'പുഷ്പ ദ റൈസ്'ന് ശേഷം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പ ദ റൂള്‍'. 500 കോടി ബഡ്ജറ്റിലായി ഒരുങ്ങുന്ന ചിത്രം നാളെ മുതല്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്‌ക്രീനുകളിലും ഐമാക്‌സിലുമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് മിക്സിങ് ടീം പങ്കുവെച്ചൊരു വീഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വളരെ ചര്‍ച്ചയായിരുന്നു. ഡോള്‍ബി സ്റ്റാന്റേര്‍ഡ് ലെവല്‍ 7ലാണ് പുഷ്പയുടെ സൗണ്ട് മിക്‌സ് ചെയ്തിരിക്കുന്നതെന്നും അതേ ലെവല്‍ തന്നെ എല്ലാ തിയറ്ററുകളിലും നിലനിര്‍ത്തണമെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി, എം.ആര്‍. രാജകൃഷ്ണന്‍, വിജയകുമാര്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന വീഡിയോയില്‍ പറഞ്ഞത്. പല സിനിമകളും പല ലെവലുകളിലായി സൗണ്ട് മിക്‌സ് ചെയ്യുന്നത് തിയറ്ററിലെ സിനിമാ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് ആദ്യ പടിയായി പുഷ്പ 2 വിലൂടെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് പറയുകയാണ് സൗണ്ട് എഞ്ചിനീയര്‍ എം.ആര്‍. രജകൃഷ്ണന്‍. രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട സൗണ്ട് ലെവലിലാണ് പുഷ്പ എത്തുന്നതെന്നും ടെക്‌നിക്കലി ബ്രില്യന്റായ ഒരു ചിത്രമായിരിക്കും പുഷപയെന്നും ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എം.ആര്‍. രാജകൃഷ്ണന്‍ പറഞ്ഞു.
പുഷ്പയുടെ സൗണ്ട് മിക്‌സിംഗ് ഡോള്‍ബി സ്റ്റാന്ററ്റേര്‍ഡ് ലെവല്‍ 7 ആണെന്നാണല്ലോ പറഞ്ഞത് അങ്ങനെയെങ്കില്‍ സാധാരണയായി സൗണ്ട് മിക്‌സ് ചെയ്യുന്നത് ഏത് ലെവലിലാണ്?
ടെക്‌നിക്കലി പറയുകയാണെന്നുണ്ടെങ്കില്‍ ഡോള്‍ബി 7 ആണ് സൗണ്ട് മിക്‌സിംഗിന്റെ സ്റ്റാന്‍ഡേര്‍ഡ് ലെവല്‍. ഇന്റര്‍നാഷണലി അംഗീകരിക്കപ്പെട്ട ലെവല്‍ ആണത്. അതില്‍ വേണം നമ്മള്‍ മിക്‌സ് ചെയ്യാന്‍. പക്ഷേ നമ്മുടെ തിയറ്റേഴ്‌സിന്റെ അവസ്ഥ എന്താണെന്നാല്‍ സ്പീക്കര്‍ അടിച്ചു പോകുമോ എന്ന പേടി കാരണം അവര്‍ സൗണ്ടിന്റെ ലെവല്‍ കുറയ്ക്കും എന്നതാണ്. ഇങ്ങനെ ചെയ്യുന്നത് പ്രൊഫഷണലായി