ഡീഗ്രേഡിങ്ങും വര്‍ഗീയതയും, ഫാന്‍സ് ഷോ നിരോധിക്കും: ഫിയോക് പ്രസിഡന്റ്

ഡീഗ്രേഡിങ്ങും വര്‍ഗീയതയും, ഫാന്‍സ് ഷോ നിരോധിക്കും: ഫിയോക് പ്രസിഡന്റ്

കേരളത്തില്‍ ഫാന്‍സ് ഷോകള്‍ നിരോധിക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍. ഫാന്‍സ് ഷോയ്ക്ക് ശേഷമാണ് സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ്ങ് തുടങ്ങുന്നത്. പിന്നെ നടന്റെ മതം നോക്കിയാണ് ആരാധകർ സിനിമ മോശമാണോ നല്ലതാണോ എന്ന് പറയുന്നത്. സിനിമയെ വര്‍ഗീയവത്കരിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് വിജയകുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു.

താരങ്ങള്‍ ആരാധകർ ചെയ്യുന്ന ആഭാസത്തിന് പ്രതികരിക്കുന്നില്ലെന്നും വിജയകുമാര്‍. മാര്‍ച്ച് 29ന് ചേരുന്ന ഫിയോക് ജനറല്‍ ബോഡിയില്‍ ഫാന്‍സ് ഷോ നിരോധിക്കുന്നതിന്റെ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും വിജയകുമാര്‍ വ്യക്തമാക്കി.

ഡീഗ്രേഡിങ്ങ് തുടങ്ങുന്നത് ഫാന്‍സ്‌ഷോയ്ക്ക് ശേഷം

ഫാന്‍സ് ഷോ നിരോധിക്കുന്നതിന് പിന്നില്‍ രണ്ട് മൂന്ന് കാരണങ്ങളുണ്ട്. സിനിമയെ ഡീഗ്രേഡ് ചെയ്യുന്നു എന്നതാണ് പ്രധാന വിഷയം. കാരണം പത്തും പതിനഞ്ചും കോടി രൂപ മുടക്കി ഒരു നിര്‍മ്മാതാവ് സിനിമ ഇറക്കി തിയേറ്ററില്‍ വരുന്ന ആദ്യ ഷോയ്ക്ക് തന്നെ യാതൊരു മാന്യതയും ഇല്ലാതെ ഡീഗ്രേഡ് ചെയ്യുന്ന ഒരു പ്രവണതയാണ് ഉള്ളത്. ആയിരം പേര്‍ അവരുടെ സമൂഹമാധ്യമത്തിലൂടെ ഇത്തരം പ്രചരണം നടത്തുമ്പോള്‍ അത് കാണുന്ന സാധാരണ പ്രേക്ഷകന്‍ ആ സിനിമ കാണേണ്ടെന്ന് തീരുമാനിക്കുമെന്നത് സത്യമാണ്. അതെല്ലാം ഈ ഫാന്‍സ് ഷോയ്ക്ക് ശേഷമാണ് തുടങ്ങുന്നത്.

ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ വിവിധ താരങ്ങളുടെ ആരാധകർ സിനിമ കാണാന്‍ വരും. സിനിമയിലെ താരത്തിന്റെ ആരാധകർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാവരും സിനിമയെ ഡീഗ്രേഡ് ചെയ്ത് തുടങ്ങും. അങ്ങനെ ആ സിനിമയുടെ വിജയത്തെയും കളക്ഷനെയും വളരെ പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് ഞാന്‍ കണ്ടുവരുന്നത്.

താരത്തിന്റെ മതം നോക്കി ഡീഗ്രേഡിങ്ങ്

അതിന് പുറമെ ആരാധകർ തിയേറ്ററിന് അകത്തും പുറത്തും കാണിക്കുന്നത് മുഴുവനും ആഭാസമാണ്. ആ ദിവസം മറ്റാര്‍ക്കും സിനിമയ്ക്ക് വരാന്‍ സാധിക്കില്ല. സ്വസ്ഥമായി ഇരുന്ന് സിനിമ കാണാന്‍ കഴിയില്ല. ഒരു സിനിമ റിലീസ് ചെയ്യുന്ന ദിവസം ഫാമിലി ഓഡിയന്‍സ് സിനിമ കാണാന്‍ വരില്ല. പിന്നെ സ്ത്രീകളുടെ കാര്യവും അങ്ങനെയാണ്. സിനിമ റിലീസ് ചെയ്യുന്ന ആദ്യ ദിവസം സ്ത്രീകള്‍ക്ക് കൂടി സിനിമ കാണാനുള്ള അവകാശമില്ലേ? ആരാധകർ തിയേറ്ററില്‍ കൂവുകയും ആഭാസം പറയുകയും ചെയ്യുന്നത് വലിയൊരു ബുദ്ധിമുട്ടായി പ്രേക്ഷകന് അനുഭവപ്പെട്ട് തുടങ്ങി.

