'ടെംപ്ളേറ്റ് പൊളിക്കാനല്ല, പുതുമ കൊണ്ടുവരാനാണ് ശ്രമം'; സംജാദ് അഭിമുഖം

'ടെംപ്ളേറ്റ് പൊളിക്കാനല്ല, പുതുമ കൊണ്ടുവരാനാണ് ശ്രമം'; സംജാദ് അഭിമുഖം

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നവാ​ഗതനായ സംജാദ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രം ​ഗോളം നാളെ തിയറ്ററുകളിലെത്തുകയാണ്. സ്കൂൾ കാലം മുതൽ സിനിമയെ സ്വപ്നം കണ്ട, സിനിമ ചെയ്യണം എന്ന സംജാദിന്റെ കടുത്ത ആ​ഗ്രഹത്തിന് ഇനി ഒരു രാത്രിയുടെ ദെെർഘ്യം മാത്രമേ ബാക്കിയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സിനിമയെ ഇടയ്ക്ക് വച്ച് മറന്ന് പ്രവാസ ജീവിതം തിരഞ്ഞെടുത്തപ്പോഴും സംജാദിനുള്ളിൽ സിനിമ മാത്രമായിരുന്നു. ഒടുക്കം പ്രവാസ ജീവിതം ഉപേക്ഷിച്ച് സുഹൃത്തും ​ഗോളത്തിന്റെ തിരക്കഥാകൃത്തിൽ ഒരാളുമായ പ്രവീണിനൊപ്പം സിനിമയിലേക്ക് ഇറങ്ങുമ്പോൾ സിനിമയോടും ചുറ്റുമുള്ളവരോടുമുള്ള വിശ്വാസമായിരുന്നു മുതൽക്കൂട്ട്. ആദ്യ സിനിമയെക്കുറിച്ചും ​ഗോളത്തിന്റെ വിശേഷങ്ങളെക്കുറിച്ചും സംജാദ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

jestin james

​ത്രില്ലർ സിനിമയ്ക്ക് ഒരു സ്ഥിരം പാറ്റേൺ ഇല്ല

ത്രില്ലർ സിനിമയ്ക്ക് സ്ഥിരം ഒരു പാറ്റേൺ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ശരിക്കും എല്ല സിനിമയും വ്യത്യസ്തമാണ്. അതിൽപ്പെട്ട ഒരു വ്യത്യസ്തമായ ചിത്രമാണ് ​ഗോളവും. ഇതിൽ സ്ഥിരം ത്രില്ലർ സിനിമയുടെ പാറ്റേൺ പൊളിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും ‍ഞങ്ങളുടേതായ രീതിയിൽ ഒരു പുതുമ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് സിനിമയിൽ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു.

jestin james

ത്രില്ലർ സിനിമയുടെ തിരക്കഥ എഴുത്ത് എളുപ്പമാണോ?

ഒട്ടും എളുപ്പമായിരുന്നില്ല. ഞങ്ങൾ ഒരുപാട് പ്രാവശ്യം സ്ക്രിപ്റ്റ് പൊളിച്ച് എഴുതിയിരുന്നു. കാരണം ഒരു ഘട്ടത്തിൽ എത്തിക്കഴിഞ്ഞപ്പോൾ നമ്മൾ പറഞ്ഞു പോയ കാര്യങ്ങൾ എവിടെയെങ്കിലും വരുമ്പോൾ റിവീൽ ആയി പോകുന്നുണ്ട്. മാത്രമല്ല ഒരുപാട് അഭിനേതാക്കളുണ്ട് ഈ ചിത്രത്തിൽ അവർക്കെല്ലാവർക്കും പ്രധാന്യം കൊടുക്കുക എന്നുള്ളത് ഒരു വലിയ ഘടകമായിരുന്നു. ദിലീഷേട്ടൻ , സണ്ണി വെയ്ൻ, അലൻസിയറേട്ടൻ ഇതൊന്നും കൂടാതെ രഞ്ജിത് സജീവും. ഇവർക്കെല്ലാം ഏകദേശം കൃത്യവും തുല്യവുമായ പ്രധാന്യം വീതിച്ച് നൽകുക എന്ന് പറഞ്ഞാൽ തന്നെ കുറച്ച് പാടുള്ള കാര്യമാണ്. കൂടാതെ സസ്പെൻസ് നിലനിർത്തി പടത്തിനെ മുന്നോട്ട് കൊണ്ടുപോവുക എന്ന് പറഞ്ഞാൽ അതും കഷ്ടപ്പാടായിരുന്നു. പിന്നെ ട്രെയ്ലർ കട്ട് ചെയ്യാൻ കുറച്ച് പാട് പെട്ടു. കാരണം ത്രില്ലറാണല്ലോ ഒരുപാട് കാര്യങ്ങൾ നമുക്ക് അതിൽ പറയാൻ പറ്റില്ല, എന്നാൽ നമ്മൾ എന്താണ് പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നുള്ളത് കൃത്യമായി കിട്ടുകയും വേണം. അതുകൊണ്ട് തന്നെ അത് പാടുള്ള ഒരു പരിപാടി തന്നെ ആയിരുന്നു.

