കാതൽ ക്വീർ കമ്മ്യൂണിറ്റിക്ക് എന്ത് നൽകുന്നു ?

കാതൽ ക്വീർ കമ്മ്യൂണിറ്റിക്ക് എന്ത് നൽകുന്നു ?

മലയാള സിനിമ ഹോമോസെക്ഷ്വൽ റിലേഷൻഷിപ്പുകളും ക്വീർ കഥാപാത്രങ്ങളുമെല്ലാം പ്രമേയമാക്കിയ കഥകൾ വളരെ കുറച്ച് മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അതിൽ തന്നെ പോപ്പുലർ സിനിമ വിഭാ​ഗത്തിൽ നേരിട്ട് സമൂഹത്തിലേക്കിറങ്ങി ചെല്ലാനും എല്ലാവരിലേക്കും സംവ​ദിക്കാൻ കഴിഞ്ഞ ചിത്രങ്ങൾ കാര്യമായി തന്നെയില്ല. കേരളത്തിൽ ഈ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് മമ്മൂട്ടി ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായ കാതൽ ദ കോർ പ്രദർശനത്തിനെത്തുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിൽ മാത്യു ദേവസി എന്ന ഹോമോസെക്ഷ്വലായിട്ടും അത് പുറത്തറിയിക്കാനാകാതെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ കേരളത്തിന് അകത്തുനിന്നും പുറത്ത് നിന്നുമെല്ലാം മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയവും, മമ്മൂട്ടി എന്ന നടൻ മാത്യു എന്ന കഥാപാത്രം ചെയ്യാനായി തെരഞ്ഞെടുത്തതുമെല്ലാം കൈയ്യടി നേടുന്നു.

മമ്മൂട്ടിയെ പോലെയൊരു വ്യക്തി ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നു എന്നതും, ഒരു പാട്രിയാർക്കൽ സൊസെെറ്റിയിൽ, അദ്ദേ​ഹത്തെ ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം സിനിമകൾ വരുന്നു എന്ന് പറയുന്നതും തന്നെ വലിയൊരു മാറ്റമാണ് എന്ന് ക്വീർ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെ പലരും പറയുമ്പോഴും ചിത്രം സെക്ഷ്വാലിറ്റിയെ പൂർണമായും ഒഴിവാക്കിയതിൽ വിമർശനങ്ങളുമുണ്ട്, കാതൽ എന്ന ചിത്രം ക്വീർ കമ്മ്യൂണിറ്റിയിൽ എത്രമാത്രം ഇംപാക്ട് ഉണ്ടാക്കുന്നു എന്ന ചോദ്യത്തിന് ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുകയാണ് കമ്മ്യൂണിറ്റിയിൽ നിന്നും ദയ ​ഗായത്രി, ശ്രുതി സിത്താര,അനഘ്, ആദി എന്നിവർ.

കാതൽ യാഥാർത്ഥ്യമാണ്

ഹോമോസെക്ഷ്വലായിട്ടുള്ള മനുഷ്യർക്ക് വിവാഹം നിഷേധിക്കപ്പെട്ടിട്ട് മാസങ്ങൾ തികയുന്നതിന് ഇപ്പുറമാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ കാതൽ എന്ന സിനിമ എത്തുന്നത്. എണ്ണപ്പെട്ട ചിത്രങ്ങൾ മാത്രമേ ക്വീർ വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന സിനിമകളായിട്ട് നമുക്ക് പറയാൻ സാധിക്കൂ എന്നിടത്ത് ക്വീർ വിഷയങ്ങളുമായി ബന്ധപ്പെട്ട് റെഫർ ചെയ്യാൻ കഴിയുന്ന തരത്തിലൊരു സിനിമ തന്നെയാണ് കാതൽ എന്ന് നടിയും മോഡലുമായ ദയാ ​ഗായത്രി പറയുന്നു. ഒരു തരത്തിലും നമ്മുടെ സമൂഹത്തിൽ ആഘോഷിക്കപ്പെടാത്ത പ്രണയമാണ് ഹോമോസെക്ഷ്വലായിട്ടുള്ള ആളുകളുടേത്. എന്നാൽ ക്വീർ പ്രണയങ്ങൾ വെള്ളിത്തിരയിൽ എത്തുമ്പോൾ പലപ്പോഴും അവ കൂട്ടിക്കെട്ടപ്പെടുന്നത് സെക്സിൽ മാത്രമാണെന്നും കാതലിൽ ജിയോ ബേബി അത് തിരുത്തി എഴുതുന്നുണ്ടെന്നും ദയ പറഞ്ഞു. കാതൽ എന്ന ചിത്രം യഥാർത്ഥ്യ ബോധം പേറുന്ന ചിത്രമാണെന്നും ക്യു സ്റ്റുഡിയോയോട് സംസാരിക്കവേ ദയ ​ഗായത്രി പറഞ്ഞു.

ദയ ​ഗായത്രി
ദയ ​ഗായത്രി

ഒരുപാട് ക്വീർ ആയിട്ടുള്ള ഹോമോ സെക്ഷ്വലായിട്ടുള്ള ആളുകൾ മുൻകാലത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. വിവാഹത്തെ ഭയന്നിട്ട് ആത്മഹത്യ ചെയ്ത ആളുകളും അതിലുണ്ട്. ഒരു കഥ എന്നതിനെക്കാൾ യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന നടന്നിട്ടുള്ള ഒരു കാര്യമാണ് കാതൽ.

