നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

2001 ജനുവരി 14 പൊങ്കൽ റിലീസായി രണ്ടു സിനിമകൾ തമിഴിൽ റിലീസ് ചെയ്യുന്നു. വിജയ് നായകനായ ഫ്രണ്ട്‌സ്, അജിത് നായകനായ ദീന. ഫ്രണ്ട്സ് ഒരു ഫാമിലി ഡ്രാമ സിനിമയായിരുന്നപ്പോൾ എ ആർ മുരുഗദോസ് എന്ന പുതുമുഖ സംവിധായകനുമായി അജിത് കൈകോർത്ത ദീന ഒരു ആക്ഷൻ സിനിമയായിരുന്നു. രണ്ട് സിനിമകളും വിജയമായി. ദീനയിലൂടെ തമിഴകത്ത് ഒരു പുതിയ ആക്ഷൻ ഹീറോ പിറക്കുകയായിരുന്നു. സിനിമയിലെ തല എന്ന വിളിപ്പേര് ആരാധകർ ഏറ്റെടുത്ത് അജിത്തിനെ തമിഴകത്തിന്റെ തലയായി പ്രതിഷ്ട്ടിച്ചു. അവിടന്നങ്ങോട്ട് അയാൾ ആരാധകരുടെ സ്വന്തം തല അജിതായി. അഭിമുഖങ്ങളിലോ അവാർഡ് ഷോകളിലോ പ്രത്യക്ഷപ്പെടാത്ത, പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാത്ത, നരച്ച താടിയും മുടിയും ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആക്കിയ അജിത് കുമാർ. തനിക്കേറ്റവും ഇഷ്ടപ്പെട്ട റേസിംഗ് പോലെ തന്നെയാണ് അജിത്തിന്റെ ജീവിതവും ചിലപ്പോൾ ഒന്ന് പിന്നിലായെന്ന് തോന്നാം പക്ഷെ അടുത്ത നിമിഷത്തിൽ എതിരാളിയെ പിന്നിലാക്കി അയാൾ അതിവേഗം മുമ്പോട്ട് കുതിച്ചിരിക്കും. ബില്ലയിൽ ഒരു ഡയലോഗ് ഉണ്ട്, അത് ബില്ലയെ മാത്രമല്ല അജിത്തിനെ കൂടി ഉദ്ദേശിച്ചാണെന്ന് ആർക്കും എളുപ്പം മനസ്സിലാകും.

രജിനികാന്തിനെയും വിജയ്‌യെയും പോലെ കരിയറിന്റെ ആദ്യ കാലത്ത് റൊമാന്റിക് ഹീറോയായും വില്ലനായും ആണ് അജിത് സ്‌ക്രീനിലെത്തിയത്. റേസിങ്ങിനോടുള്ള അയാളുടെ ഇഷ്ട്ടം പല അപകടങ്ങളെയും തരണം ചെയ്തു മുന്നോട്ട് പോകാൻ അയാളെ പ്രേരിപ്പിച്ചു. ഒന്നര വർഷത്തോളമുള്ള ബെഡ് റെസ്റ്റും പല തവണയുള്ള ഓപ്പറേഷനുകളും അജിത്തിനെ തളർത്തിയില്ല. 'എൻ വീട് എൻ കണവർ' എന്ന സിനിമയിൽ ഒരു സ്കൂൾ കുട്ടിയായി സിനിമയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട അജിത്തിന്റെ ആദ്യ നായക വേഷം തെലുങ്ക് ചിത്രം 'പ്രേമ പുസ്‌തകം' ആയിരുന്നു. എന്നാൽ സംവിധായകന്റെ മരണം മൂലം ചിത്രം വൈകിയപ്പോൾ തമിഴിൽ അമരാവതിയിലൂടെ അജിത് ബിഗ് സ്‌ക്രീനിൽ നായകനായി. ചിത്രത്തിനായി അജിത്തിന് ഡബ്ബ് ചെയ്തത് വിക്രമായിരുന്നു. ചിത്രത്തിനിടയിലുണ്ടായ പരിക്ക് മൂലം അജിത്തിന് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു. തുടർന്ന് 1995 ൽ 'ആസൈ' എന്ന സിനിമയിലൂടെ അജിത് തിരിച്ചെത്തി. 200 ദിവസത്തിന് മുകളിൽ ചെന്നൈയിൽ പ്രദർശിപ്പിച്ച പടം അങ്ങനെ അജിത്തിന്റെ കരിയറിലെ ആദ്യ ഹിറ്റായി. തുടർന്നെത്തിയ കാതൽ കോട്ടയ്, ഉല്ലാസം, കാതൽ മന്നൻ ഒക്കെ അജിത്തിനെ റൊമാന്റിക് ഹീറോ പരിവേഷത്തിലേക്ക് ഉയർത്തിയപ്പോൾ എസ് ജെ സൂര്യ ഒരുക്കിയ വാലി അജിത്തിലെ വില്ലനെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ഇരട്ട വേഷത്തിൽ അജിത് എത്തിയ വാലിയിൽ തന്റെ അനിയന്റെ ഭാര്യയോട് അടങ്ങാത്ത പ്രണയമുള്ള അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഊമയായ ചേട്ടനായി അജിത് കസറി. സംഭാഷങ്ങളില്ലാതെ ചെറു നോട്ടം കൊണ്ട് വില്ലനിസം കൊണ്ടുവരാൻ അജിത്തിനായി. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മുഖവരിയിലൊക്കെ അജിത് സാധാരണകാരനായ നായകനായി.

