
തിയറ്ററിൽ മികച്ച പ്രതികരണം നേടി ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രങ്ങളാണ് രേഖാചിത്രവും മാർക്കോയും. പ്രേക്ഷകപ്രതികരണം കൊണ്ടും കളക്ഷൻ കൊണ്ടും ശ്രദ്ധേയമാകുകയാണ് ഇരുസിനിമകളും. ഈ രണ്ട് സിനിമകളുടെയും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്. വയലൻസ് കൊണ്ട് മാർക്കോയും ഓൾട്ടർനേറ്റിവ് ഹിസ്റ്ററി ഴോണറിൽ രേഖാചിത്രവും ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതുമ്പോൾ എഡിറ്റർ ഷമീർ മുഹമ്മദ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
രേഖാചിത്രവും എ ഐയും
രേഖാചിത്രത്തിൽ എ ഐ ചെയ്യുമ്പോൾ കോംപ്ലിക്കേറ്റഡായ ഷോട്ടുകൾ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് കാര്യം. അടുത്ത കാലത്ത് വന്ന തമിഴ് സിനിമയിൽ കോംപ്ലിക്കേറ്റഡായ ഒരുപാട് ഷോട്ടുകളും ആക്ഷനും എഐ ചെയ്യാൻ ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോൾ എ ഐ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അത്രയും കൃത്യമായി കാര്യങ്ങൾ വരണമെങ്കിൽ കുറേക്കൂടെ പ്ലാനിങ് വേണ്ടി വരും. രേഖാചിത്രത്തിൽ കോംപ്ലിക്കേറ്റഡായ എഐ ഷോട്ടുകൾ ഉണ്ടായിരുന്നില്ല. മൊത്തം അഞ്ചോ ആറോ ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു.
സിനിമയുടെ ഷൂട്ടിന് മുൻപേ തന്നെ അത് മോക്ക് ഷൂട്ട് ചെയ്ത് ജോഫിൻ കാണിച്ചിട്ടുണ്ടായിരുന്നു. എങ്ങനെയാണ് വരേണ്ടത് എന്ന് കാണിച്ചു തന്നതുകൊണ്ട് തന്നെ എല്ലാവർക്കും ഓക്കേ ആയിരുന്നു. നല്ല റിസൾട്ട് കിട്ടുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കൃത്യമായി ഷോട്ടുകൾ പ്ലാൻ ചെയ്തില്ലെങ്കിൽ ഇങ്ങനെ ചെയ്യാനാകില്ല. സിനിമയിൽ രണ്ട് എ ഐ ഷോട്ടുകൾ കൂടെ ഉണ്ടായിരുന്നു. പിന്നീട് ഒഴിവാക്കിയതാണ്.
മാർക്കോ വിജയിക്കുമെന്ന് ഉണ്ണി പറഞ്ഞു
മാർക്കോയിലെ ഫൈറ്റ് സീനുകളിൽ വിഎഫ്എക്സ് നന്നായി ചേർത്തിട്ടുണ്ട്. ബോണും ബ്ലഡുമെല്ലാം ആ രീതിയിൽ ചേർത്തിട്ടുണ്ട്. അപ്പോഴാണ് സിനിമ കുറേക്കൂടെ ക്രൂരമാകുന്നത്. കാണുമ്പോൾ മുഖം തിരിക്കുന്നത് പോലെയുള്ള കാര്യങ്ങൾ വരുന്നത് അതുകൊണ്ടാണ്. അത് കാണാൻ കൂടിയാണ് ആൾക്കാർ തിയറ്ററിൽ പോകുന്നത്. വയലൻസിന് ഇത്രയധികം ഫാൻസുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. കിൽ പോലെയുള്ള സിനിമകൾ വന്നിട്ടുണ്ട്. അതുപോലെ ഒരു സിനിമ ഇവിടെ നിന്ന് പോയി ചർച്ചയായി ഇത്രയധികം ആളുകൾ കാണുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല.
ഉണ്ണി പറയുന്നുണ്ടായിരുന്നു സിനിമ സക്സസ് ആകുമെന്ന്. ഷെരീഫും പറഞ്ഞിരുന്നു. പക്ഷെ അത്രയും വിചാരിച്ചിട്ടുണ്ടായില്ല. എനിക്ക് ഈ സിനിമയിലെ ഫൈറ്റുകൾ എല്ലാം ഇഷ്ടമാണ്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും ബെസ്റ്റ് ഫൈറ്റാണ് മാർക്കോയിൽ ഉള്ളത്. അതെനിക്ക് ഇഷ്ടമായി കുറെ സുഹൃത്തുക്കളെയെല്ലാം കാണിച്ചു കൊടുത്തിട്ടുണ്ട്.
