എന്റെ വിധി എന്റെ തീരുമാനങ്ങളാണ്

മലയാള സിനിമയിലെ ഏറ്റവും വലിയ ഫാൻ ഫൈറ്റ്, മമ്മൂട്ടി v/s മോഹൻലാൽ, അത് തുടങ്ങിയിട്ടെത്ര വർഷങ്ങളായിട്ടുണ്ടാകുമെന്നതിന് മലയാളികൾക്ക് തന്നെ കണക്കില്ല, സിനിമകളുടെ ആഘോഷം മാത്രമായിരുന്നില്ല, എതിർപ്പുകളും ഡീ​ഗ്രേഡിങ്ങും, അധിക്ഷേപങ്ങളുമെല്ലാം നിറഞ്ഞൊരു കാലമുണ്ടായിരുന്നു. ഫാൻഫൈറ്റുകളുടെ കാലം. അതിനിടയിലേക്കാണ് അയാൾ തന്റെ ആദ്യസിനിമയുമായി കടന്നുവരുന്നത്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലില്ലെങ്കിലും ആഡംബരങ്ങളില്ലാത്ത ഒരു കൊച്ചു സിനിമയാണെങ്കിലും അയാൾ കടന്ന് ചെന്നത് ആ ഫാൻ ഫൈറ്റിനിടയിലേക്ക് തന്നെയായിരുന്നു.

കൂക്കി വിളികൾക്കിടയിലേക്ക് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് നടന്ന് കയറിയൊരാൾ, അപമാനിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ദേഷ്യപ്രകടനങ്ങളില്ലാതെ കൈവീശിക്കാണിച്ചൊരാൾ, അഭിനയത്തിന്റെ പാഠങ്ങൾ പഠിച്ച്, ഇവിടെ സ്ഥാനമുറപ്പിക്കാൻ അയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ അതേ ചിരിയോടെ വന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലും അയാൾ സ്ഥാനമുറപ്പിച്ചു. പതിനൊന്ന് വർഷങ്ങൾ കൊണ്ട് അയാൾ, ദുൽഖർ സൽമാൻ മലയാളത്തിന്റെ ഏറ്റവും വലിയ ബ്രാൻഡായി മാറി.

