'മമ്മൂക്ക ശ്രീനാഥ് ഭാസിക്കെതിരായ പരാതികള്‍ അറിയാത്തയാളല്ല'; ആര് പറഞ്ഞാലും ഇത്തരക്കാരെ വിലക്കുമെന്ന് സുരേഷ് കുമാര്‍

'മമ്മൂക്ക ശ്രീനാഥ് ഭാസിക്കെതിരായ പരാതികള്‍ അറിയാത്തയാളല്ല'; ആര് പറഞ്ഞാലും ഇത്തരക്കാരെ വിലക്കുമെന്ന് സുരേഷ് കുമാര്‍

നടന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടനയേര്‍പ്പെടുത്തിയ വിലക്ക് തെറ്റാണെന്ന മമ്മൂട്ടിയുടെ പ്രതികരണം വിഷയത്തെ കുറിച്ച് കാര്യമായി അന്വേഷിക്കാതെയാണെന്ന് നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രസിഡന്റുമായ ജി.സുരേഷ് കുമാര്‍. ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത് വ്യാപകമായി പരാതികള്‍ ലഭിച്ചത് കൊണ്ടാണ്. ഇത്തരക്കാര്‍ക്കെതിരെ ആര് പറഞ്ഞാലും നടപടി സ്വീകരിക്കും. മമ്മൂക്കയെ പോലൊരാള്‍ കാര്യമറിയാതെ ഇങ്ങനെ സംസാരിക്കരുതെന്നും സുരേഷ് കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ശ്രീനാഥ് ഭാസിയെ വിലക്കിയത് വ്യാപകമായി പരാതികള്‍ ലഭിച്ചപ്പോള്‍

ശ്രീനാഥ് ഭാസിയെക്കുറിച്ച് ഒരുപാട് പരാതികള്‍ വന്നിരുന്നു. അത് ആര്‍.ജെയുമായിട്ടുള്ള വിഷയം മാത്രമല്ല. അത് പരാതികളിലെ ചെറിയൊരു കാര്യം മാത്രമാണ്. അത് അല്ലാതെ പല നിര്‍മ്മാതാക്കളെയും ശ്രീനാഥ് ഭാസി വിഷമിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടി എടുത്തത്. നാല് നിര്‍മ്മാതാക്കളുടെ സിനിമകളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുണ്ട്, മറ്റൊരു നിര്‍മ്മാതാവിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യാമെന്ന് പറഞ്ഞിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും ജോയിന്‍ ചെയ്തിട്ടില്ല തുടങ്ങി വ്യാപകമായ പരാതികള്‍ ശ്രീനാഥ് ഭാസിക്ക് എതിരെ ലഭിച്ചത് കൊണ്ടാണ് വിലക്കിയത്. അതുപോലെ സമയത്തിന് ഷൂട്ടിംഗിന് വരില്ല. അയാളുടെ ഇഷ്ടത്തിനേ വരൂ, ഇങ്ങനെയൊന്നും അല്ലല്ലോ വേണ്ടത്. ഇന്‍ഡസ്ട്രിയില്‍ ശരിക്കും ഒരു അച്ചടക്കം വേണ്ടത് ആവശ്യമാണ്. അത് ആരായാലും ശരി. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം അവര്‍ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷെ ഷൂട്ടിംഗ് സമയത്ത് കൃത്യ സമയത്ത് വരുകയും ഷൂട്ടിംഗില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യണം. അതിനാണ് അവര്‍ പൈസ മേടിക്കുന്നത്. പൈസയും വാങ്ങിച്ചിട്ട് അവരുടെ ഇഷ്ടത്തിന് അഭിനയിക്കാന്‍ വരാനല്ലല്ലോ നമ്മള്‍ ഇത് ചെയ്യുന്നത്. അപ്പോള്‍ അതിനുള്ള ഒരു അച്ചടക്കം തീര്‍ച്ചയായും ഉണ്ടാകും. ഇനി ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത് മാറ്റങ്ങള്‍ വരുത്തണം.

