ഡാൻസിംഗ് റോഷൻ

ek pal ka jeena phir to hai jaana എന്ന പാട്ടിൽ ഐകോണിക് ആയി മാറിയ ഡാൻസ് സ്റ്റെപ്പുമായി ഇന്ത്യൻ സിനിമയുടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവച്ച നായകൻ. ഒരൊറ്റ വെള്ളിയാഴ്ചയിൽ വെറും മൂന്ന് മണിക്കൂർ നേരം കൊണ്ട് ഒരു overnight സൂപ്പർ സ്റ്റാർ ഇമേജ് നേടിയ ഏക ഇന്ത്യൻ നടൻ എന്ന് പറഞ്ഞാൽ പോലും അതൊരു അതിശയോക്തി ആകില്ല. ആദ്യ സിനിമ റിലീസ് ചെയ്തു 23 വർഷങ്ങൾക്കിപ്പുറവും അയാളുടെ ചടുലമായ നൃത്തത്തിന് ആരാധകരേറെയാണ്. കൈകാലുകളോടൊപ്പം ശരീരത്തെ വളരെ ഫ്ലെക്സിബിൾ ആയി ചലിപ്പിച്ച് ചുവടുകൾ വച്ച് ആരാധകരുടെ ഹൃദയത്തിൽ കുടിയേറിയ ഗ്രീക്ക് ഗോഡ് എന്ന് വിശേഷിപ്പിക്കുന്ന ഹൃതിക്ക് റോഷൻ. ബോളിവുഡിൽ ഖാൻ ത്രയങ്ങൾ താരസിംഹാസനത്തിലെ ത്രിമൂർത്തികളായി വിലസുമ്പോൾ തന്നെ സമാന്തരമായൊരു സൂപ്പർതാര ജൈത്രയാത്രക്ക് തുടക്കമിട്ട ഹൃതിക് റോഷൻ. ബോളിവുഡ് ഒന്നാകെയെത്തുന്ന ഏത് അവാർഡ് സ്റ്റേജുകളിലും ഹൃതിക് റോഷനെ വെല്ലുന്നൊരു ഡാന‍്സ് പെർഫോർമറെ അടുത്ത കാലങ്ങളിലൊന്നും കാണാനായിട്ടില്ല. ശരീരം പലപ്പോഴായി തോൽപ്പിച്ചപ്പോഴും തളർച്ചകൾ വിട്ടുമാറാതെ പുറകെ കൂടിയപ്പോഴും ഹൃതിക് അടിയറവ് പറഞ്ഞില്ല. സ്വന്തം ബലഹീനതകൾ അയാളെ കൂടുതൽ ശക്തനാക്കിയിട്ടേയുള്ളു. പരാജയങ്ങൾ തുടരെത്തുടരെ പിന്തുടർന്നപ്പോഴും ഹൃതിക് റോഷൻ എന്ന അഭിനേതാവ് സധൈര്യം അവയെ എല്ലാം വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ചു. സിനിമകളുടെ സെലക്ഷനും കരിയറിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര‍്ത്തിയെടുക്കാനാകാത്തതും തിരിച്ചടിയായപ്പോഴും ഹൃതിക് റോഷൻ ഇപ്പോഴും സ്ക്രീനിൽ തീ പടർത്തുന്ന താരമാണ്.