മമ്മൂട്ടിയുടെ മകൻ, ആ ലേബൽ അത്ര ചെറുതല്ല, പതിറ്റാണ്ടുകൾ കൊണ്ട് മമ്മൂട്ടി ചെയ്ത് വെച്ച കഥാപാത്രങ്ങളുടെ പട്ടികയും പെർഫോർമൻസുകൊണ്ട് അയാൾ നേടിയെടുത്ത പുരസ്കാരങ്ങളും മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാണ്. ശബ്ദം കൊണ്ടും കണ്ണുകൊണ്ടുമെല്ലാം മമ്മൂട്ടി കരയിപ്പിച്ചിട്ടുള്ള, സന്തോഷം പകർന്നിട്ടുള്ള, വേദനിപ്പിച്ചിട്ടുള്ള , ഭയപ്പെടുത്തിയിട്ടുള്ള എത്രയോ ഫ്രെയിമുകൾ മലയാളികൾ സ്ക്രീനിൽ കണ്ടതാണ്. അവിടെയാണ് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തൊരു ബെഞ്ച്മാർക്കുമായി താരതമ്യങ്ങൾക്ക് ഇടം കൊടുത്തുകൊണ്ട് ദുൽഖർ എത്തുന്നത്. സെക്കന്റ് ഷോ എന്ന കൺവെൻഷനൽ ഫോർമുലകളില്ലാത്തൊരു സിനിമയിലാണ് ആ തുടക്കമെങ്കിലും, മമ്മൂട്ടിയുടെ മകനെന്ന ലേബൽ ഹെവി ഇൻട്രോഡക്ഷൻ അയാൾ സ്വീകരിച്ചില്ലെങ്കിലും അതെപ്പോഴും അയാൾക്ക് ഒപ്പമുണ്ടായിരുന്നു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലേക്ക് തന്നെ ആലോചിച്ചിരുന്നതായി ദുൽഖർ പറഞ്ഞിട്ടുണ്ട്, അന്ന് പക്ഷേ ചെയ്യാൻ ധൈര്യമുണ്ടായിരുന്നില്ലെന്ന് ദുൽഖർ വെളിപ്പെടുത്തി. ലിംഗുസ്വാമിയുടെ സംവിധാനത്തിൽ തമിഴ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നായകനാകുന്നുവെന്ന് 2011ൽ വാർത്തകൾ വന്നിരുന്നു. ദുൽഖറിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് ആ ഘട്ടത്തിൽ മമ്മൂട്ടി പറഞ്ഞു കേട്ടതുമില്ല. പിന്നീട് 2011ൽ അൻവർ റഷീദ് ചിത്രം ‘ഒരു ബിരിയാണിക്കഥ’യിൽ ദുൽഖർ നായനാകുന്നുവെന്ന റിപ്പോർട്ടുകൾ വന്നു. മലയാളത്തിലെയോ തമിഴിലെയോ സൂപ്പർഹിറ്റ് സംവിധായകർക്കൊപ്പം താരപുത്രന്റെ നായകഅരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നവർക്ക് പക്ഷേ തെറ്റി. പുതുമയുള്ള ഒരു പരീക്ഷണത്തിനായി കൈകോർത്ത പുതിനിരയ്‌ക്കൊപ്പം അവരിലൊരാളായി ദുൽഖർ സൽമാൻ ക്യാമറയ്ക്ക് മുന്നിലെത്തി. 2009ൽ ഋതുവിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് ദുൽഖർ ആ ധൈര്യം കണ്ടെത്തുന്നത്. ചെറിയൊരു മസിൽ പിടിത്തമുള്ള ലാലു ആയി ശ്രീനാഥ് രാജേന്ദ്രനെന്ന പുതിയ സംവിധായകനൊപ്പം ഒരുകൂട്ടം പുതിയ ടീമിനൊപ്പം കേട്ടുശീലിച്ചൊരു കഥയ്ക്കുള്ളൊരു പുതിയ നരേറ്റീവ് അഡാപ്റ്റേഷൻ.

വാണിജ്യസാധ്യതയുള്ള സിനിമ പരിഗണിക്കാതെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ നൂറ് ശതമാനം പരീക്ഷണത്തിന് തന്നെ വിട്ടുനൽകിയാണ് ദുൽഖറിന്റെ തുടക്കം. മമ്മൂട്ടിയുടെ മകന്റെ ആദ്യ ചിത്രം എന്ന ടാഗ് ഇല്ലാതെയാണ് സിനിമ തിയറ്ററുകളിലെത്തിയത്. വൻവിജയമായില്ലെങ്കിലും തുടക്കം മോശമാക്കിയില്ല. എന്നാൽ തൊട്ട് പിന്നാലെ വന്ന അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലെ ഫൈസിയാണ് ദുൽഖറിനെ കൂടുതൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. നല്ല അസ്സൽ മമ്മൂട്ടി ലുക്കിൽ വിമാനമിറങ്ങിയ ഫൈസി. ആദ്യമായി കേരളത്തിലെക്കെത്തിയ പക്വതയില്ലാത്ത, ഫൈസി, മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ തിലകനൊപ്പമുള്ള കോമ്പിനേഷനും വർക്കായതോടെ കരീമിക്കയും കൊച്ചുമോൻ ഫൈസിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി.

