കേരളത്തിൽ ചുവപ്പിനും പച്ചക്കും ഒക്കെ വ്യക്തമായ രാഷ്ട്രീയ അർത്ഥങ്ങളുണ്ട്; സക്കരിയ അഭിമുഖം

കേരളത്തിൽ ചുവപ്പിനും പച്ചക്കും ഒക്കെ വ്യക്തമായ രാഷ്ട്രീയ അർത്ഥങ്ങളുണ്ട്; സക്കരിയ അഭിമുഖം
Published on

വൈറസ് എന്ന സിനിമയിൽ നിപാ ബാധിതനായ ആദ്യ ​രോ​ഗിയായ സക്കറിയ എന്ന കഥാപാത്രമായത് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ ആയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട റോൾ‌ കൂടിയായിരുന്നു ഇത്. വിപരീത ധ്രുവങ്ങളിലും ലോകത്തിന്റെ രണ്ട് കോണുകളിലുമായി ജീവിച്ച മനുഷ്യരെ മാനവികതയാൽ ബന്ധിപ്പിച്ച സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന് അഭിനേതാവായി കാലുറപ്പിക്കാനായ ചിത്രമായിരുന്നു വൈറസ്. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി എന്നീ സിനിമകൾക്ക് ശേഷം ആയിഷ, മോമോ ഇൻ ദുബൈ , ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർമ്മാതാവായെത്തിയ സക്കരിയ നായക കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ്. കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയാണ് സക്കരിയയിലെ നായകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. നവാ​ഗതനായ ഷമീം മൊയ്തീൻ ആണ് സംവിധാനം. ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മഞ്ജു വാര്യർ നായികയായി നിലമ്പൂർ ആയിഷയുടെ ജീവിതവും രാഷ്ട്രീയ സമരവും ഇതിവൃത്തമാക്കിയ ആയിഷ എന്ന സിനിമയുടെ രചന നിർവഹിച്ച ആഷിഫ് കക്കോടിയാണ് തിരക്കഥ. ജനുവരിയിൽ 3ന് കമ്യൂണിസ്റ്റ് പച്ച റിലീസ് ചെയ്യാനിരിക്കെ സക്കരിയ ദ ക്യുവിനോട് സംസാരിക്കുന്നു.

ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം സംവിധാനത്തിൽ വലിയൊരു ഇടവേള സംഭവിച്ചല്ലോ എന്തുകൊണ്ടാണ്?

ഹലാൽ ലവ് സ്റ്റോറിയ്ക്ക് ശേഷം കൊറോണ വന്നു എന്നത് ഈ ഇടവേള സംഭവിക്കാനുള്ള ഒരു സാങ്കേതിക കാരണമായി പറയാം. എന്നാൽ, അടുത്തതായി ഞാൻ വർക്ക് ചെയ്തു കൊണ്ടിരുന്ന തിരക്കഥകൾ എനിക്ക് വേണ്ടത്ര സംതൃപ്തി നൽകാത്തത് കൊണ്ട് സ്വയം മാറ്റി വയ്ക്കുകയായിരുന്നു എന്നതാണ് യഥാർത്ഥ കാരണം. അതേ സമയം പ്രൊഡക്ഷൻ മേഖലയിലേക്ക് കൈ വയ്ക്കാൻ വന്ന അവസരം ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ ശ്രദ്ധ മുഴുവൻ അതിലേക്കായി. 3 സിനിമയോളം കഴിഞ്ഞപ്പോഴാണ് ഒന്നു ശ്വാസം വിടാൻ സമയം കിട്ടിയത് എന്ന് പറഞ്ഞ പോലെയുള്ള അവസ്ഥ ആയിരുന്നു. അതിൽ ‘മോമോ ഇൻ ദുബൈ ‘യുടെ സഹ തിരക്കഥാകൃത്തും കൂടി ആയിരുന്നു ഞാൻ.

പിന്നെ ഇതിന്റെ ഒക്കെ ഇടയിൽ കൂടി ഒരു സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും വന്നു (കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ). അതും ഒരു ഇഷ്ട മേഖല ആയതുകൊണ്ട് ഏറ്റെടുത്തു. പറഞ്ഞു വന്നത്, സംവിധാനത്തിലേ ​ഗ്യാപ് വന്നിട്ടുള്ളൂ, സിനിമാ സിനിമ പ്രവർത്തനത്തിന് ഒരു ഗ്യാപും വന്നിട്ടില്ലായിരുന്നു.

മ്മ്യൂണിസ്റ്റ് പച്ച എന്താണ്?