ഒരു സിനിമ കുടുംബത്തിൽ ജനിച്ചതുകൊണ്ടാകണം ഹൃതിക്കിന് സിനിമയോടും ഡാൻസിനോടും അടങ്ങാത്ത അഭിനിവേശം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. സിനിമ നടനാകണമെന്നും വലിയൊരു സ്റ്റാർ ആകണമെന്നുമുള്ള അയാളുടെ മോഹത്തെ എന്നാൽ സംവിധായകനും അച്ഛനുമായ രാകേഷ് റോഷൻ ആദ്യം എതിർത്തിരുന്നു. അത്ര സുഖകരമായിരുന്നില്ല ഹൃതിക്കിന്റെ കൂട്ടിക്കാലം. ചെറുപ്പത്തിൽ ഹൃതിക്കിന് വിക്ക് ഉണ്ടായിരുന്നതിൽ സംസാരിക്കാൻ അയാൾ നന്നേ ബുദ്ധിമുട്ടി ഒപ്പം തന്റെ വലതുകൈയിലെ എക്സ്ട്രാ ആറാമത്തെ വിരലും പലപ്പോഴും അയാളെ ബുള്ളിയിങ്ങിനും കളിയാക്കലുകൾക്കും ഇടയാക്കി. എന്നാൽ തനിക്ക് ഉണ്ടായിരുന്ന ആ കുറവിനെ മറികടക്കാൻ ഹൃതിക്ക് നന്നേ ശ്രമിച്ചിരുന്നു. പല വാക്കുകൾ മണിക്കൂറോളം ഉച്ചരിച്ച് പഠിച്ച് തന്റെ സംസാരം മികച്ചതാക്കാൻ അയാൾ ശ്രമിച്ചു. തന്റെ 20 കളുടെ തുടക്കത്തിൽ നട്ടെല്ലിന് ഉണ്ടായ വളവ് മൂലം സ്റ്റന്റുകൾ പെർഫോം ചെയ്യാനും ഡാൻസ് ചെയ്യാനും ഹൃതിക്കിന് കഴിയാതെയായി. എന്നാൽ കൃത്യമായ മെഡിക്കേഷനിലൂടെയും സര്ജറികളുടെ സഹായത്തോടെയും ഹൃതിക് തന്റെ അവസ്ഥയെ മറികടന്ന് ഡാൻസ് സ്റ്റെപ്പുകൾ കൊണ്ട് ഹൃദയം കീഴടക്കി. തമിഴ്നാട്ടിലെ ഒരു സ്കൂളിലെ പാഠപുസ്തകത്തിൽ സെല്ഫ് കോൺഫിഡൻസ് എന്ന വിഭാഗത്തിൽ ഹൃതിക് റോഷനെക്കുറിച്ച് ഒരു അധ്യായം തന്നെ പിന്നീട് ഉണ്ടായി.

തന്റെ പിതാവായ രാകേഷ് റോഷന്റെ സഹസംവിധായകനായി Khudayaz (1987), King Uncle (1993), Karan Arjun(1993), Koyla(1997) എന്നിവയിൽ പ്രവർത്തിച്ച ശേഷമാണ് നായകൻ എന്ന റോളിൽ അരങ്ങേറാൻ ഹൃതിക്കിന് അവസരം ലഭിച്ചത്. Bhagwan Daada, Aas Pass, Aap Ke Deewana എന്നീ സിനിമകളിൽ വളരെ ചെറിയ വേഷം ഹൃതിക്ക് കുട്ടിക്കാലത്തു അവതരിപ്പിച്ചു. ഏതൊരു അഭിനേതാവും കൊതിക്കുന്ന തുടക്കം അതായിരുന്നു ഹൃതിക്കിന്റെത്. അമീഷ് പട്ടേലിനെയും ഹൃതിക്ക് റോഷനെയും നായികാ നായകന്മാരാക്കി ഹൃതിക്കിന്റെ അച്ഛൻ രാകേഷ് റോഷൻ ഒരുക്കിയ കഹോ നാ പ്യാർ ഹേ ഇന്ത്യൻ സിനിമയുടെ പുതിയ താരോദയത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. സിനിമ കണ്ടിറങ്ങിയവർ ഹൃതിക്കിനെ അടുത്ത സൂപ്പർ സ്റ്റാർ എന്നുവിളിച്ചു. ഇന്ത്യയൊട്ടാകെ ഹൃതിക് കഹോ നാ പ്യാർ ഹെയിലൂടെ തരംഗം സൃഷ്ട്ടിച്ചു. അയാളുടെ സിക്സ് പാക്ക് ശരീരത്തിനും അഴകിനും ഡാൻസിനും ആരാധകരേറെയുണ്ടായി. ഇങ്ങു കേരളത്തിലും ചിത്രം വിജയകരമായി. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ പോലും ഇല്ലാതിരുന്ന കാലത്ത് ഇന്ത്യയിൽ എമ്പാടും ദിവസങ്ങൾ കൊണ്ട് ഹൃതിക് റോഷനെന്ന പേര് മുഴങ്ങിക്കേട്ടു. കാമ്പസുകളിലും പെർഫോമിം​ഗ് വേദികളിലും ഹൃതിക് റോഷൻ ഡാൻസ് നമ്പറുകൾക്ക് ആരാധകരേറി. യുവതിയുവാക്കൾക്കിടയിൽ ഇടയിൽ ഹൃതിക് ഹരമായി മാറി. ഷാരൂഖ് ഖാന്റെ റൊമാന്റിക് ഹീറോ സിംഹാസനം ഹൃതിക് ഇളക്കും എന്നുവരെ അന്ന് വാർത്തകൾ പരന്നിരുന്നു.