ദുൽഖറിന് സിനിമ കിട്ടാത്തൊരു അവസ്ഥ വരില്ലെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ആദ്യ കാലഘട്ടത്തിൽ മമ്മൂട്ടിയോട് താരതമ്യം ചെയ്യപ്പെടാൻ കഴിയാത്ത വിധത്തിലുള്ള സിനിമകളായിരുന്നു ദുൽഖറിന്റേത്. മമ്മൂട്ടിയുടെ മകനെ തേടിയെത്തിയേക്കാവുന്ന പഴയ ചിത്രങ്ങളുടെ റീമേക്കുകൾക്കും, അച്ഛന്റെ കഥാപാത്രങ്ങളുടെ റീബൂട്ടുകൾക്കും അയാൾ ഇടംകൊടുത്തില്ല. അത് തന്റെ കരിയറിലെ പ്രധാനപ്പെട്ട തീരുമാനം തന്നെയായിരുന്നുവെന്ന് ദുൽഖർ പിന്നീട് പറഞ്ഞിട്ടുണ്ട്. തീവ്രം, എബിസിഡി, എന്നീ ചിത്രങ്ങൾ പിന്നീടെത്തിയെങ്കിലും ദുൽഖറിനെ പ്രേക്ഷകരുടെ ഇടയിൽ ഒരു യൂത്ത് ഐക്കണാക്കുന്നത് സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രമായിരുന്നു. മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിട്ടുള്ള കാസിയുടെ കാമുകിയെ കാണാനുള്ള നാ​ഗാലാന്റിലേക്കുള്ള യാത്ര ട്രെൻഡ് സെറ്ററായി. റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് പിന്നിൽ ബാക്ക്പാക്കും വെച്ച് കെട്ടി റോഡിലേക്കിറങ്ങാൻ ചിത്രം കൊതിപ്പിച്ചെന്ന് ഒരു തലമുറ ഉറപ്പിച്ച് പറയും. പിന്നീട് ട്രോൾ രൂപത്തിലെങ്കിലും ചർച്ച ചെയ്യപ്പെട്ട ദുൽഖറിന്റെ നാടും വീടും വിട്ടുള്ള പോക്ക് കാസിയുടെ പ്രണയത്തിനായുള്ള യാത്രയിൽ തുടങ്ങിയതാണ്. കാസി എന്ന കഥാപാത്രത്തിന്റെ പ്രണയവും സൗഹൃദവും യാത്രയും എല്ലാം പക്വതയോടെ ദുൽഖർ മികവുറ്റതാക്കി. ആദ്യ ചിത്രങ്ങളിലെ ന്യൂ ബോയ്, അർബൻ യൂത്ത് ശരീരഭാഷയിൽ നിന്ന് ആക്ടർ എന്ന നിലയിൽ ദുൽഖർ നടത്തിയ മുന്നേറ്റം കൂടിയാണ് നീലാകാശത്തിലെ കാസി.