സൗണ്ട് മിക്‌സ് ചെയ്യുന്ന ആളുകളെ ബാധിക്കും. നമ്മള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റില്‍ കൊടുക്കുമ്പോള്‍ മറ്റു ചിലര്‍ വളരെ ഉച്ചത്തിലായിരിക്കും അത് കൊടുക്കുക. അതിന് ഒരു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഇല്ലാതെ പോകുമ്പോഴാണ് തിയറ്ററുകാര്‍ ലെവല്‍ കുറയ്ക്കാന്‍ തുടങ്ങുന്നത്. ഇത്തരത്തില്‍ ലെവല്‍ കുറയ്ക്കുമ്പോള്‍ നിര്‍മാതാക്കളും സംവിധായകരും അടക്കം തിയറ്ററില്‍ സൗണ്ട് കിട്ടുന്നില്ലെന്ന പരാതി പറയുകയും നമുക്ക് ഓവര്‍ ഓള്‍ സൗണ്ടിന്റെ ലെവല്‍ വര്‍ധിപ്പിക്കേണ്ടതായി വരികയും ചെയ്യും. ഇങ്ങനെ കൂട്ടുന്ന അവസരത്തില്‍ തിയറ്ററുകള്‍ അത് പിന്നെയും കുറയ്ക്കും. ഇതിങ്ങനെ കുറച്ചും കൂട്ടിയും ഒരു യുദ്ധം പോലെ നടന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നത് കാരണമാണ് ചില തമിഴ്- തെലുങ്ക് സിനിമകളുടെ സൗണ്ട് മിക്‌സിംഗ് വളരെ അരോചകമായി തോന്നുന്നത്. ശബ്ദമലിനീകരണം എന്ന അവസ്ഥയിലേക്ക് ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വളരെ ഗൗരവമേറിയ ഒരു പ്രശ്‌നമാണ്. പറയുമ്പോള്‍ വളരെ ചെറുതാണെങ്കിലും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരെ ടോര്‍ച്ചര്‍ ചെയ്യുകയാണ് ഇതിലൂടെ. ഇതെന്ന് മാറുന്നുവോ അന്നേ പ്രേക്ഷകര്‍ക്ക് സന്തോഷകരമായി തിയറ്ററില്‍ വന്ന് സിനിമ കാണാന്‍ കഴിയുള്ളൂ. സിനിമ മുഴുവനായി മിക്‌സ് ചെയ്യുന്ന സമയത്ത് നമുക്കൊരു ധാരണയുണ്ടാവും ഇതെങ്ങനെ വേണം എന്നതില്‍. ഇതിനെല്ലാം ഒരു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് പിന്തുടരുന്ന പക്ഷം എല്ലാം ശരിയാവും. ഈ പറയുന്ന യുദ്ധം അവസാനിക്കും. ഇതിന് വേണ്ടി എല്ലാവരും ചേര്‍ന്ന് ഒരു നിലപാട് സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഞാന്‍ എന്റെ എല്ലാ സിനിമകളും സെവനില്‍ തന്നെ വച്ചാണ് മിക്‌സ് ചെയ്യാന്‍ ശ്രമിക്കാറുള്ളത്. ഈ സിനിമ ചെയ്യുമ്പോഴും അങ്ങനെ തന്നെ ചെയ്യാനാണ് ആദ്യ ദിവസം തന്നെ ഞാന്‍ തീരുമാനിച്ചത്.
ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ ടെന്‍ഷനുണ്ടായിരുന്നോ?
