ടൊവിനോ : ഒരിക്കല്‍ കൂകി വിളിച്ചവര്‍ക്ക് മുന്നില്‍ അധ്വാനം കൊണ്ട് ഹീറോ ആയൊരാള്‍

ടൊവിനോ :  
ഒരിക്കല്‍ കൂകി വിളിച്ചവര്‍ക്ക് മുന്നില്‍ അധ്വാനം കൊണ്ട് ഹീറോ ആയൊരാള്‍
Summary

പഴയ റഹ്‌മാന്‍, ശങ്കര്‍ പടങ്ങളില്‍ വരാറുള്ള മോഹന്‍ലാലിനെ ഓര്‍മ്മയുണ്ടോ ? വൈറസില്‍ നിന്ന് 2018 ലേക്കെത്തുമ്പോള്‍ ടൊവിനോ തോമസിന് സംഭവിക്കുന്നത്,

നീ എന്തിനാണ് പട്ടാളത്തില്‍ നിന്ന് പോന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ എനിക്കോര്‍മ്മ വരിക മരുഭൂമികള്‍ ഉണ്ടാവുന്നതിലെ ആനന്ദിന്റെ മറുപടിയാണ്. ഞാന്‍ പോന്നിട്ടില്ല, ഞാനിപ്പോഴും പട്ടാളത്തിലാണ് എന്ന്. ഒരിക്കല്‍ പട്ടാളക്കുപ്പായമിട്ടവര്‍ക്കാര്‍ക്കും പിന്നെയതഴിക്കാന്‍ പറ്റാറില്ല. നടപ്പിലും എടുപ്പിലും സംസാരത്തിലുമെല്ലാം അന്നുമുതല്‍ അയാള്‍ പട്ടാളക്കാരനാണ്. റിട്ടയറായാലും ഉള്ളിലെ പട്ടാളക്കാരനോ, വീരകഥകളോ റിട്ടയറാവുകയില്ല. ആ ചരിത്രത്തെ മുഴുവന്‍ റദ്ദു ചെയ്ത ഒരു പട്ടാളക്കാരനെ പക്ഷേ ഞാന്‍ കണ്ടു, പേര് അനൂപ്. മുണ്ടു മടക്കിക്കുത്തി, കള്ളി ഷര്‍ട്ടുമിട്ട്, കലപില സംസാരിച്ച്, കുറ്റിത്താടിയിലൊളിപ്പിച്ച നുണക്കുഴിച്ചിരിയുമായി അയാളടത്തു വരുമ്പോള്‍ എന്തിനാണ് പോന്നത് എന്നല്ല, എന്തിനാണ് പോയത് എന്ന ചോദ്യമാണ് എന്റെയുളളില്‍ തികട്ടി വന്നത്.

പോയത് സിനിമ കണ്ടിട്ടാണ്. സിനിമകളിലെ പട്ടാള ജീവിതത്തിന്റെ നിറം കണ്ടാണ്. ചെന്നപ്പോള്‍ കഷ്ടപ്പാടാണ്. രാവിലെ നേരത്തേ എഴുന്നേല്‍ക്കണം, കഠിനമായ ട്രെയിനിംഗുകളുണ്ട് ! ഇത് സിനിമയില്‍ കണ്ട പട്ടാളമൊന്നുമല്ല. എന്നിട്ടും അനൂപവിടെ പിടിച്ചു നിന്നു. പിന്നീടെന്നോ ഒരു ദിവസം പക്ഷേ അവനോടിപ്പോന്നു. നാട്ടിലെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ കണക്കു പഠിപ്പിക്കാന്‍ ഡല്‍ഹിയില്‍ നിന്നും വന്ന മഞ്ജുട്ടീച്ചര്‍, തന്നെക്കുറിച്ചന്വേഷിക്കാന്‍ ദില്ലിയിലെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വന്ന ചാരവനിതയായിരുന്നു അനൂപിന്. അവര് നോക്കുമ്പോഴൊക്കെ കണ്ണുകള്‍ ഉടക്കാതിരിക്കാന്‍ അവന്‍ പെടാപ്പാടു പെടുമായിരുന്നു. ഒടുവിലൊരു ദിവസം അവന്‍ മഞ്ജുടീച്ചറിന്റെ മുമ്പില്‍ ഒറ്റയ്ക്ക് പെട്ടു. നീ എന്തിനാണ് പട്ടാളത്തില്‍ നിന്ന് പോന്നത് എന്ന് അന്നാണ് അവരനൂപിനോട് ചോദിക്കുന്നത്.