ദയ ​ഗായത്രി

ദയ ​ഗായത്രി പറഞ്ഞത്:

ഞാൻ മഹാരാജാസ്സിൽ പഠിക്കുന്ന കാലത്താണ് എന്റെ സീനിയറായിട്ടുള്ള ഒരു പെൺകുട്ടി എന്റെ നമ്പർ എവിടെ നിന്നോ കളക്ട് ചെയ്ത് എന്നെ വിളിക്കുന്നത്. അവൾ വിളിച്ചിട്ട് എന്നോട് പറഞ്ഞത് കല്യാണം കഴിഞ്ഞു, ഹസ്ബൻഡ് ഒരു ഹോമോസെക്ഷ്വൽ ആണ്. ആഫ്റ്റർ മാരേജാണ് അത് തിരിച്ചറിഞ്ഞത് എന്നാണ്. അവർക്ക് മറ്റാരോടും സംസാരിക്കാൻ പറ്റാത്ത സഹചര്യമായിരുന്നു അപ്പോൾ എന്ന് തോന്നുന്നു. ഞങ്ങൾ തമ്മിൽ സുഹൃത്തുക്കൾ പോലുമായിരുന്നില്ല, പരസ്പരമാറിയാം അത്രമാത്രം. അപ്പോൾ ഇത്തരം കേസുകൾ യഥാർത്ഥമാണ്. ഒരു കഥ എന്നതിനെക്കാൾ യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന നടന്നിട്ടുള്ള ഒരു കാര്യമാണ് അത്. ചിത്രത്തിൽ ജ്യോതിക ചെയ്ത കഥാപാത്രമായ ഓമനയെ നോക്കൂ. ഒരു വശത്ത് മമ്മൂട്ടിയുടെ പാരന്റ് നിർബന്ധിച്ചിട്ടാണ് അയാൾക്ക് വിവാഹത്തിന് വഴങ്ങേണ്ടി വരുന്നത്. മറ്റൊരു വശത്ത് ജ്യോതികയ്ക്ക് ഒരു പ്രണയമുണ്ടാവുകയും എന്നാൽ അവരുടെ അച്ഛൻ അം​ഗീകരിക്കാതെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയുമാണ്. പണം, അന്തസ്സ് ഇത്തരം കാര്യങ്ങളെ മുൻ നിർത്തിയായിരിക്കാം ഒരു വിവാഹം തീർച്ചയായും തീരുമാനിക്കപ്പെടുന്നത്. ആ ഇരുപത് വർഷങ്ങൾ ഓമന എന്ന കഥാപാത്രം അനുഭവിക്കേണ്ടി വരുന്നത് ചെറിയ ദുഃഖമല്ല, അതുപോലെ എത്രയോ ഓമനമാരാണ് നമ്മുടെ ഇടയിലുള്ളത്. അതുകൊണ്ട് തന്നെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച സിനിമയാണ് എനിക്ക് കാതൽ.

മമ്മൂട്ടിയെ പോലെയൊരു വ്യക്തി ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നു എന്നതും, ഒരു പാട്രിയാർക്കൽ സൊസെെറ്റിയിൽ, അദ്ദേ​ഹത്തെ ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം സിനിമകൾ വരുന്നു എന്ന് പറയുന്നതും തന്നെ വലിയൊരു മാറ്റമാണ്. സാധാരണ ആളുകൾ സ്വവർ​​​ഗാനുരാ​ഗത്തിനെ സെക്സിലേക്കാണ് എപ്പോഴും കൂട്ടിക്കെട്ടാറുള്ളതായിട്ടാണ് നമ്മൾ കണ്ടിട്ടുള്ളത്. അതിനെക്കാൾ ഒക്കെ അപ്പുറത്തേക്ക് അനുരാ​ഗം, അത് എത്രമാത്രം ഒരാൾക്ക് പ്രിയപ്പെട്ടതാകുന്നു എന്നുള്ളത് കൃത്യമായിട്ട് സിനിമ കാണിക്കുന്നുണ്ട്.