ഇതൊരു വലിയ പടമല്ലേ 7ല്‍ ചെയ്താല്‍ കൃത്യമായി സൗണ്ട് കേള്‍ക്കുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍ ഒക്കെ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അങ്ങനെ സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു കൊടുത്തു. ഇത്രയും സീനിയറായിട്ടുള്ള നമ്മള്‍ ഇവിടെ നില്‍ക്കുമ്പോള്‍ നമ്മള്‍ ഈ തീരുമാനമെടുത്തില്ലെങ്കില്‍ മറ്റാരാണ് ഇതെടുക്കുക. അങ്ങനെയാണ് 7ല്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചത്. തിയറ്ററുകാര്‍ സൗണ്ട് കൂടുതലായിരിക്കും എന്നു പേടിച്ച് നാലിലും മൂന്നിലും എല്ലാം ഇത് പ്ലേ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ഒന്നും കേള്‍ക്കാന്‍ സാധിക്കില്ല. അവസാനം നമ്മള്‍ ഈ എടുത്തിരിക്കുന്ന തീരുമാനം പരാജയപ്പെട്ടു പോകും. നമ്മള്‍ ചെയ്ത കാര്യം തിയറ്ററില്‍ കേള്‍ക്കാതെ വരുമ്പോള്‍ നിര്‍മാതാക്കള്‍ വന്ന് സൗണ്ട് വര്‍ധിപ്പിക്കാന്‍ നമ്മളോട് ആവശ്യപ്പെടും. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഞങ്ങള്‍ ചെയ്തത്. ഹോളിവുഡ് സിനിമകള്‍ ഈ ലെവലിലാണ് വരുന്നത് എന്നതുകൊണ്ട് എല്ലാ തിയറ്ററുകളും അതേ ലെവല്‍ തന്നെയാണ് പിന്തുടരുന്നത്. പുഷ്പ 2 സ്റ്റാന്‍ഡേര്‍ഡ് ലെവലിലാണ് മിക്‌സ് ചെയ്തിരിക്കുന്നത് അതുകൊണ്ട് നിങ്ങളും അതേ ലെവല്‍ പിന്തുടരാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
ഇത്തരത്തില്‍ സൗണ്ട് ലെവല്‍ കുറയ്ക്കുന്നതിനെക്കുറിച്ച് തിയറ്ററുകാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ?
ഇതിന് വേണ്ടി ഒരു കൂട്ടായ്മ ഇവിടെ ഉണ്ടായിട്ടില്ല. എക്‌സിബിറ്റേഴ്‌സിന് ഒരു കൂട്ടായ്മയുണ്ട്, ഡിസ്ട്രിബ്യൂട്ടേഴ്‌സിന് ഒരു കൂട്ടായ്മയുണ്ട്, സൗണ്ടിന് ഒരു കൂട്ടായ്മയുണ്ട്. എന്നാല്‍ ഇത് മൂന്നും മൂന്ന് സ്ഥലത്ത് നില്‍ക്കുകയാണ്. ഈ മൂന്നു പേരും ഒന്നിച്ചുള്ള ഒരു കൂട്ടായ്മ ഇല്ലെന്നത് തന്നെയാണ് സങ്കടകരമായ കാര്യം. പോസ്റ്റ് പ്രൊഡക്ഷനില്‍ നമ്മള്‍ വര്‍ക്ക് ചെയ്യുന്ന എല്ലാ സംഭവങ്ങളും കേള്‍ക്കുന്ന പ്രേക്ഷകന് കൃത്യമായി കിട്ടണമെങ്കില്‍ ഈ മൂന്ന് വിഭാഗങ്ങളും ഒരുമിച്ച് നില്‍ക്കണം. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒരുമിച്ചു നിന്നു കഴിഞ്ഞാല്‍ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. ഇതിനെ തടയാന്‍ കര്‍ശനമായ ഒരാള്‍ ഉണ്ടാകണം. ഉദാഹരണത്തിന് പറയുകയാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ ബോര്‍ഡിന് ഒരു കണ്‍ട്രോളിംഗ് കപ്പാസിറ്റിയുണ്ട്. മ്യൂട്ട് ചെയ്യുന്ന ഡയലോഗുകള്‍ തിയറ്ററില്‍ വരാന്‍ പാടില്ലെന്ന് അവര്‍ക്ക് കര്‍ശനമായി