കണ്ടം( നാടൻ ) ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു സിനിമയുടെ പേരാണ് കമ്മ്യൂണിസ്റ്റ് പച്ച. ഈ പേരിലെ സ്പെഷ്യാലിറ്റി എന്തെന്ന് ചോദിച്ചാൽ, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചുവപ്പിനും പച്ചക്കും ഒക്കെ വ്യക്തമായ അർത്ഥങ്ങളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ വർണങ്ങൾ ആണല്ലോ രണ്ടും. ചുവപ്പിൽ ജീവിക്കുന്നവരും പച്ചയിൽ ജീവിക്കുന്നവരുമുണ്ട്. എന്നാൽ ചുവപ്പിലും പച്ചയിലും ആയി ഒരുപോലെ ജീവിക്കുന്നവരുമുണ്ട്. അങ്ങനെ ഉള്ള ‘കമ്മ്യൂണിസ്റ്റ് പച്ചയുടെ’ സാന്നിധ്യമുള്ള നാട്ടിലാണ് ഈ കഥ നടക്കുന്നത് എന്നതാണ് ആ ടൈറ്റിൽ കൊണ്ട് സൂചിപ്പിക്കുന്നത്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ കളിക്കിടയിൽ വീണാൽ മുറിവിൽ അരച്ചു പിഴിഞ്ഞു തേക്കുന്ന ഒരു ഇലയുടെ പേര് കൂടി ആണല്ലോ കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ.

പ്രൊഡക്ഷനിലെത്തിയ രണ്ട് സിനിമകൾക്കും തിയറ്ററിൽ നിന്നും ലഭിച്ച റെസ്പോൺസ് എത്തരത്തിലാണ് അഫക്ട് ചെയ്തത്?

പ്രൊഡക്ഷനിൽ സഹകരിച്ച 3 സിനിമകളാണ് തിയേറ്ററിൽ വന്നത്. മൂന്നും ഏറ്റക്കുറച്ചിലോടെ ആണ് തിയറ്ററുകളിൽ പ്രകടനം കാഴ്ച വച്ചത്. തിയറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടണം എന്നു ആഗ്രഹിച്ചു എടുക്കുന്ന സിനിമകൾ നല്ല പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ നിരാശ സ്വാഭാവികമാണ്. അതോടൊപ്പം തന്നെ സിനിമ നല്ലതായിരുന്നു, തിയറ്റിൽ ‘വർക്ക്’ ആയില്ല എന്ന തിരിച്ചറിവ് ചെറിയ ആശ്വാസവും തരും. എന്നാൽ സിനിമയ്ക്ക് കുഴപ്പങ്ങളുണ്ട്, തിയറ്ററിൽ ‘വർക്ക്’ ആവാത്തതിന് അതും ഒരു കാരണമാണെന്ന തിരിച്ചറിവ് വേദനയും ഉണ്ടാക്കും. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം തിരുത്താൻ പിന്നീട് ഒരു തിരിച്ചു പോക്കില്ലെന്ന യാഥാർത്ഥ്യവും ഉണ്ടല്ലോ. ഒരു സാധാരണ മനുഷ്യൻ എന്ന നിലയ്ക്ക് ഈ അവസ്ഥയിലൂടെ ഒക്കെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. സിനിമ വലിയ മുതൽ മുടക്ക് ആവശ്യമുള്ള കലയായത് കൊണ്ട് നമ്മൾ ആഗ്രഹിച്ചില്ലെങ്കിലും ഇതൊക്കെ മാനസികമായി ബാധിക്കും.

സാമൂഹ്യമാധ്യമങ്ങളിൽ ഇന്നും സുഡാനിയിലെ വാപ്പയുടെ സീൻ ചർച്ച ചെയ്യാറുണ്ട്. എഴുത്തുകർ വരാറുണ്ട്. അഭിനേതാവെന്ന നിലയിൽ കെടിസി അബ്ദുള്ളയ്ക്ക് ബ്രേക്ക് നൽകിയ കഥാപാത്രമാണ് വാപ്പ, അതേക്കുറിച്ച്?