ഇപ്പോൾ ഈ സിനിമയ്ക്ക് കയ്യടിക്കുന്ന ആളുകൾ ഉണ്ടായേക്കാം. പക്ഷേ അവരുടെ കുടുംബങ്ങളിലേക്ക് ചെല്ലുമ്പോൾ, അവരുടെ മക്കൾ ആരെങ്കിലും ഹോമോസെക്ഷ്വൽ ആണെന്ന് പറ‍ഞ്ഞാൽ അതിനെ ഏതെങ്കിലും ട്രീറ്റ്മെന്റിലൂടെ മാറ്റിയെടുക്കാം അല്ലെങ്കിൽ ഏതെങ്കിലും പള്ളിലച്ഛന്റെ അടുത്ത് പോയി മാറ്റിയെടുക്കാൻ പറ്റുമോയെന്ന് ശ്രമിക്കുന്ന സൊസെെറ്റിയിൽ തന്നെയാണ് ഇപ്പോഴും നമ്മൾ ജീവിക്കുന്നത്. ഏതൊരു മനുഷ്യനും അവൻ ആ​ഗ്രഹിക്കുന്ന പോലെ അവനായിട്ട് ജീവിക്കാൻ പറ്റണം. ഇനിയൊരു ഓമനയും മാത്യുവും തങ്കനും ഉണ്ടാവാതിരിക്കട്ടെ. അതുകൊണ്ട് തന്നെ ഇത്തരം സാഹസങ്ങൾക്ക് മുതിരാതെ അവരെ അവരായി തന്നെ വിടുകയാണ് വേണ്ടത്. ഒരു തരത്തിലും നമ്മുടെ സമൂഹത്തിൽ ആഘോഷിക്കപ്പെടാത്ത പ്രണയമാണ് ഹോമോസെക്ഷ്വലായിട്ടുള്ള ആളുകളുടേത്. എത്രയോ സിനിമകളിൽ പ്രണയം ആഘോഷിക്കപ്പെടുന്നു, കാത്തിരിപ്പും വിരഹവും ഒക്കെ നമ്മൾ കാണാറുണ്ട്, പക്ഷേ ക്വീർ സിനിമകൾ വളരെ കുറവാണ്. എണ്ണപ്പെട്ട ചിത്രങ്ങൾ മാത്രമേ ഈ ക്വീർ വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന സിനിമകളായിട്ട് നമുക്ക് പറയാൻ സാധിക്കൂ. അവരുടെ പ്രണയത്തിനെ അവരായി ജീവിക്കട്ടെ എന്ന അവസാനം കൊടുത്തത് എന്തു കൊണ്ടും ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അനിവാര്യമായ കാര്യമാണ്. രണ്ട് മണിക്കൂർ മാത്രമേ സിനിമയുള്ളൂ. ആ രണ്ട് മണിക്കൂറിൽ നമ്മൾ പ്രണയവും ദുഖവും അനുഭവിച്ചിട്ടാണ്, നമ്മൾ പോകുന്നത്. ഇതിന്റെ അവസാനം ഇങ്ങനെയായി തീർന്നത് തന്നെ ഒരു സമാധനമായിരുന്നു.

മമ്മൂക്ക തന്നെയാണ് അട്രാക്ഷൻ

ആർട്ടിസ്റ്റുകൾ എന്ന നിലയിൽ എല്ലാവർക്കും സോഷ്യൽ റെസ്പോൺസിബിളിറ്റിയുണ്ടെന്നും പാട്രിയേർക്കിയെ ആഘോഷിച്ചിരുന്ന കഥാപാത്രങ്ങളിൽ നിന്ന് അൺലേണിങ്ങിന്റെ ഭാ​ഗമായി മമ്മൂട്ടി ഇത്തരം കഥാപാത്രങ്ങളിലേക്ക് വരുന്നതും മമ്മൂട്ടി കമ്പനി തന്നെ അത് നിർമിക്കുന്നതും വലിയ മാറ്റം തന്നെയാണ് എന്നും മിസ്സ് ട്രാൻസ് ​ഗ്ലോബലായ ശ്രുതി സിത്താര. നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരുപാട് പേരുടെ പ്രതിഫലനമാണ് കാതലിലെ മാത്യുവും ഓമനയും. ഇന്നും ക്വീർ മനുഷ്യരെ അം​ഗീകരിക്കാൻ താൽപര്യമില്ലാത്ത അം​ഗീകരിക്കാത്ത ഒരു സമൂഹത്തിന് മുന്നിലേക്കാണ് മലയാളത്തിന്റെ മെ​ഗാസ്റ്റാറായ മമ്മൂട്ടി ഇത്തരം ഒരു കഥാപാത്രവുമായി എത്തുന്നത് എന്നത് തന്നെയാണ് കാതലിന്റെ ഏറ്റവും വലിയ അട്രാക്ഷൻ എന്ന് ശ്രുതി പറയുന്നു.

ശ്രുതി സിത്താര
ശ്രുതി സിത്താര

ക്വീർ പൊളിറ്റിക്ക്സിനെതിരെ സംസാരിക്കുന്ന ഒരുപാട് ആളുകളുണ്ട് നമുക്ക് ചുറ്റും. ഇതിന്റെ എല്ലാ ശാസ്ത്രീയ വശങ്ങളും അറിയാമെന്നിരിക്കേ അം​ഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ വരെ അതിലുണ്ട്. ഇവരെല്ലാമുള്ള ഒരു സൊസെെറ്റിയിൽ മലയാളത്തിന്റെ മെ​ഗസ്റ്റാറായിട്ടുള്ള മമ്മൂട്ടി ഇത്തരം കഥാപാത്രം കെെകാര്യം ചെയ്തു എന്ന് പറയുന്നത് തന്നെ അതിന്റെ ഏറ്റവും വലിയ അട്രാക്ഷനാണ്.