പറയാന്‍ സാധിക്കും, അവര്‍ അത് ചെയ്യുന്നത് ക്യൂബ് വഴിയാണ്. ക്യൂബില്‍ കോണ്ടന്റ് കൊടുക്കുമ്പോള്‍ ക്യൂബ് ഒരു കത്ത് സെന്‍സര്‍ ബോര്‍ഡിന് നല്‍കണം. മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സ്ഥലങ്ങള്‍ മ്യൂട്ട് ചെയ്തിട്ടുണ്ടെന്ന എഗ്രിമെന്റ് ലെറ്ററാണ് അത്. അതിന് ശേഷം മാത്രമേ സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റിലീസ് ചെയ്യുകയുള്ളൂ. അവിടെ അത്തരത്തില്‍ ഒരു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നിലനില്‍ക്കുന്നത് കൊണ്ട് ആരും അതില്‍ കള്ളത്തരം കാണിക്കില്ല. പക്ഷേ സൗണ്ടിന്റെ കാര്യത്തില്‍ അങ്ങനെയൊന്നില്ല. എന്നാല്‍ ഒടിടിയിലേക്ക് വരുമ്പോള്‍ അതുണ്ട്. അവിടെ നിയമം വളരെ കര്‍ശനമാണ്. ഒടിടിയില്‍ ഒരാള്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ച് കേള്‍ക്കുമ്പോള്‍ ചെവിക്ക് തകരാറ് സംഭവിക്കാന്‍ പാടില്ല. ശബ്ദമലിനീകരണത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി വ്യക്തമായി ഇത്ര ലെവലിന് മുകളില്‍ സൗണ്ട് വരാന്‍ പാടില്ലെന്ന് കര്‍ശന നിയമമുണ്ട്. ഇത് പാലിക്കാത്ത പക്ഷം നെറ്റ്ഫ്‌ലിക്‌സ് ആമസോണ്‍ അടക്കമുള്ളവര്‍ സിനിമ റിജക്ട് ചെയ്യും. ഇതുപോലെ ഒരു നിയമം നമ്മുടെ തിയറ്ററുകളിലും ഉണ്ടെങ്കില്‍ നമുക്ക് ഇത് പറയേണ്ട ആവശ്യം വരുന്നില്ല. നമ്മുടെ നാട്ടില്‍ അതില്ല, അതില്‍ മാറ്റം വരുത്തണം. അതിന്റെ ആദ്യത്തെ ചുവട് എന്ന തരത്തിലാണ് നമ്മള്‍ ഇത് ചെയ്തിരിക്കുന്നത്.
പുഷ്പ 2 വിലെ ഹാപ്പി ഫാക്ടര്‍ എന്താണ്?
ഇതേ പ്രൊഡക്ഷന്‍ കമ്പനിക്കും ഇതേ സംവിധായകനും വേണ്ടി ഞാന്‍ ചെയ്ത സിനിമയാണ് രംഗസ്ഥലം. ആ സിനിമയ്ക്കാണ് എന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം എന്നെ തേടിയെത്തുന്നത്. ആ പ്രൊഡക്ഷന്‍ ഹൗസിന് ലഭിച്ച ആദ്യത്തെ നാഷണല്‍ അവാര്‍ഡും രംഗസ്ഥലത്തിനാണ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്ക് സിനിമയ്ക്ക് സൗണ്ടിന് നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത് ആ സിനിമയിലൂടെ തന്നെയാണ്. ആ ഒരു സന്തോഷം ഒരു വശത്ത് നില്‍ക്കുമ്പോഴാണ് അതേ പ്രൊഡക്ഷന്‍ കമ്പനിയും അതേ ഡയറക്ടറും വീണ്ടും വിളിക്കുന്നത്. പുഷ്പ എന്ന സിനിമ ചെയ്യുന്നതിലെ എന്റെ ഏറ്റവും വലിയ സന്തോഷം അതായിരുന്നു. അവര്‍ എന്നെ വീണ്ടും വിളിക്കുന്നു എന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പുഷ്പ ചെയ്തു തരണം എന്ന ആവശ്യവുമായി പെട്ടെന്നൊരു ദിവസമാണ് എനിക്ക് കോള്‍ വന്നത്. അപ്പോള്‍ തന്നെ ഞാന്‍ അതിന് സന്തോഷത്തോടെ സമ്മതം അറിയിക്കുകയായിരുന്നു.
ഫഹദിന്റെ പെര്‍ഫോമന്‍സ് ഫയറാണോ വൈല്‍ഡ് ഫയറാണോ?
