ഗിരീഷ് എ ഡി യൂണിവേഴ്‌സ്

വിശുദ്ധ ആംബ്രോസെ എന്ന പേരിൽ ​​ഗിരീഷ് എ.ഡി രചനയും സംവിധാനവും നിർവഹിച്ച് 2017ൽ പുറത്തുവന്ന ഷോർട്ട് ഫിലിമിലെ രം​ഗമാണിത്. അഞ്ച് വർഷത്തിന് ശേഷം ​ഗിരീഷിന്റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തിയ പ്രേമലു കാണുമ്പോഴും ​​ഷോർട്ട് ആയാലും ഫീച്ചർ ആയാലും പ്രേക്ഷകർക്കിടയിൽ അത് വർക്ക് ആകുന്നതിൽ ​ഗിരീഷ് എ.ഡിയുടെ ക്രാഫ്റ്റിലെ മിടുക്ക് എന്താണെന്ന് പിടികിട്ടും. ​തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു തിയറ്ററിൽ ഓളം തീർത്ത, ചെറുപ്പക്കാരെ കയ്യിലെടുത്ത മൂന്ന് സിനിമകൾ. ബോക്സ് ഓഫീസീൽ ഹാട്രിക്. തിയറ്ററുകളിൽ പഴയത് പോലെ ആളുകളെ ചിരിപ്പിക്കാനാകില്ലെന്നും, തമാശ വർക്ക് ആകാൻ പാടാണെന്നും ഹിറ്റ് ഫിലിം മേക്കേഴ്സ് ഉൾപ്പെടെ പരിഭവപ്പെടുമ്പോൾ മൂന്ന് സിനിമകളെയും ഹ്യൂമർ ട്രാക്കിൽ വിജയിപ്പിച്ചെടുത്തിരിക്കുകയാണ് ​ഗിരീഷ് എ.ഡി.

റോം കോം എന്ന് വിളിക്കുന്ന റൊമാന്റിക് കോമഡി ഴോണറിലുള്ളതാണോ ​ഗിരീഷ് എ.ഡിയുടെ മൂന്ന് പടങ്ങളെന്ന് ചോദിച്ചാൽ പൂർണമായും അല്ല എന്ന് പറയേണ്ടി വരും. ഏറെക്കുറെ മിക്സഡ് ഴോണറിലാണ് ​ഗിരീഷ് വിജയമാവർത്തിക്കുന്നത്. കാഴ്ചയിലും, പെര്‍ഫോര്‍മന്‍സിലും കുട്ടികളെ അവരുടെ പ്രായത്തിനൊത്തും ചിന്തക്കള്‍ക്കൊപ്പവും അവതരിപ്പിക്കുന്നതില്‍ മിടുമിടുക്ക് ​ഗിരീഷിന്റെ ഷോർട്ട് ഫിലിമിൽ കാണാം. തണ്ണീർമത്തനിൽ എത്തിയപ്പോൾ പ്ലസ് ടു ബോയ്സ് ​ഗാം​ഗിലേക്ക് ഹ്യൂമറും റൊമാൻസും സ്കൂളിനകത്തെ പ്രശ്നങ്ങളും ആകുലതകളുമൊക്കെ വിശ്വസനീയമായി ഗിരീഷ് അവതരിപ്പിച്ചു. മുതിർന്നവരുടെ പി.ഒ.വിയിൽ നിന്നല്ല, ആ കുട്ടികളുടെ പ്രായത്തിനൊത്ത ചിന്തയിലും ചിരിയിലും അബദ്ധങ്ങളിലും പക്വതക്കുറവിലും അവരെ പ്ലേസ് ചെയ്യാനാണ് ​ഗിരീഷ് ശ്രമിച്ചത്. സൂപ്പർ ശരണ്യയിലും പ്രേമലുവിലും ​ഗിരീഷ് വിജയിച്ചതും അങ്ങനെ വിശ്വസനീയമായി പ്ലേസ് ചെയ്യുന്നത് കൊണ്ടാണ്. സ്കൂളിലും പുറത്തുമുള്ള രസകരമായ സന്ദര്‍ഭങ്ങളെ സൃഷ്ടിച്ച് എപ്പിസോഡിക് സ്വഭാവത്തിൽ ഹ്യൂമർ പാക്ക്ഡ് ആയി പോകുന്ന സിനിമയായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. സ്കൂൾ കാലത്ത് ഫൺ എപ്പിസോഡ് ആയി വരുന്ന സീനുകളെല്ലാം മിടുക്കോടെ ​ഗിരീഷ് അവതരിപ്പിച്ചു. സ്കൂൾ റൊമാന്റിക് കാലത്ത് സ്വാഭാവികമായി വില്ലനാകാൻ ചാൻസ് ഉള്ള രവി പത്മനാഭൻ പോലൊരു അധ്യാപകനെയും കഥയിലേക്ക് പ്ലേസ് ചെയ്തു. തണ്ണീര്‍മത്തനില്‍ ക്ലാസ് റൂമിലും, ബസിലും ലാബിലും ജ്യൂസ് കടയിലും ക്രിക്കറ്റ് ഗ്രൗണ്ടിലും പെരുന്നാള്‍ പള്ളിയിലുമെല്ലാം പിള്ളേര് പിള്ളേരായി പൊളിക്കുകയായിരുന്നു. ക്രിക്കറ്റ് സെലക്ഷനും ക്രിക്കറ്റ് പ്രാക്ടീസും, ജ്യൂസ് കടയിലെ തമാശകളും, രവി പദ്മനാഭന്‍-ജെയ്‌സണ്‍ എന്‍കൗണ്ടറുമൊക്കെ ഉഗ്രന്‍ ചിരിയവസരങ്ങളാക്കി. ട്രോളായും തമാശയായും കൗണ്ടര്‍ ഡയലോഗുകളായും കുറേ കാലം നില്‍ക്കാനുള്ള ഡയലോഗുകളും മീമുകളും സീനുകളും ഈ സിനിമയുടേതായി വന്നു. സൂപ്പർ ശരണ്യയിലെത്തുമ്പോൾ കോളജ് പശ്ചാത്തലമാക്കി ഏറെക്കുറെ എപ്പിസോഡിക് സ്വഭാവത്തിൽ ആദ്യ സിനിമയെക്കാൾ കൺവിൻസിം​ഗ് ആയ പ്ലോട്ടും സീനുകളും ക്രിയേറ്റ് ചെയ്യുകയാണ് ​ഗിരീഷ് ചെയ്തത്. കൃത്യമായ സ്ട്രക്ചറും പ്രോ​ഗ്രഷനുമുള്ള ഒരു തിരക്കഥയിലേക്ക് ആക്ടേഴ്സിനെ പ്ലേസ് ചെയ്യുന്നതിന് പകരം അതീവ രസകരമായ സന്ദർഭങ്ങളിലേക്ക് ആക്ടേഴ്സിനെയും, ​ഗ്രൂപ്പ് ഓഫ് ആക്ടേഴ്സിനെയും വിന്യസിച്ച് അവരെ ഇംപ്രവൈസ് ചെയ്തും, കൃത്യമായ സ്റ്റേജിം​ഗിലൂടെയും രസിപ്പിക്കുന്ന സീനുകൾ സൃഷ്ടിച്ച് വിജയിച്ച ​ഗിരീഷ് എ.ഡി എന്ന ക്രാഫ്റ്റ്മാനെ സൂപ്പർ ശരണ്യയിൽ കാണാം. ​ഗേൾസ് ഹോസ്റ്റലിനകത്തെ സീനുകളും ശരണ്യയുടെ എൻകൗണ്ടറുകളും, ശരണ്യ-സോനാരെ ടീമിന്റെ കൊച്ചി യാത്രയുമെല്ലാം ആ സിനിമയുടെ റിപ്പീറ്റ് വാച്ചിന് പ്രേരിപ്പിക്കും വിധമാണ് ​ഗിരീഷ് ക്രിയേറ്റ് ചെയ്തത്. പ്രിയദർശന്റെ ആദ്യ കാല ബോയ്സ് ​ഗാം​ഗ് ഹ്യൂമർ സിനിമകളുടെയും, സത്യൻ അന്തിക്കാട് ജയറാമിനെ വച്ച് ചെയ്ത മഴവിൽക്കാവടി, സന്ദേശം പോലുള്ള സിനിമകളുടെയും ​വിഷ്വൽ ഹ്യൂമർ ഫീൽ ​ഗിരീഷ് ഈ സിനിമകളിലെല്ലാം കൊണ്ടുവരുന്നത് കാണാം.

