
കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഫെമിനിച്ചി ഫാത്തിമ എന്ന മലയാള ചിത്രം 5 പുരസ്‌കാരങ്ങൾ നേടിക്കൊണ്ട് ഫെസ്റ്റിവലിൽ ശ്രദ്ധേയമായിരുന്നു. നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് മേളയിൽ നേടിയത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. സിനിമയിലെ ഷാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബബിത ബഷീർ ഫെമിനിസ്റ്റ് ഫാത്തിമയുടെ അനുഭവങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെയ്ക്കുന്നു.
'ട്യൂഷൻ വീടി'ൽ നിന്നും ഫെമിനിച്ചി ഫാത്തിമയിലേക്ക്
'ട്യൂഷൻ വീട്' എന്ന വെബ് സീരിസിൽ നിന്നാണ് ഞാൻ ഫെമിനിച്ചി ഫാത്തിമയിൽ എത്തുന്നത്. ട്യൂഷൻ വീടിന്റെ സംവിധായകനായ ഫാസിൽ മുഹമ്മദിന്റെ ആദ്യ സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. അങ്ങനെ വെബ് സീരീസ് വഴിയാണ് സിനിമയിലും കാസ്റ്റ് ചെയ്യപ്പെടുന്നത്. 'ഫെമിനിച്ചി ഫാത്തിമ'യിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും 'ട്യൂഷൻ വീട്' വെബ് സീരീസിലും ഉണ്ടായിരുന്നവരാണ്. ലീഡ് ആയി അഭിനയിച്ചവരാണ് പ്രധാനമായും പുറത്തു നിന്ന് വന്നത്. ഞാൻ സിനിമയിൽ ഒത്തിരി നേരം സ്‌ക്രീനിലുള്ള ഒരാളല്ല. സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നതും 3 ദിവസങ്ങൾ ആയിരുന്നു.
ഫാസിലിന്റെ ഷൂട്ട് എന്ന് പറയുന്നത് എപ്പോഴും ഒരുപാട് പ്രത്യേകതയുള്ളതാണ്. ഫെമിനിച്ചി ഫാത്തിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോഴും സാധാരണ ഒരു സിനിമാസെറ്റ് പോലെയായിരുന്നില്ല. ഫാസിൽ കാര്യങ്ങൾ പറഞ്ഞു തന്നതും വളരെ സാധാരണ രീതിയിലായിരുന്നു. ഏതൊക്കെ സീനാണ് ചെയ്യേണ്ടത് എന്ന ടെൻഷനോ പ്രഷറോ ഉണ്ടാകില്ല. ടെക്‌നിക്കലി ഉള്ള കാര്യങ്ങൾ മാത്രമേ ഒരു ഫോർമാറ്റ് അനുസരിച്ച് ഉണ്ടായിരുന്നുള്ളു. ബാക്കി മേക്കപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സാധാരണമായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രാലങ്കാരം ഉൾപ്പെടെ എല്ലാം നോക്കിയിരുന്നതും ഫാസിലാണ്.
ട്യൂഷൻ വീടിന്റെ സെറ്റ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഫെമിനിച്ചി ഫാത്തിമയിലും എനിക്ക് തോന്നിയിട്ടുള്ളത്. സാധാരണ മറ്റ് സിനിമകളിൽ അസോസിയേറ്റ് വന്ന് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരും. ഷോട്ടിന്റെ സമയത്ത് അസിസ്റ്റന്റ്സ് വന്ന് സ്ക്രിപ്റ്റ് പറഞ്ഞു തരും. ഇങ്ങനെ ഒരു ഫോർമാറ്റിലാണല്ലോ സാധാരണ സിനിമ. എന്നാൽ ഫാസിലിന്റെ സിനിമയിൽ അങ്ങനെയുള്ള ഒന്നുമുണ്ടായിരുന്നില്ല. കാമറമാൻ പ്രിൻസ് ചേട്ടൻ, ഒരു അസിസ്റ്റന്റ് ഡയറക്ടർ, ഫാസിൽ, അഭിനേതാക്കൾ ; ഇത്രയുമാണ് സിനിമയുടെ ക്രൂ. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ അഭിനേതാക്കൾ തന്നെയാണ് അവിടെ കാര്യങ്ങൾ ചെയ്യുന്നത്. ഈ നാല് പേരാണ് ലൊക്കേഷനിൽ ഉണ്ടാകുക. അതുകൊണ്ട് ഒരു സാധാരണ സിനിമ സെറ്റ് പോലെയൊന്നും അവിടെ അനുഭവപ്പെടില്ല.