ശ്രുതി സിത്താര

ശ്രുതി സിത്താര പറഞ്ഞത്:

ആർട്ടിസ്റ്റുകൾ എന്ന നിലയിൽ എല്ലാവർക്കും സോഷ്യൽ റെസ്പോൺസിബിളിറ്റിയുണ്ട്. തീർച്ചയായും മമ്മൂട്ടിയെ പോലെ ഒരാൾ, പണ്ട് കാലത്ത് ടോക്സിക്കായിട്ടുള്ള കഥാപാത്രങ്ങളെ, പാട്രിയാർക്കി ഉയർത്തിപ്പിടിക്കുന്ന കഥാപാത്രങ്ങളെ ചെയ്തിട്ടുള്ള ഒരാളാണ് അദ്ദേഹം. ആ സമയത്ത് നമുക്ക് ഇതൊന്നും അറിയില്ല, നമ്മൾ അതെല്ലാം എൻജോയ് ചെയ്തിട്ടുണ്ട്, അവരാണെങ്കിലും നമ്മളാണെങ്കിലും പലതും ലേൺ ചെയ്ത് വരികയും കുറേ കാര്യങ്ങൾ അൺലേൺ ചെയ്ത് വരികയും ചെയ്യുകയാണ്. ആ അൺ ലേണിങ്ങിന്റെ പാർട്ടായി ഇത്തരം വിഷയങ്ങൾ മമ്മൂക്ക തിരഞ്ഞെടുക്കുകയും മമ്മൂട്ടി കമ്പനി തന്നെ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്യുക എന്നത് മാറ്റം തന്നെയാണ്.

സൊസെെറ്റിയിൽ കാണുന്ന ഒരുപാട് ആളുകളുടെ റിഫ്ലക്ഷനാണ് മാത്യു ദേവസി. മാത്യു ദേവസി മാത്രമല്ല ഓമനയും. ഹോമസെക്ഷ്വാലിറ്റിയെക്കുറിച്ച് ആളുകൾ അറിഞ്ഞു തുടങ്ങിയിട്ട് അധികം വർഷങ്ങളായിട്ടില്ലാത്ത കാലഘട്ടത്തിൽ വിവാഹിതരായ രണ്ടുപേർ. അത്തരത്തിലുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ കല്യാണം കഴിഞ്ഞ് കുട്ടികളായിട്ടുള്ള, ഇനിയെന്ത് ചെയ്യണം എന്ന് നിരന്തരം ചോ​ദിക്കുന്ന ആളുകൾ. അവരുടെയൊക്കെ മാനസികാവസ്ഥയാണ് കാതലിലൂടെ ജിയോ ബേബി കാണിക്കുന്നത്. ക്വീർ പൊളിറ്റിക്ക്സ് പറയുന്ന നല്ല സിനിമകളും മോശം സിനിമകളും ഇവിടെയുണ്ടാകാറുണ്ട്. മോൺസ്റ്റർ എന്ന ചിത്രത്തിൽ വളരെധികം മ്ലേച്ഛമായ ഒരു റെപ്രസ്ന്റേഷനാണ് അതിനുണ്ടായിട്ടുള്ളത്. പക്ഷേ കാതലിൽ പ്രണയമാണ് കൂടുതലും. രണ്ട് വ്യക്തികളുടെ പ്രണയത്തെയാണ് ചിത്രത്തിൽ കൂടുതലും എംഫസെെസ് ചെയ്തിരിക്കുന്നത്. അതുപോലെ അദ്ദേഹത്തിന്റെ സെക്ഷ്വാലിറ്റി എന്തോ ആകട്ടെ അത് തങ്ങൾക്ക് പ്രശ്നമല്ല എന്ന് കാണിക്കുന്ന കാര്യം കൂടി ചിത്രത്തിലുണ്ട്. സിനിമയിൽ മാത്യു ദേവസിക്ക് ചരിത്ര വിജയം എന്നാണ് കഥാന്ത്യം കാണിക്കുന്നത്. എന്നാൽ യാഥാർത്ഥത്തിലേക്ക് വരുമ്പോൾ അത്തരത്തിലൊരു വിജയത്തിലേക്ക് ഇനിയും ഒരു പാട് ദൂരം നമുക്ക് സഞ്ചരിക്കാനുണ്ട്.

ഇന്റിമസിയെ നഷ്ടപ്പെടുത്തിയ കാതൽ

വ്യക്തിപരമായി സമ്മിശ്ര വികാരങ്ങൾ നൽകിയൊരു ചിത്രമാണ് തനിക്ക് കാതൽ എന്ന് ആദി. പൊളിറ്റിക്കലി കറക്ടാവാനുള്ള ആധിക ബാധ്യത ചുമക്കുന്നുണ്ട് കാതൽ എന്നാണ് തനിക്ക് തോന്നിയതെന്ന് ആദി പറയുന്നു. ക്വീർ പ്രണയങ്ങളെക്കുറിച്ച് പറയുന്ന സ്ഥിരം സിനിമ ടെംപ്ലേറ്റുകൾ പ്രായമായ, നാട്ടിൻ പുറത്തുകാരായ രണ്ട് പേരെ കാണിക്കുന്നതിലൂടെ കാതൽ പൊളിച്ചു മാറ്റുന്നുണ്ട്. എന്നാൽ അതേസമയം ചിത്രത്തിൽ സെക്ഷ്വാലിറ്റിയെ പൂർണ്ണമായി ചോർത്തിക്കളഞ്ഞ് ഐഡിയൽ പ്രണയമായി അവതരിപ്പിച്ചത് പ്രോബ്ലമാറ്റിക്കാണെന്നും സിനിമയിൽ ക്വീർ മനുഷ്യരുടെ മികച്ച റെപ്രസന്റേഷൻ വന്നു എന്നത് കൊണ്ട് സമൂഹത്തിന് എന്തെങ്കിലും തരത്തിലുള്ള മാറ്റമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ആദി കൂട്ടിച്ചേർത്തു.