കഹോ നാ പ്യാർ ഹേ എന്ന സിനിമക്ക് ശേഷം ന്യൂസിലാൻഡിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണതിൽ വലിയ വർധനവാണ് ഉണ്ടായത്. ആദ്യ സിനിമയിലൂടെ മികച്ച പുതുമുഖ നടനും മികച്ച നടനുമുള്ള ഫിലിംഫെയർ അവാർഡ് ഹൃതിക്ക് നേടിയെടുത്തു. ഒപ്പം ഏറ്റവുമധികം അവാർഡുകൾ നേടിയ ബോളിവുഡ് സിനിമ എന്ന LIMCA BOOK OF RECORD കൂടി കഹോന പ്യാർ ഹേ നേടി. 92 അവാർഡുകളാണ് സിനിമ വാരികൂട്ടിയത്. എന്നാൽ സ്വപ്നതുല്യമായ ആ തുടക്കത്തെ സാധുകരിക്കും വിധമായിരുന്നില്ല ഹൃതിക്കിന്റെ അടുത്ത സിനിമകളുടെ നിലവാരം. തുടർന്ന് വന്ന ഫിസാ, ആജ് മുച്ചേ അച്ചെ ലഗ്‌നെ ലഗേ, yaadein, മുച്ചേ ദോസ്തി കരോഗേ തുടങ്ങിയ സിനിമകളത്രയും ബോക്സ് ഓഫീസിൽ തകർന്നു. ഒരു one time വണ്ടർ ആണോ ഹൃതിക്ക് എന്ന് പോലും പലരെക്കൊണ്ട് ചോദിപ്പിച്ചു. വീണ്ടും തന്റെ നഷ്ടപ്പെട്ട പ്രേക്ഷകപ്രീതി ഹൃതിക്ക് തിരികെ നേടിയത് അച്ഛൻ രാകേഷ് റോഷൻ സംവിധാനം ചെയ്ത കോയി മിൽ ഗയയിലൂടെയായിരുന്നു. ജാദു എന്ന അന്യഗ്രഹജീവി ഭൂമിലെത്തുന്നതും ഡെവലൊപ്മെന്റൽ ഡിസബിലിറ്റിയുള്ള രോഹിതും അവന്റെ സുഹൃത്തുക്കളുമായി ചങ്ങാത്തമാകുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ചിത്രം വലിയ വിജയമായി ഒപ്പം ജാദുവും രോഹിതും കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ഇഷ്ട്ടം പിടിച്ചുപറ്റി. തുടർന്ന് ഫർഹാൻ അക്തർ ഒരുക്കിയ ലക്ഷ്യ എന്ന കമിങ് ഓഫ് ഏജ് വാർ ചിത്രത്തിന് തിയറ്ററിൽ വിജയിക്കാനായില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം കൾട്ട് സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തു.

2006 ൽ പുറത്തിറങ്ങിയ കൃഷ് ഹൃതിക് റോഷൻ എന്ന താരത്തെ തിരികെ ബോളിവുഡ് സ്റ്റാർ ലേബലിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സിനിമ ആയിരുന്നു. അച്ഛൻ രാകേഷ് റോഷൻ ഒരുക്കിയ ചിത്രം അക്ഷരാർത്ഥത്തിൽ ഒരു ട്രെൻഡ് സെറ്റെർ ആയിരുന്നു. സൂപ്പർഹീറോ വേഷത്തിൽ ഹൃതിക് കുട്ടി പ്രേക്ഷകരുടെ മനം കവർന്നു. ചിത്രത്തിലെ ഹൃതികിന്റെ സൂപ്പർഹീറോ മാസ്ക് ഉൾപ്പടെ അക്കാലത്ത് ട്രെന്റിങായിരുന്നു. കൃഷിന്റെ ബ്ലോക്കബ്സ്റ്റർ വിജയത്തിന് ശേഷം അടിമുടി മാറി ഒരു സ്റ്റൈലിഷ് വില്ലൻ വേഷത്തിൽ ധൂം 2 ൽ ഹൃതിക് നിറഞ്ഞാടി. ബുദ്ധിപൂർവം ഓരോ കൊള്ളകളെയും നടത്തി പോലീസിനെ വിഡ്ഢിയാക്കി രക്ഷപ്പെടുന്ന സ്റ്റൈലിഷ് കള്ളനായി ഹൃതിക് റോഷൻ ധൂമിൽ കയ്യടിവാങ്ങി. ക്രിട്ടിക്കുകൾ ഹൃതികിന്റെ കഥാപാത്രത്തിനെ അന്ന് വിശേഷിപ്പിച്ചത് the heart, the soul, and the spirit of the film" എന്നായിരുന്നു, അത് വളരെയധികം ശരിയായിരുന്നു.