ഒരു ആക്ഷൻ ഹീറോക്കായി തമിഴ് സിനിമ കൊതിച്ചിടത്താണ് അജിത് തലയായി ജനങ്ങൾക്ക് മുന്നിലെത്തുന്നത്. ഒരു പക്കാ ആക്ഷൻ ഹീറോയായി ദീനയിൽ മുരുഗദോസ് അജിത്തിനെ അവതരിപ്പിച്ചപ്പോൾ അവിടന്നങ്ങോട്ട് ഗിയർ ഷിഫ്റ്റ് ചെയ്ത് ബിഗ് സ്കെയിൽ ആക്ഷൻ സിനിമകളിലേക്ക് അജിത് നായകസ്ഥാനം മാറ്റി. വത്തികുച്ചി പത്തികാതട എന്ന യുവന്റെ ഇൻട്രോ സോങ്ങിൽ ആടിത്തിമിർത്ത് സുരേഷ് ഗോപിക്കൊപ്പം കട്ടക്ക് കൂടെനിന്ന് തല പട്ടം അജിത് സ്വന്തമാക്കിയപ്പോൾ രജനി - കമലിന് ശേഷം അജിത് - വിജയ് ഥ്വയതിന് അത് തുടക്കം കുറിച്ചു. അൽപ്പം സീരിയസ് ആയ ആക്ഷനും റൊമാൻസും ഒക്കെ കൂടിക്കലർന്ന സിനിമകളായിരുന്നു അജിത്തിന്റെ സിനിമകൾ. തന്റെ ആരാധകരെ തൃപ്തിപ്പെടുത്തണമെന്ന ചിന്ത എന്നും അജിത്തിനുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അവരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ എലെമെന്റുകളും ചേർത്താണ് അജിത് സിനിമകൾ ഒരുക്കിയിരുന്നത്.