ആദി
ആദി

ഇത്ര കാലം കണ്ട് വളർന്ന കഥകൾ മൊത്തം ഹെട്രോസെക്ഷ്വലായിട്ടുള്ള പ്രേമം, പ്രേമ തകർച്ച, കുടുംബം, കുടുംബ തകർച്ച, എന്ന സ്ഥിരം പാറ്റേണിലുള്ള കഥകളാണ്. അതിൽ നിന്ന് വേറിട്ട് മാറിയുള്ള കഥകൾ വരുന്നു എന്ന രീതിയിലുള്ള ഒരു പ്രാധാന്യം ഉണ്ട് കാതലിന്. അതേസമയം മലയാളത്തിൽ തന്നെ സോകോൾഡ് ആണത്തത്തിന്റെ ഒരു മാതൃകാരൂപമായിട്ട് കണ്ട ഒരു വ്യക്തി അതിനെ തകർക്കുന്ന മട്ടിലേക്കുള്ള പ്രവർത്തനങ്ങളിലേക്ക് മാറുന്നു എന്ന രീതിയിലും ആ ഒരു ഷിഫ്റ്റിന് പ്രാധാന്യവും ഇംപാക്ടും ഉണ്ട്.

ആദി

ആദി പറഞ്ഞത്:

ഇത്രയും വലിയ രീതിയിൽ ഒരു സിനിമ വരുമ്പോൽ അതായത് മമ്മൂട്ടിയെ പോലെ വലിയൊരു നടൻ ജ്യോതികയെ പോലെ ഒരു കഥാപാത്രം, ഇങ്ങനെ ഒരു പ്രമേയം അവർക്ക് കുറേക്കൂടി നല്ല രീതിയിൽ ചെയ്യാമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എവിടെയൊക്കെയോ നിരാശ തോന്നിയ സിനിമയാണ് കാതൽ. പൊളിറ്റിക്കലി കറക്ടാവാനുള്ള ശ്രമത്തിന്റെ അധിക ബാധ്യത തലയുടെ മുകളിൽ കൊടുവാൾ പോലെ നിൽക്കുന്ന ഒരു ഫീൽ കാതൽ ചുമക്കുന്നത് പോലെ തോന്നി. സിനിമയെ മൊത്തത്തിൽ ക്യാൻസൽ ചെയ്യുകയല്ല, ഇംപോർട്ടന്റായ, ആ രീതിയിൽ അടയാളപ്പെടുത്തേണ്ട ഒരു സിനിമ തന്നെയാണ് കാതൽ. എന്നാൽ കമ്മ്യൂണിറ്റിയുടെ അകത്ത് നിന്നും തന്നെ സിനിമയ്ക്ക് ക്രിട്ടിസിസം വരുന്നുണ്ട്. പൊതുവേ ഈ ക്വീർ പ്രണയങ്ങളെക്കുറിച്ച് പറയുന്ന സമയത്ത് വളരെ കൗമാര-യൗവനയുക്തരായിട്ടുള്ള ഐഡിയലായിട്ടുള്ള ബോഡീസിനെ നമ്മുടെ മുന്നിലിടുകയാണ് സിനിമ ചെയ്യുക, പക്ഷേ കാതലിലേക്ക് വരുമ്പോൾ പ്രായത്തെ ഒക്കെ മറികടന്നു കൊണ്ടുള്ളൊരു സ്വഭാവമുണ്ടല്ലോ, നമ്മൾ കാണുന്ന നാട്ടിൻ പുറത്തെ രണ്ട് പേർ എന്ന മട്ടിൽ അവരെ പ്ലേസ് ചെയ്യുന്നു. പൊതുവേ വളരെ മോഡേൺ ആയിട്ടുള്ള, എലെെറ്റ് ആയിട്ടുള്ള ന​ഗര ജീവിതം ജീവിക്കുന്ന വലിയ ഐടി കമ്പനികളിൽ വർക്ക് ചെയ്യുന്ന ആളുകളുടെ ഒരു ജീവിത ശെെലി എന്ന രീതിയിലാണ് ഹോമോസെക്ഷ്വൽ പ്രണയത്തെ സിനിമയിൽ കാണിക്കുന്നത്. അതിൽ നിന്നും കുറേക്കൂടി മാറി ഏജ്ഡായിട്ടുള്ള ഒരു വശം കാണിച്ചത് ഇന്ററസ്റ്റിം​ഗ് ആയി തോന്നി.

