'ടിക്കറ്റില്ല, പടം ഹൗസ്ഫുള്ളാണ്', തിയേറ്ററുകള്‍ നിറച്ച് വീണ്ടും മലയാള സിനിമ; കണ്ടന്റാണ് എല്ലാത്തിലും വലുതെന്ന് തിയേറ്റര്‍ ഉടമകള്‍

'ടിക്കറ്റില്ല, പടം ഹൗസ്ഫുള്ളാണ്', തിയേറ്ററുകള്‍ നിറച്ച് വീണ്ടും മലയാള സിനിമ; കണ്ടന്റാണ് എല്ലാത്തിലും വലുതെന്ന് തിയേറ്റര്‍ ഉടമകള്‍

മലയാള സിനിമ കാണാന്‍ തിയ്യേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നില്ലെന്ന ചര്‍ച്ചകളും തിയ്യേറ്ററുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകളും വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊടും' ടൊവിനോ തോമസിന്റെ 'തല്ലുമാലയും' തിയേറ്ററില്‍ റിലീസിന് എത്തുന്നത്. ആഗസ്റ്റ് 11, 12 തിയതികളിലായി റിലീസ് ചെയ്ത ചിത്രങ്ങള്‍ കേരളത്തിലുടനീളം ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയ്ക്ക് പകരം പ്രേക്ഷകര്‍ തിയേറ്ററില്‍ കാണാന്‍ തെരഞ്ഞെടുക്കുന്നത് അന്യഭാഷ സിനിമകളാണ് എന്ന ചര്‍ച്ചയും അടുത്ത കാലങ്ങളിലായി ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലാണ് 'തല്ലുമാലയും' 'ന്നാ താന്‍ കേസ് കൊടും' മികച്ച സാമ്പത്തിക വിജയം നേടിക്കൊണ്ട് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്.

കഴിഞ്ഞ വിഷുവിന് മലയാള സിനിമകളൊന്നും തന്നെ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. അന്യഭാഷാ ചിത്രങ്ങളെ പേടിച്ച് മലയാള സിനിമ വിഷു പോലൊരു ഫെസ്റ്റിവല്‍ സമയത്ത് നിന്ന് വിട്ടുനിന്നത് ആദ്യമായിട്ടായിരിക്കാം. കൊവിഡിന് ശേഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ 'ഹൃദയവും' 'ഭീഷ്മയും' 'ജാന്‍ എ മന്നു'മെല്ലാം തിയ്യേറ്ററുകളില്‍ വിജയം നേടിയിട്ടും വിഷുവിനെ ഭയക്കാന്‍ പ്രധാന കാരണം 'കെ.ജിഎഫും' 'ബീസ്റ്റു'മായിരുന്നു. മാസ് എന്റര്‍ടെയ്നിങ്ങ് സ്വഭാവമുള്ള ബിഗ് ബജറ്റ് സിനിമകള്‍ കാണാനാണ് മലയാളി പ്രേക്ഷകര്‍ക്കും താത്പര്യമെന്ന് അതോടെ മൊത്തത്തില്‍ ചര്‍ച്ചകള്‍ മാറുകയും ചെയ്തു. എന്നാല്‍ ആ ചര്‍ച്ചകള്‍ക്കെല്ലാമിടയില്‍ പലരും പറഞ്ഞുകൊണ്ടിരുന്ന മികച്ച കണ്ടന്റാണെങ്കില്‍ പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് തന്നെയെത്തും എന്ന വാദം ശരിവെക്കുന്നതാണ് ഇപ്പോള്‍ തിയ്യേറ്ററുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

സിനിമ പറയുന്നത് മികച്ച കണ്ടന്റാണെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തി തന്നെ സിനിമ കാണുമെന്നതിന്റെ വലിയ ഉദാഹരണമാണ് 'തല്ലുമാലയും' 'ന്നാ താന്‍ കേസ് കൊടും'. അതോടൊപ്പം തന്നെ മലയാളത്തില്‍ പരാജയമായ സിനിമകളില്‍ ഭൂരിഭാഗവും ഒടിടിക്ക് വേണ്ടി നിര്‍മ്മിച്ച് പിന്നീട് തിയേറ്ററിലേക്ക് എത്തിയ സിനിമകളാണ്. അത്തരം സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെ അടുത്ത കാലങ്ങളിലായി ഉണ്ടായിരുന്നു. കണ്ടന്റ് മോശമായ അത്തരം സിനിമകള്‍ തിയേറ്ററിലെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ കാണാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, തിയേറ്റര്‍ ഉടമയായ സുരേഷ് ഷേണായി എന്നിവര്‍ ദ ക്യുവിനോട് പറഞ്ഞത്.