2002 മുതൽ 2006 വരെ വെറും രണ്ടു സിനിമകൾ മാത്രമായിരുന്നു ഹിറ്റായി അജിത്തിനുണ്ടായിരുന്നത്. വരലാരും അട്ടഗാസവും. വരലാർ ആകട്ടെ രണ്ട് വർഷത്തിന് ശേഷമാണ് സ്‌ക്രീനിലെത്താനായത്. മൂന്ന് വേഷത്തിൽ ആടിത്തിമിർത്ത അജിത്തിനെ അന്ന് തേടിയെത്തിയത് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ആണ്, ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്കബ്സ്റ്ററും. വെള്ള വസ്ത്രവും കഴുത്തിൽ മാലയുമായി എത്തിയ സരണിന്റെ അട്ടഗാസവും ആ വർഷത്തിലെ വിജയ ചിത്രമായി. ദീപവലി തല ദീപാവലി എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അജിത്തിന്റെ അയാളുടെ ഏറ്റവും സ്റ്റൈലിഷ് രൂപത്തിൽ റീ ബ്രാൻഡ് ചെയ്ത സിനിമയായിരുന്നു ബില്ല. അധോലോക നായകനായ ഡേവിഡ് ബില്ലയായും ശരവണ വേലുവായും അജിത് തിളങ്ങി അതുവരെ അജിത്തിന്റെ പേരിലുണ്ടായിരുന്ന എല്ലാ റെക്കോർഡുകളെയും ബില്ല മാറ്റിയെഴുതി. യുവൻ ശങ്കർ രാജയുടെ ബി ജി എമ്മിൽ അജിത്തിന്റെ സ്റ്റൈലിഷ് എൻട്രിയും ഫൈറ്റുമെല്ലാം ചിത്രത്തിന്റെ സക്സസ് ഫോർമുലകളായി. ഡിറക്ടർസ് ആക്ടർ ആണ് അജിത്, തന്റെ സംവിധായകന്മാരുടെ വിഷനൊത്ത് അജിത് നിന്ന് കൊണ്ടുക്കാറുണ്ട്. അതിന്റെ ഫലമാണ് മങ്കാത്തയും നേർക്കൊണ്ട പാർവയും. താൻ ഏത് സംവിധായകനൊപ്പമാണോ ചേരുന്നത് അയാളുടെ വിഷന് പൂർണ്ണമായി അജിത് സറണ്ടർ ചെയ്യാറുണ്ട്. എന്നൈ അറിന്താൽ ഷൂട്ടിനിടയിൽ അജിത്തിന്റെ സ്റ്റാർ പദവിക്ക് അനുസരിച്ച് ഗൗതം മേനോൻ ചില സീനുകൾ കൂട്ടിച്ചേർത്തു. എന്നാൽ ഇതറിഞ്ഞ അജിത് ഗൗതംമേനോനോട് ആ സീനുകൾ ഒഴിവാക്കണമെന്നും എന്താണോ കഥക്ക് ആവശ്യം അത് മാത്രം ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു. പല സൂപ്പർസ്റ്റാറുകൾ ഒരു ടെംപ്ളേറ്റ് ഡ്രിവൺ സിനിമകളിൽ ഒതുങ്ങി പോകുമ്പോൾ അജിത് നായകനായും, വില്ലനായും തന്നെ മാറ്റിയെഴുതിക്കൊണ്ടിരുന്നു.

തന്റെ 50 മത്തെ സിനിമയിൽ അജിത്തിനെ വെങ്കട്ട് പ്രഭു അവതരിപ്പിച്ചത് ഒരു പക്കാ ആന്റി ഹീറോയായിട്ടായിരുന്നു. മറ്റു നടന്മാർ 50മത് സിനിമകൾ സ്ഥിരം കൊമേർഷ്യൽ റൂട്ടിൽ ഓടിക്കാൻ ശ്രമിച്ചിരുന്നപ്പോഴാണ് അജിത്തിന്റെ ഈ സാഹസം. എന്തായാലും മങ്കാത്ത അജിത്തെന്ന താരത്തിനെ തിരികെ ഒന്നാമതെത്തിച്ചു. നേർക്കൊണ്ട പാർവയാകട്ടെ തന്റെ ഏറ്റവും പീക്കിൽ നിൽക്കുമ്പോൾ ഒരു വുമൺ സെൻട്രിക്ക് സിനിമയുടെ ഭാഗമാകുകയായിരുന്നു അജിത്. മങ്കാത്തയ്ക്ക് ശേഷം സാൾട്ട് ആൻഡ് പേപ്പർ ഒരു സ്റ്റൈൽ സ്റ്റെമെന്റ്റ് ആയി മാറിയപ്പോൾ തമിഴിന്റെ ജോർജ് ക്ലൂണിയെന്നാണ് അജിത്തിന്റെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഒരു ഹോളിവുഡ് താരത്തിന്റെ അഴകും സ്റ്റൈലും ഉള്ള അജിത്തിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ യാതൊരു അതിശയോക്തിയുമില്ലെന്നും പറയാം. പിന്നീട് വന്ന എന്നൈ അറിന്താൽ ആരംഭം, വീരം,വേതാളം,വിശ്വാസം, വലിമൈ എല്ലാം അജിന്റെ സ്റ്റാർ പദവിയെ ചൂഷണം ചെയ്ത സിനിമകൾ ആയിരുന്നു.

