ഫിലിം സ്കൂളിൽ പഠിച്ചിട്ടില്ല, സിനിമകൾ എടുത്ത് പഠിച്ചതാണ്' ; സംവിധായകൻ ഫാസിൽ റസാഖ് അഭിമുഖം

ഫിലിം സ്കൂളിൽ പഠിച്ചിട്ടില്ല, സിനിമകൾ എടുത്ത് പഠിച്ചതാണ്' ; സംവിധായകൻ ഫാസിൽ റസാഖ് അഭിമുഖം
Published on

50 വയസുള്ള ഒരു അം​ഗൻ വാടി ടീച്ചറുടെ ജീവിതം പ്രമേയമായ ചിത്രമാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ രാജ്യാന്തര മത്സര വിഭാ​ഗത്തിൽ സ്ക്രീൻ ചെയ്യുന്ന മലയാള ചിത്രം തടവ്. മുംബെ ജിയോ മാമി മേളയിൽ മത്സരവിഭാ​ഗത്തിൽ തടവ് പ്രദർശിപ്പിച്ചിരുന്നു. ഫാസിൽ റസാഖാണ് രചനയും സംവിഘാനവും. രണ്ട് തവണ വിവാഹ മോചിതയായ ​ഗീത എന്ന അം​ഗനവാടി ടീച്ചർ പല വിധ സാമൂഹ്യ സാഹചര്യങ്ങളെയും എങ്ങനെ നേരിടുന്നുവെന്നാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് സംവിധായകൻ ഫാസിൽ റസാഖ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ട് വിവാഹ മോചനം, ​ഗീത നേരിടുന്ന സാമൂഹ്യ വെല്ലുവിളികൾ

അൻപത് വയസ്സായിട്ടുള്ള ഒരു അംഗനവാടി ടീച്ചറുടെ കഥയാണ് തടവ്. രണ്ട് തവണ വിവാഹമോചിതയായിട്ടുള്ള ആളാണ് അവർ. ഒരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ എങ്ങനെയൊക്കെ അതിജീവിക്കുന്നു എന്നാണ് സിനിമ പറയുന്നത്. ​ഗീത എന്ന കഥാപാത്രത്തെ വളരെ പേഴ്സണലായ രീതിയിലാണ് ഞാൻ അപ്രോച്ച് ചെയ്തിട്ടുള്ളത്. അവരിലെ വൈകാരിക അവസ്ഥകൾ എല്ലാം ഉൾക്കൊള്ളുന്ന രീതിയിലാണ് ഷൂട്ട് ചെയ്തത്. ​ഗീതയുടെ ജീവിതത്തിലുണ്ടാകുന്ന പല കാര്യങ്ങളും പ്രതിസന്ധികളും ഹാപ്പി മൊമെന്റ്സും ഉൾക്കൊള്ളിച്ചൊരു സിനിമയാണ്. ഫിലിം സ്കൂളിൽ പഠിച്ചിട്ടുള്ള ഒരാളല്ല. ഞാൻ സിനിമകൾ എടുത്തെടുത്ത് ആണ് അവയെ പറ്റി കൂടുതൽ പഠിച്ചത്. ഫെസ്റ്റിവലുകളിൽ പോകുമ്പോഴാണ് നമ്മൾ തിയറ്ററുകളിൽ കാണുന്ന രീതിയിലുള്ളതല്ലാത്ത സിനിമകളും ഉണ്ടെന്ന് മനസ്സിലായത്. സ്വാഭാവികമായും നമുക്ക് അറിയാവുന്നവരെയും സുഹൃത്തുക്കളെയും വച്ചിട്ടാകും ആദ്യ സിനിമ ചെയ്യുക. ഫെസ്റ്റിവലിനെ മുന്നിൽക്കണ്ടാണ് സിനിമ ചെയ്തത്. ഞാൻ പങ്കെടുക്കുന്ന അഞ്ചാമത്തെ ഐ എഫ് എഫ് കെയാണ്. മുൻപ് ഐ എഫ് എഫ് കെ ക്ക് പോകുമ്പോൾ സിനിമകൾ കാണാൻ വേണ്ടി ക്യു നിൽക്കുന്നു അതുപോലെ കിട്ടാതെ പോകുന്നു എന്നതിൽ നിന്ന് സംവിധായകനായി എത്തുമ്പോൾ സന്തോഷമുണ്ട്. സിനിമ എല്ലാവരും കാണണം ഒരുപാട് അഭിപ്രായങ്ങൾ കേൾക്കണം എന്നത് തന്നെയാണ് പ്രധാന പ്രതീക്ഷ. ഐ എഫ് എഫ് കെ യിൽ കോമ്പറ്റിഷനിൽ വരുന്ന മലയാള സിനിമകൾ കാണാൻ ആളുകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ഇത്തവണയും അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