പിന്നീട് വന്ന പട്ടം പോലെയും, സലാല മൊബൈൽസും, സംസാരം ആരോ​ഗ്യത്തിന് ഹാനികരവുമെല്ലാം ദുൽഖർ എന്ന ആക്ടറിന് ​ഗുണം ചെയ്ത ചിത്രങ്ങളായില്ല, പക്ഷേ വീണ്ടും കഥാപാത്രം കൊണ്ട് ദുൽഖർ സ്പേസ് ഫിൽ ചെയ്യുന്നത് അ‍ഞ്ജലി മേനോന്റെ ബാം​ഗ്ലൂർ ഡേയ്സിലായിരുന്നു. അജു എന്ന ബൈക്ക് റേസറായിട്ടായിരുന്നു ചിത്രത്തിൽ ദുൽഖർ എത്തിയത്. മാതാപിതാക്കളുടെ വേർപിരിയലിൽ ജീവിതത്തിന്റെ താളം മുറിഞ്ഞു പോയ യുവാവ്. കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയവൻ. തിരസ്‌കാരത്തിന്റെ നീറ്റൽ പേറിയ അജു കസിൻസിടയിൽ സാഹസികനായ, കട്ടയ്ക്ക് എന്തിനും കൂടെ നിൽക്കുന്ന ആളുമായിരുന്നു. വാശിയും ദേഷ്യവും എല്ലാം നിറഞ്ഞ റേസറായും പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എന്ന് പറഞ്ഞ കാമുകനായും ദുൽഖറിനെ പ്രേക്ഷകർ സ്വീകരിച്ചു. വൈകാരിക രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിക്കാനാകുമെന്ന് ദുൽഖർ തെളിയിക്കുന്നതും ചിത്രത്തിലൂടെയാണ്. പിന്നീട് വിക്രമാദിത്യനും, ഹണ്ട്രഡ് ഡേയ്സ് ഓഫ് ലവും അതിന് ശേഷം മണിരത്നത്തിന്റെ ഓക്കെ കൺമണി കൂടിയെത്തിപ്പോഴേക്കും ദുൽഖർ ഒരു റൊമാന്റിക് ഐക്കൺ കൂടെയായിട്ടുണ്ടായിരുന്നു.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയായിരുന്നു ദുൽഖറിന്റെ മറ്റൊരു കരിയർ ബ്രേക്ക്, അതുവരെ തനിക്കുണ്ടായിരുന്ന യൂത്ത് ഐക്കൺ, റൊമാന്റിക് ഇമേജിൽ നിന്ന് ദുൽഖർ കാറ്റ് പോലെ ഒഴുകി നടക്കുന്ന ചാർലിയായി മാറി. ദുൽഖറിലെ അഭിനേതാവിന്റെ വളർച്ചയായിരുന്നു ചാർലി. സിനിമ ചാർളിയെ വിശേഷിപ്പിക്കുന്നത് ഒരു ജിന്നെന്നാണ്. ആ ജിന്നിനെ കയ്യടക്കത്തോടെ അവതരിപ്പിച്ചതാണ് ദുൽഖറിന്റെ കരിയറിലെ അഭിനേതാവിന്റെ രണ്ടാം ഘട്ടം. അത്രയേറെ ഫാന്റസി നിറഞ്ഞ, കൗതുകം ഒളിപ്പിച്ചിട്ടുള്ള ചെറിയ വട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്ര സൃഷ്ടിയെ മറ്റൊരാളിലേക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ ദുൽഖർ മികവുറ്റതാക്കി. ചാർലി ആരെന്ന് ടെസയെ പോലെ അറിയാൻ പ്രേക്ഷകനെ കൊതിപ്പിക്കുന്നതും ദുൽഖറിന്റെ സ്‌ക്രീൻ പ്രെസൻസ് തന്നെ ആയിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ദുൽഖറിന് ലഭിച്ച ചിത്രവുമാണ് ചാർലി. ആദ്യ സംസ്ഥാന പുരസ്കാരം നേടുമ്പോൾ ദുൽഖറിനൊപ്പം മത്സരത്തിൽ പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ എന്ന മമ്മൂട്ടി കഥാപാത്രവും മത്സരത്തിനുണ്ടായിരുന്നു.

പിന്നീട് രാജീവ് രവിക്കൊപ്പം കമ്മട്ടിപ്പാടവും സത്യൻ അന്തിക്കാടിനൊപ്പം ജോമോന്റെ സുവിശഷങ്ങളും അമൽ നീരദിനൊപ്പം സിഐഎയും സൗബിനൊപ്പം പറവയും ദുൽഖർ ചെയ്തു. അടുത്തടുത്ത് വന്ന സിനിമകളിൽ പോലും വ്യത്യസ്തമായ കഥാപാത്രങ്ങൾ, കരിയർ തുടങ്ങി ആറാം വർഷത്തിലാണ് ദുൽഖറ്‍ തമിഴിന് പുറകെ രണ്ട് ഭാഷകളിലേക്കെത്തുന്നത്, 2018ൽ ബോളിവുഡ് ചിത്രം കർവാനും തെലുങ്ക് ചിത്രം മഹാനടിയും. അതിൽ തന്നെ ദുൽഖറിന് മലയാളത്തിൽ അതുവരെ ലഭിച്ചതിലും സങ്കീർണ്ണമായ കഥാപാത്രമായിരുന്നു മഹാനടിയിലെ ജെമിനി ഗണേശൻ. കാതൽ മന്നൻ എന്ന വിശേഷണത്തിന് അപ്പുറത്ത് സാവിത്രിയുടെ വളർച്ചയിൽ അപകർഷതയും അസൂയയുമായി നിൽക്കുന്ന പ്രതിനായക ഭാവമുള്ള ജെമിനിയെ ആദ്യ തെലുങ്ക് ചിത്രം എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ദുൽഖർ അവതരിപ്പിച്ചു. നാടകീയതയില്ലാതെ സങ്കീർണ്ണമായ വൈകാരിക രംഗങ്ങൾ തന്മയത്തോടെ അവതരിപ്പിച്ച് തെലുങ്ക് അരങ്ങേറ്റം ദുൽഖർ മികവുറ്റതാക്കി. അപ്പോഴേക്കും ദുൽഖർ ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്നൊരു ലേബൽ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.