മമ്മൂക്കയുടെ പ്രതികരണം കാര്യം അറിയാതെ

ഒരാള്‍ ചെയ്യുന്നത് എന്തും സഹിച്ച് അയാള്‍ക്ക് തൊഴില്‍ കൊടുക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഒരാള്‍ നമ്മളെ ഉപദ്രവിക്കുമ്പോള്‍ അത് സഹിച്ച് അയാള്‍ക്ക് തൊഴില്‍ കൊടുക്കണം എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്. മമ്മൂക്ക ശരിക്കും തെറ്റിദ്ധരിച്ചതാണ്. ശ്രീനാഥ് ഭാസി വിഷയം ശരിക്കും അന്വേഷിച്ചിരുന്നെങ്കില്‍ മമ്മൂക്ക ഇത് പറയില്ല. ശ്രീനാഥ് ഭാസിയൊക്കെ അമ്മയില്‍ അംഗത്വം എടുക്കാത്തവരാണ്. സാധാരണ വേറെ അസോസിയേഷനില്‍ ഉള്ള ആളുകളെ കുറിച്ച് പരാതി കിട്ടിയാല്‍ ആ അസോസിയേഷനും ഞങ്ങളുടെ അസോസിയേഷനും തമ്മില്‍ ചര്‍ച്ച ചെയ്ത് സെറ്റില്‍ ചെയ്യും. അത് ഫെഫ്കയാണെങ്കിലും അമ്മയാണെങ്കിലും അങ്ങനെയാണ് ചെയ്യുന്നത്. ഇഷ്ടം പോലെ പരാതി വരുന്നുണ്ട്. അത് ഞങ്ങള്‍ സെറ്റില്‍ ചെയ്യാറുമുണ്ട്. പക്ഷെ ശ്രീനാഥ് ഭാസിയുടെ വിഷയത്തില്‍ അങ്ങനെ ചെയ്യാനുള്ള സാഹചര്യം ഇല്ല. കാരണം അയാള്‍ അമ്മയിലെ മെമ്പര്‍ അല്ല. അയാളെ ശാസിക്കാനോ പറഞ്ഞ് മനസിലാക്കാനോ അമ്മയില്‍ അയാള്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കാരണം പലരും ഇതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അപ്പോള്‍ അവര്‍ക്ക് തോന്ന്യാസം കാണിക്കാം. അമ്മയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തവരാണ് ഇവരൊക്കെ. അതില്ലാത്തതുകൊണ്ട് അയാളെ ഞങ്ങള്‍ നേരിട്ട് വിളിച്ച് വരുത്തി. അയാള്‍ക്കെതിരെ നടപടി എടുക്കുകയാണ് ചെയ്തത്.

മമ്മൂക്ക ഇതേ കുറിച്ച് അന്വേഷിക്കാത്തത് കൊണ്ട് പറഞ്ഞ് പോയാതാണ്. ഞാനും മമ്മൂക്കയും എല്ലാം വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. അദ്ദേഹം ഈ വിഷയത്തില്‍ തെറ്റിദ്ധരിച്ച് പറഞ്ഞതാണ്. മമ്മൂക്കയെ പോലൊരാള്‍ ഇങ്ങനെയൊരു വിഷയത്തില്‍ സംസാരിക്കുമ്പോള്‍ അന്വേഷിക്കാതെ ഒന്നും പറയരുത്. കാരണം ഇത് ഒരുപാട് നിര്‍മ്മാതാക്കള്‍ക്ക് വേദന ഉണ്ടാക്കുന്ന സംഭവമാണ്. അതുകൊണ്ടാണ് ഞാന്‍ മറുപടി പറഞ്ഞത്. അല്ലാതെ ഒരു നിഷേധ സ്വരത്തില്‍ അല്ല ഞാന്‍ സംസാരിച്ചത്. അതിപ്പോള്‍ ആര് പറഞ്ഞാലും നമ്മള്‍ ഇങ്ങനെയുള്ളവരെ വിലക്കും. അല്ലാതെ വെറുതെ ഒരാളെ വിലക്കുകയല്ലല്ലോ. ഒരാള്‍ പ്രശ്‌നം കാണിച്ചാല്‍ അതിനെതിരെ നടപടി സ്വീകരിക്കുക തന്നെ ചെയ്യും.