ഫാത്തിമയുടെ ഫെമിനിസം
ഫെമിനിച്ചി ഫാത്തിമയിൽ അവതരിപ്പിക്കുന്ന ഫെമിനിസം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യത്തെ ആധാരമാക്കിയാണ്. അത് സ്ത്രീയാണെങ്കിലും പുരുഷന്മാരാണെങ്കിലും ആരാണെങ്കിലും ഒന്ന് തന്നെയാണ്. ഉറക്കം, ഭക്ഷണം, വസ്ത്രം, സാമ്പത്തികമായ സ്വാതന്ത്രം ഇതൊക്കെ വളരെ പ്രധാനപ്പെട്ടതാണ് ഒരു മനുഷ്യനെ സംബന്ധിച്ച്. അമ്മയുടെ പിറന്നാളിന് സമ്മാനമായി കിച്ചണിലേക്കുള്ള എന്തെങ്കിലും സാധനങ്ങൾ ഞാനും വാങ്ങി കൊടുത്തിട്ടുണ്ട്. അത് ചെയ്യുമ്പോൾ അവരെ നമ്മൾ ആ രീതിയിലല്ലേ പരിഗണിക്കുന്നത്. എന്നാൽ എല്ലാവർക്കും അവകാശങ്ങളുണ്ട് എന്ന് മനസ്സിലാക്കി അതിനനുസരിച്ച് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. അത് തന്നെയാണ് സിനിമയിലും പറയുന്നത്. എന്റെ ജീവിതത്തിൽ സിനിമയിൽ പറയുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഞാൻ നേരിട്ടിട്ടില്ല. പതിനഞ്ചാം വയസ്സ് മുതൽ ഇങ്ങോട്ട് വ്യക്തി ജീവിതത്തിൽ സാമ്പത്തികമായ കാര്യങ്ങളിൽ ഉൾപ്പെടെ എനിക്ക് വ്യക്തമായ സ്വാതന്ത്രമുണ്ടായിരുന്നു. ഇന്നും അതിന് കഴിയാത്ത ഒരുപാട് ആളുകളുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും അങ്ങനെയുള്ള ആളുകൾ ഉണ്ട്. വളരെ ഭംഗിയായി, ആർക്കും ദേഷ്യം തോന്നാത്ത രീതിയിൽ ഫെമിനിച്ചി ഫാത്തിമ ആ കാര്യം അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ മിനിമാലായി തമാശ രൂപത്തിൽ തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ഫെമിനിസം സാധാരണ പറയുന്ന രീതിയിലല്ല സിനിമയിൽ ചർച്ച ചെയ്ത് പോകുന്നത്. ഫെമിനിച്ചി ഫാത്തിമയുടെ ഭാഗമായ 70% ആളുകളും ഇസ്ലാം മത വിശ്വാസികളാണ്. എന്ന് കരുതി ഒരു സമുദായത്തെ നന്നാക്കി കാണിക്കാനോ മോശമാക്കാനോ ശ്രമിച്ചിട്ടില്ല. സിനിമ ചർച്ച ചെയ്യുന്ന വിഷയം മുസ്ലിം സമുദായത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. നമ്മൾ ജീവിച്ച സാഹചര്യമായിരിക്കുമല്ലോ നമുക്ക് കൂടുതൽ അറിയുക. അതുപോലെ ഫാസിൽ ജനിച്ചു വളർന്ന സാഹചര്യത്തിൽ ഏറ്റവും എളുപ്പം കണ്ടു വളർന്നിട്ടുള്ള ഒരു പശ്ചാത്തലമുണ്ടാകുമല്ലോ. അതുകൊണ്ട് ആ രീതിയിൽ സിനിമ അവതരിപ്പിച്ചതാണ്. എന്നാൽ എല്ലാ സമുദായങ്ങളിലും പൊതുവായി കണ്ടിട്ടുള്ള പ്രശ്നമാണ് സിനിമയിലുള്ളത്. കമ്മ്യൂണിറ്റി എന്നത് സംവിധായകന് അറിയുന്ന രീതിയിൽ അവതരിപ്പിച്ചു എന്ന് മാത്രം. എവിടെയും ആരെയും വിഷമിപ്പിച്ചിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫാസിലിനോട് സ്വന്തം അനിയത്തി പറഞ്ഞ ഒരു ഡയലോഗിൽ നിന്നാണ് ഫെമിനിച്ചി ഫാത്തിമ സിനിമയുണ്ടാകുന്നതും.