jestin james

രഞ്ജിത്തിന് കുറച്ച് പ്രത്യേകതകളുണ്ട്

സത്യത്തിൽ രഞ്ജിത്തിനെ ഇതിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ ഞങ്ങൾ കണ്ടത് ഒന്നാമത്തെ കാര്യം രഞ്ജിത്ത് മുമ്പ് ചെയ്തിട്ടുള്ളത് രണ്ട് പടമാണ്. രഞ്ജിത്തിന്റെ മുഖം ആളുകൾക്ക് പരിചിതമായി വരുന്നതേയുള്ളൂ. അപ്പോൾ നമ്മൾ പരിചയപ്പെടുത്തുന്ന കഥാപാത്രത്തിന് ഒരു പുതുമയുണ്ടാവും എന്നതാണ്. അതു് തന്നെയാണ് ​ഗോളത്തിൽ ഒരുപാട് പുതിയ ആളുകളെ ഞങ്ങൾ സെലക്ട് ചെയ്യാൻ കാരണവും. പുതിയൊരാൾ പുതിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് ഊഹിക്കാൻ പാടായിരിക്കും. അതുകൊണ്ടാണ് ഞങ്ങൾ രഞ്ജിത്തിനെ തന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്തത്. നമ്മൾ സ്ഥിരം കണ്ട് മടുത്ത പാറ്റേണിൽ നിന്ന് കുറച്ച് വ്യത്യസ്തമായിട്ടുള്ളൊരു രീതിയിലാണ് സന്ദീപ് കൃഷ്ണ എന്ന കഥാപാത്രത്തിനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അത് അദ്ദേഹം വ‍ൃത്തിയായി ‍ഞങ്ങൾക്ക് ചെയ്തു തരികയും ചെയ്തു. പിന്നെ രഞ്ജിത്തിന്റെ ശരീര ഘടനയും ഈ കഥാപാത്രത്തിന് ഉപയോ​ഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന് വേണ്ടി ഒരുപാട് ഡയറ്റും കാര്യങ്ങളും രഞ്ജിത്ത് ചെയ്തിരുന്നു. അദ്ദേഹം ഇതിന് തൊട്ട് മുമ്പ് ചെയ്ത ചിത്രം ഖൽബ് ആയിരുന്നു. അതിൽ അദ്ദേഹം ഒരു മെലിഞ്ഞ ഓടിച്ചാടി നടക്കുന്ന ഒരു പയ്യനായിരുന്നു. എന്നാൽ മെച്ച്വർ ആയ ഒരു പൊലീസ് ഉദ്ധ്യോ​ഗസ്ഥനിലേക്ക് വരുമ്പോൾ വരുന്ന ശാരീരീകമായും മാനസികമായും ഉള്ള മാറ്റങ്ങൾ ആരെവച്ചും നമുക്ക് ചെയ്തെടുക്കാവുന്നതാണ്. എന്നാൽ രഞ്ജിത് അത് ചെയ്യുമ്പോൾ അദ്ദേഹത്തിന് ഇൻബിൽഡായ കുറച്ച് പ്രത്യേകതകളുണ്ട്. അത് പടം കാണുമ്പോൾ മനസ്സിലാവും. ആ പ്രത്യേകതകളെ യൂസ് ചെയ്യാൻ വേണ്ടിയാണ് രഞ്ജിത്തിനെ തന്നെ ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്.