രസമുള്ള കൗണ്ടർ ഡയലോ​ഗുകളും ഫൺ ഡയലോ​ഗുകളും വൺ ലൈനറുകളുമൊക്കെ കടന്നുവരുമെങ്കിലും ​ഗിരീഷിന്റെ സിനിമകളിൽ കാരിക്കേച്ചർ സ്വഭാവമുള്ള കാരക്ടറിനെ വച്ചുള്ള വിഷ്വൽ കോമഡികളാണ് കൂടുതലും കാണാനാകുത്. ഏറെ റിസ്കി ആയൊരു ഴോണർ മിക്സ് ആയി മൂന്നാം സിനിമയിലും ​ഗിരീഷ് എ.ഡി. വിജയിപ്പിച്ചെടുക്കുന്നത്. ഒരു സിനിമാറ്റിക് എലമെന്റ് തന്റെ സിനിമകളിൽ നിലനിൽക്കുമ്പോഴും ഗിരീഷ് എ ഡി സിനിമകളെല്ലാം റിയാലിറ്റിയോട് ചേർന്ന് നിന്ന് കഥ പറഞ്ഞു ചിരിപ്പിക്കുന്നവയാണ്. മലയാള സിനിമയിൽ റോം കോം സിനിമകൾക്ക് കാര്യമായ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് ഗിരീഷ് എ ഡി തണ്ണീർമത്തൻ ദിനങ്ങൾ എന്ന സ്കൂൾ റൊമാൻസ് ചിത്രവുമായി കടന്നുവരുന്നത്. ഒട്ടും അതിശയോക്തി കലർത്താതെ തികച്ചും കാണുന്ന പ്രേക്ഷകന് തന്റെ സ്കൂൾ കാലഘട്ടവും പ്രണയവും ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ ഒരുക്കിയിരുന്നത്. സ്കൂൾ കാലയളവിൽ പ്രണയിക്കാത്തവറോ പ്രണയം തോന്നാത്തവരോ വിരളമായിരിക്കും. ആ പ്രണയത്തെ നിഷ്കളങ്കമായി അതിന്റെ എല്ലാ കുറവുകളോടെയും ഗിരീഷ് എ ഡി ആദ്യ സിനിമയിൽ അവതരിപ്പിച്ചു. ചിത്രം കണ്ട പലർക്കും നായകനായ ജെയ്‌സണെ കണക്ട് ചെയ്തു അവന്റെ ആ പ്രായത്തിലെ പ്രണയവും എടുത്തുചാട്ടവും പ്രണയതകർച്ചയും മണ്ടത്തരങ്ങളും എല്ലാം പ്രേക്ഷകരും ഏറ്റെടുത്തു. രണ്ടാം ചിത്രമായ സൂപ്പർ ശരണ്യ സ്കൂളിൽ നിന്ന് നേരെ പോയത് കോളേജ് കാലത്തിലേക്ക് ആയിരുന്നു. അനശ്വര രാജൻ അവതരിപ്പിച്ച ശരണ്യ എന്ന പെൺകുട്ടിയുടെ കോളേജ് കാലത്തെ പ്രണയവും അവൾ നേരിട്ടിരുന്ന പ്രായത്തിന്റേതായ കൺഫ്യൂഷനുമെല്ലാം ഗിരീഷ് എ ഡി രണ്ടാം ചിത്രത്തിൽ അവതരിപ്പിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ആദ്യ ചിത്രത്തിന്റെ അത്ര മികച്ച അനുഭവം അല്ലായിരുന്നെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടും ചിരിപടർത്തിയ തമാശകളാലും സമ്പന്നമായിരുന്നു ചിത്രം. ശരണ്യയിൽ മാത്രം കഥയെ ഒതുക്കി നിർത്താതെ അവളെ അവളറിയാതെ രഹസ്യമായി പ്രണയിക്കുന്ന സഹപാഠി സംഗീത്തിനെയും അവളുടെ സുഹൃത്ത് വലയിത്തിനെയും സിനിമ രസകരമായി അവതരിപ്പിച്ചു. കൂട്ടത്തിൽ തന്റേടിയായ സോനാരെ എന്ന സോനാ സിനിമയിൽ ശരണ്യക്കൊപ്പം