യുദ്ധത്തിന്റെ വീരകഥകള്‍ മാത്രമേ ഇന്നോളം എക്‌സ് മിലിട്ടറിക്കാര്‍ പറഞ്ഞിട്ടുള്ളൂ. വെടിയുണ്ടയ്ക്ക് മുമ്പില്‍ വിരിമാറ് കാണിക്കുന്ന ധീരജവാന്റെ ലെഗസി അവരുടെ ഉടലാസകലം ഒഴുകിനടക്കുന്നുണ്ടാവും. അനൂപിന് പക്ഷേ പറയാനുണ്ടായിരുന്ന കഥ മറ്റൊന്നാണ്. തൊട്ടടുത്ത പട്ടാള ക്യാമ്പിലെ രണ്ടുപേര്‍ വെടിയേറ്റു മരിച്ച ദിവസമാണ് അവന്‍ പട്ടാളം വിട്ട് ഓടിപ്പോരുന്നത്. മരിക്കാന്‍ അനൂപിന് പേടിയായിരുന്നു. തന്നെ പട്ടാളത്തിലേക്ക് തിരികെക്കൊണ്ടു പോകാന്‍ വന്ന ചാര വനിതയോട് അവനു തോന്നിയതും ആ ഭയമാണ്. ജിവിതത്തോട് എനിക്കൊടുക്കത്തെ ആസക്തിയാണ് എന്ന് എത്ര ഭംഗിയിലാണ് അനൂപ് പറഞ്ഞു വെക്കുന്നത്. ഓരോ ജീവനും അയാള്‍ക്ക് പ്രധാനപ്പെട്ടതാകുന്നത്, തന്റെ ജീവനെ അയാളത്രമേല്‍ വിലമതിക്കുന്നത് കൊണ്ടാണ്.

സ്വസ്ഥജീവതത്തിന്റെ അപ്പോസ്തലന്മാമാര്‍ക്ക് കണ്ണു തുറന്നു കാണാന്‍ വെളിച്ചത്തിന്റെ ഒരു വഴി വെട്ടിത്തുറക്കുകയാണ് 2018 ലൂടെ ജൂഡ് ആന്റണി ജോസഫ്. മഞ്ജുട്ടീച്ചറിന്റെ ക്ലാസ്‌റൂമിലേക്ക് ഓടുപൊട്ടി വരുന്നത് ആ വെളിച്ചമാണ്. കുട്ടികള്‍ക്ക് അതിഷ്ടമായിരുന്നു, ഹെഡ്മാഷിനു പക്ഷേ അതടയ്ക്കാനായിരുന്നു തിടുക്കം. മലയാള സിനിമയുടെ സ്‌കൂളിലേക്ക് ഹെഡ്മാഷന്മാരെ അമ്പരപ്പിച്ച് ജൂഡ് വെട്ടിയ വെളിച്ചത്തിന്റെ വഴിയാണ് 2018. ഇതാ ഒരിന്റര്‍നാഷണല്‍ മലയാള പടം എന്ന് മൈക്ക് കെട്ടി പറയാനുള്ള ആവേശമുണ്ടായിരുന്നു തിയറ്റര്‍ വിടുമ്പോള്‍. മൂര്‍ഖന്‍ പാമ്പുകളെ അടവെച്ചു വിരിയിക്കുന്ന ബിരുദ പത്രങ്ങളില്‍ നിന്ന് ദൂരയാണ് ജീവിതമുളളതെന്ന് പറയാന്‍ നമുക്ക് ഒരു ജൂഡാന്റണിയുണ്ട്, അതൊരു പ്രതീക്ഷയാണ്.