ഒരു സൂപ്പർ ഫ്ലെക്സിബിൾ ഡാൻസർ അല്ല അജിത്. പക്ഷെ അയാൾ സ്‌ക്രീനിൽ വയ്ക്കുന്ന രണ്ടു ചുവടുകൾക്ക് തിയറ്റർ ഇളകിമറിയാറുണ്ട്. തന്റെ ശരീരത്തിലെ മുറിവുകൾ മറന്ന് അയാൾ സ്വയം മതിമറന്ന് ആടാറുണ്ട്. റിസ്ക് എന്നത് അജിത്തിന്റെ കൂടെപ്പിറപ്പാണ്. തന്റെ സിനിമകളിലെല്ലാം ഫൈറ്റ് സീനുകൾക്കായി അജിന്റെ എന്തെങ്കിലുമൊരു സാഹസം ഉണ്ടായിരിക്കും. ബില്ല 2വിൽ ക്ലൈമാക്സിൽ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് ഫൈറ്റ് ചെയ്തതും ആരംഭത്തിൽ പോലീസ് വണ്ടിയിൽ നിന്ന് പുറകെ വരുന്ന കാറിലേക്ക് എടുത്തു ചാടിയതും ഏറ്റവും ഒടുവിലായി പുതിയ ചിത്രം വിടാമുയർച്ചിയിൽ കാർ ചെയ്സ് സീനിൽ വണ്ടി മറിഞ്ഞ് തലനാരിഴക്ക് രക്ഷപെട്ടതുമെല്ലാം അതിൽ ചിലത് മാത്രം.

2003ൽ Formula Asia BMW ചാമ്പ്യൻഷിപ്പിലും 2010 ൽ ഫോർമുല 2 റേസിംഗ് ചാമ്പ്യൻഷിപ്പിലും അജിത് പങ്കെടുത്തിരുന്നു. റേസിങ്ങിനോടൊപ്പം തന്നെ ഷൂട്ടിങ്ങിലും ഫോട്ടോഗ്രഫിയിലും അതിയായ തലപര്യം അജിത്തിനുണ്ട്. 2022 ൽ തമിഴ് നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നാല് ഗോൾഡും രണ്ടു വെങ്കല മെഡലും അജിത് നേടിയിരുന്നു.

2011ൽ മങ്കാത്തയുടെ റിലീസിനോട് അനുബന്ധിച്ച് അജിത് ഫാൻ ക്ലബ്ബുകളെ പിരിച്ചുവിട്ടിരുന്നു. വലിമയുടെ റിലീസിന് മുന്നോടിയായി ഇനി തന്നെ തലയെന്ന് വിളിക്കരുതെന്നും അജിത് അഭ്യർത്ഥിച്ചിരുന്നു. എന്നാലും ആരാധകർക്ക് അജിത്തിനോടുള്ള സ്നേഹത്തിന് മാറ്റമൊന്നുമില്ല അവർക്ക് അയാൾ അവരുടെ പ്രിയപ്പെട്ട തലയാണ്. തിരിച്ച് തന്റെ ആരാധകരോടും ബഹുമാനത്തോടെയാണ് അജിത് ഇടപഴകാറ്. ഓരോ സിനിമക്ക് ശേഷം അജിത് തന്റെ ബൈക്കിൽ ലോകം ചുറ്റാൻ ഇറങ്ങാറുണ്ട്. ആ യാത്രക്കിടയിൽ പലപ്പോഴും ആരാധകരുമായി അജിത് സംവദിക്കാറുണ്ട്. എത്ര തളർച്ചയിലും അവർക്കായി ഫോട്ടോക്ക് പുഞ്ചിരിക്കാറുണ്ട്. തല പോലെ വരുമാ എന്ന ഗാനത്തിലെ വരികളെ പോലെ തലയെ പോലെ തല മാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in