അവിടന്നങ്ങോട്ട് ജോധാ അക്ബർ, ഗുസാരിഷ്, സിന്ദഗി നാ മിലേഗി ദൊബാര, അഗ്നിപഥ്, കൃഷ് 3, ബാംഗ് ബാംഗ്, കാബിൽ തുടങ്ങിയ വിജയ സിനിമകൾ ഹൃതികിലെ നടനെയും താരത്തെയും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. കൂടെകൂടെയുള്ള പരിക്കുകളും അതിനെ തുടർന്നുള്ള സർജറികളും സിനിമകൾ തുടർച്ചായി ഇല്ലെന്ന കാരണവും ഹൃതികിലെ താരത്തെ പലപ്പോഴും പിന്നോട്ടടിച്ചിട്ടുണ്ട്. ഓൺ സ്‌ക്രീനിൽ ആയാലും ഓഫ് സ്‌ക്രീനിൽ ആയാലും ഹൃതിക്കിന്റെ ഡാൻസിന് ഒരു സെപ്പറേറ്റ് ഫാൻ ബേസ് തന്നെയുണ്ട്. അയാൾ ഡാൻസ് ചെയ്യാൻ തുടങ്ങുമ്പോൾ ഏത് ടഫ് സ്റ്റെപ്പുകളും ഈസി ആയി അനുഭവപ്പടും. വാർ എന്ന സിനിമയിലെ ജയ് ജയ് ശിവശങ്കർ എന്ന ഗാനത്തിൻെറ തുടക്കത്തിൽ തകർത്ത് ഡാൻസാടുന്ന ടൈഗർ ഷ്രോഫിനും മുകളിൽ ചെറിയൊരു ലെഗ് മൂവേമെന്റ് കൊണ്ട് ഹൃതിക് കൈയ്യടി വാങ്ങുന്നു. അസാമാന്യ മെയ്വഴക്കത്തോടെ ബാക്ക്ഗ്രൗണ്ട് dancers നെയും തന്റെ കോ ആക്ടര്സിനെയും വെറും കാഴ്ചക്കാരാക്കി മാറ്റാറുണ്ട് ഹൃതിക് റോഷൻ. ഇന്നും അയാളുടെ ഐകോണിക് ഡാൻസ് സ്റ്റെപ്പിന് കൈയ്യടികൾ ഉയരാറുണ്ട്.

നമുക്കുള്ള ഈയൊരു ജീവിതത്തിൽ നമുക്ക് മുന്നിലായി രണ്ട് ഓപ്‌ഷനുകൾ ഉണ്ടാകും. ഒന്ന് പ്രതീക്ഷകൾ അവസാനിപ്പിച്ച് give up ചെയ്യുക മറ്റൊന്ന് ഒരിക്കലും തളരാതെ വിട്ടുകൊടുക്കാതിരിക്കുക. നിർബന്ധമായും നമ്മൾ തിരഞ്ഞെടുക്കേണ്ടത് ആ രണ്ടാമത്തെ ചോയ്സ് ആണ്. വർഷങ്ങൾ കഴിയുംതോറും അയാളെ നടനെ സ്വയം പാകപ്പെടുത്തിയെടുക്കുകയാണ്. സൂപ്പർ 30 കായി മെലിഞ്ഞു ശരീരത്തെ വഴക്കിയെടുത്ത് അയാൾ കഥാപാത്രമായി മാറി. വാറിൽ റോഗ് ഏജന്റ് കബീർ ആകാൻ തിരികെ ശരീരത്തെ പാകപ്പെടുത്തി. വിക്രം വേദയിൽ വേദാ ഭായ് ആയും കാബിളിലെ അന്ധനായ നായകനായും ഹൃതിക് കഥാപാത്ര തിരഞ്ഞെടുപ്പിലും വ്യത്യസ്തത കൊണ്ടുവരുന്നുണ്ട്. തന്റെ സൗന്ദര്യത്തിനും ഡാൻസിനുമപ്പുറം ഏതൊരു കഥാപാത്രമാകാനും അതിനെ മികച്ചതാക്കാനും ഹൃതിക് റോഷനെന്ന അഭിനേതാവിന് സാധിക്കുമെന്ന് അയാൾ പുതിയ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് ഉറപ്പുതരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in