കെടിസി അബ്ദുള്ളക്കയുടെ കഥാപാത്രത്തിന് തുടക്കം മുതലേ മറ്റു ഓപ്ഷൻസ് വെച്ചിട്ടില്ലായിരുന്നു. സിനിമ തീരുമാനിച്ച് ഒരു വർഷം മുമ്പു തന്നെ അബ്ദുല്ലക്കയെ പോയി കണ്ടു കഥ പറഞ്ഞു ഉറപ്പിച്ചിരുന്നു. അവിടം മുതൽ തുടങ്ങിയ ബന്ധമാണ് അദ്ദേഹവുമായി. ഷൂട്ടിംഗിനു വരുമ്പോ സൗബിൻ അബ്ദുല്ലക്കയെ കളിയാക്കി പറയും. നിങ്ങൾ എന്ത് കോഴിക്കോട്ടുകാരനാണ് ഷൂട്ടിംഗിനു വരുമ്പോ എന്തെങ്കിലുമൊക്കെ കോഴിക്കോടൻ പലഹാരങ്ങളൊക്കെ കൊണ്ട് വരേണ്ടേ എന്ന്. അടുത്ത തവണ വന്നപ്പോൾ എല്ലാവർക്കും ഒരു വലിയ പാത്രം നിറയെ ഉന്നക്കായ് കൊണ്ടാണ് അദ്ദേഹം വന്നത്. അന്നാണെങ്കിൽ സൗബിന് ഷൂട്ട് ഇല്ലാത്ത ദിവസമായിരുന്നു. അബ്ദുള്ളക്കയ്ക്ക് വിഷമമായി. അബ്ദുള്ളക്കക്കു ഷൂട്ട് ഇല്ലാത്ത ദിവസമായിട്ട് പോലും സൗബിനും കൂടെയുള്ള ഒരു ദിവസം നോക്കി വീണ്ടും ഉന്നക്കായ് കൊടുത്തയച്ചു. അബ്ദുള്ളക്ക അഭിനയിക്കാൻ വന്നാൽ ശരിക്കും ബാപ്പ കുറേ ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതു പോലെയാണ്. പുത്യാപ്ല വന്നു എന്നാണ് സമീർക്ക കളിയാക്കി പറയുക. 40 വർഷത്തിലധികമായി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ മാനേജരായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ അടുത്ത് പ്രേം നസീറിന്റെ കാലം മുതലുള്ള കഥകൾ ഉണ്ടാവും. അത് പറയിപ്പിക്കലാണ് ഇടവേളകളിൽ നമ്മുടെ ഹരം. സിനിമ കഴിഞ്ഞും ഞങ്ങൾ ബന്ധം തുടർന്നു. വർഷങ്ങളായി IFFI ഗോവ ഫെസ്റ്റിവലിൽ സാന്നിധ്യമായിരുന്ന അബ്ദുല്ലക്കയ്ക്ക് ലോക സിനിമകളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. എന്നെ ഇടക്കിടെയ്ക്ക് വിളിച്ചു, സിനിമ അയക്കേണ്ട ഫെസ്റ്റിവലുകൾ, രാജ്യങ്ങൾ ഒക്കെ പറഞ്ഞു തരും. മറന്നു പോകരുതെന്ന് ഓർമിപ്പിക്കും. കുറെ നേരം സംസാരിക്കും, നമ്മളെ കുറിച്ചും സുഡാനിയിലെ അനുഭവത്തെ കുറിച്ചും പോകുന്നിടത്തൊക്കെ സംസാരിക്കും. ഒരിക്കൽ പിവി ഗംഗാധരൻ സർ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞത്, നിങ്ങൾ ഞങ്ങളുടെ അബ്ദുല്ലക്കയെ ‘സ്റ്റാർ ‘ ആക്കി. ആ സന്തോഷം അറിയിക്കാനാണ് വിളിച്ചത് എന്നാണ്.

കെടിസി അബ്ദുള്ള സുഡാനി ഫ്രം നൈജീരിയയുടെ ലൊക്കേഷനിൽ
കെടിസി അബ്ദുള്ള സുഡാനി ഫ്രം നൈജീരിയയുടെ ലൊക്കേഷനിൽ

അബ്ദുള്ളക്ക ഇന്നു നമ്മുടെ കൂടെയില്ല. ദിവസവും എന്ന കണക്കിൽ അബ്ദുള്ളക്കയുടെ കഥാപാത്രത്തെ കുറിച്ച് ഒരു മെസ്സേജ് എങ്കിലും വരാതിരിക്കില്ല. അപ്പോഴൊക്കെ അബ്ദുല്ലക്കയെ എനിക്ക് മിസ്സ് ചെയ്യും. അബ്ദുള്ളക്കയുടെ മകൻ ഗഫൂർക്കയുടെ മാനാഞ്ചിറ CSI കോംപ്ലക്സ് ലെ ‘ഹോളി ഷൂസ്’ ഫൂഡ് വെയറിൽ ഇടയ്ക്കൊക്കെ പോകും. പുതിയ സിനിമകൾ വരുമ്പോൾ അറിയിക്കും. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ വാട്സ് ആപ്പിൽ അറിയിക്കും. എന്റെ മോളെ ഒന്നാം ക്ലാസ്സിൽ ചേർത്തപ്പോ ഷൂ വാങ്ങാൻ ഞങ്ങൾ അവിടെയാണ് പോയത്. അതെന്റെ ഒരാഗ്രഹമായിരുന്നു. അവിടുന്നു തന്നെ ഷൂ വാങ്ങാനുള്ള കാരണവും എന്റെ ‘സുഹൃത്ത് ‘അബ്ദുല്ലക്കയെ കുറിച്ചും ഞങ്ങൾ മോളോടു പറഞ്ഞു കൊടുത്തു. വാപ്പച്ചിക്കു ഇത്രേം വയസായ ഫ്രെണ്ടോ എന്ന കൗതുകത്തിൽ ആയിരുന്നു മോള്. അബ്ദുള്ളക്കയുമായുള്ള സൗഹൃദം അദ്ദേഹമില്ല എന്നു കരുതി അവസാനിപ്പിക്കാനാവുന്നതല്ല.