ഓണം, വിഷു സീസണില്‍ തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന തരത്തിലുള്ള ഓളമാണ് കേരളത്തിലുടനീളം കഴിഞ്ഞ ഒരാഴ്ച്ചയില്‍ ഈ രണ്ട് സിനിമകളും സൃഷ്ടിച്ചത്. ഇതിന് കാരണം രണ്ട് സിനിമകളുടെയും കണ്ടന്റ് മികച്ചതായിരുന്നു എന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ഓണം സീസണ്‍ ഒന്നുമല്ല പ്രധാനം. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ ഓണവും വിഷുവും പ്രേക്ഷകര്‍ക്ക് വിഷയമല്ല. ഏത് സമയത്തും പ്രേക്ഷകര്‍ സിനിമ കാണാന്‍ തയ്യാറാണ്. അവര്‍ക്ക് ആവശ്യമുള്ള കണ്ടന്റായിരിക്കണം എന്ന് മാത്രം. പിന്നെ ഏത് സീസണിലായാലും ഈ ഉടായിപ്പ് സിനിമകള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറുമല്ല.

കെ.വിജയകുമാര്‍

K Vijayakumar
K Vijayakumar

കേരളത്തിലെ ജനങ്ങള്‍ വളരെ ബുദ്ധിമാന്‍മാരാണ്. പ്രത്യേകിച്ച് സിനിമ പ്രേമികള്‍. അവര്‍ക്ക് നല്ല സിനിമ കൊടുത്താല്‍ അവര്‍ തിയേറ്ററില്‍ നിറയും. എന്നാല്‍ മോശം സിനിമയാണെങ്കില്‍ ജനങ്ങള്‍ വരില്ലെന്ന് ലിബര്‍ട്ടി ബഷീറും അഭിപ്രായപ്പെട്ടു.

മലയാള സിനിമ നേരിടുന്ന പ്രതിസന്ധി മറികടക്കണമെങ്കില്‍ നല്ല സിനിമകള്‍ ഉണ്ടാവുക എന്നത് മാത്രമാണ് പോംവഴി. അതിന് നിര്‍മ്മാതാക്കളും സംവിധായകരും തയ്യാറാകണം. തിയ്യേറ്ററിന് വേണ്ടിയുള്ള സിനിമകള്‍ നിര്‍മ്മിക്കണം. കൊവിഡ് പ്രതിസന്ധിക്ക് ശമനം വന്നതോടെ പ്രേക്ഷകര്‍ തിയേറ്ററിലെത്തി സിനിമ കാണാനാണ് ആഗ്രഹിക്കുന്നത്. ഈ കാലയളവില്‍ മലയാളി പ്രേക്ഷകരുടെ ആസ്വാദന രീതിക്കും മാറ്റം വന്നിട്ടുണ്ട്. ഒടിടിയുടെ വരവോടെ അന്തര്‍ദേശീയ തലത്തിലുള്ള മികച്ച സിനിമകള്‍ പ്രേക്ഷകര്‍ ആസ്വദിക്കാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ അവര്‍ ആവശ്യപ്പെടുന്നതും മികച്ച രീതിയിലുള്ള സിനിമകള്‍ തന്നെയാണെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

ഇടയ്ക്ക് ഇടയ്ക്ക് ഒടിടിക്ക് വേണ്ടി നിര്‍മ്മിച്ച സിനിമകള്‍ തിയേറ്ററില്‍ വന്നടിയുമ്പോഴാണ് ഫാമിലി പ്രേക്ഷകര്‍ അടക്കം മാറി നില്‍ക്കുന്നത്. സത്യം പറയുകയാണെങ്കില്‍ ജനഗണമനയാണ് ഫാമിലിയെ വലിയ രീതിയില്‍ ആകര്‍ഷിച്ച ഒരു സിനിമ. പിന്നെ പാപ്പന്‍ വന്നു. അതിനെല്ലാം ഫാമിലി ഓഡിയന്‍സ് വന്നു. അതെല്ലാം വളരെ മികച്ച തിരക്കഥയുള്ള സിനിമകളാണ്. അങ്ങനെ വരുമ്പോള്‍ ഫാമിലി തീര്‍ച്ചയായും വരുമെന്ന് സുരേഷ് ഷേണായി വ്യക്തമാക്കി.

എല്ലാ സമയത്തും സിനിമകള്‍ ഹിറ്റായിക്കോളണം എന്നില്ല. പക്ഷെ പണ്ടൊക്കെ കണ്ടന്റ് കുറച്ച് മോശമണെങ്കിലും അത് കളക്ഷന്‍ ഇത്രയധികം ബാധിച്ചിരുന്നില്ല. ഇന്ന് ഷോ കാന്‍സലാകുന്നു, ആളുകള്‍ വരാത്തത് ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. പണ്ട് ആളുകള്‍ അത്തരം സിനിമകള്‍ കാണാനെങ്കിലും ശ്രമിച്ചിരുന്നു. പക്ഷെ ഇന്ന് കാണാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല.