ഞങ്ങള്‍ മറ്റാരുടെയും അന്നം മുട്ടിച്ചിട്ടില്ല

അന്ന് അസോസിയേഷന്‍ വിളിപ്പിച്ചപ്പോള്‍ ശ്രീനാഥ് ഭാസി വന്ന് ആ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞിരുന്നു. ആ കുട്ടി പിന്നീട് പരാതി പിന്‍വലിച്ചു എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അങ്ങനെ മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത് എന്നാണ് ഞാന്‍ മനസിലാക്കിയത്. എനിക്ക് വ്യക്തിപരമായി ആ പെണ്‍കുട്ടിയെ അറിയില്ല. അതിപ്പോള്‍ ആരായാലും ഒരിക്കലും അയാള്‍ അങ്ങെയൊന്നും ചെയ്യാന്‍ പാടില്ല. ശ്രീനാഥ് ഭാസി സംസാരിച്ച രീതി തന്നെ ശരിയല്ല. പിന്നെ അസോസിയേഷനില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് ശ്രീനാഥ് ഭാസിയെ വിലക്കിയത്. മമ്മൂക്ക ഇതൊന്നും അറിയാത്ത ആളൊന്നും അല്ല. പരാതി ഇഷ്ടം പോലെ മുന്‍പും വന്നിട്ടുണ്ട്. സെറ്റില്‍ ഇരിക്കുമ്പോള്‍ ഇതേ കുറിച്ചെല്ലാം മമ്മൂക്ക അറിഞ്ഞിട്ടുണ്ടാകും. പലരും വന്ന് പറയുമല്ലോ. ഞങ്ങള്‍ വേറെ ആരുടെയെങ്കിലും അന്നം മുട്ടിച്ചോ. അങ്ങനെ മറ്റാരുടെയും അന്നം മുട്ടിക്കില്ല. പിന്നെ ഈ വിലക്ക് എല്ലാ കാലത്തേക്കും ഉള്ളതൊന്നും അല്ലല്ലോ. താത്കാലിക വിലക്കല്ലേ.

പുതിയ നിര്‍മ്മാതാക്കളില്‍ പലര്‍ക്കും സിനിമയെന്താണെന്ന് അറിയില്ല

ഒരു സിനിമയുടെ ക്യാപ്റ്റന്‍ സംവിധായകനാണെങ്കിലും കപ്പലിന്റെ ഉടമസ്ഥന്‍ നിര്‍മ്മാതാവ് ആണല്ലോ. ആ കപ്പല്‍ ഉണ്ടെങ്കില്‍ അല്ലേ കപ്പിത്താന്‍ വണ്ടി ഓടിക്കാന്‍ സാധിക്കു. മലയാള സിനിമയില്‍ ഇപ്പോള്‍ ഒന്നും അറിയാതെ വന്ന് സിനിമ നിര്‍മ്മിക്കുന്നവരാണ് കൂടുതലും ഉള്ളത്. ഒരു വര്‍ഷം 180 പടം ഇറങ്ങുന്നുണ്ടെങ്കില്‍ അതില്‍ ഭൂരിഭാഗം സിനിമയും എടുക്കുന്നത് പുതിയതായി വന്ന നിര്‍മ്മാതാക്കളായിരിക്കും. പിന്നെ എന്നെയും സിയാദ് കോക്കര്‍, ഡേവിഡ് കാച്ചപ്പള്ളിയെ പോലെയൊക്കെ ഉള്ള പഴയ നിര്‍മ്മാതാക്കള്‍ വളരെ ചുരുക്കമാണ്. ബാക്കിയെല്ലാം പുതിയ ആളുകളാണ്. അതില്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നത് എന്നതിന്റെ അറിവില്ല.

ദിലീപിന്റെയും വിജയ് ബാബുവിന്റെയും വേറെ കേസാണ്

ശ്രീനാഥ് ഭാസിയെ വിലക്കിയതിന് ശേഷം എന്നെ പലരും വിളിച്ച് ചോദിക്കുകയും ട്രോളുകയും എല്ലാം ചെയ്തിരുന്നു. അത് വിജയ് ബാബുവിന്റെയും ദിലീപിന്റെയും കാര്യത്തിലാണ്. അത് രണ്ടും വേറെ കേസാണ്. ദിലീപിനെ നമ്മള്‍ ആദ്യം അസോസിയേഷനില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. അതൊന്നും അറിയാതെയാണ് പലരും നമ്മളെ ട്രോള്‍ ചെയ്യുന്നത്. വിജയ് ബാബുവിന്റെ കാര്യത്തില്‍ അയാള്‍ ഞങ്ങളുടെ പെര്‍മനെന്റ് മെമ്പര്‍ അല്ല. അസോസിയേറ്റ് മെമ്പര്‍ ആണ്. വിജയ് ബോബുവിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വോട്ടിംഗ് പവര്‍ പോലുമില്ല. വെറുമൊരു അസോസിയേറ്റ് മെമ്പറാണ്.