ഫെമിനിച്ചി ഫാത്തിമയുടെ കാര്യത്തിൽ ഹാപ്പിയാണ്
ഫെമിനിച്ചി ഫാത്തിമയ്ക്ക് കിട്ടുന്ന അംഗീകാരങ്ങളിൽ ഹാപ്പിയാണ്. അതിന്റെ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഈ സിനിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദാണ്. അവൻ ആഗ്രഹിച്ച ഒരു കാര്യത്തിലേക്ക് അവൻ എത്തി എന്നുള്ളതാണ്. ആദ്യത്തെ ചുവടുവയ്പ്പ് തന്നെ ഇത്രയും വലിയ ഒന്നായി ചെയ്യാൻ അവന് സാധിച്ചു. വ്യക്തിപരമായി അയാൾ എടുക്കുന്ന റിസ്ക് എത്രത്തോളമാണെന്ന് എനിക്കറിയാം. അതിന് വേണ്ടി അയാൾ എടുക്കുന്ന പ്രയത്‌നവും അറിയാം. 'ട്യൂഷൻ വീട്' ചെയ്യുമ്പോഴും സാമ്പത്തികമായി പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. ഒരുപാട് പേരുടെ അടുത്ത് സ്ക്രിപ്റ്റ് പറഞ്ഞിട്ടും സിനിമ നടക്കാതെ പോയ ഒരാളാണ് ഫാസിൽ മുഹമ്മദ്. അങ്ങനെ ഒരാളുടെ ആദ്യ സിനിമയ്ക്ക് വലിയ അംഗീകാരം കിട്ടുമ്പോഴുള്ള സന്തോഷമുണ്ട്. ഈ സിനിമയെക്കുറിച്ച് എനിക്ക് ഏറ്റവും അധികം അനുഭവിക്കാൻ കഴിഞ്ഞ കാര്യം അതാണ്. വേദിയിൽ ഫാസിൽ മുഹമ്മദ് എന്ന പേര് വിളിക്കുമ്പോൾ കിട്ടിയ സന്തോഷമുണ്ട്. അതാണ് ഫെമിനിച്ചി ഫാത്തിമയിൽ ഏറ്റവും മികച്ച നിമിഷമായി ഓർക്കുന്നതും. അതിനപ്പുറത്തേക്ക് ആളുകൾ കണ്ടിരിക്കുന്ന ഒരു നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു.
കുറെ കാലം ആഗ്രഹിച്ചിട്ടാണ് എല്ലാവരും അറിയുന്ന ഒരു സിനിമയുടെ ഭാഗമായത്. കുറെ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സിനിമയുടെ പേരിൽ അറിയപ്പെടാൻ സമയമെടുത്തിട്ടുണ്ട്. അതിന്റെ സന്തോഷമുണ്ട്. 'ട്യൂഷൻ വീട്' ചെയ്തതിന് ശേഷം ആളുകൾ അംഗീകരിക്കുന്നുണ്ട്. അതല്ലാതെ വ്യത്യാസങ്ങൾ ഒന്നും ജീവിതത്തിൽ വന്നിട്ടില്ല.
സിനിമ പാഷനും ആങ്കറിങ് പ്രൊഫഷനും
15 വർഷത്തിന് മുകളിലായി ആങ്കറിങ് ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ. സ്‌കൂളിൽ ഒമ്പതാം ക്ലാസ് പഠിക്കുമ്പോൾ മുതൽ ആങ്കറിങ് ചെയ്യുന്നുണ്ട്. കേരള വിഷനിൽ നിന്നാണ് ഞാൻ കരിയർ ആരംഭിക്കുന്നത്. അതിന് ശേഷം ഫ്‌ളവേഴ്‌സ് ഉൾപ്പെടെയുള്ള ചാനലുകളിൽ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ കൂടുതലും ഇപ്പോൾ ആങ്കറിങ് ചെയ്യുന്നത് ഉദ്‌ഘാടനങ്ങൾ പോലെയുള്ള ചടങ്ങുകളിലാണ്. സിനിമയുടെ പൂജ പോലെയുള്ള പരിപാടികളും ചെയ്യാറുണ്ട്. ചെറുപ്പം മുതലേ സിനിമയിൽ വരാൻ ആഗ്രഹമുള്ള ഒരാളായിരുന്നു ഞാൻ. എന്റെ ആഗ്രഹങ്ങൾക്ക് മാറ്റം ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. അതിലേക്കുള്ള ഒരു വഴി എന്ന നിലയിലാണ് എന്റെ മുഖം ഒരു സ്ഥലത്ത് കാണണം എന്ന ആഗ്രഹത്തിൽ ആദ്യമായി ഒരു ചാനലിൽ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത്. അതിലൂടെയാണ് കുറെയധികം ആളുകളുടെ കോണ്ടാക്ടിലൂടെ സിനിമയിൽ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യാൻ പറ്റിയ ഒരു പ്രൊഫഷൻ കൂടിയാണല്ലോ ആങ്കറിങ്. ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ വെച്ച് ഞാൻ പറയുക, എന്റെ പ്രൊഫെഷൻ ആങ്കറിങ് ആണെന്നാണ്. സിനിമ പാഷനുമാണ്.
ആളുകൾ ഇഷ്ടപ്പെടുന്ന സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. എന്ത് തരത്തിലുള്ള സിനിമ എന്നതിലുപരി പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്നാണ് മനസ്സിലുള്ളത്. നല്ല കഥാപാത്ര വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ട്യൂഷൻ വീട് ടീമിനെയാണ് നമ്മൾ കൂടുതൽ നോക്കിക്കാണുന്നത്. ഫാസിലിന്റെയും അടുത്ത സിനിമകളുണ്ടാകും.