുറകില്‍ നിന്ന് ഏതാനും വരി മുന്നിലേക്ക് ഇരിക്കേണ്ടി വന്നാല്‍ സിനിമ തീരുമ്പോഴേക്കും കഴുത്ത് ഒടിഞ്ഞുപോകുന്ന അവസ്ഥ. ഒരു സിനിമക്ക് എത്തിയപ്പോള്‍ ഏറ്റവും മുന്നിലെ വരിയിലാണ് ഇരിപ്പിടം കിട്ടിയത്. അധികം താമസിയാതെ പുറകില്‍പ്പോയി നിലത്തിരുന്ന് സിനിമ കണ്ട് കഴുത്തിനെ രക്ഷിക്കേണ്ടി വന്നു.
കലാഅക്കാദമിയില്‍ നടന്ന പല പരിപാടികളും വേണ്ടത്ര ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നില്ലെന്നാണ് അനുഭവത്തിലും കേട്ട അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലാക്കിയത്. ഏറെയാളുകള്‍ അവിടെ തടിച്ച് കൂടിയതും സെലിബ്രിറ്റി സെഷനുകള്‍ക്കായിരുന്നു. പ്രസൂണ്‍ ജോഷിയുമായുള്ള ഇന്‍ കോണ്‍വര്‍സേഷന്‍, 'ജേര്‍ണി ഫ്രം സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍' എന്ന സെഷനിലാണ് ആദ്യം പങ്കെടുക്കുന്നത്.
പ്രസൂണ്‍ ജോഷിയുടെ അവതരണ മികവിലോ അറിവിലോ സംശയമൊന്നുമില്ല. എന്നാല്‍ ചോദ്യങ്ങള്‍ അവതരിപ്പിച്ച ദേഹം വിഷയത്തില്‍ നിന്ന് ആദ്യത്തെ പത്ത് മിനിറ്റില്‍ തന്നെ തെന്നിമാറി. പിന്നെ പാട്ടായി, കവിതയായി, പാട്ട് പാടിക്കലായി. വിദേശീയരടക്കം ഉണ്ടായിരുന്ന സദസ്സിന് ചോദ്യകര്‍ത്താവിനോട് താങ്കള്‍ ഇംഗ്ലീഷില്‍ അവതരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കേണ്ടതായി പോലും വന്നു.
കലാഅക്കാദമിയുമായുള്ള ബന്ധം ആ ഒരൊറ്റ സംഭവത്തോടെ അവസാനിപ്പിച്ചതാണ്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലുണ്ടായ രണ്ട് മാസ്റ്റര്‍ ക്ലാസുകളില്‍ പങ്കെടുത്തു. മാസ്റ്റര്‍ക്ലാസുകള്‍ ആയതുകൊണ്ട് മാത്രം പങ്കെടുത്തതുമായിരുന്നു. രണ്ടും വളരെ നല്ല അനുഭവങ്ങളായിരുന്നു. മാഡ് മാക്‌സ് ഫ്യൂരി റോഡ്, റെയിന്‍ മാന്‍, ഡെഡ് പോയറ്റ്‌സ് സൊസൈറ്റി എന്നിങ്ങനെ മികച്ച ഫിലിമോഗ്രഫിയുള്ള ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയായ ഛായാഗ്രാഹകന്‍ ജോണ്‍ സീലിന്റെയും റാബിറ്റ് പ്രൂഫ് ഫെന്‍സ്, ദ ക്വയറ്റ് അമേരിക്കന്‍ മുതലായ ചിത്രങ്ങളുടെ സംവിധായകന്‍ ഫിലിപ്പ് നോയ്‌സിന്റെയും മാസ്റ്റര്‍ക്ലാസുകള്‍. സാങ്കേതിക വിദഗ്ധര്‍ മാത്രമല്ല അസാധ്യ മനുഷ്യരുമാണെന്ന് അവരെന്ന് അനുഭവപ്പെട്ടു.
പീകോക്ക് എന്ന ഫെസ്റ്റിവല്‍ ഡെയിലി ബുള്ളറ്റിന്‍ വായിക്കാവുന്ന വിധം സമൃദ്ധമായും കാണാവുന്ന വിധം ഭംഗിയായും നിര്‍മ്മിക്കപ്പെട്ടതായിരുന്നു. മേളയിലെ അഭിനന്ദനാര്‍ഹമായ മറ്റൊരു ഭാഗം.
പൊതുവെ നോക്കിയാല്‍ മികച്ച സിനിമകളുടെ അനുപാതം അത്ര ഭേദമായിരുന്നില്ലെന്നാണ് വ്യക്തിപരമായ വിലയിരുത്തല്‍. തകര്‍പ്പനെന്ന് പറയാവുന്ന പാക്കേജുകളൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല. പല വിഭാഗങ്ങളിലായി മികച്ചതോ ഭേദപ്പെട്ടതൊ ആയ ചില സിനിമകള്‍ ഉണ്ടായിരുന്നു.
റെഡ് കാര്‍പ്പറ്റ് ആരാധകര്‍ ആര്‍പ്പുവിളിക്കാതെ ശൂന്യമായിരുന്നു മിക്കപ്പോഴും. ഐ.എഫ്.എഫ്.ഐയില്‍ ആളുകള്‍ കാര്യമായി കുറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമായും മനസ്സിലാക്കി തന്നതും റെഡ് കാര്‍പ്പറ്റ് ആയിരിക്കും.