പിന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ആരാധകർ സിനിമയെ മോശം പറയുന്നതും നല്ലത് പറയുന്നതും അതില്‍ അഭിനയിക്കുന്ന നടന്റെ മതത്തെ നോക്കിയാണ് എന്നതാണ്. വര്‍ഗീയത ഒരു വലിയ പ്രശ്‌നമായി മാറി. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക് പോയിട്ടും ഇവിടുത്തെ ഒരു താരങ്ങളും അതിനെതിരെ പ്രതിഷേധിക്കുകയോ, അത് പാടില്ലെന്ന് പറയുകയോ, ഫാന്‍സ് ഷോ വിലക്കുകയോ ചെയ്തിട്ടില്ല. വര്‍ഗീയതയുടെ കാര്യം സമൂഹമാധ്യമത്തില്‍ നിന്ന് മനസിലാക്കാം. സമൂഹമാധ്യമത്തില്‍ ഓരോ പ്രദേശത്തെ ആരാധകരെയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും നോക്കിയാല്‍ മനസിലാകും. ആ പ്രവര്‍ത്തി ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. സിനിമ കൂടി വര്‍ഗീയവത്കരിക്കാന്‍ എന്തായാലും തത്കാലം നമ്മള്‍ ഉദ്ദേശിക്കുന്നില്ല.

തീരുമാനം മാര്‍ച്ച് 29ന് ശേഷം

മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ബോഡി മീറ്റിംഗിലാണ് ഫാന്‍സ് ഷോ നിരോധനത്തിന്റെ തീരുമാനം എടുക്കുക. ഫെബ്രുവരി 22ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഈ നിര്‍ദ്ദേശം ജനറല്‍ ബോഡിക്ക് മുന്‍പെ വെക്കുകയാണ് ഉണ്ടായത്. ഇത്തരമൊരു തീരുമാനം ജനറല്‍ ബോഡിയുടെ അംഗീകാരം ഇല്ലാതെ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. അംഗീകാരം ലഭിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഫാന്‍സ്‌കാരുടെ പേക്കൂത്തിന് താരങ്ങള്‍ മൗനം പാലിക്കുന്നു

ഫാന്‍സ് ഷോ എന്ന പേരില്‍ സാധാരണ ടികറ്റിന്റെ ഇരട്ടി വിലയ്ക്കാണ് ആരാധകർ ടിക്കറ്റ് വില്‍ക്കുന്നത്. കേരളം മൊത്തം 500 തിയേറ്ററുകളില്‍ ഫാന്‍സ് ഷോ നടത്തുക എന്ന് പറഞ്ഞാല്‍ എത്ര ലക്ഷം രൂപയാണ് ഇവരുടെ പോക്കറ്റിലേക്ക് പോകുന്നത്. കോടിക്കണക്കിന് രൂപയാണ് ആരാധകരുടെ കൈകളിലൂടെ മറയുന്നത്. ഇതിന് വേണ്ടിയാണ് ഈ ആഭാസപ്രവര്‍ത്തനത്തിനായി അവര്‍ ഇറങ്ങുന്നത്. അത് നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആ പണത്തിന്റെ വിഹിതം നിര്‍മ്മാതാവിനോ, തിയേറ്ററുകള്‍ക്കോ, ലോക്കല്‍ പഞ്ചായത്ത് ബോഡികള്‍ക്കോ കിട്ടുന്നില്ല.

അടുത്തകാലത്തായി ഒരു താരത്തിന്റെ ചിത്രം മൂന്ന് ഫാന്‍സ് ഷോ ഒരു തിയേറ്ററില്‍ നടത്തി. 12.05, 3, 6 എന്നിങ്ങനെ മൂന്ന് ഫാന്‍സ് ഷോ. എന്നിട്ട് പോലും ആ സിനിമയെ രക്ഷിക്കാനായില്ല. അപ്പോള്‍ ഇത് ഗുണമാണോ ദോഷണാണോ ചെയ്യുന്നത്. ഈ പേക്കൂത്തുകളെല്ലാം കണ്ടിട്ടും ഇവിടുത്തെ താരങ്ങളും ഫാന്‍സ്‌കാരെ പിന്തുണയ്ക്കുന്ന ചില നിര്‍മ്മാതാക്കളും മിണ്ടാതിരിക്കുകയാണ്. ഈ പ്രവര്‍ത്തിയില്‍ നിന്ന് മാറിയിട്ട് ആരാധകർ ചാരിറ്റിയിലേക്ക് തിരിയിട്ടെ.

ഫാന്‍സ് ഷോ നിരോധിക്കുക എന്ന തീരുമാനത്തില്‍ സന്തോഷം അറിയിച്ച് നിരവധി പ്രേക്ഷകര്‍ എന്നെ വിളിച്ചിരുന്നു. ഫാന്‍സ്‌ ഷോ എന്നേ നിരോധിക്കേണ്ടതായിരുന്നു എന്നാണ് മിക്ക പ്രേക്ഷകരും പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in