jestin james

സിനിമയിലേക്കുള്ള വഴി

സിനിമയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല പക്ഷേ ഇവിടെ ഇപ്പോൾ എത്തി എന്നത് വലിയ ഭാ​ഗ്യമാണ്. പ്രധാനമായിട്ടും ഇതിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിനെ എടുത്ത് പറയേണ്ടതുണ്ട്. അവരുടെ ആദ്യത്തെ സിനിമയായ പ്രണയം ഒരു കൊമേഷ്യൽ സിനിമയായിരുന്നില്ല. അഭിനയത്തിന് പ്രധാന്യം ഒക്കെയുള്ള ഒരു സിനിമയായിരുന്നു അത്. അവർ എല്ല സിനിമയും പരീക്ഷിക്കാൻ തയ്യാറാണ്. അത്തരത്തിൽ അവർ നല്ല രീതിയിൽ ഞങ്ങളെ സപ്പോർട്ട് ചെയ്തു. പുതിയ ആൾക്കാരായിട്ട് പോലും അവരുടെ ഭാ​ഗത്ത് നിന്നും നല്ല രീതിയിലുള്ള പിന്തുണ ഞങ്ങൾക്ക് കിട്ടി. ആ ഒരു സപ്പോർട്ട് കൂടിയുള്ളത് കൊണ്ടാണ് ഈ സിനിമ ഇപ്പോൾ ചെയ്ത് തീർക്കാൻ സാധിച്ചത്. ഞങ്ങൾ ഇതിന് വേണ്ടി ഒരുപാട് നടന്നിട്ടുണ്ട്. ഞാനും പ്രവീണും ആണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ഞങ്ങൾ മുമ്പ് ഒരു കഥ എഴുതി ഒരു പ്രൊഡക്ഷൻ കമ്പനിയെ മീറ്റ് ചെയ്തിരുന്നു. അത് വലിയ പ്രൊജക്ടും കാര്യങ്ങളും ഒക്കെ ആയത് കൊണ്ട് പെട്ടെന്ന് ചെയ്യാൻ കഴിയാത്തതിനാലാണ് പിന്നീട് ​ഗോളത്തിലേക്ക് വന്നത്. ഒരു തുടക്കക്കാരൻ എന്ന തരത്തിൽ ​ഗോളം ചെയ്യാൻ കഴിയും എന്ന് തോന്നിയിട്ടാണ് ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസുമായി ഈ സിനിമ പിച്ച് ചെയ്യുന്നത്.

jestin james

ഒരുമിച്ചുള്ള എഴുത്ത്

രണ്ട് പേരും എഴുതുമ്പോൾ രണ്ട് പേർക്കുമിടയിൽ വാർക്ക് തർക്കങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ ഈ സ്ക്രിപ്റ്റിന് ഹെൽപ്പ് ചെയ്തിട്ടേയുള്ളൂ. ഒരിക്കലും നെ​ഗറ്റീവായി ബാധിച്ചിട്ടില്ല. ചില സമയത്ത് ഞാൻ പറയുന്നതാണ് ശരി, അല്ലെങ്കിൽ പ്രവീൺ പറയുന്നതാണ് ശരി എന്ന് തോന്നുമെങ്കിലും ഒടുവിൽ അതെല്ലാം തന്നെ സ്ക്രിപ്റ്റിനെ ഹെൽപ്പ് ചെയ്തിട്ടുണ്ട്. പിന്നീട് ആലോചിക്കുമ്പോൾ ശരിയാണ് ഇങ്ങനെയാണ് വേണ്ടിയിരുന്നത് എന്ന് തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് അതെല്ലാം. വിട്ട് കൊടുക്കാൻ തയ്യാറായി കഴിഞ്ഞാൽ രണ്ട് പേർ ഒരുമിച്ച് എഴുതുന്ന പരിപാടി അടിപൊളിയാണ്.