ഹലാലിലെ പൊളിറ്റിക്സിനെക്കുറിച്ച് വലിയ ചർച്ചകൾ തന്നെ പിന്നീട് വന്നിട്ടുണ്ട്? ഇതൊക്കെ കണ്ടിരിക്കുമല്ലോ? അടുത്ത സിനിമയിൽ സക്കരിയ എന്തായിരിക്കും പറയാൻ പോകുന്നത്?

യഥാർത്ഥത്തിൽ കഥ പറഞ്ഞു ‘രസിപ്പിക്കാനാണ് ‘നമ്മൾ സിനിമ എടുക്കുന്നത്. നമ്മൾ ചെയ്യുന്ന സിനിമകളിലെ കഥാ പരിസരവും, കഥാപാത്രങ്ങളെയും വെച്ച് നടത്തുന്ന പൊളിറ്റിക്കൽ വായനകളാണ് ചില സമയത്ത് കൂടുതലായി കാണുന്നത്. ശരിയാണ്, ഹലാൽ ലവ് സ്റ്റോറിയെ കുറിച്ച് പൊളിറ്റിക്കൽ വായനകളാണ് കൂടുതലും വന്നത്. ഹലാൽ ലവ് സ്റ്റോറി ഇറങ്ങിയ പശ്ചാത്തലത്തിൽ ‘ഹലാൽ സിനിമ’ എന്ന ശീർഷകത്തിൽ ഡോക്ടർ ജമീൽ അഹമ്മദും ഡോക്ടർ കെ അഷ്റഫും ചേർന്ന് എഡിറ്റ് ചെയ്ത ഒരു സിനിമ പഠന പുസ്തകം വരെ ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും ആമസോണിൽ പടം കണ്ട് വിദേശ സിനിമ പ്രവർത്തകർ ആസ്വാദനം അറിയിക്കാറുണ്ട്. ഹലാൽ ലവ് സ്റ്റോറി കണ്ട് ഒരു നോർത്ത് ഇന്ത്യൻ പ്രൊഡ്യൂസർ എന്നെ കാണാൻ വന്നു. അദ്ദേഹത്തിന്റെ പിതാവ് അറിയപ്പെടുന്ന പഴയൊരു ഫിലിം മേക്കർ ആയിരുന്നു. പല തവണ സ്റ്റേറ്റ് അവാർഡ്, ഫിലിം ഫെയർ അവാർഡ് ഒക്കെ കിട്ടിയിട്ടുള്ള അയാളുടെ പിതാവിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. അദ്ദേഹത്തിന്റെ ബയോ പിക് എടുക്കാനുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് അവർ ഹലാൽ ലവ് സ്റ്റോറി കാണുന്നത്. അവർ കുടുംബമായി സിനിമ കണ്ടു, സിനിമാക്കാരനായ പിതാവിനെ കുറിച്ചുള്ള സിനിമയുടെ സംവിധാനം എന്നെ ഏൽപിക്കാൻ അവർ തേടിപ്പിടിച്ചു വന്നതാണ്. അതിന് ശേഷമാണ് അവർ സുഡാനിയൊക്കെ കാണുന്നത്. എനിക്കും കഥയിൽ കൗതുകം തോന്നി. ചെയ്യാമെന്നേറ്റു. ആ സിനിമയുടെ റിസർച്ച്, സ്ക്രിപ്റ്റ് തുടങ്ങിയ പണികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. മലയാളത്തിൽ ഉള്ള ഒരു സിനിമ കഴിഞ്ഞാൽ, ഹിന്ദിയിൽ ആ സിനിമ ചെയ്യാനാണ് പ്ലാൻ. അടുത്ത സിനിമയെ കുറിച്ച് ചോദിച്ചാൽ, പതിവ് പോലെ തന്നെ ആദ്യം എനിക്ക് രസിക്കുന്ന ഒരു കഥ പറയാനാണ് അടുത്ത ശ്രമം.

Related Stories

No stories found.
logo
The Cue
www.thecue.in