സിനിമകളുടെ ദൈർഖ്യം നിശ്ചയിക്കുന്നത്
ഓരോ സിനിമയുടെയും ദൈർഖ്യം തീരുമാനിക്കുന്നത് ഓരോ തരത്തിലാണ്. അജയന്റെ രണ്ടാം മോഷണം കാണുന്ന പ്രേക്ഷകരല്ല മാർക്കോ കാണുന്നത്. മാർക്കോ കാണുന്ന ആൾക്കാരല്ല ARM കാണുന്നത്. ഇത് രണ്ടും കാണുന്ന കുറച്ചു കോമണായ ആൾക്കാരും ഉണ്ടാകും. ARM ഒരു ഫാന്റസി ചിത്രമാണ്. മാർവലിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് അതും ഇഷ്ടമാകും. അങ്ങനെ ഒരു കഥ പറയുമ്പോൾ എത്ര നേരം ആളുകൾ കണ്ടിരിക്കും എന്നൊരു ആലോചന സിനിമയ്ക്ക് പിന്നിൽ ഉണ്ടാകാറുണ്ട്. ARM ആദ്യം പ്ലാൻ ചെയ്തപ്പോൾ രണ്ടേമുക്കാൽ മണിക്കൂർ ആയാലും കുഴപ്പമില്ല എന്ന് വിചാരിച്ചിട്ടാണ് എഡിറ്റ് ചെയ്യുന്നത്. ഈ തരത്തിലുള്ള പടങ്ങൾ ആളുകൾ അത്യാവശ്യം കണ്ടിരിക്കും എന്ന് തോന്നി. പക്ഷെ പിന്നീട് ഒരു പ്രിവ്യു നടത്തി പല സ്ഥലത്ത് നിന്നും പല അഭിപ്രായങ്ങളും വന്നു. കുറച്ചുകൂടെ ദൈർഖ്യം കുറച്ചാൽ നല്ലതായിരിക്കും എന്ന അഭിപ്രായം വന്നു. അങ്ങനെയാണ് റിലീസിന് കുറച്ചു ദിവസം മുൻപ് 12 മിനിറ്റോളം സിനിമയിൽ നിന്ന് ഒഴിവാക്കുന്നത്.
മാർക്കോയുടെ ദൈർഖ്യത്തെക്കുറിച്ച് മുൻപേ തന്നെ നമുക്ക് തീരുമാനം ഉണ്ടായിരുന്നു. രണ്ടു മണിക്കൂറും 20 മിനിറ്റുമൊക്കെ മതി എന്ന് നിശ്ചയിച്ചിരുന്നു. ചെറുപ്പക്കാരായ ആളുകളാണ് അത് കാണാൻ പോകുന്നത്. അവർക്ക് ഒരുപാട് സ്പൂൺഫീഡ് ചെയ്യേണ്ട ആവശ്യമില്ല. നല്ല ക്വാളിറ്റിയുള്ള കാര്യങ്ങൾ ഒരുപാട് വലിച്ചു നീട്ടാതെ പറഞ്ഞാൽ അവർക്ക് ഇഷ്ടപ്പെടും. വലിച്ചു നീട്ടിയാൽ അവർക്ക് വർക്കാകില്ല. രേഖാചിത്രം കുറച്ചുകൂടെ പ്രായമായ ആളുകളായിരിക്കും കാണാൻ വരുന്നത്. കാരണം കാതോട് കാതോരം കണ്ട ആളുകൾക്ക് സിനിമ കുറച്ചുകൂടെ കണക്ടാകും. ദൈർഖ്യവും അപ്പോൾ അതിനനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്.
ARM എഡിറ്റ് ചെയ്യുമ്പോൾ കൃത്യമായ ധാരണയുണ്ടായിരുന്നു
ARM ന്റെ കഥ പറയാൻ ജിതിൻ വരുന്നത് 50 മിനിറ്റിന്റെ ഒരു വീഡിയോ ആയിട്ടാണ്. ഒരു ഗെയിം കാണുന്നത് പോലെ എല്ലാ കഥാപാത്രങ്ങളും ആക്ഷനും ഒക്കെയുള്ള ഒരു വീഡിയോ ആയിരുന്നു അത്. അധികം ക്വാളിറ്റിയില്ലാത്ത ഒരു 2D അനിമേഷനായിരുന്നു. കഥ പറയുന്നതിനൊപ്പം ഈ വിഷ്വൽ കൂടെ കാണുമ്പോൾ റിസൾട്ട് എങ്ങനെയാണ് ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാകുമായിരുന്നു. അല്ലെങ്കിൽ നമുക്ക് വിശ്വസിക്കാൻ കഴിയില്ല, കാരണം മലയാളത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ കണ്ടിട്ടില്ല. അതിനുള്ള ബഡ്‌ജറ്റ് ഇവിടെയില്ല. എങ്ങനെയാണ് പ്ലാൻ ചെയ്യുന്നത് എന്നൊന്നും നമുക്ക് മനസ്സിലാകില്ല. 50 മിനിറ്റ് വീഡിയോ കൂടാതെ സീനുകൾ വരച്ചതും ഉണ്ടായിരുന്നു.
ഷൂട്ടിന് മുൻപേ തന്നെ എങ്ങനെയാണ് വരാൻ പോകുന്നത് എന്ന് മനസ്സിലായി. അത്രയും പ്ലാനിങ് ഉണ്ടായിരുന്നത് കൊണ്ട് അവർക്ക് നന്നായി ഷൂട്ട് ചെയ്യാൻ കഴിഞ്ഞു. അതുകൊണ്ട് എഡിറ്റ് ചെയ്യാനും എളുപ്പമായി.