കൈയ്യടി വാങ്ങിക്കൂട്ടിയ കഥാപാത്രമായിരുന്നു. boy meets girl കഥക്ക് അപ്പുറം തമാശകളിലും സന്ദർഭങ്ങൾ ക്രീയേറ്റ് ചെയ്യുന്നതിലും ഗിരീഷിന് പുതുമ കൊണ്ടുവരാനായിട്ടുണ്ട്. കൃത്യമായ സ്ക്രീൻപ്ലേയ്യ് ഫോളോ ചെയ്യുന്ന സിനിമയല്ല പ്രേമലു. പകരം പല മൊമെൻറ്റുകളെ തമാശയും പ്രണയവും മ്യൂസിക്കും മികച്ചതായി ഇടകലർത്തി തിയറ്ററിൽ കാണുന്ന പ്രേക്ഷകന് ഒരു ഹൈ നൽകാൻ സിനിമക്ക് ആകുന്നുണ്ട്. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് എന്നാൽ ഒട്ടും repetitive തോന്നിപ്പിക്കാതെ വിഷ്വലുകളും മ്യൂസിക്ക് ഉപയോഗിച്ച് ചിത്രത്തെ ലൈവ് ആയി ഗിരീഷ് കൊണ്ടുപോകുന്നുണ്ട്.

കാലത്തിന്റെ കൃത്യമായ ട്രെൻഡ് ഗിരീഷ് എ ഡിക്ക് അറിയാം ഒപ്പം യുവപ്രേക്ഷകരുടെ പൾസും. തന്റെ മൂന്ന് സിനിമകളും ഗിരീഷ് ഒരുക്കിയത് യുവപ്രേക്ഷകരെ മനസ്സിൽ വച്ചാണ്, എന്നിരുന്നാലും സ്ഥിരം ദ്വയാർത്ഥ കോമെഡികളോ അശ്ലീല ചുവയുള്ള സംഭാഷങ്ങളോ ചിരിപ്പിക്കാൻ ​ഗിരീഷ് ആശ്രയിക്കുന്നില്ല. യൂത്തിന്റെ കഥ പറയുമ്പോഴും കൺവെൻഷനൽ ഫാമിലി പ്രേക്ഷകർ ടിക്കറ്റെടുക്കണമെന്ന നിർബന്ധത്തിൽ സെൽഫ് സെൻസർഷിപ്പ് ഫീലിൽ പ്രണയത്തിന് പരിധികൾ വച്ചിരിക്കുന്നതും ഈ സിനിമകളിൽ കാണാം.

തമാശകൾ അതിന്റെ മീറ്ററിൽ നിർത്തി സിറ്റുവേഷണൽ ഹ്യൂമറിലൂടെയാണ് കഥകൾ മുന്നോട്ട് പോകുന്നത്. നമ്മൾ കൂട്ടുകാരോടൊപ്പം ഒന്നിച്ചിരുന്നു സംസാരിക്കുമ്പോൾ വീണുകിട്ടുന്ന തമാശകളും, യുവാക്കൾക്കിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും, സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുന്നവയെല്ലാം ഗിരീഷിന്റെ തമാശകളുടെ ഭാഗമാകാറുണ്ട്. ഒരു സിറ്റുയേഷൻ ക്രീയേറ്റ് ചെയ്തു അതിൽ ആവുന്നത്ര ഓർഗാനിക്ക് ആയി ആണ് ഗിരീഷ് എ ഡി സിനിമകളുടെ തമാശകൾ സ്‌ക്രീനിൽ എത്താറുള്ളത്. ഗിരീഷ് എ ഡി സിനിമകളുടെ പ്രധാന ആകർഷണം അയാളുടെ കഥയിലെ വില്ലന്മാരാണ്. തണ്ണീർമത്തനിലെ രവി പത്മനാഭനും സൂപ്പർ ശരണ്യയിലെ അജിത് മേനോനും പ്രേമലുവിലെ ആദിയുമെല്ലാം ചിരിപ്പിച്ച് കൈയ്യടിനേടിയ വില്ലന്മാരാണ്. അല്പം ലൗഡ് ആയ കഥാസൃഷ്ട്ടിയാണ് മൂന്ന് സിനിമയിലും ഗിരീഷ് ഇവർക്കായി ഒരുക്കിയത്. ഒപ്പം മികച്ച സുഹൃത്ത് കഥാപാത്രത്തെ ഉണ്ടാക്കാനും ഗിരീഷ് ശ്രമിക്കാറുണ്ട്.