സുപ്രധാനമായ കാര്യം വലിയ തിരക്ക് പൊതുവില്‍ ഇല്ലായിരുന്നുവെന്നതാണ് ഇനോക്‌സ് പഞ്ചിമിലെ ചില പ്രദര്‍ശനങ്ങള്‍ക്ക് തിരക്കുണ്ടായിരുന്നുവെന്ന കാര്യം ഒഴിച്ചാല്‍ റിസര്‍വേഷനും കാഴ്ചയും പൊതുവില്‍ അങ്ങേയറ്റം സ്വസ്ഥമായിരുന്നു. ഒന്നോ രണ്ടോ റിസര്‍വേഷനുകള്‍ മാത്രമായിരുന്നിരിക്കണം ഉദ്ദേശിച്ച വിധം ചെയ്യാന്‍ പറ്റാതെ പോയത്. റിപ്പീറ്റ് സ്‌ക്രീനിംഗ് കുറവായിരിയ്ക്കുകയോ, തീരെ ഇല്ലാത്ത വിധമോ ആയിരുന്നു പല സിനിമകളുടെയും ഷെഡ്യൂളിംഗ്.
അതിഥികള്‍ വരാന്‍ വൈകിയതുകൊണ്ടോ, സ്‌ക്രീനുകളില്‍ തന്നെ സംഘടിപ്പിക്കപ്പെട്ട സംവാദങ്ങള്‍ ചിലത് നീണ്ടുപോയതുകൊണ്ടോ പലപ്പോഴും ചില ദിവസങ്ങളില്‍ ചില സ്‌ക്രീനുകളിലെങ്കിലും സമയക്രമം പാലിക്കപ്പെടുകയുണ്ടായിരുന്നില്ല.
ഈ വര്‍ഷം ഐ.എഫ്.എഫ്.ഐ പോലൊരു വേദിയില്‍ നന്നായി ആദരിക്കപ്പെടേണ്ട, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' പോലൊരു സിനിമയെ വേണ്ടത്ര പരിഗണിക്കാതിരിക്കുക, മതിയായ പ്രദര്‍ശനങ്ങള്‍ ഇല്ലാതിരിക്കുക എന്നതൊക്കെ ഇതുപോലൊരു വേദിയുടെ അധപതനമല്ലാതെ മറ്റൊന്നായും കാണാനാവില്ല.
സിനിമ കാണാനുള്ള ക്യൂവിലായാലും ചായക്കടയായാലും ചുറ്റുപാടിലൂടെയുള്ള നടത്തമായാലും എവിടെയും മലയാളികള്‍ തന്നെയായിരുന്നു വലിയ ശതമാനവും. മലയാളികള്‍ മാത്രമാണോ ഇവിടെയുള്ളതെന്ന് കരുതിപ്പോകും വിധം മൃഗീയ ഭൂരിപക്ഷം.
ഫെസ്റ്റിവലിന്റെ ആദ്യ ദിവസങ്ങളിലൊന്നില്‍ പ്രധാന വേദിക്ക് മുന്‍പിലുള്ള നിരത്തിലൂടെ പരേഡ് നടന്നിരുന്നു. ജോയ് ഓഫ് സിനിമ എന്നതായിരുന്നു പ്രമേയം. ജനപ്രിയ സിനിമകള്‍ ആഘോഷിക്കപ്പെടുന്ന വിധം ആവിഷ്‌ക്കരിക്കപ്പെട്ട യാതൊരു നിലവാരവും ഇല്ലാത്ത നിശ്ചലദൃശ്യങ്ങളും അമച്വര്‍ നര്‍ത്തകരും വാദ്യമേളക്കാരും ഒക്കെയുള്ള രാത്രി മുഴുവന്‍ വഴി മുടക്കിയുള്ള ശബ്ദകോലാഹലമായിരുന്നു ചുരുക്കത്തില്‍ പരേഡ്.
ജോയ് ഓഫ് സിനിമ പരേഡില്‍ പങ്കെടുത്ത കലാകാരന്മാരുടെ അതിനകത്തെ ആവിഷ്‌ക്കാരങ്ങള്‍ കണ്ടിട്ട് സത്യജിത് റായ് എന്ന പേരുപോലും കേട്ടിട്ടുള്ളതായി തോന്നിയില്ല. അപ്പോള്‍ പിന്നെ മറ്റുള്ള ചലച്ചിത്രകാരന്മാരുടെയും സിനിമകളുടെയും കാര്യം പറയണോ..? അതിനേക്കാള്‍ ആ യാത്ര വിമര്‍ശിക്കപ്പെടേണ്ടത് ആ സാംസ്‌കാരിക സമന്വയത്തിലേക്ക് യാതൊരു മറയുമില്ലാതെ പ്രത്യക്ഷത്തില്‍ തന്നെ കടത്തിവിട്ട ഹിന്ദുത്വയുടെ ആഘോഷവും പ്രാതിനിധ്യവുമാണ്. രാമനും ലക്ഷ്മണനും ഹനുമാനും ശിവപാര്‍വതിമാരും ഒക്കെ ഉള്‍പ്പെട്ട ജോയ് ഓഫ് സിനിമാപരേഡ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പലരെയും പരിചയപ്പെട്ടപ്പോള്‍ അവരില്‍ പലരും അടുത്ത മാസം പ്രതീക്ഷാപൂര്‍വ്വം കേരളത്തിലേക്ക് വരുന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി.
അന്‍പത്തിയഞ്ച് വര്‍ഷങ്ങളുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ സിനിമകളുടെ ഗാംഭീര്യത്തിന്റെയും പങ്കെടുക്കുന്നവരുടെ ആവേശത്തിന്റെയും കാര്യത്തില്‍ ഐ.എഫ്.എഫ്.ഐ അധഃപതനത്തിന്റെ പാതയിലാണ്. എങ്കിലും പഴയ കാലങ്ങളുടെ സുഖമുള്ള ഓര്‍മ്മകളില്‍ നമ്മളിനിയുമിനിയും അവിടെ പോയെന്ന് വന്നേക്കാം.