എന്നാൽ സെക്ഷ്വാലിറ്റിയെ അപ്പാടെ കഥയിൽ നിന്നും ചോർത്തി കളഞ്ഞത് ശരിയായില്ല. രണ്ട് പേരുടെ പ്രണയത്തെ പൊതു ബോധത്തിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ‌ ഐഡിയലായിട്ട് പ്രദർശിപ്പിക്കുന്നു. അത് വളരെ നല്ല ഒരു കാര്യമായിട്ട് തോന്നുന്നില്ല, അങ്ങനെ ആദർശവത്കരിച്ച് നിങ്ങളുടേത് വിശുദ്ധമായിട്ടുള്ള പ്രേമമാണെന്ന് കാണിക്കുന്നതും ഒരു വശത്ത് പ്രോബ്ലമാറ്റിക്കാണ്. അത് സെക്ഷ്വാലിറ്റിയെ അപ്പാടെ പറയാൻ പറ്റാത്ത ഒന്നായിട്ട് പറഞ്ഞു വയ്ക്കുന്നുണ്ട്. അത് അംഗീകരിക്കാനാവുന്നതാണോ, അങ്ങനെ ആണോ വേണ്ടത് എന്ന് ഒരു കൺസേൺ സ്വഭാവികമായിട്ടും ഉയരും. രണ്ട് പുരുഷന്മാർ തമ്മിലുള്ള ഇന്റിമസി കാണിക്കുക എന്നത് ‌‌ബുദ്ധിമുട്ടായിരിക്കും. അതും പ്രത്യേകിച്ച് മമ്മൂട്ടിയാകുമ്പോൾ അത് അത്ര എളുപ്പമായിരിക്കില്ല, രണ്ട് സ്ത്രീകളെ കൊണ്ടു വന്ന് ഉമ്മവയ്പ്പിക്കുന്ന എളുപ്പം ഇതിന് ഉണ്ടായിരിക്കില്ല, ഞാൻ‌ കരുതുന്നത് അങ്ങനെ ഒരു ഇന്റിമസി കാണിക്കേണ്ടത് ആയിരുന്നു ഇവിടെ വലിയൊരു സ്റ്റേറ്റ്മെന്റായി മാറേണ്ടിയിരുന്നത് എന്നാണ്.

പക്ഷേ സൊസെെറ്റിയുടെ സ്വഭാവം നമുക്ക് അളന്ന് മുറിച്ച് പറയാൻ പറ്റുന്ന പോലെയല്ലാത്തതുകൊണ്ടും ഈ റെപ്രസന്റേഷൻ കൊണ്ട് സമൂഹം മാറും എന്നുള്ള ചിന്തയൊന്നും എനിക്കില്ല. സിനിമയിൽ നല്ലൊരു റെപ്രസന്റേഷൻ വന്നു, സാഹിത്യത്തിൽ വന്നു എന്ന് പറഞ്ഞിട്ട് സൊസെെറ്റി മാറും എന്നൊന്നും തോന്നുന്നില്ല, ആളുകൾ മാറിയേക്കാം, ഒന്ന് രണ്ട് ആളുകൾ വെെകാരികമായി ഈ വിഷയത്തിനെ എടുത്ത് മാറാം എന്നതിനെക്കാൾ പൊളിറ്റിക്കലായിട്ടുള്ള ഈ വിഷയത്തിന്റെ പ്രാധാന്യം, അല്ലെങ്കിൽ നമ്മുടെ സമരങ്ങൾ ഉന്നയിക്കുന്ന ആവശ്യം അതിന്റെ രാഷ്ട്രീയം അത് മനസ്സിലാക്കാനുള്ള മട്ടിലേക്ക് സമൂ​ഹം മാറുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇത്ര കാലം കണ്ട് വളർന്ന കഥകൾ മൊത്തം ഹെട്രോസെക്ഷ്വലായിട്ടുള്ള പ്രേമം, പ്രേമ തകർച്ച, കുടുംബം, കുടുംബ തകർച്ച, ഇതേ പാറ്റേൺ ഉള്ള കഥകളാണ്. അതിൽ നിന്ന് വേറിട്ട് മാറിയിട്ടുള്ള കഥകൾ വരുന്നു എന്ന രീതിയിലുള്ള ഒരു പ്രാധാന്യം ഉണ്ട് കാതലിന്. അതേസമയം തന്നെ മലയാളത്തിലെ സോകോൾഡ് ആണത്തത്തിന്റെ മാതൃകാരൂപമായിട്ട് കണ്ട ഒരു വ്യക്തി അതിനെ തകർക്കുന്ന മട്ടിലേക്കുള്ള പ്രവർത്തനങ്ങളിലേക്ക് മാറുന്നു എന്ന രീതിയിലും, ആ ഒരു ഷിഫ്റ്റിന് പ്രാധാന്യവും ഇംപാക്ടും ഉണ്ട്. ഇത് സോഷ്യലായിട്ട് വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നും ഈ സിനിമ കണ്ടിട്ട് ആളുകൾ ക്വീർ കമ്മ്യൂണിറ്റിയെ അം​ഗീകരിക്കും എന്നതൊന്നും ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്.

മാത്രമല്ല പൊതുവിൽ ഇപ്പോ നടക്കുന്ന ചർച്ചകൾ എല്ലാം തന്നെ മമ്മൂട്ടിയെ കേന്ദ്രീകരിച്ചാണെന്നതും പ്രോബ്ലമാറ്റിക്കാണ്. ഒരു നടനിലേക്ക് മാത്രം ഈ ചർച്ച ചുരുങ്ങുന്നു. ഈ സിനിമ കെെകാര്യം ചെയ്യുന്നു എന്ന് പറയപ്പെടുന്ന വിഷയവും അതിന്റെ പ്രാധാന്യവും ഒക്കെയും അത് മൂലം സെെഡ് ലെെൻ ചെയ്യപ്പെടുന്നു. ഞാൻ മേരിക്കൂട്ടി എന്ന സിനിമ വന്ന സമയത്ത് ജയസൂര്യ എന്ന നടനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പോയത്. അതേ സമയം പേരമ്പിലേക്ക് വരുമ്പോൾ അഞ്ജലി അമീറിലേക്ക് ചർച്ചകൾ പോകുന്നു, ട്രാൻസായ വ്യക്തികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് ചർച്ചകൾ പോകുന്നു, അവരുടെ ജീവിതം ചർച്ചയാകുന്നു. പക്ഷേ ഇവിടെ മമ്മൂട്ടിയുടെ അഭിനയ പാടവത്തിലേക്കും, ഇത്തരം ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹമെടുത്ത സ്ട്ര​ഗിളുകളിലേക്കും ചർച്ചകൾ പരിമിതപ്പെടുകയാണ്.