സുരേഷ് ഷേണായി

Suresh Shenoy
Suresh Shenoy

അതേസമയം മലയാള സിനിമ നേരിടുന്ന പ്രതിസന്ധി പൂര്‍ണമായും മാറിയെന്ന് പറയാനാകില്ലെന്നും സുരേഷ് ഷേണായി അഭിപ്രായപ്പെട്ടു. പ്രതിസന്ധിയുടെ ഇടയില്‍ രണ്ട് നല്ല സിനിമകള്‍ വന്നു. അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ഇനിയും ഒടിടിക്ക് വേണ്ടി നിര്‍മ്മിച്ച കുറച്ച് സിനിമകള്‍ കൂടി തിയേറ്ററിലെത്താനുണ്ട്. അപ്പോഴും ഇതേ പ്രതിസന്ധി തുടരാനാണ് സാധ്യത. പക്ഷെ ആ സിനിമകളോട് കൂടി അത് അവസാനിക്കുമെന്ന വിശ്വാസമുണ്ടെന്ന് സുരേഷ് ഷേണായി പറയുന്നു.

കൊവിഡ് പ്രതിസന്ധി മാറിയ സാഹചര്യത്തില്‍ പ്രേക്ഷകര്‍ ഇനി തിയേറ്ററില്‍ വന്ന് തന്നെ സിനിമ കാണാനാണ് ആഗ്രഹിക്കുന്നത്. അപ്പോള്‍ അത്തരത്തിലുള്ള സിനിമകളാണ് ഉണ്ടാകേണ്ടത്. അല്ലാതെ സിനിമ തിയേറ്ററില്‍ നല്ല കളക്ഷന്‍ നേടിയില്ലെങ്കിലും ഞങ്ങള്‍ ഒടിടിക്ക് കൊടുത്ത് പൈസ ഉണ്ടാക്കിക്കോളാം എന്ന ലക്ഷ്യത്തില്‍ സിനിമ എടുത്താല്‍ അത് തിയേറ്ററില്‍ വിജയിക്കില്ല. അത് ഗുണത്തേക്കാള്‍ ദോഷമെ ചെയ്യു. കാരണം അത്തരം സിനിമകള്‍ വന്നാല്‍ തിയേറ്ററിലേക്ക് ഒരു പ്രേക്ഷകരും എത്തില്ല. അവര്‍ അവിടെ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് പ്രേക്ഷകന്‍ 500 രൂപ കൊടുത്ത് ഈ തരത്തിലുള്ള മോശം സിനിമകള്‍ കണ്ടിട്ടിട്ട് അവര്‍ കബളിപ്പിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ പിന്നെ അവര്‍ തിയേറ്ററിലേക്ക് വരില്ല.

കെ.വിജയകുമാര്‍

പ്രേക്ഷകര്‍ക്ക് സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ വരുമ്പോള്‍ തന്നെ ധാരണയുണ്ട് ഏത് സിനിമയായാണ് നല്ലത് ഏത് സിനിമയാണ് മോശമെന്നും. അതൊരിക്കലും തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മനസിലാകണം എന്നില്ല. പക്ഷെ ജനങ്ങള്‍ അത് മനസിലാക്കുന്നവരാണെന്ന് ലിബേര്‍ട്ടി ബഷീറും കൂട്ടിച്ചേര്‍ത്തു.

Liberty Basheer
Liberty Basheer

മലയാള സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ അത് മൂലം പ്രതിസന്ധിയിലാകുന്നത് നിര്‍മ്മാതാക്കളല്ല, മറിച്ച് തിയേറ്റര്‍ ഉടമകളാണ്. കാരണം നിര്‍മ്മാതാക്കള്‍ക്ക് തിയേറ്ററില്‍ നിന്നല്ലെങ്കിലും തന്റെ മുടക്ക് മുതല്‍ തിരിച്ച് കിട്ടാനുള്ള സാധ്യതകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ തിയേറ്റര്‍ ഉടമകളെ സംബന്ധിച്ച് 10 പേര്‍ വന്നാലും 500 പേര്‍ വന്നാലും അവരുടെ വൈദ്യുതി ബില്ലും ജോലിക്കാര്‍ക്ക് കൊടുക്കേണ്ട ശമ്പളവും മാറുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് സിനിമ തിയേറ്ററുകള്‍ നടത്തി കൊണ്ട് പോകുന്നത് വലിയ പ്രതിസന്ധിയാണെന്നാണ് ഫിയോക് പ്രസിഡന്റ് പറയുന്നത്.

തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലും 'തല്ലുമാലയും' 'ന്നാ താന്‍ കേസ് കൊടും' പോലുള്ള സിനിമകള്‍ അവര്‍ക്ക് ഒരു പ്രതീക്ഷയും ആശ്വാസവുമാണ്. ചെറിയ സിനിമയാണെങ്കിലും നല്ല കണ്ടന്റാണെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുക തന്നെ ചെയ്യുമെന്നതിന്റെ ഉറപ്പാണ് ഈ രണ്ട് സിനിമകളുടെയും സാമ്പത്തിക വിജയവും അത് സൃഷ്ടിച്ച തിയേറ്ററിലെ ഓളവും.

Related Stories

No stories found.
logo
The Cue
www.thecue.in