ഒരു റോം കോം സിനിമയിൽ പ്രധാനപെട്ടതാണ് അഭിനേതാക്കളുടെ കെമിസ്ട്രി. തന്റെ ആദ്യ സിനിമയായ തണ്ണീർമത്തൻ ദിനങ്ങൾ മുതൽ ഇന്ന് പ്രേമലു വരെ പുതിയ അഭിനേതാക്കൾക്ക് ഇടം കൊടുത്ത് അവരിൽ നിന്ന് ബേസ്ഡ് നേടിയെടുക്കാൻ ഗിരീഷിന് ആകുന്നുണ്ട്. ആ നിലക്ക് നോക്കിയാൽ നസ്ലൻ എന്ന ​ഗംഭീര ആക്ടറിനെ പ്രോമിസിം​ഗ് പൊസിഷനിലേക്ക് എത്തിച്ചതും മൂന്ന് സിനിമകളിലൂടെ ​ഗിരീഷാണ്. നസ്ലെൻ, മാത്യു തോമസ്, അനശ്വര രാജൻ, മമിതാ ബൈജു തുടങ്ങിയവരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് മുതൽ അവരിൽ നിന്ന് ബെസ്റ്റ് പുറത്തെടുപ്പിക്കാനും ഗിരീഷ് എ ഡിക്ക് സാധിക്കുന്നുണ്ട്. പ്രേമലുവിനെയും മുന്നോട്ട് കൊണ്ടുപോകുന്നത് നസ്ലെനും മമിതക്കും ഒപ്പം ശ്യാം മോഹന്റെ ആദിയും, അഖിലയുടെ കാർത്തികയും സംഗീതിന്റെ ഡേവിസുമാണ്.

ആത്മവിശ്വാസം തീരെയില്ലാത്തതും പ്രിവിലജുകളില്ലാത്തവരും നല്ലൊരു ചങ്ങാതിയിലൂടെയല്ലാതെ കമ്യൂണിക്കേഷൻ സാധ്യമല്ലാത്തവരുമായ പലവിധ കഥാപാത്രങ്ങളുടെ മിക്സ് ​ഗിരീഷ് എ.ഡി സിനിമകളിൽ കാണാം. പരിധികളും പരിമിതികളും ഉൾവലിവുകളും ഉള്ള നാനാതരം മനുഷ്യരുടെയും അതിസാധാരണക്കാരുടെയും മിക്സ് ആണ് ​ഗിരീഷിന്റെ കഥാപാത്രങ്ങളിലേറെയും. ആദ്യ മൂന്ന് സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ ഗിരീഷ് എ ഡി ഇന്നൊരു മിനിമം ഗ്യാരന്റി സംവിധായകനാണ്. മലയാള സിനിമ റിയലിസ്റ്റിക്, ത്രില്ലർ സിനിമകളിലേക്ക് അമിതമായി ചേക്കേറുമ്പോഴും സിനിമാറ്റിക് ആയ നല്ല പ്രണയ സിനിമകൾ പലപ്പോഴും ഉണ്ടാകാതെ പോകുന്നു. ആ സ്പേസിനെ മികച്ചതായി ഉപയോഗിക്കുന്നു എന്നത് തന്നെയാണ് ഗിരീഷ് എ ഡി സിനിമക്കായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in