കാതൽ സ്വാധീനിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ കാതൽ സമൂഹത്തിൽ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് അദ്ദേ​ത്തിന് എതിരെ നടക്കുന്ന സോഷ്യൽ മീഡിയകളിൽ നടക്കുന്ന സിസ്റ്റമാറ്റിക്കായിട്ടുള്ള അറ്റാക്കുകൾ എന്ന് അനഘ്. മലയാള സിനിമയിൽ ക്വീർ കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്വീർ മനുഷ്യരെ തന്നെ തിരഞ്ഞെടുക്കുന്നത് വളരെ വിരളമാണ്. എന്നാൽ കാതലിൽ ക്വീർ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്നത് ആ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെയുള്ള അനഘാണ്. ട്രാൻസ് മനുഷ്യരെക്കാൾ പൊതു സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നത് ഹോമോസെക്ഷലായിട്ടുള്ള മനുഷ്യരെയാണെന്ന് അന​ഘ് പറയുന്നു. മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ മാറ്റാര് ചെയ്തിരുന്നെങ്കിലും ഇത്രയും സ്വാധീനം സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ലെന്നും ഇന്റർനാഷ്ണൽ തലത്തിലുള്ള അദ്ദേഹത്തിന്റെ ഫാൻ ബേസാണ് അതിന് കാരണമെന്നും അന​ഘ് പറഞ്ഞു.

അനഘ്
അനഘ്

നിവിൻ പോളിയൊക്കെ കൃത്യമായി ചലനം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്താണ് മൂത്തോൻ ചെയ്യുന്നത്, ഒരു സിനിമ വന്നു എന്നല്ലാതെ, സ്റ്റേറ്റ് അവർഡ് പോലെ അദ്ദേ​ഹത്തിന് ബെനിഫിറ്റുണ്ടായി എന്നല്ലാതെ ക്വീർ കമ്മ്യൂണിറ്റിക്ക് ആ സിനിമ വലിയ ഇംപാക്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല, പക്ഷേ കാതൽ വലിയ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്, കാരണം മമ്മൂട്ടിക്ക് ഉണ്ടാക്കുന്ന ഫാൻ ബേസ് ഭയങ്കരമാണ്.

അനഘ്

അനഘ് പറ‍ഞ്ഞത്:

നരസിംഹ മന്നാടിയാരെ പോലെ അല്ലെങ്കിൽ വല്യേട്ടൻ പോലെ വളരെ പാട്രിയാർക്കലായിട്ടുള്ള കഥാപാത്രങ്ങളെ വർഷങ്ങൾക്ക് മുന്നേ ചെയ്തിട്ടുള്ള ഒരാളാണ് മമ്മൂട്ടി എന്ന നടൻ. എന്നാൽ അത്തരത്തിലുള്ള ഒരാൾ ഇങ്ങനെ ഒരു റോൾ ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഇംപാക്ടാണ് അദ്ദേ​ഹത്തിന് നേ​രെയുള്ള ഇപ്പോഴത്തെ സോഷ്യൽ മീഡിയ അറ്റാക്കുകൾ, വളരെ സിസ്റ്റമാറ്റിക്കായിട്ടുള്ള സോഷ്യൽ മീഡിയ അറ്റാക്ക് നേരിട്ടു കൊണ്ടിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. കാതൽ എത്രത്തോളം ഇംപാക്ടാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നതിന്റെ ഒരു ഉദാഹരണമാണ് അത്. നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല, മലപ്പുറത്ത് വച്ച് ഈ വർഷത്തെ 12th കേരള പ്രെെഡ് മന്ത് നടത്താൻ തീരുമാനിച്ചതിന് ശേഷം വളരെ സിസ്റ്റമാറ്റിക്കായി സോഷ്യൽ മീഡിയയിലും ഒരു പരിധി വരെ ക്യാമ്പസുകളിലും പ്രെെഡ് നടക്കുന്ന സമയത്തും ഒക്കെ തന്നെ ഇവിടുത്തെ ക്വീർ സമൂഹം അറ്റാക്ക് നേരിട്ടിരുന്നു, ഇതുവരെ ഉണ്ടാവാത്ത രീതിയിലുള്ള പ്രെെഡ് മാസത്തിലെ അറ്റാക്കുകൾ‌ ഈ തവണ ഉണ്ടായിട്ടുണ്ട്, തീരുമാനിച്ച ക്വീർ പ്രോ​ഗ്രാമുകൾ ക്യാൻസൽ ചെയ്യിക്കാൻ അവർക്ക് പറ്റിയിട്ടുണ്ട്. ഇതിനെയൊക്കെ തക‌ർക്കും വിധമാണ് ഈയൊരു സിനിമ ക്വീർ മൂവ്മെന്റിന് സപ്പോർട്ടായിട്ടുള്ളത്. എന്നാൽ അത് എത്രത്തോളം ഇംപാക്ട് ഉണ്ടാക്കും എന്ന് നമ്മൾ കണ്ടറിയേണ്ട വസ്തുതയാണ്. മമ്മൂട്ടി ചെയ്തിരിക്കുന്ന റോൾ വേറെ ആര് ചെയ്താലും, ഉദാഹരണത്തിന് ഇദ്ദേഹത്തിനെക്കാൾ കൂടുതൽ ചലനം സൃഷ്ടിക്കുന്ന ടൊവിനോ പോലെയുള്ള, അല്ലെങ്കിൽ നിവിൻ പോളി, നിവിൻ പോളിയൊക്കെ കൃത്യമായി ചലനം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്താണ് മൂത്തോൻ ചെയ്യുന്നത്, പക്ഷേ അത് ഒരു തരത്തിലുള്ള ഇംപാക്ടും ഉണ്ടാക്കിയിട്ടില്ല, ഒരു സിനിമ വന്നു എന്നല്ലാതെ, സ്റ്റേറ്റ് അവർഡ് പോലെ അദ്ദേ​ഹത്തിന് ബെനിഫിറ്റുണ്ടായി എന്നല്ലാതെ ക്വീർ കമ്മ്യൂണിറ്റിക്ക് ആ സിനിമ വലിയ ഇംപാക്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല, പക്ഷേ കാതൽ വലിയ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്, കാരണം മമ്മൂട്ടിക്ക് ഉണ്ടാക്കുന്ന ഫാൻ ബേസ് ഭയങ്കരമാണ്. അത് ഇന്റർ നാഷ്ണൽ ലെവലിലാണ്, അതാണ് ആ സിനിമയുണ്ടാക്കിയിട്ടുള്ള ഇംപാക്ട്.