നനഞ്ഞു കുതിര്‍ന്ന മരച്ചില്ലകളില്‍ ചവിട്ടി ആകാശത്തേക്ക് കയറിപ്പോകുന്ന അനൂപാണ് 2018 ലെ വെളിച്ചപ്പാട്. അയാളെ സല്യൂട്ട് ചെയ്താണ് ആ പടം തുടങ്ങുന്നതും ഒടുങ്ങുന്നതും. പഴയ റഹ്‌മാന്‍, ശങ്കര്‍ പടങ്ങളില്‍ വരാറുള്ള മോഹന്‍ലാലിനെയാണ് ഞാനോര്‍ത്തത്. പിന്നെയാണ് മലയാള സിനിമ മോഹന്‍ലാലാവുന്നത്. വൈറസില്‍ നിന്നും 2018 ലേക്കെത്തുമ്പോള്‍ ഞാന്‍ കണ്ടത് അതാണ്. കുഞ്ചാക്കോ ബോബന്‍, ആസിഫലി പടത്തില്‍ അഭിനയിച്ചിരുന്ന ടൊവിനോ തോമസല്ല 2018 ലെ അനൂപ്. ഇതയാളുടെ പടമാണ്.

അവിടെ വല്ല പണിയുമുണ്ടോ, എനിക്കീ നാട്ടില്‍ നിന്ന് രക്ഷപ്പെടണം എന്ന് കുഞ്ചാക്കോ ബോബന്‍ കഥാപാത്രം ഷാജി പുന്നൂസിനോട് വിളിച്ച് ചോദിക്കുന്നുണ്ട് അനൂപൊരിക്കല്‍. അനൂപിനോട് അയാള്‍ക്ക് വലിയ ഇഷ്ടമുണ്ട്. പക്ഷേ ആ സ്‌നേഹ വാത്സല്യത്തിന്റെ തണലിലല്ല അനൂപ് ഹീറോയാവുന്നത്. കഠിനാദ്ധ്വാനം കൊണ്ട് അവന്‍ പിടിച്ചെടുത്ത കസേരയാണിത്. ഒരിക്കല്‍ കൂകി വിളിച്ച നാട്ടുകാര്‍ക്ക് അവനാണിന്ന് ഹീറോ. അവനൊപ്പം തുഴയുന്ന നിക്‌സണാണ് 2018 ലെ ആസിഫ് അലി.

വിനീത് ശ്രീനിവാസന്റെ രമേശനും ഗൗതമിയുടെ അനുവും ഒന്നിച്ചിരിക്കുമ്പോള്‍, ശിവദ വീല്‍ചെയറിലിരുന്ന് ഷാജി പുന്നൂസിനെ സ്‌നേഹത്തോടെ നോക്കുമ്പോള്‍, സായിപ്പും മദാമ്മയും കോശിയോട് നന്ദിപറഞ്ഞു മടങ്ങുമ്പോള്‍ ഒക്കെ ടൊവിനോ അങ്കിള്‍ എവിടെ അപ്പാ എന്ന് തൊട്ടടുത്ത കസേരയിലിരുന്ന് മോന്‍ ചോദിച്ചു കൊണ്ടേയിരുന്നു. ആ ചോദ്യത്തിന്റെ ഉത്തരത്തിലാണ് ഈ പടത്തിന്റെ കിടപ്പ്. അന്നത്തെ രക്ഷകരെല്ലാം ഇപ്പൊള്‍ എവിടെയായിരിക്കുമോ എന്തോ !