മലയാളത്തിൽ തുടർച്ചയായി സിനിമ ചെയ്യാതിരുന്ന കഴിഞ്ഞ അഞ്ച് വർഷമെടുത്താൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് സ്വയം വിശേഷിപ്പിക്കാനാകുന്ന മലയാളി നായകൻ ദുൽഖർ സൽമാൻ ആണ്. കണ്ണും കണ്ണും കൊള്ളയടിത്താലിലൂടെ തമിഴിലും മഹാനടി, സീതാരാമം എന്നീ സിനിമയിലൂടെ തെലുങ്കിലും കർവാൻ, ചുപ് എന്നീ സിനിമകളിലൂടെ ഹിന്ദിയിലും അയാൾ തന്നിലെ നടനെയും താരത്തെയും പ്രകാശിപ്പിച്ചു.

മലയാളത്തിന് പുറത്ത് കുറച്ച് സിനിമകളിൽ അഭിനയിച്ചൊരു സ്റ്റാർ ലേബൽ ഉണ്ടാക്കിയെടുക്കുക മാത്രമായിരുന്നില്ല ദുൽഖറിന്റെ കരിയറിൽ സംഭവിച്ചത്. ഈ കാലഘട്ടം കൊണ്ട് തന്നെ ദുൽഖർ മലയാളത്തിലെയും ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിം​ഗ് ഉണ്ടാക്കാൻ കരുത്തുള്ളൊരു താരവും ആയി മാറിയിരുന്നു. കൊവിഡ് ലോക്ഡൗണിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ദുൽഖർ ചിത്രം കുറുപ്പായിരുന്നു ബോക്സ് ഓഫീസ് കുലുക്കിയതും, തിയറ്റ‍ർ നിറച്ചതും. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം തിയറ്ററുകളിലേക്കും ആളുകൾ ഇടിച്ചുകയറിയതും ദുൽഖറിന് വേണ്ടി തന്നെ.

അകന്ന് നടന്നുവെങ്കിലും ദുൽഖറിനെ തുടക്കം മുതൽ എല്ലാവരും താരതമ്യം ചെയ്യാൻ ശ്രമിച്ചത് മമ്മൂട്ടിയുമായിട്ട് തന്നെയാണ്. കുള്ളന്റെ ഭാര്യയിൽ അയാൾ ശബ്ദം കൊണ്ട് ഒരു കഥയ്ക്ക് ജീവൻ നൽകിയപ്പോൾ അത് മമ്മൂട്ടിയുടെ ശബ്ദം കൊണ്ടുള്ള അച്ചടക്കവുമായി താരതമ്യം ചെയ്യപ്പെടാതിരിക്കില്ലല്ലോ. അഭിനേതാവിലേറ്റ വിമർശനങ്ങൾ പതിയെ പതിയെ പരിഹരിച്ചുകൊണ്ടുവരുന്ന ദുൽഖറെയായിരുന്നു മലയാളി പ്രേക്ഷകർ കണ്ടത്. വൈകാരിക രംഗങ്ങളിലും ഹാസ്യരം​ഗങ്ങളിലുമെല്ലാം ദുൽഖറിന്റെ പെർഫോർമൻസിൽ കരിയറിനൊപ്പം മാറ്റം പ്രേക്ഷകർക്ക് കാണാം.