ക്വീർ ബന്ധങ്ങൾ പ്രമേയമാകുന്ന സിനിമകളിലേക്ക് വരുമ്പോൾ ഉദാഹരണത്തിന് സഞ്ചാരം, മൂത്തോൻ തുടങ്ങിയ സിനിമകളോ അല്ലെങ്കിൽ കലഡോസ്കോപ്പാ ആയി കൊള്ളട്ടെ സെക്ഷ്വലി ക്വീർ ആയ കഥാപാത്രങ്ങളിൽ ക്വീർ വ്യക്തികളെ തന്നെ പ്ലേസ് ചെയ്യാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ ഇത്തരം മെയിൻ സ്ട്രീം സനിമകളിലേക്ക് ചിലപ്പോൾ ആദ്യമായിട്ടായിരിക്കും ഒരു ക്വീർ വ്യക്തി എത്തുന്നത്. ഇത് ജിയോ ബേബി പറഞ്ഞ കാര്യമാണ്. എനിക്ക് അറിയില്ല, അതിലെ സംഭാഷണം വളരെ ചെറുതാണെങ്കിലും ആ ഡയലോ​ഗിൽ മാത്രമാണ് എൽജിബിറ്റിഐക്യുഎ പ്ലസ് എന്നുള്ളൊരു പദം ഉപയോ​ഗിക്കുന്നത്. അതിന് മുമ്പും അതിന് ശേഷവും സ്വവർ​ഗ്​ഗാനുരാ​ഗി എന്ന ഒരു സംഭവമാണ് പറഞ്ഞിരിക്കുന്നത്. ഇതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയിരിക്കേ, ഞാൻ അടക്കമുള്ള ക്വീർ വ്യക്തികൾ, മനുഷ്യാവകാശ സംരക്ഷണത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തികൾ സംസാരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയം വളരെ കൃത്യമായിട്ട് തന്നെ ഒറ്റ വരിയിൽ ആദർശ്-പോൾസൺ എന്ന് പറയുന്ന സ്ക്രിപ്റ്റ് റെെറ്റേഴ്സിന് വളരെ കൃത്യമായിട്ട് എഴുതാൻ കഴിഞ്ഞിട്ടുണ്ട്.

ക്വീർ കമ്മ്യൂണിറ്റിക്ക് ഉള്ളിൽ നിന്ന് തന്നെ വിവിധ തരത്തിലുള്ള അഭിപ്രയങ്ങളാണ് ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിനെക്കുറിച്ച് ഉയർന്നു വരുന്നത്. എന്നാൽ മമ്മൂട്ടി എന്ന നടൻ കാതൽ എന്ന ചിത്രം തിരഞ്ഞെടുക്കുന്നതിലൂടെ മലയാള സിനിമയിലെ ക്വീർ റെപ്രസന്റേഷനുകളിലും അതുവഴി സമൂഹത്തിലും മാറ്റങ്ങളുടെ വലിയൊരു കുതിപ്പിനും പാതയൊരുക്കുന്നുണ്ടെന്ന കാര്യത്തിൽ ഇവിടെ സംശയമില്ല. സിനിമയിലെ ക്വീർ മനുഷ്യരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിന് കാതൽ ഒരു വഴിവെട്ടുന്നുണ്ടെന്നിരിക്കേ തന്നെ ചിത്രത്തിലെ പ്രശ്നങ്ങൾ വരും കാലങ്ങളിൽ ആ​രോ​ഗ്യപരമായ ചർച്ചകൾക്കും മികച്ച റെപ്രസന്റേഷനുകൾക്കും മുതൽക്കൂട്ടാണെന്ന് കരുതാം.

Related Stories

No stories found.
logo
The Cue
www.thecue.in