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് എനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല, അത് പ്രേക്ഷകരാണ് പറയേണ്ടത്. പക്ഷേ ഒരു ടെക്‌നീഷ്യന്‍ എന്ന തരത്തില്‍ ഞാന്‍ വളരെ ആസ്വദിച്ച് ചെയ്ത ഒരു സിനിമയാണ് പുഷ്പ 2. ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനായി ആ സിനിമയിലുണ്ടായിരുന്നു. സംവിധായകന്റെ മേക്കിംഗ് ആണെങ്കിലും സിനിമാറ്റോഗ്രാഫറുടെ വിഷ്വലൈസേഷന്‍ പരിപാടികളാണെങ്കിലും ഗ്രാഫിക്‌സ് ആണെങ്കിലും എല്ലാം കൊണ്ടും ടെക്‌നിക്കലി ബ്രില്യന്റായ ഒരു സിനിമയാണ് പുഷ്പ എന്ന് നൂറ് ശതമാനം ഗ്യാരണ്ടിയോടെ എനിക്ക് പറയാന്‍ സാധിക്കും. വളരെ മികച്ച തരത്തിലാണ് ആ സിനിമ ചെയ്‌തെടുത്തിരിക്കുന്നത്.
ഫഹദ് തന്നെയാണോ ഡബ്ബിങ്?
പുഷ്പ ഡബ്ബിംഗ് ചെയ്ത സിനിമയല്ല സിങ്ക് സൗണ്ടാണ്. അതുകൊണ്ട് ഫഹദിന്റെ യഥാര്‍ത്ഥ ശബ്ദം തന്നെയാണ് തെലുങ്കില്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കുക. മുഴുവന്‍ ഡയലോഗും കാണാതെ പഠിച്ച് ഗംഭീരമായി തന്നെ ഫഹദ് തെലുങ്ക് കൈകാര്യം ചെയ്തിട്ടുണ്ട്. അത് അത്ര എളുപ്പമുള്ള കാര്യമല്ല, ഫഹദ് ഇത്രയും നന്നായി തെലുങ്ക് സംസാരിക്കുന്നത് കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. മലയാളി എന്ന നിലയില്‍ കന്നടയും തമിഴും എല്ലാം നമുക്ക് കുറച്ചെങ്കിലും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ തെലുങ്ക് മനസ്സിലാക്കിയെടുക്കാന്‍ പാടാണ്. ആ ഒരു സിറ്റുവേഷനില്‍ പോലും ഫഹദ് വളരെ ഗംഭീരമായി തെലുങ്ക് പെര്‍ഫോം ചെയ്തിട്ടുണ്ട്. മുഴുവനും പഠിച്ചിട്ടാണ് അദ്ദേഹം അത് ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ഭാഷയും തിരുവനന്തപുരം ഭാഷയും തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ അത് തെലുങ്കിലുമുണ്ട്. അതെല്ലാം നിലനിറുത്തിക്കൊണ്ട് തന്നെ ഒരു സീന്‍ അഭിനയിച്ചു ഫലിപ്പിക്കുക എന്നു പറയുന്നത് നിസ്സാര കാര്യമൊന്നുമല്ല. ഫഹദ് അതിന് വേണ്ടി വലിയ തരത്തിലുള്ള പ്രയത്‌നം തന്നെ നടത്തിയിട്ടുണ്ട്. മലയാളത്തില്‍ ഫഹദല്ല ഹരിശാന്ത് പുതുമന എന്ന ആളാണ് ഫഹദിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.
താങ്കളടക്കമുള്ള റസൂല്‍ പൂക്കുട്ടി പങ്കുവച്ച ഫോട്ടോയാണ് പുഷ്പ 3 എന്ന ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. പുഷ്പ 3 പ്രതീക്ഷിക്കാമോ?
അതിനെക്കുറിച്ചൊന്നും എനിക്കിപ്പോള്‍ പറയാന്‍ സാധിക്കില്ല.