കരിയറിൽ വന്ന നേരിട്ട വിമർശനങ്ങൾ ബാധിക്കാത്തൊരാളല്ല ദുൽഖർ, തനിക്ക് സോളോ ഹിറ്റില്ലെന്ന വിമർശനങ്ങളായിരുന്നു കുറുപ്പിലൂടെ ദുൽഖർ മാറ്റിമറിച്ചത്. താൻ വ്യക്തിപരമായി നേരിട്ടിരുന്ന അധിക്ഷേപങ്ങൾ പോലും വായിച്ചിട്ടുണ്ടെന്നും അതിൽ പലതും ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ടെന്നും വീണ്ടും പലപ്പോഴും എടുത്ത് നോക്കുമെന്ന് അയാൾ പറയുന്നതും നേരിട്ട ആക്രമണങ്ങൾക്ക് കരിയ‍ർ കൊണ്ട് ഒരു മറുപടി പറയണം എന്ന് അയാൾക്ക് ഓർമയുള്ളതുകൊണ്ടാകാം. കുറുപ്പിന് ശേഷം ഒരു വർഷത്തിന് ശേഷമാണ് ദുൽഖറിന്റേതായി ഒരു മലയാള ചിത്രമുണ്ടാകുന്നത്. അതിനിടയിൽ സീതാരാമവും ചുപ്പും ഹേയ് സിനാമികയും ഓടിടിയിലെത്തിയ സല്യൂട്ടുമായിരുന്നു ദുൽഖറിന്റെ ചിത്രങ്ങൾ. പക്ഷേ എന്നിട്ടും 2023ൽ തിയറ്ററുകൾ കാത്തിരിക്കുന്ന ചിത്രം കിം​ഗ് ഓഫ് കൊത്ത തന്നെ. മലയാളത്തിൽ തിയറ്ററുകളിലേക്ക് പ്രേക്ഷകരെത്തുന്നില്ലെന്ന് തിയറ്ററുടമകൾ പറയുമ്പോഴും അവർ കാത്തിരിക്കുന്നത് ദുൽഖ‍ർ രക്ഷകനാകുമെന്ന് തന്നെ.

പ്രേക്ഷകർക്കിടയിൽ ദുൽഖർ ഉണ്ടാക്കിയൊരു ഇമേജ് തന്നെയാണ് ഈ പ്രതീക്ഷയ്ക്കും കാരണം. സിനിമകൾ അധികമില്ലെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ അയാൾ എപ്പോഴും എത്തുന്നില്ലെങ്കിലും ദുൽഖർ ഒരു അന്യനാണെന്നൊരു ഫീൽ പ്രേക്ഷകർക്കും ആരാധകർക്കും ഉണ്ടാകുന്നില്ലെന്നതാണ് അയാളെ ക്രൗഡ് പുളളറാക്കുന്നത്. അത് മമ്മൂട്ടിയുടെ മകൻ എന്നൊരു ബ്രാന്ഡ് മാത്രമല്ല. കൂക്കിവിളികൾക്കിടയിൽ നിഷ്കളങ്കമായി ചിരിച്ചുനടന്ന ചെറുപ്പക്കാരനായി ഇന്നും അയാൾ തുടരുന്നുണ്ട്. മമ്മൂട്ടിയുടെ ആരാധകനായതുകൊണ്ട് ദുൽഖറിന്റെയും ആരാധകനായി എന്നൊരാൾ പറഞ്ഞേക്കാവുന്ന കാലം അയാൾ പിന്നിട്ടുകഴിഞ്ഞു. അതിനപ്പുറം സിനിമയിലേക്ക് വന്ന കാലത്ത് അയാൾ ആ​ഗ്രഹിച്ചിരുന്ന തന്റേതായ ഐഡന്റിറ്റി അയാൾ സ്വന്തമാക്കിക്കഴിഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in