jestin james

സിനിമ എന്ന മോഹം

ഞാൻ സിനിമ മോഹിച്ച് നടക്കാൻ തുടങ്ങിയിട്ട് ഒരാപാട് നാളായി. പ്രവീണിനെ പരിചയപ്പെട്ടിട്ട് 14 കൊല്ലമായി. സ്കൂൾ പഠനകാലം മുതൽ സിനിമ ചെയ്യണം എന്ന് പറഞ്ഞ് നടക്കുകയായിരുന്നു. ആ​ഗ്രഹം പിന്നീട് കൂടിക്കൂടി വന്നു. അതിന് വേണ്ടി ഷോർ‌ട്ട് ഫിലിംസ് ചെയ്തു. ഞങ്ങൾ രണ്ട് പേരും കൂടി ചേർന്ന് ഒരു സിനിമ തന്നെ ചെയ്തിരുന്നു. പ്രൊഡക്ഷൻ കമ്പനികളെ മീറ്റ് ചെയ്യുമ്പോൾ അവർക്ക് നമ്മൾ സിനിമ ചെയ്യും എന്ന് കാണിക്കാൻ വേണ്ടിയിട്ട് ഒരു ക്യാമറ ഒക്കെ വച്ച് ഞാൻ ഷൂട്ട് ചെയ്ത്, പ്രവീൺ അഭിനയിച്ച്, രണ്ട് മൂന്ന് ഫ്രണ്ട്സ് ഒക്കെ ഹെൽപ്പ് ചെയ്ത്, രണ്ട് മണിക്കൂർ ൻീളമുള്ള ചെറിയ ഫിലിം. പ്രൊഡക്ഷൻ കമ്പനികളെ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. പിന്നീട് ഈ ഒരു സനിമ ചെയ്യുന്ന സമയത്ത് പോലും ഇതിന് വേണ്ടി ഞങ്ങൾ ഡെമോകൾ ഒക്കെ ചെയ്തിരുന്നു. ആദ്യത്തെ പ്രൊജക്ട് ആയതുകൊണ്ടായിരിക്കാം ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഞങ്ങൾ വർക്ക് ചെയ്തു. പാഷൻ എന്നത് ഒരോ സ്റ്റേജും കഴിയുമ്പോൾ കൂടിക്കൂടി വരിക മാത്രമായിരുന്നു ചെയ്തത്. അത് ഒട്ടും കുറഞ്ഞിട്ടില്ല. കുറഞ്ഞു പോയ സഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ​ഗൾഫിൽ പോയിയപ്പോൾ. സാമ്പത്തികമായി നമുക്ക് ഒരോ ആവശ്യങ്ങളൊക്കെ വരും അപ്പോൾ സിനിമയ്ക്ക് പിന്നാലെ മാത്രം നടന്നാൽ ശരിയാവില്ല. അത്തരത്തിൽ ജോലി ആയിട്ട് മുന്നോട്ട് പോയപ്പോഴും ജോലി അല്ലെങ്കിൽ സിനിമ ഏതെങ്കിലും ഒന്ന് മാത്രമേ ചെയ്യാൻ കഴിയുള്ളൂ എന്ന് ഉറപ്പായിരുന്നു. പിന്നീടാണ് ഞങ്ങൾ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നത്. നമ്മുടെ ആദ്യത്തെ സിനിമ ​ഗോളമാണെന്ന് ഉറപ്പിച്ചപ്പോൾ, ‍ഞങ്ങൾക്ക് അത്രയും കോൺഫിഡൻസ് വന്നപ്പോൾ പ്രവീണും എന്നെയും ഞാൻ അവനെയും വിശ്വസിച്ചു. അങ്ങനെയാണ് ഈ പരിപാടി ഓൺ ആവുന്നത്.

jestin james

പ്രേക്ഷകരോട്

ഞങ്ങളാൽ കഴിയുന്ന രീതിയിൽ പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ത്രില്ലറാണ്. പക്ഷേ ത്രില്ലർ എന്നതിൽ ഉപരി കുറേ കാര്യങ്ങൾ കൂടി ഇതിനകത്തുണ്ട്. ദിലീഷേട്ടന്റെ കഥാപാത്രം മരിക്കുമെന്നും ഒരു ഓഫീസിനുള്ളിലാണ് മരണം എന്നും ട്രെയ്ലറിലുടെ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അത് ഈ സിനിമയുടെ ഒരു ശതമാനം പോലും ആയിട്ടില്ല. നാളെ ഈ സിനിമ കണ്ട് ആളുകൾ ബാക്കി പറയട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. അത്രത്തോളം ഡീകോഡ് ചെയ്യാനായി സിനിമയിൽ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ഇട്ടിട്ടുണ്ട്. അതൊക്കെ ആളുകൾ കണ്ട് പിടിക്കുമോ അതോ ഇനി നമ്മൾ വിചാരിക്കാത്ത കാര്യങ്ങൾ ആളുകൾ ഡീകോഡ് ചെയ്ത് ഇങ്ങോട്ട് പറയുമോ എന്നൊക്കെയാണ് കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in