കൂടുതൽ അവസരങ്ങൾക്കായ്, കൂടുതൽ പേരിലേക്ക്

ഈ സിനിമ ഒരുപക്ഷെ കൂടുതൽ ആളുകൾക്ക് കണക്ട് ആകുക ഐ എഫ് എഫ് കെയിലായിരിക്കും. ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ നിന്ന് ഒരുപാട് അഭിപ്രായങ്ങൾ കിട്ടിയിരുന്നു. നമ്മൾ ഐ എഫ് എഫ് കെ യിൽ പങ്കെടുത്തിട്ടുള്ളത് കൊണ്ടും പ്രേക്ഷകരുടെ രീതി അറിയുന്നത്കൊണ്ടും സിനിമ ഇവിടെയും വർക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഫെസ്റ്റിവലിന് ശേഷം ഒ ടി ടി എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഒരുപാട് ഫെസ്റ്റിവെലുകളിൽ പങ്കെടുക്കണം പ്ലാറ്റുഫോമുകൾ കിട്ടുകയാണെങ്കിൽ സിനിമ കൊടുക്കണം എന്നാണ് കരുതുന്നത്. ഐ എഫ് എഫ് കെ യിലൂടെ ഒരുപാട് സംവിധായകർക്കും സിനിമക്കും കൂടുതൽ അവസരങ്ങൾ കിട്ടിയിട്ടുണ്ട് നമുക്കും അത് കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

തുടക്കം അതിര്, പിന്നീട് പിറ

ഞാൻ ആദ്യമായി ഇൻഡിപെൻഡന്റ് ആയി ചെയ്യുന്ന ഷോർട്ട് ഫിലിം 2019 ൽ അതിര് ആണ്. 2021 ലാണ് പിറ എന്ന രണ്ടാമത്തെ ഷോർട്ട് ഫിലിം ചെയ്യുന്നത്. എന്റെ സ്ഥലം പട്ടാമ്പിയാണ്. ഈ രണ്ടും അവിടെ തന്നെയായിരുന്നു ഷൂട്ട് ചെയ്തത്. ആ ഷോർട്ട് ഫിലിമിൽ അഭിനയിച്ച മിക്ക ആളുകൾ തന്നെയാണ് ഈ സിനിമയിലും ഉള്ളത്. ഷോർട്ട് ഫിലിമിലൂടെ നമുക്ക് പരിചയമുള്ള ആളാണ് ബീന ടീച്ചർ. ഷോർട്ട് ഫിലിം ചെയ്യുമ്പോൾ തന്നെ പുള്ളിക്കാരിയുടെ വർക്കിൽ ഞങ്ങൾ ഇൻസ്പയേർഡ് ആയിട്ടുണ്ടായിരുന്നു. ഇതിലെ കാസ്റ്റിംഗ് ഡിറക്ടറും ബീന ആർ ചന്ദ്രനാണ്. പുള്ളികാരിയോട് ഞാൻ കഥ പറഞ്ഞപ്പോൾ ആ സ്ഥലത്ത് നാടകത്തിൽ അഭിനയിച്ചിട്ടുള്ളവർ, അഭിനയിക്കാൻ താല്പര്യമുള്ളവർ എല്ലാവരെയും സജസ്റ്റ് ചെയ്തത് ബീന ടീച്ചറാണ്. അഭിനേതാക്കളെ പോയി കണ്ടു എല്ലാവർക്കും ഒരു മാസത്തെ റിഹേർസൽസ് കൊടുത്തിരുന്നു.

അണിയറയിലേറെയും കൂട്ടുകാർ

സിനിമയിൽ പിന്നണിയിൽ പ്രവർത്തിച്ചവരെല്ലാം എന്റെ ബാച്ച്മേറ്റ്സും സുഹൃത്തുക്കളുമാണ്. സൗണ്ട് ഡിപ്പാർട്ട്മെന്റ് മാത്രം പുറത്തുനിന്നുള്ള ആളാണ് ചെയ്തത്. സൗണ്ട് ഡിസൈനും സൗണ്ട് റെക്കോർഡിങ്ങും ഹരികുമാർ എന്നയാളാണ് ചെയ്തിരിക്കുന്നത്. മിക്സിങ് ചെയ്തിരിക്കുന്നത് റോബിനാണ്. ഛായാഗ്രാഹകനും എഡിറ്ററും എല്ലാം സുഹൃത്തുക്കളാണ്. ഐ എഫ് എഫ് കെ യിലൊക്കെ ഒരുമിച്ച് പോകാറുള്ള സുഹൃത്തുക്കളാണ് അവരെല്ലാം.

Related Stories

No stories found.
logo
The Cue
www.thecue.in