ലോകപ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്‍ ഗാര്‍ഷ് എഴുതിയ ഒരു കഥയുണ്ട്, 'റെഡ് ഫ്‌ലവര്‍'. അതിലെ നായകന്‍ ഒരു ഭ്രാന്തനാണ്. ഒരു ദിവസം അയാളെ ഒരു ഭ്രാന്താലയത്തില്‍ കൊണ്ടു വന്നു. അവിടെ മുഴുവന്‍ ഭ്രാന്തന്മാരാല്‍ നിറഞ്ഞിരുന്നു. അയാള്‍ ആരെയും ശ്രദ്ധിച്ചില്ല. വന്നതു മുതല്‍ ഭ്രാന്താലയത്തിന്റെ പിറകുവശത്ത് വിടര്‍ന്നു നില്‍ക്കുന്ന ചുവന്ന പൂക്കളിലായിരുന്നു അയാളുടെ കണ്ണ്. ലോകത്തിന്റെ തിന്മ മുഴുവന്‍ ഇരിക്കുന്നത് ആ പൂക്കളിലാണെന്ന് അയാള്‍ക്ക് തോന്നി ! എല്ലാവരേയും കൊല്ലുന്ന പൂവാണതെന്ന് ആരും കാണാതെ അയാളത് പറിച്ചെടുത്ത് ഉടുപ്പിനകത്ത് ഒളിപ്പിച്ചു. അവയെ ഹൃദയത്തോടു ചേര്‍ത്തുവെച്ചു. അവ തന്നെ കൊല്ലുമെന്ന് അയാള്‍ക്കറിയാം, മരണം അടുത്തെത്തിയിട്ടുണ്ട്. പക്ഷേ ലോകം തിന്മയില്‍ നിന്നു മോചനം നേടുമല്ലോ, അയാള്‍ക്ക് സന്തോഷം തോന്നി

ഗാര്‍ഷ് എഴുതുന്നു, 'അവര്‍ അയാളെ സ്‌ട്രെച്ചറില്‍ വെച്ച്, മുറുക്കി വെച്ച അയാളുടെ കൈ വിടര്‍ത്തി ചുവന്ന പൂവ് എടുക്കാന്‍ ശ്രമിച്ചു. പക്ഷേ, മരണം കൊണ്ട് ആ കൈ മുറുകി വലിഞ്ഞു പോയി. അയാള്‍ ആ വിജയ ചിഹ്നം ശവക്കുഴിയിലേക്ക് തന്നെ കൊണ്ടുപോയി'

കുട്ടിക്കാലത്തെന്നോ റെഡ് ഫ്‌ലവര്‍ വായിച്ചതു മുതല്‍ ഈ രംഗം മനസിലുണ്ട്. 2018 എന്നെയത് വീണ്ടുമോര്‍മ്മിപ്പിച്ചു. എനിക്കനൂപിന്റെ കൈ തൊടണം. പറിച്ചെടുത്ത പൂക്കളാല്‍ ആ കൈ ചെമന്നിട്ടുണ്ടോ എന്ന് നോക്കണം, അവ ഹൃദയത്തോടു ചേര്‍ത്തുവെച്ചതിന്റെ മുറിവുകള്‍ അവിടെയുണ്ടോ എന്ന് നോക്കണം ജൂഡ്, കരഞ്ഞു കാണുകയായിരുന്നു നിങ്ങള്‍ തന്ന അത്ഭുത വിരുന്നിനെ. 2018 കാണാതിരിക്കരുത്. ഒരിക്കല്‍ ജീവിച്ചതിന്റെ ഓര്‍മ്മകളില്‍ നിന്ന് കെട്ടിപ്പൊക്കുന്ന ഭാവിയ്ക്കാണ് ഭംഗി എന്ന് ആ പടം നമ്മെ പഠിപ്പിക്കും. ജൂഡ് ആന്റണി ജോസഫിന് പറയാനുളളതും അതു മാത്രമാണ്. ഒരിക്കല്‍ ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന്. ഒരിക്കലും ഇങ്ങനെയൊന്നും ആവരുത് എന്ന്. കടലിരമ്പലിന്റെ കാതടിപ്പിക്കുന്ന ശബ്ദത്തിലേക്ക് 2018 ന്റെ ടൈറ്റില്‍ തെളിയുമ്പോഴേക്ക് തന്നെ ഈ പടം നിങ്ങളുടെ മാസ്റ്റര്‍പീസാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഇതാ വരികയാണ്, ഒരു ജൂഡാന്റണിക്കാലം .

Related Stories

No stories found.
logo
The Cue
www.thecue.in