പിന്നെ ദിലീപിനെ അന്ന് തന്നെ ഞങ്ങള്‍ പുറത്താക്കിയതാണ് അസോസിയേഷനില്‍ നിന്ന്. പിന്നെ കേസും കാര്യങ്ങളുമെല്ലാം വന്ന് രണ്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് തിരിച്ച് അസോസിയേഷനിലേക്ക് വരുന്നത്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന കേസിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഞങ്ങള്‍ വീണ്ടും നടപടി സ്വീകരിക്കും. ഒരാള്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞാല്‍ അല്ലെ അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് നമുക്ക് ബോധ്യപ്പെടുകയുള്ളു. അല്ലാതെ ഒരാളെ വെറുതെ പൊലീസ് പിടിച്ചുകൊണ്ട് പോയതിന് നടപടി എടുക്കാന്‍ സാധിക്കുമോ. അയാള്‍ അപ്പോള്‍ കുറ്റക്കാരനാവില്ലല്ലോ.

സെറ്റിലെ ലഹരി ഉപയോഗം തടയാന്‍ തീരുമാനം എടുക്കും

നിലവില്‍ സിനിമ സെറ്റുകളില്‍ പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മിറ്റി വേണ്ടത് നിര്‍ബന്ധമാണ്. അത് സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനാണ്. ചേമ്പറിന്റെ നേതൃത്വത്തിലാണ് അങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇനി കമ്മിറ്റിയുമായി ആലോചിച്ച്, സെറ്റില്‍ ലഹരി ഉപയോഗിക്കുന്ന പ്രശ്‌നവും കമ്മിറ്റിയുടെ പരിതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മദ്യപിക്കുന്ന ആളുകള്‍ ഉണ്ടാകും. അത് അവരുടെ വ്യക്തിപരമായ ഇടത്തിലാണ് ചെയ്യുന്നത്. അത് എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ്. അതില്‍ നമുക്ക് എതിര്‍പ്പില്ല. പക്ഷെ സെറ്റില്‍ വന്ന് കഞ്ചാവ് വലിക്കുന്നതും മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും ശരിയല്ല. അത് പല പ്രൊഡക്ഷന്‍ മാനേജര്‍മാരും പരാതി പറയുന്നുണ്ട്. പക്ഷെ അത് ചെയ്യുന്നവരോട് നേരിട്ട് പറയാന്‍ അവര്‍ക്ക് പേടിയാണ്. ഇക്കാര്യത്തില്‍ ആരെങ്കിലും മുന്‍കൈ എടുക്കാതെ നിര്‍ത്താന്‍ സാധിക്കില്ല. പൂര്‍ണ്ണമായും ലഹരി ഉപയോഗം നിര്‍ത്താന്‍ സാധിക്കുമോ എന്നതില്‍ ഉറപ്പില്ല. എങ്കിലും ഇതിന് ഒരു തടയിടാന്‍ വേണ്ടി തീരുമാനം എടുത്തേ പറ്റൂ.

മുന്‍പ് ഷെയിന്‍ നിഗത്തിനെ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ അസോസിയേഷന്‍ വിലക്കിയിരുന്നു. അയാള്‍ ഇപ്പോള്‍ കൃത്യമായ രീതിയില്‍ ഷൂട്ടിംഗിനും കാര്യങ്ങള്‍ക്കും വരുന്നുണ്ട്. ഇവര്‍ ചെറുപ്പക്കാരാണ്. ഇവരെ വഴിതിരിക്കാന്‍ സുഹൃത്തുക്കളും എല്ലാം ഉണ്ടാകും. അതിന് നമ്മള്‍ വേണ്ട രീതിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ബാക്കി ഉള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ടാണ്. നിര്‍മ്മാതാക്കള്‍ എവിടെ നിന്നൊക്കെയോ പൈസ കടം വാങ്ങിയാണ് സിനിമകള്‍ ചെയ്യുന്നത്. അങ്ങനെയുള്ള നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുന്നത് വലിയ സങ്കടം ഉള്ള കാര്യമാണ്. നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ കൊടുക്കണമെങ്കില്‍ ഇത്തരക്കാര്‍ പ്രശ്‌നം ഉണ്ടാക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in