ടർബോയുടെ ആക്ഷൻ എഡിറ്റ് ചെയ്യുമ്പോൾ
ടർബോയുടെ ആക്ഷൻ സീക്വൻസുകളുടെ റിഹേഴ്‌സൽ മുതൽ ഞാൻ ടീമിന്റെ ഒപ്പമുണ്ട്. മമ്മൂക്കയെ പോലെ ഒരു ആർട്ടിസിനെ കൊണ്ട് വലിയ ആക്ഷനാണ് സിനിമയിൽ പ്ലാൻ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രീ വിഷ്വലൈസേഷനുണ്ടായിരുന്നു. കാർ ചേസിന് ഒരു പ്രീഷൂട്ട് ഉണ്ടായിരുന്നു. സ്റ്റണ്ട് പ്രീഷൂട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ മുതൽ ഞാൻ വൈശാഖേട്ടനോടൊപ്പം ഉണ്ട്. ഫൈറ്റ് എഡിറ്റ് ചെയ്യാൻ എനിക്ക് പൊതുവെ എളുപ്പം കഴിയാറുണ്ട്. എഡിറ്റിങ്ങിൽ ഞാൻ ഏറ്റവും കുറവ് സമയമെടുക്കുന്നതും ഫൈറ്റ് സീനിനാണ്. ചില ആളുകൾക്ക് അത് സമയമെടുക്കുമായിരിക്കും. മാർക്കോയും രേഖാചിത്രവും നോക്കിയാൽ ഞാൻ ഏറ്റവും കൂടുതൽ സമയം എടുത്തിരിക്കുന്നത് രേഖാചിത്രത്തിനാണ്.
ഒരു സിനിമയുടെ എഡിറ്റർ ഓൺ ലൊക്കേഷനിൽ ഉണ്ടെങ്കിൽ കുറെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഒരു സീനെടുക്കുന്നതിന്റെ ബുദ്ധിമുട്ട് കണ്ടാൽ നമുക്ക് അത് ചിലപ്പോൾ കട്ട് ചെയ്യാൻ തോന്നില്ല. അവിടെയുണ്ടെങ്കിൽ നമുക്ക് അധികമായി വേണ്ട ഷോട്ടുകൾ എടുക്കാം. അല്ലെങ്കിൽ എടുത്ത ഷോട്ടുകൾ മതിയെങ്കിൽ അത് പറയാം. ടർബോയിൽ ബസ്സിലുള്ള ഫൈറ്റ് സീൻ ഒന്നര ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഞാൻ അവിടെ ലൊക്കേഷനിൽ തന്നെ എഡിറ്റ് ചെയ്തിരുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞു, ഇവനെ അടുത്ത പടം മുതൽ ഫുൾ കോണ്ട്രാക്റ്റ് എടുത്ത് ലൊക്കേഷനിൽ നിർത്തണം എന്ന്.
എഡിറ്റിങ് ഇഷ്ടമായ സമീപകാല മലയാള സിനിമകൾ
ഞാൻ എഡിറ്റ് ചെയ്ത സിനിമകൾ തിയറ്ററിൽ പോയി കാണാറില്ല. കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്. ഈ അടുത്ത കാലത്ത് എഡിറ്റിങ്ങിൽ ഒരുപാട് എഫർട്ട് ഇട്ടതായി തോന്നിയ ഒരു മലയാളം സിനിമ തല്ലുമാലയാണ്. കിരണിന്റെ നല്ലൊരു വർക്കാണ് റോഷാക്ക്. RDX ചമന്റെ നല്ലൊരു വർക്കാണ്. ആവേശം വിവേക് ഹർഷന്റെ മികച്ച എഡിറ്റാണ്. സംഗീത് പ്രതാപ് എന്റെ അസ്സിസ്റ്റന്റായിരുന്നു. സംഗീത് തന്നെയാണ് പ്രേമലുവിലെ അമൽ ഡേവീസ്. ചമനും അസ്സിസ്റ്റന്റായിരുന്നു. സംഗീതിന്റെ രണ്ടു സിനിമകളെ വന്നിട്ടുള്ളൂ. അതിൽ ഒരു സിനിമയ്ക്കാണ് കഴിഞ്ഞ വർഷം സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.
എനിക്കേറ്റവും ഇഷ്ടമുള്ള ഴോണർ ആക്ഷൻ കൊമഡിയാണ്. റയാൻ റെയ്‌നോൾഡ്‌സിന്റെ സിനിമകൾ പോലെയുള്ള ചിത്രങ്ങൾ ഇഷ്ടമാണ്. ഒരു സൂപ്പർ ഹീറോ സിനിമ എഡിറ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ടൊവിനോയുടെ നരിവേട്ടയാണ് അടുത്തതായി ചെയ്യാനിരിക്കുന്ന ചിത്രം. ബാക്കിയുള്ള സിനിമകളുടെ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.